Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഓഗസ്റ്റ് 19 | ബുധന്‍
1202 | ചിങ്ങം 3 | ചോതി

◾  എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്കുകൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

◾  സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലും തമ്മിലുള്ള  സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു കൂടുതല്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ്. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കുകയാണ് ഇ ഡി. നിഖിലിന്റെ പരസ്യ കമ്പനിയായ സൊലാസിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നുണ്ട്.

◾  ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ് ടി തട്ടിപ്പില്‍ എസ് ഐ ടി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ജി എസ് ടി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് എസ് ഐ ടിയുടെ പ്രാഥമിക നിഗമനം.



◾  മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസില്‍ പ്രതികള്‍ വീണ്ടും ഹൈക്കോടതിയില്‍. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുക്കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം.

◾  വീണയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്. അതിനുശേഷം വീണ ലെയ്ക്കര്‍ എന്ന സ്ഥാപനം തുടങ്ങി എന്ന് പറഞ്ഞ് വീണ്ടും വാര്‍ത്തകള്‍ വന്നു. വീണ സ്വതന്ത്രമായ വ്യക്തിയാണ്. അവര്‍ക്ക് നിയമപരമായി ബിസിനസ് നടത്താനുള്ള അവകാശമുണ്ട്. മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ സൃഷ്ടിക്കാനാണ് ഇഡി ശ്രമിച്ചതെന്നും റിയാസ് പറഞ്ഞു.

◾  സിപിഎമ്മിനെ കടന്നാക്രമിക്കാനും മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുമാണ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പുകമറ സൃഷ്ടിച്ച് പാര്‍ട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനുള്ള ശ്രമം പാര്‍ട്ടി ശക്തമായി പ്രതിരോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾  മഴക്കാല ശുചീകരണത്തിന് ഉയര്‍ന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്നു കണ്ടെത്തിയതില്‍ ആരോഗ്യ മന്ത്രി കെ മുരളീധരന് കടുത്ത അതൃപ്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് അതൃപ്തി പ്രകടിപ്പിച്ചത്.

◾  വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്കു ശേഷമെന്ന് സംസ്ഥാന സര്‍ക്കാര്‍. വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി.

◾  ശമ്പളപരിഷ്‌കരണം സംബന്ധിച്ചുള്ള കോളേജ് അധ്യാപകരുടെ കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകാന്‍ കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം.  അഡീഷല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മ്മിള മേരി ജോസഫ് എന്നിവരോടാണ് കോടതി അലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

◾  ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കുള്ള ഓണം ബോണസ് ഇത്തവണയും ഒരുലക്ഷം രൂപ. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്.

◾  എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങില്‍ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടെന്നും ആ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ഉദ്ഘാടന പരിപാടിയില്‍ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

◾  നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രവും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ തയ്യാറാക്കി സംഘാടകര്‍. പ്രൂഫ് നോക്കാന്‍ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കള്‍ച്ചറല്‍ കമ്മിറ്റി വിശദീകരിച്ചു. പോസ്റ്റര്‍ വിഷയത്തില്‍ പ്രതിഷേധമില്ലെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു.

◾  ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നതിനുസരിച്ച് അധിക സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തീയതികളിലാണ് അധിക സര്‍വ്വീസ്.

◾  മുല്ലപെരിയാര്‍ കേസില്‍ സ്പെഷ്യല്‍ കൗണ്‍സലിനെ നിയമിച്ച് കേരളം. പ്രമുഖ അഭിഭാഷകന്‍ റോയ് എബ്രഹാമിനെയാണ് കേരളം പ്രത്യേക അഭിഭാഷകനായി നിയമിച്ചത്. കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളിലും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിക്കും.

◾  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂര്‍ണ കയറ്റുമതി- ഇറക്കുമതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്‌ക്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരന്‍ എംഎല്‍എ. അസൗകര്യമുള്ളത് കൊണ്ടാണ് താന്‍ പങ്കെടുക്കാതിരുന്നത്. വന്ദേമാതരം വിവാദവുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


◾  പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണായി കോണ്‍ഗ്രസ് വിമതയായ മായരാഹുലിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമതരും മായരാഹുലിന് വോട്ട് ചെയ്തു. ആകെ 26 കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി. ഇതില്‍ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു.

◾  കെഎസ്ആര്‍ടിസിയുടെ സൗജന്യ സര്‍വീസായ പ്രിയദര്‍ശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.

