Trending

പ്രഭാത വാർത്തകൾ

2026  ഒക്ടോബര്‍ 29 | വ്യാഴം 
1202  തുലാം 12 | രോഹിണി
1448  ജ : അവ്വൽ 18

◾  കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം. ഭൂമി ഏറ്റെടുക്കലും ധനവിനിയോഗവും നിയമനങ്ങളും അന്വേഷിക്കും. സുധ പിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍.

◾  സംസ്ഥാനത്തെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. എംഎല്‍എമാരുടെ ശമ്പളമടക്കമുള്ള പ്രതിമാസ ആനുകൂല്യം 70,000 രൂപയില്‍ നിന്ന് 98,000 രൂപയാക്കും. മന്ത്രിമാരുടെ ആനുകൂല്യങ്ങള്‍ 1.08 ലക്ഷം രൂപയില്‍ നിന്ന് 1.33 ലക്ഷം രൂപയാക്കും. മന്ത്രിസഭ അംഗീകരിച്ച ബില്‍ ഇന്ന് നിയമസഭ പാസാക്കും.

◾  തിരഞ്ഞെടുപ്പ് കമ്മിഷന് ഫോം 6, 7, 8 എന്നിവയില്‍ മാറ്റം വരുത്താനാവില്ലെന്ന് സുപ്രീംകോടതി. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരോട് ഫോം 6 പൂരിപ്പിച്ച് വീണ്ടും പേര് ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് ചട്ടങ്ങള്‍ മറികടക്കാനാവില്ല. ഡല്‍ഹിയിലെ 43 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയതിനേയും സുപ്രീംകോടതി ചോദ്യംചെയ്തു.


◾  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിച്ചു. ഡിഎ 63 ശതമാനത്തില്‍നിന്ന് 66 ശതമാനമായി ഉയര്‍ത്തും. ഇതിനായി 10,016 കോടി രൂപ കേന്ദ്ര മന്ത്രിസഭ യോഗം  വകയിരുത്തി.

◾  പരീക്ഷ ക്രമക്കേടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു പോലീസിന്റെ ചോദ്യമുനയില്‍ പിഎസ് സി ചെയര്‍മാന്‍ എം.ആര്‍.ബൈജു. ആറു മണിക്കൂറാണ് ബൈജുവിനെ ചോദ്യം ചെയ്തത്. കേസില്‍ റിട്ടയര്‍ ചെയ്ത ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ പോലീസ് കോഴിക്കോട്ട് അറസ്റ്റു ചെയ്തിരുന്നു. ബോര്‍ഡംഗങ്ങളെ രണ്ടു ദിവസമായി പോലീസ് ചോദ്യം ചെയ്തു മൊഴിയെടുത്തിരുന്നു.

◾  സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആലപ്പുഴയുടെ ടി എം അതുല്‍ മീറ്റ് റെക്കോര്‍ഡോടെ വേഗതാരമായി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ആലപ്പുഴ ഗവ. ഡി വി എച്ച് എസ് എസ് ചാരമംഗലം സ്‌കള്‍ വിദ്യാര്‍ഥിയായ അതുല്‍ റെക്കോര്‍ഡിട്ടത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഋതുപര്‍ണയാണ് വേഗറാണി. പാലക്കാട് വടവന്നൂര്‍ വി എം എച്ച് എസിലെ ഋതുപര്‍ണ  12.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. അതുല്‍ 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തിരുത്തിയത്.

◾  സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പു കണ്ടെത്തിയതോടെ 400 മീറ്ററില്‍ പുതിയ വിജയിയെ പ്രഖ്യാപിച്ചു. കോരുത്തോട് സ്‌കൂളിലെ താരമാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പരാജയപ്പെട്ടത്. 14 വയസ്സിന് താഴെയുള്ളവര്‍ മത്സരിക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഉത്തര്‍പ്രദേശുകാരനായ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ താരത്തിന് 15-നും 18-നും ഇടയില്‍ പ്രായമുണ്ടെന്ന് തെളിഞ്ഞു.

