2026 സെപ്റ്റംബര്‍ 11 | വെള്ളി
1202 ചിങ്ങം 26 | പൂരം
1448 റ:അവ്വൽ 29
◾ ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും എസ്.ഐ.ടി ചോദ്യം ചെയ്യും. 15 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ പി.എസ്.സി അംഗം എസ്.എ. സെയ്ഫിന് നോട്ടീസ് നല്‍കി. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും. ചെയര്‍മാനെതിരേ നിര്‍ഭയമായും പരസ്യമായും പ്രതികരിച്ചിരുന്ന ബോര്‍ഡംഗമാണ് സെയ്ഫ്. സെയ്ഫിനെ ചോദ്യം ചെയ്യുന്നതിനു പിറകേ, മറ്റു 15 അംഗങ്ങളേയും ചോദ്യം ചെയ്യും.
◾ ബ്രിക്സ് ഉച്ചകോടി നാളേയും ഞായറാഴ്ചയുമായി ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യ. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയനും ഡല്‍ഹിയില്‍ എത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നാളെ എത്തും. അതേസമയം ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള ഭിന്നത തുടരുകയാണ്.
◾ ഫുട്ബാള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരുമെന്നു പ്രചരിപ്പിച്ച് 549.22 കോടി രൂപയുടെ തട്ടിപ്പ് നടത്തിയയെന്ന് ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പ്രധാന സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ നേതൃത്വത്തിലാണ് തട്ടിപ്പു നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത വിദേശനാണ്യ ഇടപാടുകള്‍, യു.എസ് ഡോളര്‍ അക്കൗണ്ട് ഇടപാടുകള്‍, കണക്കില്‍പ്പെടാത്ത ബാങ്കിതര വായ്പകള്‍, ആദായനികുതി വെട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തി.
◾ മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ ഇഡി ശുപാര്‍ശ അതീവ ഗൗരവമെന്നും കേസെടുക്കേണ്ട സാഹചര്യമുണ്ടെന്നും കെപിസിസി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍. എന്നാല്‍, തിടുക്കത്തില്‍ നടപടി വേണ്ടെന്നാണു കെപിസിസി യോഗത്തിലെ പൊതുധാരണ.
◾ പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് കൈമാറി. കേസില്‍ എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്, കേസെടുക്കണോ എന്നീ വിഷയങ്ങളില്‍ എജി റിപ്പോര്‍ട്ട് നല്‍കും.
◾ വൈദ്യുതി നിയന്ത്രണ വിവരം അറിയാന്‍ കെഎസ്ഇബിയുടെ 'വിത് യു' എന്ന ആപ്പിലൂടെ സംവിധാനമൊരുക്കി. ഇന്ന് ഉച്ചയോടെ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷണം വിജയകരമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് വരെ ഉപഭോക്താവിന് അറിയാനുള്ള സംവിധാനമാണിത്.
◾ പിഎം ശ്രീ പദ്ധതിയില്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടായിരിക്കുമെന്ന് മുഖ്യമന്ത്രി കെപിസിസി യോഗത്തില്‍ വിശദീകരിച്ചെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. ഉപസമിതി വീണ്ടും യോഗം ചേരും. അന്തിമ തീരുമാനമായിട്ടില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പുനസംഘടന ഉടന്‍ ഉണ്ടാകും. ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ റിപ്പോര്‍ട്ട് കിട്ടിയെന്നും പഠിച്ചശേഷം മാത്രം നടപടിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
◾ ഇന്നു രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം പ്രവൃത്തിദിനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് അസോസിയേഷനുകള്‍ സമരം നടത്തുന്നത്. രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായകചതുര്‍ഥി അവധിയായതിനാല്‍ 4 ദിവസം വരെ ബാങ്ക് അവധിയാകും.
◾ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബി.ജെ.പി.യുടെ പോഷക വകുപ്പായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ബി.ജെ.പിയില്‍ ചേരുന്നതോടെ ആ കേസ് അവസാനിപ്പിക്കുയുമാണ് ഇഡി ചെയ്യുന്നത്. എന്നാല്‍ ഇ.ഡി.യെ പേടിച്ച് ബി.ജെ.പി.യില്‍ ചേരുന്ന നേതാക്കന്മാരുടെ പാര്‍ട്ടിയല്ല സി.പി.എമ്മെന്ന് ബേബി പറഞ്ഞു.
