2026 | ഓഗസ്റ്റ് 14, വെള്ളി
1201 | കര്‍ക്കടകം 29, പൂരം
◾ വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പുകളുടെ ഒരു കേസിലും കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരന്‍ ഹൈക്കോടതിയില്‍. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തിയിട്ടുണ്ട്. പുല്‍പ്പള്ളി, റാന്നി കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി. പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടിയെന്നും എസ്പി അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി അടുത്ത മാസം പരിഗണിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
◾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്‌കാരത്തിന് അര്‍ഹരായത്. കേരളത്തില്‍ നിന്ന് ഐജി രാജ്പാല്‍ മീണ, എസ്പിമാരായ ശശിധരന്‍ ശങ്കരന്‍, ബിനു ആര്‍ പിള്ള, ഉജ്വല്‍ കുമാര്‍ ജി, ഡിവൈഎസ്പിമാരായ വി.ആര്‍ രവികുമാര്‍, സുരേഷ് ബാബു, എസ്ഐ എസ്.എല്‍ ജ്യോതിഷ് കുമാര്‍ എന്നിവരും ഫയര്‍ സര്‍വീസില്‍നിന്ന് രാജേന്ദ്രന്‍ നായര്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരും ജയില്‍ സര്‍വീസില്‍നിന്ന് സുനില്‍കുമാര്‍, എം കെ. മോഹന്‍ദാസ് എന്നിവരും രാഷ്ട്രപതിയുടെ മെഡല്‍ നേടി.
◾ സംസ്ഥാനത്തിന്റെ അധികാര അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ മൈന്‍സ് ആന്റ് മിനറല്‍സ് (ഖനി ധാതു) ഭേദഗതി ബില്ലിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബില്ല് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ തത്ത്വങ്ങളെ പൂര്‍ണമായും കാറ്റില്‍പ്പറത്തുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
◾ സെന്‍സസിന് 40 ചോദ്യങ്ങളുള്ള ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രാജ്യത്ത് ആദ്യമായി സെന്‍സസില്‍ ജാതിവിവരങ്ങള്‍ ശേഖരിക്കും. ബാങ്ക് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ സാക്ഷരത, കോവിഡ് വാക്സിനേഷന്‍ എടുത്ത സ്ഥലം തുടങ്ങിയ വിവരങ്ങളും ചോദ്യാവലിയില്‍ ആരായുന്നുണ്ട്.
◾ കണ്ണമൂല വിഷ്ണു വധക്കേസില്‍ ഒന്നുമുതല്‍ ഏഴു വരെയുള്ള പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിനു പുറമെ, വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ 20 വര്‍ഷം കഠിനതടവുകൂടി അനുഭവിക്കണം. പ്രതികള്‍ 1,75,000 രൂപ വീതം പിഴയൊടുക്കണമെന്നും നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതി വിധിച്ചു. 12 പ്രതികളില്‍ ആദ്യ ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു
◾ മൂന്നുവര്‍ഷം മുന്‍പ് നടന്ന താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വ്ളോഗര്‍ താമിര്‍ ജിഫ്രിയെ പുലര്‍ച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും അവശനായ ഇയാളെ തിരികേ ചുമന്നു കൊണ്ടുപോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. കേസ് അന്വേഷിക്കുന്ന സിബിഐ ആണ് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിക്ക് ദൃശ്യം നല്‍കിയത്.
◾ വാഹന മോഡിഫിക്കേഷന്‍ എത്രത്തോളം അനുവദിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അടുത്ത മാസം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഗൂഗിള്‍ ഫോമിലൂടെ നടത്തിയ സര്‍വേയില്‍ 17,000 പേരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചു. മെഡിഫിക്കേഷന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
◾ മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിച്ചു. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
◾ കേന്ദ്രത്തില്‍ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയില്‍ ഒപ്പുവച്ചതെന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ വിശദീകരണം. വീടുകളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കണമെന്ന നിര്‍ദേശമില്ല. എന്നാല്‍ പിഎംഎവൈ ബ്രാന്‍ഡിംഗ് ഉണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
◾ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട് ഈ സാമ്പത്തിക വര്‍ഷത്തേയ്ക്കു ബജറ്റ് പ്രതീക്ഷിച്ചതിന്റെ പകുതിയോളമായി. 16,862.59 കോടി രൂപയാണ് ജൂലൈ വരെയുള്ള റവന്യൂ കമ്മിയെന്നാണ് എജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 35 355.30 കോടി രൂപയാണ് പുതുക്കിയ ബജറ്റിലെ റവന്യൂ കമ്മി. റവന്യു വരുമാനം ആദ്യ നാലു മാസം 44267.52 കോടിയാണ്. നികുതി വരുമാനം 37,459.66 കോടിയാണ്. മുന്‍ വര്‍ഷത്തെ ഇതേ സമയത്തെക്കാള്‍ 4662.97 കോടിയുടെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ നാലു മാസം 16,084.72 കോടി രൂപയായിരുന്നു റവന്യു കമ്മി.
