Trending

സായാഹ്ന വാര്‍ത്തകള്‍

2026 | ഓഗസ്റ്റ് 31 | തിങ്കള്‍ 
1202 | ചിങ്ങം 15 | രേവതി

◾  തിരഞ്ഞെടുപ്പില്‍ തോറ്റതിന് ജനങ്ങളെയും സ്വന്തം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് പിണറായി വിജയന്‍ പാര്‍ട്ടിക്ക് അതീതനാകാന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തോല്‍വിയുടെ പേരില്‍ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെ കുറ്റപ്പെടുത്തിയാണു പിണറായി പ്രസംഗിച്ചത്. ജനങ്ങള്‍ക്ക് തെറ്റു പറ്റിയെന്നാണു പിണറായി പറയുന്നത്. പയ്യന്നൂര്‍, തളിപ്പറമ്പ് എം.എല്‍.എമാരെ പിണറായി വിജയനും കെ.കെ. രാഗേഷും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

◾  മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബര്‍ ഏഴിന് വായിച്ചു കേള്‍പ്പിക്കും. കേസില്‍ റോജി അഗസ്റ്റിന്‍ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിന്‍ രണ്ടാം പ്രതിയുമാണ്. പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

◾  മെസ്സിയെ കൊണ്ടുവരുമെന്ന പേരില്‍ നടത്തിയ തട്ടിപ്പിലെ ജിഎസ്ടി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി വൈകുന്നു. ജിഎസ്ടി കമ്മീഷണര്‍ക്ക് 19 നാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്ക് പണം നല്‍കിയ രണ്ടു സ്ഥാപനങ്ങളില്‍ ഒന്ന് വിശദീകരണം നല്‍കി. മെസ്സിയെ കേരളത്തിലെത്തിക്കാമെന്നതിന്റെ പേരിലെ നികുതി വെട്ടിപ്പില്‍ ജി എസ്ടി ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് കൈമാറിയത്.

◾  സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് മൂന്നു മുതല്‍ 5.30 വരെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക. ക്രമാതീതമായ സന്ദര്‍ശകര്‍ കാരണം മുഖ്യമന്ത്രിയുടെ ഓഫീസിലും ഓഫീസ് പരിസത്തും വലിയ തിരക്കായിരുന്നു. ഇത് നിയന്ത്രിക്കാനാണു തീരുമാനം.

◾  സംസ്ഥാന സര്‍ക്കാര്‍ 1,800 കോടി രൂപ കൂടി കടമെടുക്കും. കടപത്രങ്ങള്‍ വഴിയുള്ള ലേലം നാളെ ആര്‍.ബി.ഐയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമില്‍ നടക്കും. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലു മാസമായപ്പഴേക്കും സംസ്ഥാന സര്‍ക്കാര്‍ കടമെടുപ്പു പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളമെത്തി. ബജറ്റില്‍  സമാഹരിക്കാന്‍ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയായ 26,461.75 കോടി രൂപ ആദ്യ നാല് മാസങ്ങളില്‍ തന്നെ കേരളം കടമെടുത്തു.

◾  അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ടു മലയാളി വനിതകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവതി അറസ്റ്റിലായി. മില്‍പീറ്റസില്‍ ഒരേ അപ്പാര്‍ട്മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന തൃശൂര്‍ മണ്ണുത്തി സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. സുഹൃത്തും അയല്‍ക്കാരിയുമായ  കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ പൊലീസ് അറസ്റ്റ് ചെയ്തു.

◾  സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ ധാരകളിലേക്കും വരുന്ന സമയത്ത് സ്ത്രീകള്‍ പൊതുവേദിയില്‍ വരരുതെന്ന കാന്തപുരത്തിന്റെ പരാമര്‍ശത്തിനു പ്രസക്തിയില്ലെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. തുല്യതയ്ക്കു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും വിഷ്ണുനാഥ്.

◾  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി ബിന്ദുകൃഷ്ണ. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ രാഷ്ട്രപതി വരെ ഒരു വനിതയാണ്. മതവിശ്വാസം പിന്തുടരാം. പക്ഷെ ഭരണഘടനയെ മാനിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.


