Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഓഗസ്റ്റ് 28 | വെള്ളി 
1202 | ചിങ്ങം 12 | ചതയം

◾  ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന വാഗ്ദാനത്തിന്റെ മറവില്‍ സ്പോണ്‍സര്‍ കോടിക്കണക്കിനു പണം വിദേശത്തേക്കു കൈമാറിയതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടമനുസരിച്ചാണു കേസ്. ഏതാനും രേഖകള്‍ ഇഡി ശേഖരിച്ചു. സര്‍ക്കാരിന്റെ രേഖകള്‍ ശേഖരിക്കാന്‍ ഇഡി നോട്ടീസ് നല്‍കി. 126 കോടി രൂപ വിദേശത്തേക്കയച്ചെന്നാണ് അനുമാനം. ജിഎസ്ടി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. ജിഎസ്ടിയായി 26 കോടി രൂപ പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടി കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരുന്നു.

◾  ചൈനയില്‍ ഭൂചലനത്തെത്തുടര്‍ന്ന് നേപ്പാള്‍- ടിബറ്റ് അതിര്‍ത്തിയില്‍ തടാകം തകര്‍ന്നു. വീണ്ടും പ്രളയഭീതി. ദുരിതാശ്വാസ- രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുരക്ഷാസേനാംഗങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ നേപ്പാള്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 469 ആയി. കാണാതായ 295 ഇന്ത്യക്കാരെ കണ്ടെത്താനായില്ല.

◾  പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്കുവേണ്ടി ചാരവൃത്തി നടത്തിയിരുന്ന യുവദമ്പതികള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സഹീല്‍, ഭാര്യ സമീറ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു വര്‍ഷമായി പാക് ഏജന്റുമാര്‍ക്കായി പ്രവര്‍ത്തിച്ചെന്നും സോഷ്യല്‍ മീഡിയ വഴിയാണ് പാക് ഏജന്റുമാരുമായി ബന്ധം സ്ഥാപിച്ചതെന്നുമാണ് കണ്ടെത്തല്‍.

◾  പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് ബ്രൂണെയിലുണ്ട് എന്നത് അഭ്യൂഹമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിജസ്ഥിതി അറിയാന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

◾  സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രവും പൊലീസ് ശേഖരിച്ച പാസ്‌പോര്‍ട്ടും തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരന്‍ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് പോയത്.

◾  ശ്രീനാരായണ ഗുരുവിന്റെ 172 ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ പരിപാടികള്‍. ശിവഗിരിയിലെ സമ്മേളനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെമ്പഴന്തിയിലേതു മുഖ്യമന്ത്രി വിഡി സതീശനും ഉദ്ഘാടനം ചെയ്യും.

◾  പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച പിണറായി വിജയന്റെ പരാമര്‍ശം മുന്‍പുണ്ടായ തീരുമാനമനുസരിച്ചാണെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അതേസമയം നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാമകൃഷ്ണന്‍.

◾  യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പാര്‍ട്ടി നിശ്ചലമാണെന്ന് മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഴുവന്‍ സമയ അധ്യക്ഷന്‍ ഇല്ലാത്തതിനാലാണ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തത്. കെപിസിസി പ്രസിഡന്റിനെ  ഹൈക്കമാന്‍ഡ് ഉടന്‍ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചു മുന്‍ ഉടമ അധീഷ് ദാമോദരന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി. വ്യാജരേഖ ചമച്ച് ഓഹരി കൈക്കലാക്കി തന്നെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരേ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് അധിഷ് ദാമോദരന്‍ പറയുന്നു.

◾  പിണറായി വിജയന്റെ വസതിയില്‍ പരിശോധനയ്ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, പ്രതികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പോലീസ് ഇമേജ് മാച്ചിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന വാദം തടയാനും, മുഖവും ശരീരഘടനയും താരതമ്യം ചെയ്ത് പ്രതികളെ ഉറപ്പിക്കാനുമാണ് ഈ നീക്കം.

