ദുരന്തം വിതച്ച വെള്ളപ്പൊക്കം അഞ്ച് പഞ്ചായത്തുകളെ പൂർണമായും ഒറ്റപ്പെടുത്തി . പെരുവയൽ, മാവൂർ , ചാത്തമംഗലം , പെരുമണ്ണ, കുന്നമംഗലം പഞ്ചായത്തുകളാണ് പൂർണമായും ഒറ്റപ്പെട്ടത്. അഞ്ച് പഞ്ചായത്തുകളിൽ നിന്നായി ഏകദേശം 2500 ൽ അധികം കുടുംബങ്ങൾ വീടൊഴിഞ്ഞു. രണ്ട് കേന്ദ്രങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ വെള്ളപൊക്കത്തിൽ ഒറ്റപ്പെട്ടു പോയ നൂറ് കണക്കിന് കുടുംബങ്ങളെ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തി. തെങ്ങിലക്കടവ്, ചെറുകുളത്തൂർ മഞ്ഞൊടി എന്നിവിടങ്ങളിലാണ് സേന രംഗത്തിറങ്ങിയത്.
മാവൂർ പഞ്ചായത്തിലെ ആയംകുളത്ത് ഒറ്റപെട്ടു പോയവരെ രക്ഷിക്കാനാണ് സേന ഇറങ്ങിയത് . ചെറുകുളത്തൂർ മഞ്ഞൊടി, ചെട്ടിക്കടവ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടു പോയവരെയും കിടപ്പ് രോഗികളെയും സ്ത്രീകകളെയും കുട്ടികളയും വൃദ്ധരെയും വികലാംഗരെയും സേന ബോട്ടിൽ രക്ഷപ്പെടുത്തി. മെഡിക്കൽ കോളേജ് മാവൂർ റോഡിലെ ഗതാഗതം പൂർണമായും നിലച്ചു. മാവൂർ പാറമ്മൽ മുതൽ ചെറൂപ്പ വരെ റോഡിൽ വെള്ളം കയറി - കുറ്റിക്കടവ്- കല്ലരി റോഡ്, കുന്ദമംഗലം - ചെത്തുകടവ് റോഡ് വെള്ളത്തിനടിയിലായി. ചെത്തുകടവ്, ചാത്തങ്കാവ്, വെള്ളന്നൂർ, കുറ്റിക്കടവ്, വളയന്നൂർ, ചെറൂപ്പ, മാവൂർ അ ങ്ങാടി, പുവ്വാട്ടുപറമ്പ് , കുറ്റിക്കാട്ടൂർ, ചെത്തുകടവ് , മഞ്ഞൊടി എന്നിവിടങ്ങിളിൽ കടകളിൽ വെള്ളം കയറി.
ഗ്രാമീണ റോഡുകളിലൂടെയുള്ള ഗതാഗതം പൂർണമായി നിലച്ചു. കായലം, പള്ളിത്താഴം പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മാമ്പുഴ കരകവിഞ്ഞൊഴുകി പെരുമണ്ണ പഞ്ചായത്തിലെ പയ്യടി മേത്തലിൽ നിരവധി കുടുംബങ്ങർ വീടൊഴിഞ്ഞു. നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടത്തും മതിലുകൾ ഇടിഞ്ഞു വീണു . ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയേയും മലയോരത്തുണ്ടായ ഉരുൾപൊട്ടലിനെയും തുടർന്നാണ് ചെറുപുഴ, ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകിയത് . വ്യാഴാഴ്ച രാത്രിയും വെള്ളം ഉയർന്നു കൊണ്ടിരിക്കുകയാണ്. ഓർക്കാപുറത്തുള്ള വെള്ളപ്പൊക്കത്തിൽ പലരുടെയും രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും കിഴക്കയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു.
ചാത്തമംഗലം പഞ്ചായത്തിൽ കൂഴക്കോട് യു പി സ്കൂൾ, ചാത്തമംഗലം യു പി സ്കൂൾ, ചേനോത്ത്, വെള്ളന്നൂർ ജി എൽ പി സ്കൂൾ, ചൂലൂർ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. പെരുവയൽ പഞ്ചായത്തിൽ ചെറുകുളത്തൂർ ഈസ്റ്റ് എ എൽ പി സ്കൂൾ, ചെറുകുളത്തൂർ ബാങ്ക് ഓഡിറ്റോറിയം, കെ പി ഗോവിന്ദൻ കുട്ടി സ്മാരക വായനശാല, പെരിങ്ങാളം ഗവ: ഹൈസ്കൂൾ , കായലം എന്നിവിടങ്ങളിലും ക്യാമ്പുകൾ തുടങ്ങി. മാവൂർ പഞ്ചായത്തിൽ വളയന്നൂർ ജി എൽ പി സ്കൂൾ, മണക്കാട് ജിയുപി സ്കൂൾ, മാവൂർ ബഡ്സ് സ്കൂൾ, മാവൂർ ജി എം യു പി സ്കൂൾ, കച്ചേരിക്കുന്ന് അങ്കണവാടി എന്നിവിടങ്ങളിൽ ക്യാമ്പ് ആരംഭിച്ചു. പെരുമണ്ണയിൽ പയ്യടി മേത്തൽ സ്കൂൾ തു ട ങ്ങി വിവിധ കേന്ദ്രങ്ങളിലും ക്യാമ്പ് തുടങ്ങി.
Tags:
KOZHIKODE