2026 സെപ്റ്റംബര്‍ 3 | വ്യാഴം
1202 ചിങ്ങം 18 | കാര്‍ത്തിക
1448 റ: അവ്വൽ 21
◾ ബാര്‍ കൗണ്‍സില്‍ പുനസംഘടിപ്പിക്കണമെന്നു സുപ്രീം കോടതി. ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായി മനന്‍ കുമാര്‍ മിശ്ര തുടരുന്നതില്‍ വിയോജിപ്പുണ്ട്. മിശ്ര ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്നും തെരഞ്ഞെടുപ്പുവരെ പ്രോ-ടെം ചെയര്‍മാന്‍ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പുതിയ ബാര്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതു വരെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാമെങ്കിലും അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലുമായി ആലോചിച്ചേ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ. സംസ്ഥാന ബാര്‍ കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വേഗത്തിലാക്കി പുതിയ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
◾ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് 'ഹാപ്പിനെസ്സ് ആന്‍ഡ് വെല്‍നെസ് സെന്റര്‍' എന്നു മാറ്റുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇത്തരം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ആയി തെരഞ്ഞെടുത്തു. അയ്യായിരത്തിലധികം അപേക്ഷകളില്‍ നിന്നാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ജിതേന്ദ്ര മിശ്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു. 39 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച മുന്‍ ഫൈറ്റര്‍ പൈലറ്റാണ് ഇദ്ദേഹം. ഡല്‍ഹിയില്‍നിന്നുള്ള മഹേഷ് ഭാഗ്ചന്ദക, അയോധ്യയിലെ മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മദന്‍ മോഹന്‍ പാണ്ഡെ, നിര്‍മല യാദവ് എന്നിവരെ പുതിയ ട്രസ്റ്റികളായി നിയമിച്ചു.
◾ അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍. ഐ സി ഡി എസ് മുഖാന്തരം നല്‍കുന്ന അമൃതം ന്യൂട്രി മിക്‌സിന്റെ നിര്‍മ്മാണത്തില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
◾ പിണറായി വിജയന്റെ പയ്യന്നൂര്‍, തളിപ്പറമ്പ് പ്രസംഗങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ഗോവിന്ദന്‍ എംഎല്‍എ. തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലിനു വിരുദ്ധമായാണ് പിണറായി ജനങ്ങളെ വെല്ലുവിളിച്ചത്. പാര്‍ട്ടി തെറ്റുതിരുത്താന്‍ പോകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
◾ ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണ് തെരഞ്ഞെടുപ്പ് പരാജയമെന്ന് പാര്‍ട്ടി വേദിയില്‍ തുറന്നു സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഹങ്കാരം കൂടിയെന്നും ആലപ്പുഴ വള്ളികുന്നത്തെ സിപിഎം പൊതുയോഗത്തില്‍ ഐസക്ക് തുറന്നടിച്ചു.
◾ പോലീസിനെതിരേ വടികളെറിഞ്ഞും ഭീഷണി മുഴക്കിയുമുള്ള എസ്എഫ്ഐ സമരത്തെ അടിച്ചൊതുക്കി പോലീസ്. സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ഉപരാഷ്ട്രപതി പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം ആലപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ലാത്തിച്ചാര്‍ജ്ജില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജി തുടങ്ങിയവര്‍ക്കു പരിക്കേറ്റു.
◾ പ്രതിപക്ഷ ഉപനേതൃപദവിക്കായുള്ള പിടിവാശി പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ നേതാക്കളുടെ വിമര്‍ശനം. സിപിഎമ്മിന്റെ ശത്രു സിപിഐ ആണെന്ന രീതിയിലേക്ക് ചര്‍ച്ച മാറുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ദേശീയ കൗണ്‍സില്‍ യോഗം ഇന്നും ഡല്‍ഹിയില്‍ തുടരും.
◾ വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയാണു പിടിയിലായത്. ഇവര്‍ ജോലി ചെയ്ത മൂന്നു പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.
