Trending

പ്രഭാത വാർത്തകൾ

2026  ജൂലൈ 23, വ്യാഴം 
1201  കര്‍ക്കടകം 7, വിശാഖം
1448  സ്വഫർ 08

◾  വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്താണ്?  സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് അടക്കമുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസം അഴിമതി നിറഞ്ഞതായി മാറിയെന്നും വിദ്യാര്‍ത്ഥികള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു.

◾  പ്രതിഷേധിച്ചവര്‍ക്കതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതയ്ക്കരുതെന്നും സോനം വാങ്ചുക് വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളില്‍ തീരുമാനമായാല്‍ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ. നീറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
◾  വഖഫ് ബോര്‍ഡില്‍ മുസ്ലിംങ്ങളല്ലാത്ത രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര നിയമം നടപ്പാക്കാമെന്ന് എല്‍ഡിഎഫ് സര്‍ക്കാരും നിലവിലുള്ള വഖഫ് ബോര്‍ഡും നിലപാടെടുത്തിരുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.  ബോര്‍ഡ് പുനസംഘടന നടത്തുമ്പോള്‍ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള ബോര്‍ഡില്‍ രണ്ടുപേരെ ഉള്‍പ്പെടുത്തുന്നതിനു പകരം പൂര്‍ണപുനസംഘടന നടത്തും. പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും മുസ്ലീമുകളല്ലാത്ത രണ്ടു പേരെ പിന്നീട് നിയമിക്കുമെന്ന് വ്യക്തമാക്കിയിരുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വിശദീകരിച്ചു.


◾  വഖഫ് ബോര്‍ഡില്‍ മുസ്ലീമുകളല്ലാത്ത രണ്ടു പേരെ ഉള്‍പെടുത്തി പുനഃസംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം കള്ളമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്. നിലവില്‍ വഖഫ് ബോര്‍ഡിലെ രണ്ട് ഒഴിവുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഒഴിച്ചിട്ടത്. അല്ലാതെ അമുസ്ലിം അംഗങ്ങള്‍ക്കാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

◾  വനിതകള്‍ക്കു മാത്രമായി കെഎസ്ആര്‍ടിസി പരീക്ഷണാടിസ്ഥാനത്തില്‍ 'പിങ്ക് ബസ്' സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്ക് റൂട്ടിലാണ്  രാത്രികാല പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടികളുടെ ഭാഗമായുള്ള പദ്ധതിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കും.

◾  നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്തിന് ആഹ്വാനം ചെയ്ത് കെഎസ്യു. നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആഹ്വാനം ചെയ്തു. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫും ഇന്നു വിദ്യാഭ്യാസ ബന്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ നാളെ അഖിലേന്ത്യ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.

◾  സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യമാണ്. മറ്റുള്ളവരും ഇതു മാതൃകയാക്കണം. വല്ലാതെ രാഷ്ട്രീയവല്‍ക്കരിക്കാതെയും ആശുപത്രിയിലെ സ്ഥലങ്ങള്‍ കയ്യേറാതെയും ഭക്ഷണവിതരണം നടത്തണം. ആശുപത്രിക്കകത്ത് ചില സ്ഥലങ്ങള്‍ കയ്യേറുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



◾  വിദ്യാഭ്യാസ മേഖലയില്‍ ലഭിക്കാനുള്ള 1500 കോടി തരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി എന്‍ ഷംസുദ്ദീന്‍ എസ്എസ്‌കെ ഇനത്തില്‍ ലഭിക്കാനുള്ള തുക ആവശ്യപ്പെട്ടത്. പിഎം ശ്രീ പദ്ധതിയുമായി ഈ തുക കൂട്ടികുഴക്കരുതെന്നും പിഎം പോഷന്‍ പദ്ധതിയില്‍ കേരളം സഹകരിക്കാമെന്നും മന്ത്രി ഷംസുദ്ദീന്‍ പറഞ്ഞു.

