Trending

പ്രഭാത വാർത്തകൾ

2026  ഓഗസ്റ്റ് 29 | ശനി 
1202  ചിങ്ങം 13 | പൂരുരുട്ടാതി
1448  റ: അവ്വൽ 16

◾  നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ടു മലയാളികളടക്കം 320 ഇന്ത്യക്കാരെ കാണാനില്ല.  മരണസംഖ്യ 584 ആയി.  ഇന്നലെ 160 മൃതദേഹങ്ങള്‍ കണ്ടെത്തി. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍.

◾  രാജ്യത്തെ സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും യോഗ്യത നേടാന്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സി നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 84 വിഷയങ്ങളുടെ ഫൈനല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയെഴുതിയ  6.07 ലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ 97,000 ത്തിലധികം പേര്‍ പിഎച്ച്ഡി പ്രവേശനത്തിനും നാലായിരത്തിലധികം പേര്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും അര്‍ഹത നേടി. ചോദ്യപ്പേപ്പറുകളില്‍ പിഴവുണ്ടായ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പുനപരീക്ഷ അടുത്ത മാസം നടക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

◾  തിരുവനന്തപുരം ചേന്തിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ് കയര്‍ത്തു സംസാരിച്ച കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് രാത്രി അറസ്റ്റു ചെയ്തു. ചേന്തിയിലെ ഗുരുജയന്തി പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ഗുരുജയന്തി പരിപാടിക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. കാര്‍ നിര്‍ത്തി അനിലിനോടും മറ്റും സംസാരിച്ച മുഖ്യമന്ത്രിയോട് ചേന്തി അനില്‍ കയര്‍ത്തു സംസാരിച്ചിരുന്നു.



◾  സുകുമാര കുറുപ്പിനെ ബ്രൂണോയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢോലചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ പൊലീസ്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാര കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

◾  വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ പ്രേരിപ്പിച്ച ശ്രീനാരായണഗുരു യഥാര്‍ത്ഥത്തില്‍ വിശ്വഗുരുവാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണാടി പ്രതിഷ്ഠ നടത്തി മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

◾  പിണറായി വിജയന്റെ വസതിയില്‍ പരിശോധനയക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വാഹനത്തിനെതിരേ ആക്രമണം നടത്തിയ കേസിലെ നാലു പ്രതികള്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സഹകരിക്കുന്നില്ലെന്ന് പോലീസ്. സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു ഉള്‍പ്പെടെ 4 പ്രതികളുടെ മൊബൈല്‍ ഫോണ്‍ പോലീസിനു തുറക്കാനായിട്ടില്ല. പാസ്വേഡ് കൈമാറാത്തതാണു കാരണം. ഗൂഡാലോചന മറച്ചുവയ്ക്കാനാണ് ശ്രമമെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണു പോലീസിന്റെ നീക്കം.

◾  മലപ്പുറം കിഴിശ്ശേരിയില്‍ കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒരു തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം തടഞ്ഞുവച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

◾  ഓണാഘോഷത്തോടനുബന്ധിച്ചു തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. വൈകുന്നേരം മൂന്നരയോടെ പുലിക്കളി സംഘങ്ങള്‍ തെരുവിലിറങ്ങും. ഉച്ചയ്ക്കു രണ്ടു മുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. തൃശൂര്‍ താലൂക്ക് പരിധിയില്‍  ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടനുസരിച്ചു പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി.


◾  മലപ്പുറത്തു സിപിഎം വേദിയില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ വിവാദ പ്രസംഗം സമസ്ത മുശാവറ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍. ഉമര്‍ ഫൈസിയുടേത് ഉള്‍പ്പെടെ ചില നേതാക്കളുടെയും പോഷക സംഘടനകളുടെയും പരസ്യ പ്രസ്താവനകള്‍ അച്ചടക്കത്തിനും സംഘടനാ നിലപാടുകള്‍ക്കും നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

◾  കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിലായി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. വടകര മണിയൂര്‍ പാലയാട് നടയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്കും കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുട്ടിക്കുമാണ് ജീവന്‍ നഷ്ടമായത്. പാലയാട് നടയില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ പാലയാട് സ്വദേശി നബീല്‍ (19), ഓര്‍ക്കാട്ടേരി വരപ്പുറത്ത് സിനാന്‍ (12) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്താനായി. കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കരീറ്റിപറമ്പ് സ്വദേശിയായ മുഹമ്മദ് ഷഹിന്‍ (15) എന്ന കുട്ടിയാണ് മരിച്ചത്.

