2026 | ഓഗസ്റ്റ് 20 | വ്യാഴം
1202 | ചിങ്ങം 4 | വിശാഖം
◾ വീണ വിജയന്‍ ഇന്റര്‍നെറ്റ് കോളുകള്‍ വിളിച്ച് അനധികൃത പണമിടപാടുകള്‍ നടത്തിയത് കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ നന്ദുലാലിന്റെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണെന്ന് എന്‍ഫോഴ്സ്മെന്റ്. 20 കോടി രൂപയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിന്റെ മൊഴി. വീണയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും.
◾ രാഹുല്‍ ഗാന്ധി നടത്തുന്ന ഛാത്രോം കി ഗൂഞ്ച് വിദ്യാര്‍ഥി സമ്മേളനം 800 നഗരങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍, അയോധ്യ ക്ഷേത്രക്കൊള്ള, തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാകും പ്രചാരണവും സംവാദവും. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികളേയും യുവജനങ്ങളേയും മുന്നില്‍ നിറുത്തി ബിജെപിയെ ചെറുക്കാനാണു തീരുമാനം.
◾ വന്ദേമാതരം പൂര്‍ണമായും ആദരവോടെയും ആലപിക്കണമെന്നു പാര്‍ലമെന്റില്‍ നിയമം പാസാക്കിയതാണെന്നും പൂര്‍ണമായും ആലപിക്കാത്തത് കുറ്റകരമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യ രണ്ടു ചരണങ്ങള്‍ മാത്രമേ ആലപിക്കൂവെന്നു നിലപാടെടുത്ത കോണ്‍ഗ്രസ് അഭിനവ മുസ്ലീം ലീഗായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
◾ മുട്ടില്‍ മരംമുറി കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതി റോജി അഗസ്റ്റിന്‍ കോടതിയില്‍ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റ് പ്രതികള്‍ എവിടെ എന്ന് കോടതി ചോദിച്ചു. കോടതിയെ കളിയാക്കുകയാണോ എന്നും കോടതി ചോദിച്ചു.
◾ മുട്ടില്‍ മരംമുറി വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാന്‍ അധികാരമില്ലെന്ന വാദവുമായി അഗസ്റ്റിന്‍ സഹോദരന്‍മാര്‍. കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
◾ ഡിജിപി എസ് ശ്രീജിത്തിനെതിരായ ഹര്‍ജിയില്‍ ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലമിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. നേരിട്ടു ഹാജരാകാനുള്ള ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥന്‍ വഴി അവധി ചോദിച്ചതിനാണ് വിമര്‍ശനം. സംസ്ഥാനത്തെ ഉന്നത കോടതിയാണെന്നും വില്ലേജ് ഓഫീസല്ലെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു. ആവര്‍ത്തിച്ചാല്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പുനല്‍കി. ശ്രീജിത്തിനെതിരായ വിജിലന്‍സ് അന്വേഷണം തീരുമാനിക്കാത്തതിനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തിയത്.
◾ ഡിജിപി എസ് ശ്രീജിത്തിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച ഹര്‍ജിക്കാരനോട് പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തി, യൂണിഫോം ധരിച്ചു യുഎഇയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു, ഗതാഗത കമ്മീഷണറായിരിക്കെ അഴിമതി നടത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുതുതായി ഉന്നയിച്ചിരിക്കുന്നത്.
◾ പിണറായി വിജയന്റെ മകള്‍ വീണയുടെ കോഴിക്കോട്ടെ ലേക്കര്‍ ഇന്ത്യ കോര്‍പ് ഓഫീസ് അടഞ്ഞുകിടക്കുന്നു. കമ്പനി വിവരങ്ങള്‍ വെള്ള പേപ്പറില്‍ പ്രിന്റ് ചെയ്ത് വാതില്‍ക്കല്‍ പതിപ്പിച്ച നിലയിലാണ്. ലേക്കര്‍ ഇന്ത്യയുടെ പാര്‍ടണറായ അനീസിന്റെ പേരിലാണ് 2023 ല്‍ മുറി വാടകയ്ക്കെടുത്തത്. വല്ലപ്പോഴും മാത്രമേ മുറി തുറക്കാറുള്ളൂവെന്ന് ഉടമ മമ്മദാലി.
