2026 | ജൂലൈ 29, ബുധന്‍
1201 | കര്‍ക്കടകം 13, ഉത്രാടം
◾ ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലന്‍സ് വിസില്‍ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി കണ്ടാല്‍ ആര്‍ക്കും 1064 ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. ആദ്യ വിസില്‍ കമാന്‍ഡോയായി ചലച്ചിത്ര താരം നിവിന്‍ പോളി അണിചേരും.
◾ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിംഗ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
◾ ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി നഗരത്തില്‍ നിന്നും പിടികൂടിയ ലഹരി വസ്തുക്കള്‍ നശിപ്പിച്ചു.മേയറും കമ്മീഷണറും സാക്ഷിയായി ഏഴരക്കോടിയുടെ ലഹരിവസ്തുക്കള്‍ ആണ് കൂട്ടിയിട്ട് കത്തിച്ചത്. കഞ്ചാവ്, എംഡിഎംഎ, നെട്രാസെപാം ഗുളികള്‍ അടക്കം, കഴിഞ്ഞ ഒരു വര്‍ഷമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് ബ്രഹ്‌മപുരത്ത് ഇന്‍സിനേറ്ററിന്റെ സഹായത്തോടെ കത്തിച്ച് നശിപ്പിച്ചത്.
◾ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി 'കേരളാ ബ്രാന്‍ഡ്' പദ്ധതിയുടെ നിബന്ധനകള്‍ സര്‍ക്കാര്‍ ലളിതമാക്കി. ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ പോലുള്ള കര്‍ശന വ്യവസ്ഥകള്‍ ഒഴിവാക്കിയത് 11 തരം ഉത്പന്നങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഗുണകരമാകും. ഈ മാറ്റങ്ങള്‍ നാടന്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ഇടം നേടാന്‍ സഹായിക്കും.
◾ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പ്രസംഗം മുഴുവന്‍ കേള്‍ക്കാത്തത് കൊണ്ടുണ്ടായ വിവാദമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. അമ്മ മരിച്ചിട്ട് 27 വര്‍ഷമായെന്നും ഇന്നും ആ രുചി നാവിലുണ്ടെന്നും അത്തരം രുചികള്‍ മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
◾ സംസ്ഥാന സര്‍ക്കാരിലെ വിവിധ പദവികളിലേക്ക് തന്റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.. ഒരുവിധ ഔദ്യോഗിക സ്ഥാനങ്ങളും സ്വീകരിക്കില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യാജ പ്രചാരണങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
◾ എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എംആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായതിനാല്‍ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്.
◾ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 60 ദിവസം ജയിലില്‍ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാര്‍ട്ടി ഇറക്കുന്നത്. എന്നാല്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനെയടക്കം എത്തിച്ച് ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് ഇഡിയുടെ നീക്കം.
◾ ദില്ലിയിലെ ജന്തര്‍ മന്തറില്‍ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ സിജെപി പ്രതിഷേധത്തിനെതിരെ നടത്തിയ അശ്ലീല- അധിക്ഷേപ പരാമര്‍ശത്തില്‍ ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിലാണ് സിറ്റി സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മോഹന്‍ദാസിനെതിരെ കേസ് വൈകുന്നത് വിവാദമായിരുന്നു.
◾ ക്യാന്‍സര്‍ രോഗികള്‍ക്കായി കെഎസ്ആര്‍ടിസി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിര്‍ത്തലാക്കിയെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ കാരണം കാര്‍ഡ് വിതരണത്തില്‍ ചെറിയ കാലതാമസം മാത്രമാണുണ്ടായതെന്നും, നിലവില്‍ വാലിഡിറ്റിയുള്ള കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര തുടരാമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
◾ പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ ടി പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് കത്ത്. തീയിടലിന് പിന്നില്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനനെന്നാണ് പുരുഷോത്തമന്റെ ആരോപണം. മധുസൂദനനെതിരെ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്ന് പുരുഷോത്തമന്‍ കത്തില്‍ ആവശ്യപ്പെട്ടു.
