Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഓഗസ്റ്റ് 18 | ചൊവ്വ 
1202 | ചിങ്ങം 2 | ചോതി

◾ മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖിലിന്റെയും റിയാസിന്റെ അടുത്ത സുഹൃത്ത് ഡിടിപിസി ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ നന്ദുലാലിന്റെയും ഫ്ളാറ്റുകളില്‍ അടക്കം എട്ടിടത്ത് റെയ്ഡ്. ഷൈജല്‍, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. റിയാസാണ് ഇഡിയുടെ ലക്ഷ്യമെന്നാണു റിപ്പോര്‍ട്ട്.

◾ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ പരാതികള്‍ നേരിടുന്ന 10 ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 2025ല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈനില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മീഷോ എന്നീ പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ്. 1.33 ലക്ഷം പരാതികളാണ് ഫ്‌ളിപ്കാര്‍ട്ടിനെതിരെ ലഭിച്ചത്. ആമസോണ്‍ (91,248), മീഷോ (29,284) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. മിന്ത്ര, നെറ്റ്മെഡ്സ്, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, നാപ്തോള്‍, വിഎല്‍ഇ ബസാര്‍, നൈക്ക എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ശേഷം അത് ലഭിക്കാത്തതാണ് ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.  ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരാതികള്‍ 1915 എന്ന ടോള്‍-ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാം. മലയാളം ഉള്‍പ്പെടെ 17 ഭാഷകളില്‍ സേവനം ലഭ്യമാണ്. വാട്സ്ആപ്പ് (8800001915), ഇമെയില്‍, നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴിയും പരാതികള്‍ നല്‍കാവുന്നതാണ്.

◾ നിയമസഭയില്‍ വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ നല്‍കിയ പരാതിയിലെ അവസാന കേസും ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് എംഎല്‍എമാരായിരുന്ന ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, എടി ജോര്‍ജ് എന്നിവര്‍ക്കെതിരേ സിപിഐയുടെ ഗീതാഗോപി എംഎല്‍എ നല്‍കിയ കേസാണു തള്ളിയത്. എല്‍ഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ ഹാള്‍ തല്ലിത്തകര്‍ക്കുകയും കൈയാങ്കളി നടത്തുകയും ചെയ്തെന്ന കേസ് അട്ടിമറിക്കാന്‍ നല്‍കിയ കേസാണ് തള്ളിയത്. ഇതോടെ നിയമസഭ തല്ലിത്തകര്‍ക്കല്‍ കേസിന്റെ നടപടികള്‍ സിജെഎം കോടതിയില്‍ തുടരും.

◾ ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂര്‍ണ കയറ്റുമതി- ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ഇടതുനേതാക്കളും ചടങ്ങ് ബഹിഷ്‌കരിച്ചു. മുഖ്യാതിഥിയായ കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാളും തിരുവനന്തപുരം മേയര്‍ വി.വി. രാജേഷും ചടങ്ങില്‍ പങ്കെടുത്തില്ല.

◾ എല്‍ഡിഎഫ് ഭരണകാലത്ത്  പിഎസ് സി നിയമനത്തിനായി നടത്തിയ ആസൂത്രണബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സി ഓഫീസില്‍ റെയ്ഡ് നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തിയത്. പരീക്ഷ ഡേറ്റകള്‍ പിഎസ്സി കമ്പ്യൂട്ടറില്‍ നിന്നും പൊലിസ് ശേഖരിച്ചു. അടുത്ത ആഴ്ച ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. പരീക്ഷയില്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തു വന്നത്.

◾ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും മൂന്ന് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയില്‍. നാലു പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. പതിമൂന്നുകാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിലാണ് കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. കരുവാറ്റയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂര്‍ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസില്‍ ശിവന്‍കുട്ടി ചെട്ടിയാര്‍ (65) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിക്ക് ഐഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങാനായിരുന്നു സ്വര്‍ണവും പണവും കവര്‍ന്നതെന്ന് പോലീസ്.

