Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഒക്ടോബര്‍ 28 | ബുധന്‍ 
1202 | തുലാം 11 | കാര്‍ത്തിക

◾ ചേരാനല്ലൂര്‍ ബെന്‍സ് അപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണല്‍ സെഷന്‍സ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്.

◾ കോഴിക്കോട് ഓമശ്ശേരിയില്‍ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്.  ഇയാളുടെ കൈയില്‍ നിന്നും വാഹനത്തില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു.

◾ മരുന്നു വ്യാപാരികള്‍ക്ക് 11,000 രൂപയ്ക്ക് ലഭിക്കുന്ന കാന്‍സര്‍ കുത്തിവയ്പ് മരുന്നിന് ഒരു ആശുപത്രി 1.3 ലക്ഷം രൂപ ഈടാക്കിയെന്നു സുപ്രീം കോടതി. മരുന്നുകളുടെ അമിത വിലക്കയറ്റത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് യഥാര്‍ഥ വിലയേക്കാള്‍ പലമടങ്ങ് കൂടുതല്‍ തുക രോഗികളില്‍ നിന്ന് ഈടാക്കുന്നതിനെ ആശുപത്രികള്‍ എങ്ങനെയാണ് ന്യായീകരിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.

◾ ആന്റോ ആഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ വാഴവറ്റയിലെ വീട്ടില്‍നിന്ന് വ്യാജമദ്യം ലഭിച്ച സംഭവത്തില്‍ നിയമോപദേശം തേടാന്‍ എക്സൈസ്. വാഴവറ്റയിലെ വീട് താന്‍ ലേലത്തില്‍ പിടിച്ചതാണെന്നും രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്നുമാണ് ലില്ലിയുടെ മൊഴി. ലില്ലിയെ പ്രതി ചേര്‍ക്കാനാകുമോയെന്നാണ് നിയമോപദേശം തേടുന്നത്

◾ പിഎസ്സി ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പു കേസില്‍ പിഎസ് സിയിലെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പരീക്ഷ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കേസില്‍ പ്രതി ചേര്‍ത്തത്. വിവാദ പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ചുമതല സതീഷിനായിരുന്നു. സതീഷ് കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു.

◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്യാനും ഒന്നാം തീയതി ഡല്‍ഹി രാംലീല മൈതാനത്തു റാലിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ തയ്യാറെടുപ്പുകള്‍. വെള്ളിയാഴ്ച മൂന്നരക്ക് നടക്കുന്ന പ്രതിഷേധ പരിപാടി ഡല്‍ഹി പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഇന്നു വൈകീട്ട് നാലിന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പദയാത്ര നടത്തും.

◾ കിഫ്ബിയുടെ പേരില്‍ കേരളത്തില്‍ നടന്നത് കൊള്ളയാണെന്നും ഉത്തരവാദികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍. കിഫ്ബി പദ്ധതികള്‍ സ്തംഭിച്ചതിന് പ്രതിപക്ഷത്തെ കെ എന്‍ ബാലഗോപാല്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോര്‍പറേറ്റ് അജണ്ട നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കിഫ്ബിയെ തകര്‍ത്ത ചതിയന്‍ ചന്തു യുഡിഎഫാണെന്ന് കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

◾ കിഫ്ബിക്കുവേണ്ടി കണ്ണൂരില്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ മാര്‍ക്കറ്റ് വിലയല്ല, കൂടുതല്‍ വില നല്‍കിയതു നിയമവിധേയമായിത്തന്നെയാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വ്യവസായിക ആവശ്യത്തിനാണ് ഭൂമി ഏറ്റെടുത്തത്. ഭൂമി എടുക്കലിലൂടെ ഐടി പാര്‍ക്ക്, സയന്‍സ് പാര്‍ക്ക് എന്നിവയ്ക്ക് സ്ഥലം അനുവദിക്കുകയും ചെയ്തു. ദീര്‍ഘകാല ആവശ്യമാണ് കണ്ടത്, ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഉപയോഗിക്കാന്‍ അല്ല. പിണറായി പറഞ്ഞു.