◾ കൊറിയര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി കെഎസ്ആര്‍ടിസി. സേവനം മതിയാക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കി. കൊറിയര്‍ ബുക്ക് ചെയ്യുന്നത് നിര്‍ത്തിവെച്ചു. സര്‍വീസ് മോശമെന്ന് വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
◾ കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തല്‍. 100 കിലോ മീറ്റര്‍ വേഗത്തിലാണ് ബസ് സഞ്ചരിച്ചത്.വേഗത്തില്‍ സഞ്ചരിച്ച ബസ് വളവ് തിരിയാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ടു. അക്വാപ്ലെയിനിങും അപകടത്തിന്റെ ആഘാതം കൂട്ടിയെന്നുമാണ് കണ്ടെത്തല്‍.
◾ മല്ലപ്പള്ളിയിലെ രണ്ട് മാര്‍ത്തോമ്മാ പള്ളി സെമിത്തേരികളില്‍ നിന്ന് കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയതിനെ തുടര്‍ന്നുള്ള കേസന്വേഷണം കല്ലറ നിര്‍മ്മാണ തൊഴിലാളികളിലേക്ക് നീങ്ങുന്നു. കല്ലറ നിര്‍മ്മാണം കോണ്‍ട്രാക്ട് എടുത്ത് നടത്തുന്നവരാകാം ഗ്രാനൈറ്റ് കടത്തിക്കൊണ്ട് പോയതെന്നാണ് പൊലീസ് നിഗമനം. കുരിശ് കൊത്തിവെച്ച ഗ്രാനൈറ്റ് മറ്റാരും കൊണ്ടുപോകാന്‍ സാധ്യതയില്ലെന്നും വിലയിരുത്തല്‍.
◾ ക്ഷേത്രങ്ങളില്‍ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ തള്ളി സിപിഎം നേതാവ് പി ജയരാജന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും നുണ നിര്‍മ്മിതികളുടെ പാരമ്പര്യം തുടരുന്നതിന്റെ ഭാഗവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
◾ ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബര്‍ ഇടമായി ടെലഗ്രാം എന്ന് കണ്ടെത്തല്‍. ഡീപ് ഫേക്ക് നഗ്‌ന ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബോട്ടുകള്‍ ഇവിടെ സജീവം ആണ്. സ്ത്രീകളുടെ വികല ചിത്രങ്ങള്‍ വില്പനക്ക് വച്ച് ഗ്രൂപ്പുകള്‍ പണം നേടുന്നു . വീടിനുള്ളിലെ സ്വകാര്യതയില്‍ നിന്നും ചിത്രങ്ങള്‍ ടെലഗ്രാമിലെത്തുന്നുണ്ട്. പണം വാങ്ങി ചിത്രങ്ങള്‍ വില്‍ക്കുന്നവരില്‍ കൗമാരക്കാരുമുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് എത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
◾ ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ഈ മാസം ഇരുപത്തിരണ്ടാം തീയതി വീയപുരം പൊലീസില്‍ നിന്ന് മര്‍ദനമേറ്റെന്നാണ് മുഹമ്മദ് യാസിന്‍ എന്ന ഇരുപതുകാരന്റെ പരാതി. വാഹനപരിശോധനയ്ക്കായി പൊലീസ് കൈകാട്ടിയപ്പോള്‍ നിര്‍ത്തിയില്ലെന്ന് പറഞ്ഞ് പിന്തുടര്‍ന്ന് പിടികൂടിയായിരുന്നു തല്ലിയത്.
◾ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി 58കാരി മരിച്ചു. ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തില്‍ എസ് അശോകന്റെ ഭാര്യ സരള (58) ആണ് മരിച്ചത്.