◾  കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി യോഗം നടക്കുന്നതിനിടെ സീലിംഗ് ഫാന്‍ പൊട്ടിവീണ് കുടുംബശ്രീ അംഗത്തിന് പരുക്കേറ്റു. കോന്നി സ്വദേശിനിയായ സന്ധ്യയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

◾  കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചപ്പോള്‍ 12 ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിനു നന്ദി പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥന്‍. ചൈനീസ് ഭരണകൂടം ഇന്ത്യയിലേക്ക് നിയമിച്ച പുതിയ ഡിഫന്‍സ് അറ്റാഷെ റിയര്‍ അഡ്മിറല്‍ യു ജിയാന്‍ ആണ് ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ചരക്ക് കപ്പലിനു തീപിടിച്ചത്.

◾  തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചു.  വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകള്‍ക്കാണ് ജാമ്യം അനുവദിച്ചത്. അതേസമയം കാപ്പ കേസുള്ളതിനാല്‍ സുഗതന് ജയിലില്‍തന്നെ തുടരേണ്ടിവരും.


◾  തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയ്ക്കു നേരേയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കുമ്മനം രാജശേഖരന്‍, തിരുവന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങിയ നേതാക്കളും സമരത്തിനുണ്ടായിരുന്നു.

◾  കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പ്രകോപനപരമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം മറയ്ക്കാനുള്ള ശ്രമമാണിതെന്നും, ഇത്തരം പ്രകോപനങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  വിനോദയാത്രയ്ക്കു ബാങ്കോങ്കില്‍ പോയ മലയാളി യുവാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാല്‍ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദന്‍ (49) ആണ് മരിച്ചത്.

◾  ഡല്‍ഹിയിലെ പാറ്റാ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കൊച്ചി മഹാരാജാസ് കോളേജില്‍ പ്രമുഖരുടെ കൂട്ടായ്മ. ചലച്ചിത്ര നടന്‍ ജോജു ജോര്‍ജ്, എഴുത്തുകാരായ എന്‍ എസ് മാധവന്‍, കെ ആര്‍ മീര, രഞ്ജിനി ഹരിദാസ്, നടി ഗൗരി കിഷന്‍, ശീതള്‍ ശ്യം, ബേബി ജീന്‍, സംവിധായകന്‍ മഹേഷ് നാരായണന്‍, ആഷിഖ് അബു, സിപിഎം ജില്ലാ സെക്രട്ടറി സതീഷ്, ഹരീഷ് വാസുദേവന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.



◾  ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സിജെപിക്ക് പിന്തുണയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ സമരക്കാരെ കേള്‍ക്കണമെന്നും വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് വേദനിപ്പിക്കുന്നുവെന്നും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള മനുഷ്യര്‍ കരുണയും ബഹുമാനവും അര്‍ഹിക്കുന്നുവെന്നും താരം പറഞ്ഞു.

◾  സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നടന്‍ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധിച്ചു. വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെ അനുകൂലിച്ചതിനാണ് പ്രതിഷേധം.

◾  പണം വാങ്ങി സിജെപി സമരത്തിന് പോയെന്ന് ആക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ആരാണെന്ന് രഞ്ജിനി ഹരിദാസ്. അങ്ങനെ ഒരാളെ കേട്ടിട്ടില്ലെന്ന് പരിഹസിച്ച രഞ്ജിനി ഹരിദാസ് എത്ര പണമാണ് വിദേശത്തുനിന്ന് കിട്ടിയതെന്നും പറയണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് രണ്ട് ദിവസം സ്റ്റേജ് ഷോ ഇല്ലായിരുന്നു, അതുകൊണ്ടാണ് പോയതെന്നും രഞ്ജിനി പരിഹസിച്ചു.

◾  കൊച്ചി തീരത്ത് ഓറഞ്ച് വിക്ടോറിയ എന്ന സിംഗപ്പൂര്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കോസ്റ്റല്‍ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

◾  കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. നാളെ പതിനൊന്ന് മണിക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം.


◾  സഹപാഠികളുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ച കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍. വയനാട് സ്വദേശി എബല്‍ ആണ് അറസ്റ്റിലായത്. പ്രതിഷേധവുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനിലെത്തി.

◾  വെങ്ങാനൂര്‍ മേക്കുംകര നീലകേശി മുടിപ്പുര ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. മോഷ്ടാവ് രക്ഷപ്പെട്ട വഴി നീളെ നോട്ടുകള്‍ ചിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.

◾  കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റിയ കാമുകനെ പോലീസ് പിടികൂടി. കടയ്ക്കാവൂര്‍ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് കായിക്കര സ്വദേശി അനു (38) വിനെയാണ് അറസ്റ്റു ചെയ്തത്.

