Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | സെപ്റ്റംബര്‍ 2 | ബുധന്‍ 
1202 | ചിങ്ങം 17 | ഭരണി

◾  എച്ച്1ബി വീസയില്‍ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ ആശ്രിതര്‍ക്ക് തൊഴിലനുമതി നല്‍കുന്ന രീതി നിര്‍ത്തലാക്കാന്‍ നിര്‍ദേശം. എച്ച്1ബി വീസയുള്ളവരുടെ ആശ്രിതരായ എച്ച്4 വീസക്കാര്‍ക്ക് നിയമപരമായി ജോലി ചെയ്യാനുള്ള തൊഴിലനുമതി രേഖ അനുവദിക്കുന്ന കാര്യത്തിലാണ് പുനരാലോചന. 2015 ല്‍, ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് എച്ച്1ബി വീസക്കാരുടെ ആശ്രിതര്‍ക്ക് തൊഴിലനുമതി നല്‍കുന്നതിന് ചട്ടം പരിഷ്‌ക്കരിച്ചത്.

◾  18 അധ്യാപക തസ്തികയിലെ പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി ആറു മാസത്തേക്കു നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്നു മുഖ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

◾  നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോള്‍ ബൂത്തുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി റെയ്ഡ്. വ്യാജ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ടോള്‍ വരുമാനം സ്വകാര്യ അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ 14 പ്രധാന കേന്ദ്രങ്ങളിലാണു പരിശോധന.


◾  അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ടൈംസ് സ്‌ക്വയറില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു. 32കാരിയായ എറിന്‍ പിയാസെന്റി ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ 49 കാരിയായ പമേല സിസ്നെറോസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊലപ്പെടുത്തി. ആക്രമണത്തില്‍ 68 കാരനും കുത്തേറ്റു. പ്രതിക്ക് മാനസ്സിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

◾  ലഹരിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പാലക്കാട്, മഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കും. നേരത്തെ തിരുവനന്തപുരത്തും എറണാകുളത്തും തുടങ്ങിയിരുന്നു. ലഹരിക്കെതിരേ തൂഫാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

◾  അട്ടപ്പാടി മധു കേസില്‍ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തെളിവുകളും സാക്ഷി മൊഴികളും  കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് വാദം. ഹീന കുറ്റകൃത്യമാണ് ഹുസൈന്‍ നടത്തിയതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

◾  ചേന്തിയിലെ ശ്രീനാരായണ ജയന്തി ആഘോഷത്തിലേക്കു തന്നെ ക്ഷണിച്ചിരുന്നെന്നും പരിപാടിയുടെ രണ്ടാഴ്ച മുമ്പേ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. സംഘാടകരില്‍ പ്രധാനി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നു പോലീസ് റിപ്പോര്‍ട്ട് ലഭിച്ചതിനാലാണ് പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചത്. അവിടെ ആരും തന്നെ തടഞ്ഞില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ടപ്പോള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ചേന്തി അനില്‍ മോശമായി പെരുമാറി. അനിലിനെതിരേ പൊലീസ് സ്വമേധയാ കേസെടുത്തതാണെന്നും മുഖ്യമന്ത്രി.  

◾  ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികളില്‍ കേന്ദ്ര പ്രോട്ടോകോള്‍ പാലിക്കേണ്ടി വന്നതിനാലാണ് വന്ദേമാതരം പൂര്‍ണമായി പാടിയതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേ മാതരം ഓഗസ്റ് 15 ന് ഒരിടത്തും പാടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



◾  സംസ്ഥാന സര്‍ക്കാര്‍ പരിധിവിട്ട് കടം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കഴിഞ്ഞ സര്‍ക്കാരാണ് കിഫ്ബി വഴി പരിധിവിട്ട് കടം എടുത്തതെന്നും സതീശന്‍.

◾  യുഡിഎഫിലേക്കു സിപിഐയെ ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇടതുമുന്നണിയില്‍ നടക്കുന്നത് കലാപമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍.

◾  കാന്തപുരത്തിന്റെ വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല. ഇസ്ലാമിക ചരിത്രത്തില്‍ സ്ത്രീകള്‍ക്കു മുന്തിയ സ്ഥാനമുണ്ടെന്നും ഇല്ലെന്നതു ദുര്‍വ്യാഖ്യാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

◾  ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിതിനെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കി. മുന്‍ സംവിധാനങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ ഏകോപന കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിര്‍ദ്ദേശം.