◾ കോട്ടയം തീക്കോയില്‍ ഗര്‍ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികള്‍ മുമ്പും സമാന രീതിയില്‍ കുട്ടികളെ വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ വാഗമണ്‍ സ്വദേശി അനീനയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
◾ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കണ്ണൂര്‍ കതിരൂര്‍ സ്വദേശി സി എച്ച് അഷ്‌റഫ് 25 വര്‍ഷത്തിന് ശേഷം പിടിയിലായി . കതിരൂര്‍ സ്വദേശി രതീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഷ്റഫ് 25 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. 10 വര്‍ഷത്തോളം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പയ്യന്നൂരില്‍ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
◾ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ചിറ്റാര്‍ സീതത്തോട് സ്വദേശി ഷിജോ ജോസഫ് (34), സീതത്തോട് മൂന്ന് കല്ല് സ്വദേശി റംഷാദ് (28) എന്നിവരാണ് ചിറ്റാര്‍ പോലീസിന്റെ പിടിയിലായത്. ജൂലൈ 22 ബുധനാഴ്ച രാതിയിലായിരുന്നു സംഭവം.
◾ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വാടകവീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തന്റെ ഗേ പാട്‌നറെ പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ദീപാംശു റായ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാരണാസി സോനാര്‍പുര സ്വദേശിയായ കുഷ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
◾ ചണ്ഡീഗഢിലെ പഞ്ചാബ് സര്‍വകലാശാല ക്യാമ്പസില്‍ ഗവേഷക വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. ഹരിയാണ റെവാരി സ്വദേശിനിയും മൈക്രോ ബയോളജി വിഭാ?ഗത്തിലെ പിഎച്ച്ഡി വിദ്യാര്‍ഥിയുമായ ജ്യോതി(28)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
◾ രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും തെരുവില്‍ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാര്‍ട്ടികളും ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങള്‍ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ ഇഡിയറ്റ് എന്ന് അവള്‍ മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വിശദമാക്കി.
◾ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് മിസിര്‍ ബെസ്ര അറസ്റ്റില്‍. ചൊവ്വാഴ്ച വൈകിട്ട് ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്നാണ് ബെസ്രയെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം മാവോയിസ്റ്റുകളായ മൊച്ചു, സൗരഭ് എന്ന ഗൗരവ് എന്നിവരും പിടിയിലായിട്ടുണ്ട്.
◾ ദില്ലിയില്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളം തുടരുന്നു. സിപിഎം ഓഫീസിലെ പോലീസ് നടപടിയും ഐഷി ഘോഷിനെതിരായ നീക്കവും ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരുണ്ടായി. ഇതേത്തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു.
◾ സ്ത്രീയാണെന്ന വ്യാജേന വിവാഹം കഴിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെ കബളിപ്പിച്ചതായി യുവാവിന്റെ പരാതി. മധ്യപ്രദേശിലെ ഷാജാപുര്‍ സ്വദേശിയായ 32-കാരനാണ് ഭാര്യ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഭാര്യയുടെ കുടുംബാംഗങ്ങളടക്കം അഞ്ചുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.
◾ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന യുവാവിന്റെ പരാതിയില്‍ ഭാര്യയ്ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് പോലീസ് വധശ്രമത്തിന് കേസെടുത്തു. തന്റെ സഹോദരിമാരുടെ ഭര്‍ത്താക്കന്മാരുമായി, ഭാര്യയ്ക്കുള്ള അവിഹിതബന്ധമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് 28-കാരനായ യുവാവ് ആരോപിച്ചു.