◾ വിജിലന്‍സിന്റെ രഹസ്യവിഭാഗങ്ങളെ (ടി സെക്ഷന്‍ - ടോപ്പ് സീക്രട്ട് സെക്ഷന്‍) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വിജിലന്‍സ് മുന്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. പി കെ മുരളീകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. വിവരാവകാശ നിയമത്തിന്റെ അന്തസ്സ് തകര്‍ക്കുന്ന ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ആര്‍ടിഐ കേരള ഫെഡറേഷന്‍ എന്ന സംഘടനയും ഹര്‍ജി നല്‍കിയിട്ടുണ്ട്.

◾ നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ അപകടത്തില്‍ മൂന്നു പേര്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈല്‍ സജീവ്, മുന്‍ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീര്‍, ജോയല്‍ എന്നിവരുടെ ജാമ്യ അപേക്ഷയാണ് എറണാകുളം അഡീ. സെഷന്‍സ് കോടതി തള്ളിയത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ജാമ്യപേക്ഷ തള്ളിയിരുന്നു.

◾ 2012 ല്‍ നടന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി നവംബര്‍ 12-ന് വിധി പറയും.  സിപിഎംനേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ളവരാണ് ഈ കേസില്‍ പ്രധാന പ്രതികള്‍. സംഭവസമയത്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനുനേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സി.ബി.ഐ.യുടെ ആരോപണം.

◾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റി. ആര്‍ നിശാന്തിനി കൊച്ചി കമ്മീഷണറാകും. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും.

◾ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ കള്ളം പറഞ്ഞെന്ന് തല മുണ്ഡനം ചെയ്ത എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്. വളര്‍മതി. തന്നെ സമ്മര്‍ദത്തിലാക്കരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് നേരില്‍ കണ്ടപ്പോള്‍ മുഖ്യമന്ത്രി തന്നോട് പറഞ്ഞത്. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോള്‍ പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോള്‍ മലക്കം മറിഞ്ഞതെന്നും വളര്‍മതി പറഞ്ഞു.

◾ കേരളത്തില്‍  നവംബറില്‍ ലോഡ്ഷെഡിങ്ങിന് സാധ്യത. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. ഹിമാചല്‍ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. വില 12.50 രൂപയിലേക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

◾ സര്‍ക്കാരിന്റെ മുന്‍ഗണന വിഷന്‍ സമുദ്രക്ക് ആണെന്നും എന്നാല്‍ അതിന് മുന്‍പേ നടപ്പിലാക്കേണ്ടതാണ് അതിവേഗ റയില്‍ എന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. എന്റെ പദ്ധതി നടപ്പിലാക്കണം എന്നല്ല, കേരളത്തില്‍ അതിവേഗ റയില്‍പാത വേണം, വിദഗ്ധ സമിതിക്ക് വിട്ട് സമയം കളയരുതെന്നും മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

◾ ശബരിമല മില്‍മ നെയ് ക്രമക്കേടില്‍ റിമാന്‍ഡിലായ കരാറുകാരന്‍ എസ് എസ് ബിനുവിനെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്.

◾ പതിനാറുകാരന്‍ വാഹനങ്ങള്‍ ഓടിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ അടൂര്‍ പൊലീസ്  കേസെടുത്തു. എഴംകുളം സ്വദേശിയായ മാതാവിനെതിരെയും കൊല്ലം പാതിരിക്കല്‍ രവീന്ദ്രന്‍ എന്നയാള്‍ക്കെതിരെയുമാണ് കേസ്. മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ വില്‍പ്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഗൗര സ്വദേശി പിന്റു(31)വാണ് എക്സൈസിന്റെ പിടിയിലായത്. കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വില്‍ക്കാനായാണ് കൊണ്ടുവന്നതെന്നും എക്സൈസ് പറഞ്ഞു.

◾ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ കെ ഇസ്മായില്‍ അറസ്റ്റില്‍. റെയില്‍വേ സ്റ്റേഷനിലെ ഡോര്‍മെറ്ററിയില്‍ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയാണ് ജയിച്ചത്. ആഗ്ര സീറ്റും എസ്പി സ്വന്തമാക്കി. തെരഞ്ഞെടുപ്പ് നടന്ന 11 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളില്‍ അഞ്ചിടത്താണു ബിജെപി ജയിച്ചത്.

