Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | സെപ്റ്റംബര്‍ 12 | ശനി 
1202 | ചിങ്ങം 27 | ഉത്രം

◾ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് അമേരിക്കന്‍ ഡോളറിനെ ഒഴിവാക്കി പൊതു പണമിടപാടു സംവിധാനം വരുന്നു. ബ്രിക്സ് പേ ബാങ്കിംഗ് പേയ്മെന്റ് എഗ്രിമെന്റുമായി മുന്നോട്ടു പോകാന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഡോളറിനെ ആശ്രയിക്കാതെ സ്വന്തം കറന്‍സിയില്‍ തന്നെ ഇടപാട് നടത്താനാകുന്നതാകും പുതിയ സംവിധാനം. ഇതിനായി ഡാറ്റ പങ്കുവയ്ക്കുന്നതില്‍ ചില രാജ്യങ്ങള്‍ക്കുള്ള ആശങ്ക പരിഹരിച്ചാല്‍ ബ്രിക്സ് പേ സംവിധാനം ഉടന്‍ യാഥാര്‍ഥ്യമാകും. ഡല്‍ഹിയില്‍ ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയില്‍ ചൈന, റഷ്യ, ഇറാന്‍, യുഎഇ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ അടക്കം 11 രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരാണു പങ്കെടുക്കുന്നത്.  

◾ കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍. മൂന്നു കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരില്‍ ഉയര്‍ത്തുന്നത് എന്തിനാണ്? ഒരേ കാര്യത്തിന് ഒരു വ്യക്തി എത്ര തവണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കണം? വീണയുടെ കൈയില്‍നിന്നു ഡയറി കണ്ടെത്തിയെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. പി വി എന്നത് താന്‍ അല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഡിജിപിക്ക് നല്‍കിയ കത്തിലെ വിവരങ്ങള്‍ ഇഡി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. തനിക്കെതിരായ ഇഡിയുടെ നീക്കം സിപിഎമ്മിനെ തകര്‍ക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ്. പിണറായി വിജയന്‍ പറഞ്ഞു.

◾ വിദേശത്തേക്ക് ഹവാല പണം കടത്തിയതില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കള്‍ക്കും പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. വാട്സാപ് ചാറ്റുകളടക്കം തെളിവുകളാണ്. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ചുവന്ന കവറുള്ള ഡയറിയിലെ ഒന്‍പത് പേജുകളില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉണ്ടെന്നും ഇഡി.

◾ മാസപ്പടി ഇടപാടില്‍ പിണറായി വിജയനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇഡി ഡിജിപിക്കു കത്തു നല്‍കിയ വിഷയത്തില്‍ പ്രതികരിക്കാതെ സിപിഐ. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സിപിഐ രാഷ്ട്രീയം എന്നും എല്‍ഡിഎഫ് രാഷ്ട്രീയമാണെന്നു പറഞ്ഞ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങള്‍ പൂര്‍ണമായും അറിയില്ലെന്ന് പറഞ്ഞു. എറണാകുളത്തു കെഎസ്ഇബി ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

◾ കേരളത്തില്‍ ഒക്ടോബര്‍ മുതല്‍ മെയ് വരെ ഉയര്‍ന്ന വിലക്ക്  ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ചൂടു കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വര്‍ധിച്ചു. പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റാണ്.

◾ രാജ്യത്തെ മൂന്നിലൊന്ന് കല്‍ക്കരി നിലയങ്ങളിലും താപവൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമായ കല്‍ക്കരി സ്റ്റോക്കില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളില്‍ ഗുരുതര കല്‍ക്കരി ക്ഷാമമാണ്. ഓഗസ്റ്റ് അവസാനം 45 നിലയങ്ങളിലായിരുന്നു ക്ഷാമം നേരിട്ടിരുന്നതെങ്കില്‍ ഇപ്പോഴത് 59 ആയി ഉയര്‍ന്നു. ചില നിലയങ്ങളില്‍ മൂന്ന് ദിവസത്തേക്കുള്ള കല്‍ക്കരി പോലും സ്റ്റോക്കില്ല.