◾  അച്ചന്‍കോവിലാറില്‍ നടന്ന പായിപ്പാട് ജലോത്സവത്തില്‍ പായിപ്പാടന്‍ ചുണ്ടന്‍ ജേതാവായി. ഫൈനല്‍ മത്സരത്തില്‍ മുട്ടേല്‍ തങ്കച്ചന്‍ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേലപ്പാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് മഹേഷ് കറുകത്തറയില്‍ ക്യാപ്റ്റനായ ആരോമാ ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍ കിരീടം ചൂടിയത്.

◾  പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോര്‍ ബോട്ടില്‍നിന്ന് ആറ്റില്‍ വീണ് പുന്നമട സ്വദേശിയായ കണ്ടത്തില്‍ തോമസ് ജോസഫിന്റെ മകന്‍ എബിന്‍ തോമസ് (മത്തായി- 31) മുങ്ങി മരിച്ചു. മോട്ടോര്‍ ബോട്ടിലെ ജീവനക്കാരനായിരുന്ന എബിന്‍ തോമസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആറ്റിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.

◾  ഫേസ്ബുക്കില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പങ്കുവച്ച തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ കെ. വിജേഷിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്തു. പൂക്കളവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റ് പങ്കുവച്ചതിനെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

◾  പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റേതെന്ന പേരില്‍ ചിത്രം പ്രചരിക്കപ്പെട്ട തൃശൂര്‍ കരുമത്ര സ്വദേശി ദാമോദര മേനോനെ ഓര്‍മക്കുറവ് അടക്കമുള്ള അസുഖങ്ങള്‍മൂലം നാട്ടിലെത്തിക്കാന്‍ ഒരു മാസം മുമ്പേ ശ്രമം ആരംഭിച്ചിരുന്നെന്ന് നോര്‍ക്ക. ബ്രൂണേയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു നോര്‍ക്ക സഹായംതേടി ജൂലൈ രണ്ടിനു സംസ്ഥാന സര്‍ക്കാരിന്റെ കത്തയച്ചത്. ദാമോദര മേനോന്റെ പാസ്പോര്‍ട് നമ്പര്‍ അടക്കം കത്തിലുണ്ടായിരുന്നു.



◾  സംഗീതാധ്യാപികയും തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജ് സംഗീത വിഭാഗം മുന്‍ മേധാവിയുമായ ബി. സരോജിനി (94) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്റെ അമ്മയാണ്.

◾  ശബരിമല അയ്യപ്പനെ പരിഹസിച്ച സണ്ണി കപിക്കാടിനെതിരേ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഹിന്ദു വിശ്വാസത്തിനെതിരെ നടക്കുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

◾  വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിചാര്‍ജ് അടക്കമുള്ള നടപടികളില്‍ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പള്ളിയിലുണ്ടായ പൊലീസ് ഇടപെടല്‍ അനാവശ്യമായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി.

◾  സ്വന്തം ജീവിതത്തെ യാതൊരുവിധ വെള്ളപൂശലുകളുമില്ലാതെ തുറന്നുകാട്ടിയ സോണിയ ഗാന്ധിയുടെ ആത്മകഥ തിരുത്താന്‍ പ്രസാധകര്‍ ആവശ്യപ്പെട്ടപ്പോള്‍ 'സാധ്യമല്ല ' എന്നതിനപ്പുറം ഒരു മറുപടി ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും എഐസിസി സെക്രട്ടറിയുമായ റോജി എം. ജോണ്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

◾  ചാനലുകാരെ കാണുമ്പോള്‍ പേടിയാണെന്നും തന്റെ ഭാഷാ ശുദ്ധി നന്നാക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേ ആയിരുന്നു പ്രതികരണം.  

