2026 | സെപ്റ്റംബര്‍ 14 | തിങ്കള്‍
1202 | ചിങ്ങം 29 | ചിത്തിര
◾ യൂണിറ്റിന് 30 രൂപ നിരക്കില്‍ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി ഇന്ന് സര്‍ക്കാരിന് കത്തു നല്‍കും. ഇത്രയും ഭീമമായ തുകയ്ക്കു വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സാമ്പത്തിക സഹായം വേണമെന്നും ആവശ്യപ്പെടും. അനുമതി ലഭിച്ച ശേഷമാകും കെ എസ് ഇ ബി പുതിയ കരാറുകളുമായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കുക. യൂണിറ്റിനു വില പത്തു രൂപയായി കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കേ കൂടുതല്‍ വില നല്‍കാന്‍ അനുമതി ലഭിക്കുമോയെന്ന് വ്യക്തമല്ല. വൈദ്യുതി ലഭിക്കുമോയെന്ന അന്വേഷണവുമായി കെഎസ്ഇബിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മഹാരാഷ്ട്ര, ഗുജറാത്ത്, യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു യാത്ര തിരിച്ചു.
◾ പ്രമുഖ എണ്ണ കയറ്റുമതി രാജ്യമായ സൗദിയുടെ പ്രധാന ബൈപാസ് പാത അടച്ചതോടെ ആഗോള എണ്ണ വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. സൗദിയില്‍ അഞ്ചു ദിവസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ ഇന്ധനം മാത്രമെന്നു റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന സുപ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈന്‍ ഇറാഖ് മിസൈല്‍ വിട്ടു തകര്‍ത്തതാണ് പ്രതിസന്ധിക്കു കാരണം. 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പ്രധാന പാത വഴി പ്രതിദിനം 40 ലക്ഷം ബാരല്‍ എണ്ണയാണ് ചെങ്കടല്‍ തുറമുഖമായ യാന്‍ബുവിലേക്ക് എത്തിച്ചിരുന്നത്.
◾ സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിനെതിരെ കൊല്ലം, കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ ജില്ലാ കമ്മിറ്റികള്‍. ഭരണപരമായ വീഴ്ചകളും ഗവണ്‍മെന്റ് സംവിധാനം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയതുമാണ് തോല്‍വിക്കു കാരണമെന്ന് കൊല്ലം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പരാജയത്തിന്റെ പഴി താഴെത്തട്ടിലുള്ള പ്രവര്‍ത്തകരിലും അനുഭാവികളിലും കെട്ടിവക്കാനാകില്ല. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പിടിപ്പുകേടാണ് പ്രധാന കാരണമെന്നും കൊല്ലം ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു.
◾ വിദ്യാഭ്യാസ മന്ത്രി അറിയാതെ പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റി. മാറ്റത്തില്‍ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹില്‍ കുമാറിനെയാണു മാറ്റിയത്. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടര്‍മാര്‍ വകുപ്പില്‍ മാറിമാറി വന്നു. അടിക്കടിയുള്ള മാറ്റം വകുപ്പിനെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ അഭിപ്രായം.
◾ അഭിമന്യു കൊലക്കേസിലെ വിചാരണ നടപടികള്‍ അടച്ചിട്ട മുറിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. അഭിമന്യുവിന്റെ ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ആരെയും കോടതിമുറിയില്‍ പ്രവേശിപ്പിക്കരുതെന്നുമാണ് പ്രതികളുടെ ആവശ്യം. ഹര്‍ജി കോടതി ഇന്ന് തന്നെ പരിഗണിക്കും.