◾ പിണറായി വിജയന്‍ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതലേ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്. പിണറായി വിജയന് ഉളുപ്പുണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ഇഡി നടപടിയില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുന്‍പാകെ വന്നിട്ടില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ കോഴിക്കോട് കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരന്‍, ഭാര്യ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പരാതി ഇല്ലെന്ന പേരില്‍ കൊടുവള്ളി പൊലീസ് നേരത്തെ സംഭവത്തില്‍ കേസെടുത്തിരുന്നില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയതനുസരിച്ചാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.
◾ ലയണല്‍ മെസിയെ കേരളത്തില്‍ കൊണ്ടുവരുമെന്നു പറഞ്ഞു നടത്തിയ തട്ടിപ്പുകളിലെ നികുതി വെട്ടിപ്പില്‍ ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ച സംഭവിച്ചെന്ന് എസ്ഐടി. മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനെതിരേകൂടി നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്നു കൈമാറും. നേരത്തെ മൂന്നു ഉദ്യോഗസ്ഥര്‍ക്കു ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു.
◾ പുരാരേഖ വകുപ്പിലും പിഎസി സി നിയമന തട്ടിപ്പ്. അന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം. പിഎസ്സി നടത്തുന്ന അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ നിയമനം സംബന്ധിച്ച് മന്ത്രി ഒ ജെ ജെനീഷ് റിപ്പോര്‍ട്ട് തേടി. സ്പെഷ്യല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നിയമന പട്ടികയില്‍ സിപിഎം ബന്ധമുള്ള ഒരു ഉദ്യോഗാര്‍ത്ഥി മാത്രമാണുള്ളത്. അഭിമുഖത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.
◾ പുലിക്കളിക്കെതിരെ നടന്‍ വികെ ശ്രീരാമന്‍. പുരുഷന്മാര്‍ മാറും വയറും വളര്‍ത്തി രൂപവൈകൃതമുണ്ടാക്കി പെയിന്റടിച്ചു തുള്ളുന്നതു കലാരൂപമല്ലെന്നും ആഭാസമാണെന്നും വികെ ശ്രീരാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല. നാട്യശാസ്ത്രത്തില്‍ ഈ കുംഭകുലുക്കിക്കളിയെ ശാര്‍ദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമന്‍ പരിഹസിച്ചു.
◾ പുലിക്കളിയെക്കുറിച്ചുള്ള വി കെ ശ്രീരാമന്റെ പരാമര്‍ശം അപലപനീയമാണെന്ന് ബിജെപി. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം തൃശൂര്‍ ജനതയോട് മാപ്പു പറയണമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു.
◾ ശബരിമല നിലയ്ക്കലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ചുറ്റിക്കറങ്ങിയെങ്കിലും ഇറങ്ങാതെ മടങ്ങി. ഹെലികോപ്റ്ററിന്റെ വരവ് പരിഭ്രാന്തിക്കിടയാക്കി. ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുമെന്ന് കരുതിയെങ്കിലും കുറച്ച് നിമിഷം അന്തരീക്ഷത്തില്‍ നിന്ന ശേഷം ഹെലികോപ്റ്റര്‍ തിരികെ പറക്കുകയായിരുന്നു.
◾ വിരമിച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം ആരംഭിച്ചെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മൂന്നു മാസത്തെ പെന്‍ഷനാണ് ആദ്യ ഘട്ടം വിതരണം ചെയ്യുക. അങ്കണവാടി പെന്‍ഷന്‍ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
◾ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റാപ്പര്‍ വേടന്‍ സൈബര്‍ പൊലീസിനും ഡിജിപിക്കും പരാതി നല്‍കി.