◾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.
◾ പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു. പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.
◾ കാലടി സംസ്‌കൃത സര്‍വകലാശാല വിസിക്ക് എതിരേ പ്രക്ഷോഭം നടത്തിയ 14 എസ്എഫ്ഐ പ്രവത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കുമെന്ന് എസ്എഫ്ഐ.
◾ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെ കാന്തപുരം വിഭാഗം നേതാക്കള്‍ സന്ദര്‍ശിച്ചു. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി വീടുകളില്‍ ഇരിക്കണമെന്ന കാന്തപുരത്തിന്റെ പരാമര്‍ശം സംബന്ധിച്ചു വിശദീകരിച്ച അവര്‍ മുഖ്യമന്ത്രി നിലപാടു തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
◾ മതകാര്യങ്ങള്‍ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാന്‍ താല്‍പര്യമുള്ളവര്‍ സ്വീകരിച്ചാല്‍ മതിയെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. മതത്തിന്റെ ആളുകള്‍ മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയും. മതം പറയാന്‍ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. കളമശ്ശേരിയിലെ മദുഹു റസൂല്‍ സംഗമത്തില്‍ കാന്തപുരത്തിന്റെ നിലപാടിനെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുകോയ തങ്ങള്‍.
◾ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തള്ളി മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. മതപണ്ഡിതര്‍ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല പുരുഷന്മാരെയാണ്. യുദ്ധത്തിനിറങ്ങിയ ചരിത്രമാണ് മുസ്ലിം സ്ത്രീകള്‍ക്കുള്ളത്. ഇന്ന് ഏറ്റവും അടിമത്തം അനുഭവിക്കുന്നത് മുസ്ലിം സ്ത്രീകള്‍ ആണെന്നും പാലോളി പറഞ്ഞു.
◾ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പരാമര്‍ശങ്ങളെ തള്ളിയ മുഖ്യമന്ത്രി ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് സമസ്ത കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്ത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്ലിം സമുദായത്തോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മുഖ്യമന്ത്രി കാന്തപുരത്തിന്റെ പരാമര്‍ശങ്ങളെ തള്ളിയത്.
◾ പട്ടയം കിട്ടാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, തൃശൂര്‍ താലൂക്ക് ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം എട്ടു പേര്‍ക്കെതിരേ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പരാതിയിലാണു നടപടി.
◾ മുഖ്യമന്ത്രി വിഡി സതീശന്‍ കേരളത്തിന്റെ സ്പന്ദനമാണെന്നു പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരന്‍. സതീശന്റെ കൈകളില്‍ കേരളത്തിന്റെ ഭാവി ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്‌കാര ചടങ്ങിലാണ് പുകഴ്ത്തിയത്.
◾ മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കേസുകളില്‍ പ്രതിയായത് പാര്‍ട്ടിക്കു വേണ്ടിയാണെന്ന് ജാമ്യത്തിലിറങ്ങിയ ചേന്തി അനില്‍. ഗുണ്ട എന്നു പറഞ്ഞപ്പോള്‍ വിഷമം തോന്നി. മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നുവെന്നും ചേന്തി അനില്‍ പറഞ്ഞു.
◾ ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. 16 നാണ് കന്നിമാസ പൂജകളുടെ ഭാഗമായി നടതുറക്കുന്നത്.
◾ പ്രളയ ദുരിതാശ്വാസത്തില്‍ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പെറ്റി ചുമത്തിയ വിവാദത്തില്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് അമ്പതിനായിരം രൂപ പിഴ ചുമത്തി. നേരത്തെ ഏഴായിരം രൂപയാണു പിഴ ചുമത്തിയിരുന്നത്. ഓരോ നിയമലംഘനത്തിനും പിഴ ഈടാക്കണമെന്ന ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പത്തനംതിട്ട ഉള്ളന്നൂര്‍ സ്വദേശിയുടെ വാഹനത്തിനു പിഴയിട്ടത്.
