മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീംകോടതി
🔳മുല്ലപെരിയാര് അണക്കെട്ടിലെ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി നിലനിര്ത്തണമെന്ന് സുപ്രീംകോടതി. കേരളവും തമിഴ്നാടും ഇക്കാര്യത്തില് സഹകരിച്ച പോകണം. മേല്നോട്ട സമിതിയുടെ തീരുമാനം ഇരുസംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു.
ദുരിതാശ്വാസനിധി; സംഭാവന 500 കോടി കവിഞ്ഞു: കണക്കുകള് പുറത്ത് വിട്ട് മുഖ്യമന്ത്രി
🔳ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെയെത്തിയ സംഭാവനകളുടെ കണക്കുകള് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കെത്തിയ ഫണ്ടിന്റെ വിശദമായ കണക്കുകള് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബുധനാഴ്ച വരെയുള്ള കണക്കുകള് പ്രകാരം 539 കോടി രൂപയാണ് സുമനസ്സുകള് സംഭാവന ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന് ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ
🔳പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഔദ്യോഗികമായി 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര് അഹമ്മദ് അല്ബന്ന വ്യക്തമാക്കി. പ്രളയത്തിന്റെ ആഘാതം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, ദുരിതാശ്വാസ നിധിയായി എത്ര തുക നല്കണം എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
▫ഇന്ത്യന് എക്സ്പ്രസ് ദിനപത്രത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അല്ബന്ന യുഎഇ സഹായത്തെക്കുറിച്ച് വിശദീകരിച്ചത്.
വരാപ്പുഴ കസ്റ്റഡി മരണം: എവി ജോര്ജിനെ തിരിച്ചെടുത്തു
🔳വരാപ്പുഴ കസ്റ്റഡി മരണത്തില് സസ്പെന്ഷനിലായിരുന്ന എവി ജോര്ജിനെ തിരിച്ചെടുത്തു. ഇന്റലിജന്സ് എസ്പിയായിട്ടാണ് നിയമനം. കസ്റ്റഡി മരണത്തില് ജോര്ജിന് പങ്കില്ല എന്ന ക്രൈം ബ്രാഞ്ച് റിപ്പോര്ട്ടിനെ തുടര്ന്നാണ് നടപടി. എന്നാല് വകുപ്പ് തല അന്വേഷണം തുടരുമെന്നും ഉത്തരവില് പറയുന്നുണ്ട്.
അധികമായി അനുവദിച്ച അരി സൌജന്യമായി നല്കണം: കേന്ദ്രത്തിന് കേരളം കത്തയച്ചു
🔳അധികമായി അനുവദിച്ച 118000 മെട്രിക് ടണ് അരി സൌജന്യമായി നല്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം വീണ്ടും കത്തയച്ചു. കിലോക്ക് 22രൂപ 60 പൈസ ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് 260 കോടിയോളം രൂപ കേരളത്തിന് ബാധ്യതയുണ്ടാക്കുമെന്ന് കേരളം കത്തില് പറയുന്നു.
ബാങ്കുകള്ക്ക് ഇന്നു മുതല് നാലു ദിവസം അവധി
🔳ബാങ്കുകള്ക്ക് ഇന്നു മുതല് തുടര്ച്ചയായി നാലു ദിവസം അവധിയാണ്. എന്നാല് എ.ടി.എമ്മുകളില് മതിയായ പണം നിറക്കാന് സംവിധാനമൊരുക്കിയിട്ടുണ്ട്. എ.ടി.എമ്മുകള് ആവശ്യാനുസരണം പണം നിറയ്ക്കാന് എല്ലാ ബാങ്കുകള്ക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിര്ദേശം നല്കിയതായി സമിതി കണ്വീനര് ജി.കെ. മായ അറിയിച്ചു.
▫24ന് ഉത്രാടം, 25ന് തിരുവോണം, 26ന് ഞായറാഴ്ച, 27ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്ച്ചയായി നാലുദിവസം അവധി വരുന്നത്.
തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനില് നിന്ന് വീണ് മരിച്ചു
🔳ഓർത്തഡോക്സ് ചെങ്ങന്നൂർ ഭദ്രസനാധിപന് തോമസ് മാർ അതനാസിയോസ് (80) ട്രെയിനിൽ നിന്നു വീണു മരിച്ചു. ഗുജറാത്തിൽ നിന്നു വരികയായിരുന്ന അദ്ദേഹം എറണാകുളം പുല്ലേപടിയിൽ വെച്ചാണ് ട്രെയിനിൽ നിന്നു വീണത്. സംസ്കാരം ഞായറാഴ്ച വൈകുന്നേരം പത്തനംതിട്ട ഓതറ ദയറായിൽ നടക്കും. ഇന്നു പുലർച്ചെ 5. 30നായിരുന്നു അപകടം.
