2026 | ഒക്ടോബര്‍ 21 | ബുധന്‍
1202 | തുലാം 4 | അവിട്ടം
◾ മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീല്‍ നല്‍കി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് സ്റ്റേ. കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ പിണറായി വിജയന് അനുമതി നല്‍കുകയും ചെയ്തു. അഴിമതി നിരോധനനിയമപ്രകാരമുള്ള അന്വേഷണം നടത്തുന്നത് നിയമപ്രകാരമായിരിക്കണമെന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന്പിഴവുണ്ടായിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നു ചൂണ്ടിക്കാട്ടിയജസ്റ്റിസ് ജോയ് മാല ബാഗ്ചി അധികാര പരിധി കടക്കരുതെന്നു ഇ.ഡിക്കും മുന്നറിയിപ്പ് നല്‍കി.
◾ എസ്എംഎ രോഗികളായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കയുടെ പശ്ചാത്തലത്തില്‍ മരുന്ന് മാറ്റി നല്‍കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവില്‍ നല്‍കിവരുന്ന വില കൂടിയ വിദേശ മരുന്ന് മാറ്റി, ഇന്ത്യന്‍ കമ്പനി നിര്‍മ്മിക്കുന്ന ജനറിക് മരുന്ന് നല്‍കുന്നതിലാണ് രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നത്.
◾ കിഫ്ബിയുടെ കടമെടുപ്പിനെ ധനവകുപ്പ് എതിര്‍ത്തതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിശ്വനാഥ് സിന്‍ഹക്ക് പകരമെത്തിയ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആശങ്ക ഫയലില്‍ എഴുതി. കടമെടുപ്പ് സ്ഥിതി വഷളാക്കുമെന്നും ധനപ്രതിസന്ധി ഉണ്ടാക്കുമെന്നും 2023ലെ കുറിപ്പില്‍ മുന്നറിയിപ്പുണ്ട്.
◾ മുന്‍മന്ത്രി വീണജോര്‍ജിന്റെ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരായ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് നല്‍കും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തെറ്റായ മൊഴി നല്‍കിയതിനാണ് നടപടി.
◾ കേരള വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
◾ വിദ്യാരംഭത്തില്‍ ആദ്യാക്ഷരമെഴുതി കുരുന്നുകള്‍. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വാദ്യ-നൃത്ത-സംഗീത കലകള്‍ക്കും ഒരുപാടു പേര്‍ തുടക്കം കുറിച്ചു.
◾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബര്‍ ഒന്നുമുതല്‍ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം ഭരണസമിതി പുതിയ പ്രഖ്യാപിച്ചു. നിലവില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശന സൗകര്യം നല്‍കിയിരുന്നത്.
◾ എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതിയായ എബിന്റെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാഫലം കാത്ത് അന്വേഷണസംഘം. ഫോണിന്റെ ഫൊറന്‍സിക് പരിശോധനാഫലം വന്നതിന് ശേഷമേ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുകയുള്ളൂ.
◾ രാജ്യത്തെ കായിക മേഖലയില്‍ ഉത്തേജക മരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നത് ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ആന്‍സി സോജന്‍. ഉത്തേജക മരുന്ന് ഉപയോഗിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന് കരുതുന്നവര്‍ സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവരാണെന്നും ആന്‍സി വ്യക്തമാക്കി.
◾ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി പൊതുപ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
◾ പൂജ വയ്പുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളുടെ മറവില്‍ ഇടുക്കി കുടയത്തൂരില്‍ അനധികൃത ഖനനം. ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് സമീപത്തു നിന്നുമാണ് പാറ പൊട്ടിച്ച് കടത്തിയത്. 2022 ഓഗസ്റ്റ് മാസം 28 ന് കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലില്‍ കുടയത്തൂരില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു.
◾ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരായ, കവര്‍ച്ചാ കേസ് പ്രതിയുടെ, വധഭീഷണിയില്‍ കേസെടുത്ത് പൊലീസ്. ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഫേസ്ബുക്കിലൂടെയാണ് എംഎല്‍എക്കെതിരെ ഭീഷണി മുഴക്കിയത്.