◾ തടവുകാര്‍ക്ക് മട്ടനും മീനും അടക്കമുള്ള ചില ആര്‍ഭാട ഭക്ഷണം ഒഴിവാക്കാന്‍ ജയില്‍ വകുപ്പിന്റെ നിര്‍ദേശം. ഇതുമൂലം വര്‍ഷം പത്തു കോടി രൂപ ലാഭിക്കാമെന്ന് ജയില്‍ വകുപ്പ് മേധാവി എസ്. ശ്രീജിത്ത്. തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാനും കഴിയും. മട്ടനും മല്‍സ്യത്തിനും പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
◾ ബ്രിക്സ് രാജ്യങ്ങളില്‍നിന്നുള്ള മുന്‍നിര കണ്ടന്റ് ക്രിയേറ്റര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി വി ഡി സതീശനുമായി സംവദിച്ചു. 19 രാജ്യങ്ങളില്‍ നിന്നുള്ള 35 പ്രമുഖ പ്രതിനിധികളാണ് പങ്കെടുത്തത്. 'യഥാര്‍ത്ഥ കേരള സ്റ്റോറി' ആഗോള സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഈ കൂടിക്കാഴ്ച അവസരമൊരുക്കിയതായി മുഖ്യമന്ത്രി എക്സ് കുറിപ്പിലൂടെ അറിയിച്ചു.
◾ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി 726 പേരുണ്ടായിരുന്നെന്ന രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. പിണറായി വിജയന്റെ പേഴ്ണല്‍ സ്റ്റാഫില്‍ 44 പേരേയും സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ 12 പേരെയും നിയമിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് 787 പേഴ്സണല്‍ സ്റ്റാഫുണ്ടായിരുന്നെന്നും യുഡിഎഫ് സര്‍ക്കാര്‍ 426 പേരെയാണു നിയമിച്ചതെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ സര്‍ക്കാരില്‍ അഞ്ഞൂറില്‍ താഴെ സ്റ്റാഫ് മാത്രമായിരുന്നെന്നു പറഞ്ഞ പിണറായി വിജയന്‍ സ്റ്റാഫംഗങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വെല്ലുവിളിച്ചിരുന്നു. എല്‍ഡിഎഫ് കാലത്ത് 726 സ്റ്റാഫുകളും ഒരേ സമയം ജോലി ചെയ്തിട്ടില്ല. പലരും രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ മാറി. കൂടുതല്‍ പേര്‍ക്കു പെന്‍ഷന്‍ ലഭിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
◾ ട്രാഫിക് ചലാന്‍ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശങ്ങളില്‍ വിശ്വസിച്ച് പണം അടയ്ക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. സാമ്പത്തിക തട്ടിപ്പുകാര്‍ തയ്യാറാക്കുന്ന കെണികളില്‍ പെടാതിരിക്കാന്‍ ഔദ്യോഗിക മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിച്ച് പിഴ പരിശോധിക്കാനും അടയ്ക്കാനും വാഹന ഉടമകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
◾ ചെക്ക് കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
◾ പിണറായി വിജയനെതിരായ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദന്‍ എംഎല്‍എ. അതേസമയം സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ അധര വ്യായാമം മാത്രമാണെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. സിപിഎം തെറ്റു തിരുത്തില്ല. നേതൃത്വമാണ് തോല്‍വിക്ക് കാരണമെന്നാണ് കീഴ് ഘടകങ്ങളില്‍ ഉയര്‍ന്ന അഭിപ്രായം. നേതാക്കളുടെ ധാര്‍ഷ്ട്യമാണ് പ്രശ്നം. നേതൃത്വത്തെ മാറ്റുകയാണ് സിപിഎം ചെയ്യേണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾ പിണറായിയുടെ കുടുംബത്തിനെതിരായ വിമര്‍ശനം പാര്‍ട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്ന് വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. ആരോപണങ്ങള്‍ വന്നാല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ നേതൃത്വം തയ്യാറാകണമെന്നും ഇവിടെ അത് ഉണ്ടായില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
◾ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയുമായിരുന്ന യുഡിഎഫ് കാലത്തെ 465 മെഗാ വാട്ട് വൈദ്യുതി വാങ്ങല്‍ കരാര്‍ നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും കേന്ദ്ര അനുമതി ഇല്ലാതെയും ടെന്‍ഡര്‍ വ്യവസ്ഥകള്‍ പാലിക്കാതെയുമാണ് കരാറുണ്ടാക്കിയതെന്ന ആരോപണങ്ങളുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് 2024 ലാണ് നല്‍കിയത്.