◾  എസ്ഐ ചമഞ്ഞ് എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്കിലാണ് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് എംഡിഎംഎയും എയര്‍ പിസ്റ്റളും വിലങ്ങും വ്യാജ പൊലീസ് എസ്ഐ ഐഡി കാര്‍ഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു.

◾  ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എന്‍ പ്രശാന്ത് ഐഎഎസ്. അധികാരം മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നുവന്നെന്ന് എന്‍ പ്രശാന്ത് ഐഎഎസ് പറഞ്ഞു. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സിസ്റ്റം നന്നാക്കേണ്ടത് നമ്മള്‍ തന്നെയാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

◾  വടകര കണ്ണൂക്കര പാതിയാക്കര ജുമാ മസ്ജിദിലുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍. സംഘര്‍ഷം പരിഹരിക്കാന്‍ പള്ളിക്കകത്തു കയറേണ്ടിവന്ന  പൊലീസുകാര്‍ക്കിരെ നടപടി എടുത്തതു ന്യായമല്ല. പള്ളിക്കകത്ത് കയ്യാങ്കളിയും തെറിവിളിയും നടത്തിവരാണ് പൊലീസിനെ പള്ളിക്കകത്ത് കയറ്റിയതെന്ന് ദുല്‍ഖിഫില്‍ ചൂണ്ടിക്കാട്ടി.

◾  ആലുവ സബ്ജയില്‍ നിന്ന് റിമാന്‍ഡ് പ്രതി ചാടിപ്പോയ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല. 56 പേരെ ഉള്‍ക്കൊള്ളാവുന്ന ജയിലില്‍ പ്രതി ജയില്‍ ചാടുമ്പോള്‍ ഉണ്ടായിരുന്നത് 117 തടവുകാരായിരുന്നു. ജയില്‍ മതിലിനോടു ചേര്‍ന്ന് അശാസ്ത്രീയമായി പണിത അടുക്കള വഴിയാണു പ്രതി ചാടിയതെന്നാണു കണ്ടെത്തല്‍.

◾  ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ സണ്ണി എം. കപിക്കാട്. മലയാളി സമൂഹത്തോട് തുറന്ന ഖേദം പ്രകടിപ്പിക്കുന്നുവെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

◾  കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. മൃതദേഹം തിരിച്ചറിയാത്തതിനാലാണ് ഒന്നര മാസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.

◾  ചെങ്ങന്നൂരില്‍ ഗര്‍ഭനിരോധന ഉറകള്‍ കൂട്ടത്തോടെ റോഡില്‍ തള്ളിയ സംഭവം പോലീസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വരുണ്‍ മട്ടക്കല്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. രണ്ടായിരത്തിലെറെ ഗര്‍ഭനിരോധന ഉറകള്‍ തള്ളിയ സ്ഥലത്ത് സിസിടിവി ക്യാമറകള്‍ അടക്കം ഉണ്ടായിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണു പരാതി.

◾  നീറ്റ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയേക്കുമെന്ന് സൂചന. 2027ല്‍ പരീക്ഷ ഓണ്‍ലൈന്‍ ആക്കാനുള്ള റോഡ് മാപ്പുമായി നന്ദന്‍ നിലേകനിയുടെ പാനല്‍. ജെഇഇ മാതൃകയില്‍ സിബിറ്റി പരീക്ഷ രീതിയില്‍ നീറ്റ് പരീക്ഷയും പരിഗണനയിലെന്നാണ് സൂചന. 12 മുതല്‍ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിര്‍ദേശമുണ്ട്.

◾  കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാല്‍മീകി അഴിമതിക്കേസില്‍ പ്രതിയായ ബി നാഗേന്ദ്രയ്ക്കെതിരേ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചതിനു പിറകേയാണ് മന്ത്രിയാക്കിയത്. നാഗേന്ദ്രയ്ക്കെതിരെ സിബിഐ അന്വേഷണവുമുണ്ട്. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കാനിരിക്കെയാണ് രാജി.