◾ തുലാവര്‍ഷത്തിനും ന്യൂനമര്‍ദ്ദത്തിനും പിന്നാലെ കേരളത്തില്‍ അടുത്ത നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
◾ തിരുവനന്തപുരം നഗരത്തില്‍ തെരുവുനായകള്‍ക്കായി സ്ഥാപിച്ച ഷെല്‍ട്ടര്‍ ഹോം നടത്തിപ്പില്‍ അഴിമതിയെന്ന് ആരോപണം. എല്‍ഡിഎഫ് കക്ഷി നേതാവ് എസ് പി ദീപക് ആണ് ഭരണസമിതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
◾ പെരുമ്പാവൂര്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയില്‍ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. സംഭരണ കേന്ദ്രമൊഴിയാന്‍ ഗ്രാമപഞ്ചായത്ത് നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയുണ്ടായ അഗ്‌നിബാധയില്‍ സംശയമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
◾ ബേപ്പൂര്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി. ബേപ്പൂര്‍ തീരത്തുനിന്ന് 18 നോട്ടിക്കല്‍ മൈല്‍ അകലെ കവരത്തിയിലേക്ക് ചരക്കുമായി പുറപ്പെട്ട എം എസ് വി ജീസസ് ഹാര്‍ട്ട് എന്ന കപ്പലാണ് കടലില്‍ മുങ്ങിപ്പോയത്. കപ്പലില്‍ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡ് സമയബന്ധിതമായി ഇടപെട്ട് സുരക്ഷിതമായി രക്ഷപ്പെടുത്തി.
◾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നേരെ സൈബര്‍ ആക്രമണം നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ത്തിയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി.
◾ രാജ്യത്തെ 191 കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളില്‍ 96 എണ്ണത്തിലും കല്‍ക്കരി ശേഖരം കുത്തനെ കുറഞ്ഞു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം ഗുരുതരമായ ക്ഷാമം നേരിടുകയാണെന്നാണ് വിവരം.
◾ സൗദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും അഞ്ച് ഡ്രോണുകള്‍ തകര്‍ത്ത് സഖ്യസേന. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, യെമനിലെ ഹൂതി വിഭാഗമാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
◾ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയുടെ ദില്ലി ചലോ ആഹ്വാനം കേട്ടെത്തിയവര്‍ തീഹാര്‍ ജയിലിലായെന്നും രാഹുല്‍ വിദേശത്ത് സുഖിക്കുകയാണെന്നും ബിജെപി പരിഹസിച്ചു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി വിദേശത്ത് കറങ്ങാറുണ്ടെന്നും കടമകള്‍ പൂര്‍ത്തിയാക്കിയാണ് രാഹുല്‍ വിദേശത്തേക്ക് പോയതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.
◾ ടൈഗര്‍ ഷ്‌റോഫിനു നേരെ ഉണ്ടായ വെടിവെപ്പ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഷൂട്ടര്‍മാര്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാനെയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. എന്നാല്‍ സല്‍മാന്‍ ഖാന്റെ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ കാരണം പ്രതികള്‍ പദ്ധതി മാറ്റി ടൈഗര്‍ ഷറോഫിനെ ലക്ഷ്യമിടുകയായിരുന്നു.
◾ പശ്ചിമ ബംഗാളില്‍ ബുക്ക് സ്റ്റാളുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ട സംഭവത്തില്‍ സിപിഎം സമര്‍പ്പിച്ച ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. ബുക്ക് സ്റ്റാളുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം ജാദവ്പുര്‍ ഏരിയ കമ്മിറ്റി കോടതിയെ സമീപിച്ചത്.
◾ കര്‍ണാടകയിലെ വിജയപുരയില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും ഇയാളുടെ കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
◾ ദില്ലിയില്‍ ദസ്‌റ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി എംഎല്‍എ അശോക് ഗോയല്‍ അധ്യക്ഷനായ പരിപാടിയില്‍ പാറ്റയുടെ കോലം കത്തിച്ച സംഭവത്തില്‍ പരാതിയുമായി എഎപി ദില്ലി പ്രസിഡന്റ് സൗരഭ് ഭരദ്വാജ്. പരിപാടിയില്‍ രാവണന്‍, കുംഭകര്‍ണന്‍, മേഘനാഥന്‍ എന്നിവരുടെ കോലങ്ങള്‍ക്കൊപ്പമാണ് പാറ്റയുടെ കോലവും അഗ്‌നിക്കിരയാക്കിയത്.
◾ ഡല്‍ഹി പൊലീസിന്റെ മര്‍ദനത്തില്‍ രാജസ്ഥാനില്‍ സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി ഋതു ബരാലയെ ഡല്‍ഹി പൊലീസ് മര്‍ദിച്ചെന്ന പരാതിയില്‍ രാജസ്ഥാന്‍ പൊലീസ് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
◾ സൗദി അറേബ്യയും പാകിസ്ഥാനും തുര്‍ക്കിയും ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറില്‍ 16 ആര്‍ട്ടിക്കിളുകളാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട്. കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പത്തുവര്‍ഷത്തേക്ക് കരാറില്‍ തുടരണമെന്നതാണ് പ്രധാനവ്യവസ്ഥ.
◾ യൂറോപ്പിലുടനീളം പടര്‍ന്നുപിടിച്ച പ്രക്ഷോഭങ്ങളില്‍ വന്‍ നാശനഷ്ടങ്ങളും വ്യാപകമായ അറസ്റ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ജീവിതച്ചെലവുകളിലെ വര്‍ധനവ് എന്നിവയ്ക്കെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ അക്രമാസക്തമാകുകയാണ്.