◾  ചലച്ചിത്ര നിര്‍മ്മാതാവ് ജിയോ കുട്ടപ്പന്‍ എന്ന എന്‍.ജി. ജോണ്‍ അന്തരിച്ചു. 90 വയസായിരുന്നു. ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീന്‍, ഇന്നല്ലെങ്കില്‍ നാളെ, ഈനാട്, ഇനിയെങ്കിലും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് ജിയോ കുട്ടപ്പന്‍.

◾  ലക്ഷദ്വീപില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പോലീസുകാര്‍ക്കായി ഒരാഴ്ചയായി തിരച്ചില്‍ തുടരുന്നു. പോലീസ്, മത്സ്യത്തൊഴിലാളികള്‍, കോസ്റ്റ്ഗാര്‍ഡ് എന്നിവര്‍ സംയുക്തമായി നടത്തുന്ന വിപുലമായ പരിശോധനയിലും ഇവരെ കണ്ടെത്താനായിട്ടില്ല.

◾  കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബന്ധുവായ 13 കാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ലെന്ന് മുഖ്യാസൂത്രകയായ പെണ്‍കുട്ടി പറഞ്ഞെന്നു പോലീസ്.

◾  മലപ്പുറം കോട്ടയ്ക്കലില്‍ വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. ഈസ്റ്റ് വില്ലൂരിലാണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ ഭാഗികമായും കത്തിനശിച്ചു.

◾  അമ്പലപ്പുഴയില്‍ ട്രെയിനിടിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന നിഗമനത്തില്‍ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നും അതു കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ ശ്രമിച്ചെന്നുമാണു മൊഴി.



◾  തമിഴ്നാട്ടില്‍ 234 എംഎല്‍എമാര്‍ക്കും പുതിയ കാര്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഇതിന് പുറമെ ഡ്രൈവര്‍മാരുടെ ശമ്പളത്തിനും കാര്‍ സംബന്ധമായ മറ്റ് ചെലവുകള്‍ക്കുമായി ഓരോ മാസവും 75,000 രൂപ വീതം എംഎല്‍എമാര്‍ക്ക് അനുവദിക്കും. സ്വന്തമായി കാര്‍ ഇല്ലാത്തതിനാല്‍ മണ്ഡലത്തില്‍ എല്ലായിടത്തും എത്താന്‍ കഴിയുന്നില്ലെന്ന വിസികെ എംഎല്‍എ ജ്യോതിമണിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പ്രഖ്യാപനമെന്നും ഇതിലൂടെ അഴിമതി ഇല്ലാത്ത ജനസേവനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും വിജയ് പറഞ്ഞു.

◾  കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമെന്നു സൂചന. വലിയ മാറ്റങ്ങള്‍ മന്ത്രിസഭയില്‍ വരുത്താന്‍ നരേന്ദ്ര മോദി ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മുപ്പതിലധികം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വന്നേക്കും. പത്തിനടുത്ത് മന്ത്രിമാര്‍ക്ക് രാജിവെക്കാനുള്ള നിര്‍ദ്ദേശം നല്‍കാനും സാധ്യതയുണ്ട്.

◾  വിദേശത്തേക്ക് വന്‍തോതില്‍ പണമയച്ച സ്ഥാപനങ്ങള്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. 394 കമ്പനികള്‍ക്കെതിരെയാണ് അന്വേഷണം.

◾  തെഹല്‍ക്ക മാഗസിന്‍ സ്ഥാപകനും മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതി വിധിച്ച 10 വര്‍ഷത്തെ കഠിനതടവ് അപര്യാപ്തമാണെന്നും ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഗോവ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

◾  എന്‍ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് കോക്റോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേരാനുള്ള കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ ക്ഷണമാണ് ദിപ്കെ നിരസിച്ചത്.