◾ തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും ഓഗസ്റ്റ് 29 മുതല്‍ രണ്ട് സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ വീതം നടത്തും. റിസര്‍വേഷന്‍ ആരംഭിച്ചു. നേരത്തെ, എറണാകുളം - വേളാങ്കണ്ണി റൂട്ടിലും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു.
◾ സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് കോഴ്സിനു നാലര വര്‍ഷത്തേതിനു പകരം അഞ്ചു വര്‍ഷത്തെ ഫീസ് ഈടാക്കിയതിലെ അധികതുക തിരിച്ചുനല്‍കാന്‍ ഉത്തരവിറക്കാതെ സര്‍ക്കാര്‍. ഇപ്പോഴും അഞ്ചു വര്‍ഷത്തെ ഫീസ് അടയ്ക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍.
◾ മലമ്പുഴ ഉദ്യാന നവീകരണം ഡിസംബര്‍ 31 നു മുന്‍പ് പൂര്‍ത്തീകരിച്ച് ജനുവരി ഒന്നിന് ഉദ്യാനം തുറന്നുകൊടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
◾ തിരുവനന്തപുരം മൃഗശാലയില്‍ ഗുജറാത്തില്‍ നിന്ന് സീബ്രയെ എത്തിച്ചു. സിംഹവാലന്‍ കുരങ്ങനേയും രാജവെമ്പാലയേയും പകരമായി നല്‍കിയാണ് സീബ്രയെ എത്തിച്ചത്.
◾ രാജ്യത്തെ 121 ടോള്‍ പ്ലാസകളില്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ ഫാസ്റ്റാഗ് ലോക്കല്‍ പാസ് സൗകര്യം ആരംഭിച്ചു. യോഗ്യതയുള്ളവര്‍ക്ക് ഇനി ടോള്‍ പ്ലാസയില്‍ നേരിട്ട് എത്താതെ തന്നെ മൊബൈല്‍ ആപ്പ് വഴി ലോക്കല്‍ പാസിന് അപേക്ഷിക്കാം.
◾ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗണ്‍സിലിന്റെ 31 -ാം യോഗത്തിനിടെയാണ് മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. ദക്ഷിണ മേഖലാ കൗണ്‍സിലില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു.
◾ താന്‍ പ്രസംഗിച്ച വേദിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പാര്‍ട്ടിയില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍. പല നേതാക്കളും വിഷയത്തില്‍ മൗനം പാലിച്ചുവെന്ന് അദ്ദേഹം വിമര്‍ശിച്ചപ്പോള്‍, പാര്‍ട്ടിയൊന്നാകെ ഖര്‍ഗെയ്ക്ക് ഒപ്പമുണ്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
◾ ഗുജറാത്തിലെ ഭാവ്നഗറില്‍ പോലീസില്‍ ജോലി ലഭിച്ചതിന്റെ ആഘോഷത്തിനിടെ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. 12 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 21 പേര്‍ക്കെതിരെ പോലീസ് കേസെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
◾ വീല്‍ ചെയറില്‍ കഴിഞ്ഞിരുന്ന അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകന്‍. തമിഴ്നാട് തിരുവള്ളൂര്‍ മനവൂര്‍ സ്റ്റേഷന് സമീപമാണ് സംഭവം. ആവഡി ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍ കരാര്‍ ജീവനക്കാരന്‍ ആയ പാര്‍ത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊന്നത്. വീല്‍ചെയറോടെ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.
◾ ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ് അംബാസഡറുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് സര്‍ക്കാര്‍. സെര്‍ജിയോ ഗോറിന്റെ പ്രസ്താവന യുഎസ് നയം മാറുന്നതിന്റെ സൂചനയെന്ന് ഇന്ത്യയുടെ വിലയിരുത്തല്‍. അതേസമയം ഗോറിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയാണ് പാകിസ്ഥാന്‍ രേഖപ്പെടുത്തിയത്. യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു.