◾ തന്റെ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളായി അഞ്ഞൂറില്‍ താഴെ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍ മന്ത്രിസഭാ യോഗത്തിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ 787 പേര്‍ ഉണ്ടായിരുന്നെന്നാണ് ആരോപിച്ചത്. ഈ കണക്ക് എവിടെനിന്നു കിട്ടിയെന്നു പിണറായി ചോദിച്ചു.
◾ തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളന്‍ സഹാനുഭൂതി കിട്ടാന്‍ പറയുന്നതു പോലെയാണ് മാസപ്പടി കേസിലെ പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. യാതൊരുവിധ സേവനവും നല്‍കിയിട്ടില്ലെന്ന കരിമണല്‍ വ്യവസായിയുടെ മൊഴിയുണ്ട്. വിദേശത്തേക്കു കോടികള്‍ കടത്തിയതിന്റെ തെളിവുകളെക്കുറിച്ച് റിയാസിന് എന്താണു പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
◾ രാഷ്ട്രീയ ലക്ഷ്യം വച്ച് എന്ത് വൃത്തികേട് ചെയ്യാനും ഇഡിക്ക് മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിന്റെ പേരില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ഇഡി ഇതുതന്നെയാണു ചെയ്തത്. ഗോവിന്ദന്‍ പറഞ്ഞു.
◾ സംസ്ഥാനത്തെ മള്‍ട്ടിപ്ലസ് തിയേറ്ററുകളിലെ ഭക്ഷണ ശാലകളില്‍ വ്യാപക ക്രമക്കേട് നടത്തിയതിന് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ നിന്നാണ് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
◾ പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ മറ്റു ഫണ്ടുകള്‍ കൂടി കേരളത്തിന് ലഭിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട പ്രയോജനങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും സങ്കുചിത രാഷ്ട്രീയം പറഞ്ഞ് ഇല്ലാതാക്കുകയാണ്. അദ്ദേഹം പറഞ്ഞു.
◾ ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന കേസില്‍, പതിമൂന്നു വര്‍ഷത്തിനുശേഷം നാലു പ്രതികള്‍ക്കും അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി തടവുശിക്ഷ വിധിച്ചു. മൂന്നാം പ്രതിക്ക് മുപ്പത്തിയേഴ് വര്‍ഷം തടവും മൂന്നുലക്ഷത്തി മൂവായിരം രൂപ പിഴയുമാണ് ശിക്ഷ. കൂരമ്പാല സ്വദേശി ജോളി സ്റ്റാന്‍ലി, കവിയൂര്‍ സ്വദേശി മുരളീധരന്‍ നായര്‍, ആലുവ ചൂണ്ടി സ്വദേശി നവാസ് എന്ന ബിജുമോന്‍, കവിയൂര്‍ സ്വദേശി സതീശ് കുമാര്‍ എന്നിവരാണു പ്രതികള്‍.
◾ പത്തനംതിട്ട ജില്ലയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് കോന്നി പോലീസ്. ആരുവാപുലം പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ ആണ് പുതിയ കേസ്. ലൈഫ് പദ്ധതിയുടെ മറവില്‍ 20,64,946 രൂപ തിരിമറി നടത്തി എന്നാണ് പരാതി. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി എഴുപത് ലക്ഷം കടന്നു.
◾ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്കിടെ ലെന്‍സ് കണ്ണിന്റെ ഉള്ളിലേക്ക് ആഴ്ന്നു പോയെന്നു പരാതിയുമായി വയോധികയുടെ കുടുംബം. ആറാട്ടുപുഴ സ്വദേശിനി ലത (67)യാണ് പരാതിപ്പെട്ടത്.
◾ മലപ്പുറത്തെ വഖഫ് വിശദീകരണ സമ്മേളനം സമസ്തയുടെ നിര്‍ദേശ പ്രകാരം മാറ്റി. സിപിഎം വേദിയിലെ ഉമര്‍ ഫൈസിയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ചായിരുന്നു ലീഗ് അനുകൂലികള്‍ സമ്മേളനം വിളിച്ചത്.