◾  ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി 17-കാരന്റെ പിതാവായ ഇരിങ്ങാലക്കുട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി റിനോ ഫ്രാന്‍സിസ് ഹൈക്കോടതിയെ സമീപിച്ചു.  കേസില്‍ രണ്ടാംപ്രതിയായ അഡീഷണല്‍ ജില്ലാ ജഡ്ജിയെ പോലീസ് ഇന്നലെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു.

◾  സൗദി അറേബ്യയില്‍ തൃശ്ശൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാര്‍ വധശിക്ഷ ഭീഷണിയില്‍. തൃശ്ശൂര്‍ കൊച്ചന്നൂര്‍ സ്വദേശി ഉമര്‍ ഷരീഫും പശ്ചിമബംഗാള്‍ സ്വദേശികളായ ഏഴ് പേരുമാണ് സൗദിയില്‍ കുടുങ്ങിയിട്ടുള്ളത്. ലഹരി കടത്തിന് ജിദ്ദ എയര്‍പോര്‍ട്ടില്‍ പിടിയിലാകുകയായിരുന്നു. ഷെരീഫ് കബളിപ്പിക്കപ്പെട്ടതെന്നാണ് കുടുംബം പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് നാട്ടുകാരനായ ആഷിഖാണ് ഷെരീഫിനെ സൗദിയിലേക്ക് അയച്ചത്.

◾  പേപ്പര്‍ ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യകളും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പു നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി വിഡി സതീശന്‍. നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒരേ ടിക്കറ്റ് തന്നെ നിരവധി ആളുകള്‍ക്ക് അനധികൃതമായി സാമൂഹികമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നതു മൂലം സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. അദ്ദേഹം പറഞ്ഞു.

◾  കോവളം സ്പാ പീഡനക്കേസില്‍ നഗരൂര്‍ പഞ്ചായത്തിലെ താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മായ അറസ്റ്റിലായി. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ പ്രതി തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപും സുഹൃത്തായ മായയുമാണ് സ്പായുടെ ഉടമകള്‍.

◾  നേപ്പാളിലെ ലൊബുഞ്ചേ പര്‍വ്വതത്തില്‍ ട്രക്കിങ്ങിനിടെ തിരുവല്ല സ്വദേശിനിയായ പര്‍വ്വതാരോഹക തിരിച്ചിറങ്ങാനാകാതെ കുടുങ്ങി. മഞ്ഞാടി സ്വദേശി സീന സാറ മജ്നുവാണ് (41) ഇറങ്ങുന്നതിനിടെ വീണ് മലയില്‍ കുടുങ്ങിയത്. സീന തന്നെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

◾  എസ്എഫ്ഐ- യുഡിഎസ്എഫ് സംഘര്‍ഷമുണ്ടായ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ പഠനവകുപ്പുകള്‍ നവംബര്‍ രണ്ടുവരെ അടച്ചു. വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഒഴിഞ്ഞു പോകണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയം നേടിയിരുന്നു.


◾  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പത്നി പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ യുജിസി വാദത്തോട് വിയോജിപ്പ് അറിയിച്ച് സുപ്രീംകോടതി. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചശേഷമുള്ള ഗവേഷണ കാലയളവ് അധ്യാപകപരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു യുജിസി വാദം. അധ്യാപകപരിചയമായി കണക്കിലെടുക്കാമെന്നാണു സുപ്രീംകോടതിയുടെ നിരീക്ഷണം.

◾  സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു എന്ന് ആരോപണം. മേളയെ മോശമായി ചിത്രീകരിക്കാന്‍ രാഷ്ട്രീയ അജണ്ടയുള്ള ചിലരാണ് ആരോപണം ഉന്നയിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍. നാലു മണിക്കൂര്‍ തിളച്ച സാമ്പാറിലും പുട്ടിലും ജീവനുള്ള പുഴുവിനെ കണ്ടെന്ന ആരോപണം ചിലരുടെ രാഷ്ട്രീയ നാടകമാണെന്നും മന്ത്രി പറഞ്ഞു.