◾ തമിഴ്നാട്ടിലെ തേനി തേക്കാംപെട്ടി സബ് ജയിലില്‍നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരും പിടിയിലായി. കാട്ടില്‍ ഒളിച്ചിരുന്ന തടവുകാര്‍ ഡ്രോണില്‍ കുടുങ്ങി, കൂട്ടത്തോടെ പിടിയിലാകുകയായിരുന്നു. ബാക്കിയുള്ള നാല് തടവുകാരെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്. ഇവര്‍ കേരളത്തിലേക്ക് കടന്നെന്നാണു സംശയം. തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി.

◾ അര്‍ണബ് ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് കരയിലെത്തി. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയില്‍ നരസ്പൂരിലാണ് കാറ്റ് കരയില്‍ പ്രവേശിച്ചത്. 125 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്.  ചുഴലിക്കാറ്റുമൂലം വിശാഖപട്ടണത്തും കാക്കിനടയിലും ശക്തമായ മഴ തുടരുകയാണ്. ഒഡിഷയിലും അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

◾ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ നടപടിയില്‍ ബിജെപിയിലും എന്‍ഡിഎയിലും മുറുമുറുപ്പ്. സിജെപിക്കെതിരേ ബിജെപിയും എന്‍ഡിഎയും ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് എന്‍ഡിഎ സഖ്യത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായ രാംദാസ് അത്താവലെ അഭിജിത് ദീപ്കെയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

◾ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ 19 മാസം പ്രായമുള്ള ചീറ്റ വെടിയേറ്റ് ചത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനം, പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍ ഇതിനകം പ്രത്യേക ദൗത്യസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

◾ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഒക്ടോബര്‍ 23 ന് നടന്ന നാല് കൗണ്‍സില്‍ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടി എന്‍ഡിഎ സഖ്യം മിന്നുന്ന വിജയം സ്വന്തമാക്കി.

◾ ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുദ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് മുന്നേറ്റം. 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഭരണപക്ഷം 57 സീറ്റുകളിലാണ് മുന്നേറുന്നത്. പ്രതിപക്ഷ സഖ്യം 47 സീറ്റുകളിലും മുന്നേറുന്നു. ബാക്കി സീറ്റുകളില്‍ അറബ് പാര്‍ട്ടികള്‍ക്കാണ് ലീഡ്.

◾ ചൈനയുടെ മുന്‍ നേതാവ് മാവോ സെ തുങ്ങിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ചൈനീസ് ജനതയോടും ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ഫ്രഞ്ച് നായകനുമായ കിലിയന്‍ എംബാപ്പെ. എംബാപ്പെയുടെ പ്രതികരണം വിവാദമായതോടെ ചൈനയിലെ മൂന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ താരവുമായുള്ള പരസ്യ കരാറുകള്‍ റദ്ദാക്കി.

◾ മൂന്ന് തവണ ഏഷ്യന്‍ പാരാ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ പാരാ അത്‌ലറ്റ് നീരജ് യാദവിനെ (42) ഡല്‍ഹിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.

◾ രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. മൂന്നാം ദിനം ആറ് വിക്കറ്റിന് 101 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം ആദ്യ സെഷനില്‍ 209 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി 141 റണ്‍സിന് ഓള്‍ ഔട്ടായി. കേരളത്തെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബംഗാള്‍ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങി.

◾ നിക്ഷേപകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. 21.36 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തതോടെ മൂല്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോംസ് മാറി. നിലവില്‍ 12.5 ലക്ഷം കോടി രൂപയാണ് ജിയോയുടെ മൂല്യം. ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഗ്രൂപ്പിലെ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്. 1119 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ഇന്ന് ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരി 1358 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യു പ്രൈസിനേക്കാള്‍ 239 രൂപ കൂടുതല്‍. റീട്ടെയില്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ ലോട്ട് ആയ 12 ഓഹരികള്‍ ലഭിച്ച നിക്ഷേപകന് 2868 രൂപയുടെ നേട്ടമാണ് ലഭിച്ചത്. ഓഹരിയുടമ വിഭാഗത്തില്‍ കുറഞ്ഞ ലോട്ട് ആയ 23 ഓഹരികള്‍ ലഭിച്ച നിക്ഷേപകന് 5497 രൂപയുടെ ലാഭമാണ് ലഭിച്ചത്. 250 രൂപ വരെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയമുണ്ടായിരുന്നു.