◾ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിക്കു പോക്സോ കേസില്‍ ലഭിച്ച ജാമ്യം ഹോസ്ദുര്‍ഗ് ഫാസ്ട്രാക്ക് കോടതി റദ്ദാക്കി. ജാമ്യമില്ല വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. പോക്‌സോ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത കേസാണിത്. പ്രവാസിയായ അബ്ദുല്‍ അഹദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു മാസത്തിലേറെയായി ഖാദര്‍ കരിപ്പൊടി ഒളിവിലാണ്.
◾ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വര്‍ഷം കഠിനതടവ്. പള്ളിച്ചല്‍ സ്വദേശി 'കുട്ടന്‍' എന്ന അനില്‍കുമാറിനെ(43)യാണ് കാട്ടാക്കട അതിവേഗ കോടതി ശിക്ഷിച്ചത്. 60,000 രൂപ പിഴയും അടയ്ക്കണം.
◾ നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ കൊല്ലം സ്വദേശി സുനന്ദ മണിരാജന്റെ കുടുംബം ഡിഎന്‍എ പരിശോധനയ്ക്ക്. യുകെയില്‍ ഉള്ള സുനന്ദയുടെ മക്കള്‍ ഡിഎന്‍എ സാമ്പിള്‍ നല്‍കി. സുനന്ദയെ കണ്ടെത്തുന്നതിന് ഇന്ത്യാ ഗവണ്‍മെന്റും സഹായിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
◾ കണ്ണൂര്‍ പേരാവൂരിന് സമീപം പാമ്പാളിയില്‍ കല്യാണ വീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അന്‍സര്‍, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്യാണ വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
◾ ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്.
◾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡയപ്പറില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കോടിയുടെ സ്വര്‍ണ്ണം പിടികൂടിയ സംഭവത്തിലെ കുഞ്ഞിന്റെ അമ്മ നാലു ദിവസം മുന്‍പ് രണ്ടു കോടിയുടെ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ പിടിയിലായിരുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണ്ണക്കടത്തിനിടെ യുവതി നെടുമ്പാശ്ശേരിയില്‍ പിടിയിലായത്.
◾ അശ്ലീല ചിത്രം വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പങ്കുവച്ച പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്പെന്‍ഷന്‍. കെഎപി അടൂര്‍ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ സഞ്ജു കൃഷ്ണനെ ആണ് സസ്പെന്‍ഡ് ചെയ്തത്.
◾ കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ഓണാഘോഷത്തിനിടയിലുണ്ടായ ഡ്രസ് കോഡ് തര്‍ക്കത്തെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ മര്‍ദനവും ഭീഷണിയും ഏറ്റതായി പരാതി. സംഭവത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
◾ സെക്കന്തരാബാദ് കന്റോണ്‍മെന്റിലെ 20 മദ്രാസ് റെജിമെന്റിന്റെ ആയുധശേഖരത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഗുരുതരമായ സുരക്ഷ വീഴ്ച്ചയാണ് സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ ഉണ്ടായത്. കരസേനയുടെ ആഭ്യന്തര അന്വേഷണവും പോലീസിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
◾ ഹൈദരാബാദിലെ മൈലാര്‍ദേവ്പള്ളിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രദേശവാസിയും പോലീസിന്റെ റൗഡികളുടെ പട്ടികയിലുള്ളയാളുമായ ഹാജി സുഹേല്‍ ആണ് കൊല്ലപ്പെട്ടത്.
◾ വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട വെങ്കിട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരനായ ബെംഗുളൂരു വ്യവസായിയും പ്രതികളും തമ്മില്‍ സാമ്പത്തിക ഇടപാടില്‍ ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് കോടതി നടപടി.