◾  സഹകരണ മേഖല വ്യോമയാന ഗതാഗത രംഗത്തേക്ക് കടക്കുന്നവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് സഹകരണ, എക്സൈസ് വകുപ്പുമന്ത്രി എം ലിജു. സഹകരണമേഖലയിലെ ആദ്യ വിമാനസര്‍വീസ് ആരംഭിക്കുന്ന കേരള സിവില്‍ ഏവിയേഷന്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പ്രഥമ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറരലക്ഷം കോടിയിലധികം രൂപയുടെ ബിസിനസാണ് കേരളത്തിലെ സഹകരണ മേഖലയില്‍ നടക്കുന്നതെന്നു മന്ത്രി പറഞ്ഞു.

◾  കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പത്തു രൂപ തര്‍ക്കത്തിന്റെ പേരില്‍ ഹൃദ്രോഗിക്ക് ചികിത്സ വൈകിയതില്‍ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. പത്തു രൂപ നോട്ടായി നല്‍കാനില്ലാത്തതുമൂലം ഹൃദ്രോഗിയുടെ ചികിത്സ മുക്കാല്‍ മണിക്കൂറോളം വൈകിപ്പിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. പെരുമ്പാവൂര്‍ സ്വദേശി കരീമിനാണ് ദുരനുഭവമുണ്ടായത്.

◾  നെന്‍മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മൂത്ത മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇളയ മകള്‍ അഖിലയ്ക്ക് പഠനത്തിനായി സഹായവും നല്‍കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

◾  മാതാ അമൃതാനന്ദമയിയുടെ ഭാരതപര്യടനം ഇന്ന് ആരംഭിക്കും. അമൃതപുരിയില്‍നിന്ന് പുലര്‍ച്ച യാത്ര തുടങ്ങുന്ന അമ്മ 30, 31 തീയ്യതികളില്‍ മാനന്തവാടി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡിസംബര്‍ ആറുവരെ 38 ദിവസം നീളുന്ന പര്യടനത്തില്‍ രാജ്യത്തെ 10 നഗരങ്ങളില്‍ അമ്മസഞ്ചരിക്കും.റോഡ് മാര്‍ഗമായിരിക്കും യാത്ര.



◾  ചേരാനല്ലൂരില്‍ ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ജഡ്ജിയുടെ 17-കാരനായ മകന്‍ സ്ഥിരമായി ഇരുചക്രവാഹനവും ഓടിച്ചിരുന്നുവെന്ന് വെളിപെടുത്തല്‍. ജഡ്ജി താമസിക്കുന്ന ഫ്ളാറ്റിലെ ജീവനക്കാരില്‍ ഒരാളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.  ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

◾  പിഎസ്സി ചെയര്‍മാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്ന് കേരള ഗവര്‍ണറായിരുന്ന രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തതിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പരിപാവനമായി കരുതേണ്ട പിഎസ്സി ചെയര്‍മാന്‍ സ്ഥാനവും അംഗത്വവും കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ അവര്‍ കൈകാര്യം ചെയ്തെന്ന് പി ജെ കുര്യന്‍ വിമര്‍ശിച്ചു.

◾  തിരുവനന്തപുരം മണ്‍വിളയില്‍ സിഗററ്റ് കത്തിച്ചപ്പോള്‍ കൊള്ളി വീണു വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്‍വിള പോട്ടൂര്‍ സ്വദേശി സുജിത്ത് (38) എന്ന യുവാവാണ് മരിച്ചത്.

◾  പത്തനംതിട്ട അടൂര്‍ പഴകുളത്തും കൊടുമണ്‍ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. അടൂര്‍ പഴകുളത്ത് 9 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ തട്ടി കൊണ്ടുപോകാന്‍ 26 നാണു ശ്രമം നടന്നത്. കനാല്‍ റോഡില്‍ കാടുമൂടിയ വിജനമായ ഭാഗത്താണ് കാറില്‍ എത്തിയ രണ്ടു പേര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഈ സമയം മറ്റൊരു വീട്ടമ്മ കണ്ടതിനാല്‍ കുട്ടികള്‍ രക്ഷപ്പെട്ടു.

◾  കടമ്പാട്ടുകോണം കഴക്കൂട്ടം റീച്ചില്‍ ദേശീയപാത നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടൂര്‍പ്രകാശ് എംപി. തന്റെ ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് അടൂര്‍ പ്രകാശ് താക്കീതു നല്‍കിയത്.