◾  കേരള സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി.

◾  കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. പ്രതിക്ക് കോപ്പി നല്‍കാന്‍ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരമെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ പകര്‍പ്പ് പ്രതിക്ക് നല്‍കണമെന്ന് എവിടെയും വ്യവസ്ഥയില്ല. എന്നിട്ടും പ്രതിക്കു നല്‍കി. കോടതിയെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി പറഞ്ഞു.


◾  സംഘര്‍ഷമുണ്ടായ വടകര മാടാക്കര പള്ളി മഹല്ല് കമ്മിറ്റിയെ വഖഫ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളും എതിര്‍കക്ഷികളും നേരിട്ട് ഹാജരാകണമെന്നും അതുവരെ പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തിയെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു. തലശ്ശേരി കോടതിയിലെ അഭിഭാഷകന്‍ അബൂബക്കര്‍ സിദ്ദീഖിനാണ് ചുമതല. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷമായതോടെ പൊലീസ് ലാത്തിവീശിയിരുന്നു.

◾  കോഴിക്കോട് താമരശേരിയിലെ സ്പായില്‍നിന്ന് 1,500 രൂപ ഗുണ്ടാപിരിവു നടത്തിയ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെ സസ്പെന്‍ഡ് ചെയ്തു. പണം തന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു പണം വാങ്ങിയതെന്നാണു പരാതി.

◾  കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് സിപിഎം നേതാവ് ടി.കെ. ഹംസ. കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിര്‍ദ്ദേശമെന്ന് ടികെ ഹംസ പറഞ്ഞു.

◾  മതസ്വാതന്ത്ര്യം മറ്റൊരാളുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള അധികാരമായി മാറരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ലേഖനം. പൊതു ഇടങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുവരരുതെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറുടെ പരാമര്‍ശത്തിനു പ്രതികരണമായാണു ലേഖനം.

◾  സ്വന്തം പാര്‍ട്ടിയിലുള്ള അപചയങ്ങള്‍ മറച്ചുവക്കാന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. അനാവശ്യ കാര്യങ്ങള്‍ ഉന്നയിച്ചാണ് എസ്എഫ്ഐ സമരം.  വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

◾  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയോട്  മോശമായി പെരുമാറിയ ഡോ. രേഖ കൃഷ്ണനെ സ്ഥലം മാറ്റണമെന്ന ശുപാര്‍ശയുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചികിത്സയ്‌ക്കെത്തിയ രോഗിയോട് ഡോക്ടര്‍ പെരുമാറിയ രീതി ശരിയായില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  


◾  സസ്പെന്‍ഷനിലായിട്ടും പൊലീസുകാരെ മടക്കി അയക്കാതെ എഡിജിപി എംആര്‍ അജിത്കുമാര്‍. പൊലീസ് ഡ്രൈവറും ഗണ്‍മാനും ഉള്‍പ്പെടെ 14 പേര്‍ ഇപ്പോഴും അജിത് കുമാറിന്റെ ഒപ്പമുണ്ട്. സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥന്‍ പൊലീസുകാര്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കിയതും വിവാദത്തിലാകുകയാണ്.

◾  കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാംഘട്ടത്തില്‍ ആകെ 15 സ്റ്റേഷനുകളാണ് ഉള്ളത്. നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ രണ്ട് സ്റ്റേഷനുകള്‍ ഭൂമിക്കടിയിലായിരിക്കും. അതേസമയം മൂന്നാംഘട്ടത്തില്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടില്ല.

◾  പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ സിപിഎമ്മിന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം നേടി. കോണ്‍ഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തില്‍ സിപിഎമ്മിന് രണ്ട് അംഗമാണുള്ളത്. സിപിഎം പിന്തുണയില്‍ അവിശ്വാസം നേരത്തെ പാസായിരുന്നു.