◾ തൃശൂരിലെ പുലിക്കളി സംഘങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന ധനസഹായം വൈകിപ്പിച്ചത് മുന്‍ ടൂറിസം സെക്രട്ടറിയും മുന്‍ കളക്ടറുമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലിക്കളി സംഘങ്ങള്‍ക്കുള്ള ധനസഹായം കൈമാറുന്ന ചടങ്ങിലാണ് വിമര്‍ശനം. ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരില്‍ അധമപ്രവര്‍ത്തനം നടത്തി. മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടില്‍ നിന്നല്ല പണം കൊടുക്കുന്നത്. ഇന്ത്യയുടെ ഖജനാവില്‍നിന്നാണ് കൊടുക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.

◾ വിമാന സമാനമായ സൗകര്യങ്ങളുമായി കെ.എസ്.ആര്‍.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം -എറണാകുളം പാതയില്‍ വ്യാഴാഴ്ച ഓടിത്തുടങ്ങും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രാസമയം 4.15 മണിക്കൂര്‍. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30-ന് പുറപ്പെട്ട് 9.45-ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് വൈകീട്ട് 5.30-ന് പുറപ്പെട്ട് രാത്രി 9.45-ന് തലസ്ഥാനത്തെത്തും. വന്ദേഭാരതില്‍ ചെയര്‍കാറിന് 690 രൂപയാണ് ടിക്കറ്റ്‌നിരക്ക്.

◾ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള കേരള പോലീസിന്റെ എ ഐ ട്രാക്ക് ഉള്‍പ്പെടെ മൂന്ന് പദ്ധതികള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എ ഐ ട്രാക്ക് വഴി റോഡിലെ വിവരങ്ങള്‍ മുന്‍കൂട്ടി ആളുകളെ അറിയിക്കാനാകും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സൈബര്‍ വാള്‍ പദ്ധതിയും ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു.

◾ തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സര്‍വേയില്‍ കെഎസ്എഫ്ഇയ്ക്കും നഷ്ടം. സര്‍വേയ്ക്ക് ഇറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബുക്കും പേനയും നല്‍കാനുള്ള ചെലവിനായി 46 ലക്ഷം രൂപ കെഎസ്എഫ്ഇ കുടുംബശ്രീക്ക് നല്‍കിയെന്നാണ് വിവരാവകാശ രേഖ.

◾ കെ എസ് ആര്‍ ടി സി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. 50 ശതമാനം ബസുകളും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നതെന്ന പരാതിയിലാണ് നടപടി.

◾ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുള്ള അര്‍ജുനെതിരേ വളപട്ടണം എസ് എച്ച് ഒ തയാറാക്കിയ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കൈമാറിയത്.

◾ മുട്ടില്‍ മരം മുറി വഞ്ചന കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഇന്ന് ഹാജരായില്ല. രണ്ടു ദിവസം സാവകാശംതേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ജോസ്‌ക്കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

◾ മാസപ്പടി കേസില്‍ നടക്കുന്നതു രാഷ്ട്രീയ പ്രേരിത റെയ്ഡാണെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി നിഖിലിന് രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.

◾ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കേരളത്തിന്റെ സ്വത്താണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.  അദ്ദേഹത്തെ അപമാനിക്കാന്‍ നീചമായ ശ്രമം നടക്കുന്നുവെന്നും ഗണേഷ്‌കുമാറിന്റെ പേരു പരാമര്‍ശിക്കാതെ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

◾ ഓണത്തിനു മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിറക്കതിരുകളുടെ സമൃദ്ധിയില്‍ ഇല്ലം നിറ ആഘോഷിച്ചു.  

◾ സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാന്‍സിനെതിരെ ഇടുക്കിയിലും പരാതി. ആളുകള്‍ അറിയാതെ അടിമാലി ശാഖയില്‍ നിന്നും വ്യാപകമായി വായ്പകള്‍ എടുത്തതായി കണ്ടെത്തി. എന്നാല്‍ സോഫ്‌റ്റ്വെയറില്‍ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം.

◾ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനു പിറകേ വിദ്യാത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് കോതമംഗലം എംഎ കോളേജ്. സേ പരീക്ഷാ ഫീസ് ആറായിരം രൂപയില്‍ നിന്ന് ആയിരം രൂപയാക്കി കുറയ്ക്കാമെന്നും കെടിയു നിര്‍ദ്ദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്നതടക്കമുള്ള അഞ്ച് ആവശ്യങ്ങളും അംഗീകരിച്ച് കോളജ് സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സമരം തുടരുകയാണ്.