◾ കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വഷിച്ച് നടപടിയെടുക്കാന്‍ എക്സൈസ് മന്ത്രി സിഎംഡിക്ക് നിര്‍ദേശം നല്‍കി. ബെവ്‌കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം പരാതിയില്‍ അന്വേഷണം നടത്തും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കും.
◾ ദക്ഷിണ റെയില്‍വേ ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 ന് ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. ഓഗസ്റ്റ് 21ന് കണ്ണൂരില്‍നിന്ന് മടക്കയാത്ര. സ്പെഷ്യല്‍ ട്രെയിന്‍ ബുക്കിങ് ആരംഭിച്ചു.
◾ ഓണത്തിനു യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നടത്തുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷ്. സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടിരുന്നു.
◾ തൃപ്പുണിത്തുറയില്‍ അത്തം ഘോഷയാത്ര നടക്കുന്നതിനാല്‍ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
◾ കടലിലും കരയിലും തിരച്ചില്‍ നടത്താന്‍ ഫിഷറീസ് വകുപ്പിന് ഡ്രോണ്‍ സാങ്കേതിക സംവിധാനം വരുന്നു. ഇതിന്റെ പ്രവര്‍ത്തനം മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിഴിഞ്ഞത്ത് നേരില്‍ കണ്ടു. കടലില്‍ 500 മീറ്റര്‍ വരെ ആഴത്തിലും 200 മീറ്റര്‍ ചുറ്റളവിലും തിരച്ചില്‍ നടത്താനും 138 കിലോ ഗ്രാം ഭാരം വരെ ഉയര്‍ത്താനും ശേഷിയുള്ള അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ , കരയില്‍ പരിശോധനകള്‍ക്കുള്ള എയര്‍ ഡ്രോണ്‍ എന്നിവയുടെ പ്രവര്‍ത്തനമാണ് വിഴിഞ്ഞം ഐ.ബി.യിലെ സ്‌ക്രീനിന്‍ കണ്ടത്.
◾ പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ പിന്തുണക്കാന്‍ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും തീരുമാനിച്ചു. 26 കൗണ്‍സിലര്‍മാരില്‍ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും. ഈ മാസം 19 നാണ് തെരഞ്ഞെടുപ്പ്.
◾ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അധിക്ഷേപിച്ച കെ.ബി. ഗണേഷ് കുമാര്‍ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയന്‍. സ്വന്തം പ്രവര്‍ത്തികളുടെ ഫലമായാണ് അദ്ദേഹം തിരസ്‌കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.
◾ മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഖേദപ്രകടനം നടത്തി സി.ആര്‍. മഹേഷ് എം.എല്‍.എ. തന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവ് സംഭവിച്ചതായും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
◾ വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നേതൃയോഗം വിളിച്ച് സിപിഎം. വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ട് തയാറാക്കാനാണ് യോഗം.
◾ പൊലീസുകാര്‍ക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം.
◾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ മലപ്പുറം സ്വദേശി നിഖില്‍ ചന്ദ്രനെയാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ കൊല്ലത്ത് വഴിത്തര്‍ക്കത്തിനിടെ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച വയോധികന്‍ ജീവനൊടുക്കി. പേരൂര്‍ കുറ്റിച്ചിറ സ്വദേശി മനോഹരന്‍ പിള്ള ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് മനോഹരന്‍ പിള്ള അയല്‍വാസിയായ ഷാജഹാനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
◾ ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണക്കട്ടികള്‍ വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. മലപ്പുറം മഞ്ചേരി വയപ്പറപ്പടി അവുഞ്ഞിപ്പുറത്ത് വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന്‍ മുഹമ്മദ് ജിഹാദ് (24) നെയാണ് കളമശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
◾ തനിക്കെതിരേ പ്രതിഷേധിക്കാന്‍ തീരുമാനിച്ച ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിക്ക് ഉത്തരവിടാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് എന്തു കാര്യമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത. യൂണിവേഴ്സിറ്റി നല്‍കിയ ഹര്‍ജിയില്‍ കോടതി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു.
◾ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ വിജയ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തത്തിനിരകളായ കുടുംബങ്ങളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ എന്തിന് ചോദ്യം ചെയ്യുന്നുവെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം.
◾ വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി. നടപടിയെടുക്കാന്‍ യുപി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
◾ എയര്‍ ഇന്ത്യ വിമാനം ഫുക്കറ്റില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആകാശത്തു വിമാനത്തിന്റെ നിയന്ത്രണം നാല് സെക്കന്‍ഡ് നഷ്ടപ്പെട്ടതായി ബ്ലാക്ക് ബോക്സിലെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം.