◾ പുരപ്പുറ സോളാര്‍ പ്രോത്സാഹിപ്പിക്കുമെന്നും ബാറ്ററി സ്റ്റോറേജ് മെച്ചപ്പെടുത്താന്‍ കമ്യൂണിറ്റി ബാറ്ററി സംവിധാനം സജ്ജമാക്കുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സബ്സിഡി നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി.

◾ ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി എസ് സിയിലെ കൂടുതല്‍ ബോര്‍ഡംഗങ്ങള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കും. ഇതിനകം നാല് അംഗങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കാണ് ഇനി നോട്ടീസ് നല്‍കുക. അതേസമയം ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു പോകില്ലെന്നും പി എസ് സി.  ആസ്ഥാനത്തെത്തി മൊഴിയെടുക്കണമെന്നാണ് പി എസ് സി ബോര്‍ഡംഗങ്ങളുടെ നിലപാട്.

◾ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നത് 13 കമ്പനികള്‍ വഴിയെന്ന് ജി.എസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അര്‍ജന്റീന സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്ന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും സജീവമായതെന്നും കണ്ടെത്തിയിട്ടുണ്ട്.

◾ സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ  വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. സൈബര്‍ ഇടങ്ങളിലെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്നും, സാധാരണ സ്ത്രീകളെയാണ് പലപ്പോഴും ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾ കഥകള്‍ മെനയുന്നതില്‍ മികച്ച കഥാസാഹിത്യത്തിനുള്ള അവാര്‍ഡ് ഇഡിയ്ക്ക് നല്‍കണമെന്നും ഇഡി സാഹിത്യകാരനായി മാറിയെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കൂട്ടിലടച്ച തത്തയാണ് ഇഡി. ബിജെപി സര്‍ക്കാരുകള്‍ രാഷ്ട്രീയമായി ഇഡിയെ ഉപയോഗിക്കുന്നു. പിണറായിക്കുള്ള പിന്തുണ തുടരും. കോഴിക്കോട് നാളെ ആരംഭിക്കുന്ന സമ്മേളനത്തോടെ പാര്‍ട്ടിയെ കൂടുതല്‍ സജ്ജമാക്കുമെന്നും ബേബി.

◾ ആര്യാടന്റെ കാലത്തെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ തനിക്കു യാതൊരു പങ്കുമില്ലെന്ന് ഡോ. ബി അശോക്. തന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്തല്ല കമ്മീഷന്‍ തീരുമാനം എടുത്തത്. ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും അദ്ദേഹം പറഞ്ഞു.  

◾ വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് രോഗിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. പന്തളം എന്‍ എസ് എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അപസ്മാരബാധയെ തുടര്‍ന്നാണ് ബന്ധുക്കള്‍ ചേര്‍ന്ന് നൂറനാട് സ്വദേശിയായ 69 വയസുള്ള വിജയലക്ഷ്മിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. വൈദ്യുതി ഇല്ലെന്നു പറഞ്ഞ് 10 മിനിറ്റോളം ചികിത്സ നല്‍കാതെ രോഗിയെ പുറത്തു കിടത്തിയെന്നാണ് പരാതി.

◾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ റോബോട്ടുകള്‍ എത്തുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി ഡൊമസ്റ്റിക് സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലുള്ള കലാ മ്യൂസിയമായ 'കലാങ്കണത്തില്‍' ഒരു റോബോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

◾ സ്പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ടൂറിസ്റ്റ് ബസുകള്‍ സമരത്തിലേക്ക്.  സ്പെഷല്‍ പെര്‍മിറ്റ് നല്‍കുന്നതു ടൂറിസ്റ്റ് ബസ് വ്യവസായത്തെ ബാധിക്കുമെന്നാണ് ഉടമകള്‍ പറയുന്നത്

◾ അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകരയിലെ എംഡിഎംഎ കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ബിആര്‍സി അധ്യാപികമാരായ മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ എന്നിവരുടെയും അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് വടകര എന്‍ഡിപിഎസ് കോടതി തള്ളിയത്. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്ക്ക് നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

◾ പുനലൂരില്‍ ഇന്ന് നടക്കുന്ന എന്‍എസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി കെ.ബി. ഗണേഷ് കുമാര്‍. താന്‍ നേതൃത്വം നല്‍കിയാണ് പത്മാകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവര്‍ യാതൊരു ലജ്ജയുമില്ലാതെ ഇപ്പോള്‍ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

◾ ടെലിസ്‌കോപ്പ് മോഷണം പോയ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസിക്കുള്ളിലെ ചെമ്പുകമ്പികളും മോഷണം പോയി. ഹിന്ദി വിഭാഗത്തിലും ലൈബ്രറിയിലുമായി സ്ഥാപിക്കുന്നതിനായി എത്തിച്ച എസികളുടെ ഉള്ളിലെ കോപ്പറാണ് കാണാതായത്.

