Trending

വെളിച്ചെണ്ണ കമ്പനിയിലെ തീപിടിത്തം; ലോറിയും മെഷീനുകളും പൂർണമായി കത്തിനശിച്ചു, കോടികളുടെ നാശനഷ്ടം

കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമായി. അപകടത്തിൽ ഒരു ലോറിയും ഫാക്ടറിയിലെ വിലപിടിപ്പുള്ള മെഷീനുകളും പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനുള്ളിൽ ഇപ്പോഴും പുകയും ചൂടും നിലനിൽക്കുന്നതിനാൽ ജെസിബി ഉപയോഗിച്ച് ചുമർ പൊളിച്ച് അകത്തേക്ക് പ്രവേശിക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് തുടരുകയാണ്. 

ഇന്നലെ രാത്രി വൈകിയാണ് ‘രേണുക’ ബ്രാൻഡിന്റെ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റിൽ തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാത്രി ഏഴരയോടെ തൊഴിലാളികൾ ജോലി കഴിഞ്ഞ് മടങ്ങിയിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. കൊപ്ര ഉണക്കാൻ ഉപയോഗിക്കുന്ന ഡ്രയറിൽ നിന്ന് തീ പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രയറിൽ നിന്ന് വളരെ വേഗത്തിൽ പടർന്ന തീ മിനിറ്റുകൾക്കുള്ളിൽ മില്ലിലുടനീളം പടരുകയായിരുന്നു.

വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമാക്കി പാക്ക് ചെയ്തുവെച്ചിരുന്ന വെളിച്ചെണ്ണയും കാനുകളും, ടൺ കണക്കിന് ഉണങ്ങിയ കൊപ്രയും, പ്ലാന്റിലെ യന്ത്രസാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. കൂടാതെ, എണ്ണ നിറച്ചിരുന്ന ലോറിയുടെ ടാങ്കറിലേക്ക് തീ പടരുകയും അതിൽ നിന്ന് ഡീസൽ ഒഴുകിപ്പടർന്നതും തീയുടെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായി. 

തീപിടിത്തത്തിന്‍റെ വിവരമറിഞ്ഞ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 15-ഓളം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. എട്ടര മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.കെട്ടിടത്തിനുള്ളിലേക്ക് ഫയർഫോഴ്സ് സേനയ്ക്ക് കടന്നുചെല്ലാൻ ബുദ്ധിമുട്ടായതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് മില്ലിന്റെ ചുമരുകൾ പൊളിച്ചാണ് സേന അകത്തുകയറി രക്ഷാപ്രവർത്തനം ശക്തമാക്കിയത് . മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

തീ അതിവേഗം പടർന്നതിനാൽ മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഗ്നിശമനസേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും വൈദ്യുത ഷോർട്ട് സർക്യൂട്ടടക്കമുള്ള സാധ്യതകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം നാല് കോടി രൂപയിലധികം സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
Previous Post Next Post
3/TECH/col-right