◾ നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് തെറിച്ചുവീണ് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറി കയറി ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. കല്ലറ മരുതമണ്‍ കാവ്വിള വീട്ടില്‍ അനില്‍ കുമാറിന്റെയും ലളിതയുടെയും മകനും ടിപ്പര്‍ ഡ്രൈവറുമായ അരുണ്‍ കുമാറാണ് (31) മരിച്ചത്.

◾ കായംകുളം കായലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലില്‍ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കല്‍ ശ്രീമന്ദിരത്തില്‍ പ്രദീപ് (58) ആണ് മരിച്ചത്.

◾ തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും. തൂക്കിലേറ്റുന്നതിനു പകരം വേദനയില്ലാത്ത മാര്‍ഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ നടപ്പാക്കല്‍ രീതി കേന്ദ്രത്തിനു പുനപരിശോധിക്കാമെന്നും ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും കോടതി അറിയിച്ചു.

◾ തിരഞ്ഞെടുപ്പു കാലത്ത് ഒരാള്‍ പണം കരുതിയിരുവെന്നതു കൊണ്ടുമാത്രം അയാളെ തിരഞ്ഞെടുപ്പു കേസില്‍ കുടുക്കാനാകില്ലെന്നു സുപ്രീം കോടതി. പിടിച്ചെടുത്ത പണവും ആരോപിക്കപ്പെടുന്ന കുറ്റകൃത്യവുമായുള്ള ബന്ധത്തിനു തെളിവുണ്ടാകണമെന്നും മാര്‍ഗരേഖ പാലിക്കണമെന്നും കോടതി നിര്‍ദേശച്ചു.

◾ പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരം ആദ്യ രണ്ടു ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന കമ്മിറ്റികള്‍ക്കു കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി. സ്വാതന്ത്ര്യ ദിനത്തിലുണ്ടായ വിവാദത്തിനു പിറകേയാണ് നിര്‍ദ്ദേശം.

◾ വെറ്ററിനറി ഓഫിസര്‍മാരുടെ നിയമനത്തില്‍ ക്രമക്കേട് നടത്തിയ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ചെയര്‍മാന്‍ ശിവശങ്കരപ്പ എസ്. സാഹുക്കറിന്റെ വസതിയിലടക്കം 20 കേന്ദ്രങ്ങളിലാണു പരിശോധന.

◾ നാലു വയസുള്ള മകനും 34കാരനുമായ അച്ഛനും വീട്ടില്‍ മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിലായി. നോര്‍ത്ത് ബെംഗളൂരുവിലെ ചിക്കഭവനയിലെ വീട്ടില്‍ 34കാരനായ അഭിനന്ദനും മകനുമാണു മരിച്ചത്. അഭിനന്ദന്റെ ഭാര്യയായ ഹരിണിയെ കാണാതായിരുന്നു. പിന്നീട് ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുടുംബവഴക്കിനിടെ കൊലപാതകം നടത്തിയെന്നു സമ്മതിച്ചതെന്നു പോലീസ് പറഞ്ഞു.

◾ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ടെണ്ടര്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവില്‍ നടത്തുന്ന നിര്‍മാണ പ്രവൃത്തികളില്‍ സുതാര്യതയില്ലെന്നും സര്‍ക്കാര്‍ കരാര്‍ ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടെന്നുമാണ് പ്രധാന ആക്ഷേപം.

◾ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് പുതിയ ചുമതലക്കാരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിയമിച്ചു. ഉത്തര്‍ പ്രദേശ്  ഇന്‍ചാര്‍ജായി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എംപിയേയും സഹ ചുമതലക്കാരനായി ദേശീയ സെക്രട്ടറി ജഗദീഷ് ഈശ്വര്‍ഭായ് പട്ടേലിനെയും നിയമിച്ചു. പഞ്ചാബിലേക്ക് ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് പൂനിയ എംപിയെ ചുമതലക്കാരനായി നിയമിച്ചു.  

◾ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച യുവതി അറസ്റ്റില്‍. 27 വയസ്സുകാരിയായ നാദിറ സുല്‍ത്താന ആണ് മുംബൈ പൊലീസിന്റെ പിടിയിലായത്. ഒരു മാസം മുമ്പ് ഇവരെ ഇന്ത്യയില്‍നിന്ന് നാടുകടത്തിയിരുന്നു.