◾ തൃക്കാക്കര മോര്‍ഫിങ് കേസില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച 'മല്ലു പ്രീമിയം' ഉള്‍പ്പെടെയുള്ള ടെലിഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ തേടി തൃക്കാക്കര പൊലീസ് ടെലിഗ്രാം അധികാരികള്‍ക്ക് കത്തയച്ചു. ഏകദേശം നാല് മാസം മുമ്പ് ആരംഭിച്ച ഈ ഗ്രൂപ്പില്‍ സജീവമായിരുന്ന അംഗങ്ങളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം.
◾ സുവോളജിക്കല്‍ പാര്‍ക്കില്‍ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന ആണ്‍കടുവയെ ദയാവധത്തിന് ഇരയാക്കി. വയനാട്ടില്‍ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ച നന്ദുവിന് വായയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.
◾ മലയിന്‍കീഴ് വിളവൂര്‍ക്കലില്‍ ഒരു വയസുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകള്‍ അന്നയാണ് കൊല്ലപ്പെട്ടത്.
◾ ലഡാക്കിനു പ്രത്യേക പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ആര്‍ട്ടിക്കിള്‍ 371 പ്രകാരം ഭരണഘടനാപരമായ സംരക്ഷണം നല്‍കി തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഭരണ സമിതിക്കു ഭരണ ചുമതല നല്‍കും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പരീക്ഷണം. ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്രയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.
◾ വന്ദേമാതരം ആലാപനത്തിനു കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തെ തള്ളി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
◾ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ മാതാപിതാവിന്റെ നിര്‍ബന്ധിത സമ്മതവും ഇകെവൈസി ഉള്‍പ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നാണ് ആവശ്യം.
◾ യെമനിലെ ചെങ്കടല്‍ തീരത്തുള്ള തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം ഹൂത്തികള്‍ പിടിച്ചെടുത്തു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയെ പരാജയപ്പെടുത്തിയാണ് തീവ്രവാദികളുടെ നീക്കം. അന്താരാഷ്ട്ര കപ്പല്‍ പാതയായ ബാബ് അല്‍-മന്ദേബിനോട് ഹൂത്തികള്‍ കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായുള്ള സായുധ നീക്കത്തിലാണ് മോഖ തുറമുഖം പിടിച്ചത്.
◾ തെക്കന്‍ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അല്‍-താഹിര്‍ മലനിരകള്‍ക്ക് താഴെ ഇറാന്‍ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല നിര്‍മിച്ച പ്രധാന തുരങ്ക ശൃംഖലകള്‍ തകര്‍ത്തതായി ഇസ്രയേല്‍ വ്യോമസേന. രണ്ട് പതിറ്റാണ്ടുകളായി ഹിസ്ബുല്ല നിര്‍മിച്ചെടുത്ത അതീവ തന്ത്രപ്രധാനമായ ഭീകരവാദ അടിസ്ഥാന സൗകര്യമാണ് സൈന്യം തകര്‍ത്തത്.
◾ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് മകന്‍ ഉണ്ടോയെന്നു വ്യക്തത വരുത്താനുള്ള ശ്രമത്തില്‍ ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി. കിമ്മിന്റെ പിന്‍ഗാമിയായി മകള്‍ കി ജൂ എ എത്തുമെന്ന പ്രചാരണങ്ങള്‍ വ്യാപകമാവുന്നതിനിടയിലാണ് അന്വേഷണം. ഭാര്യ റി സോള്‍ ജൂവില്‍ കിമ്മിന് ആണ്‍മക്കളില്ലെന്ന് അടുത്തകാലത്ത് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ദക്ഷിണകൊറിയയുടെ പ്രതികരണം.
◾ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്നാം സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ഷഫാലി വര്‍മ്മ നേടിയ 64 റണ്‍സിന്റെ കരുത്തില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സേ നേടാനായുള്ളൂ.
◾ ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്. ഫൈനലില്‍ സൗത്ത് സോണിനെതിരായ മത്സരം സമനിലയിലാണ് അവസാനിച്ചത്. എന്നാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ ഇഷാന്‍ കിഷന്‍ നയിച്ച ഈസ്റ്റ് സോണ്‍ കിരീടമുറപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് സോണ്‍ ആദ്യ ഇന്നിങ്‌സില്‍ 708 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഇഷാന്‍ കിഷന്റെ ഗംഭീര ഇരട്ടസെഞ്ച്വറിയും (270) കുമാര്‍ കുശാഗ്രയുടെ സെഞ്ച്വറിയും (101) ടീമിന് കരുത്തായി. മറുപടി ബാറ്റിങ്ങില്‍ സൗത്ത് സോണ്‍ 336 റണ്‍സിന് പുറത്താകുകയായിരുന്നു.