◾ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് സെറ്റിങ്സ് മെനു പുനര്‍രൂപകല്‍പ്പന ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അനുബന്ധ ഓപ്ഷനുകളെ ഗ്രൂപ്പുകളായി തിരിച്ച് വൃത്താകൃതിയിലുള്ള ബോക്‌സുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഗൂഗിളിന്റെ 'മെറ്റീരിയല്‍ ഡിസൈന്‍ 3 എക്സ്പ്രസീവ്' മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്ന ഈ പുതിയ ലേഔട്ട്, ഓരോ സെറ്റിംഗ്സും പേജില്‍ എങ്ങനെ കാണപ്പെടുന്നു എന്നതില്‍ മാറ്റം വരുത്തുന്നു. അക്കൗണ്ട്, പ്രൈവസി, നോട്ടിഫിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും ഈ പുതിയ ഡിസൈന്‍ വരിക. കൂടാതെ, 'ബോട്ടം നാവിഗേഷന്‍ ബാറും' ചാറ്റ് ബാറും പുനര്‍രൂപകല്‍പ്പന ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

◾ റമീസ് എഴുതി സംവിധാനം ചെയ്ത ടൈം ട്രാവല്‍ ഫാന്റസി ത്രില്ലര്‍ ചിത്രം 'ഒറിജിനലി'ലെ പുതിയ ഗാനം 'ഞാന്‍ രാജാ' പുറത്തിറങ്ങി. ഇലക്ട്രോണിക് കിളി മ്യൂസിക് ഒരുക്കിയ ഗാനത്തിന് മുത്തുവും റിഷ് എന്‍കെയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. റിഷ് എന്‍കെയും അജ്മല്‍ ബിന്‍ അഷ്‌കറും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയും രാജേഷ് മാധവനും ഇരട്ടവേഷങ്ങളില്‍ എത്തുന്ന ചിത്രം പ്രമേയത്തിലെ പുതുമകൊണ്ടും രസകരമായ സംഭവവികാസങ്ങള്‍കൊണ്ടും പ്രേക്ഷകശ്രദ്ധ നേടുന്നു. ചിത്രത്തിലെ ശ്രീനാഥ് ഭാസിയുടെ പ്രകടനവും ഫെമിന ജോര്‍ജ്, രാജേഷ് മാധവന്‍ എന്നിവരുടെ കഥാപാത്രങ്ങളും പ്രധാന ആകര്‍ഷണങ്ങളാണ്.

◾ പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേര്‍ന്നവതരിപ്പിക്കുന്ന 'ഹരിവരാസനം' പുതുവര്‍ഷത്തില്‍ മകരവിളക്ക് ദിനമായ ജനുവരി 15-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്. വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളിലൂടെയാണ് 'ഹരിവരാസന'ത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തുന്നത്. സൈജു കുറുപ്പാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയന്‍, സമ്പത്ത് രാജ് എന്നിവര്‍ക്കൊപ്പം ജോയ് മാത്യു, മണിയന്‍പിള്ള രാജു, ശ്യാമപ്രസാദ്, മധുപാല്‍, ടി.ജി. രവി, അഭിരാം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾ ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോയുടെ സ്‌കൂട്ടര്‍ ബ്രാന്‍ഡ് ആയ വെസ്പയുടെ പുതിയ മോഡല്‍ വെസ്പ വൈബിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 12 ഇഞ്ച് വീലുകള്‍, ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍ (മുന്‍വശത്ത് എബിഎസ്), അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ, കീലെസ് ഇഗ്നിഷേന്‍ തുടങ്ങിയ ഫീച്ചറുകളുമായാണ് പുതിയ മോഡല്‍ വരുന്നത്. ആകര്‍ഷണീയമായ ഗ്രാഫിക്‌സ്, എടുത്തുകാണിക്കുന്ന ലോഗോ, വാഹനത്തിന്റെ നിറത്തിന് ചേരുന്ന റിം സ്റ്റിക്കറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. അസുറോ പ്രൊവെന്‍സയും വെള്ളയും, സ്‌പോര്‍ട്ടി ഗ്ലോസി റെഡും മാറ്റ് ബ്ലാക്കും എന്നിങ്ങനെ രണ്ട് കളര്‍ കോമ്പിനേഷനിലാണ് വാഹനം വരുന്നത്. ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും മുന്‍വശത്ത് സിംഗിള്‍ ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്.