◾ രാജസ്ഥാനിലെ ജയ്പൂരില്‍ നഹര്‍ഗഡ് ബയോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ആക്രമണത്തില്‍ ശുചീകരണ തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. സുഗ്ന ദേവി എന്ന ജീവനക്കാരിയാണ് കടുവയുടെ ആക്രമണത്തിനിരയായി മരിച്ചത്.
◾ നേപ്പാള്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1130 ആയി. കാണാതായ ആറ് മലയാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വിമാനം കൂടി ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. ഓസ്ട്രേലിയന്‍ പൗരത്വമുള്ള നാല് മലയാളികളെക്കുറിച്ച് എന്തെങ്കിലും വിവരം ഇതുവരെ കിട്ടിയിട്ടില്ല. മറ്റ് രണ്ട് മലയാളികള്‍ക്കായും തിരച്ചില്‍ തുടരുകയാണ്.
◾ ആഗോള ഓണ്‍ലൈന്‍ ടാക്സി ഭീമനായ ഊബറില്‍ 10 ശതമാനത്തോളം വരുന്ന 3,300 പേരെ പിരിച്ചുവിടുന്നു. മാനേജര്‍മാരെ 20 ശതമാനം കുറയ്ക്കുമെന്നും കമ്പനി സി.ഇ.ഒ ദാരാ ഖോസ്‌റോവ്ഷാഹി പ്രഖ്യാപിച്ചു.
◾ കെസിഎല്ലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 6 വിക്കറ്റിന് തോല്പിച്ച് ഏരീസ് കൊല്ലം സെയിലേഴ്സ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. കാലിക്കറ്റ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്തുകള്‍ ബാക്കിനില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ കൊല്ലം മറികടന്നു. ഇതോടെ ഇന്നു നടക്കുന്ന കാലിക്കറ്റ് - ട്രിവാണ്‍ഡ്രം പോരാട്ടം നിര്‍ണ്ണായക മത്സരമായി മാറി. നിലവില്‍ കൊല്ലത്തിന് ഒന്‍പതും കാലിക്കറ്റിന് എട്ടും പോയിന്റ് വീതമാണുള്ളത്. ട്രിവാണ്‍ഡ്രത്തിനെതിരെ കാലിക്കറ്റ് ജയിച്ചാല്‍ കൊല്ലത്തെ പിന്തള്ളി അവര്‍ സെമിയിലേക്ക് മുന്നേറും. കാലിക്കറ്റ് തോറ്റാല്‍ കൊല്ലത്തിന് സെമിയിലേക്ക് വഴിതുറക്കും.
◾ കെസിഎലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തകര്‍പ്പന്‍ വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാന്‍ഡ്രം റോയല്‍സ്. കൊച്ചി പടുത്തുയര്‍ത്തിയ 197 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പത്ത് പന്തുകള്‍ ബാക്കിനില്‍ക്കെ ട്രിവാന്‍ഡ്രം മറികടന്നു. ക്യാപ്റ്റന്‍ കൃഷ്ണപ്രസാദും സെഞ്ചുറി നേടിയ ഗോവിന്ദ് പൈയും ചേര്‍ന്ന റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ടീമിന് അനായാസ വിജയം ഒരുക്കിയത്.
◾ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ തിലക് വര്‍മ്മയുടെ ബാറ്റിംഗ് മികവില്‍ നോര്‍ത്ത് സോണിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സൗത്ത് സോണ്‍ ദുലീപ് ട്രോഫി ഫൈനലില്‍. ബെംഗളൂരു സെന്റര്‍ ഓഫ് എക്സലന്‍സ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം സെമിഫൈനലിന്റെ അവസാന ദിനത്തിലെ രണ്ടാം സെഷനിലാണ് സൗത്ത് സോണ്‍ വിജയം ഉറപ്പാക്കിയത്. നോര്‍ത്ത് സോണ്‍ രണ്ടാം ഇന്നിങ്സില്‍ സൗത്ത് സോണിന് 181 റണ്‍സിന്റെ വിജയലക്ഷ്യമാണു മുന്നോട്ടുവച്ചത്. ഞായറാഴ്ച മുതല്‍ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് സൗത്ത് സോണും ഈസ്റ്റ് സോണും തമ്മിലുള്ള കലാശപ്പോരാട്ടം. അഞ്ച്ുദിവസം നീളുന്ന ഫൈനല്‍ മത്സരം സമനിലയില്‍ കലാശിച്ചാല്‍ ഒന്നാം ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തിലാകും വിജയികളെ പ്രഖ്യാപിക്കുക.