◾ കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റൂബീസിനെ മറികടന്ന് സഫയര്‍ ഫൈനലില്‍ കടന്നു. ഒരു വിക്കറ്റിനായിരുന്നു സഫയറിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ ആംബര്‍, പേള്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫയറിന് അലീന സുരേന്ദ്രന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് വിജയമൊരുക്കിയത്.
◾ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് പാകിസ്ഥാനിലേക്കു പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന സാഫ് ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പങ്കെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
◾ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കില്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് 9.95 ശതമാനം വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം. ബാങ്കിന്റെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിലോ വോട്ടിംഗ് അവകാശങ്ങളിലോ ആണ് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ എ.എം.സിക്ക് ഈ നേട്ടം കൈവരിക്കാന്‍ ആര്‍.ബി.ഐ പച്ചക്കൊടി കാട്ടിയത്. ഫെഡറല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങിയവയിലും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിക്ക് 9.95 ശതമാനം വരെ ഓഹരി പങ്കാളിത്തത്തിന് ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. ഈ അനുമതി റിസര്‍വ് ബാങ്ക് മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഫയലിംഗില്‍ പറയുന്നു. ഇതിനുപുറമേ സെബി പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളും മറ്റ് നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചായിരിക്കും നിക്ഷേപ നടപടികള്‍ നടക്കുക.
◾ വൈദ്യുതിയും വെള്ളവും ഊറ്റിക്കുടിച്ച് എഐ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയ കീഴടക്കിയ 80കളിലെ വൈബ് ചിത്രങ്ങള്‍ തന്നെ ഇതിന് തെളിവ്. ഒരു എഐ ചിത്രം നിര്‍മിക്കാന്‍ ഡേറ്റ സെന്ററുകള്‍ക്ക് 0.003 മുതല്‍ 0.006 യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഒരു വ്യക്തി തന്നെ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ ചെലവ് ഇരട്ടിയാകും. കാര്‍ണേഗ് മെലോണ്‍ യൂണിവേഴ്‌സിറ്റിയും ഹഗ്ഗിങ് ഫേസും നടത്തിയ ഗവേഷണത്തില്‍ ഒരു എഐ ഇമേജ് സൃഷ്ടിക്കുന്നതിന് 0.01 മുതല്‍ 0.29 കിലോവാട്ട് അവേഴസ് വരെ വൈദ്യുതി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഇത് ഒരു സ്മാര്‍ട്ട്ഫോണ്‍ 50 ശതമാനം ചാര്‍ജ് ആകുന്നതിന് തുല്യമാണത്രേ. എണ്‍പതുകളിലെ ട്രെന്‍ഡിന്റെ ഭാഗമായി ഏതാണ്ട് 15,000 യൂണിറ്റ് വൈദ്യുതി ചെലവഴിക്കപ്പെട്ടിരിക്കാമെന്നാണ് കണക്കുകള്‍ പറയുന്നത്. ഡേറ്റ സെന്ററുകള്‍ക്ക് വൈദ്യുതി മാത്രമല്ല ചെലവ്. അമിതമായ ജല ഉപഭോഗത്തിന്റെ പ്രശ്‌നവുമുണ്ട്. ഈ സെന്ററുകളില്‍ ശീതീകരണം നടത്താനായി വലിയ അളവില്‍ ജലം വേണ്ടിവരും.
◾ സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബര്‍ 18 ന് ആണ്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ മ്യൂസിക് അവകാശം തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്.