◾ സര്‍ക്കാര്‍ ബസുകളില്‍ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട്. യാത്ര കൂടുതല്‍ സുഖകരവും സമാധാനപരവും ആക്കുന്നതിനായാണ് നീക്കം. യാത്രക്കാര്‍ ഫോണുകള്‍ സ്പീക്കര്‍ മോഡില്‍ ഉപയോഗിക്കുന്നതും ഉച്ചത്തില്‍ പാട്ടോ വീഡിയോയോ പ്ലേ ചെയ്യുന്നതും ഒഴിവാക്കണമെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
◾ ഡിആര്‍ഡിഒയില്‍നിന്ന് ഡേറ്റ ചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. പുറത്തുവന്നത് തെളിവിന്റെ പിന്‍ബലമില്ലാത്ത റിപ്പോര്‍ട്ടുകളാണെന്നും ഇപ്പോള്‍ സൈബര്‍ ആക്രമണം നടന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
◾ ജെന്‍സിക്ക് പിന്നാലെ ജെന്‍ ആല്‍ഫയുടെ സമരവിജയം. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. സ്‌കൂള്‍ വളപ്പില്‍ 5 മണിക്കൂര്‍ നീണ്ട സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. സമര ദൃശ്യങ്ങള്‍ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ നേരിട്ടെത്തി വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് രേഖാമൂലം അംഗീകരിച്ചു.
◾ എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന് എതിരായ ദില്ലി പോലീസ് നടപടി വീണ്ടും. ഇന്നലെ രാത്രി വൈകിയും മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി. നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം. പാര്‍ട്ടി ആസ്ഥാനത്ത് കയറിയുള്ള നടപടി ഇടത് നേതാക്കള്‍ ഒറ്റക്കെട്ടായി ചെറുക്കും എന്ന് എംപിമാര്‍ വ്യക്തമാക്കി.
◾ അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പുമായി ബന്ധമുള്ള ഇറാനിലെ 'തസ്നീം ന്യൂസ്' ഏജന്‍സി. മെലാനിയയുടെ ഫാഷന്‍ ഭ്രമം മുതലെടുത്ത് ആക്രമണം നടത്താമെന്നും വിഷവാതകം കലര്‍ത്തണം എന്നും വീഡിയോയില്‍ പറയുന്നു. മകന്‍ ബാരണ്‍ ട്രംപിനും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
◾ അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി ഇറാഖിലെ ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്‍ പിന്തുണയുള്ള സായുധ സഖ്യമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിലെ (പിഎംഎഫ്) 10 അംഗങ്ങള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
◾ ജപ്പാനില്‍ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചതായി സ്ഥിരീകരണം. കുമാ മോട്ടോ നഗരത്തിലെ ഷോപ്പിംഗ് സെന്റര്‍ തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങി. 50 ലധികം പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. നിരവധി വീടുകളും പാലങ്ങളും തകര്‍ന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊടും ചൂട് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
◾ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് 100 ശതമാനം താരിഫ് ഭീഷണി ഉയര്‍ത്തുന്ന ബില്ലില്‍ വോട്ട് ചെയ്ത യുഎസ് സെനറ്റര്‍മാര്‍ക്ക് നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി. യുഎസില്‍ സന്ദര്‍ശനം നടത്തുന്ന സെലന്‍സ്‌കി യുഎസ്. കാപിറ്റോളിലെത്തി, സെനറ്റ് ഗാലറിയില്‍ ഇരുന്ന് ബില്ലിന്മേലുള്ള വോട്ടെടുപ്പ് നേരിട്ട് വീക്ഷിക്കുകയും ചെയ്തു.
◾ വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയും. അന്തരിച്ച യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാമിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായി വാഷിംഗ്ടണിലെത്തിയ ഇരുനേതാക്കളും വെവ്വേറെയാണ് വൈറ്റ് ഹൗസിലെത്തി ട്രംപുമായി ചര്‍ച്ചകള്‍ നടത്തിയത്. ഈ കൂടിക്കാഴ്ചകള്‍ വളരെ 'പോസിറ്റീവും ഫലപ്രദവും' ആയിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലീവിറ്റ് അറിയിച്ചു.
◾ പാക് അധീന കശ്മീരിലെ നരനായാട്ടിനെ ന്യായീകരിച്ച് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക് അധീന കശ്മീരിലെ പ്രതിഷേധക്കാര്‍ ഇന്ത്യയെപ്പോലെ തന്നെ ശത്രുക്കളാണെന്നായിരുന്നു ഖ്വാജ ആസിഫിന്റെ ന്യായീകരണം. പ്രതിഷേധക്കാരുമായി ഇനിയൊരു ചര്‍ച്ചയില്ലെന്നും ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
◾ ജോര്‍ദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ജോര്‍ദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ചൊവ്വാഴ്ചയാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആരോപിച്ചു.