◾  കോഴിക്കോട് കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിന്‍(29) ആണ് മരിച്ചത്. ജിതിന്റെ സഹോദരനായ ജിബിന്‍, സുരേഷ് എന്നിവര്‍ക്കും കുത്തേറ്റു. സുഹൃത്തായ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

◾  ട്രെയിനുകളിലെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ റെയില്‍വേ ബോര്‍ഡ്. ചാര്‍ജിങ്ങിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തോടെയാണ് നടപടി.

◾  അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. കോടതി മുറിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ അവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറിയാണ് പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തത്. അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ജസ്റ്റിസിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

◾  നാല് സംസ്ഥാനങ്ങളിലായി 28 സീറ്റുകളിലേക്ക് നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റിലും വിജയിക്കാനാവാതെ കോണ്‍ഗ്രസ്. ഭരണത്തിലിരുന്നിട്ടും ഒരു സീറ്റ് പോലും നേടാനാകാതെ പോയ കര്‍ണാടകയിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസ് മുന്‍പ് കൈവശം വച്ചിരുന്നതാണ്. എന്നാല്‍ ഇത് ജെഡിഎസ് പിടിച്ചെടുത്തു. അതോടെ എന്‍ ഡി എ കര്‍ണാടകയില്‍ സമ്പൂര്‍ണ്ണ വിജയം നേടി.

◾  തമിഴ്നാട്ടില്‍ ഓട്ടോറിക്ഷ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 50 രൂപയാക്കി. ആദ്യ 1.8 കിലോമീറ്റര്‍ ദൂരമാണ് മിനിമം ചാര്‍ജിന് ഓടുക. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതമാണ് അധിക നിരക്ക്. ചുരം പാതയിലും രാത്രിയിലുമുള്ള യാത്രകള്‍ക്കും നിരക്കില്‍ വര്‍ധനയുണ്ട്.

◾  കാന്‍സര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. 543 ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്ക് നവംബര്‍ 9 മുതല്‍ വില കുറയും. 137 കാന്‍സര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിന്‍ 30 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മരുന്നു വില സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ് വില കുറയ്ക്കാന്‍ നടപടിയെടുത്തത്.

◾  മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് നടക്കുന്ന 'ഇന്ത്യാ'മുന്നണിയുടെ റാലിക്ക് കോക്രോച്ച് ജനതാ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കുന്നതു ചെറുക്കണം. ജനങ്ങള്‍ക്കു സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വോട്ടര്‍മാരെ വെട്ടിനിരത്തുന്നത് അംഗീകരിക്കാനാവില്ലെന്നു സിജെപി.  

◾  ടാറ്റാ ട്രസ്റ്റ്സിനെയും ടാറ്റാ സണ്‍സിനെയും അമിത് ഷായുടെ വസതിയില്‍ വിളിച്ചുവരുത്തിയത് എന്തിനെന്നു രാഹുല്‍ഗാന്ധി. ടാറ്റായുടെ ഏതെല്ലാം ഭാഗങ്ങളാണു കൈക്കലാക്കി നിങ്ങളുടെ അടുത്ത ചങ്ങാതിക്കു കൊടുക്കുന്നതെന്നും അദാനിയുടെ പേരു പരാമര്‍ശിക്കാതെ രാഹുല്‍ എക്സില്‍ കുറിച്ചു. ടാറ്റാ സണ്‍സ് തര്‍ക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുള്ള മറുപടിയിലാണു രാഹുല്‍ ഗാന്ധി ഈ ആരോപണം ഉന്നയിച്ചത്. നിങ്ങളുടെ മൂന്നോ നാലോ ചങ്ങാതിമാര്‍ ഒഴികെ ഇന്ത്യയിലെ മറ്റു വ്യവസായികള്‍ക്കെല്ലാം നിങ്ങളെ വെറുപ്പാണെന്നും രാഹുല്‍.