◾  കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ ബിജെപി എംഎല്‍എയ്ക്ക് നേരേ മുട്ടയേറ്. ബി പി ഹരീഷ് എംഎല്‍എയ്ക്കു നേരേയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ മര്‍ദിച്ചതായും ഹരീഷ് ആരോപിച്ചു.

◾  സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് അതിക്രമങ്ങള്‍ക്കെതിരേ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇന്നലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് അദ്ദേഹം പൊലീസ് നടപടിയെ ചോദ്യംചെയ്തത്. വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

◾  ഡല്‍ഹിയില്‍ പൊലീസ് അതിക്രമങ്ങളെ ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി സെപ്റ്റംബര്‍ 11-ന് പരിഗണിക്കും.

◾  ആരുടെയും ഓഫീസിലോ വീട്ടിലോ ചര്‍ച്ചക്ക് പോകില്ലെന്ന് സിജെപി വക്താക്കള്‍. കഴിഞ്ഞ തവണ ചര്‍ച്ചയ്ക്കു പോയപ്പോള്‍ പൊലീസ് സമരക്കാരെ ആക്രമിച്ചു. ഇനിയത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ചര്‍ച്ചക്കായി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് വേദി നിര്‍ദേശിച്ചു. എന്നാല്‍ കേന്ദ്രം തയാറല്ലെന്ന് സൗരവ് ദാസ് വ്യക്തമാക്കി. നിഷ്പക്ഷമായ വേദിയില്‍ മാത്രമേ ചര്‍ച്ച നടത്തൂവെന്നും അദ്ദേഹം പറഞ്ഞു.

◾  ജന്തര്‍ മന്തറിലെ സിജെപി സമരവേദിയിലേക്ക് രാജ്യത്തിന്റെ പല പ്രദേശങ്ങളില്‍നിന്ന് എത്തുന്ന ഭക്ഷണ ഓര്‍ഡറുകള്‍ ഇന്നലത്തേക്ക് നിര്‍ത്തണമെന്ന് സിജെപി. ആവശ്യമുള്ള ഭക്ഷണം എത്തിയെന്നും, കൂടുതലായാല്‍ പാഴാകുമെന്നും സിജെപി എക്സില്‍ കുറിച്ചു. സമര പിന്തുണയ്ക്കും ഭക്ഷണത്തിനും സിജെപി നന്ദി അറിയിച്ചു.

◾  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധങ്ങള്‍ക്കു പ്രസക്തിയില്ലെന്നും താന്‍ വീട്ടിലിരുന്ന് പഠിക്കുകയാണന്നും ഈ വര്‍ഷത്തെ നീറ്റ് യുജി പുനഃപരീക്ഷയില്‍ രണ്ടാം റാങ്കുകാരനായ പന്‍ഷുല്‍ ബന്‍സാല്‍. ഗോദി മാധ്യമമെന്ന് ആരോപിക്കപ്പെടുന്ന എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പന്‍ഷുല്‍ ഇക്കാര്യം പറഞ്ഞത്.

◾  ഡല്‍ഹിയിലെ 16 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. വൈകുന്നേരത്തോടെ തുറന്നു.  രാജീവ് ചൌക്ക്, ലോക് കല്യാണ മാര്‍ഗ്, ഐടിഒ, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ ന്യൂദില്ലി മേഖലയിലെ പ്രധാന സ്റ്റേഷനുകളിലാണ് നിയന്ത്രണം.  

◾  വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും ഛത്തീസ്ഘട്ടിലും ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നു. തമിഴ്നാട്ടിലും, പഞ്ചാബിലും, ബംഗാളിലുമൊക്കെ പേപ്പര്‍ ചോര്‍ന്നു. കേരളത്തില്‍ പി എസ് സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു. പിന്നെ എന്തുകൊണ്ട് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെ മാത്രം വിമര്‍ശിക്കുന്നുവെന്ന് ജെപി നദ്ദ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

◾  ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന് വീരമൃത്യു. ജമ്മു കശ്മീര്‍ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ ആഷിഖ് ഹുസൈന്‍ ഖുറേഷി(35)യാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അനന്തനാഗിലെ ലാല്‍ ചൗക്കിലായിരുന്നു ഭീകരാക്രണം. അമര്‍നാഥ് യാത്രയുടെ സുരക്ഷയുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരേയാണ് ഭീകരര്‍ വെടിവച്ചത്.  സൈന്യം ഈ പ്രദേശം വളഞ്ഞിട്ടുണ്ട്.