◾  സിപിഎം വേദിയിലെ ഉമര്‍ ഫൈസി മുക്കത്തിന്റെ വഖഫ് പ്രസംഗത്തെ ചൊല്ലി സമസ്തയില്‍ തര്‍ക്കം. ഉമര്‍ ഫൈസി അനാവശ്യ വിവാദമുണ്ടാക്കിയെന്നും ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചു.


◾  തിരുവനന്തപുരം കൈലാത്ത്കോണത്ത് പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ 40 അംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണം. നാലു പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് ബൈക്കുകളും രണ്ട് കാറുകളും അക്രമി സംഘം തകര്‍ത്തു. ലഹരി മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

◾  നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് ഷിഹാല്‍ എംപി (26) സഹോദരന്‍ മുഹമ്മദ് ഫാസില്‍(24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

◾  നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍നിന്നു രക്ഷപ്പെട്ട് ഡല്‍ഹിയില്‍ എത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള 21 തീര്‍ഥാടക സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ദുരന്ത മേഖലയിലെ  അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നേപ്പാള്‍ സൈന്യത്തിനും സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും നന്ദി അറിയിച്ചു.

◾  നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും എന്‍ ഡി ആര്‍ എഫ് സംഘത്തെയും അയക്കാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം സ്വീകരിക്കാതെ നേപ്പാള്‍. എന്തിനും ഇന്ത്യ തയ്യാറായി നില്‍ക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേപ്പാള്‍ വിദേശകാര്യമന്ത്രി ശിസിര്‍ ഖനാലിനെ അറിയിച്ചു. തുരങ്കത്തില്‍ തിരച്ചില്‍ നടത്താനുള്ള വിദഗ്ധ സംഘത്തിന്റെ സഹായം മാത്രമാണ് നേപ്പാള്‍ ഇതുവരെ തേടിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

◾  തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിന്റെ ട്യൂഷന്‍ ഫീസ്  സര്‍ക്കാര്‍ വഹിക്കും. ആര്‍ട്സ്, സയന്‍സ്, എഞ്ചിനീയറിങ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, ലോ എന്നീ കോഴ്സുകള്‍ക്ക് ഇത് ബാധകമാണ്.  നിയമസഭയില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം. ഷാജഹാന്‍ പദ്ധതികള്‍ വിശദീകരിച്ചത്.

*കൈരളി അഗ്രികള്‍ച്ചര്‍ എം.എസ്.സി.എസ്*
കാര്‍ഷിക സമൂഹങ്ങള്‍ക്കുള്ളില്‍ സാമൂഹിക-സാമ്പത്തിക വികസനം പരിപോഷിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി ഉത്തരവാദിത്തമുള്ള രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാര്‍ഷിക ഭൂപ്രകൃതിയില്‍ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് കൈരളി അഗ്രികള്‍ച്ചര്‍ എംഎസ്സിഎസിന്റെ ദൗത്യം. സുസ്ഥിരത, നവീകരണം, സമൂഹ ശാക്തീകരണം എന്നിവയിലൂടെ കൈരളി കൃഷിയെ പരിവര്‍ത്തനം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന, ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുന്ന, പാരിസ്ഥിതിക സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്ന നൂതന സംരംഭങ്ങളിലൂടെ സുസ്ഥിരമായ ഒരു ഭാവി സൃഷ്ടിക്കാന്‍ കൈരളി പ്രതിജ്ഞാബദ്ധരാണ്. കൃഷിക്ക് പുറമേ, പ്രതിരോധശേഷിയുള്ള സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ആഗോള പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും കൈരളിയുടെ ശ്രദ്ധ വ്യാപിക്കുന്നു. 40,000-ത്തിലധികം ഓഹരി ഉടമകള്‍. 500-ലധികം ജീവനക്കാരുടെ സമര്‍പ്പിത തൊഴില്‍ ശക്തി. കേരളത്തിലും തമിഴ്നാട്ടിലുമായി 53 ശാഖകളുടെ ശൃംഖല. സുസ്ഥിര കാര്‍ഷിക സംരംഭങ്ങളില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് കര്‍ഷകര്‍. *ബിസിനസ് പങ്കാളികളാകാന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 8078900222*

