Trending

സ്നേഹപൂർവം കോഴിക്കോട്

മാനുഷ്യരെല്ലാരും ഒരുപോലെ നന്മയുടെ പൂക്കളങ്ങൾ തീർക്കുന്ന വേളയിൽ ഏവർക്കും ഓണാശംസകൾ. അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. മഴക്കെടുതികൾ രൂക്ഷമായ ഇത്തവണത്തെ അത്തം നാളിൽ നിന്നും തിരുവോണത്തിലേക്കെത്തുമ്പോൾ, കണക്കില്ലാത്ത സ്നേഹവും സഹാനുഭൂതിയും കൊണ്ട് അർത്ഥവത്തായൊരു ആഘോഷം തീർക്കുകയാണ് നമ്മൾ മലയാളികൾ.



ഒരായുസ്സ് കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം ഏതാനും മണിക്കൂറുകൾ കൊണ്ട് വെള്ളത്തിലായിപോയ കുറെയേറെ കുടുംബങ്ങളുണ്ട് ഇന്ന് നമ്മുടെ ജില്ലയിൽ. പ്രളയക്കെടുതിയിലകപ്പെട്ട അവരെയെല്ലാം ഏറ്റവും വേണ്ടപ്പെട്ടവരായി കണ്ടുകൊണ്ട് കോഴിക്കോട്ടുകാർ ഒറ്റക്കെട്ടായി നൽകിയ പിന്തുണ വിവരങ്ങൾക്കതീതമാണ്. "ഞങ്ങളുടെ പ്രിയ സഹോദരങ്ങളുടെ വീടുകളിൽ എത്രയൊക്കെ വെള്ളം ഇരച്ചുകയറിയാലും, അവരുടെ ഒരു തുള്ളി കണ്ണുനീര് പോലും ആ വെള്ളത്തിൽ വീഴാൻ ഞങ്ങൾ അനുവദിക്കില്ല" എന്ന വാശിയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഓരോ കോഴിക്കോട്ടുകാരനിലും കണ്ടത്. ജാതിയും മതവും രാഷ്ട്രീയവും ഒന്നും സഹജീവികളോടുള്ള  സ്നേഹത്തേക്കാൾ വലുതല്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു, ദുരന്തമുഖത്തും അതിന് ശേഷം ക്യാമ്പുകളിലും മറ്റും സഹായങ്ങളുമായി ഓടിനടന്ന ഈ നാട്ടിലെ ഓരോ മനുഷ്യരും. ദുരന്തത്തിൽപെട്ടവരെ രക്ഷപ്പെടുത്താൻ മാത്രമല്ല, ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരെ ഒപ്പം ചേർത്ത് നിർത്താനും, അവർക്ക് വേണ്ട അത്യാവശ്യങ്ങളൊക്കെ നിറവേറ്റി കൊടുക്കാനും പതിനായിരക്കണക്കിന് സന്നദ്ധ പ്രവർത്തകരാണ്, ക്യാമ്പുകളിലും മാനാഞ്ചിറയിലെ കലക്ഷൻ സെന്ററുകളിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് മുന്നിട്ടിറങ്ങിയത്.

പ്രളയം എല്ലാം നഷ്ടപ്പെടുത്തിയ വീടുകളിലേക്ക് തിരിച്ചെത്തുന്നവർ, കരള് പിളരുന്ന കാഴ്ചകളാൽ തളർന്നു പോവാതിരിക്കാൻ അവരുടെ കരങ്ങൾ നാം ചേർത്ത് പിടിക്കേണ്ട സമയമാണിപ്പോൾ. എല്ലാം ഇനി ഒന്നിൽ നിന്നും തന്നെ തുടങ്ങണം എന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാവാതെ പകച്ചുനിൽക്കുന്നവരോട് 'നമ്മളുണ്ട് കൂടെ' എന്ന ഹൃദയപൂർവം പറയേണ്ടത് ഈ നാട്ടിലെ ഓരോരുത്തരുടേയും ഉത്തരവാദിത്ത്വമാണ്. വെള്ളം കയറി നശിച്ച കിടക്കകൾ, ഉപയോഗശൂന്യമായ അടുക്കള പാത്രങ്ങൾ, അണഞ്ഞു പോയ വിളക്കുകൾ, പ്രാഥമിക കർമ്മങ്ങൾ നിറവേറ്റാനുള്ള സാധന സാമഗ്രികൾ... ജീവിതം ഏകദേശം സാധാരണ നിലയിലാക്കാനുള്ള ഇത്തരം അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ, ഓരോ കുടുംബത്തിനും ഏകദേശം പതിനായിരം രൂപയാണ് കണ്ടെത്തേണ്ടത്... അങ്ങനെയുള്ള ഒന്നോ അതിലധികമോ കുടുംബങ്ങളെ തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ നിങ്ങൾക്ക് ജില്ലാ ഭരണകൂടം ഇതാ അവസരമൊരുക്കുന്നു.