◾ ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തില്‍ രാസചോര്‍ച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ പ്യോങ്‌ടേക്കിലെ യുഎസ് വ്യോമത്താവളത്തിലാണ് രാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് ചോര്‍ന്നത്. ഇതോടെ സമീപത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
◾ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്ര നടത്തി ഓസ്ട്രേലിയയിലെ ക്വാണ്ടാസ് കമ്പനിയുടെ വിമാനം. പ്രത്യേകമായി മാറ്റങ്ങള്‍ വരുത്തിയ ഏയര്‍ബസ് എ 350 ആണ് 24 മണിക്കൂര്‍ തുടര്‍ച്ചയായി പറന്ന് ചരിത്രംകുറിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍നിന്ന് ഫ്രാന്‍സിലെ ടുളൂസിലേക്കായിരുന്നു യാത്ര.
◾ ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ് എന്ന പേരില്‍ പുതിയ ഉപകമ്പനി രൂപീകരിക്കാന്‍ ഫിഫയുടെ നീക്കം. ലോകകപ്പിന്റെ പ്രക്ഷേപണ അവകാശം, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റിംഗ്, ലൈസന്‍സിംഗ് തുടങ്ങിയ എല്ലാ വാണിജ്യ കാര്യങ്ങളും ഈ കമ്പനിയാകും നിയന്ത്രിക്കുക.
◾ പേടിഎം പേയ്മെന്റ്‌സ് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ഇതോടെ ബാങ്ക് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലേക്ക് കടന്നതായും ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനും മലയാളിയുമായ ഗിരികുമാര്‍ എം. നായരെ നിയോഗിച്ചതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രില്‍ 24ന് ബാങ്കിങ് ലൈസന്‍സ് ആര്‍ ബി ഐ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നിയമനടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ ആര്‍ ബി ഐ സമീപിച്ചു. ഇതിനാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബാങ്കിന്റെ ഗവേണന്‍സ്, കംപ്ലയന്‍സ് എന്നിവയില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതാണ് ലൈസന്‍സ് റദ്ദാക്കിയത്. ബാങ്കിന്റെ പക്കല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ലഭ്യമാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
◾ കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ എഐ പിടിമുറുക്കുന്നു. എഐ ചാറ്റ് ബോട്ടുകളും വോയ്സ് ഏജന്റുകളും കോള്‍ സെന്റര്‍ ജീവനക്കാരെ മാറ്റിസ്ഥാപിച്ചു തുടങ്ങിയിരിക്കുന്നു. മൈക്രോസോഫ്റ്റ്, യൂബര്‍, കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ, ഹയാത്ത് ഹോട്ടല്‍സ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഇതിനോടകം തന്നെ തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ വലിയ തോതില്‍ എഐ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടെ മൈക്രോസോഫ്റ്റ് തങ്ങളുടെ സേവന വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 50,000-ത്തില്‍ നിന്ന് 40,000-മായി വെട്ടിക്കുറച്ചു. ഇതുവഴി പ്രതിവര്‍ഷം 750 ദശലക്ഷം ഡോളറിന്റെ ലാഭമാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂബര്‍ തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലെ പത്ത് ശതമാനത്തോളം തൊഴിലുകള്‍ ഒഴിവാക്കി. കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ തങ്ങളുടെ ചാറ്റ് സപ്പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് നൂറുകണക്കിന് കരാര്‍ തൊഴിലാളികളെയാണ് ഒഴിവാക്കിയത്. 2030-ഓടെ പകുതിയോളം കസ്റ്റമര്‍ സര്‍വീസ് ജോലികളെ എഐ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
◾ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന 'ശ്രീ ശ്രീ' എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. 'ആരോ ആരോ' എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ഡിസംബറില്‍ ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാല്‍പത്തിയൊന്നാം ചിത്രമായ 'ശ്രീ ശ്രീ' ഒരു ഫീല്‍ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. കപില്‍ കപിലന്‍ ആലപിച്ച ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് സിജു തുറവൂര്‍ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്ത് വന്നിട്ടുണ്ട്. ബൊമ്മ ബൊമ്മ എന്ന വരികളോടെയുള്ള തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസം തന്നെ റിലീസ് ചെയ്തിരുന്നു. അനന്ത് ശ്രീറാം ആണ് ഗാനത്തിന്റെ തെലുങ്ക് പതിപ്പിന് വരികള്‍ രചിച്ചത്.