◾ സ്‌പെയിന്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ താരങ്ങളുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സൗകര്യമൊരുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി കരാറില്‍ ഒപ്പുവച്ചു.
◾ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് പുതിയ പോളിസികള്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ബീമാ പ്ലാറ്റിനം, ജീവന്‍ രക്ഷ എന്നി പേരുകളിലാണ് പോളിസികള്‍ അവതരിപ്പിച്ചത്. ബീമാ പ്ലാറ്റിനം പോളിസിയില്‍ പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ അടയ്ക്കുന്ന വാര്‍ഷിക പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ഉറപ്പായ ബോണസ് ലഭിക്കും. പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രീമിയം അടയ്ക്കുന്ന കാലാവധി അവസാനിച്ചതിന് ശേഷം അഞ്ചാം വര്‍ഷത്തിന്റെ അവസാനം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 70 ശതമാനം തുക ബൂസ്റ്റര്‍ വരുമാനമായി ലഭിക്കും. പോളിസി കാലയളവില്‍ ഇന്‍ഷുറന്‍സ് ചെയ്യപ്പെട്ട വ്യക്തിയുടെ ആകസ്മികമായ മരണമുണ്ടായാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന തരത്തിലാണ് ജീവന്‍ രക്ഷ പോളിസിക്ക് രൂപം നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
◾ ഇന്ത്യന്‍ ടെലികോം വിപണിയിലെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി പ്രമുഖ ടെലികോം ഓപ്പറേറ്ററായ വൊഡാഫോണ്‍ ഐഡിയ. റീബ്രാന്‍ഡിംഗിന്റെ ഭാഗമായി പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോ ഡിസൈനും കമ്പനി പുറത്തിറക്കി. ഇതിനൊപ്പം ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി കമ്പനി ഒപ്പം ചേര്‍ത്തു. കേരളത്തില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ടെലികോം ബ്രാന്‍ഡാണ് വൊഡാഫോണ്‍ ഐഡിയ. വൊഡാഫോണിനും തുടര്‍ന്ന് 'വി'ക്കും കേരള വിപണിയില്‍ ശക്തമായ കസ്റ്റമര്‍ ബേസ് നിലവിലുണ്ട്. 4ജി നെറ്റ്വര്‍ക്ക് ശാക്തീകരണവും 5ജി സേവനങ്ങള്‍ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വലിയ തുകയുടെ നെറ്റ്വര്‍ക്ക് നവീകരണങ്ങളും നടക്കുന്നതിനിടയിലാണ് ഈ പ്രചാരണം.
◾ ദിലീഷ് പോത്തന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'ചെവിട്ടോര്‍മ്മ' ബുസാന്‍ ചലച്ചിത്ര മേളയിലേക്ക്. എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസ് ഒരുക്കിയിരിക്കുന്ന 'ചെവിട്ടോര്‍മ്മ' ഒക്ടോബറില്‍ നടക്കുന്ന കൊറിയയിലെ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗി എന്‍ട്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിന്‍ഡോ റ്റു ഏഷ്യന്‍ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദര്‍ശിപ്പിക്കുന്നത്. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ മരണകിടക്കയില്‍ കിടക്കുന്നവര്‍ക്ക് അന്ത്യപ്രാര്‍ഥനകള്‍ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളില്‍നിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മല്‍ വര്‍ക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് സിനിമയുടെ ഇതിവൃത്തം.
