2026 | ജൂലൈ 31, വെള്ളി
1201 | കര്‍ക്കടകം 15, അവിട്ടം
◾ മുത്തങ്ങ സമരത്തിനിടെ കോണ്സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ അടക്കം 56 പ്രതികളെയും വെറുതെവിട്ടു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ സലാം വധശ്രമക്കേസില്‍ എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. വയനാട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരിക്കേറ്റ സലാമിന് മൂന്നു ലക്ഷം രൂപയും ശശിധരന് രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണം. വിനോദ് കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ രണ്ടാം പ്രതി അശോകന്‍ മരിച്ചതിനാല്‍ ശിക്ഷ വിധിച്ചില്ല. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കണം. 23 വര്‍ഷത്തിനു ശേഷമാണു വിധി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (സി.ഇ.സി) തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുക മാത്രമല്ല, അത് സ്വതന്ത്രമാണെന്ന് ജനങ്ങള്‍ക്ക് അനുഭവപ്പെടുകയും വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
പിഎം ശ്രീ പദ്ധതിയില്‍നിന്നു പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താല്‍ പിഎം ശ്രീയുടെ ആനുകൂല്യങ്ങള്‍ മാത്രമേ നഷ്ടമാകൂവെന്ന് രാജ്യസഭയില്‍ കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി. കേരളം പിഎം ശ്രീ പദ്ധതിയില സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി.
അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ എസ് പി ദീപക് ഹൈക്കോടതിയില്‍. ചട്ടംലംഘിച്ചു സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരില്‍ ഹൈക്കോടതി അംഗത്വം അസാധുവാക്കിയ കൗണ്‍സിലര്‍ തെരഞ്ഞെടുത്തവരാണു മേയറും ഡെപ്യൂട്ടി മേയറമെന്ന് ഹര്‍ജിയില്‍ വാദം. തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കും നോട്ടീസ് അയച്ച കോടതി, മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കൃത്രിമം നടന്നത് എവിടെയാണന്ന് കണ്ടെത്തിയിട്ടില്ല. മില്‍മയുടെ പാക്കറ്റുകളിലാണ് നെയ്യ് ശബരിമലയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്കു സാധ്യത. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. കാസര്‍കോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മീന്‍പിടിത്തത്തിനും വിലക്ക്.
കേരളാ തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ മാരിടൈം ഡയറക്ടറേറ്റ് നാവികസേനയുടെ സഹായം തേടി. കടലിലുള്ള കണ്ടെയ്നറുകളും പരിശോധിക്കേണ്ടിവരും. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണു നടപടി.
കോഴിക്കോട് പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകര്‍ പ്രതികളായ ലഹരിക്കേസില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. നാലംഗ സമിതിയാണ് അന്വേഷിക്കുക. എസ് എസ് കെ സ്റ്റേറ്റ് അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ എ കെ ഷൈന്‍മോനാണ് അന്വേഷണ ചുമതല. പ്രതികളായ കാവ്യ, കീര്‍ത്തന, നീഷ്മ എന്നീ അധ്യാപികമാര്‍ക്ക് ബിആര്‍സിയില്‍ ജോലിയില്‍ തുടരാന്‍ ആരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്നടക്കം നാലംഗ സമിതി പരിശോധിക്കും. ഇവരുടെ അക്കൗണ്ടുകളിലേക്കു പണം അയച്ചവരെ പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നുണ്ട്.
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനായ കെ.വി. വിനോദ് വെട്ടേറ്റ് കൊല്ലപ്പെട്ട കേസിലെ കോടതിവിധിയില്‍ തൃപ്തരല്ലെന്ന് കുടുംബം. മരവിച്ച മനസുമായാണ് കോടതി വിധി കേട്ടതെന്നും കേസ് നടത്തിപ്പില്‍ സന്തുഷ്ടരല്ലെന്നും വിനോദിന്റെ സഹോദരനായ റിട്ട. എസിപി കെ.വി. ബാബു പ്രതികരിച്ചു.
അങ്കമാലി - കൊരട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ബെസ്റ്റ് വേ' എന്ന സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികളും ഇതരസംസ്ഥാനക്കാരും ഒഴികെയുള്ള പുരുഷന്മാര്‍ക്ക് ഇന്ന് സൗജന്യ യാത്ര. സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സൗജന്യയാത്ര. അങ്കമാലി ടൗണ്‍ ജംഗ്ഷനില്‍ സ്വകാര്യ ബസുടമകള്‍ പ്രതിഷേധ ധര്‍ണ നടത്തി.
