Trending

പ്രഭാത വാർത്തകൾ.

2026  ഓഗസ്റ്റ് 17 | തിങ്കള്‍ 
1202  ചിങ്ങം 1 | ചിത്തിര
1448  റ:അവ്വൽ 04

◾ ഇന്നു കൊല്ലവര്‍ഷാരംഭം. കര്‍ഷകദിനം. കര്‍ഷക ദിനത്തോടനുബന്ധിച്ചു സംസ്ഥാനത്തുടനീളം കര്‍ഷകരെ ആദരിക്കുന്നതടക്കമുള്ള കാര്‍ഷികോല്‍സവങ്ങള്‍.

◾  എഐസിസിയില്‍ വന്ദേമാതരം ആലാപിക്കുന്നതു തടസപ്പെടുത്താന്‍ ശ്രമിക്കുകയും അനാദരവു കാണിക്കുകയും ചെയ്തെന്ന് ആരോപിച്ച് സോണിയാ ഗാന്ധിക്കെതിരെ പൊലീസില്‍ പരാതി. ഡല്‍ഹി ഐപി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിലും മംഗലുരുവിലെ ഉര്‍വ പൊലീസ് സ്റ്റേഷനിലുമാണു ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. .

◾  കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അക്രമം നടത്തിയെന്ന കേസില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മെബിന്‍, യദുകൃഷ്ണന്‍, ബേസില്‍, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് വൈസ് ചാന്‍സലര്‍ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും സിന്‍ഡിക്കേറ്റ് അംഗങ്ങളേയും പേഴ്സണല്‍ സ്റ്റാഫിനേയും ആക്രമിച്ചെന്നും വാഹനം നശിപ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

◾  കഴിഞ്ഞ ജൂണില്‍ നടന്ന യു.ജി.സി നെറ്റ് പരീക്ഷയില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ മൂന്നു വിഷയങ്ങളിലെ ചോദ്യപേപ്പറുകളില്‍ പിഴവുകളുണ്ടായെന്നു ദേശീയ ടെസ്റ്റിംഗ് ഏജന്‍സി. മൂന്ന് വിഷയങ്ങളില്‍ സെപ്റ്റംബര്‍ 9, 10 തീയതികളിലായി പുനഃപരീക്ഷ നടത്തും. സെപ്റ്റംബര്‍ 9-ന് രാവിലെ 9 മുതല്‍ 12 വരെ ഇംഗ്ലീഷ്, ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 6 വരെ കൊമേഴ്സ് പരീക്ഷ  നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബര്‍ 10-ന് രാവിലെ 9 മുതല്‍ 12 വരെയാണ്.

◾  നടന്‍ ദേവന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചു. ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളാണ് തന്റെ രാഷ്ട്രീയം. അതു നടപ്പാക്കാനാണു രാജിയെന്നു കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെ ദേവന്‍ പറഞ്ഞു.

◾  തെരഞ്ഞെടുപ്പിന് ബിജെപി നേതൃത്വം പൂഞ്ഞാറിലേക്കായി നല്‍കിയ  നാലരക്കോടി രൂപ ചില നേതാക്കള്‍ തട്ടിയെടുത്തെന്ന് പിസി ജോര്‍ജ്.  എരുമേലിയില്‍ നടന്ന പ്രസംഗത്തിലാണ് പിസി ജോര്‍ജ് തട്ടിപ്പിനെ കുറിച്ച് പരാമര്‍ശിച്ചത്. ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതോടെ പി സി ജോര്‍ജ് തിരുത്തി. പണം വന്നോയെന്ന് അറിയില്ലെന്നും ബിജെപിയുടെ രണ്ട് പ്രാദേശികനേതാക്കള്‍ പറഞ്ഞ വിവരമേയുള്ളൂവെന്നുമാണ് ജോര്‍ജ് ഇപ്പോള്‍ പറയുന്നത്.

◾  സ്‌കൂളുകളില്‍ ഓഗസ്റ്റ് 21-ന്  നടക്കുന്ന ഓണാഘോഷത്തിനു വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതി.