◾  ബിജെപി ദേശീയ വക്താവ് സ്ഥാനത്തുനിന്നും ഷെഹ്സാദ് പൂനവാല രാജിവച്ചത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വെളിപ്പെടുത്തല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ വക്താക്കള്‍ക്ക് പ്രതിഫലം നല്‍കാത്തതിനാല്‍ ഉപജീവനത്തിന് ബുദ്ധിമുട്ടാണെന്നും എന്നാല്‍ പാര്‍ട്ടിയുടെ ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

◾  ബിഹാറിലെ ഗയ ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ഉപ്പിന് പകരം അബദ്ധത്തില്‍ ഡിറ്റര്‍ജന്റ് പൗഡര്‍ ചേര്‍ത്തതിനെത്തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികള്‍ അസുഖബാധിതരായി. അതാവോ പഞ്ച്ദേവ പ്രൈമറി സ്‌കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

◾  ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിര്‍ത്തി വയ്ക്കാന്‍ യുഎഇ തീരുമാനിച്ചു. യുഎഇക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിനു പിറകേയാണ് ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

◾  24 ദിവസത്തെ കടല്‍ യാത്രയ്ക്ക് ശേഷം സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് പേടകം ക്രിസ്മസ് ദ്വീപിനു സമീപത്തെത്തി. സ്റ്റാര്‍ഷിപ്പിന്റെ പതിമൂന്നാം പരീക്ഷണ ദൗത്യത്തില്‍ ഉപയോഗിച്ച ഷിപ്പ് ആണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരിച്ചിറങ്ങിയശേഷം കടല്‍മാര്‍ഗം കരയ്ക്കണഞ്ഞത്. ജൂലൈ 24ന് ടെക്സസിലെ സൗത്ത് ടെക്സസിലുള്ള സ്റ്റാര്‍ബേസ് കേന്ദ്രത്തില്‍ നിന്നായിരുന്നു സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്.

◾  നബിദിനത്തിന് പൊതു അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. 25 നാണ് നബിദിനമെങ്കിലും യുഎഇയില്‍ 28 നാണ് പൊതുഅവധി. ശനിയും ഞായറും ചേര്‍ത്ത് മൂന്നു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

◾  സമുദ്രത്തിലേക്ക് പോകുന്നതിന് പകരം കൃത്രിമ വെളിച്ചം കണ്ട് റോഡിലേക്ക് ഇഴഞ്ഞുനീങ്ങിയ 55 കടലാമക്കുഞ്ഞുങ്ങള്‍ ചത്തു. യുഎസിലെ ഫ്ലോറിഡയിലുള്ള 'അന്ന മരിയ ഐലന്‍ഡ്' തീരത്താണ് ദാരുണമായ സംഭവം നടന്നത്. വിരിഞ്ഞിറങ്ങിയ ഉടന്‍ കടലിലെ പ്രകാശ പ്രതിഫലനം നോക്കി സഞ്ചരിക്കേണ്ട ലോഗര്‍ഹെഡ് ഇനത്തില്‍പ്പെട്ട കടലാമക്കുഞ്ഞുങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

◾  ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 165 റണ്‍സിന്റെ വമ്പന്‍ ജയം. 372 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം ലഞ്ചിനുശേഷം 206 റണ്‍സിന് ഓള്‍ ഔട്ടായി. ആറ് വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്ത സുതാര്‍ മത്സരത്തിലാകെ 10 വിക്കറ്റെടുത്തു.

◾  ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ 5 ബാങ്കുകളുടെ ആകെയുള്ള നിക്ഷേപത്തിന്റെ 37 ശതമാനം മുതല്‍ 75 ശതമാനം വരെയും നല്‍കിയത് മലയാളികളാണെങ്കിലും ഈ ബാങ്കുകള്‍ നല്‍കിയ ആകെ വായ്പകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്ത്. 18 മുതല്‍ 53 ശതമാനം വായ്പ മാത്രമാണ് കേരളത്തിന് ലഭിച്ചത്. ഇസാഫിന്റെ ആകെ നിക്ഷേപത്തിന്റെ 72.9 ശതമാനവും മലയാളികളുടേതാണ്. എന്നാല്‍ വായ്പയിനത്തില്‍ കിട്ടിയത് 33.5 ശതമാനം മാത്രം. ഫെഡറല്‍ ബാങ്കില്‍ 58.6 ശതമാനം നിക്ഷേപം കേരളത്തിലേതാണ്. വായ്പയില്‍ 26.6 ശതമാനം മാത്രമാണ് ഇങ്ങോട്ട് വന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 62.9 ശതമാനം നിക്ഷേപത്തിന് 31.3 ശതമാനം വായ്പ എന്ന കണക്കാണ്. ധനലക്ഷ്മി ബാങ്ക് 74.8 ശതമാനം നിക്ഷേപം ഇവിടുന്ന് വാങ്ങിയപ്പോള്‍ വായ്പ കൊടുത്തത് 52.8 ശതമാനമാണ്. സി.എസ്.ബി ബാങ്കിലാകട്ടെ നിക്ഷേപത്തിന്റെ 37.2 ശതമാനവും വായ്പയുടെ 17.8 ശതമാനവുമാണ് കേരളത്തിന്റെ വിഹിതം. കേരളത്തിലെ സുരക്ഷിതമായ നിക്ഷേപ തുക ഉപയോഗിച്ച് ദേശീയതലത്തില്‍ ബിസിനസ് വലിയ രീതിയില്‍ വികസിപ്പിക്കുകയെന്ന സ്ട്രാറ്റജിയാണ് ഇപ്പോള്‍ കേരളത്തിലെ ബാങ്കുകള്‍ പരീക്ഷിക്കുന്നത്.