◾  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ആവര്‍ത്തിച്ചു ചോദിച്ചാലും പ്രതികരിക്കില്ലെന്നും അതിനര്‍ത്ഥം നിലപാടില്ല എന്നല്ലെന്നും  മന്ത്രി കെഎം ഷാജി.

◾  മതപണ്ഡിതര്‍ സമൂഹത്തെ പുറകോട്ട് നയിക്കരുതെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ നിയമസഭ സ്പീക്കറുമായ എ.എന്‍. ഷംസീര്‍.  

◾  കണ്ണൂരില്‍ യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയെന്ന പരാതിയില്‍ എസ്എഫ്ഐ നേതാവ് കെ. നവനീതിനെ  സിപിഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

◾  സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. നിലവില്‍ അസുഖബാധിതനായി ബ്രൂണെയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

◾  കോട്ടയം പൂത്തിളപ്പില്‍ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ സ്വര്‍ണക്കവര്‍ച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകീട്ടോടെ മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

◾  കണ്ണൂര്‍ തളിപ്പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു.പരിയാരം തലോറയിലെ ടിവി ഗോകുല്‍ദാസ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

◾  ഡല്‍ഹിയില്‍ പതിനാറുകാരി ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായി. യുപി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സ്ലീപര്‍ ബസില്‍ പീഡനത്തിനിരയായത്. ബസ് കണ്ടക്ടറെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുത്തു.

◾  പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിരോമണി അകാലി ദളും സഖ്യം രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി സംഘടനകള്‍ സഖ്യമുണ്ടാക്കി. എബിവിപിയും ശിരോമണി അകാലി ദളിന്റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുമാണ് സഖ്യം പ്രഖ്യാപിച്ചത്.

◾  കര്‍ണാടകയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കണമെന്നും ഹിന്ദു സമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ മതമാണ് ഇസ്ലാമെന്നും അത് പൂര്‍ണ്ണമായും മാനവികതയില്‍ അധിഷ്ഠിതമാണെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മന്ത്രിയുടെ പരാമര്‍ശം സനാതന ധര്‍മ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും അവഹേളിക്കുന്നതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

◾  എഥനോള്‍ കലര്‍ന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പെട്രോള്‍ പമ്പുകളില്‍ എഥനോളിന്റെ കൃത്യമായ ശതമാനം പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.


◾  ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് ഉത്തരാഖണ്ഡ് പോലീസ്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്.

◾  സൗദി അറേബ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിനിടെ കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് അടിയന്തര കോണ്‍സുലാര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്.

◾  തെലങ്കാനയില്‍ ഹോട്ടല്‍ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി സംഘട്ടനം. മഞ്ചേരിയാല്‍ ജില്ലയിലെ ശ്രീരാംപൂര്‍ ഏരിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ശിവാജി ബിരിയാണി സെന്ററിലാണ് സംഭവം.

◾  നേപ്പാളില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയര്‍ന്നു. കാണാതായവരുടെ എണ്ണം 4,247 ആണ്. രക്ഷാപ്രവര്‍ത്തനം ആറാം ദിവസം തുടരുകയാണ്.  

◾  നേപ്പാളിലെ മിന്നല്‍ പ്രളയത്തിനു മുന്‍പ് ചൈന അപകട മുന്നറിയിപ്പ് നല്‍കിയില്ലെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥര്‍. മുന്നറിയിപ്പു നല്‍കണമെന്ന മുന്‍ ധാരണ പാലിക്കാതിരുന്നതിനാല്‍ മുന്നൊരുക്കങ്ങള്‍ക്കു സാധിച്ചില്ല. ദുരന്തത്തിന് കാരണമായ ഹിമപാതത്തെ കുറിച്ചടക്കം യാതൊരു വിവരവും ചൈനയില്‍ നിന്ന് ലഭിച്ചില്ലെന്നു പരാതി.

◾  യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ച യുഎഇയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശംസകള്‍ നേര്‍ന്നു.



◾  ദുബായിലെ അല്‍ മിന്‍ഹദ് വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി യുഎഇ അധികൃതര്‍. അതേസമയം യുഎഇ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഡ്രോണ്‍ സമുദ്രാതിര്‍ത്തിയില്‍ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.