◾  കേരള - തമിഴ്നാട് അതിര്‍ത്തിപ്രദേശമായ ആനക്കട്ടിയിലെ 8 റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടാന്‍ മദ്രാസ് ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് ഉത്തരവു നല്‍കി. ആനക്കട്ടിക്കു സമീപമുള്ള നമ്പര്‍ 24 വീരപാണ്ടി ഗ്രാമത്തില്‍ ലൈസന്‍സുകളില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ പൂട്ടാനാണ് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയത്.

◾  മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഡ്രഗ് ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം പുറത്തറിഞ്ഞത് യുവതിയും കാമുകനും തമ്മില്‍ തെറ്റിപ്പിരിഞ്ഞതോടെ. ചോദ്യചേപ്പര്‍ ചോര്‍ത്തി ജോലിക്കു കയറിയ യുവതിയും കാമുകനും പിരിഞ്ഞതിനുശേഷം കാമുകന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

◾  മോഡലായ യുവതിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ ഡല്‍ഹി പൊലീസ് ഏറ്റുമുട്ടലിനൊടുവില്‍ കീഴ്പ്പെടുത്തി. ഡല്‍ഹിയിലെ ജിംനേഷ്യം പരിശീലകനായ ഇമ്രാനെയാണ് രജൗരി ഗാര്‍ഡന്‍ മേഖലയില്‍ പൊലീസ് പിടികൂടിയത്. പൊലീസിന് നേരേ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പ്രതിക്കുനേരേ പോലീസ് വെടിവച്ചു.

◾  സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പെന്‍ഗ്വിന്‍ ബുക്സ് പിന്മാറി. ഓര്‍മ്മക്കുറിപ്പില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത് സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് സൂചന.

◾  ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം. ഇത്തരം പരിപാടികളിലെ പങ്കാളിത്തത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്നതിനാണ് നടപടി.

◾  യുഎസില്‍ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഇന്ത്യയില്‍ അറസ്റ്റില്‍. തെലങ്കാന സ്വദേശിനിയായ നികിത ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുന്‍ ശര്‍മ(26)യെയാണ് ആഗ്രയില്‍നിന്ന് ഹൈദരാബാദ് പൊലീസ് പിടികൂടിയത്. അര്‍ജുന്‍ ശര്‍മയ്ക്കെതിരേ നികിതയുടെ മാതാപിതാക്കള്‍ നല്‍കിയ വഞ്ചനാക്കേസിലാണ് അറസ്റ്റ്.

◾  നേപ്പാളില്‍ രക്ഷാദൗത്യത്തിന് തയ്യാറെന്ന് ഇന്ത്യന്‍ കരസേന അറിയിച്ചെങ്കിലും വിദേശ രാജ്യങ്ങളുടെ രക്ഷാപ്രവര്‍ത്തന സഹായ വാഗ്ദാനങ്ങള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരസിച്ചു. നേപ്പാളിലെ പോലീസും സുരക്ഷാ ഏജന്‍സികളും ജനങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തും. നേരത്തെ ഭൂകമ്പമുണ്ടായപ്പോള്‍ വിദേശങ്ങളില്‍നിന്ന് എത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പുനര്‍നിര്‍മിതിക്ക് വിദേശ രാജ്യങ്ങളുടെ സഹായം തേടാമെന്നാണ് നേപ്പാള്‍ ഭരണകൂടത്തിന്റെ നിലപാട്.

◾  ഹോര്‍മുസ് കടലിടുക്കില്‍ പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ ഇറാന്‍ നിക്ഷേപിച്ചിരുന്ന മൈനുകള്‍ വിജയകരമായി നീക്കം ചെയ്തതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അവകാശവാദം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഗതാഗത പാത പൂര്‍ണ്ണമായും സുരക്ഷിതമായെന്നും യു.എസ് സേനാ വ്യൂഹം അവകാശപ്പെട്ടു.