◾ ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇനി റിലീസാവാനിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെയും കരീന കപൂറിനേയും പ്രധാന കഥാപാത്രങ്ങളാക്കി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന 'ദായ്‌റ'. ജംഗ്ലീ പിക്‌ചേഴ്‌സും പെന്‍ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദായ്‌റ. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സച്ച് കാ ദായ്റ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. സെപ്റ്റംബര്‍ 18 നാണ് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്. സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്‌റയുടെ പ്രമേയം. ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രിഥ്വിരാജിന്റെ ഒരു പൊലീസ് വേഷം വരുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗര്‍വാളും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ മോഡല്‍ ആയ സൈറോസിന്റെ ഫ്‌ലെക്‌സ് ഫ്യുവല്‍ വെഹിക്കിള്‍ കോണ്‍സെപ്റ്റ് അവതരിപ്പിച്ചു. പെട്രോള്‍, എഥനോള്‍ കലര്‍ത്തിയ പെട്രോള്‍, പൂര്‍ണമായി എഥനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള സൈറോസ് എസ് യുവി പതിപ്പിന് സമാനമാണ് സൈറോസ് ഫ്‌ലെക്‌സ് ഫ്യുവല്‍ കോണ്‍സെപ്റ്റ്. എന്നാല്‍ എന്‍ജിനില്‍ വലിയ മാറ്റമുണ്ട്. പൂര്‍ണമായി എഥനോളിലും എഥനോള്‍ കലര്‍ന്ന പെട്രോളിലും ഓടാന്‍ കഴിയുന്ന 1.0 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ എന്‍ജിനിലില്‍ പരിഷ്‌കരിച്ച ഇസിയു, ടിസിയു, ഫ്യുവല്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
◾ ഇംഗ്ലണ്ടിന്റെ ചരിത്രവും സംസ്‌കാരവും സമൂഹവും ഗ്രാമീണജീവിതവും അടുത്തറിയാന്‍ സഹായിക്കുന്ന ഒരു മികച്ച വായനാനുഭവമാണ് ഈ പുസ്തകം. ലണ്ടന്റെ തിരക്കുകളില്‍ നിന്ന് ഗ്രാമീണ ഇംഗ്ലണ്ടിന്റെ ശാന്തതയിലേക്കും, ചരിത്രസ്മാരകങ്ങളില്‍ നിന്ന് പ്രശസ്ത സര്‍വകലാശാലകളിലേക്കും, സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍നിന്ന് കാറല്‍ മാര്‍ക്സിന്റെ ശവകുടീരം വരെയും ഈ യാത്ര വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. കാഴ്ചകളുടെ വിവരണത്തിനപ്പുറം, ഇംഗ്ലണ്ടിന്റെ ചരിത്രം, സാമൂഹിക ജീവിതം, ടൂറിസം, ഇന്ത്യയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള നിരവധി കൗതുകകരമായ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്. 'ഒരു ശരത്കാല യാത്ര'. കൃഷ്ണന്‍ കോട്ടുമല. മാതൃഭൂമി. വില 195 രൂപ.
◾ മഴക്കാലത്തും ഈര്‍പ്പമുള്ള പ്രദേശങ്ങളിലും മുറ്റത്തും പറമ്പുകളിലും സ്വാഭാവികമായി വളരുന്ന കുറ്റിച്ചെടിയായ മുക്കൂറ്റിക്ക് നാട്ടുവൈദ്യത്തിലും ആയുര്‍വേദ പാരമ്പര്യത്തിലും ഏറെ പ്രാധാന്യമുണ്ട്. മുക്കൂറ്റിയില്‍ വിവിധ സസ്യരാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി സ്വഭാവം ഉണ്ടാകാമെന്ന് ചില പരീക്ഷണാത്മക പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ശരീരത്തിലെ ചെറിയ തോതിലുള്ള വീക്കം കുറയ്ക്കുന്നതില്‍ ഇത് സഹായിക്കാം. മുക്കൂറ്റിയില്‍ ഫ്ലാവനോയ്ഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതില്‍ ആന്റിഓക്സിഡന്റുകള്‍ക്ക് പങ്കുണ്ട്. കോശങ്ങളെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. വിവിധ തരത്തിലുള്ള ചെറിയ മുറിവുകള്‍ക്കും ചര്‍മപ്രശ്നങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നു. വയറിലെ അസ്വസ്ഥത, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളില്‍ ഇതിന് ഗുണമുണ്ടാകാമെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. ചില പരീക്ഷണങ്ങളില്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നതുമായി ബന്ധപ്പെട്ട ഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുക്കൂറ്റിയിലെ ചില സസ്യരാസഘടകങ്ങള്‍ക്ക് കരളിനെ സംരക്ഷിക്കുന്ന സ്വഭാവം ഉണ്ടാകാമെന്ന സൂചനകള്‍ പരീക്ഷണാത്മക പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡോക്ടറുടെയോ യോഗ്യതയുള്ള ആയുര്‍വേദ വിദഗ്ധന്റെയോ നിര്‍ദേശമില്ലാതെ മുക്കൂറ്റി ഔഷധമായി ഉപയോഗിക്കാന്‍ പാടുള്ളതല്ല.
