Trending

നാട്ടുകൂട്ടായ്മ:നിര്‍ധന കുടുംബത്തിന് വീടൊരുങ്ങി

കൊടുവള്ളി:അപകടത്തില്‍പ്പെട്ട് അരക്കു താഴെ തളര്‍ന്ന വാവാട് ഇരുമോത്ത് പുല്‍കുഴിയില്‍ റഫീഖിന് നാട്ടുകാരുടെ കൂട്ടായ്മ 10 ലക്ഷത്തോളം രൂപ ചിലവഴിച്ച് സ്ഥലം വാങ്ങി വീട് നിര്‍മിച്ചു നല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തല്‍ ജോലിക്കിടെയുണ്ടായ അപകടത്തിലാണ് റഫീഖിന്റെ അരക്ക് താഴെ ചലനശക്തി നഷ്ടപ്പെട്ടത്.




പല ചികിത്സകളും നടത്തിയെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല. പരസഹായത്താല്‍ മാത്രമേ സഞ്ചരിക്കാന്‍ പറ്റുകയുള്ളൂ. ജീവിതം വളരെ വിഷമകരമായിരുന്നു. സ്വന്തമായുള്ള വീടും സ്ഥലവും ഉള്ളത് സഹോദരിമാരുടെ വിവാഹ ആവശ്യത്തിന് വില്‍ക്കേണ്ടിയും വന്നു. വയോധികയായ മാതാവിനൊപ്പം വാടക വീട്ടിലായിരുന്നു താമസം. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ കൂട്ടായ്മ സ്ഥലം വിലക്ക് വാങ്ങി അതില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ മുന്നോട്ട് വന്നത്.


വീടിന്റെ താക്കോല്‍ദാനം മുഹമ്മദ് ഹസ്സന്‍ ദാരിമി നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ വെള്ളറ അബ്ദു അധ്യക്ഷനായി. ഫൈസല്‍ ഫൈസി, എ.കെ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, പി.വി ബഷീര്‍, അഡ്വ. പി.കെ സക്കരിയ്യ, വി. മുഹമ്മദ്, ടി.കെ ഖാദര്‍ സംസാരിച്ചു. ഒ.പി മജീദ് സ്വാഗതവും പി.കെ ഷമീം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right