◾  തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അത്തച്ചമയത്തിന് തിരി തെളിച്ചു. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവര്‍ പങ്കെടുത്തു. കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വര്‍ണപ്പൊലിമയേകിയ ഘോഷയാത്ര കാണാന്‍ അനേകായിരങ്ങളാണ് എത്തിയത്.

◾  സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണര്‍ ഒരുക്കിയ 'അറ്റ് ഹോം' ചായ സല്‍ക്കാര പരിപാടിയില്‍ പിഎസ്സി ചെയര്‍മാന്‍ എംആര്‍ ബൈജുവിനെയും 15 പിഎസ് സി അംഗങ്ങളെയും ലോക്ഭവന്‍ ക്ഷണിച്ചില്ല. ഇതാദ്യമായാണ് ചെയര്‍മാനെ ഒഴിവാക്കിയത്. നിയമന തട്ടിപ്പു പരാതികളില്‍ അന്വേഷണം നടക്കുന്നതിനാലാണ് ചെയര്‍മാനെ ക്ഷണിക്കാതിരുന്നതെന്നാണ് സൂചന.

◾  താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടമകള്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി. ജില്ലയിലെ മൂന്ന് എം എല്‍ എമാരടക്കം പങ്കെടുത്ത ചര്‍ച്ചയില്‍ നാട്ടുകാര്‍ക്കെതിരെ നല്‍കിയ കേസുകള്‍ ഉടമകള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമായില്ല.

◾  സുപ്രീം കോടതിയില്‍ പാറ്റ പരാമര്‍ശം നടത്തിയ ചീഫ് ജസ്റ്റീസ് സുര്യകാന്ത് മിശ്രയെ താന്‍ പണ്ടു വിളിച്ചതുപോലെയാണ് വിളിക്കേണ്ടതെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍. ശുംഭന്‍ പരാമര്‍ശത്തെ സൂചിപ്പിച്ചാണ് ജയരാജന്റെ വിമര്‍ശനം. ഡിെൈവെഎഫ്ഐ വടകരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മാപ്പ് പറയണമെന്ന് കെ എസ് യു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍  അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്ന് പരാമര്‍ശത്തിനെതിരേയാണ് പ്രതിഷേധം.

◾  ഇടതുപക്ഷം എതിര്‍ത്തതുകൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന എ എ റഹീമിന്റെ അവകാശവാദം വെറും തള്ളാണെന്ന് പരിഹസിച്ച് മന്ത്രി കെ മുരളീധരന്‍. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ പാടിയതിന്റെ വിശദീകരണം ദേശീയ നേതൃത്വം വ്യക്തമാക്കുമെന്നും  അദ്ദേഹം പറഞ്ഞു.


◾  സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ കേരളത്തില്‍ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

◾  എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വന്ദേമാതരം പാടിയപ്പോള്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കേട്ടുനിന്നു. ചരട് പൊട്ടിയ പട്ടം പോലെയാണ് കോണ്‍ഗ്രസെന്നും സംഭവത്തില്‍ നിരുപാധികം മാപ്പ് പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

◾  കോതമംഗലം എംഎ കോളേജില്‍ അരുണാചല്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപാഠികളായ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. ഇയര്‍ ബാക്ക് എടുത്തു കളയാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചതാണെന്നും എന്നാല്‍, ഓട്ടോണമസ് പദവിയുള്ള എംഎ കോളേജ് അതിനു തയ്യാറായില്ലെന്നും മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.

◾  ചെമ്മനാട് അച്ഛനും മകളും വീട്ടില്‍ മരിച്ച നിലയില്‍. മീപ്പുഗിരി സ്വദേശികളായ ഗണേശന്‍ (47), മകള്‍ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കത്തെ വാടക വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾  എറണാകുളം കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ പണയ തിരിമറി. ബാങ്കിലെ ഗോള്‍ഡ് അപ്രൈസര്‍ അനൂപ് ജോസഫ് അറസ്റ്റിലായി.

◾  എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരത്തിന്റെ ആദ്യ ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് ഗായകസംഘത്തിനു നിര്‍ദേശം നല്‍കാന്‍ വിട്ടുപോയെന്ന് സേവാദള്‍ നേതൃത്വം ഹൈക്കമാന്‍ഡിന് വാക്കാല്‍ വിശദീകരണം നല്‍കി.