◾ രഞ്ജി ട്രോഫിയില്‍ ഒഡിഷക്കെതിരെ കേരളത്തിന് ഇന്നിംഗ്‌സ് ജയം. 179 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ഒഡിഷ നാലാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ 143 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്നിംഗ്‌സ് ജയത്തോടെ ആറ് പോയിന്റ് സ്വന്തമാക്കിയ കേരളം രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 7 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്താണ്.
◾ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ വിജയം. അവസാന 10 മിനിറ്റില്‍ നേടിയ രണ്ട് ഗോളുകളിലാണ് പിഎസ്ജി വിജയം പിടിച്ചെടുത്തത്.
◾ ഐപിഒ ചരിത്രത്തില്‍ റെക്കോഡിട്ട് ജിയോ പ്ലാറ്റ്‌ഫോം. ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തതായി റിപ്പോര്‍ട്ട്. ഐപിഒ വഴി 30,213 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ഓഹരി ഒന്നിന് 1065-1119 രൂപ ആണ് പ്രൈസ് ബാന്‍ഡ്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനായി മാറ്റിവെച്ച ഓഹരികള്‍ ആദ്യ 10 മിനിറ്റിനകം തന്നെ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 30 മിനിനകം അപേക്ഷയുടെ മൂല്യം മാറ്റിവെച്ച ഓഹരികളുടെ ഇരട്ടിയായി. ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം വില്‍പ്പനയ്ക്ക് വെച്ച ഓഹരികള്‍ക്ക് മുഴുവന്‍ ആവശ്യക്കാരായി. വെള്ളിയാഴ്ച വരെ ജിയോ പ്ലാറ്റ്‌ഫോം ഓഹരികള്‍ക്കായി അപേക്ഷിക്കാം. കുറഞ്ഞത് 12 ഓഹരികള്‍ ഉള്ള ഒരു ലോട്ടിനാണ് അപേക്ഷിക്കേണ്ടത്. തുടര്‍ന്ന് ഇതിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം. 27 കോടി ഓഹരികളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 212 ആങ്കര്‍ നിക്ഷേപകര്‍ക്ക് 1119 രൂപ നിരക്കില്‍ ഏകദേശം 8110 കോടി രൂപയുടെ ഓഹരികള്‍ അനുവദിച്ചിരുന്നു.
◾ കോള്‍ ഫില്‍ട്ടറിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. അനാവശ്യ കോളുകളെ തടയാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് ലഭ്യമാക്കുക. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിന് മുന്‍പായി വിളിക്കുന്നത് ആരാണെന്നും കോളിന്റെ ആവശ്യമെന്താണെന്നും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ഉപയോക്താവിന് വേണ്ടി വാട്സ്ആപ്പ് തന്നെ വിളിക്കുന്നയാളോട് സംസാരിക്കുകയും, എന്തിനാണ് വിളിക്കുന്നതെന്ന് ചോദിക്കുകയും ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ഈ സംഭാഷണം ഉപയോക്താവിന് ലഭ്യമാകും. ഇത് വായിച്ച ശേഷം, കോള്‍ എടുക്കണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഫീച്ചര്‍ നിലവില്‍ വികസന ഘട്ടത്തിലാണെന്നും, ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലെയും ഐഫോണുകളിലെയും 'കോള്‍ സ്‌ക്രീനിങ്' ഫീച്ചറിന് സമാനമാണ് ഈ ഫീച്ചര്‍.
◾ മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന 'പദയാത്ര'യുടെ റിലീസ് തീയതി പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ നാലിനാണ് ചിത്രം റിലീസിനെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് 'പദയാത്ര'. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണനും കെവി മോഹന്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രന്‍സും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാര്‍, ശ്രീഷ്മ ചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, മധുപാല്‍, നന്ദു, പി. ശ്രീകുമാര്‍, ജഗദീഷ്, സീനത്ത് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
◾ യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍, ഡി ഗ്രൂപ്പ് ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കോസ്മിക് സാംസണ്‍' റിലീസ് തീയതി പുറത്ത്. നവംബര്‍ 27 ന് ചിത്രം തിയേറ്ററുകളിലെത്തും. 'ജോണ്‍ ലൂതര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹരചയിതാവ് അഭികേര്‍ഷ് വസന്ത് ആണ്. മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എഡിവി 160 ട്രികോ എഡിഷന്‍ അവതരിപ്പിച്ചു. സാങ്കേതികമായി സാധാരണ പതിപ്പില്‍ നിന്ന് ഏറെ വ്യത്യാസമില്ലെങ്കിലും ഇതിന്റെ ആകര്‍ഷകമായ മൂന്ന് നിറങ്ങള്‍ ചേര്‍ന്ന ഡിസൈന്‍ ആണ് വേറിട്ട് നിര്‍ത്തുന്നത്. മലേഷ്യയിലാണ് ഇത് ആദ്യം അവതരിപ്പിച്ചത്. ചുവപ്പും വെള്ളയും നീലയുമാണ് ചേര്‍ന്ന ഡിസൈന്‍ ആണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് ചുവന്ന നിറമാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ബ്രൗണ്‍, നീല, രണ്ട് വ്യത്യസ്ത തരം ഗ്രേ ഉള്‍പ്പെടെ നാലു നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ ലഭ്യമാണ്. 1.70 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇന്ത്യന്‍ പതിപ്പായ എഡിവി 160ല്‍ 156.9 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉള്ളത്. ഇത് 16.9 ബിഎച്ച്പി കരുത്തും 14.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്.