തിരുവനന്തപുരം വെമ്പായം ബാറിലെ കൂട്ടത്തല്ലിനിടെ പെട്രോളൊഴിച്ചു തീവച്ചപ്പോള്‍ പൊള്ളലേറ്റവരില്‍ ഒരാള്‍കൂടി മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫല്‍ ആണ് മരിച്ചത്. ഇതോടെ തീവയ്പില്‍ മരിച്ചവരുടെ എണ്ണം നാലായി.
ഉപയോഗിച്ച രണ്ടായിരത്തോളം ഗര്‍ഭ നിരോധന ഉറകള്‍ നടുറോഡില്‍. എംസി റോഡില്‍ ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജംഗ്ഷനിലാണ് ഉറകള്‍ കണ്ടെത്തിയത്. ഇവ റോഡില്‍ ഉപേക്ഷിച്ചവരുടെ വാഹനം കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
കെസ്ആര്‍ടിസി വാങ്ങിയ ബിസിനസ് ക്ലാസ് ബസുകള്‍ ഒരു വര്‍ഷമായിട്ടും നിരത്തിലിറങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോടികള്‍ മുടക്കി വാങ്ങിയ ബസുകള്‍ നികുതി സംബന്ധിച്ച തര്‍ക്കം മൂലം പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പിലാണ്.
കൊല്ലത്തെ കടവൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാല്‍ക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരാളെ പിടികൂടി.
ഡല്‍ഹിയിലെ യിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജയിലുകളില്‍ പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അറുപതോളം കേസുകളിലെ പ്രതിയായ പെരിങ്ങോട്ടുകര കിഴക്കുമുറി അയ്യാട്ട് വീട്ടില്‍ രാഗേഷ് (കായ്ക്കുരു രാഗേഷ് (42), വാടാനപ്പള്ളി ഗണേശ മംഗലം മേപ്പറമ്പില്‍ വീട്ടില്‍ ജുഗല്‍ ( 21 ) എന്നിവരെ അങ്കമാലി പൊലീസ് പിടികൂടി്. ഹൈവേ കൊള്ള നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പോലീസ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ 10 നാവികര്‍ ഉള്‍പ്പെടെ 16 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് രാജ്യസഭയില്‍ അറിയിച്ചു. 75 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനും ഇന്ത്യന്‍ എംബസികള്‍ വഴി നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തേടി പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. അമിത് ഷാ എവിടെയെന്ന് പ്രതിപക്ഷം ചോദിച്ചു. രാജ്യസഭയില്‍ നടന്ന പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചയിലും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. എഫ്സിആര്‍എ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധമറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനു മെറ്റാ ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനും നിരവധി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കുമെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ കേസ്. ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയ്ക്ക് താഴെ പരിഹാസ കമന്റുമായി കോക്റോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ. മോദിയുടെ ചര്‍മ്മം രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കമുള്ളതാണെന്നാണ് ദീപ്കെയുടെ പരിഹാസം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായതിനെ പ്രശംസിച്ച് മോദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് ദീപ്കെ കമന്റിട്ടത്.
മഹാരാഷ്ട്രയിലെ ഭീവണ്ഡിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു. ബാലാജിനഗറിലെ കോഹിനൂര്‍ ബില്‍ഡിംഗിന്റെ ഒരുഭാഗമാണ് തകര്‍ന്നത്.
ഇ20 പെട്രോള്‍ സംബന്ധിച്ച മന്ത്രാലയങ്ങളുടെ വിശദീകരണത്തില്‍ ഭിന്നത. ഇ20 പെട്രോള്‍ ഉപയോഗിച്ചാല്‍ രണ്ട് മുതല്‍ ആറു ശതമാനം വരെ മൈലേജ് കുറഞ്ഞേക്കാമെന്ന് ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ മൈലേജ് കുറഞ്ഞേക്കാമെന്നാണ് പെട്രോളിയം മന്ത്രാലയം രാജ്യസഭയില്‍ നേരത്തെ അറിയിച്ചത്.
