പന്നിക്കോട്ടൂർ: ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയ പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.ടി. സിറാജുദ്ദീൻ മാസ്റ്റർക്ക് ജന്മനാടായ പന്നിക്കോട്ടൂരിൽ വിപുലമായ സ്വീകരണവും സ്നേഹാദരവും ഒരുക്കുന്നു.
2026 ഒക്ടോബർ 23 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പന്നിക്കോട്ടൂരിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. കേരള ഫീഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. എം എൽ എ പി കെ ഫിറോസ് അദ്ധ്യക്ഷത വഹിക്കും.
ലോക്സഭാ അംഗം എം.കെ. രാഘവൻ, എം എൽമാരായ എം.എ. റസാഖ് മാസ്റ്റർ, അഡ്വ. വിദ്യ ബാലകൃഷ്ണൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം നിനു, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പി ലൈല തുടങ്ങിയ പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ച് സിറാജുദ്ദീൻ മാസ്റ്ററെ ആദരിക്കും.
അധ്യാപനരംഗത്ത് വേറിട്ട മാതൃകകളും സ്തുത്യർഹമായ സേവനങ്ങളുമായി നവതലമുറയിലേക്ക് അറിവു പകരുന്ന പി.ടി. സിറാജുദ്ദീൻ മാസ്റ്റർ, പന്നിക്കോട്ടൂർ ഗ്രാമത്തിന് വലിയൊരു അഭിമാന നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും ആകാശവാണിയിലൂടെയും നാടിന്റെ പേര് പ്രചരിപ്പിച്ച് നാടിന് അഭിമാനനാമമായി തീരുകയാണ് സിറാജുദ്ദീൻ പന്നിക്കോട്ടൂർ.
ഗ്രാമത്തിന്റെ അഭിമാന നിമിഷമാകുന്ന ഈ സ്നേഹാദര ചടങ്ങിലേക്ക് മുഴുവൻ നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് സ്വാഗതസംഘം ചെയർമാനും, കൺവീനറും അറിയിച്ചു.