◾  വന്ദേമാതരം ആലപിച്ചപ്പോള്‍ അനാദവു കാണിച്ച സോണിയാഗാന്ധിക്കു രാജ്യം മാപ്പു നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയാഗാന്ധിയുടെ ചെയ്തികള്‍ രാജ്യം കണ്ടെന്നും അദ്ദേഹം പറഞ്ഞു.  

◾  ആര്‍.എസ്.എസ്. ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ മടിച്ചവരുടെ നേതാവാണ് സോണിയാഗാന്ധിയോടു മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഭരണഘടനാശില്പി അംബേദ്കറെ പാര്‍ലമെന്റില്‍ അപമാനിച്ചവരാണ് അവരെന്നു മറക്കേണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  

◾  വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തങ്ങള്‍ക്ക് വന്ദേമാതരവും സ്വാതന്ത്ര്യസമരവും രാഷ്ട്രീയമല്ല, വൈകാരികമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

◾  വന്ദേമാതരം ആലപിക്കുന്നതു തടയാന്‍ ശ്രമിച്ച സോണിയ ഗാന്ധിയോടു പ്രതിഷേധമറിയിച്ച് വന്ദേമാതരം രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ കുടുംബം. മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ കുടുംബാംഗവും ബിജെപി എംഎല്‍എയുമായ സുമിത്രോ ചാറ്റര്‍ജി സോണിയ ഗാന്ധിക്കു കത്തെഴുതി.

◾  യുജിസി-നെറ്റ് പരീക്ഷയുടെ താല്‍ക്കാലിക ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കി. 84 വിഷയങ്ങള്‍ക്കുള്ള താല്‍ക്കാലിക ഉത്തരസൂചികകളാണ് പുറത്തിറക്കിയത്. നാളെവരെ പരാതികള്‍ ഉന്നയിക്കാനുള്ള അവസരമുണ്ട്.

◾  തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രനെ പിന്തുണച്ച് ഡിഎംകെ. നിയമസഭയില്‍ വിജയ് 'അച്ഛനെവിടെ?' എന്നു പറഞ്ഞത് മൂന്നാംകിട പരാമര്‍ശമാണെന്നും അതേനാണയത്തില്‍ തിരിച്ചുകിട്ടുമെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ പ്രതികരിച്ചു.

◾  തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍  പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രനെതിരെ തമിഴ്‌നാട് ഡിജിപിക്ക് പരാതി.

◾  തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് കെ. അണ്ണാമലൈ. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ നല്‍കുന്നതിനായി മന്ത്രിമാര്‍ കരാറുകാരില്‍ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നാണ് ആരോപണം.


◾  കര്‍ണാടക ചാമരാജ് നഗറില്‍ കര്‍ണാടക വനംവകുപ്പ് തമിഴ്നാട്ടുകാരായ മൂന്നു പേരെ വെടിവച്ചു കൊന്ന സംഭവം അപലപനീയമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഉന്നതതല അന്വേഷണം വേണമെന്നും വിജയ് ആവശ്യപ്പെട്ടു.

◾  ഡല്‍ഹി മെട്രോയില്‍ യാത്രക്കാരിയുടെ ചിത്രം ഫോണില്‍ പകര്‍ത്തിയ സിഐഎസ്എഫ് ജവാനുമായി യാത്രക്കാരുടെ സംഘര്‍ഷം. യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്ന് യാത്രക്കാര്‍ ജവാന്റെ ഫോണ്‍ പരിശോധിച്ചു. ഫോണില്‍ ചിത്രങ്ങള്‍ കണ്ടതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. വിവാദമായതോടെ ആരോപണവിധേയനായ ജവാനെ സസ്പെന്‍ഡ് ചെയ്തു.

◾  വാരാണസിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെക്യൂരിറ്റി പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ലൈസന്‍സുള്ള തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി രണ്ടു സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു.

◾  പശ്ചിമ ബംഗാളില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ആശിഷ് ബാനര്‍ജിയെ വസതിക്ക് സമീപമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ട്ടി ഓഫീസില്‍ നിന്ന് കുറിപ്പും കണ്ടെടുത്തു.