◾  ഇറാനിലെ പ്രധാന എണ്ണ സങ്കേതമായ 'ഖാര്‍ഗ് ദ്വീപ്' ആക്രമണത്തില്‍ തകര്‍ന്നടിയുന്നതായി വ്യാജമായി നിര്‍മ്മിച്ച എഐ വീഡിയോ ദൃശ്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവച്ചു. ലാരക് ദ്വീപിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക വന്‍ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ ദൃശ്യങ്ങള്‍ പങ്കു വെച്ചത്.

◾  അമേരിക്കയിലെ അരിസോണയിലുള്ള പ്രശസ്തമായ ഗ്രാന്‍ഡ് ക്യാനിയന്‍ നാഷണല്‍ പാര്‍ക്കില്‍ മിന്നല്‍ പ്രളയം. 15 പേരെ കാണാതായി, 62 പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. പെട്ടന്നുണ്ടായ പ്രളയത്തില്‍ മേഖലയിലെ കാല്‍ നടപ്പാലങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നു.

◾  ഇരുപത്തഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരാജയം. അര്‍ജന്റീനയുടെ മരിയാനോ നവോനെയോട് അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് നാലാം സീഡായ ജോക്കോവിച്ച് പുറത്തായത്. വിങ്ങിപ്പൊട്ടുന്ന ജോക്കോവിച്ചിന്റെ ചിത്രങ്ങള്‍ ആരാധകരെ സങ്കടത്തിലാഴ്ത്തി.

◾  യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ മത്സരവേദിയായ ന്യൂയോര്‍ക്കിലെ ഫ്ലഷിങ് മെഡോസിലെ കോര്‍ട്ടുകളില്‍ കഞ്ചാവിന്റെ രൂക്ഷഗന്ധമുണ്ടെന്ന പരാതിയുമായി പ്രമുഖ താരങ്ങള്‍. കഞ്ചാവിന്റെ മണം പ്രയാസമുണ്ടാക്കുന്നു എന്നാണ് താരങ്ങുടെ പരാതി.

◾  വിജയത്തുടര്‍ച്ച നിലനിര്‍ത്തി റയല്‍ മാഡ്രിഡ്. ലാ ലിഗയില്‍ മലാഗയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തകര്‍ത്തത്. സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ജൂഡ് ബെല്ലിങ്ഹാം, കിലിയന്‍ എംബാപ്പെ, അര്‍ദ ഗുലര്‍ എന്നിവര്‍ റയലിനായി ലക്ഷ്യം കണ്ടപ്പോള്‍ ഒരു ഗോള്‍ മലാഗ ഗോള്‍കീപ്പര്‍ അല്‍ഫോണ്‍സോ ഹെരേറോയുടെ വക ഓണ്‍ ഗോളായിരുന്നു.



◾  രാജ്യത്തുടനീളമുള്ള സാന്നിധ്യം വിപുലീകരിക്കാന്‍ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 100 പുതിയ ശാഖകള്‍ ആരംഭിക്കാനാണ് പദ്ധതി. ബിസിനസ് വളര്‍ച്ചയ്ക്കും വിരമിക്കുന്ന ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനും ലക്ഷ്യമിട്ട് സ്പെഷലിസ്റ്റ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 2,500 പേരെ നിയമിക്കും. നിലവില്‍ 41,875 ജീവനക്കാരാണ് ബാങ്കിനുള്ളത്. 2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കിന് രാജ്യത്ത് 6,003 ശാഖകളുണ്ട്. സിംഗപ്പൂര്‍, കൊളംബോ, ജാഫ്‌ന എന്നിവിടങ്ങളിലായി മൂന്ന് വിദേശ ശാഖകളും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ ഐഎഫ്എസ്സി ബാങ്കിംഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ബാങ്കിന്റെ സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ നിലവിലെ 1.25 ലക്ഷം കോടിയില്‍നിന്ന് 1.5 ലക്ഷം കോടി കടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് 668 രൂപയായിരുന്ന ഓഹരിവില നിലവില്‍ 877 രൂപയാണ്. ജൂണ്‍ പാദത്തില്‍ വരുമാനം 18,095 കോടി രൂപയും ലാഭം 3,357 കോടി രൂപയായും ഉയര്‍ന്നിരുന്നു.