◾  എമിറേറ്റ്സ് റോഡിലെ റോഡ് വികസന പദ്ധതിയുടെ പുതിയ റോഡ് ഞായറാഴ്ച തുറന്നുകൊടുക്കും. എമിറേറ്റ്‌സ് റോഡില്‍ വാദി അല്‍ അമാര്‍ദി ദിശയിലുള്ള 5 കിലോമീറ്റര്‍ നീളുന്ന ഭാഗത്താണ് നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ വരികള്‍ തുറക്കുന്നത്.

◾  സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ. പടിഞ്ഞാറന്‍ മേഖലയായ ത്വാഇഫില്‍ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളുണ്ടായി.

◾  2030 ഓടെ അമേരിക്കയില്‍ നിന്ന് പ്രതിവര്‍ഷം ആയിരത്തിലേറെ റോക്കറ്റ് വിക്ഷേപണങ്ങള്‍ നടത്താന്‍ ലക്ഷ്യമിടുന്ന പുതിയ നയത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കി. അമേരിക്കയുടെ ബഹിരാകാശ വിക്ഷേപണ മേഖലയ്ക്ക് കൂടുതല്‍ വേഗം നല്‍കുന്ന പദ്ധതിയാണിത്.

◾  കാനഡയുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമായതോടെ പ്രശസ്തമായ ലേക്ക് ഒന്റാരിയോയുടെ പേരു മാറ്റി ട്രംപ്. തടാകത്തിന് ലേക്ക് അമേരിക്ക എന്ന പേരാണു നല്‍കിയത്.

◾  നേപ്പാളിലെ പ്രളയദുരന്തഭൂമിയില്‍ മോഷണവും. പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍നിന്ന് കമ്മലുകള്‍ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

◾  ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ. സെയിന്റ് ലൂയിസില്‍ നടന്ന ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ഫൈനലില്‍ ഇറ്റാലിയന്‍-അമേരിക്കന്‍ ചെസ്സ് ഗ്രാന്റ്മാസ്റ്റര്‍ ഫാബിയോ കരുവാനയെയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി.

◾  അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,600 ഡോളറിലേക്ക് കുതിച്ചുയര്‍ന്നതോടെ, ഇന്ത്യയിലെ സ്വര്‍ണപ്പണയ വിപണിയും സ്വര്‍ണാഭരണ മേഖലയും പുതിയ വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആഗോള ബ്രോക്കറേജ് ഏജന്‍സിയായ ജെഫ്രീസ്. 'ഇന്ത്യ മോഡല്‍ പോര്‍ട്ട്‌ഫോളിയോ'യില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ എന്‍.ബി.എഫ്.സിയായ മണപ്പുറം ഫിനാന്‍സിനെ ജെഫ്രീസ് ഉള്‍പ്പെടുത്തി. മുത്തൂറ്റ് ഫിനാന്‍സ്, കല്യാണ്‍ ജുവലേഴ്സ് എന്നിവയും സ്വര്‍ണവില വര്‍ധനയുടെ പ്രധാന ഗുണഭോക്താക്കളാകും. കൂടാതെ ടൈറ്റന്‍, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് എന്നീ ഓഹരികള്‍ക്കും സ്വര്‍ണത്തിന്റെ വിലക്കയറ്റം അനുകൂലമായ തരംഗമുണ്ടാക്കും. വെള്ളി വിപണിയിലെ മുന്നേറ്റം പ്രയോജനപ്പെടുത്താന്‍ ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്സിന് പകരം 'ഹിന്ദുസ്ഥാന്‍ സിങ്ക്' ചേര്‍ത്തു. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ 'മീഷോ' പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തി. സ്‌പെഷ്യാലിറ്റി കെമിക്കല്‍ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് 'നവീന്‍ ഫ്‌ളൂറിന്‍' ഉള്‍പ്പെടുത്തിയപ്പോള്‍ അംബുജ സിമന്റിനെ ഒഴിവാക്കി.