◾  കേന്ദ്ര മന്ത്രിസഭയില്‍നിന്ന് തന്നെ പുറത്താക്കാന്‍ ബിജെപിക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുതിര്‍ന്ന നേതാവ്. കേന്ദ്ര ഗോത്രവര്‍ഗ കാര്യ മന്ത്രി ജുവല്‍ ഓറമാണ് പാര്‍ട്ടിക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.

◾  പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം 18 കോടി രൂപ ചെലവഴിച്ച് മഹാരാഷ്ട്രയിലെ ഡാഹാനുവില്‍ നിര്‍മ്മിച്ച റോഡ് മൂന്ന് മാസത്തിനുള്ളില്‍ തകര്‍ന്നു. ഗുണനിലവാരമില്ലാത്ത നിര്‍മ്മാണമാണ് റോഡ് തകരാന്‍ കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

◾  നോര്‍വേയിലെ ഹരാള്‍ഡ് അഞ്ചാമന്‍ രാജാവ് അന്തരിച്ചു. 89 വയസായിരുന്നു. യൂറോപ്പിലെ ഭരണാധികാരികളില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്നു ഹാരോള്‍ഡ് അഞ്ചാമന്‍. 35 വര്‍ഷം അദ്ദേഹം രാജാവായിരുന്നു.

◾  ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച ഇറാന്‍ യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ അമേരിക്കയ്ക്ക് വലിയ ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുക്രെയിന്‍, തായ്വാന്‍ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ യുഎസ് സ്വാധീനം കുറയ്ക്കുകയും ആഗോളതലത്തില്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്തെന്നാണു റിപ്പോര്‍ട്ട്.

◾  സൗദി അറേബ്യയുടെ സ്വപ്ന നഗര പദ്ധതിയായ 'ന്യൂ മുറബ്ബ'യില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ജനറല്‍ ആശുപത്രി നിര്‍മിക്കുന്നു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള ന്യൂ മുറബ്ബ ഡെവലപ്‌മെന്റ് കമ്പനിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അല്‍ മാന മെഡിക്കല്‍ ഗ്രൂപ്പും തമ്മില്‍ പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു.

◾  ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം 'യൂണിവേഴ്സല്‍ ബോസ്' ക്രിസ് ഗെയില്‍ ഇന്നു തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബാറ്റേന്തും. ഉച്ചയ്ക്കു രണ്ടരയ്ക്കു നടക്കാനിരിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് - തൃശൂര്‍ ടൈറ്റന്‍സ് മത്സരത്തിന് മുന്നോടിയായാണ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ ബാറ്റിങ് പ്രകടനം.

◾  മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ കാലിക്കറ്റ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്ന് ആലപ്പി റിപ്പിള്‍സ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ ആലപ്പി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കെസിഎല്ലിന്റെ ചരിത്രത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന സുവര്‍ണ നേട്ടവും സ്വന്തമാക്കി.

◾  ഇന്ത്യന്‍ മൂലധന വിപണി കാത്തിരുന്ന ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് വഴിതുറന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ 37,000 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് പ്രൊമോട്ടര്‍മാരും റെഗുലേറ്ററായ സെബിയും അനുമതി നല്‍കി. ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒകളില്‍ ഒന്നായിരിക്കും ഇത്. നിലവിലെ വിവരമനുസരിച്ച്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10 ശതമാനത്തോളം ഓഹരികളാണ് വിപണിയില്‍ വിറ്റഴിക്കുക. പ്രൊമോട്ടര്‍മാരുടെ ഓഫര്‍ ഫോര്‍ സെയില്‍, പുതിയ ഓഹരികളുടെ ഇഷ്യൂ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും പബ്ലിക് ഓഫര്‍. ഐ.പി.ഒ പൂര്‍ത്തിയാകുന്നതോടെ ജിയോയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.3 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. 47 കോടിയിലധികം വരിക്കാരുള്ള ജിയോ, നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളാണ്.