◾ കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' സിനിമയില്‍ ജോബ് കുര്യന്‍ പാടിയ ലിറിക്കല്‍ വിഡിയോ ഗാനം പുറത്ത്. 'ഏറുന്നോ തമോവനനിരകള്‍...' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് മുജീബ് മജീദും വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറുമാണ്. ജൂലൈ 31-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത്. ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
◾ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര എസ്യുവി നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ എന്‍ട്രി ലെവല്‍ എസ്യുവി ഡിസ്‌കവറി സ്പോര്‍ട്ട് 11 വര്‍ഷത്തിന് ശേഷം ഉത്പാദനം അവസാനിപ്പിക്കുന്നു. 2026 ഡിസംബര്‍ മാസത്തോടെ ഈ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്തും. ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഫാക്ടറി ഓര്‍ഡറുകള്‍ നിര്‍ത്തി. ഫ്രീലാന്‍ഡറിന് പകരക്കാരനായി 2015-ലാണ് ഡിസ്‌കവറി സ്പോര്‍ട്ട് എന്ന എസ്യുവിയെ ലാന്‍ഡ് റോവര്‍ വിപണിയില്‍ എത്തിക്കുന്നത്. 2016-ല്‍ ഡിസ്‌കവറി സ്പോര്‍ട്ടിന് ഉണ്ടായിരുന്ന വില്‍പ്പനയുടെ പത്തിലൊന്ന് പോലും 2025 ആയപ്പോഴേക്കും ഈ വാഹനത്തിന് ലഭിക്കാത്ത സാഹചര്യമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ലാന്‍ഡ് റോവറിന്റെ വാഹന നിരയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള വാഹനമായി ഡിസ്‌കവറി സ്പോര്‍ട്ട് മാറുകയായിരുന്നു. വില്‍പ്പനയില്‍ ഇതിന്റെ തൊട്ടുപിന്നിലാണ് ലാന്‍ഡ് റോവറിന്റെ ഫുള്‍സൈസ് എസ്യുവി ഡിസ്‌കവറി. ഈ മോഡലും നിരത്തൊഴിഞ്ഞേക്കുമെന്നാണ് സൂചനകള്‍.
◾ 'ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്' ജോണ്‍ ഗ്രീന്‍ രചിച്ച പ്രശസ്തമായ ഈ നോവല്‍, ക്യാന്‍സര്‍ ബാധിതരായ ഹേസല്‍ ഗ്രേസ്, അഗസ്റ്റസ് വേട്ടേഴ്‌സ് എന്നീ രണ്ട് കൗമാരക്കാരുടെ വികാരനിര്‍ഭരമായ പ്രണയകഥയാണ്. രോഗത്തിന്റെ നിഴലിലും പ്രതീക്ഷയും നര്‍മ്മവും ജീവിതത്തിന്റെ അര്‍ത്ഥവും കണ്ടെത്തുന്ന അവരുടെ ബന്ധം വളരെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മരണത്തെയും പ്രണയത്തെയും കുറിച്ച് ചിന്തിപ്പിക്കുന്ന ഈ കൃതി ആഗോളതലത്തില്‍ ഏറെ ശ്രദ്ധനേടിയ ഒരു ആധുനിക ക്ലാസിക്കാണ്. വിവര്‍ത്തനം - ടി.എസ് സതികുമാര്‍. ഡിസി ബുക്‌സ്. വില 342 രൂപ.