◾ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലെ സ്റ്റോര്‍റൂമില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മോഷണം പോയി. കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് നഷ്ടപ്പെട്ടത്.  

◾ തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം. അടിമലത്തുറയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീനാരായണപുരം വാര്‍ഡില്‍ പേവിഷബാധയുള്ള നായയെ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കി.

◾ മരട് പൊലീസ് സ്റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതിയുടെ അതിക്രമത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ചേര്‍ത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്.

◾ പത്തനംതിട്ട അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം. മണക്കാല അന്തിച്ചിറ തുവയൂര്‍ വടക്ക് കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ മേല്‍ശാന്തി വിനീഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

◾ തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സൈനികനായ രാഹുല്‍ രാജീവിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് നാട്ടില്‍ അവധിക്ക് എത്തിയ മുപ്പതുകാരന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

◾ അട്ടപ്പാടി ഇരട്ടക്കൊലപാതകത്തില്‍  35കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്നത് യുവതി ഗര്‍ഭിണിയാണെന്ന സംശയത്തിലാണെന്ന് പ്രതി പ്രൊവത് ദാസ്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പ്രതി പ്രോവിത് ദാസ്.

◾ പാലക്കാട് ഷൊര്‍ണൂരില്‍ ട്രെയിന്‍ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിനു കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ടിടിഇ ഷിജു അറസ്റ്റിലായി.

◾ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്രയില്‍ നാലു പേര്‍ പിടിയില്‍. നടുവണ്ണൂര്‍ സ്വദേശി റജീഷ്, കരുവണ്ണൂര്‍ സ്വദേശികളായ അഭിലാഷ്, ഹുസൈന്‍, വെള്ളിയൂര്‍ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്.

◾ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയില്‍ പത്ത് വിശാല തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തും. ഭീകരതക്കെതിരായ പൊതു നിലപാട്, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തല്‍, യുഎന്‍ സുരക്ഷാ കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ ശ്രമത്തിനുള്ള പിന്തുണ എന്നിവയും, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമവായമുണ്ടാക്കാനും ശ്രമമുണ്ടാകും.

◾ ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗത്വം നേടാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ ഇപ്പോഴും ലക്ഷ്യംകാണാതെ തുടരുന്നു. 2023-ല്‍ അപേക്ഷ നല്‍കിയിട്ടും പാകിസ്താനെ ഇപ്പോഴും പരിഗണിച്ചിട്ടില്ല. പ്രധാനമായും ഇന്ത്യയുടെ എതിര്‍പ്പാണ്  കാരണം.

◾ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് ഡല്‍ഹിയില്‍ ഊഷ്മള സ്വീകരണം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തുന്നത്.

◾ പേഴ്സണല്‍ അസിസ്റ്റന്റിന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോണ്‍ഗ്രസിലെ പദവികളില്‍നിന്ന് രാജി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് ആഗ്രഹിക്കാത്തതിനാലാണ്  രാജിയെന്ന് ഹരീഷ് റാവത്ത് പറഞ്ഞു.

◾ കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സ്യവിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദുര്‍ഗ്ഗാ പൂജയുടെയും നവരാത്രിയുടെയും സമയത്ത് ബംഗാളികള്‍ മാംസാഹാരം കഴിക്കരുതെന്ന ബാഗേശ്വര്‍ ബാബയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സുവേന്ദു അധികാരി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

◾ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിരവധി അശ്ലീലവീഡിയോകളെന്ന് റിപ്പോര്‍ട്ട്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞമാസം ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് പ്രജ്വല്‍ രേവണ്ണയുടെ സെല്ലില്‍നിന്നും മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തത്.