◾  ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി ഇന്ത്യയില്‍ ആദ്യമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പരസ്യങ്ങള്‍ കാണാനാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ അവതരിപ്പിച്ച പരസ്യ വിതരണ പ്ലാറ്റ്ഫോം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സൗജന്യ വരിക്കാര്‍ക്കും ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രൈബര്‍മാര്‍ക്കുമാണ് പരസ്യങ്ങള്‍ കാണാനാവുക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റര്‍പ്രൈസ്, എജ്യുക്കേഷന്‍ പ്ലാനുകളില്‍ പരസ്യങ്ങള്‍ കാണിക്കില്ല. മാനസികാരോഗ്യം, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവായതും നിയന്ത്രണങ്ങളുള്ളതുമായ വിഷയങ്ങള്‍ക്കൊപ്പവും പരസ്യങ്ങള്‍ കാണിക്കില്ല. എഐ മറുപടികളില്‍ എന്തെങ്കിലും ഉത്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ പറയുന്നുണ്ടെങ്കില്‍ അതിന് താഴെയായി അതുമായി ബന്ധപ്പെട്ട പരസ്യങ്ങളുണ്ടാവും. 10 കോടി ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്ക് ഇന്ത്യയിലുള്ളത്.

◾  ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍- ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാളി'ന്റെ ടീസര്‍ പുറത്തിറങ്ങി. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'ഓപ്പറേഷന്‍ ത്രാള്‍'. എന്‍.ഐ.എ. ഓഫീസറായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ മുരളി ശര്‍മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, റിതിക സിങ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാര്‍, യശ്പാല്‍ ഗേര, മിര്‍ സര്‍വര്‍, ചന്ദന്‍ ബിഷ്ത്, ഹന്‍സിക ജംഗിദ്, വാണി ദോഗ്ര, ജയ് ഠാക്കൂര്‍, വിജയ് ത്രിവേദി, മന്‍ഹര്‍ സിങ് ട്രിവിയ എന്നിവരും ചിത്രത്തിലുണ്ട്.

◾  ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രമായ 'ധൂമകേതു' സെക്കന്‍ഡ് ലുക്ക് പുറത്ത്. സജിനും നിഖിലയും ഗണപതിയും ഒന്നിച്ചുള്ള രസകരമായ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു കല്യാണാഘോഷവേളത്തിനിടയില്‍ മുണ്ടൂരി ഓടുന്ന വരനാണ് പോസ്റ്ററിലുള്ളത്. സെപ്റ്റംബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സജിന്‍ ഗോപുവും നിഖില വിമലും ഒപ്പം ഷൈന്‍ ടോം ചാക്കോയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധായകന്‍ സുധി മാഡിസണ്‍ ആണ്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.

◾  ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ജനപ്രിയ സ്‌കൂട്ടറായ ജൂപ്പിറ്റര്‍ 110-ന് കൂടുതല്‍ പ്രീമിയം ലുക്കും പുത്തന്‍ സ്റ്റൈലും സമ്മാനിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. സ്‌കൂട്ടര്‍ പ്രേമികളെ ഒറ്റനോട്ടത്തില്‍ത്തന്നെ ആകര്‍ഷിക്കുന്ന സ്‌പെക്ട്രല്‍ ബ്ലൂ, സ്‌പെക്ട്രല്‍ കോപ്പര്‍ എന്നീ രണ്ട് എക്സ്‌ക്ലൂസീവ് ഡ്യുവല്‍-ടോണ്‍ കളര്‍ ഷേഡുകളിലാണ് പുത്തന്‍ ജൂപ്പിറ്റര്‍ 110 ലഭ്യമാക്കിയിട്ടുള്ളത്.  89,825 രൂപയാണ് അത്യാകര്‍ഷക മോഡലിന്റെ പ്രാരംഭ വില. വൈറ്റ്-ബ്ലൂ കോമ്പിനേഷനൊപ്പം മൃദുവായ പര്‍പ്പിള്‍ ഷേഡ് കൂടി മിന്നിമറയുന്ന ഫിനിഷിലാണ് സ്‌പെക്ട്രല്‍ ബ്ലൂ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വൈറ്റും കോപ്പറും ഒത്തുചേരുന്ന മിശ്രണത്തിലാണ് സ്‌പെക്ട്രല്‍ കോപ്പര്‍ ഒരുക്കിയിട്ടുള്ളത്. 7.91 ബിഎച്പി കരുത്തും 9.80 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 113.3 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പുതിയ പതിപ്പിനും കരുത്തേകുന്നത്.