◾  യൂണികോണ്‍ ക്ലബില്‍ ഇടംപിടിച്ച് നോയിഡ ആസ്ഥാനമായ സ്പിരിച്വല്‍-ടെക് പ്ലാറ്റ്ഫോം ആസ്‌ട്രോടോക്ക്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തോടെയാണ് ഈ സ്റ്റാര്‍ട്ടപ്പ് യൂണികോണ്‍ ക്ലബിലെത്തിയത്. പുനീത് ഗുപ്തയും അന്‍മോള്‍ ജെയ്നും ചേര്‍ന്ന് 2017ലാണ് ആസ്‌ട്രോടോക്കിന് തുടക്കമിട്ടത്. ഉപയോക്താക്കളെ ജ്യോതിഷികളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 13,000ത്തിലധികം ജ്യോതിഷികള്‍ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്. ആപ്പിലൂടെ പ്രതിദിനം ഒരു ലക്ഷത്തിലധികം മിനിറ്റ് കണ്‍സള്‍ട്ടേഷന്‍ നടക്കുന്നു. മാനസിക സമ്മര്‍ദ്ദം, വെല്‍നസ് എന്നിവയുമായി ബന്ധപ്പെട്ട ആത്മീയ സേവനങ്ങളും ആത്മീയ രത്നങ്ങള്‍, രുദ്രാക്ഷം, പൈറൈറ്റ്, വാസ്തു ഉല്‍പന്നങ്ങള്‍, ധനയോഗ് ഉല്‍പന്നങ്ങള്‍ എന്നിവയും കമ്പനി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ വില്‍ക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആസ്‌ട്രോടോക്ക് 1,176 കോടി രൂപയുടെ വരുമാനം നേടി. ലാഭം 285 കോടി രൂപയായിരുന്നു.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ യമഹ വൈഎസെഡ്എഫ്-ആര്‍2 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ആര്‍15ല്‍ ചേരുന്ന വാഹനം, ആര്‍ പെഡിഗ്രി നിരയിലെ ഏറ്റവും പുതിയ ബൈക്കാണ്. 2026 സെപ്റ്റംബറില്‍ ഡെലിവറികള്‍ ആരംഭിക്കും. 2.30 ലക്ഷം രൂപയാണ് പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ആര്‍2 എം വേരിയന്റിന്റെ വില 2.53 ലക്ഷം വരെ ഉയരും. ഇതിന് പുതുതായി രൂപകല്‍പ്പന ചെയ്ത ചേസിസാണ്. ആര്‍15നെ അപേക്ഷിച്ച് ചേസിസിന്റെ ഭാരം 2 കിലോഗ്രാമില്‍ കൂടുതല്‍ കുറഞ്ഞു. 26.1 ബിഎച്പി പവറും 19.1 എന്‍എം പീക്ക് ടോര്‍ക്കുമുണ്ട്. 204സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്സ്, കൂടാതെ സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ചുമുണ്ട്. മെറ്റാലിക് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂയിഷ് ഗ്രേ, മാറ്റ് വൈറ്റ് പേള്‍, റേസിംഗ് ബ്ലൂ, മെറ്റാലിക് ഗ്രേ എന്നീ കളര്‍ വേരിയെന്റുകളില്‍ ലഭ്യമാണ്. ഇവയില്‍, ഗ്രേ പെയിന്റ് ടോപ്പ്-എന്‍ഡ് വേരിയന്റിലാണ് ലഭിക്കുക. സ്ട്രീറ്റ്, റെയിന്‍, സ്‌പോര്‍ട്ട്, കസ്റ്റം ഡ്രൈവിങ് മോഡുകളുമുണ്ട്.