◾ ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതി അടിസ്ഥാന രഹിതമെന്ന് സ്‌കൂള്‍ മാനേജ്മെന്റ്. അന്വേഷണ കമ്മീഷനു മുന്‍പില്‍ ലഭിച്ച മൊഴികള്‍ ഭൂരിഭാഗവും ആരോപണം തള്ളുന്നതാണ്. തലകറങ്ങി വീണ കുട്ടിയും ആരോപണം നിഷേധിച്ചു. പരാതിക്കു പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമുള്ളവരാണെന്നാണ് മാനേജ്മെന്റ് പറയുന്നത്.
◾ സുല്‍ത്താന്‍ ബത്തേരിയിലെ പോലീസ് സ്റ്റേഷനില്‍നിന്ന് തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ചതു പൊലീസുകാന്‍. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗ്രേഡ് സബിത്താണ് പ്രതിയെന്നു കണ്ടെത്തി.
◾ ആലുവയില്‍ വഴിയാത്രക്കാരനായ പ്രവാസി യുവാവിനെ ആക്രമിച്ച് കവര്‍ച്ച. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജുവിനെയാണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്. ആലുവ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇന്നലെ പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.
◾ തിരുവനന്തപുരം കാട്ടാക്കടയില്‍ ഗുണ്ടാസംഘം വീട്ടില്‍ ആക്രമിച്ച് കയറി സാധനങ്ങള്‍ അടിച്ച് തകര്‍ത്ത ശേഷം തീവച്ചു. കാട്ടാക്കട സ്വദേശി ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ആനന്ദിന്റെ സഹോദരീപുത്രനായ അഖിലിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
◾ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയുമായ നേതാവിനെതിരേ ഭാര്യ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കി. പ്രാദേശിക നേതാവായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണു പരാതി.
◾ വിദ്യാര്‍ഥികളുടെ പ്രോഗ്രസ് കാര്‍ഡ് ഡിജിറ്റലാക്കി ആലപ്പുഴ ജില്ലയിലെ പളളിപ്പാട് നടുവട്ടം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍. 150 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗ്രാമീണ വിദ്യാലയത്തില്‍ ഇനി അച്ചടിച്ച പ്രോഗ്രസ് കാര്‍ഡുകള്‍ക്ക് പകരം എല്ലാം ഓണ്‍ലൈനായി ലഭ്യമാക്കും.
◾ കളമശ്ശേരി ചുള്ളിക്കാവ് ശ്രീദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മോഷണം. ക്ഷേത്രത്തിലെ വിളക്കുകളും തൂക്കുവിളക്കുകളും മണികളും നിലവിളക്കുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
◾ ഡല്‍ഹിയില്‍ 25 രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും 7 അന്താരാഷ്ട്ര സംഘടനകളുടെ സാരഥികളും പങ്കെടുത്ത ബ്രിക്സ് പ്ലസ് വിശാല യോഗവും ബ്രിക്സ് ഉച്ചകോടിയും വന്‍ വിജയമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗ്ലോബല്‍ സൗത്തിന്റെയും വികസ്വര രാജ്യങ്ങളുടെയും ശബ്ദമാകാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. പ്രസ്താവന അംഗീകരിച്ചത് വിദേശനയത്തിനുള്ള അംഗീകാരമായും ബിജെപിയും സര്‍ക്കാറും കാണുന്നു.
◾ കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്കെതിരായ അഴിമതി ആരോപണത്തില്‍ അസാധാരണ നടപടിയുമായി ഇഡി. കേസുമായി ബന്ധപ്പെട്ട് റെയ്ഡിനിടെ കണ്ടെത്തിയ രേഖകള്‍ ലോകായുക്തയ്ക്ക് കൈമാറാനാണ് ഇഡിയുടെ നീക്കം.