◾ സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആര'ത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. റിലീസ് തിയതി അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 'ഓരോ കോണിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. ഓരോ ചുവടും സത്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു', എന്ന ടാഗ് ലൈനോടെയാണ് ആരം തിയറ്ററിലെത്തുക. രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. ചിത്രം ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
◾ വാഹന പ്രേമികളുടെ ഇഷ്ട വാഹനമായ മിറ്റ്‌സുബിഷി പജീറോ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നു. പജീറോയുടെ അഞ്ചാം തലമുറ 2027 മാര്‍ച്ച് അവസാനത്തോടെ തായ്‌ലന്‍ഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തും. ലാഡര്‍ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ഓഫ് റോഡര്‍ വാഹനം. 2870 മില്ലിമീറ്റര്‍ വീല്‍ബേസും 230 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമായിരിക്കും മറ്റു പ്രത്യേകതകള്‍. ഈ സെവന്‍ സീറ്റര്‍ വാഹനത്തില്‍ ഡ്യുവല്‍ 14.3 ഇഞ്ച് സ്‌ക്രീനുകളും 4 സ്‌പോക്ക് സ്റ്റിയറിങ് വീലുമാണ് ഉണ്ടാവുക. 20 ബിഎച്ച്പി കരുത്തും 480എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. ഈ എന്‍ജിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മിറ്റ്‌സുബിഷിയുടെ സൂപ്പര്‍ സെലക്ട് 4ഡബ്ളിയുഡി 11 ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
◾ ഇത് ഒരു കഥയാണ്. തികച്ചും സാധാരണമായ ഒരു കലാലയപ്രേമത്തില്‍ ഈ കഥ തുടങ്ങുന്നു. സ്‌നിഗ്ധവും ശക്തവും ഭ്രമാത്മകവും ആയ ഒരു സ്ത്രീജീവിതത്തിന്റെ അടരുകളിലൂടെ അത് സങ്കീര്‍ണമായ വിതാനത്തിലേയ്ക്ക് സാവധാനം വികസിക്കുന്നു. നാടും ദുബായിയും, കരയും കടലാഴവും, മലയും മരുഭൂമിയും, പൂവും പുള്ളിപ്പുലിയും ഒക്കെ വിചിത്രമായ നിറത്തില്‍ വിന്യാസിതമായിരിക്കുന്ന കഥാഭൂമിക. 'എത്രയൊക്കെ പ്രതിലോമത ആരോപിച്ചാലും ഭൂമിയിലെ ജീവജാലങ്ങളില്‍ ഏറ്റവും ഹൃദയാലുവായ മൃഗം മനുഷ്യനാണ്' എന്ന് ഈ കഥ ഒരിടത്ത് പറയുന്നു. അലങ്കാരങ്ങള്‍ അഴിച്ചുവെച്ച്, സുതാര്യമായ ഭാഷാരൂപത്തില്‍ എഴുതപ്പെട്ട ഹൃദ്യവും പ്രസാദാത്മകവുമായ ഒരു മനുഷ്യഗാഥയാണ് ഈ നോവല്‍. 'സ്വപ്നസന്നിഭം'. ലാസര്‍ ഡിസില്‍വ. കൈരളി ബുക്സ്. വില 617 രൂപ.