◾  മിഷിഗണ്‍ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ഥി അബ്ദുല്‍ എല്‍-സയീദിനെതിരെ 'പെറ്റ് മാസക്കര്‍' ആരോപണം ശക്തമാകുന്നു. ഡെട്രോയിറ്റ് ആരോഗ്യ ഡയറക്ടറായിരിക്കെ ആയിരക്കണക്കിന് മൃഗങ്ങളെ ദയാവധത്തിന് ഇരയാക്കിയെന്നാണ് ആരോപണം.

◾  നോര്‍വേയിലെ സ്വാല്‍ബാര്‍ഡ് ദ്വീപില്‍ ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ബോട്ടിന്റെ ഹോണ്‍ മുഴക്കി ഉണര്‍ത്തിയ ജീവനക്കാരന് അധികൃതര്‍ 5 ലക്ഷം രൂപ പിഴ ചുമത്തി.

◾  ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനം തള്ളി ഇറാന്‍. ഹോര്‍മുസ് വിട്ടുനല്‍കില്ലെന്നും ഉപരോധം തുടരുമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി.

◾  ബീജിങില്‍ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്ക് 230-ലധികം യാത്രക്കാരുമായി പറന്ന ഹൈനാന്‍ എയര്‍ലൈന്‍സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റഷ്യയില്‍ അടിയന്തിരമായി നിലത്തിറക്കി. സൈബീരിയന്‍ വ്യോമപാതയില്‍ യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്.

◾  അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തുന്നവര്‍ക്ക് വന്‍ തുക സമ്മാനത്തുക പ്രഖ്യാപിച്ച് ഇറാന്‍. ഒരു അമേരിക്കന്‍ സൈനികനെ വധിക്കുന്നവര്‍ക്ക് 30,000 യു.എസ് ഡോളര്‍ (ഏകദേശം 25 ലക്ഷത്തിലധികം രൂപ) പ്രതിഫലം നല്‍കുമെന്നാണ് ഇറാന്റെ ഔദ്യോഗിക പത്രമായ 'ഇറാന്‍ കേഹാന്‍' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾  ഇറാനുമായുള്ള യുദ്ധത്തില്‍ നിന്ന് തലയൂരാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ ഭരണമാറ്റം, സമ്പൂര്‍ണ്ണ കീഴടങ്ങല്‍, മിഡില്‍ ഈസ്റ്റിലെ പ്രോക്സി ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കല്‍ തുടങ്ങിയ ഉപാധികളില്‍നിന്ന് ട്രംപ് ഭരണകൂടം പിന്നോട്ട് പോകുന്നതായാണു റിപ്പോര്‍ട്ട്.

◾  ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ രണ്ടാം റാങ്കുകാരായ ചൈനയെ സമനിലയില്‍ കുരുക്കി ഇന്ത്യന്‍ വനിതകള്‍. നവ്‌നീത് കൗറും പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ദ്ധ ദീപികയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.  

◾  കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആതിഥ്യം വഹിക്കാന്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഒരുങ്ങി. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് ടൂര്‍ണമെന്റ്.

◾  കെസിഎ തിരുവനന്തപുരത്തു സംഘടിപ്പിച്ച കെസിഎല്‍ ഫാന്‍ ലീഗില്‍ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലില്‍ യുവ രാമനാട്ടുകരയെ 30 റണ്‍സിന് തോല്‍പ്പിച്ചാണ് ആഷസ് ജേതാക്കളായത്.

◾  ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായി നിലയില്‍. ഗാലെ, അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സെടുത്തിട്ടുണ്ട്.

◾  മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കു പരാജയപ്പെടുത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീല്‍ഡ് കിരീടം.