ജന്തര്‍ മന്ദറിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ കണ്ണീരുമായി മാധ്യമങ്ങള്‍ക്കു മുന്നില്‍. തങ്ങളുടെ ഉറ്റവര്‍ ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്നും ആള്‍ക്കൂട്ടം അവരെ ആക്രമിച്ചു പരിക്കേല്‍പിച്ചെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മക്കളും ഭാര്യമാരും ഉള്‍പ്പെടെ ആണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പത്തൊന്‍പതുകാരനായ വിദ്യാര്‍ത്ഥിക്ക് ബെംഗളൂരുവില്‍ ക്രൂരമര്‍ദ്ദനം. ബെല്‍ സര്‍ക്കിളില്‍ അതിക്രമം നടത്തിയ നാലംഗ സംഘത്തെ പോലീസ് തെരയുന്നു.
ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരേ പൊലീസ് കേസെടുത്തു. രുചിക സിംഗി(25)നെതിരേയാണ് നോയിഡയിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രശസ്ത തെന്നിന്ത്യന്‍ ഗായിക ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു. ബംഗളൂരുവിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക് ഭാഷകളിലെ ഗാനങ്ങളിലൂടെ പ്രശസ്തയാണ്. മലയാളത്തിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ചെങ്കടല്‍ മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ വിതരണ പാതകള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി പുതിയ ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം രൂപീകരിക്കുമെന്ന് സൗദി അറേബ്യ. യമനിലെ ഹൂതി വിമതരുടെ ആക്രമണം മൂലം ആഗോള വ്യാപാര പാതയിലുണ്ടായ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
സ്പെയിനിന്റെ വടക്കേ ആഫ്രിക്കന്‍ അതിര്‍ത്തി നഗരമായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇരച്ചുകയറി. കടല്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് പേര്‍ മരിച്ചു. നുഴഞ്ഞുകയറ്റക്കാരെ ചെറുക്കാന്‍ സ്പാനിഷ് സൈന്യത്തെ വിന്യസിച്ചു. അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ സ്പെയിനും മൊറോക്കോയും ധാരണയിലെത്തിയിട്ടുണ്ട്.
യുഎസിലെ യൂണിവേഴ്സിറ്റികളില്‍നിന്ന് പഠിച്ചിറങ്ങി തൊഴില്‍ ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തുക ഫീസ് ചുമത്താന്‍ ഡോണാള്‍ഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നു. ദ വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗാസയില്‍ ഹമാസ് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളെ പൂര്‍ണമായും നിരായുധരാക്കുന്നതിനായി ചരിത്രപരമായ 'ബോര്‍ഡ് ഓഫ് പീസ്' കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഗാസയില്‍ പുതിയ പലസ്തീന്‍ ഭരണകൂടം സ്ഥാപിക്കുന്നതിനും ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി ഗാസയില്‍നിന്ന് പിന്മാറാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസവും എസി മിലാന്റെ പ്രശസ്ത ഡിഫന്‍ഡറുമായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസായിരുന്നു. 1977 മുതല്‍ 1997 വരെ 20 വര്‍ഷം എസി മിലാന്റെ താരമായിരുന്നു.
തമിഴ്നാട് വിപണിയെ ലക്ഷ്യമിട്ട് 'അക്ഷയ തങ്ക മാളിക' എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് പുറത്തിറക്കി കല്യാണ്‍ ജുവലേഴ്സ്. കല്യാണ്‍ ജുവലേഴ്സ്, കാന്‍ഡിയര്‍ എന്നിവയ്ക്ക് ശേഷം ഗ്രൂപ്പ് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബ്രാന്‍ഡാണിത്. കല്യാണ്‍ ജുവലേഴ്സ് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള 'കെ.ജെ.ജി ബ്രാന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന ഉപകമ്പനിക്ക് കീഴില്‍ വരുന്ന പ്രധാന ബ്രാന്‍ഡുകളില്‍ ഒന്നാണ് എ.ടി.എം. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഈ പുതിയ സംരംഭത്തിനായി 300 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. തമിഴ് നടന്‍ ശിവകാര്‍ത്തികേയനാണ് എ.ടി.