◾  ഒരു വര്‍ഷത്തെ തടവിന് ശിക്ഷ വിധിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അതേസമയം അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ജി.എസ്.ടി തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

◾  ക്രിപ്റ്റോ തട്ടിപ്പ് പരാതി ഉയര്‍ന്നതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗിലെ ടീം കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് ജോര്‍ജിനെ മുംബൈ ആസ്ഥാനമായ എനിഗ്മാറ്റിക് സ്മൈല്‍ കമ്പനി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. സുഭാഷിന്റെ ക്രിപ്റ്റോയുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് കമ്പനി വിശദീകരിക്കുന്നത്. 99 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

◾  ഇരിട്ടിയില്‍ കോളജ് സ്ഥാപിക്കുമെന്നു പ്രചരിപ്പിച്ച് നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി പിരിച്ചെടുത്ത ഫണ്ട് തിരിമറി വിവാദത്തില്‍, സിപിഎം ജില്ലാ നേതൃത്വം സംഘടനാപരമായ നടപടി ഉറപ്പുനല്‍കിയെന്ന് പരാതിക്കാരനായ തോമസ് ജോസഫ്. അതിനാല്‍ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

◾  കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താന്‍ ശുപാര്‍ശകള്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

◾  അയ്യപ്പനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വിഷയത്തില്‍ ദളിത് ആക്ടിവിസ്റ്റായ സണ്ണി എം. കപിക്കാടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമ നടപടിക്ക്. നാളത്തെ ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കും.

◾  കരിപ്പൂരില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത്. കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. റാസല്‍ ഖൈമയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

◾  കൊച്ചി നഗരത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ടി'ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് ഇതരസംസ്ഥാനക്കാര്‍ പിടിയിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഇവരില്‍ നിന്ന് 26 കിലോയിലധികം കഞ്ചാവ് പിടികൂടി. നഗരത്തിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

◾  എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടില്‍ ഷാജു (44) വിനെയാണ് അറസ്റ്റ് ചെയ്തത്.

◾  കോഴിക്കോട് ചേവായൂരില്‍ കാര്‍ കത്തി ചേവായൂര്‍ സ്വദേശി സുധാകരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. കത്തിയ കാറിന്റെ 20 മീറ്റര്‍ അകലെ നിന്ന് പെട്രോള്‍ കന്നാസ് കണ്ടെത്തി. നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചല്ല കാര്‍ കത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

◾  പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സിപിഎമ്മിനെ പ്രതിരോധിക്കുന്നതിന് പകരം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന എംഎല്‍എ അമര്‍നാഥ് സാഖ ആരോപിച്ചു. നേതാക്കളുടെ സ്വാര്‍ത്ഥതയും പണത്തോടുള്ള ആര്‍ത്തിയും പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾  സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജരായിരുന്ന ദിശ സാലിയന്റെ മരണത്തില്‍ സിബിഐ അന്വേഷണം. ദിശയുടെ പിതാവ് സതീഷ് സാലിയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ എസ് വി കോട്ട്വാള്‍, ആര്‍ ആര്‍ ഭോണ്‍സാലെ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

◾  ഇറാന്റെ സമ്പദ്വ്യവസ്ഥ തകരുകയാണെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസിന് ലഭിച്ചെന്നും അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാനുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, നിലവിലെ സാഹചര്യമാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി.

◾  യുഎസ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ അട്ടിമറി ഭീഷണി മറികടന്ന് ജര്‍മനിയുടെ ഒന്നാം സീഡ് അലക്‌സാണ്ടര്‍ സ്വെരെവ്. ഇറ്റലിയുടെ ലോറെന്‍സോ സോനെഗോയെ അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണ് ജര്‍മന്‍ താരം പരാജയപ്പെടുത്തിയത്.  

◾  ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്കല്‍ ഹസി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് ആകാനുള്ള അവസരം നിരസിച്ചു. പകരം, ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും.

◾  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയും പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയുമായി. ഇന്നലെ ഉച്ചക്ക് ശേഷമുള്ള വ്യാപാരത്തില്‍ പവന് 1,360 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞ് 11,450 രൂപയും 14 കാരറ്റിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 8,920 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കുറഞ്ഞ് 5,750 രൂപയിലെത്തി. ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ 1360 രൂപയാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ 3600 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്. അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് 4,300 - 4,360 ഡോളര്‍ നിരക്കിലാണ് ഇന്ന് സ്പോട്ട് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