◾ ഹെപ്പറ്റൈറ്റിസ് എന്നത് വെറും വൈറസ് ബാധയല്ല, സാമൂഹിക പെരുമാറ്റം, ശുചിത്വം, ആരോഗ്യസംവിധാനം എന്നിവയെല്ലാം ചേര്‍ന്നുണ്ടാകുന്ന ഒരു സങ്കീര്‍ണ്ണ വെല്ലുവിളിയാണ്. ലോകത്ത് ഹെപ്പറ്റൈറ്റിസ് ബി, സി ആണ് പ്രധാന ഭീഷണി എങ്കില്‍ കേരളത്തില്‍ ഹെപ്പറ്റൈറ്റിസ് എ ആണ് പ്രധാന പ്രശ്‌നം. ശുചിത്വവും കുടിവെള്ളവും ഉറപ്പാക്കുന്നതാണ് ഇവിടെ നിര്‍ണായകം. ശുചിത്വക്കുറവ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ടുകള്‍, രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി ആശുപത്രികളില്‍ മാത്രമല്ല, അനൗപചാരിക ചികിത്സാ രീതികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കുത്തിവെപ്പ് ചടങ്ങുകള്‍ എന്നിവയും ഇത്തരം രോഗവ്യാപനത്തിന് കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് ഒരേ രീതിയിലുള്ള രോഗമല്ല. എ സാധാരണയായി സ്വയം മാറും, എന്നാല്‍ ആ കരളിന്റെ ജനിതക ഘടനയില്‍ ചേര്‍ന്ന് ജീവിതകാലം മുഴുവന്‍ അപകടസാധ്യത ഉണ്ടാക്കും. കേരളത്തിലെ പഠനങ്ങളില്‍, എച്ച്‌ഐവി, ക്ഷയം എന്നിവയുമായി കൂടിയുള്ള കോ-ഇന്‍ഫെക്ഷന്‍ ചികിത്സയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. കേരളത്തിലെ ഹെപ്പറ്റൈറ്റിസ് സ്ഥിതിഗതികള്‍ ലോകത്തെ പ്രവണതകളുമായി താരതമ്യം ചെയ്യുമ്പോള്‍, രോഗബാധയും മരണനിരക്കും ഉയര്‍ന്ന നിലയിലാണ്. ലോകാരോഗ്യ സംഘടനയുടെ 2026 റിപ്പോര്‍ട്ടില്‍, ഹെപ്പറ്റൈറ്റിസ് ബി, സി ചേര്‍ന്ന് 95% മരണങ്ങള്‍ക്ക് കാരണമാകുമ്പോള്‍, കേരളത്തില്‍ ഹെപ്പറ്റൈറ്റിസ് അ ആണ് പ്രധാന വെല്ലുവിളി. മലിനമായ കുടിവെള്ളം, ശുചിത്വക്കുറവ്, മഴക്കാലത്തെ വെള്ളക്കെട്ടുകള്‍. ഭക്ഷണത്തിലൂടെ (ജ്യൂസ്, ഐസ്, കട്ട് ഫ്രൂട്ട്‌സ്)യെല്ലാം ഇത് വരാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.60, പൗണ്ട് - 127.16, യൂറോ - 108.96, സ്വിസ് ഫ്രാങ്ക് - 116.72, ഓസ്ട്രേലിയന്‍ ഡോളര്‍ - 66.39, ബഹറിന്‍ ദിനാര്‍ - 254.40, കുവൈത്ത് ദിനാര്‍ -307.69, ഒമാനി റിയാല്‍ - 248.61, സൗദി റിയാല്‍ - 25.46, യു.എ.ഇ ദിര്‍ഹം - 26.03, ഖത്തര്‍ റിയാല്‍ - 26.23, കനേഡിയന്‍ ഡോളര്‍ - 67.83.
Tags:
KERALA