എമ്മിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ചെന്നൈയിലെ പ്രമുഖ റീറ്റെയ്ല്‍ ഹബ്ബായ ടി. നഗറിലെ പനഗല്‍ പാര്‍ക്കില്‍ ഓഗസ്റ്റ് 21നാണ് അക്ഷയ തങ്ക മാളികയുടെ ആദ്യ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുന്നത്. വരും മാസങ്ങളില്‍ സംസ്ഥാനത്ത് നാല് സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് കല്യാണ്‍ ജുവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ ഉപഭോക്താക്കളുടെ സവിശേഷമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എ.ടി.എം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മുന്‍നിര എഐ മോഡലുകളുടെ നിരക്കുകള്‍ വെട്ടിക്കുറച്ച് യു.എസ് കമ്പനിയായ ഓപ്പണ്‍എഐ. ജിപിടി - 5.6 വകഭേദങ്ങളായ ജിപിടി - 5.6 ലൂണ, ജിപിടി - 5.6 ടെറ എന്നീ രണ്ട് മോഡലുകളുടെ നിരക്ക് കുറയ്ക്കുന്നതായി ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ പ്രഖ്യാപിച്ചു. കിമി കെ3 പോലുള്ള ചൈനീസ് ഓപ്പണ്‍-വെയ്റ്റ് മോഡലുകളില്‍ നിന്ന് ഓപ്പണ്‍എഐ കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ജിപിടി - 5.6 ലൂണ നിരക്കില്‍ 80 ശതമാനം കുറവാണ് വരുത്തുന്നത്. ജിപിടി - 5.6 ടെറ നിരക്കുകള്‍ 20 ശതമാനമാണ് കുറച്ചിട്ടുള്ളത്. ലൂണ, ടെറ എന്നിവയുടെ നിരക്ക് കുറച്ചതോടെ അവ നിലവില്‍ കിമി കെ3 യെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. നിലവില്‍ വിപണിയിലുള്ള ഏറ്റവും വലിയ ഓപ്പണ്‍-വെയ്റ്റ് അക മോഡലാണ് കിമി കെ3. ചൈനീസ് കമ്പനിയായ മൂണ്‍ഷോട്ട് ഇത് പുറത്തിറക്കിയത് ആഗോള എഐ വ്യവസായത്തെതന്നെ ഞെട്ടിച്ചിരുന്നു. വളരെ കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാം എന്നതാണ് ശ്രദ്ധേയമായ സവിശേഷത.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'ഐ ആം ഗെയിം' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാംബ്ലിങ് പ്രമേയമായൊരുക്കിയിരിക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനും പാട്ടും ഡാന്‍സും ത്രില്ലിങ് രംഗങ്ങളുമൊക്കെയായി തീയേറ്ററുകള്‍ക്ക് തീപിടിപ്പിക്കാന്‍ സാധിക്കുന്ന ചിത്രമാകും ഐ ആം ഗെയിം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാന്റെ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 20ന് തീയേറ്ററുകളിലെത്തും. ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്‌സ് എന്നിവരാണ്. പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത 'ഡിസി' യുടെ ട്രെയ്‌ലര്‍ പുറത്ത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രം ഓഗസ്റ്റ് 7 ന് ആഗോള റിലീസായി എത്തുന്നു. ചിത്രം കേരളത്തിലും കര്‍ണാടകത്തിലും വമ്പന്‍ റിലീസായി പ്രദര്‍ശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കര്‍ണാടകയിലും ചിത്രത്തിന്റെ ഡിസ്ട്രിബുഷന്‍ പാര്‍ട്ണര്‍. സംവിധായകന്‍ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. സഞ്ജന കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
പ്രമുഖ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യെസ്ഡിയുടെ 2026 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍, റോഡ്സ്റ്റര്‍, സ്‌ക്രാംബ്ലര്‍ എന്നി മോഡലുകളുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്. മുന്‍ പതിപ്പുകളെ അപേക്ഷിച്ച് ഏറ്റവുമധികം മാറ്റം അഡ്വഞ്ചറിനാണ്. ട്യൂബ് ലെസ് ക്രോസ് സ്‌പോക്ക് വീലുകളാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. പുതിയ ഗ്രാഫിക്‌സുകളോട് കൂടിയ യെല്ലോ ഫാല്‍ക്കണ്‍ കളര്‍ ഓപ്ഷനും ഇതിന് നല്‍കിയിട്ടുണ്ട്. നിലവിലുള്ള ടോര്‍നാഡോ ബ്ലാക്ക്, ഗ്ലോസ് വൈറ്റ്, നെബുല ബ്ലൂ എന്നി കളറുകളിലും അഡ്വഞ്ചര്‍ ലഭിക്കും. യെസ്ഡി റോഡ്സ്റ്ററിന് കോപ്പര്‍ ഗ്രാഫിക്‌സും ബ്രൗണ്‍ സീറ്റുമുള്ള പുതിയ ഗ്രീന്‍ മാംബ കളര്‍ ഓപ്ഷനാണ് ലഭിച്ചിരിക്കുന്നത്. യെസ്ഡി സ്‌ക്രാംബ്ലറിന് ബ്രൗണ്‍ റിബ്ഡ് സീറ്റുകളും ഇതിന് മാച്ച് ചെയ്യുന്ന ടാങ്ക് പാഡുകളുമുള്ള പുതിയ ഗ്രേ പന്തര്‍ കളര്‍ സ്‌കീം ലഭിച്ചിട്ടുണ്ട്. യെസ്ഡി അഡ്വഞ്ചറിന് 2.12 ലക്ഷം രൂപ മുതല്‍ 2.32 രൂപ വരെയാണ് വില. റോഡ്‌സറ്ററിന് 2.05 ലക്ഷവും സ്‌ക്രാംബ്ലറിന് 2.05 ലക്ഷം രൂപയുമാണ് വില. ഇത് എക്‌സ് ഷോറൂം വിലയാണ്.
ചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തില്‍ നാട്ടുപുരാവൃത്തങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ജീവിച്ച മനുഷ്യരുടെ കഥയാണിത്. പ്രതിസന്ധികളോട് പൊരുതുന്ന ഋഷി എന്ന യുവാവിന്റെയും രഹസ്യങ്ങളുടെ നിഴലില്‍ ജീവിക്കുന്ന ചിത്രലേഖയുടെയും തീക്ഷ്ണമായ പ്രണയവും വിരഹവും അനുവാചകഹൃദയം തൊടുംവിധമാണ് ഈ നോവലില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഡി സി ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവല്‍ മത്സരത്തില്‍ ഈ നോവല്‍ ഒന്നാം സ്ഥാനം നേടി. 'ചിത്രലേഖയുടെ അടയാളങ്ങള്‍'. രാധാകൃഷ്ണന്‍ നാരായണന്‍. ഡിസി ബുക്സ്. വില 216 രൂപ.
ദഹനം നന്നായാല്‍ മാത്രമാണ് ശരീരത്തിന് ആവശ്യമായ പോഷകം ഭക്ഷണത്തില്‍ നിന്ന് ആഗിരണം ചെയ്യാന്‍ സാധിക്കൂ. ദഹനപ്രക്രിയ ആരംഭിക്കുന്നത് വായില്‍ നിന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുമ്പോള്‍ ഉമിനീരിലെ എന്‍സൈമുകള്‍ ഭക്ഷണത്തെ ചെറിയ ഘടകങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നു. ഇത് ആമാശയത്തിന് അമിതഭാരം കുറയ്ക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. വെള്ളം ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വ്യായാമം കുടലിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും ഭക്ഷണം ദഹനനാളത്തിലൂടെ സുഗമമായി നീങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രോബയോട്ടിക്കുകള്‍ കുടലിലെ നല്ല ബാക്ടീരിയയുടെ എണ്ണം വര്‍ധിപ്പിച്ച് ദഹനശേഷി മെച്ചപ്പെടുത്തുന്നു. തൈര്, മോര്, പുളിപ്പിച്ച ഭക്ഷണങ്ങള്‍ പോലുള്ളവയില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ പലതവണ ഭക്ഷണം കഴിക്കുന്നത് ദഹനത്തിന് കൂടുതല്‍ നല്ലതാണ്. ഭക്ഷണത്തിന് ശേഷം ഉടന്‍ കിടക്കുന്നത് നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 2-3 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ഉറങ്ങാന്‍ പോകാവൂ. മാനസിക സമ്മര്‍ദ്ദം കുടലിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കും. എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഭക്ഷണം കഴിക്കുന്നത് ദഹനസംവിധാനത്തിന് സ്ഥിരത നല്‍കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 95.41, പൗണ്ട് - 128.31, യൂറോ - 109.86, സ്വിസ് ഫ്രാങ്ക് - 118.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.08, ബഹറിന്‍ ദിനാര്‍ - 254.28, കുവൈത്ത് ദിനാര്‍ -308.07, ഒമാനി റിയാല്‍ - 248.14, സൗദി റിയാല്‍ - 25.57, യു.എ.ഇ ദിര്‍ഹം - 26.05, ഖത്തര്‍ റിയാല്‍ - 26.18, കനേഡിയന്‍ ഡോളര്‍ - 68.06.
Tags:
KERALA