◾ ഒരു കാലത്ത് കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ആഴത്തിലു ള്ള മുറിവുകള്‍ സൃഷ്ടിച്ച അറബിക്കല്യാണം എന്ന യാഥാര്‍ഥ്യത്തെ മനുഷ്യസ്നേഹത്തിന്റെ കണ്ണിലൂടെ നോക്കുന്ന ഹൃദയസ്പര്‍ശിയായ നോവലാണ് സുറുമയിട്ട കണ്ണുകള്‍.സ്വപ്നങ്ങള്‍ കാണാന്‍ മാത്രം പഠിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതം,ദാരിദ്ര്യവും സാമൂഹിക സമ്മര്‍ദ്ദങ്ങളും ചേര്‍ന്ന് എങ്ങനെ വഴിതിരിച്ചുവിടുന്നു എന്നത് അതീവ വൈകാരികമായി ഈ കൃതി അവതരിപ്പിക്കുന്നു. 'സുറുമയിട്ട കണ്ണുകള്‍'. പി എ മുഹമ്മദ് കോയ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 237 രൂപ.
◾ ജോലി, സാമ്പത്തിക സമ്മര്‍ദ്ദം, വ്യക്തിപരമായ പ്രശ്നങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയ്ക്കിടയില്‍ സ്വന്തം മാനസികാരോഗ്യം പലരും മറന്നു പോകാറുണ്ട്. സമ്മര്‍ദ്ദം ദീര്‍ഘകാലം തുടരുകയും അതിനെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ മാനസികമായും ശാരീരികമായും തളര്‍ച്ച അനുഭവപ്പെടാം. ഈ അവസ്ഥയാണ് ബേണ്‍ഔട്ട്. ഊര്‍ജം നഷ്ടപ്പെടുക, ജോലിയോട് അകല്‍ച്ചയോ നിഷേധാത്മക മനോഭാവമോ ഉണ്ടാകുക, ജോലിയില്‍ കാര്യക്ഷമത കുറയുക എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. സാധാരണ ക്ഷീണത്തില്‍ നിന്ന് വ്യത്യസ്തമായി, ബേണ്‍ഔട്ട് അനുഭവിക്കുന്നവര്‍ക്ക് വിശ്രമിച്ചാലും പഴയ ഉന്മേഷം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ബേണ്‍ഔട്ട് വഷളാകുന്നതിനു മുമ്പ് തടയിടണം. തുടര്‍ച്ചയായ ക്ഷീണം അനുഭവപ്പെടുമ്പോള്‍ കൂടുതല്‍ ജോലി ചെയ്ത് അതിനെ മറികടക്കാന്‍ ശ്രമിക്കരുത്. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുക. തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക, വെള്ളം കുടിക്കുക, കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക. ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ജോലി, അമിതമായ കഫീന്‍ ഉപയോഗം, രാത്രി വൈകിയുള്ള സ്‌ക്രീന്‍ ഉപയോഗം എന്നിവ കുറയ്ക്കുക. നടക്കുക, സംഗീതം കേള്‍ക്കുക, പൂന്തോട്ടപരിപാലനം നടത്തുക, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക തുടങ്ങിയവ മാനസിക ഉന്മേഷത്തിന് സഹായകരമാകാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.61, പൗണ്ട് - 126.63, യൂറോ - 106.18, സ്വിസ് ഫ്രാങ്ക് - 114.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.50, ബഹറിന്‍ ദിനാര്‍ - 251.30, കുവൈത്ത് ദിനാര്‍ -305.25, ഒമാനി റിയാല്‍ - 246.04, സൗദി റിയാല്‍ - 25.22, യു.എ.ഇ ദിര്‍ഹം - 25.80, ഖത്തര്‍ റിയാല്‍ - 26.07, കനേഡിയന്‍ ഡോളര്‍ - 67.33.
Tags:
KERALA