പ്രളയത്തില് കെഎസ് ആര് ടി സിക്ക് നഷ്ടം 30 കോടി
🔳കേരളത്തില് വന് നാശം വിതച്ച പ്രളയത്തില് കേരള ആര് ടിസിക്ക് നഷ്ടം 30 കോടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. 200 ലധികം കെ എസ് ആര് ടി സി ബസ്സുകള്ക്ക് കേടുപാടുകള് സംഭവിച്ചു.
▫11 ഒാളം ബസ് സ്റ്റേഷനുകള് പ്രളയത്തില് തകര്ന്നതായും മന്ത്രി വ്യക്തമാക്കി. ഇവ പരിഹരിക്കുന്നതിനായി 50 കോടി സര്ക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെട്ടതായും മന്ത്രി ശശീന്ദ്രന് വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി.
പമ്പ ത്രിവേണിയില് സൈന്യത്തിന്റെ പാലം
🔳പ്രളയത്തില് മുങ്ങി കേടുപാടു സംഭവിച്ച ത്രിവേണി പാലം സൈന്യം താല്ക്കാലികമായി പുനര്നിര്മ്മിക്കും. കാല്നടയാത്രക്കാര്ക്കും വാഹനങ്ങള്ക്കുമായി രണ്ടു പാലങ്ങളാണ് നിര്മിക്കുക.
അതിവേഗ തീവണ്ടി ട്രെയിൻ 18 പരീക്ഷണ ഓട്ടം തുടങ്ങുന്നു
🔳ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സെമി ഹൈസ്പീഡ് ട്രെയിനായ ട്രെയിന് 18 പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടം തുടങ്ങുന്നു. അടുത്ത മാസം മുതല് പുതിയ ട്രെയിനിന്റെ പരീക്ഷണ ഓട്ടം തുടങ്ങുമെന്ന് റെയില്വേ അറിയിച്ചു. പരീക്ഷണഓട്ടം വിജയിച്ചാൽ ഇവ ഉപയോഗിച്ച് സര്വീസ് ആരംഭിക്കും.
ദുരിതാശ്വാസ പ്രവർത്തനം; വിദ്യാര്ത്ഥികള്ക്ക് 25ശതമാനം ഗ്രേസ് മാര്ക്ക് നല്കും
🔳ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്ത്ഥികള്ക്ക് 25ശതമാനം ഗ്രേസ് മാര്ക്ക് നല്കുമെന്ന് സാങ്കേതിക സര്വ്വകലാശാല ഉത്തരവിറക്കി.
▫ഓരോ വിഷയത്തിനും ലഭിക്കുന്ന മാര്ക്കിന്റെ 25 ശതമാനമാണ് ഗ്രേസ് മാര്ക്കായി നല്കുന്നത്. എന്നാല് വിഷയത്തിന്റെ ആകെ മാര്ക്കിന്റെ 10 ശതമാനത്തില് അധികം ഗ്രേസ് മാര്ക്കായി നല്കില്ലെന്നും ഉത്തരവില് പറയുന്നു.
ബംഗാളിലെ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സുപ്രിം കോടതി
🔳ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ ത്രിണമുൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ച 20000 സീറ്റുകളിൽ പുനർ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് സുപ്രിം കോടതി. 20178 സീറ്റുകളിൽ മത്സരമില്ലാതെ ത്രിണമുൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ബംഗാളിൽ ഭരണപക്ഷം അക്രമം അഴിച്ചു വിട്ടിരുന്നു. മമതയുടെ കാളക്കച്ചവടമായിരുന്നു തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.
ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യയ്ക്കു സ്വർണം
🔳ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കും വീണ്ടും സ്വർണം. ടെന്നീസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ- ദിവിജ് ശർമ സഖ്യത്തിനാണ് സ്വർണം. ടെന്നീസിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. കസാഖിസ്ഥാന്റെ അലക്സാണ്ടർ ബബ്ളിക്-ഡെനീസ് യെവ്സെയേവ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
📡 www.elettilonline.com
Tags:
ELETTIL NEWS