◾ കര്‍ണാടക-ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലെ മലയോര മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം. തുംകൂരു പാവഗഡയില്‍ എത്തി പണം ആവശ്യപ്പെട്ട് കര്‍ഷകന് കത്ത് നല്‍കിയ ഉപ്പാര വെങ്കടേഷിനായി കര്‍ണാടക പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഡ്രോണുകള്‍ ഉള്‍പ്പെടെ വിന്യസിച്ചായിരുന്നു നിരീക്ഷണം.
◾ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ യുകെ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി ബിജെപി. യാത്ര ഔദ്യോഗികമോ വ്യക്തിപരമോ എന്ന് അറിയില്ലെന്നും, വിജയ് തിരിച്ചെത്തിയാല്‍ വിദേശ നിക്ഷേപത്തിന്റെ കണക്ക് വ്യക്തമാക്കണമെന്നും സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ വ്യക്തമാക്കി.
◾ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ എയര്‍ ഡിഫന്‍സ് സിസ്റ്റം പാകിസ്ഥാന്‍ വിമാനത്തെ 314 കിലോമീറ്റര്‍ അകലെവെച്ച് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
◾ മണിപ്പൂരില്‍ വീണ്ടും ആക്രമണം. ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ കുക്കി - സോ വിഭാഗത്തില്‍പ്പെട്ട നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളന്‍ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. ഇതിനുപിന്നാലെയാണ് നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തില്‍ രണ്ടാമത്തെ ആക്രമണമുണ്ടായത്.
◾ പഞ്ചാബിലെ ലുധിയാനയില്‍ ഗുണ്ടകളുമായി ഏറ്റുമുട്ടിയ പോലീസ് രണ്ടു ഗുണ്ടകളെ വെടിവച്ചു കൊന്നു. ഗുണ്ടാസംഘത്തില്‍നിന്ന് ഓട്ടോമാറ്റിക് പിസ്റ്റലുകളും തിരകളും പിടിച്ചെടുത്തു. രക്തദാന ക്യാന്പില്‍ അക്രമം നടത്താന്‍ എത്തിയ 'ഡോണി ബാല്‍' ഗുണ്ടാ സംഘവുമായാണ് പൊലീസ് ഏറ്റുമുട്ടിയത്.
◾ ആസാമില്‍ ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി പോലീസ് വാഹനത്തില്‍നിന്ന് ചാടി മരിച്ചു. ഗോഹട്ടി സ്വദേശിയായ രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്.
◾ നിയന്ത്രണ രേഖയില്‍ ഇന്ത്യ സംയുക്ത പോരാട്ട ശേഷിയുള്ള 10 ബ്രിഗേഡ് സൈന്യത്തെ വിന്യസിച്ചതിനെത്തുടര്‍ന്ന്, വടക്കന്‍ അതിര്‍ത്തികളില്‍നിന്ന് ചൈനീസ് സൈന്യക സാന്നിധ്യം വെട്ടിച്ചുരുക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ 2025-26 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഏത് അത്യാഹിത സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ കരസേന അതിര്‍ത്തിയില്‍ സജ്ജമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
◾ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ നസീമില്‍ മലയാളി ജീവനക്കാര്‍ താമസിക്കുന്ന ഫ്ലാറ്റ് ഒരു സംഘം ആളുകള്‍ ആക്രമിച്ച് ലക്ഷക്കണക്കിന് റിയാലിന്റെ വസ്തുവകകള്‍ കവര്‍ന്നു. 10 ലക്ഷം റിയാലിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.
◾ വനിതാ ഏഷ്യ കപ്പ് ഫൈനലില്‍ ജയിച്ച ഇന്ത്യന്‍ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക ട്രോഫി ദാനച്ചടങ്ങ് നടന്നില്ല. നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം ബിസിസിഐയുടേതാണെന്ന് മത്സരത്തിന് ശേഷം ഇന്ത്യന്‍ പരിശീലകന്‍ അമോല്‍ മുംജുന്ദര്‍ സ്ഥിരീകരിച്ചു. .