◾ എച്ച്1എന്‍1 കേസുകളില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധനവ്, ഈ വൈറസ് ബാധ മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അത്തരം ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ന്യുമോണിയ. ശ്വാസംമുട്ടല്‍, മാറാത്തതോ കൂടിക്കൂടി വരുന്നതോ ആയ പനി, മൂര്‍ച്ഛിക്കുന്ന ചുമ, നെഞ്ചുവേദന, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, അമിതമായ ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച, ഓക്സിജന്‍ അളവ് കുറയുക, ചുണ്ടുകളിലോ വിരല്‍ത്തുമ്പുകളിലോ നീലനിറം പടരുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്. ഈ ലക്ഷണങ്ങളെ ഗൗരവമായി കാണേണ്ടതും, വൈറസ് ബാധയ്ക്കു ശേഷമുള്ള ഈ ആരോഗ്യപ്രശ്നം വഷളാകുന്നത് തടയാന്‍ കൃത്യസമയത്ത് വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്. എച്ച്1എന്‍1 ശ്വസനവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും വൈറല്‍ ന്യൂമോണിയ ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രാരംഭഘട്ടത്തിലെ ഫ്ലൂ ബാധയ്ക്ക് ശേഷം ശ്വാസകോശത്തില്‍ നേരിട്ട് ബാക്ടീരിയല്‍ അണുബാധയുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എച്ച്1എന്‍1ന് ശേഷമുണ്ടാകുന്ന ന്യൂമോണിയ ആശങ്കാജനകമാണ്. കാരണം ഇത് ആശുപത്രിവാസം, ഗുരുതരമായ സാഹചര്യങ്ങളില്‍ മരണം എന്നിവയിലേക്ക് വരെ നയിച്ചേക്കാം. വൈറസ് ബാധ ശ്വാസനാളത്തിന് കേടുപാടുകള്‍ വരുത്തുകയും ശ്വാസകോശത്തില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ശ്വാസകോശ കലകളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് ഓക്സിജന്‍ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുകയും, അതുവഴി രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കുകയും ചെയ്യുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
കുട്ടിക്കാലത്ത് പൊതുടാപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ വലിയ ക്യൂവില്‍ നില്‍ക്കുന്ന അമ്മയെ കണ്ടാണ് ആബിദ് സുര്‍തി വളര്‍ന്നത്. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ വഴിയോരത്തെ ഒരു ടാപ്പില്‍ നിന്നും ഓരോ തുള്ളിവീതമായി വെള്ളം നഷ്ടപ്പെടുന്നത് അവന്‍ ശ്രദ്ധിച്ചു. ഒരു സെക്കന്റില്‍ ഒരു തുളളി വെള്ളം വീതം ഒരു മാസമുണ്ടാകുന്ന നഷ്ടം ആയിരം ലിറ്റര്‍. പിന്നീടൊന്നും ആലോചിച്ചില്ല. ഒരു സംരംഭം തുടങ്ങി. ഡ്രോപ്പ് ഡെഡ് ഫൗണ്ടേഷന്‍. പരിസരത്തുളള വീടുകളിലേയും സ്ഥാപനങ്ങളിലേയും ചോര്‍ച്ചയുളള പൈപ്പുകള്‍ കണ്ടെത്തി സൗജന്യമായി നന്നാക്കി കൊടുക്കുക. ഞായറാഴ്ച മുന്‍കൂട്ടി അറിയിച്ചതിന് ശേഷം ഒരു പ്ലംബറേയും കൂട്ടി ഓരോ സ്ഥലത്തുമെത്തി ജോലി ചെയ്യും. 30 ദശലക്ഷത്തിലധികം ലിറ്റര്‍ ജലം സുര്‍തിയും സംഘവും സംരക്ഷിച്ചു. ജലയോദ്ധാവ് എന്നാണ് ആബിദ് സുര്‍തി ഇപ്പോള്‍ അറിയപ്പെടുന്നത്. വലിയ മാറ്റങ്ങളുണ്ടാകാന്‍ ചെറിയ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടായാല്‍ മതി. അവ സാധാരണ മനുഷ്യന്റെ അനുദിന കാര്യങ്ങളാണെങ്കില്‍ അതിനേക്കാള്‍ മഹത്തരമായ മറ്റൊരു കാര്യമില്ല. പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തുന്നതോ, രാജ്യാതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കുന്നതോ മാത്രമല്ല വിപ്ലവകരമായ ചെയ്തികള്‍. കണ്‍മുന്നില്‍ കാണുന്ന ചെറിയ ന്യൂനതകളില്‍ നിന്നും തുടങ്ങിയാല്‍ മതി - ശുഭദിനം.
Tags:
KERALA