◾  ഭൂകമ്പങ്ങളോ, മറ്റ് പ്രകൃതി ദുരന്തകളോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തിര സഹായത്തിനുമായി സൈബോര്‍ഗ് പാറ്റകളെ (പകുതി യന്ത്രവും പകുതി പാറ്റയും) നിര്‍മിച്ച് ബയോറോബോട്ടിക്സ് ശാസ്ത്രജ്ഞര്‍. കാമറകളും മിനിയേച്ചര്‍ മെഡിക്കല്‍ ഇന്‍ജക്ടറുകളും ഘടിപ്പിച്ചിട്ടുള്ള രൂപമാണിത്. ഗുഹകളിലോ മറ്റ് അപകടകരമായ സ്ഥലങ്ങളിലോ എത്താനോ ട്രാക്ക് ചെയ്യാനോ കഴിയാത്ത ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഇവയെ നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്ലാന്‍ഡ് ബയോറോബോട്ടിക്‌സ് ഗവേഷകരാണ് പാരബോര്‍ഗുകള്‍ എന്ന അപൂര്‍വ്വ സൈബോര്‍ഗ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് ജീവന്‍ രക്ഷിക്കാനാവശ്യമായ മരുന്നുകള്‍ തത്സമയം നല്‍കാനും സൈബോര്‍ഗ് കോക്ക്രോച്ചുകള്‍ക്ക് കഴിയും. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും അടിയന്തര ജീവന്‍ രക്ഷാ മരുന്നുകള്‍ കുത്തിവെക്കാനും ഇതിലെ ഓട്ടോ-ഇഞ്ചക്ഷന്‍ സംവിധാനങ്ങള്‍ക്ക് കഴിയും.

◾  ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയല്‍ ഡേവിസ് ഒരുക്കിയ ഷോര്‍ട്ട് ഫിലിം പുറത്ത് വിട്ട് അണിയറ ടീം. ചിത്രത്തില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച കഥാപാത്രമായ ജോയല്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം 'സോള്‍മേറ്റ്‌സ്: ഒരു സാത്തുക്കുടി പ്രണയം' പുറത്തു വിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രമായ ജസ്റ്റിന്‍ ഡേവിസിന്റെ സഹോദരനാണ് സംഗീതിന്റെ ജോയല്‍. അനിയന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നത് ജസ്റ്റിനാണ്. ജസ്റ്റിന്‍ ചിത്രത്തില്‍ ചെറിയൊരു വേഷവും അവതരിപ്പിച്ചിട്ടുണ്ട്. കഫെയിലെ വെയിറ്റര്‍ ആയാണ് ജസ്റ്റിന്‍ അഭിനയിക്കുന്നത്. രസകരമായ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ജോയലിന്റെ കാമുകിയായ സായൂജ്യയും നന്ദന്‍ ജിയുമാണ് സോള്‍മേറ്റ്‌സിലെ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. പാര്‍വതി അയ്യപ്പദാസും വിനീത് വിശ്വവുമാണ് ഈ കഥാപാത്രങ്ങളാകുന്നത്.

◾  സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഓട്ടം തുള്ളല്‍' ടീസര്‍ പുറത്തുവിട്ടു. 'ഒരു തനി നാടന്‍ തുള്ളല്‍' എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ് ബിനു ശശിറാം രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റര്‍ടെയ്നര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. പോളി വത്സന്‍, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖില്‍, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