◾  പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഇന്നലെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ വിമര്‍ശനം. തങ്ങളുമായി ആലോചിക്കാതെയും അറിയിക്കാതെയും പ്രതിഷേധം നടത്തിയതില്‍ കോണ്‍ഗ്രസിതര കക്ഷികള്‍ തങ്ങളുടെ കടുത്ത അമര്‍ഷം അറിയിച്ചു.

◾  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ മകള്‍ നൈമിഷ പ്രധാന് നേരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം.ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം തകരാറിലാണെന്ന് അറിയാവുന്നതുകൊണ്ടാണ് മന്ത്രിയുടെ മകള്‍ വിദേശത്ത് പഠിക്കാന്‍ പോയതെന്നും, പണവും സൗകര്യവുമുള്ളവര്‍ രാജ്യം വിടുകയാണെന്നും ആരോപിച്ചായിരുന്നു സോഷ്യല്‍ മീഡിയ ആക്രമണം.

◾  എയര്‍ബാഗിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് 14,470 ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. 'റേഞ്ച് റോവര്‍', 'ഡിഫെന്‍ഡര്‍', 'ഡിസ്‌കവറി' എന്നീ സീരീസുകളില്‍പ്പെട്ട വാഹനങ്ങളെയാണ് ഈ നടപടി ബാധിക്കുന്നത്.

◾  ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരേ ഓരോ തവണയും ഇറാന്‍ നടത്തുന്ന ആക്രമണത്തിന് പകരമായി ഇറാനിലെ ഒരു പാലമോ ഊര്‍ജനിലയമോ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ട്രംപ് ഇറാനെതിരേ ഭീഷണി മുഴക്കിയത്.

◾  ഉക്രെയ്നില്‍ ആഭ്യന്തര രാഷ്ട്രീയ-സൈനിക തലങ്ങളില്‍ വന്‍ അഴിച്ചുപണി. പ്രതിരോധമന്ത്രിക്ക് പിന്നാലെ യുക്രൈനിന്റെ സൈനിക മേധാവി ഒലെക്‌സാണ്ടര്‍ സിര്‍സ്‌കിയെയും പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പുറത്താക്കി. ജനറല്‍ മൈക്കയ്‌ലോ ദ്രപതി ആണ് ഉക്രെയ്ന്റെ പുതിയ സൈനിക മേധാവി. നേരത്തെ ജനപ്രിയനായ പ്രതിരോധമന്ത്രി മിഖൈലോ ഫെഡോറോവിനെ സെലന്‍സ്‌കി പുറത്താക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

◾  ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖല, അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സൗദി ഉന്നതരുമായി അദ്ദേഹം ചര്‍ച്ച നടത്തി, ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ധാരണയായി.

◾  ഇറാന്‍-യുഎസ് സംഘര്‍ഷം പതിനൊന്നാം ദിവസവും രൂക്ഷമായി തുടരുന്നു. ഭൂഗര്‍ഭ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയോടെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി. സമാധാന ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറെന്നും ഇറാനാണ് വരാത്തതെന്നും യു എസ് സെക്രട്ടറി കുറ്റപ്പെടുത്തി

◾  ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ യുഎന്‍ സെക്രട്ടറി ജനറല്‍ ആക്കണമെന്ന് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിലെ വാര്‍ത്തയിലാണ് ട്രംപിന്റെ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്. ഫിഫ ലോകകപ്പ് സംഘാടനത്തില്‍ ഇന്‍ഫന്റീനോ വഹിച്ച പങ്കില്‍ ട്രംപിനു പൂര്‍ണ തൃപ്തിയുണ്ടെന്നും, ലോകമെങ്ങുമുള്ള ജനങ്ങളെ ഒന്നിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ട്രംപ് പറഞ്ഞതായാണു വാര്‍ത്ത.