◾  'അര്‍ണാബ്' ചുഴലിക്കാറ്റ് കരതൊട്ടതോടെ ആന്ധ്രാപ്രദേശ്, യാനം തീരദേശ മേഖലകളില്‍ വന്‍നാശം. മരിച്ചവരുടെ എണ്ണം 8 ആയി. 5 സ്ത്രീകള്‍ ഉള്‍പ്പെടെയാണ് എട്ട് പേര്‍ മരിച്ചത്. വെസ്റ്റ് ഗോദാവരി, കൊനസീമ, വിശാഖപട്ടണം, അനക്കപ്പള്ളി എന്നിവിടങ്ങളിലാണ് മരണം. വൈദ്യുതാഘാതം ഏറ്റാണ് അഞ്ചുപേര്‍ മരിച്ചത്. രണ്ടുപേര്‍ വീട് തകര്‍ന്നും ഒരാള്‍ മരം വീണും മരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.

◾  തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട എല്ലാ പ്രതികളും പിടിയിലായി. ആണ്ടിപ്പെട്ടിയിലുള്ള തേനി ജില്ല ജയിലില്‍ നിന്നും തടവ് ചാടിയ എല്ലാരെയും പോലീസ് പിടികൂടി. 17 പേരാണ് തിങ്കളാഴ്ച രാത്രി ജയില്‍ ചാടിയത്.

◾  ഡിജിറ്റല്‍ രംഗത്തെ വാര്‍ത്താവിനിമയവും ജനങ്ങളുമായുള്ള ആശയവിനിമയവും കൂടുതല്‍ ശക്തമാക്കുന്നതിനായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ പുതിയ എജന്‍സിയെ നിയമിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പോഡ്കാസ്റ്റുകള്‍ നിര്‍മ്മിക്കുക, ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കുക, ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കുക, പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും മറുപടി നല്‍കുക തുടങ്ങിയ ചുമതലകള്‍ക്കായിരിക്കും ഏജന്‍സിയെ ചുമതലപ്പെടുത്തുക.

◾  പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബ്രസീലിലെ പ്രതിപക്ഷ നേതാവ് ഫ്ളാവിയോ ബൊല്‍സനാരോ അമേരിക്കയിലേക്കു പലായനം ചെയ്തു. പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും രാജ്യം വിട്ടുപോകരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിരിക്കേയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹം കുടുംബസമേതം ബ്രസീലില്‍നിന്നു മുങ്ങിയത്. ഇവര്‍ മിയാമി വിമാനത്താവളത്തില്‍ എത്തിയാലുടന്‍ എന്‍ട്രി വിസ നല്‍കുമെന്ന് ട്രംപ് ഉറപ്പുനല്‍കിയിരുന്നു. ഇടതുപക്ഷ നേതാവും പ്രസിഡന്റുമായ ലുല ഡിസില്‍വയാണു തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

◾  ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 88 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ആര്‍ക്കും കേവലഭൂരിപക്ഷമായ 61 സീറ്റിലെത്താനായില്ല. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന ഭരണപക്ഷ സഖ്യത്തിന് 53 സീറ്റുകളില്‍ മുന്നേറ്റം. മുന്‍ സൈനിക മേധാവിയായ ഗാഡി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷസഖ്യം 48 സീറ്റുകളിലാണ് മുന്നേറുന്നത്. അഞ്ച് സീറ്റിന്റെ ലീഡാണ് ഭരണസഖ്യത്തിനുള്ളത്. അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളിലും മുന്നേറുന്നു.

◾  സ്പെയിനിലെ ടൊലെഡോ പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 64 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കും.

◾  ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹിക്ക് ഇറാനില്‍ ജയില്‍ ശിക്ഷ. ഇദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ തടയാനും ഇറാനിലെ റെവല്യൂഷണറി കോടതി വിധിച്ചു. ശിക്ഷിക്കാനുണ്ടായ കുറ്റങ്ങള്‍ പരാമര്‍ശിക്കാതെയാണ് വിധി വിവരം പുറത്തുവിട്ടത്.

◾  രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ ബംഗാള്‍ ശക്തമായ നിലയില്‍. കേരളത്തെ ആദ്യ ഇന്നിങ്‌സില്‍ 141 റണ്‍സിന് പുറത്താക്കി 209 റണ്‍സിന്റെ ലീഡ് നേടിയ ബംഗാള്‍ രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സെടുത്തു. തുടര്‍ന്ന് 408 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്.