◾ ഇക്കഴിഞ്ഞ ഓണക്കാലത്തേതടക്കം ആദ്യ അഞ്ചുമാസം സര്‍ക്കാറിന്റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പതിനായിരം കോടിയിലധികം വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള വരുമാനത്തിന്റെ കണക്കാണിത്. ഓണവിപണി സജീവമായിരുന്ന ആഗസ്റ്റില്‍ നികുതിവരുമാനം മുന്‍ മാസത്തേക്കാള്‍ 4,700 കോടി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ സമയത്തേക്കാള്‍ റവന്യൂകമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടി. സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ അഞ്ച് മാസത്തെ ജി.എസ്.ടി വരുമാനം 20,274 കോടിയാണ്. ബജറ്റ് കണക്കാക്കിയതിന്റെ 40 ശതമാനമാണ് ആദ്യ അഞ്ചുമാസം കൊണ്ട് ഖജനാവിലെത്തിയത്. മുന്‍വര്‍ഷം 35 ശതമാനമായിരുന്നു. വില്‍പന നികുതിയില്‍ വലിയ മാറ്റമില്ല. ആദ്യ അഞ്ചുമാസം നികുതി വരുമാനം 51,578.32 കോടി. ഓണം വിപണി തുണച്ചപ്പോള്‍ കഴിഞ്ഞ മാസം 14,118 കോടിയാണ് നികുതി പിരിച്ചത്. നികുതിയേതര വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ എട്ടുശതമാനത്തോളം വര്‍ധനവുണ്ടായി. 7,727 കോടിയാണ് പിരിച്ചത്.
◾ ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ ഡ്യുവോയുടെ ഏറ്റവും നിര്‍ണായക ഘടകം നിര്‍മ്മിക്കുന്നത് പ്രധാന എതിരാളിയായ സാംസങ് ആണെന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ അകത്തെ മടക്കാവുന്ന സ്‌ക്രീന്‍ പാനലിനായി ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ്ങിന്റെ ഡിസ്പ്ലേ വിഭാഗം ആപ്പിളില്‍ നിന്ന് ഓരോ ഡിവൈസിനും ഏകദേശം 250 ഡോളര്‍ വീതം ഈടാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മൂന്ന് വര്‍ഷത്തേക്കാണ് കരാറെന്നും റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ ഐഫോണുകളില്‍ ഉപയോഗിക്കുന്ന സാധാരണ ഛഘഋഉ പാനലുകളെ അപേക്ഷിച്ച് വളരെ സങ്കീര്‍ണ്ണമാണ് ഐഫോണ്‍ ഡ്യുവോയുടെ അകത്തെ സ്‌ക്രീന്‍. 250 ഡോളര്‍ വിലവരുന്ന ഈ ഡിസ്പ്ലേ ഫോണിലെ ഏറ്റവും ചെലവേറിയ കാമ്പ്യൂട്ടേഷണല്‍ ഘടകങ്ങളില്‍ ഒന്നായി മാറും. തുടര്‍ച്ചയായി മടക്കാനും നിവര്‍ത്താനും കഴിയുന്ന രീതിയിലുള്ള ഈ സ്‌ക്രീനിന്റെ സങ്കീര്‍ണ്ണതയാണ് ഉയര്‍ന്ന ചെലവിന് കാരണം.