◾  അവകാശികളില്ലാതെ കിടന്ന ദേശസാല്‍കൃത ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ഏപ്രില്‍ വരെ സംസ്ഥാനത്തു തിരികെ നല്‍കിയത് 858.56 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് സംസ്ഥാനത്ത് 93.80 ലക്ഷം അക്കൗണ്ടുകളിലായി 2133.72 കോടി രൂപയാണ് അവകാശികളെ കണ്ടെത്താന്‍ കഴിയാതെ ഉണ്ടായിരുന്നത്. ഇനി 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടിയാണു ബാക്കിയുള്ളത്. ഈ പണം അവകാശികള്‍ക്കു തിരികെ നല്‍കാന്‍ 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന ബോധവല്‍ക്കരണ പരിപാടി ധനകാര്യ മന്ത്രാലയം നടത്തിയിരുന്നു. ഒന്‍പതു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ഈ തുകയില്‍ നിന്ന് 40.23% അവകാശികള്‍ക്കു തിരികെ നല്‍കാന്‍ കഴിഞ്ഞു. ചില ജില്ലകളില്‍ 50 ശതമാനത്തിലേറെ അവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞു. രാജ്യത്തെ ബാങ്കുകള്‍, പെന്‍ഷന്‍, ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ബാങ്കുകളില്‍ മാത്രം 75,000 കോടിയാണ് ഇത്തരത്തിലുള്ളത്. 10 വര്‍ഷത്തിനു മുകളില്‍ നിര്‍ജീവമായ നിക്ഷേപങ്ങളെയാണ് ഈ വിഭാഗത്തിലേക്കു മാറ്റുക.

◾  കുട്ടികള്‍ക്കുവേണ്ടി ബെഡ്‌ടൈം സ്റ്റോറികള്‍ സൃഷ്ടിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന എഐ ആപ്പ് പരീക്ഷിച്ച് മെറ്റ. സ്റ്റോറികിറ്റ് എന്നാണ് പുതിയ എഐ-പവര്‍ഡ് സ്റ്റോറിടെല്ലിങ് ആപ്പിന് പേര് നല്‍കിയിട്ടുള്ളത്. ഇഷ്ടമുള്ള കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, ഗുണപാഠം എന്നിവ തിരഞ്ഞെടുത്ത് കുട്ടികള്‍ക്കുള്ള കഥകള്‍ സ്റ്റോറികിറ്റിന്റെ സഹായത്തോടെ മാതാപിതാക്കള്‍ക്ക് സൃഷ്ടിക്കാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടത്തിന്റെയോ വ്യക്തിയുടെയോ ചിത്രം എടുത്തും കഥ നടക്കുന്ന പശ്ചാത്തലം വിവരിച്ചും, ദയ, ധൈര്യം, സഹാനുഭൂതി തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുത്തും കുട്ടികള്‍ക്കുവേണ്ടി കഥ മെനഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. എഐ ജനറേറ്റഡ് കഥകള്‍ക്ക് പശ്ചാത്തല സംഗീതവും ഈ ആപ്പ് ഒരുക്കും. ഉപയോക്താക്കള്‍ കഥയിലെ 'ഒരു വാക്ക് പോലും എഴുതേണ്ടതില്ല. എഐ സുരക്ഷാ ഫില്‍ട്ടറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ഫീച്ചറുകള്‍ ഇല്ല.

◾  അനസ് സൈനുദ്ദീന്‍, തീര്‍ത്ഥ ഹരിദേവ്, ജെസ്സന്‍ ജോസഫ്, അനീഷ് പൊന്നപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീല്‍ സംവിധാനം ചെയ്യുന്ന 'കരിമ്പടം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അനസ് സൈനുദ്ദീന്‍ രചിച്ച് സംഗീതം നല്‍കി മധു ബാലകൃഷ്ണന്‍ ആലപിച്ച തനുവിലിനി എന്നും തണുപ്പല്ലേ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുനില്‍ സി പി, വിവേകാനന്ദന്‍, ഉണ്ണികൃഷ്ണന്‍, കല ആയൂര്‍, അജയന്‍ അഞ്ചല്‍, ശരിക സ്റ്റാലിന്‍, ജീവന്‍ നവോദയ, സനോജ് നടയില്‍, ജിബിന്‍ ജോയ്, അനീഷ് വി ശിവദാസ്, ഷിബിന അമീര്‍ജാന്‍, അമ്മവീട്ടില്‍ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂര്‍, രതീഷ് മീനക്കല്‍, ശ്രീകുമാര്‍ മാടവൂര്‍, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനില്‍കുമാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനസ് സൈനുദീന്‍ എഴുതുന്നു. ശ്രീജിത്ത് മനോഹരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