◾  സിംബാബ്വെ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരി. വഡോദരയില്‍ നടന്ന മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ ജയിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്വെ 39.5 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശര്‍മയാണ് സന്ദര്‍ശകരെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ വനിതകള്‍ 17 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

◾  കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ സോഫി മോളിനോ. 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. സ്മൃതി മന്ദാന നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലേലത്തിന്റെ അവസാന ഘട്ടത്തില്‍ ജെസ് ജൊനാസന്‍, ക്ലോ ട്രയോണ്‍ എന്നീ താരങ്ങളെ ടീമിലെത്തിച്ചു. ലേലത്തില്‍ 25 കളിക്കാരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. മലയാളി താരം ആശാ ശോഭനയെ യുപി വാരിയേഴ്സ് 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു.

◾  ആഗോള വിപണിയില്‍ ഇന്ധനവില ഉയര്‍ന്നതോടെ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിച്ചെലവില്‍ കുത്തനെ വര്‍ധന. പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച്, നടപ്പു ധനകാര്യവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ 850 കോടി ഡോളറാണ് (8.5 ബില്യണ്‍) ചെലവഴിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 690 കോടി ഡോളറായിരുന്നു. ഇറക്കുമതി ചെയ്ത വാതകത്തിന്റെ അളവില്‍ 4.4 ശതമാനത്തിന്റെ നേരിയ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാല്‍, മൊത്തം ചെലവില്‍ 23 ശതമാനത്തിന്റെ (160 കോടി ഡോളര്‍) വന്‍ വര്‍ധനയുണ്ടായി. ഈ അധിക ബാധ്യത രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കും. വളം, ഊര്‍ജ മേഖലകളിലെ കേന്ദ്ര സബ്സിഡി ഭാരവും ഗണ്യമായി ഉയര്‍ത്തും.

◾  പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം വിനോദ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി എയര്‍ടെല്‍ യൂട്യൂബുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.  ഇതിലൂടെ പരസ്യങ്ങളില്ലാത്ത യൂട്യൂബ് അനുഭവം, ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്‌ലൈന്‍ ഡൗണ്‍ലോഡുകള്‍, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 200 രൂപയുടെ ഒടിടി ടോപ്പ്അപ്പിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്. ഇതില്‍ യൂട്യൂബ് പ്രീമിയത്തിന് പുറമേ പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാര്‍, സീ 5 പ്രീമിയം, സോണിലിവ് എന്നിവ ഉള്‍പ്പെടെ 18-ലധികം മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളും 30 ജിബി അധിക ഡാറ്റയും ലഭിക്കും. നിലവിലെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ഈ ടോപ്പ്അപ്പ് ലഭ്യമാണ്. ടോപ്പ്അപ്പ് വാങ്ങിയ ശേഷം എയര്‍ടെല്‍ ആപ്പിലെ 'റിവാര്‍ഡ്‌സ് & ഒടിടി കള്‍' എന്ന സെക്ഷനിലൂടെ യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം.

◾  ആഗോള റിലീസിന് ഒരുങ്ങി ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ മറാഠി ചിത്രം 'ഗോന്ധല്‍'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മറാഠി, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലിഷ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സന്തോഷ് ദവാഖറാണ് സംവിധായകന്‍. മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രാദേശിക പൈതൃകവും മനുഷ്യബന്ധങ്ങളും ഇടകലരുന്ന ഇരുണ്ട ലോകത്തിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഇളയരാജയാണ്. കിഷോര്‍ കദം, ഇഷിത ദേശ്മുഖ്, യോഗേഷ് സൊഹോനി, നിഷാദ് ഭോര്‍, അഞ്ജു പ്രഭു തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിത്രം നവംബര്‍ 13ന് പ്രദര്‍ശനത്തിനെത്തും.