◾ പൈലറ്റ് ലഹരിയുപയോഗിച്ചതിനെ തുടര്‍ന്നാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്ന സംശയത്തിന് പിന്നാലെ എയര്‍ ഇന്ത്യ അയ്യായിരത്തിലധികം പൈലറ്റുമാരില്‍ ലഹരി പരിശോധന തുടങ്ങി. എയര്‍ ഇന്ത്യക്കൊപ്പം, എയര്‍ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി.
◾ യുഎഇയില്‍ ഒളിവില്‍ കഴിയുകയായിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തലവന്‍ വിരേന്ദര്‍ സിങ് ബസോയയെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി ഇന്ത്യയിലെത്തിച്ചു. 13,000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രധാന ആസൂത്രകനാണ് പിടിയിലായ ബസോയ. ലഹരി മാഫിയകള്‍ക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിലെ പുതിയൊരു നാഴികക്കല്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.
◾ സൗദി അറേബ്യയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചും പ്രമുഖ സ്ഥാപനങ്ങളുടെ തലപ്പത്ത് നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയും സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.
◾ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇടം കൈയന്‍ ബൗളറെന്ന റെക്കോര്‍ഡാണ് മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഷദ്മാന്‍ ഇസ്ലാമിനെ പുറത്താക്കിയാണ് സ്റ്റാര്‍ക്കിന്റെ നേട്ടം. ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ 434-ാം വിക്കറ്റാണിത്. 433 വിക്കറ്റ് നേടിയ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെറാത്തിന്റെ റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് മറികടന്നത്. ഇതോടെ സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ടയില്‍ കപില്‍ദേവിനൊപ്പമെത്തി.
◾ മൂന്ന് പതിറ്റാണ്ട് മുന്‍പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടിത്തറയിട്ട ആദ്യകാല നിക്ഷേപകര്‍ക്കായി 'ഫൈനല്‍ ബോര്‍ഡിങ് കോള്‍' മുഴങ്ങുന്നു. കാലങ്ങളായി ലാഭവിഹിതം കൈപ്പറ്റാത്ത 150-ഓളം ഓഹരി ഉടമകളെ കണ്ടെത്താനുള്ള അവസാന ശ്രമത്തിലാണ് സിയാല്‍. നിലവിലെ വിപണി മൂല്യമനുസരിച്ച് അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന 1,07,890 ഓഹരികളാണ് ഉടമകളെ കാത്തിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശം 305 കോടി രൂപ ചെലവില്‍ വിമാനത്താവളം നിര്‍മ്മിക്കുമ്പോള്‍ പ്രവാസി മലയാളികളില്‍ നിന്ന് 13 കോടി രൂപയോളമാണ് സമാഹരിച്ചത്. ഇന്ന് 1,220 കോടി രൂപ വരുമാനവും 502 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായവും കൈവരിച്ച് 55 ശതമാനം ലാഭവിഹിതമാണ് സിയാല്‍ നല്‍കുന്നത്. നിക്ഷേപകര്‍ക്കോ അവരുടെ അനന്തര അവകാശികള്‍ക്കോ തങ്ങളുടെ ഓഹരിയില്‍ അവകാശവാദം ഉന്നയിക്കാന്‍ 2026 ഒക്ടോബര്‍ 21 വരെയാണ് അവസാന സമയം. കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍, ഒക്ടോബര്‍ 28-ന് ഈ ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍വെസ്റ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റിയിലേക്ക് മാറ്റും.
◾ ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി ലോഗോ പരിഷ്‌കരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മള്‍ട്ടികളര്‍ ക്യാമറ ഐക്കണിന് മാറ്റമില്ല. ആപ്പിന്റെ മുകളില്‍ കാണുന്ന വേഡ്മാര്‍ക്കിന് മാത്രമാണ് മെറ്റ പുതിയ രൂപം നല്‍കിയിരിക്കുന്നത്. അതിനിടെ പുതിയ രൂപമാറ്റം സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. പുതിയ വേഡ്മാര്‍ക്ക് കൂടുതല്‍ വ്യക്തതയുള്ളതും ആധുനികവുമാണെന്ന് മെറ്റ അവകാശപ്പെടുന്നു. എന്നാല്‍ പുതിയ അക്ഷരവിന്യാസം ആപ്പിന്റെ പേര് വായിക്കാന്‍ പ്രയാസമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. 10 വര്‍ഷമായി മാറ്റമില്ലാതെ തുടര്‍ന്ന ലോഗോ ആധുനികവത്കരിക്കാന്‍ സമയമായി എന്നാണ് പുതിയ ഡിസൈന്‍ പ്രഖ്യാപിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസ്സേരി പറഞ്ഞത്. പല അക്ഷരങ്ങളും തിരിച്ചറിയാന്‍ പ്രയാസമാണെന്നാണ് നിരവധി ഉപയോക്താക്കള്‍ പറയുന്നത്.