◾ തെലങ്കാനയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ കൊലപ്പെടുത്തിയത് വീട്ടില്‍ മോഷണത്തിനു ശ്രമിച്ച വിദ്യാര്‍ത്ഥികളാണെന്നു പൊലീസ്. നല്‍ഗൊണ്ട ജില്ലയിലെ കൊണ്ടമല്ലെപ്പള്ളി നാഗാര്‍ജുന ഗ്രാമ്മര്‍ കണ്‍സെപ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല്ലു രൂപ റെഡ്ഡി (50) യാണു കൊല്ലപ്പെട്ടത്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
◾ ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ നാല് മാസത്തിനിടെ വധശിക്ഷ വിധിച്ചത് 22 പ്രതികള്‍ക്ക്. പിന്നാലെ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രവികുമാര്‍ ദിവാകറിന്റെ കോടതിയില്‍ നിന്ന് നൂറോളം കൊലക്കേസുകള്‍ മറ്റു കോടതികളിലേക്കു മാറ്റി.
◾ കര്‍ണാടകത്തിലെ യാദ്ഗിരി ജില്ലയില്‍ മക്കളെ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയില്‍. ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയും രണ്ടര വയസ്സുള്ള സഹോദരനുമാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ക്ക് അമ്മയോടുള്ള അടുപ്പമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് മൊഴി.
◾ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്തെ അനധികൃത നിര്‍മ്മാണങ്ങളും ബാരിക്കേഡുകളും പൊളിച്ചുനീക്കി.
◾ തെരുവുനായ ശല്യത്തിനെതിരെ പ്രതിഷേധിക്കാന്‍ ഒരാള്‍ നായയുടെ മുഖംമൂടി ധരിച്ച് മധ്യപ്രദേശിലെ ഖണ്ഡ്വ കളക്ടറേറ്റിലെത്തി കളക്ടര്‍ക്കു പരാതി നല്‍കി. ഖണ്ഡ്വ നഗരത്തിലെ തെരുവുനായ പ്രശ്നവും നായകളുടെ വന്ധ്യംകരണ പദ്ധതിയിലെ ക്രമക്കേടുകളുമാണ് പ്രതിഷേധത്തിലൂടെ ഉയര്‍ത്തിക്കാട്ടിയത്.
◾ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ യാത്രക്കാരായ രണ്ടുപേരില്‍ നിന്നായി 68.53 ലക്ഷം രൂപ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് പിടിച്ചെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
◾ ആര്‍എസ്എസിനെതിരെ ഉപരോധം വേണമെന്ന് യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രതിനിധികള്‍ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതാക്കള്‍ക്ക് നയതന്ത്ര പരിരക്ഷയോ ഉന്നതതല യോഗങ്ങളോ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഈ മാസം 29 ന് ന്യൂയോര്‍ക്കില്‍ 'യൂണിവേഴ്സല്‍ വണ്‍നസ് സെലിബ്രേഷന്‍സില്‍' പങ്കെടുക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എത്താനിരിക്കേയാണ് ഈ നീക്കം.
◾ സുപ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെ, ജലപാതയ്ക്ക് മേല്‍ ഇറാന് ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി കടലിടുക്കിലൂടെയുള്ള കാര്‍ഗോ നീക്കത്തിന്റെ 80 ശതമാനത്തിലധികവും ഒമാന്‍ റൂട്ടിലൂടെയാണ് നടന്നിട്ടുള്ളത്. യുഎന്‍ അംഗീകരിച്ചതും എന്നാല്‍ ഇറാന്‍ ശക്തമായി എതിര്‍ക്കുന്നതുമായ റൂട്ടാണിത്.
