കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ (ഓഗസ്റ്റ് 15) വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ജില്ലാതല പരേഡും ചടങ്ങുകളും നടക്കുക. രാവിലെ 8.40ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.45ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 8.50ന് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയും 8.53ന് ഡി.ഐ.ജിയും കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയും എത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 8.55ന് ജില്ലാ കലക്ടര്‍ എത്തി അഭിവാദ്യം സ്വീകരിക്കും. 8.58ന് എത്തുന്ന വിശിഷ്ടാതിഥിയായ തൊഴില്‍, മൃഗസംരക്ഷണ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയെ ജില്ലാ കലക്ടറും കോഴിക്കോട് സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് പരേഡ് ജനറല്‍ സല്യൂട്ട് നല്‍കും.
രാവിലെ ഒമ്പതിന് മന്ത്രി ദേശീയ പതാകയുയര്‍ത്തും. തുടര്‍ന്ന് പരേഡ് സല്യൂട്ട് നല്‍കും. വിവിധ പൊലീസ് സേനാവിഭാഗങ്ങള്‍, എക്സൈസ്, അഗ്നിരക്ഷാ സേന, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉള്‍പ്പെടെ 22 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും.
9.02ന് പരേഡ് കമാന്‍ഡറുടെ അകമ്പടിയോടെ മന്ത്രി പരേഡ് പരിശോധിക്കും. സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയ ശേഷം മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് ദേശീയഗാനത്തിന് ശേഷം പരേഡ് പിരിച്ചുവിടും. ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
Tags:
KOZHIKODE