ഒരാഴ്ചയായി തുടരുന്ന കനത്തമഴയിൽ കേരളം മുങ്ങുന്നു. മലയോരമേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകം. രണ്ടുദിവസത്തിനിടെ മഴക്കെടുതിയിൽ 100 പേർ മരിച്ചു. മരണസംഖ്യ ഉയർന്നേക്കും. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1,47,512 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പതിനായിരങ്ങൾക്ക് സ്വന്തം വീടുവിട്ട് ഒഴിഞ്ഞു പോകേണ്ടിവന്നു.
പുഴകളും കൈവഴികളും കരകവിഞ്ഞു. താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ 80 അണക്കെട്ടുകളിൽ 79 എണ്ണം തുറന്നു. വേലിയേറ്റം നദികളിൽനിന്നുള്ള വെള്ളമൊഴുക്കിന്റെ വേഗം കുറയ്ക്കുന്നത് ജലനിരപ്പ് അതിവേഗം ഉയരാൻ കാരണമാകുന്നു.
പത്തനംതിട്ട, റാന്നി, പെരിയാർ തീരത്തെ പട്ടണങ്ങൾ, ഗ്രാമങ്ങൾ, കാലടി, തൃശ്ശൂർ, വയനാട്, കോഴിക്കോടിന്റെയും കണ്ണൂരിന്റെയും മലയോര മേഖലകൾ, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ സ്ഥിതി അതിരൂക്ഷമാണ്.
കൊച്ചി: പെരിയാറിൽ വെള്ളം പൊങ്ങി ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ലോവർ പെരിയാറിനുതാഴെ ഗ്രാമങ്ങളെല്ലാം ഒറ്റപ്പെട്ടു. ആലുവ തായിക്കാട്ടുകരയിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. മുട്ടം യാർഡിൽ വെള്ളം കയറിയതോടെ കൊച്ചി മെട്രോ സർവീസ് വ്യാഴാഴ്ച രാവിലെ നിർത്തിവെച്ചു. വൈകുന്നേരത്തോടെ ഫ്രീ സർവീസായി പുനരാരംഭിച്ചു. ആലുവ കടുങ്ങല്ലൂരിലും ഏലൂരിലും വെള്ളംപൊങ്ങി നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. ആലുവയുടെ തീരത്ത് ഫ്ളാറ്റുകളിലടക്കം വെള്ളം കയറി.
മലപ്പുറം: ചേരിയംമലയിലും നാടുകാണിയിലും മണ്ണാർമലയിലും കാളികാവിലും താഴേക്കോടുമടക്കം മുപ്പതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടി. നഗരങ്ങൾ വെള്ളത്തിലായി. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഹോസ്റ്റലിൽ മണ്ണിടിഞ്ഞുവീണു. കുട്ടികൾ രക്ഷപ്പെട്ടു. ദേശീയപാത പലയിടത്തും വെള്ളത്തിനടിയിലായി. പുറത്തൂർ, തൃപ്രങ്ങോട് മേഖല പൂർണമായും വെള്ളത്തിലായി. കരുവാരക്കുണ്ട് തുരുമ്പോടയിൽ പാലം ഒലിച്ചുപോയി.
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ ഉരുൾപൊട്ടലും രണ്ടാംവളവിൽ മണ്ണിടിച്ചിലുമുണ്ടായി. ഗതാഗതം നിലച്ചു. വിലങ്ങാട് മലയിൽ വനത്തിനകത്ത് മൂന്നിടത്തും കക്കയം ഡാം റോഡിൽ വനമേഖലയിൽ രണ്ടിടത്തും പൂവത്തും ചോല ഇല്ലിപ്പിലായി മലയ്ക്കുമുകളിലും വട്ടക്കര ഇടിഞ്ഞകുന്നിലും കൊടുവള്ളി ചുണ്ടപ്പുറത്തും കൂടരഞ്ഞി കൂമ്പാറയിലും കക്കാടംപൊയിലും ഉരുൾപൊട്ടി. പനയ്ക്കച്ചാലിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി.
വയനാട്: ബാണാസുരസാഗർ, കാരാപ്പുഴ അണക്കെട്ടുകളിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽവരെ വെള്ളം കയറുകയാണ്. രണ്ടുദിവസങ്ങളിലായി 497 വീടുകൾ തകർന്നു. ഇതുവരെ 952 വീടുകൾ ഭാഗികമായും 307 എണ്ണം പൂർണമായും തകർന്നിട്ടുണ്ട്. 197 ക്യാമ്പുകളിലായി 24,743 പേരെയാണ് മാറ്റിപ്പാർപ്പിച്ചു. ചുരം പാതകളിൽ ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂർ: കൊട്ടിയൂരിലും കണ്ണവത്തിനുസമീപം നരിക്കോട്ട് മലയിലുമായി രണ്ടിടത്ത് ഉരുൾപൊട്ടി. കൊട്ടിയൂരിൽ ഉരുൾപൊട്ടലിനെത്തുടർന്ന് മലയിടിഞ്ഞു വൻ മരങ്ങൾ ഒഴുകിപ്പോയി. 1200-ലേറെ പേർ ക്യാമ്പുകളിലുണ്ട്. കണ്ണൂർ റെയിൽവേസ്റ്റേഷനിലെ ലൈനിൽ രാവിലെ വൈദ്യുതക്കമ്പി പൊട്ടിവീണു. അപകടമില്ല.
ഇടുക്കിയിൽ ഹൈ അലർട്ട്
ഇടുക്കി സംഭരണിയിൽ ജലനിരപ്പ് 2402.2 അടിയിലെത്തി. പരമാവധി സംഭരണശേഷി 2403 അടി ആണ്. ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 142.3 അടിയിലെത്തിയതോടെ മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. ഇതോടെ ജലനിരപ്പിൽ നേരിയ കുറവുണ്ടായി.
നെടുമ്പാശ്ശേരി അടച്ചു
റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 26 വരെ അടച്ചു.
തീവണ്ടികൾ റദ്ദാക്കി
എറണാകുളം, കോഴിക്കോട്, പാലക്കാട് ഭാഗത്തേക്കുള്ള എല്ലാ തീവണ്ടികളും വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കി. എറണാകുളം ഭാഗത്തേക്ക് വെള്ളിയാഴ്ച വൈകീട്ട് നാലുവരെ വണ്ടികൾ ഓടില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
Tags:
KERALA