◾ യുഎസ് - ഇറാന്‍ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. മുന്‍പെങ്ങുമില്ലാത്ത ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇറാന്‍ നേരിടേണ്ടി വരികയെന്ന് ട്രംപ്
◾ ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കേംബ്രിഡ്ജില്‍ ആദ്യമായി ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ 2026 ഓഗസ്റ്റ് 29-ന് നടക്കുന്ന ക്യാമ്പില്‍ പാസ്പോര്‍ട്ട്, വിസ തുടങ്ങിയ നിരവധി സേവനങ്ങള്‍ ലഭ്യമാകും.
◾ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഏഴാം സീഡുകാരായ ജപ്പാന്റെ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. ലോക റാങ്കിംഗില്‍ 39-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ സഖ്യം 21-16, 21-12 എന്ന സ്‌കോറിനാണ് ജാപ്പനീസ് സഖ്യത്തെ തകര്‍ത്തത്.
◾ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി പങ്കാളിത്തം 9.99 ശതമാനം വരെയായി ഉയര്‍ത്താന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിലവില്‍ 4.11 ശതമാനം ഓഹരി പങ്കാളിത്തമാണ് എല്‍.ഐ.സിക്കുള്ളത്. 2026-ല്‍ ഇതുവരെയുള്ള കാലയളവില്‍ 27 ശതമാനം തിരിച്ചടി നേരിട്ട് സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നതിനിടെയാണ് എല്‍.ഐ.സിയുടെ ഈ നീക്കമെന്നതും ശ്രദ്ധേയം. കഴിഞ്ഞ ദിവസം എച്ച്.ഡി.എഫ്.സി ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ ഔദ്യോഗിക അറിയിപ്പിലൂടെയാണ് എല്‍.ഐ.സിയുടെ നീക്കം പുറത്തറിയുന്നത്. എല്‍.ഐ.സി സമര്‍പ്പിച്ച അപേക്ഷയ്ക്കാണ് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ഇപ്പോള്‍ ലഭിച്ചത്. ഇത് നിര്‍ബന്ധിത വാങ്ങലല്ല, മറിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഘട്ടംഘട്ടമായി ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനുള്ള പരമാവധി പരിധിയാണ്.
◾ ഇന്ത്യയിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളും ഡിവൈസുകളെ തകരാറിലാക്കുന്നതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. ഡെസ്‌ക്ടോപ്പ് സിസ്റ്റങ്ങളിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് എന്നിവ ഉപേയാഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഹാക്കര്‍മാരില്‍ നിന്ന് രക്ഷനേടാന്‍ ഉപയോക്താക്കള്‍ ബ്രൗസറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പ്രത്യേക ലിങ്കുകള്‍ അയച്ചാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തുന്നത്. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഒരു പ്രത്യേക വെബ് പേജ് തുറക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. വിന്‍ഡോസ്, മാക് ഒഎസ് എന്നിവയില്‍ 151.0.7922.137/.138 ന് മുമ്പുള്ള ക്രോം പതിപ്പുകള്‍ക്കും, 151.0.7922.137 ന് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കുന്ന ലിനക്‌സ് ഉപയോക്താക്കളെയും ഇത് ബാധിച്ചേക്കാം.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്‌സ്ഇവി 9എസിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനോട് കൂടിയ മോഡലാണ് അവതരിപ്പിച്ചത്. പായ്ക്ക് ടു എബോ, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോ വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക. 25.25 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുക. പുതിയ മോഡലില്‍ മൂന്നാം നിരയില്‍ രണ്ടു സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം നിരയില്‍ പ്രത്യേക ക്യാപ്റ്റന്‍ സീറ്റുകളാണ് മറ്റൊരു പ്രത്യേകത. ട്രിപ്പിള്‍ സ്‌ക്രീന്‍ സെറ്റപ്പ് ആണ് മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. സെന്‍ട്രല്‍ ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പാസഞ്ചര്‍ സൈഡ് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ സ്‌ക്രീന്‍ സംവിധാനം. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ എസി വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി കാമറ, ലെവര്‍ 2 അഡാസ് എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍. മൂന്ന് ബാറ്ററി ഓപ്ഷനുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 282 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒറ്റ ഇലക്ട്രിക് മോട്ടോറാണ് പിന്‍വീലുകള്‍ക്ക് ശക്തി പകരുന്നത്.