◾  കാലത്തെ അതിജീവിക്കുന്ന നാടകങ്ങള്‍ മലയാളത്തില്‍  വളരെ കുറവാണ്. നമ്മുടെ നടകസാഹിത്യം തന്നെ എത്രയോ ചെറുതാണ്. വിരലിലെണ്ണാവുന്ന നാടകങ്ങള്‍ മാത്രം. ഒരു ഉത്തമമായ ഏകാങ്ക നാടകം മലയാളത്തില്‍ ചൂണ്ടിക്കാട്ടാന്‍ ബുദ്ധിമുട്ടാണ്. ഈയൊരു പശ്ചാത്തലത്തില്‍ വേണം പുതുതായി വന്നുകൊണ്ടിരിക്കുന്ന ഏകാങ്ക നാടകങ്ങളെ നമ്മള്‍ സമീപിക്കാന്‍. അങ്ങനെ സമീപിക്കുമ്പോള്‍ ഏറ്റവും ചെറിയ സംഭാവന പോലും നമ്മുടെ നാടക സാഹിത്യത്തിന്  മുതല്‍കൂട്ടാകും. നാടക കൃതികളുടെ എണ്ണം തന്നെ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലാണ് ഈ ഏകാങ്കങ്ങള്‍ വരുന്നത്. 'അക്കല്‍ദാമയിലെ കള്ളന്‍'. തമ്പി ആന്റണി. ഒലീവ് പബ്ളിഷേഴ്സ്. വില 189 രൂപ.