◾  ഓഹരി വിപണിയില്‍ അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 489 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസിന് മാത്രം 34,263 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 8,53,506 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് 31,869 കോടി, എസ്ബിഐ 25,891 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 7,165 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 26,438 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5,23,330 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം ഉയര്‍ന്നത്. വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

◾  മലയാളത്തിന് സൗജന്യമായി 103 പുതിയ ഫോണ്ടുകള്‍ സംഭാവന ചെയ്യുകയാണ് കൊച്ചി ആസ്ഥാനമായുള്ള 12 ഐടി പ്രൊഫഷണലുകള്‍ അടങ്ങുന്ന സംഘം. ബൈനറി ടെക്‌നോളജീസിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോജക്റ്റായ Bigdates.aiയിലെ ഒരു കൂട്ടം ഡെവലപ്പര്‍മാരുടെ സൃഷ്ടിയാണ് ഈ ശേഖരം. തുടക്കത്തില്‍ ഇത് അഞ്ച് ഫോണ്ടുകളില്‍ നിന്നാണ് ആരംഭിച്ചത്, പക്ഷേ ഡെവലപ്പര്‍മാര്‍ വ്യത്യസ്ത ശൈലികള്‍ പര്യവേക്ഷണം ചെയ്തതിനാല്‍ താമസിയാതെ 103 ആയി വളര്‍ന്നു. നിലവില്‍ എഫ്എംഎല്‍ ഫോര്‍മാറ്റിലാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്, പ്രധാനമായും ഡിസൈനിനും ഡെസ്‌ക്ടോപ്പ് പ്രസിദ്ധീകരണത്തിനും ഉപയോഗിക്കുന്ന ഒരു മലയാളം ഫോണ്ട് സിസ്റ്റം. 103 ഫോണ്ടുകളും malayalameditor.comല്‍ റിലീസ് ചെയ്യും. ഉപയോക്താക്കള്‍ക്ക് 'ഫോണ്ട്' വിഭാഗത്തില്‍ ക്ലിക്ക് ചെയ്യാനും ഡിസൈനുകള്‍ പ്രിവ്യൂ ചെയ്യാനും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

◾  മഹാകവി കുമാരനാശാന്റെ പ്രശസ്ത കൃതി 'കരുണ'യ്ക്ക് പുതിയ ദൃശ്യാവിഷ്‌കാരം. 'വാസവദത്ത'യെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ചിത്രമെന്നാണ് 'വാസവദത്ത'യെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. 'കരുണ'യിലെ വാസവദത്തയ്ക്ക് തികച്ചും പുതുജീവനും നൂതനമായ ആവിഷ്‌കാരവുമാണ് ഈ ചിത്രത്തിലൂടെ നല്‍കിയിരിക്കുന്നതെന്നും അണിയറക്കാര്‍. നൃത്ത രംഗങ്ങളും സംഘട്ടനങ്ങളും മനോഹരമായ ഗാനങ്ങളും പ്രണയവും ഒക്കെ കോര്‍ത്തിണക്കിയ ഒരു ദൃശ്യവിരുന്നായിരിക്കും 'വാസവദത്ത'യെന്ന് സംവിധായകന്‍ ഡോ. മുരളി മോഹന്‍ വ്യക്തമാക്കി. ആറ് ഭാഷകളില്‍ ശ്രദ്ധേയമായ ശബരിമല ഡോക്യുമെന്ററി സംവിധാനം ചെയ്ത ഡോ. മുരളി മോഹന്റെ ഏറ്റവും മികച്ച ദൃശ്യാനുഭവമായിരിക്കും 'വാസവദത്ത'.

◾  സായ് ദുര്‍ഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം 'സാംബരാല യേതിഗട്ട്' റിലീസ് തീയതി പുറത്ത്. ചിത്രം 2027 ജനുവരി 12 ന് സംക്രാന്തിക്ക് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. 'വിരൂപാക്ഷ', 'ബ്രോ' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സായ് ദുര്‍ഗ തേജ് നായകനായെത്തുന്ന ചിത്രമാണിത്. 150 കോടി രൂപ ബജറ്റില്‍ ആണ് ഈ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജഗപതി ബാബു, സായ് കുമാര്‍, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. രചന- സംവിധാനം- രോഹിത് കെ പി.