◾ മനുഷ്യര്‍ക്കപ്പുറം മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത അമര്‍ എന്ന പയ്യന്റെ കലാലയ ജീവിതത്തില്‍ നിന്ന് ഉടലെടുത്ത പ്രണയവും, കാലം മതവിഭജന വിറളിയാല്‍ കൊന്നൊടുക്കിയ മനുഷ്യരേയും ചരിത്രത്തേയും തടി ഗുല്‍ബര്‍ഗ് എന്ന സ്നേഹനഗത്തിലേക്കുള്ള യാത്ര ആവിഷ്‌കരിക്കുന്ന ഒരു സാങ്കല്പിക കഥ മാത്രമാണിത്. 'ഇനായ'. അഞ്ചാം പതിപ്പ്. കാര്‍ത്തിക് ജയരാജ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 189 രൂപ.

◾ മൈഗ്രേന്‍ ജനിതകമായി പകരുന്ന രോഗമാണോ, വേദനയുടെ തീവ്രത അളക്കാന്‍ കഴിയുമോ, എല്ലാ തലവേദനകള്‍ക്കും ഒരേ ചികിത്സയാണോ? ഈ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് പ്രശസ്ത ന്യൂറോളജിസ്റ്റും വേള്‍ഡ് ഹെഡേക്ക് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാനുമായ ഡോ. പ്രവീണ്‍ തോമസ്. ജനിതക ഘടകങ്ങളും ജീവിതശൈലിയും തലവേദനയെ സ്വാധീനിക്കും എന്നാണ് ഡോക്ടര്‍ പറയുന്നത്. മൈഗ്രേന്‍ വരാനുള്ള സാധ്യതയില്‍ ജനിതക ഘടകങ്ങള്‍ക്ക് പങ്കുണ്ട്. എന്നാല്‍ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും മൈഗ്രേന്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് വരൂ എന്നില്ല. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയെപ്പോലെ ജനിതക ഘടകങ്ങള്‍ മൈഗ്രേന്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കാം. എന്നാല്‍ ജനിതക ഘടകങ്ങള്‍ മാത്രമല്ല, ജീവിതശൈലിയും ഇതില്‍ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം, ചിട്ടയായ ദിനചര്യ എന്നിവ മൈഗ്രേന്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം. ജനിതകമായി സാധ്യതയുണ്ടെങ്കിലും ചിലര്‍ക്ക് മൈഗ്രേന്‍ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ മുതിര്‍ന്നവര്‍ ചിട്ടയായ ജീവിതരീതിക്കും ദിനചര്യയ്ക്കും പ്രാധാന്യം നല്‍കിയിരുന്നു. ഓരോരുത്തര്‍ക്കും വേദന അനുഭവപ്പെടുന്നത് വ്യത്യസ്തമായാണ്. മൈഗ്രേന്‍ മിതമായതോ കഠിനമായതോ ആയ വേദനയുണ്ടാക്കാം. ക്ലസ്റ്റര്‍ തലവേദന അതീവ തീവ്രമായതിനാല്‍ 'ആത്മഹത്യാ തലവേദന' എന്നും അറിയപ്പെടുന്നു. ഓരോ തലവേദനയ്ക്കും കാരണം വ്യത്യസ്തമായതിനാല്‍ ചികിത്സയും വ്യത്യസ്തമായിരിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.14, പൗണ്ട് - 126.38, യൂറോ - 105.88, സ്വിസ് ഫ്രാങ്ക് - 114.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.96, ബഹറിന്‍ ദിനാര്‍ - 251.81, കുവൈത്ത് ദിനാര്‍ -305.71, ഒമാനി റിയാല്‍ - 247.41, സൗദി റിയാല്‍ - 25.36, യു.എ.ഇ ദിര്‍ഹം - 25.90, ഖത്തര്‍ റിയാല്‍ - 26.05, കനേഡിയന്‍ ഡോളര്‍ - 67.70.
Previous Post Next Post
3/TECH/col-right