◾ വാണിജ്യ വാഹന വിപണിയിലെ ശക്തമായ ആവശ്യകതയുടെ പിന്‍ബലത്തില്‍ ടാറ്റ മോട്ടോഴ്‌സിന് മികച്ച പാദഫലം. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 83% ഉയര്‍ന്ന് 2,560 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 1,397 ഷകോടി രൂപ ആയായിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ പ്രവര്‍ത്തന വരുമാനം 19% വര്‍ധിച്ച് 20,667 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 17,324 കോടിയായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ ശക്തമായ വളര്‍ച്ചയാണ് വരുമാന വര്‍ധനയ്ക്ക് പ്രധാന കാരണം. വാണിജ്യ വാഹന വില്‍പ്പനയിലാണ് ടാറ്റ മോട്ടോഴ്‌സ് ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഭ്യന്തര, കയറ്റുമതി വിപണികളിലായി മൊത്തം 1,08,700 വാണിജ്യ വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വില്‍പ്പന 26% ഉയര്‍ന്നപ്പോള്‍ കയറ്റുമതി 35% വര്‍ധിച്ചു.
◾ വെറുമൊരു ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും 50 ബ്രാന്റുകളുടെ സാമ്രാജ്യത്തിലേക്ക്.... അവിടെ നിന്നും ഒറ്റയടിക്ക് ഒരു കോടി രൂപയുടെ കടക്കണിയിലേക്കും ആത്മഹത്യയുടെ വക്കിലേക്കും. ഇതൊരു സാധാരണ കഥയല്ല. ചോരയും കണ്ണീരും വീണ ഒരു യഥാര്‍ത്ഥ അതിജീവനത്തിന്റെ ചരിത്രമാണ്. വെറുമൊരു ആംബുലന്‍സിന്റെ സ്റ്റിയറിങ്ങില്‍ നിന്നും സ്വന്തം വിധിയെ തിരുത്തി എഴുതി, അസാധാരണമായ ജീവിതം പടുത്തുയര്‍ത്തിയ ഒരു ചെറുപ്പക്കാരന്റെ മാസ്റ്റര്‍പ്ലാനാണ് ഈ പുസ്തകം. ജീവിതം എവിടെ തുടങ്ങി എന്നതോ എങ്ങനെ പോയി എന്നതോ ഒരു പ്രശ്നമേയല്ല. അത് എവിടെ എത്തി നില്‍ക്കുന്നു എന്നതാണ് കാര്യം. നിങ്ങള്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന ഒരു വിദ്യാര്‍ത്ഥിയാണോ? അതോ ശരാശരി ജീവിതം മടുത്തു ഒരു മാറ്റം ആഗ്രഹിക്കുന്ന ആളാണോ ? എങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കുള്ളതാണ്. 'ദി റിച്ച് ആംബുലന്‍സ് ഡ്രൈവര്‍'. അലന്‍ വി.എല്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 379 രൂപ.
◾ എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. എന്‍ഡോമെട്രിയോസിസ് ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഉള്ളവരില്‍ ടൈപ് 2 ഡയബറ്റിസിനുള്ള സാധ്യത 46 ശതമാനം കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. അമേരിക്കയിലെ ജോര്‍ജ് മേസണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്‍. 1996 മുതല്‍ 2021 വരെയുള്ള കാലയളവിലെ ഉട്ടാ പോപ്പുലേഷന്‍ ഡേറ്റാബേസിനെ ആധാരമാക്കിയാണ് പഠനം നടത്തിയത്. എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിച്ച ഏകദേശം 1,00,000 സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് എന്‍ഡോമെട്രിയോസിസ് ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍, എന്‍ഡോമെട്രിയോസിസ് ഉള്ളവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 46 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 'ഡയബറ്റോളജിയ' എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്‍ഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം ഇന്‍സുലിന്‍ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്‍ഡോമെട്രിയോസിസ് പ്രത്യുത്പാദന ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് എന്നതാണ് തങ്ങളുടെ പഠനം പറയുന്നതെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.44, പൗണ്ട് - 129.02, യൂറോ - 110.26, സ്വിസ് ഫ്രാങ്ക് - 117.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.48, ബഹറിന്‍ ദിനാര്‍ - 253.36, കുവൈത്ത് ദിനാര്‍ -309.09, ഒമാനി റിയാല്‍ - 248.20, സൗദി റിയാല്‍ - 25.50, യു.എ.ഇ ദിര്‍ഹം - 25.98, ഖത്തര്‍ റിയാല്‍ - 26.19, കനേഡിയന്‍ ഡോളര്‍ - 68.71.
Tags:
KERALA