◾  കോര്‍പ്പറേറ്റ് വാഹനവ്യൂഹങ്ങളിലെ വൈദ്യുത വാഹനങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ച് കിയ ഇന്ത്യ. 2025 ജൂലൈയില്‍ വിപണിയിലെത്തിയതിന് ശേഷം കാരന്‍സ് ക്ലാവിസ് ഇവിയുടെ കോര്‍പ്പറേറ്റ് ഫ്ലീറ്റ് വിന്യാസം 1,100 യൂണിറ്റ് പിന്നിട്ടു. ഇതിന്റെ ഭാഗമായി റിഫെക്സ് മൊബിലിറ്റിക്കായി 100 കാരന്‍സ് ക്ലാവിസ് ഇവികള്‍ കൂടി കൈമാറി. ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക്കിന് സമാനമായ പവര്‍ട്രെയിനാണ് കാരന്‍സ് ക്ലാവിസ് ഇവിയിലും ഉപയോഗിച്ചിരിക്കുന്നത്. 42 കിലോവാട്ട് ഹവര്‍, 51.4 കിലോവാട്ട് ഹവര്‍ എന്നിങ്ങനെ 2 ബാറ്ററി ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ചെറിയ ബാറ്ററി പാക്കിന് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 404 കിലോമീറ്റര്‍ റേഞ്ചും വലിയ ബാറ്ററി പാക്കിന് 490 കിലോമീറ്റര്‍ റേഞ്ചുമാണ് ലഭിക്കുന്നത്. 42 കിലോവാട്ട് ഹവര്‍ ബാറ്ററിയോടൊപ്പം 135 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറും 51.4 കിലോവാട്ട് ഹവര്‍ ബാറ്ററിയോടൊപ്പം 171 ബിഎച്ച്പി മോട്ടോറുമാണ് ലഭിക്കുന്നത്.

◾  പ്രകൃതിയെ മറന്നുള്ള മനുഷ്യന്റെ സാങ്കേതിക മുന്നേറ്റം വലിയൊരു വിനാശ ത്തിലേക്ക് വഴിമാറുമ്പോള്‍, ഭൂമിയുടെ അവസാന സുരക്ഷാ പാളിയായ അഗാര്‍ത്ത ഉണരുകയാണ്. ആ ഉണര്‍വിന്റെ ഭാഗമായി ജനിതക ഘടനയിലെ ബയോ-സിഗ്നലുകളാല്‍ തിരഞ്ഞെടുക്കപ്പെട്ട കണ്ണികളാണ് വിക്രമും സംഘവും. ശാസ്ത്രവും ഭാവനയും തമ്മിലുള്ള അവിശ്വസനീയമായ ലയനം! ഭൂമിയുടെ ഭാവിയെയും മനുഷ്യരാശിയുടെ നിലനില്‍പ്പിനെയും കുറിച്ചുള്ള അത്ഭുതകരമായ വായനാനുഭവം സമ്മാനിക്കുന്ന ശാസ്ത്ര പ്രഹേളിക. മലയാള സാഹിത്യത്തില്‍ സയന്‍സ് ഫിക്ഷന്‍ കോണ്‍സെപ്റ്റുകളെ തികച്ചും ദൃശ്യഭംഗിയോടെയും ഉദ്വേഗജനകമായും അവതരിപ്പിക്കുന്ന വിസ്മയകരമായ ഒരു ശാസ്ത്രനോവല്‍. 'അന്തര'. ശരത് കെ.എസ്. ഇന്‍സൈറ്റ് പബ്ളിക്ക്. വില 209 രൂപ.

