ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ദുരിതം വിതച്ച കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വെള്ളിയാഴ്‌ച കേരളത്തിലെത്തും. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ അദ്ദേഹം കൊച്ചിയിലെത്തും. നാളെ കൊച്ചിയില്‍ തങ്ങുന്ന അദ്ദേഹം ശനിയാഴ്‌ച പ്രളയ ബാധിത പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തുമെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്താകും അദ്ദേഹം ആകാശ നിരീക്ഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്‌തികരമാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എല്ലാവരെയും സുരക്ഷിതരാക്കുകയെന്നതാണ് അത്യാവശ്യം. അതിനാല്‍ തന്നെ ആരെയും കുറ്റം പറയാനില്ല. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണ്. നൂറുവര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെയൊരു മഴ കേരളത്തില്‍ പെയ്‌തിട്ടില്ല. ദുരിതത്തെ നേരിടാന്‍ കേരളത്തിന് ആവശ്യമായ പിന്തുണ കേന്ദ്രസര്‍ക്കാര്‍ നല്‍കും. കേരളത്തിന് വേണ്ട കാര്യങ്ങള്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 400 കോടിയുടെ ഫണ്ട് കേരളത്തിലുണ്ട്. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കേന്ദ്രം പിന്നീട് ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:
KERALA