ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകള്‍ മിക്കതും വെള്ളത്തിനടിയിലായതിനാല്‍ രണ്ടാം ദിവസവും ദേശീയപാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടു. രാത്രിയുണ്ടായ മഴയിലും മണ്ണിടിച്ചിലിലും വീടുകള്‍ തകര്‍ന്നു.ഭാരതപ്പുഴ, പൊന്നാനി പുഴ, കടലുണ്ടി പുഴ, ചാലിയാര്‍ എന്നിവയെല്ലാം കരകവിഞ്ഞ് ഒഴുകുന്നു.
അതേസമയം, പെരിന്തല്‍മണ്ണ ഭാഗത്തു വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.വെള്ളം കയറിയ വീടുകളിലുള്ളവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മലപ്പുറത്തുനിന്ന് പാലക്കാട്, തിരൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്കു പോകാനുള്ള റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.
മലപ്പുറത്ത് കിഴക്കേത്തലയിലും കോട്ടപ്പടിയിലും വെള്ളം ഒഴിഞ്ഞിട്ടില്ല. മഞ്ചേരി ഭാഗത്തേക്കുള്ള പാതയിലും വെള്ളക്കെട്ടുണ്ട്. കടകള്‍ തുറക്കാത്തതിനാലും സാധനങ്ങള്‍ കിട്ടാനില്ലാത്തതിനാലും ജനങ്ങള്‍ ദുരിതത്തിലായി. ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്. ജില്ലാ ആസ്ഥാനം രണ്ടാ ദിവസവും ഒറ്റപ്പെട്ട നിലയിലാണ്.