◾  മഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ വിത്തുകള്‍. ഇതില്‍ അടങ്ങിയ പ്രോട്ടീനും നാരുകളും കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരമായി നിലനിര്‍ത്തുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു. പോഷകഗുണങ്ങള്‍ നിരവധി ഉണ്ടെന്ന് പറയുമ്പോഴും മത്തങ്ങ വിത്തുകള്‍ ദിനവും കഴിക്കുമ്പോള്‍ മിതത്വം പാലിക്കുക എന്നത് പ്രധാനമാണ്. നിങ്ങള്‍ സോഡിയത്തിന്റെ അളവു കൂടുതല്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ മത്തങ്ങ വിത്തുകള്‍ ഒഴിവാക്കണം. ദഹനപ്രശ്നമുള്ളപ്പോഴും മത്തങ്ങ വിത്തുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നട്സിനോടും വിത്തുകളോടും അലര്‍ജി ഉള്ളവര്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. മാത്രമല്ല, മത്തങ്ങ വിത്തുകള്‍ക്ക് കലോറി കൂടുതലാണ്. അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദം ഉള്ളവരിലും രക്തം കട്ടിയാക്കല്‍ മരുന്നുകള്‍ കഴിക്കുന്നവരിലും മത്തങ്ങ വിത്തുകള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം.സ്മൂത്തിയിലോ സാലഡിയോ ഓട്സിലോ ടോപ്പിങ് ആയി മത്തങ്ങ വിത്തുകള്‍ ഉപയോഗിക്കാം. കൂടാതെ എനര്‍ജി ബാര്‍ ഉണ്ടാക്കുമ്പോള്‍ അതിലൊരു ചേരുവയായും മത്തങ്ങ വിത്തുകള്‍ ചേര്‍ക്കാവുന്നതാണ്. ലഘുഭക്ഷണമായും മത്തങ്ങ വിത്തുകള്‍ കഴിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ഗ്രാമത്തില്‍ ഒരു വയസ്സനായ മണ്‍പാത്ര നിര്‍മ്മാതാവുണ്ടായിരുന്നു. അയാള്‍ ഉണ്ടാക്കുന്ന ഓരോ പാത്രവും വളരെ മനോഹരമായിരുന്നു. ഒരു ദിവസം അയാള്‍ ഉണ്ടാക്കിയ വലിയൊരു കുടം കൈയില്‍ നിന്ന് താഴെ വീണ് പൊട്ടിപ്പോയി.  അയാള്‍ അത് നോക്കി കുറച്ചുനേരം നിശ്ശബ്ദനായി നിന്നു.   അരികിലുണ്ടായിരുന്ന മകന്‍ പറഞ്ഞു:  ''അച്ഛാ, ഇത്രയും നേരം പരിശ്രമിച്ച് ഉണ്ടാക്കിയതല്ലേ... ഇനി എന്ത് ചെയ്യും?'' അയാള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:  ''പൊട്ടിയത് ഈ കുടമാണ്... എന്റെ കഴിവല്ല.'' അത്രയും പറഞ്ഞ് അയാള്‍ പൊട്ടിയ മണ്ണ് വീണ്ടും ശേഖരിച്ചു. അത് വെള്ളത്തില്‍ കുതിര്‍ത്ത്, വീണ്ടും കുഴച്ച്, പുതിയൊരു പാത്രം ഉണ്ടാക്കാന്‍ തുടങ്ങി.   മകന്‍ അത്ഭുതത്തോടെ ചോദിച്ചു: ''ഇത് വീണ്ടും നന്നാകുമോ അച്ഛാ?'' അയാള്‍ പറഞ്ഞു:  ''ചില കാര്യങ്ങള്‍ പഴയ രൂപത്തില്‍ തിരിച്ചുവരില്ല. പക്ഷേ അതുകൊണ്ട് അവയുടെ കഥ അവിടെ അവസാനിക്കുന്നില്ല.''  കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതിലും മനോഹരമായ ഒരു കുടം അയാള്‍ ഉണ്ടാക്കി.  ചിങ്ങം 1 നമ്മോട് പറയുന്നതും ഇതുതന്നെയാണ്.  കഴിഞ്ഞുപോയ വര്‍ഷത്തില്‍ എന്തൊക്കെ തകര്‍ന്നുപോയാലും,  ബന്ധങ്ങളായാലും... സ്വപ്നങ്ങളായാലും...  അവസരങ്ങളായാലും... അതിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കേണ്ടതില്ല.  ചിലപ്പോള്‍ ജീവിതം നമ്മെ തകര്‍ക്കുന്നത്,  നമ്മളെ കൂടുതല്‍ മനോഹരമായി പുനര്‍നിര്‍മ്മിക്കാനായിരിക്കും.  അതുകൊണ്ട്  കഴിഞ്ഞതിനെക്കുറിച്ച് വിലപിക്കാതെ, പുതിയൊരു സ്വപ്നത്തിന് തുടക്കം കുറിക്കാം. തകര്‍ന്നിടത്ത് തന്നെ അവസാനിക്കേണ്ടവരല്ല നമ്മള്‍...  അവിടെനിന്ന് വീണ്ടും ഉയര്‍ന്ന് വരേണ്ടവരാണ്.. - ശുഭദിനം.
Previous Post Next Post
3/TECH/col-right