◾  പീനട്ട് ബട്ടറില്‍ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കുമെന്നാണ് പൊതുവെ പറയുന്നത്. വളരെ കുറഞ്ഞ അളവില്‍ കഴിച്ചാല്‍ പോലും ഇതില്‍ നിന്ന് ഉയര്‍ന്ന അളവില്‍ കലോറി ലഭിക്കുന്നു. ഏകദേശം രണ്ട് ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടറില്‍ നിന്ന് 180 മുതല്‍ 200 വരെ കലോറി ലഭിച്ചേക്കാം. പീനട്ട് ബട്ടറിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിലെ കൊഴുപ്പിന്റെ അംശമാണ്. നിലക്കടലയില്‍ പ്രധാനമായും മോണോഅണ്‍സാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെയുള്ള അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്. സമീകൃതാഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താവുന്ന ഇവ ഊര്‍ജ്ജത്തിന്റെ മികച്ച ഉറവിടമാണ്. പ്രോട്ടീനെയോ കാര്‍ബോഹൈഡ്രേറ്റിനെയോ അപേക്ഷിച്ച് ഗ്രാമിന് കൂടുതല്‍ കലോറി നല്‍കുന്നത് കൊഴുപ്പായതിനാല്‍, മിതമായ അളവില്‍ പീനട്ട് ബട്ടര്‍ കഴിക്കുന്നത് കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പീനട്ട് ബട്ടറിലെ പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും താഴുന്നതും തടയുന്നു. ഇത് ദീര്‍ഘനേരം വയര്‍ നിറഞ്ഞതായി തോന്നിക്കാനും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. കൃത്യമായ അളവില്‍ കഴിച്ചാല്‍ പീനട്ട് ബട്ടര്‍ ശരീരഭാരം കൂടില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഒരു ദിവസം 1-2 ടേബിള്‍ സ്പൂണ്‍ എന്ന അളവില്‍ മാത്രം ഇത് പരിമിതപ്പെടുത്തുക. പീനട്ട് ബട്ടര്‍ മാത്രമായി കഴിക്കുന്നതിനേക്കാള്‍ നല്ലത് ആപ്പിള്‍ കഷ്ണങ്ങള്‍, ഉണങ്ങിയ മുന്തിരി, അല്ലെങ്കില്‍ ഹോള്‍-ഗ്രെയ്ന്‍ ബ്രെഡ് എന്നിവയ്ക്കൊപ്പം കഴിക്കുന്നതാണ് നല്ലത്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗ്രാമത്തില്‍ ഒരു വയോധികനായ കര്‍ഷകനുണ്ടായിരുന്നു. വര്‍ഷങ്ങളായി കൃഷി ചെയ്തിരുന്നെങ്കിലും ആ വര്‍ഷം മഴ കിട്ടാതെ അവന്റെ വയല്‍ മുഴുവന്‍ വരണ്ടുപോയി.  ഗ്രാമത്തിലെ എല്ലാവരും പറഞ്ഞു   ഇനി ഈ വയലില്‍ ഒന്നും വളരില്ല. ഈ വര്‍ഷത്തെ കൃഷി ഉപേക്ഷിച്ചേക്കൂ.'' പക്ഷേ കര്‍ഷകന്‍ തന്റെ കൈയിലുള്ള അവസാനത്തെ കുറച്ച് വിത്തുകള്‍ എടുത്ത് മണ്ണില്‍ വിതറി.  മകന്‍ ചോദിച്ചു: ''അച്ഛാ, മഴയില്ലല്ലോ... ഈ വിത്തുകള്‍ നശിച്ചുപോയാല്‍?  കര്‍ഷകന്‍ പുഞ്ചിരിച്ചു. ''വിത്ത് മണ്ണില്‍ ഇടുമ്പോള്‍ അതിന് മഴ വരുമെന്ന് ഉറപ്പില്ല. പക്ഷേ വിത്ത് ഇടാതിരുന്നാല്‍ ഒരു ചെടി വളരുമെന്ന പ്രതീക്ഷ പോലും ഉണ്ടാകില്ല.'' ദിവസങ്ങള്‍ കടന്നുപോയി.  ഒരു ദിവസം അപ്രതീക്ഷിതമായി മഴ പെയ്തു. ആ വരണ്ട മണ്ണില്‍ നിന്ന് ചെറിയ പച്ചമുളകള്‍ പുറത്തുവന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ആ വയല്‍ നിറയെ വിളവായി.  മകന്‍ അച്ഛനോട് ചോദിച്ചു: അച്ഛന് മഴ വരുമെന്ന് എങ്ങനെ അറിയാമായിരുന്നു?''  കര്‍ഷകന്‍  പറഞ്ഞു: ''മഴ വരുമെന്ന് എനിക്ക് അറിയില്ലായിരുന്നു.പക്ഷേ പ്രതീക്ഷ ഉപേക്ഷിക്കരുതെന്ന് മാത്രം എനിക്ക് അറിയാമായിരുന്നു.''   നമ്മുടെ ജീവിതത്തിലും ചില സമയങ്ങളില്‍ എല്ലാം അവസാനിച്ചതുപോലെ തോന്നാം. വഴികള്‍ അടഞ്ഞുപോകാം...ശ്രമങ്ങള്‍ പരാജയപ്പെടാം... പ്രതീക്ഷകള്‍ തകരാം... എങ്കിലും അവസാനത്തെ വിത്ത് പോലും മണ്ണില്‍ ഇടാന്‍ ധൈര്യമുണ്ടെങ്കില്‍, ഒരു പുതിയ തുടക്കം എവിടെയെങ്കിലും നമ്മെ കാത്തിരിക്കുന്നുണ്ടാകും.  പ്രതീക്ഷയുള്ളിടത്തോളം... ഒന്നും അവസാനിക്കില്ല - ശുഭദിനം.
Previous Post Next Post
3/TECH/col-right