◾  വിഖ്യാത സംവിധായകന്‍ ഡെനി വില്ലെനൊവ്വയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ഡ്യൂണ്‍ 3' അവസാന ട്രെയിലര്‍ എത്തി. ഫ്രാങ്ക് ഹെര്‍ബെര്‍ട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ബ്രഹ്‌മാണ്ഡ സിനിമ. തിമോത്തെ ഷാലമെ, റെബേക്ക ഫെര്‍ഗസന്‍, ജോഷ് ബ്രോളിന്‍, ഡേവിഡ് ബാറ്റിസ്റ്റ, സെന്‍ഡായ, ജാവിയര്‍ ബാര്‍ഡെം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് തിമോത്തെയെ 'ഡ്യൂണ്‍ 3'യില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോബര്‍ട്ട് പാറ്റിന്‍സണ്‍ അവതരിപ്പിക്കുന്ന 'സ്‌കൈറ്റേല്‍' എന്ന വില്ലന്‍ കഥാപാത്രമാണ് മൂന്നാം ഭാഗത്തിലെ പ്രധാന ആകര്‍ഷണം. ഒന്നാം ഭാഗത്തില്‍ കൊല്ലപ്പെട്ട ഡങ്കന്‍ ഐഡഹോ എന്ന കഥാപാത്രമായി ജെയ്‌സണ്‍ മൊമോവ വീണ്ടും എത്തുന്നു. ഡിസംബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തും.

◾  പുണെയിലെ പ്ലാന്റില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110ന്റെ പ്രാദേശിക അസംബ്ലിങ് ആരംഭിച്ചതോടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന് 34 ലക്ഷം രൂപ കുറഞ്ഞു. ഡിഫന്‍ഡര്‍ 110ന്റെ എക്‌സ്-ഡൈനാമിക് എച്ച്.എസ്.ഇ വകഭേദത്തിനാണ് 34 ലക്ഷം രൂപയുടെ വിലക്കുറവ് ലഭിക്കുക. 350 എച്ച്പി 3 ലീറ്റര്‍ ഡീസല്‍, 400 എച്ച്പി 3 ലീറ്റര്‍ പെട്രോള്‍, 300 എച്ച്പി 2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ മോഡല്‍ എത്തുന്നത്. ഇതില്‍ 2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ വകഭേദത്തിന് 99 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. നേരത്തെ 1.13 കോടി രൂപയുണ്ടായിരുന്ന വകഭേദമാണിത്. വാഹനത്തിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 15 മുതല്‍ ബുക്കിങിലുള്ള വാഹനങ്ങളുടെ വിതരണം ആരംഭിക്കും.

◾  ഹൃദ്രോഗത്തെപ്പറ്റി,വ്യത്യസ്തതരം ചികിത്സകളെപ്പറ്റി ഇനി ആശങ്ക വേണ്ട.ഹൃദയം നമ്മെ എങ്ങനെ സംരക്ഷിക്കുന്നുവെന്നു തിരിച്ചറിയാന്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.ഹൃദയാരോഗ്യം എത്രമേല്‍ പ്രധാനമാണെന്ന് ഓരോ മിടിപ്പിലും ഓര്‍മിപ്പിക്കുന്ന അപൂര്‍വ പുസ്തകം.പതിറ്റാണ്ടുകളുടെ ചികിത്സാനുഭവങ്ങളും ഉള്‍ക്കാഴ്ചകളും. 'ഓരോ മിടിപ്പിലും'.  ഡോ സി ഭരത് ചന്ദ്രന്‍. മനോരമ ബുക്സ്. വില 304 രൂപ.