◾ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ ലേലത്തില്‍ ഒരു വേട്ടപ്പരുന്തിനെ ലേലത്തില്‍ വിറ്റത് റിക്കാര്‍ഡ് വിലയ്ക്ക്. 13 ലക്ഷം റിയാലിനാണ് റിയാദിന് വടക്കുള്ള മല്‍ഹമിലെ സൗദി ഫാല്‍ക്കണ്‍ ക്ലബ്ബിലെ ലേലത്തില്‍ 'മത്‌ലൂഥ് ഗൈര്‍' (സൂപ്പര്‍ വൈറ്റ്) ഇനത്തില്‍പ്പെട്ട വേട്ടപ്പരുന്തിനെ വിറ്റത്.

◾ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 178 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 193 റണ്‍സിന് പുറത്തായി. ഇന്ത്യക്കിപ്പോള്‍ 371റണ്‍സിന്റെ ലീഡാണുള്ളത്.

◾ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപ വര്‍ധിച്ച് 1,14,320 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് ഉയര്‍ന്നത്. 14,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപയാണ് വര്‍ധിച്ചത്. 18 കാരറ്റിന് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 11,740 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,145 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,895 രൂപയുമാണ് വില. വെള്ളി വില ഇന്നും അനക്കിമില്ലാതെ ഗ്രാമിന് 250 രൂപയില്‍ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 27 ഡോളര്‍ ഉയര്‍ന്ന് 4,404 ഡോളറിലെത്തി നില്‍ക്കുകയാണ്. വിപണിയിലെ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് നിക്ഷേപകര്‍ സുരക്ഷിത താവളമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ തുക മാറ്റാന്‍ തുടങ്ങിയത് ഡിമാന്‍ഡ് കുത്തനെ കൂട്ടി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

◾ ഇന്ത്യന്‍ സൈന്യത്തിന്റെ ഗൂര്‍ഖ റെജിമെന്റിനായി സമര്‍പ്പിച്ചിരിക്കുന്ന, റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 ഗൂര്‍ഖ എഡിഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍.റെഗുലര്‍ ക്ലാസിക് 350 മോഡലുകളില്‍ നിന്ന് ഈ ഗൂര്‍ഖ എഡിഷനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ നിറമാണ്. മാറ്റ് ഫിനിഷിലുള്ള മിലിട്ടറി ഗ്രീന്‍ കളറിലാണ് ഇത് അവതരിപ്പിക്കുക. ഗൂര്‍ഖ റെജിമെന്റ് ഔദ്യോഗികമായി ഉപയോഗിക്കുന്ന കത്തിയായ കുക്രിയുടെ ക്രോസ്ഡ് കുക്രി ചിഹ്നത്തോടുകൂടിയ ഗൂര്‍ഖ എഡിഷന്‍ സ്റ്റിക്കര്‍ ആണ് ഇതിന്റെ സൈഡ് പാനലുകളില്‍ വരുന്നത്. ക്രോം വയര്‍ സ്‌പോക്ക് റിമ്മുകളിലാണ് ബൈക്ക് വരുന്നത്. യന്ത്രപരമായി ക്ലാസിക് 350 മോഡലുകള്‍ക്ക് സമാനമാണ് ക്ലാസിക് 350 ഗൂര്‍ഖ എഡിഷന്‍. ഇതിലെ ജെ സീരീസ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ വളരെ സുഗമമായ യാത്രയ്ക്ക് അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്ലാസിക് 350 മികച്ച ചോയ്‌സ് ആണ്.

◾ ജീവിതത്തിന്റെ ആഴമേറിയ പൊരുളുകള്‍ അന്വേഷിക്കുന്ന സാഹിത്യരചനകള്‍. ഏകാന്തനിശ്ശബ്ദതയില്‍ ഊന്നുന്ന ലയാത്മകമായ ഭാവന. കഥയുടെ രഹസ്യവാതിലുകള്‍ തുറന്ന്, വായനയുടെ ഇടനാഴിയിലൂടെ മാറുന്ന ലോകത്തോടൊപ്പം നീങ്ങുന്ന ഋതുബോധം. നിഗൂഢമായ സൗന്ദര്യവും ഗാഢമായ പ്രണയവും അലയടിക്കുന്ന രചനകള്‍. 'മത്തങ്ങാവിത്തുകളുടെ വിലാപവും മറ്റു കഥകളും'. സുസ്മേഷ് ചന്ത്റോത്ത്. സുസ്മേഷ് ചന്ത്രോത്ത്. ഗ്രീന്‍ ബുക്സ്. വില 152 രൂപ.