◾  വ്യാജ അശ്ലീല ഉള്ളടക്കങ്ങളുള്ള ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ വഴി സാമ്പത്തികത്തട്ടിപ്പുകള്‍ കൂടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിച്ചാണ് ആപ്പുകള്‍ പ്രചരിപ്പിക്കുന്നതെന്ന് നാഷണല്‍ സൈബര്‍ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് അറിയിച്ചു. നൈറ്റ്‌പ്ലേ, റീലൂപ്, കിസ്, വിമോ, റിവോ, നെക്‌സോ, വിക്‌സ തുടങ്ങിയ പേരുകളിലുള്ള ആപ്പുകളും സമാന സ്വഭാവത്തിലുള്ള മറ്റ് ആപ്പുകള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു. അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങളിലൂടെയും ലിങ്കുകളിലൂടെയുമാണ് ഉപയോക്താക്കളെ ആദ്യം ആകര്‍ഷിക്കുന്നത്. അവിടെനിന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുള്ള ആന്‍ഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് രീതി. ഇത്തരം അനുമതികള്‍ നല്‍കിയാല്‍ ആപ്പിന് ഫോണിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാന്‍ കഴിയുമെന്നും എന്‍സിടിഎയു മുന്നറിയിപ്പു നല്‍കി.

◾  തിയേറ്ററുകളില്‍ സന്തോഷ തരംഗം തീര്‍ത്ത് മുന്നേറുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബില്‍ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇതിനകം 150 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പ് സെപ്റ്റംബര്‍ നാലിന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ 'സോള്‍മേറ്റ്‌സ്' എന്ന ഹ്രസ്വചിത്രവും യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. ഗിരീഷ് എ.ഡി-ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്‌സ്ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

◾  ശിവ നിര്‍വാണ സംവിധാനം ചെയ്ത് രവി തേജ നായകനായി എത്തിയ 'ഇരുമുടി' ചിത്രത്തിലെ ഗാനം പുറത്തിറക്കി. കാര്‍ത്തിക മാസം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. ജിവി പ്രകാശ്കുമാര്‍ ആണ് സംഗീത സംവിധാനം. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 80 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് 'ഇരുമുടി' എന്ന ശക്തമായ പേര് നല്‍കിയിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശക്തമായ അച്ഛന്‍- മകള്‍ ബന്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയാ ഭവാനി ശങ്കര്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാര്‍, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മണ്‍, രാജ്കുമാര്‍ കാസിറെഡ്ഡി, രമണ ഭാര്‍ഗവ്, കിഷോര്‍ കാഞ്ചേരപാലെം, കാര്‍ത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

◾  രാജ്യത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില്‍ കുതിപ്പ് തുടരുന്നു. ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില്‍ മുന്‍ വര്‍ഷം സമാനമാസത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധനയാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. മാരുതി സുസൂക്കി തന്നെയാണ് ഒന്നാംസ്ഥാനത്ത്. വില്പനയില്‍ 35 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചു. ഇക്കാലയളവില്‍ വിറ്റത് 1,76,971 യൂണിറ്റുകളാണ്. മുന്‍വര്‍ഷം 1,31,278 യൂണിറ്റുകളായിരുന്നു. ടാറ്റ മോട്ടോഴ്‌സ് 67,753 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 56 ശതമാനം വര്‍ധന. ടാറ്റയുടെ ഇവി മോഡലുകളുടെ വില്പനയില്‍ 94 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025 ഓഗസ്റ്റില്‍ വില്പന 8,540 യൂണിറ്റുകളായിരുന്നത് 16,549 യൂണിറ്റായി ഉയര്‍ന്നു. മഹീന്ദ്ര 50 ശതമാനം വളര്‍ച്ചയോടെ 59,257 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഗസ്റ്റില്‍ ആഭ്യന്തര, കയറ്റുമതി ഉള്‍പ്പെടെ 65,796 യൂണിറ്റുകള്‍ വിറ്റഴിച്ചു. 8.8 ശതമാനം വര്‍ധന. കിയ ഇന്ത്യ 48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