ഉണ്ണാനും ഉറങ്ങാനും മറ്റ് പ്രാഥമിക കാര്യങ്ങൾക്കും  ഏറ്റവും ആവശ്യമുള്ള താഴെ പറയുന്ന സാധന സാമഗ്രികൾ വാങ്ങുന്നതിനായാണ്, സ്നേഹപൂർവ്വം കോഴിക്കോട് എന്ന പദ്ധതി നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.

▪പാചകത്തിനുള്ള അടുക്കള പാത്രങ്ങൾ
▪ ധാന്യങ്ങളും മറ്റും സൂക്ഷിക്കാനുള്ള ചെറിയ കണ്ടെയ്നറുകൾ
▪സ്റ്റീൽ പ്ളേറ്റുകൾ, ഗ്ലാസ്സുകൾ
▪കത്തി, സ്പൂണുകൾ ▪ഗ്യാസ് ട്യൂബ്
▪കിടക്ക (1), കിടക്കവിരി
▪തലയണ, പുതപ്പ് 
▪കസേര (2), മേശ (ടീപോയ്)
▪കാർപെറ്റ്, ക്ളോക്ക്
▪ എൽ.ഇ.ഡി ബൾബുകൾ (2), എമർജൻസി വിളക്ക്
▪ ബക്കറ്റ്, മഗ്ഗ്
▪മറ്റ് അത്യാവശ്യ സാധനങ്ങൾ

പുതിയൊരു ജീവിതം ആരംഭിക്കാൻ ഗൃഹപ്രവേശം ചെയ്യുന്നവർക്ക് നൽകാറുള്ള സമ്മാനങ്ങൾ പോലെ, ദുരന്തത്തിലകപ്പെട്ട ഓരോ കുടുംബങ്ങൾക്കും വേണ്ട മേൽ പറഞ്ഞ സാധനങ്ങൾ നിങ്ങൾക്ക് കൈമാറാം. ഇതിന് താൽപര്യമുള്ള വ്യക്തികളും സംഘടനകളും, ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്ന 24 മണിക്കൂർ കോൾ സെന്ററിൽ വിളിച്ച് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. നിങ്ങൾ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്ന തുകയ്ക്കനുസരിച്ച്, സഹായം ആവശ്യമുള്ള ഒന്നോ അതിലധികമോ കുടുംബങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പങ്കുവെയ്ക്കും. മേൽപറഞ്ഞ പതിനായിരം രൂപയോളം വിലമതിപ്പുള്ള സാധനങ്ങൾ നിങ്ങൾക്ക് നേരിട്ട് ആ കുടുംബങ്ങളെ ഏൽപ്പിക്കാം. നേരിൽ ഏൽപ്പിക്കാൻ പ്രയാസവുമുള്ളവർക്ക്, മാനാഞ്ചിറയിലെ ഡിടിപിസി ഓഫീസിൽ ഇവ എത്തിച്ചാൽ, അർഹതപ്പെട്ട കുടുംബങ്ങൾക്ക് കൈമാറാനുള്ള സംവിധാനവും ഉണ്ട്.

പ്രളയബാധിതരായ കുടുംബങ്ങളെ ഇത്തരത്തിൽ നിങ്ങളുടെ ഹൃദയത്തോട് ചേർക്കാൻ, വിളിക്കേണ്ട ഔദ്യോഗിക ഫോൺ നമ്പറുകൾ ഇവയാണ്.

📞 0495 2378860
📞 0495 2378870


നമ്മൾ നൽകുന്ന അളവില്ലാത്ത സഹായത്തിന്റെ വെളിച്ചം മാത്രം മതി, പെരുമഴയിൽ കുതിർന്നുപോയ അവരുടെ സ്വപ്നങ്ങൾക്ക് പുതിയ നാമ്പ് മുളയ്‌ക്കാൻ. നമ്മുടെ സ്നേഹവും കരുതലും നൽകുന്ന ചൂട് മാത്രം മതി, പ്രളയത്തിന് ശേഷവും നനഞ്ഞു വിറച്ചുനിൽക്കുന്ന അവർക്ക് ജീവിതത്തിലേക്ക് ഉറച്ച ചുവടുകൾ വെച്ച് തിരിച്ചുവരാൻ.

ജില്ലാ കളക്ടർ
കോഴിക്കോട്
Previous Post Next Post
3/TECH/col-right