◾ മിതമായ അളവില്‍ ഏത്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ഗുണങ്ങള്‍ നല്‍കും. ഏത്തപ്പഴം കഴിച്ചാല്‍ തടി കൂടുമെന്ന ഒരു പ്രചാരം വളരെ കാലങ്ങളായ നടക്കുന്നുണ്ട്. എന്നാല്‍ ഏത്തപ്പഴം ശരീരഭാരം കൂട്ടുമെന്നതിന് മതിയായ പഠനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ഏത്തപ്പഴം ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്ന പൊട്ടാസ്യത്തിന്റെയും ആന്റി ഓക്സിഡന്റായ വിറ്റാമിന്‍ സിയുടെയും മികച്ച ഉറവിടമാണ്. കൂടാതെ മഗ്നീഷ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉടനെ കഴിക്കാന്‍ വേണ്ടിയാണെങ്കില്‍, മഞ്ഞ നിറമുള്ള പാകമായ ഏത്തപ്പഴം തിരഞ്ഞെടുക്കുക. അതല്ല, വരും ദിവസങ്ങളില്‍ കഴിക്കാനാണെങ്കില്‍, ചെറുതായി പച്ചനിറമുള്ള വാഴപ്പഴം തിരഞ്ഞെടുക്കുക. നേന്ത്രപ്പഴം മറ്റ് പഴങ്ങള്‍ക്കൊപ്പം സൂക്ഷിക്കുമ്പോള്‍ വേഗത്തില്‍ പാകമാകും. അതിനാല്‍, മറ്റ് പഴങ്ങളില്‍ നിന്ന് മാറ്റി ഏത്തപ്പഴം സൂക്ഷിക്കുന്നതാണ് നല്ലത്. നല്ല വായുസഞ്ചാരമുള്ള ഒരു ഫ്രൂട്ട് ബൗളില്‍ അവ വെവ്വേറെ സൂക്ഷിക്കുക. പഴുത്ത വാഴപ്പഴം കുറേ ഉണ്ടെങ്കില്‍ അവ ഫ്രിഡ്ജില്‍ ഫ്രീസറില്‍ വയ്ക്കാം. ഇതിനായി ഏത്തപ്പഴം തൊലി കളഞ്ഞ് അടച്ച പാത്രത്തിലോ ഫ്രീസര്‍ ബാഗിലോ വയ്ക്കുക. ഇവ പിന്നീട് സ്മൂത്തികള്‍, കേക്ക് എന്നിവയ്ക്കായി ഉപയോഗിക്കാം. പഴുത്ത പഴങ്ങള്‍ കുലയില്‍ നിന്നും വേര്‍പെടുത്തി വയ്ക്കണം, ഇല്ലെങ്കില്‍ മറ്റുള്ളവയും പാകമാകുന്ന പ്രക്രിയ വേഗത്തിലാകും. ഏത്തപ്പഴം കേടാകാതിരിക്കാനുള്ള മറ്റൊരു മാര്‍ഗം കുലയുടെ തണ്ടിന്റെ അറ്റം, പ്ലാസ്റ്റിക് റാപ്പോ അലുമിനിയം ഫോയിലോ കൊണ്ട് പൊതിയുക എന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, ഏത്തപ്പഴം പഴുക്കാന്‍ സഹായിക്കുന്ന എഥിലീന്‍ വാതകം പുറത്തുവിടുന്നത് തടയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.66, പൗണ്ട് - 129.40, യൂറോ - 110.75, സ്വിസ് ഫ്രാങ്ക് - 117.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.96, ബഹറിന്‍ ദിനാര്‍ - 253.68, കുവൈത്ത് ദിനാര്‍ -309.87, ഒമാനി റിയാല്‍ - 248.79, സൗദി റിയാല്‍ - 25.53, യു.എ.ഇ ദിര്‍ഹം - 26.04, ഖത്തര്‍ റിയാല്‍ - 26.15, കനേഡിയന്‍ ഡോളര്‍ - 69.00.
Previous Post Next Post
3/TECH/col-right