◾  പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണെങ്കിലും ആവശ്യത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നില്ലെന്ന് പഠനം. 74% പേരും ദിവസവും പ്രോട്ടീന്‍ ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കണമെന്ന് അറിവുള്ളവരാണ്. എന്നാല്‍ 56% പേര്‍ക്കും തെറ്റായ ധാരണയാണുള്ളതെന്നും 70% പേരും പ്രതിദിനം 41ഗ്രാമില്‍ താഴെ പ്രോട്ടീന്‍ മാത്രമാണു ഭക്ഷണത്തിലൂടെ കഴിക്കുന്നതെന്നും 'സ്റ്റേറ്റ് ഓഫ് പ്രോട്ടീന്‍ ആന്‍ഡ് ഫൈബര്‍ ഇന്‍ അര്‍ബന്‍ ഇന്ത്യ' എന്ന പഠനത്തില്‍ വ്യക്തമാക്കുന്നു. പെപ്സിക്കോ ഇന്ത്യ, യൂറോമോണിറ്റര്‍ ഇന്റര്‍നാഷനല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ 5 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. 18നും 50നും ഇടയിലുള്ള ആയിരത്തിലേറെപ്പേരുടെ ജീവിതസാഹചര്യം, ഭക്ഷണരീതി എന്നിവയെല്ലാം വിലയിരുത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. 5 നഗരങ്ങളിലും പഠനത്തില്‍ ഭാഗമായവരില്‍ 70% പേരും 41 ഗ്രാമില്‍ താഴെ മാത്രമാണു പ്രോട്ടീന്‍ ഉപയോഗിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു ഇന്ത്യക്കാരന്‍ കിലോഗ്രാമിനു 0.83 ഗ്രാം എന്ന നിലയില്‍ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണു ഐസിഎംആര്‍ പഠനം. അതായതു പുരുഷനാണെങ്കില്‍ പ്രതിദിനം 54 ഗ്രാമും സ്ത്രീകള്‍ പ്രതിദിനം 46 ഗ്രാമും പ്രോട്ടീന്‍ കഴിക്കണം.

*ശുഭദിനം*
*കവിത കണ്ണന്‍*
നായാട്ടിനിടെ ഒരാള്‍ക്ക് കിട്ടിയത് ഒരു പ്രാവിനെ മാത്രം. അതിനെ കൂട്ടിലടച്ച് മരച്ചുവട്ടിലിരുന്നപ്പോള്‍ രാത്രി അയാള്‍ തണുത്ത് വിറച്ചു. മരത്തിനു മുകളിലിരുന്ന കൂട്ടിലകപ്പെട്ട പ്രാവിന്റെ ഇണ ഇതു കണ്ടു. കൂട്ടിലിരുന്ന പ്രാവ് പറഞ്ഞു: ''നമ്മുടെ അതിഥിയാണ് അയാള്‍. നമുക്ക് ആതിഥ്യമര്യാദ കാണിക്കണം.'' ഇണപ്രാവ് ചുള്ളിക്കമ്പുകള്‍ ശേഖരിച്ച് തീ കത്തിച്ചു. പിന്നീട് കുറച്ച് പഴങ്ങളും അയാള്‍ക്കു നല്‍കി. സ്‌നേഹവും കരുതലും അനുഭവിച്ചപ്പോള്‍ ആ വേട്ടക്കാരന്റെ മനസ്സ് മാറി. അയാള്‍ പ്രാവിനെ മോചിപ്പിച്ചു. ഇനി ഒരിക്കലും പക്ഷികളെ വേട്ടയാടില്ലെന്നും പ്രതിജ്ഞ ചെയ്തു.  ആയുധം കൊണ്ട് ഒരാളെ കീഴടക്കാം. പക്ഷേ, സ്‌നേഹം കൊണ്ട് അയാളുടെ മനസ്സു മാറ്റാം. പ്രതികാരത്തിന് പ്രതികാരം നല്‍കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ നമ്മെ വേദനിപ്പിച്ചവരോടുപോലും മാന്യതയോടെ പെരുമാറാന്‍ കഴിയുന്നത് വലിയ മനസ്സുള്ളവര്‍ക്കാണ്. മറ്റൊരാളെ തകര്‍ക്കുന്നതിലല്ല വിജയം; തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ഒരാളെപ്പോലും നല്ല മനുഷ്യനാക്കി മാറ്റുന്നതിലാണ് യഥാര്‍ത്ഥ വിജയം. എതിര്‍ക്കാതെതന്നെ തോല്‍പ്പിക്കാം... സ്‌നേഹം കൊണ്ട്, ക്ഷമ കൊണ്ട്, നമ്മുടെ നിലപാടിന്റെ മഹത്വം കൊണ്ട്! - ശുഭദിനം.
Previous Post Next Post
3/TECH/col-right