◾  ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ നീക്കവുമായി ജാപ്പനീസ് വാഹന ബ്രാന്‍ഡായ സുസുക്കി. കമ്പനിയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ സുസുക്കി ഇ-സ്‌കൈ ജപ്പാനില്‍ അവതരിപ്പിച്ചു. നേരത്തെ വിഷന്‍ ഇ-സ്‌കൈ എന്ന കണ്‍സെപ്റ്റ് മോഡലായി അവതരിപ്പിച്ച വാഹനത്തിന്റെ ഉല്‍പ്പാദനത്തോട് അടുത്ത പതിപ്പാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 310 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് സുസുക്കിയുടെ അവകാശവാദം. 3,395 മില്ലിമീറ്റര്‍ നീളവും 1,475 മില്ലിമീറ്റര്‍ വീതിയും 1,625 മില്ലിമീറ്റര്‍ ഉയരവുമാണ് ഇ-സ്‌കൈയുടെ അളവുകള്‍. 2,460 മില്ലിമീറ്റര്‍ വീല്‍ബേസുള്ള വാഹനത്തിന്റെ ഭാരം 1,030 കിലോഗ്രാമാണ്. 4.4 മീറ്റര്‍ ടേണിങ് റേഡിയസും വാഹനത്തിനുണ്ട്. തിരക്കേറിയ നഗര റോഡുകളിലും ചെറിയ പാര്‍ക്കിങ് ഇടങ്ങളിലും വാഹനം എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഈ വലുപ്പം സഹായിക്കും. നിലവില്‍ സുസുക്കി ഇ-സ്‌കൈയുടെ ഇന്ത്യയിലെത്തല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമില്ല.

◾  നോവല്‍ എന്ന കലയുടെ മഹാസൗന്ദര്യത്തെ ആകാശപ്പരപ്പിലേക്ക് പടര്‍ത്തുന്ന ഈ രചന വായനക്കാരുടെ ഹൃദയമസ്തിഷ്‌കങ്ങളെ അനുനിമിഷം അസ്വസ്ഥമാക്കുന്നു. 'പണ്ടേയുള്ള കതകുകളേ ഉയര്‍ന്നിരിപ്പിന്‍, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ' എന്ന ബൈബിള്‍വചനത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ജോജി എന്ന എഴുത്തുകാരന്റെ ഗംഭീരമായ തിരിച്ചുവരവിനെ ഈ നോവല്‍ രേഖപ്പെടുത്തുന്നു. കാലത്തിന്റെ സംക്രമണങ്ങള്‍ നോവലിന്റെ അനുഭൂതിപാഠങ്ങളായി തെളിഞ്ഞ് വായനയുടെ അകംപുറങ്ങളില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. 'ഒരു ഗുസ്തിക്കാരന്റെ ആത്മകഥ'. ജോജി. മാതൃഭൂമി ബുക്സ്. വില 552 രൂപ.

◾  നമ്മുടെ ശരീരത്തിലെ മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ് കോര്‍ട്ടിസോള്‍. ഇവയെ സ്ട്രെസ് ഹോര്‍മോണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഈ ഹോര്‍മോണിന്റെ അളവു വര്‍ധിക്കുന്നത് ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. വിട്ടുമാറാത്ത സമ്മര്‍ദമാണ് ശരീരത്തില്‍ കോര്‍ട്ടിസോള്‍ അളവു അമിതമാകാനുള്ള പ്രധാന കാരണം. ശരീരഭാരം വര്‍ധിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നു എന്നതിന്റെ പ്രകടമായ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു മധുരമുള്ളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കും. വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നതിന്റെ ലക്ഷണമാകാം. ദീര്‍ഘകാലം കോര്‍ട്ടിസോള്‍ ഉയരുന്നത്, നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് വിട്ടുമാറാത്ത ക്ഷീണത്തിന് കാരണം. ഇത് മാനസികനില അസ്വസ്ഥപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം പോലുള്ളവയിലേക്ക് നയിക്കുകയും ചെയ്യുന്നു. കോര്‍ട്ടിസോള്‍ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം.  ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരത്തിന് രോഗാണുക്കള്‍, അണുബാധ എന്നിവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവു വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.15, പൗണ്ട് - 128.89, യൂറോ - 110.42, സ്വിസ് ഫ്രാങ്ക് - 117.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.15, ബഹറിന്‍ ദിനാര്‍ - 251.35, കുവൈത്ത് ദിനാര്‍ -307.98, ഒമാനി റിയാല്‍ - 247.51, സൗദി റിയാല്‍ - 25.20, യു.എ.ഇ ദിര്‍ഹം - 25.99, ഖത്തര്‍ റിയാല്‍ - 25.97, കനേഡിയന്‍ ഡോളര്‍ - 68.51.
Previous Post Next Post
3/TECH/col-right