Trending

ഓണപ്പരീക്ഷ ഉടന്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തം അധ്യയന ദിനങ്ങള്‍ മുടക്കിയതിനാല്‍ ഇത്തവണത്തെ ഓണപ്പരീക്ഷ ഉടന്‍ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. നഷ്ടപ്പെട്ട അധ്യയനവര്‍ഷം വീണ്ടെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ ഉടന്‍ സ്‌കൂളിലെത്തിക്കും തകര്‍ന്ന സ്‌കൂളുകള്‍ നാളെ തുറക്കേണ്ടതില്ലെന്നും ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.


സ്‌കൂളുകളില്‍ വെള്ളം കയറിയ പ്രശ്‌നമുണ്ട്. ഇന്നലെയും കഴിഞ്ഞ ദിവസവുമായി സന്നദ്ധപ്രവര്‍ത്തകരും മറ്റും 95 ശതമാനത്തിലധികം സ്‌കൂളുകളും വൃത്തിയാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം പഠനാന്തരീക്ഷം പുനസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.ഇനി നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുക്കണം. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിക്കൊണ്ട് പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതാണ് ആദ്യത്തെ പ്രവര്‍ത്തനം. അതാണ് നാളെ മുതല്‍ ആരംഭിക്കേണ്ടത്. അതിന്റെ ഒരുക്കങ്ങളാണ് നടത്തേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ പൂര്‍വവിദ്യാര്‍ഥികളുടേയും സന്നദ്ധസംഘടനകളുടേയും സഹായം തേടും. മുടങ്ങിയ അധ്യയനം തിരിച്ചുപിടിക്കാന്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാതെ നിവര്‍ത്തിയില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പാഠങ്ങള്‍ സിലബസില്‍ ഭാവിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
Previous Post Next Post
3/TECH/col-right