◾  നടുവിലെ അകത്ത്, പുല്‍പ്പായില്‍ വെള്ളപുതച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന, മരണവുമായി നന്നായി പൊരുത്തപ്പെട്ട മുഖമുള്ള ഈ മുപ്പത്തെട്ടുകാരി തന്നെ ചുറ്റിപ്പറക്കുന്ന ഈച്ചയുടെ മൂളിച്ച കേള്‍ക്കുന്നുണ്ടാവുമോ? എത്രമാത്രം അടുത്തറിഞ്ഞാലും ഓരോ മനുഷ്യനിലും അവശേഷിക്കുന്ന നിഗൂഢതയുടെ ഇരുള്‍പ്രപഞ്ചങ്ങളിലൂടെ, ഒരേ വ്യക്തിയില്‍ പല നേരങ്ങളില്‍ പകര്‍ന്നാടുന്ന പല പല ജീവിതങ്ങളിലൂടെ മരണമെന്ന പ്രഹേളികയെ ഏറെ പുതുമയോടെ വ്യാഖ്യാനിക്കുന്ന രചന. അഥവാ, മരണമെന്ന മഹാസത്യത്തില്‍നിന്നും ജീവിതത്തെയും ജീവരഹസ്യങ്ങളെയും ഖനനം ചെയ്‌തെടുക്കുന്നതിനുള്ള സൂത്രവാക്യമായി വായനയെ മാറ്റുന്ന നോവല്‍. 'ഇത്രമാത്രം'. കല്‍പ്പറ്റ നാരായണന്‍. മാതൃഭൂമി. വില 119 രൂപ.

◾  ചര്‍മത്തിന്റെ ഉപരിതലത്തില്‍ ബാക്ടീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍ എന്നിവയടങ്ങുന്ന കോടിക്കണക്കിന് സൂക്ഷ്മജീവികള്‍ വസിക്കുന്നുണ്ട്. ചര്‍മത്തിന് തിളക്കവും രോഗപ്രതിരോധശേഷിയും നല്‍കുന്നതില്‍ ഇവയ്ക്ക് വളരെ വലിയ പങ്കാണുള്ളത്. എന്നാല്‍ ചില തെറ്റായ ശീലങ്ങള്‍ കാരണം ഇവ ചത്തൊടുങ്ങുകയും, അത് ഗുരുതരമായ ചര്‍മപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ശക്തമായ രാസവസ്തുക്കള്‍, സള്‍ഫേറ്റ് എന്നിവ അടങ്ങിയ ഫേസ് വാഷുകളും വീര്യമേറിയ സോപ്പുകളും ഉപയോഗിച്ച് മുഖം അടിക്കടി കഴുകുന്നത് ചര്‍മത്തിലെ പ്രകൃതിദത്ത എണ്ണമയത്തോടൊപ്പം നല്ല ബാക്ടീരിയകളെയും പൂര്‍ണമായി കഴുകിക്കളയുന്നു. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാതിരിക്കുന്നതും, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും ചര്‍മത്തിന്റെ പി.എച്ച് ലെവല്‍ തകരാറിലാക്കുന്നു. നല്ല സൂക്ഷ്മജീവികളുടെ എണ്ണം കുറയുമ്പോള്‍ ചര്‍മത്തിന്റെ രോഗപ്രതിരോധശേഷി തകരുകയും ചീത്ത ബാക്ടീരിയകള്‍ പെരുകുകയും ചെയ്യുന്നു. ഇത് മുഖക്കുരു, എക്സിമ, അമിതമായ ചുവപ്പുനിറം, ചൊറിച്ചില്‍, ചര്‍മം വരളുന്നത് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. ചര്‍മത്തിന്റെ സ്വാഭാവിക സമനില വീണ്ടെടുക്കാന്‍ മൃദുവായ, പി.എച്ച് ബാലന്‍സ്ഡ് ആയ ക്ലെന്‍സറുകള്‍ മാത്രം ഉപയോഗിക്കുക. ദിവസവും രണ്ടില്‍ കൂടുതല്‍ തവണ മുഖം കഴുകുന്നത് ഒഴിവാക്കണം. കൂടാതെ, തൈര്, മോര്, ഫെര്‍മെന്റഡ് ഭക്ഷണങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും വന്‍കുടലിലെയും ചര്‍മത്തിലെയും നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.93, പൗണ്ട് - 128.28, യൂറോ - 109.96, സ്വിസ് ഫ്രാങ്ക് - 116.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.82, ബഹറിന്‍ ദിനാര്‍ - 251.79, കുവൈത്ത് ദിനാര്‍ -306.96, ഒമാനി റിയാല്‍ - 246.89, സൗദി റിയാല്‍ - 25.24, യു.എ.ഇ ദിര്‍ഹം - 25.88, ഖത്തര്‍ റിയാല്‍ - 26.04, കനേഡിയന്‍ ഡോളര്‍ - 68.17.
Previous Post Next Post
3/TECH/col-right