*ശുഭദിനം*
*കവിത കണ്ണന്‍*
പാടലീപുത്രത്തില്‍ ശുഭദത്തന്‍ എന്നൊരു വിറകുവെട്ടുകാരനുണ്ടായിരുന്നു. എത്ര കഷ്ടപ്പെട്ടിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മാത്രമേ അയാള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. സമ്പാദ്യമൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഒരിക്കല്‍ കാട്ടില്‍ വെച്ച് അയാള്‍ യക്ഷന്മാരെ കണ്ടുമുട്ടി. തന്നെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷിക്കണമെന്ന് അയാള്‍ അവരോട് അപേക്ഷിച്ചു. യക്ഷന്മാര്‍ അയാളെ തങ്ങളുടെ കൂടെ കൂട്ടി. അവരുടെ താമസസ്ഥലത്ത് ഒരു അത്ഭുതകുടമുണ്ടായിരുന്നു. എന്ത് ആഗ്രഹിച്ചാലും ആ കുടത്തില്‍ നിന്ന് ലഭിക്കും. കുറച്ചുകാലം അവിടെ സുഖമായി കഴിഞ്ഞ ശേഷം ശുഭദത്തന് വീട്ടുകാരെ ഓര്‍മ്മ വന്നു. തിരികെ പോകാന്‍ അനുവാദം ചോദിച്ച അയാള്‍, പോകുന്നതിന് മുന്‍പ് ഒരു വരവും ആവശ്യപ്പെട്ടു. ''എനിക്ക് ആ അത്ഭുതകുടം മാത്രം മതി.'' യക്ഷന്മാര്‍ മുന്നറിയിപ്പ് നല്‍കി. ''ഈ കുടം സൂക്ഷിക്കാന്‍ നിനക്ക് കഴിയില്ല. ഇത് ഉടഞ്ഞാല്‍... ഇതിലൂടെ നേടിയതെല്ലാം നഷ്ടപ്പെടും.''പക്ഷേ ശുഭദത്തന്‍ വാശിപിടിച്ചു. അവസാനം യക്ഷന്മാര്‍ കുടം അയാള്‍ക്ക് നല്‍കി. വീട്ടിലെത്തിയതോടെ അയാളുടെ ജീവിതം മാറി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ അയാള്‍ വലിയ സമ്പന്നനായി. അത്ഭുതകുടത്തിന്റെ കഥ നാടെങ്ങും പാട്ടായി. അയല്‍നാടുകളില്‍ നിന്നുപോലും ആളുകള്‍ അയാളെ കാണാന്‍ എത്തി. സമ്പത്ത് കൂടിയപ്പോള്‍ അഹങ്കാരവും കൂടി. ഒരിക്കല്‍ ആ കുടം തലയില്‍ വെച്ച് അയാള്‍ സന്തോഷത്തോടെ നൃത്തം ചെയ്യുകയായിരുന്നു. പെട്ടെന്ന്... കുടം താഴെ വീണ് പൊട്ടിച്ചിതറി. കുടത്തിനൊപ്പം അയാള്‍ നേടിയതെല്ലാം നഷ്ടമായി. സമ്പന്നനായ ശുഭദത്തന് വീണ്ടും പഴയ വിറകുവെട്ടുകാരനാകാന്‍ അധികസമയം വേണ്ടിവന്നില്ല. ജീവിതത്തില്‍ അവസരം ലഭിക്കുന്നത് മാത്രമല്ല വിജയം. ലഭിച്ചതിനെ എങ്ങനെ കാത്തുസൂക്ഷിക്കണം എന്നറിയുന്നതാണ് യഥാര്‍ത്ഥ വിജയം - ശുഭദിനം.
Tags:
KERALA