◾ ജെഎസ്ഡബ്ല്യൂ മോട്ടോഴ്‌സ് തങ്ങളുടെ ആദ്യ കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ചെറി ജെറ്റൂര്‍ ടി2 എസ് യുവി ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിപണിയിലെത്തുമ്പോള്‍ വാഹനത്തിന് കോംബാറ്റ് എന്ന് പേരിടാനാണ് സാധ്യത. എസ് യുവിക്ക് 30 മുതല്‍ 50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. മോണോകോക് ഷാസി അടിസ്ഥാനമാക്കിയായിരിക്കും ജെഎസ്ഡബ്ല്യൂ കോംബാറ്റ് നിര്‍മ്മിക്കുക. ജെറ്റൂര്‍ ടി2 വിലേതിന് സമാനമായ ബോക്‌സി ഡിസൈന്‍ തന്നെ ഇതിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍ എന്‍ജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും 18.4 കിലോവാട്ട്അവര്‍ ബാറ്ററിയും ഉള്‍പ്പെടുന്ന പ്ലഗ്- ഇന്‍ ഹൈബ്രിഡ് സിസ്റ്റവുമായിരിക്കും വാഹനത്തിന് കരുത്തേകുക. ഇലക്ട്രിക്കില്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
◾ പാസീവ് സ്മോക്കിങ്ങിന്റെ അപകടത്തേക്കുറിച്ച് പങ്കുവെക്കുകയാണ് പുതിയൊരു പഠനം. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023ല്‍ ഇന്ത്യയില്‍ 44.4 കോടി ആളുകള്‍ പരോക്ഷ പുകവലിക്ക് അഥവാ പാസീവ് സ്മോക്കിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പരോക്ഷ പുകവലിക്ക് ഇരയാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 1990-ല്‍ 2,17,700 പേരുടെ മരണത്തിനിടയാക്കിയ പരോക്ഷ പുകവലി 2023 ആയപ്പോള്‍ 3,25,600 മരണങ്ങളിലേക്ക് നയിച്ചു. ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് പഠനം പറയുന്നു. ആഗോളതലത്തില്‍ പതിനാല് വയസ്സുവരെ പ്രായമുള്ള 76.7 കോടി കുട്ടികള്‍ ഉള്‍പ്പെടെ 271 കോടി ജനങ്ങള്‍ 2023-ല്‍ പരോക്ഷ പുകവലിക്ക് ഇരയായിട്ടുണ്ട്. ഇന്ത്യയില്‍ പരോക്ഷ പുകവലിക്ക് ഇരയാകുന്ന ആളുകളുടെ അനുപാതം 1990-ലെ 43.2 ശതമാനത്തില്‍ നിന്ന് 2023 എത്തിയപ്പോള്‍ 30.6 ശതമാനമായി കുറഞ്ഞു. എങ്കിലും ജനസംഖ്യ ഗണ്യമായി വര്‍ധിച്ചതിനാല്‍ പാസീവ് സ്മോക്കിങ്ങിന് ഇരയാകുന്നവരുടെ എണ്ണം ഇതേ കാലയളവില്‍ 37.5 കോടിയില്‍ നിന്ന് 44.4 കോടിയായി ഉയര്‍ന്നു. ഇതുമൂലമുള്ള മരണങ്ങള്‍ 2,17,700 ല്‍ നിന്ന് 3,25,600 ആയി വര്‍ധിച്ചു. സ്ത്രീകളില്‍ 1,13,400 ല്‍ നിന്ന് 1,56,900 ആയി ഉയര്‍ന്നപ്പോള്‍ പുരുഷന്മാരിലെ മരണം 1,04,300 ല്‍ നിന്ന് 1,68,700 ആയി വര്‍ധിച്ചു. പരോക്ഷ പുകവലി ഹൃദ്രോഗം, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. പുകയിലയുടെ പ്രത്യാഘാതങ്ങള്‍ പുകവലിക്കുന്നവരില്‍ മാത്രം ഒതുങ്ങുന്നില്ലെന്നു വ്യക്തമാക്കുകയാണ് പഠനം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.83, പൗണ്ട് - 129.23, യൂറോ - 110.27, സ്വിസ് ഫ്രാങ്ക് - 116.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.17, ബഹറിന്‍ ദിനാര്‍ - 254.22, കുവൈത്ത് ദിനാര്‍ -310.33, ഒമാനി റിയാല്‍ - 249.18, സൗദി റിയാല്‍ - 25.54, യു.എ.ഇ ദിര്‍ഹം - 26.02, ഖത്തര്‍ റിയാല്‍ - 26.28, കനേഡിയന്‍ ഡോളര്‍ - 68.83.
Tags:
KERALA