◾ ഝാര്‍ഖണ്ഡിലെ ഗൊദ്ദയിലുള്ള അദാനി പവറിന്റെ 1,600 മെഗാവാട്ട് താപനിലയത്തിലെ ഒരു യൂണിറ്റിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വൈദ്യുതി പ്രതിസന്ധി. രാജ്യത്തുടനീളം ലോഡ്‌ഷെഡ്ഡിങാണ്. ബംഗ്ലാദേശില്‍ 136 വൈദ്യുതി നിലയങ്ങളുണ്ടെങ്കിലും കല്‍ക്കരി, ഗ്യാസ്, എണ്ണ എന്നിവയുടെ ക്ഷാമം മൂലം വൈദ്യുതി ഉത്പാദനം തടസപ്പെട്ടിരിക്കുകയാണ്.

◾ സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്' നേരെ ഇറാഖ് ഡ്രോണ്‍ ആക്രമണം നടത്തി. ആക്രണം നടത്തിയ സൈനിക കമാന്‍ഡറെ ഇറാഖ് പുറത്താക്കി. തെക്കന്‍ ഇറാഖിലെ മെയ്സാന്‍ പ്രവിശ്യയിലെ സൈനിക കമാന്‍ഡറെയാണ് സേനയില്‍നിന്ന് പുറത്താക്കിയത്. സൗദിയുടെ എണ്ണ പൈപ്പ് ലൈനിന് നേരേയുണ്ടായ ഡ്രോണ്‍ ആക്രമണം ഇറാഖില്‍നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.

◾ ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഇന്ത്യ നാളെ ഇറങ്ങുന്നു. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ ഇന്നു തിരഞ്ഞെടുക്കും.

◾ അമേരിക്കയിലെ ജനപ്രിയ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ സെല്ലെനെയും ഇന്ത്യയുടെ യുപിഐ സംവിധാനത്തെയും ബന്ധിപ്പിക്കുന്ന സംവിധാനം ഒരുങ്ങുന്നു. ബാങ്ക് ഓഫ് അമേരിക്കയുടെ മേല്‍നോട്ടത്തില്‍ പദ്ധതി വിജയകരമായി വാണിജ്യാടിസ്ഥാനത്തില്‍ നടപ്പായാല്‍ സെല്ലെ ഉപയോഗിക്കുന്ന അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നുതന്നെ ഇന്ത്യയിലേക്ക് പണം അയയ്ക്കാം. പ്രാരംഭ സേവനം 2026 ല്‍ തന്നെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തിന്റെ 27.7 ശതമാനവും അമേരിക്കയില്‍ നിന്നാണ്. യുഎഇ 19.2 ശതമാനവുമായി രണ്ടാം സ്ഥാനത്തും. നിലവില്‍ 11 വിദേശ രാജ്യങ്ങളില്‍ യുപിഐ സേവനങ്ങള്‍ ലഭ്യമാണ്. യുഎഇ, ഫ്രാന്‍സ്, ഭൂട്ടാന്‍, ശ്രലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍, മൗറീഷ്യസ്, ഖത്തര്‍, കംബോഡിയ, ഗ്രീസ്, മാല്‍ദ്വീവ്‌സ് എന്നിവയാണവ.