◾  മലയാള സിനിമയില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ ചിത്രം കൂടി എത്തുകയാണ് 'കണ്ടന്‍'. പുതുമുഖ സംവിധായകന്‍ ആയ ജിബിന്‍ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിബിന്‍ ആന്റണി, അലന്‍ ജേക്കബ് എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. രചന, എഡിറ്റിംഗ്, ലിറിക്സ് എന്നിവ സംവിധായകന്‍ ജിബിന്‍ ആന്റണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും യൂകെയില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് യൂകെ മലയാളികളായ പുതുമുഖങ്ങള്‍ ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ജെയ്സണ്‍ ജോണ്‍ ആണ്. സൂരജ് സന്തോഷ്, സിതാര കൃഷ്ണകുമാര്‍, അഞ്ജു ജോസഫ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് യുകെ മലയാളികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഒരു മലയാള സിനിമ കേരളത്തിലും യുകെയിലും ആയി ഈ മാസം 31 ന് പ്രദര്‍ശത്തിനെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

◾  ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ അത്യാഡംബര എസ്യുവി മോഡലായ മെയ്ബ ജിഎല്‍എസ് 680-യുടെ 2026 പതിപ്പ് പ്രദര്‍ശിപ്പിച്ചു. മുന്‍ഗാമിയായിരുന്ന മെയ്ബ ജിഎല്‍എസ് 600-ല്‍ നിന്ന് മാറ്റങ്ങളോടെയാണ് മുഖംമിനുക്കിയ മോഡല്‍ വരുന്നത്. മെയ്ബ ഗ്രില്ല് മുന്‍ മോഡലിലേത് പോലെ ഇതിലും തുടരുന്നു. എന്നാല്‍, ഇതിന് മുകളിലായി തിളങ്ങുന്ന മെയ്ബ ബാഡ്ജിങ് പുതുമയാണ്. രണ്ട് ത്രീ പോയന്റ് സ്റ്റാര്‍ ഡിആര്‍എല്‍ ഉള്‍പ്പെടെത്തി റീ ഡിസൈന്‍ ചെയ്ത ഹെഡ്‌ലൈറ്റാണ് 2026 പതിപ്പില്‍ നല്‍കിയിട്ടുള്ളത്. ബോണറ്റില്‍ തിളങ്ങുന്ന എംബ്ലം നല്‍കുന്നത് ഓപ്ഷണലാണ്. മുന്നിലെ ബമ്പറിന്റെ ഡിസൈനിലും അഴിച്ചുപണി വരുത്തിയിട്ടുണ്ട്. എം177 ഇവോ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് മെയ്ബ ജിഎല്‍എസ് 680-യില്‍ നല്‍കിയിട്ടുള്ളത്. ഇത് 603 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 23 എച്ച്പി പവര്‍ സപ്പോര്‍ട്ട് ഇത് നല്‍കുന്നുണ്ട്.

◾  'ഇതൊരു റിയാലിറ്റി ഷോ ആണ്. ഈ റിയാലിറ്റി ഷോയില്‍ നമ്മുടെ ഊഴം അവസാനിച്ചു കഴിഞ്ഞു. വലിയ വലിയ പ്രതിഭാശാലികളുടെയും അഭ്യാസികളുടെയും കളിക്കളമാണിത്. നമ്മള്‍ കളത്തിന് പുറത്താണ്.' എലിമിനേഷന്‍ റൗണ്ട്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹോംസ്, അപരലോകം, കരഗതം തുടങ്ങി പുതിയ കാലത്തിന്റെ സന്ദേഹങ്ങളും സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന, പല നിലകളില്‍ പുറന്തള്ളപ്പെട്ടു പോകുന്ന മനുഷ്യരെ പിന്തുടരുന്ന പത്ത് കഥകള്‍. 'അപരലോകം'.  വത്സലന്‍ വാതുശ്ശേരി. ഗ്രീന്‍ ബുക്സ്. വില 128 രൂപ.