◾  ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്‌കാം അലേര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍, സംശയാസ്പദമായ സന്ദേശങ്ങള്‍ തിരിച്ചറിയാനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സഹായിക്കും. ഫോണിലെ എഐ മെഷീന്‍ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. അപരിചിതരില്‍ നിന്ന് വരുന്ന സന്ദേശങ്ങളിലെ ഭാഷയും സംഭാഷണ രീതികളും ഇത് വിശകലനം ചെയ്യും. സന്ദേശം തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന് എഐ സംശയിച്ചാല്‍ ഉടന്‍ തന്നെ ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കും. ഈ സാങ്കേതികവിദ്യ പൂര്‍ണമായും ഉപയോക്താവിന്റെ ഫോണില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, നിങ്ങളുടെ സന്ദേശങ്ങളൊന്നും വാട്സ്ആപ്പിന്റെയോ മെറ്റയുടെയോ സെര്‍വറുകളിലേക്ക് അയക്കില്ല.

◾  ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കിയ പുതിയ ഓണപ്പാട്ടാണ് 'ഓണം വൈബ് 2026'. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഓണത്തിന്റെ ഗൃഹാതുരതയും ആഘോഷത്തിമിര്‍പ്പും സമന്വയിപ്പിച്ച് ജെന്‍ സി തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 'ഭീഷ്മരിലൂടെ' മലയാളികള്‍ക്ക് സുപരിചിതയായ അമ്മേരയും നടന്‍ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയില്‍ പുതുതലമുറയ്ക്ക് അവസരങ്ങള്‍ നല്‍കുന്ന പതിവ് ഇത്തവണയും ഈസ്റ്റ് കോസ്റ്റ് വിജയന്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീജിത്ത് പ്രധാന വേഷത്തിലെത്തുമ്പോള്‍ യുവഗായകരായ സൂര്യനാരായണനും ദേവനന്ദയും ഈസ്റ്റ് കോസ്റ്റ് ബാനറിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ടീം ഈസ്റ്റ് കോസ്റ്റ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡാന്‍സ് കൊറിയോഗ്രാഫി ശാന്തി മാസ്റ്റര്‍ ആണ്.

◾  തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ 'ജനനായകന്റെ' പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. 'അടിയെ ഏന്‍ പൂന്തേനെ..' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രവി ജിയും ഗാനം ആലപിച്ചിട്ടുണ്ട്. കാര്‍ത്തിക് നേതയുടേതാണ് വരികള്‍. നിലവില്‍ ജനനായകന്‍ ഒടിടിയില്‍ റിലീസിന് ഒരുങ്ങുകയാണ്. സീ 5 ലൂടെ ഓഗസ്റ്റ് 21 നാവും ചിത്രം എത്തുകയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, മമിത ബൈജു, നരെയ്ന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, റേ ഇസഡ്ആര്‍ 125 മോഡലിന്റെ പുതുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. നിലവിലുള്ള സ്‌പോര്‍ട്ടി ഡിസൈനില്‍ തുടരുമ്പോഴും സ്‌കൂട്ടറിന് കൂടുതല്‍ ആകര്‍ഷണം ലഭിക്കുന്നതിനായി പുതിയ പെയിന്റ് ഫിനിഷുകളും അപ്‌ഡേറ്റ് ചെയ്ത ഗ്രാഫിക്‌സും ലഭിച്ചിട്ടുണ്ട്. സ്ട്രീറ്റ് റാലി വേരിയന്റില്‍ ഇപ്പോള്‍ ടിഎഫ്ടി ഡിസ്‌പ്ലേ സജ്ജീകരിച്ചിട്ടുണ്ട്. നാവിഗേഷന്‍ ഫംഗ്ഷണാലിറ്റി, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി എന്നിവയോട്കൂടിയാണ് ടിഎഫ്ടി ഡിസ്‌പ്ലേ വരുന്നത്. എന്‍ഹാന്‍സ്ഡ് പവര്‍ അസിസ്റ്റ്, സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം, സ്റ്റോപ്പ് ആന്റ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചറുകള്‍. സീറ്റിനടിയില്‍ 21 ലിറ്റര്‍ സ്റ്റോറേജ്, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 125 സിസി, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപരുന്നത്. വിവിധ വേരിയന്റുകള്‍ക്ക് 79,880 രൂപ മുതല്‍ 1,00,440 രൂപ വരെയാണ് വില.