◾ ഓപ്പണ്‍എഐയുടെ എ.ഐ ഏജന്റുകള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിച്ച് സുരക്ഷാ കവചങ്ങള്‍ ലംഘിക്കുകയും ഒരു തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തെന്ന വിവരങ്ങള്‍ പുറത്തുവന്നത് സാങ്കേതിക മേഖലയില്‍ വലിയ സുരക്ഷാ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍, അത്യാധുനിക എ.ഐ സാങ്കേതികവിദ്യകളുടെ വികസന വേഗത കുറയ്ക്കുന്ന കാര്യം ഓപ്പണ്‍എഐ പരിഗണിക്കുന്നതായി സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ അറിയിച്ചു. മറ്റു പ്രധാന എ.ഐ ലാബുകളുമായി ചേര്‍ന്നുകൊണ്ട് വികസന വേഗത ക്രമീകരിക്കാനാണ് കമ്പനി ശ്രമം. സുരക്ഷാ മുന്നറിയിപ്പുകളെ തുടര്‍ന്ന് ചില മോഡല്‍ പരിശീലനങ്ങളും വികസന ഘട്ടങ്ങളും ഓപ്പണ്‍എഐ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ ബൈക്ക് ആയ ഗ്ലാമര്‍ എക്‌സ് 125 വിപണിയില്‍ അവതരിപ്പിച്ചു. സിംഗിള്‍ ചാനല്‍ എബിഎസും ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സിസ്റ്റവുമായി യോജിപ്പിച്ച പുതിയ ബ്രേക്കിങ് സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 1.01 ലക്ഷം രൂപയാണ് ബൈക്കിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ ഫ്രണ്ട് വീല്‍ ലോക്കാകുന്നത് തടയുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. 8250 ആര്‍പിഎമ്മില്‍ 11.4 ബിഎച്ച്പിയും 6500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിക്കാന്‍ കഴിയുന്ന 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇക്കോ, റോഡ്, പവര്‍ എന്നി മൂന്ന് റൈഡിങ് മോഡുകളുള്ള ബൈക്ക് നാല് നിറങ്ങളില്‍ ലഭ്യമാണ്.

◾ ആര്‍ത്തവവിരാമം അസ്ഥികളുടെ ആരോഗ്യത്തെയും ഹൃദയാരോഗ്യത്തെയും മാത്രമല്ല, കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കത്തിനു കാരണമാവുകയും ചെയ്യുമെന്ന് കൂടി കണ്ടെത്തിയിരിക്കുകയാണ് പുതിയൊരു പഠനം. അവസാന ആര്‍ത്തവത്തിന് മുമ്പും ശേഷവുമുള്ള ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിശകലനം ചെയ്തത്. തുടര്‍ന്നാണ് ആര്‍ത്തവവിരാമ സമയത്ത് അണ്ഡാശയ ഹോര്‍മോണുകളിലുണ്ടാകുന്ന കുറവ് കുടലിന്റെ ആവരണത്തിന് കേടുപാടുകള്‍ വരുത്തുന്നുവെന്നും അത് വിട്ടുമാറാത്ത വീക്കത്തിന് കാരണമാകുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയത്. ആര്‍ത്തവവിരാമത്തിന് ഏകദേശം 2.5 വര്‍ഷം മുമ്പുമുതല്‍ക്കേ കുടലിന്റെ ആവരണത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങുന്നുവെന്ന് പഠനം പറയുന്നു. പ്രൊജസ്ട്രോണ്‍ പോലുള്ള അണ്ഡാശയ ഹോര്‍മോണുകള്‍ കുടലിന്റെ ആവരണത്തെ സംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ആര്‍ത്തവവിരാമത്തോടെ ഈ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന കുറവ് കുടലിന്റെ സംരക്ഷണ ഭിത്തിയെ ദുര്‍ബലപ്പെടുത്തുമെന്നാണ് കരുതുന്നത്. ദഹനക്കേട്, ഗ്യാസ്, വയറു വീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങളെ വാര്‍ധക്യവുമായി ബന്ധപ്പെട്ട സാധാരണ പ്രശ്നങ്ങളെന്ന് കരുതി നിസ്സാരമാക്കരുതെന്നുകൂടി പറഞ്ഞുവെക്കുകയാണ് ഗവേഷകര്‍. പ്രോബയോട്ടിക് സപ്ലിമെന്റുകള്‍, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, ആര്‍ത്തവവിരാമ ഹോര്‍മോണ്‍ തെറാപ്പി എന്നിവയിലൂടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നീര്‍വീക്കം കുറയ്ക്കാനുമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.56, പൗണ്ട് - 129.33, യൂറോ - 110.85, സ്വിസ് ഫ്രാങ്ക് - 117.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.55, ബഹറിന്‍ ദിനാര്‍ - 253.79, കുവൈത്ത് ദിനാര്‍ -309.62, ഒമാനി റിയാല്‍ - 248.56, സൗദി റിയാല്‍ - 25.47, യു.എ.ഇ ദിര്‍ഹം - 26.02, ഖത്തര്‍ റിയാല്‍ - 26.23, കനേഡിയന്‍ ഡോളര്‍ - 68.90.
Previous Post Next Post
3/TECH/col-right