◾  ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ഉദരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഗുണം മലബന്ധത്തില്‍ നിന്നുള്ള ആശ്വാസമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ കുടലിലെ ജലാംശം നിലനിര്‍ത്താനും മലം മൃദുവാക്കാനും സഹായിക്കുന്നു. ഉണക്കമുന്തിരിയിലുള്ള 'സോര്‍ബിറ്റോള്‍' എന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തം ഒരു സ്വാഭാവിക 'ലാക്സേറ്റീവ്' ആയി പ്രവര്‍ത്തിക്കുന്നു. ഇത് കുടലിലേക്ക് കൂടുതല്‍ ഈര്‍പ്പം എത്തിക്കാനും മലശോധന സുഗമമാക്കാനും സഹായിക്കും. വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഉണക്കമുന്തിരി ഏറെ ഫലപ്രദമാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇത് ആവശ്യമായ പോഷണം നല്‍കുന്നു. കൂടാതെ, അസിഡിറ്റി, വയറ്റിലെ അസ്വസ്ഥതകള്‍, അമിത ഭാരം അനുഭവപ്പെടല്‍ എന്നിവ കുറയ്ക്കാനും ഇത് ഉത്തമമാണ്. ഉണക്കമുന്തിരിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം ഹൃദയത്തിന്റെ ആരോഗ്യത്തെയും വലിയ രീതിയില്‍ പിന്തുണയ്ക്കുന്നു. ഉണക്കമുന്തിരിയുടെ പൂര്‍ണമായ ഗുണം ലഭിക്കുന്നതിനായി, രാത്രി 8 മുതല്‍ 10 വരെ ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു വെച്ച് പിറ്റേന്ന് രാവിലെ കഴിക്കാം. അതല്ലെങ്കില്‍, ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും 5 അല്ലെങ്കില്‍ 6 ഉണക്കമുന്തിരി നേരിട്ട് കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു പ്രഭാഷണത്തിനിടെ ഒരാള്‍ ചോദിച്ചു:  'ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം കണ്ടെത്താനുള്ള വഴി എന്താണ്?'  പ്രഭാഷകന്‍ ഓരോരുത്തര്‍ക്കും ഒരു ബലൂണ്‍ നല്‍കി. അതില്‍ സ്വന്തം പേര് എഴുതാന്‍ പറഞ്ഞു.  ശേഷം എല്ലാ ബലൂണുകളും ഒരു മുറിയില്‍ നിക്ഷേപിച്ചു.  'രണ്ട് മിനിറ്റിനുള്ളില്‍ നിങ്ങളുടെ ബലൂണ്‍ കണ്ടെത്തൂ.' എന്ന് പറഞ്ഞു.  എല്ലാവരും പരസ്പരം തിരഞ്ഞെങ്കിലും, സമയത്തിനുള്ളില്‍ ആര്‍ക്കും സ്വന്തം ബലൂണ്‍ കണ്ടെത്താനായില്ല.  അപ്പോള്‍ പ്രഭാഷകന്‍ വീണ്ടും പറഞ്ഞു:  'ഇനി നിങ്ങള്‍ കാണുന്ന ഏതെങ്കിലും ഒരു ബലൂണ്‍ എടുത്ത്, അതില്‍ ആരുടെ പേരാണോ ഉള്ളത് അവര്‍ക്ക് കൊടുക്കൂ.'  നിമിഷങ്ങള്‍ക്കകം എല്ലാവരുടെയും കയ്യില്‍ സ്വന്തം ബലൂണ്‍ എത്തി.  പ്രഭാഷകന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:  'ജീവിതത്തിലെ സന്തോഷവും ഇതുപോലെയാണ്.   സ്വന്തം സന്തോഷം മാത്രം തേടി ഓടിയാല്‍ അത് പലപ്പോഴും അകന്നുപോകും.  പക്ഷേ, മറ്റുള്ളവരുടെ സന്തോഷത്തിന് കാരണമായാല്‍, നമ്മുടെ സന്തോഷം നമ്മെ തേടിയെത്തും.'   സന്തോഷം സ്വയം കണ്ടെത്താനുള്ള ഒന്നല്ല...  മറ്റുള്ളവര്‍ക്ക് പകരുമ്പോള്‍ തിരികെ ലഭിക്കുന്ന ഒരു അനുഗ്രഹമാണ്. മറ്റൊരാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കൂ...  അപ്പോള്‍ നിങ്ങളുടെ ജീവിതവും കൂടുതല്‍ പ്രകാശമുള്ളതാകും.  - ശുഭദിനം.
Previous Post Next Post
3/TECH/col-right