◾ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു ലളിതമായ സെല്‍ഫ് കെയര്‍ രീതിയാണ് ബാത്ത് സോള്‍ട്ട് ഉപയോഗിച്ചുള്ള കുളി. ചെറുചൂടു വെള്ളത്തില്‍ അല്‍പം ബാത്ത് സോള്‍ട്ട് ലയിപ്പിച്ച ശേഷം ആ വെള്ളത്തില്‍ കുളിക്കുന്നത് ശരീരവേദന മാറാനും ശരീരം റിലാക്സ് ആകാനും സഹായിക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുന്ന ഒരു ഉല്‍പ്പന്നമാണ് ബാത്ത് സോള്‍ട്ട്. കടല്‍ ഉപ്പ്, മിനറല്‍ സോള്‍ട്ട് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ചില ബാത്ത് സോള്‍ട്ടുകളില്‍ സുഗന്ധത്തിനായി എസെന്‍ഷ്യന്‍ ഓയില്‍, ഡ്രൈഡ് ഫ്ലവേഴ്സ്, ഹെര്‍ബ്സ് തുടങ്ങിയവയും ചേര്‍ക്കാറുണ്ട്. ഇവ സാധാരണ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഉപ്പിന് സമാനമല്ല. ചൂടുവെള്ളത്തില്‍ കുറച്ച് സമയം കുളിക്കുന്നത് ശരീരത്തിലെ പേശികള്‍ക്ക് ആശ്വാസം നല്‍കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യാം. അതിനൊപ്പം ബാത്ത് സോള്‍ട്ട് ഉപയോഗിക്കുന്നത് റിലാക്സിങ് ബാത്ത് എന്ന അനുഭവം കൂടുതല്‍ സുഖകരമാക്കാം. ദിവസം മുഴുവന്‍ നില്‍ക്കുകയോ നടക്കുകയോ ചെയ്ത ശേഷം കാലുകള്‍ വെള്ളത്തില്‍ മുക്കിവയ്ക്കുന്നത് പ്രത്യേകിച്ച് ആശ്വാസകരമായി തോന്നാം.ഏറെ നടക്കേണ്ടി വന്ന ദിവസങ്ങളില്‍ കാലുകള്‍ക്ക് വേദന അനുഭവപ്പെടാം. അത്തരം സാഹര്യങ്ങളില്‍ ആശ്വാസകരമായിരിക്കും. ഒരു പാത്രത്തില്‍ ഇളംചൂടുവെള്ളം എടുത്ത് അതില്‍ അനുയോജ്യമായ അളവില്‍ ബാത്ത് സോള്‍ട്ട് ചേര്‍ത്ത് കാലുകള്‍ കുറച്ച് സമയം മുക്കിവയ്ക്കാം. കുളിക്ക് ശേഷം ശരീരം ശുദ്ധജലത്തില്‍ കഴുകുകയും ചര്‍മം സാവധാനം തുടച്ച് ഉണക്കുകയും ചെയ്യാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.69, പൗണ്ട് - 130.41, യൂറോ - 111.90, സ്വിസ് ഫ്രാങ്ക് - 119.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.19, ബഹറിന്‍ ദിനാര്‍ - 255.42, കുവൈത്ത് ദിനാര്‍ -310.38, ഒമാനി റിയാല്‍ - 248.86, സൗദി റിയാല്‍ - 25.47, യു.എ.ഇ ദിര്‍ഹം - 26.03, ഖത്തര്‍ റിയാല്‍ - 26.40, കനേഡിയന്‍ ഡോളര്‍ - 69.47.
Tags:
KERALA