◾  അനീതിക്കും അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ ധീരമായി നിലകൊണ്ട അനേകം പോരാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മത, വിദ്യാഭ്യാസ നവോത്ഥാനചരിത്രം എന്ന് സാക്ഷ്യപ്പെടുത്തുന്ന കൃതി. അബ്രഹാം മല്പാന്‍, സഹോദരന്‍ അയ്യപ്പന്‍, ചാവറയച്ചന്‍, മക്തി തങ്ങള്‍, ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ തുടങ്ങിയ 50 നവോത്ഥാന നായകരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ലളിതവും ആധികാരികവുമായി അവതരിപ്പിക്കുന്ന പുസ്തകം. ആധുനികകേരളത്തെ രൂപപ്പെടുത്തിയ ആശയധാരകളുടെ ചരിത്രം ഈ ജീവചരിത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു. 50 കേരള നവോത്ഥാന ശില്‍പികള്‍. വി.രാധാകൃഷ്ണന്‍. മാതൃഭൂമി. വില 195 രൂപ.

◾  പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള പുതിയ ടാര്‍ഗറ്റഡ് ചികിത്സയ്ക്ക് അനുമതി നല്‍കി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. 'റാസോണ്‍ക്യൂ' എന്ന പേരില്‍ വിപണിയിലെത്തിക്കുന്ന 'ഡാറാക്സോണ്‍റാസിബ്' എന്ന മരുന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ പ്രതിരോധത്തിനു ഫലപ്രദമെന്നു കണ്ടെത്തിയത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആര്‍.എ.എസ് പ്രോട്ടീനുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നാണിത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഇതേക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുമ്പ് ചികിത്സ തേടിയ മെറ്റാസ്റ്റാറ്റിക് പാന്‍ക്രിയാറ്റിക് ഡക്റ്റല്‍ അഡിനോകാര്‍സിനോമ ബാധിച്ച 500 മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. ഡാറാക്സോണ്‍റാസിബ് നല്‍കിയവരില്‍ 13.2 മാസവും കീമോതെറാപ്പി നല്‍കിയവരില്‍ 6.7 മാസവുമാണ് അതിജീവനനിരക്ക് എന്നു കണ്ടെത്തിയത്. മരണസാധ്യത ഏകദേശം 60% കുറഞ്ഞു. ചില രോഗികളില്‍ ഈ മരുന്ന് ട്യൂമര്‍ ചുരുക്കുക മാത്രമല്ല മറിച്ച് ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വിഭാഗം രോഗികളില്‍ അതിജീവന കാലയളവ് മെച്ചപ്പെടുത്താനായെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളില്‍ 96% പേരിലും ചികിത്സയുമായി ബന്ധപ്പെട്ട പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുവന്ന പാടുകള്‍, വയറിളക്കം, ഓക്കാനം, വായ്പ്പുണ്ണ് ഛര്‍ദ്ദി, ക്ഷീണം എന്നിവയാണ് ചികിത്സയുമായി ബന്ധപ്പെട്ട് സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങള്‍. പാന്‍ക്രിയാസിലെ കോശങ്ങളുടെ അമിതവളര്‍ച്ച മൂലമുണ്ടാകുന്ന അര്‍ബുദമാണിത്. പ്രാരംഭഘട്ടങ്ങളില്‍ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അര്‍ബുദത്തില്‍ കൂടുതലാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.38, പൗണ്ട് - 129.58, യൂറോ - 111.09, സ്വിസ് ഫ്രാങ്ക് - 118.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.62, ബഹറിന്‍ ദിനാര്‍ - 253.47, കുവൈത്ത് ദിനാര്‍ -308.91, ഒമാനി റിയാല്‍ - 248.07, സൗദി റിയാല്‍ - 25.41, യു.എ.ഇ ദിര്‍ഹം - 26.02, ഖത്തര്‍ റിയാല്‍ - 26.17, കനേഡിയന്‍ ഡോളര്‍ - 68.86.
Previous Post Next Post
3/TECH/col-right