◾  മനുഷ്യബന്ധങ്ങള്‍ക്ക് ഭൗതികശാസ്ത്രത്തിലെ 'റെസൊണന്‍സ് (അനുരണനം), 'റിലേറ്റീവ് മോഷന്‍' (ആപേക്ഷിക ചലനം) എന്നിവയുമായി എന്ത് ബന്ധമാണുള്ളത്? കാറ്റിന്റെയും മഴയുടെയും താളങ്ങളില്‍ തുടങ്ങി, ബാലിസ്റ്റിക്‌സിലൂടെ സഞ്ചരിച്ച്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ എത്തിനില്‍ക്കുന്ന ഒരു നോവല്‍. പ്രപഞ്ചത്തിന്റെ ഫ്രീക്വന്‍സികള്‍ മനുഷ്യരുടെ ഹൃദയമിടിപ്പുകളുമായി എങ്ങനെ സംവദിക്കുന്നുവെന്നും ലോകത്തിന്റെ രണ്ട് വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും ഒരേ ആവൃത്തിയില്‍ തുടിക്കുന്ന മനസ്സുകള്‍ എങ്ങനെ ഒന്നാകുമെന്നും എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ ലളിതമായി വരച്ചുകാട്ടുന്നു. 'പ്രണയധ്വനി'. ബിനില്‍ ചന്ദ്രന്‍. ഡിസി ബുക്സ്. വില 269 രൂപ.

◾  ചര്‍മത്തിന് സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്‍ ഉല്‍പാദിപ്പിക്കുന്ന മെലാസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം തകരുകയോ അവ നശിക്കുകയോ ചെയ്യുമ്പോഴാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ഉണ്ടാകുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒരു സങ്കീര്‍ണ രോഗാവസ്ഥയാണിത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. രോഗം പൂര്‍ണമായി മാറ്റാന്‍ കഴിയുമോ, പാടുകള്‍ പഴയ നിറത്തിലേക്ക് തിരിച്ചുവരുമോ എന്നത് രോഗികളെ ഏറെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്. അതിനിടെ വിറ്റിലിഗോ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷയാവുകയാണ് യുഎഇയുടെ നടപടി. 'നോണ്‍-സെഗ്മെന്റല്‍ വിറ്റിലിഗോ' ചികിത്സയ്ക്ക് ദിവസവും വായിലൂടെ കഴിക്കാവുന്ന RI-NVOQ (upadacitinib) എന്ന മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ മാറി. JAK1 inhibitor വിഭാഗത്തില്‍പ്പെടുന്ന മരുന്നാണ് upadacitinib. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ചില സിഗ്നലിങ് പാതകളെ നിയന്ത്രിക്കുകയാണ് ഇത് ചെയ്യുന്നത്. വിറ്റിലിഗോ രോഗികളില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെലനോസൈറ്റുകളെ ആക്രമിക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. അതുകൊണ്ട് പ്രതിരോധ സംവിധാനത്തെ ലക്ഷ്യമിടുന്ന ചികിത്സയ്ക്ക് രോഗത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ചില രോഗികളില്‍ നഷ്ടപ്പെട്ട പിഗ്മെന്റ് തിരിച്ചു വരാനും സഹായിക്കാനാകുമോ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.73, പൗണ്ട് - 129.83, യൂറോ - 111.08, സ്വിസ് ഫ്രാങ്ക് - 118.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.79, ബഹറിന്‍ ദിനാര്‍ - 253.87, കുവൈത്ത് ദിനാര്‍ -310.25, ഒമാനി റിയാല്‍ - 249.01, സൗദി റിയാല്‍ - 25.55, യു.എ.ഇ ദിര്‍ഹം - 26.08, ഖത്തര്‍ റിയാല്‍ - 26.19, കനേഡിയന്‍ ഡോളര്‍ - 69.01.
Previous Post Next Post
3/TECH/col-right