Trending

മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികൾ സംബന്ധിച്ച പ്രത്യേക യോഗം ആഗസ്റ്റ് 5ന് തിരുവനന്തപുരത്ത് നടക്കും: പി.കെ. ഫിറോസ് എം.എൽ,എ

കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവർത്തികൾ സംബന്ധിച്ച് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഫലപ്രദമാക്കുന്നതിന് പി.കെ.ഫിറോസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. 

കൊടുവള്ളി നഗരസഭ, താമരശ്ശേരി, കിഴക്കോത്ത്, നരിക്കുനി, കാക്കൂർ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പരപ്പൻപൊയിൽ–പുന്നശ്ശേരി–കാരക്കുന്നത്ത് റോഡിൻ്റെ പ്രവർത്തിയിൽ കൾവെർട്ടുകളുടെയും, ഡ്രയിനേജുകളുടേയും നിർമ്മാണവും, കുടിവെള്ള പൈപ്പുകൾ, വൈദ്യുതി തൂണുകൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കുന്നതിന്  വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം സംബന്ധിച്ചും പാർശ്വഭിത്തികളുടെ നിർമ്മാണം സംബന്ധിച്ചും ഭുമി വിട്ടു നൽകാൻ ബാക്കിയുള്ളത് ലഭ്യമാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു. 

യൂട്ടിലിറ്റി സംവിധാനങ്ങൾ അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനായി സംയുക്ത സൈറ്റ് ഇൻസ്പെക്ഷൻ നടത്തുന്നതിനും  നടപടികൾ അതിവേഗം പൂർത്തീകരിച്ച് നിർമ്മാണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും തീരുമാനിച്ചു.. അതേസമയം, നിർമ്മാണം പൂർത്തിയാകുന്നതുവരെ യാത്രക്കാർക്ക് സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി റോഡിലെ അപകടകരമായ കുഴികൾ അടിയന്തരമായി നികത്താൻ കേരള റോഡ് ഫണ്ട് ബോർഡിന് എം.എൽ.എ നിർദേശം നൽകി.

മണ്ഡലത്തിലെ ആർ.ഇ.സി - കൂടത്തായി റോഡ്, കൊടുവള്ളി - മാനിപുരം-ഓമശ്ശേരി റോഡ്, പുല്ലാളൂർ - പൈമ്പാലുശ്ശേരി റോഡ്, ആരാമ്പ്രം - പുറ്റുമണ്ണിൽ താഴം റോഡ് തുടങ്ങിയ റോഡുകളിലും വകുപ്പുകളുടെ ഏകോപനത്തിലെ അഭാവം യോഗത്തിൽ ചർച്ച ചെയ്തു. ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി റോഡ് വെട്ടിമുറിച്ചത് പുനസ്ഥാപിക്കുന്നതിന് പ്രവർത്തി ഏറ്റെടുത്ത കരാരുകാരന് സമയബന്ധിതമായി  പ്രവർത്തി  പൂർത്തിയാക്കുന്നതിന് നിർദേശം നൽകുന്നതിനും അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുന്നതിനും ജലഅതോറിറ്റി ഉദ്യോഗസ്ഥർക്ക് എം.എൽ.എ നർദേശം നൽകി.

മണ്ഡലത്തിലെ വിവിധ പ്രവർത്തികൾ ഏറ്റെടുത്ത നിർമ്മാണ കമ്പനികൾ പ്രവർത്തിയിൽ അലംഭാവം കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രസ്തുത വിഷയം ആഗസ്റ്റ് 5 ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ചർച്ച ചെയ്യുമെന്നും പി.കെ.ഫിറോസ് എം.എൽ.എ അറിയിച്ചു. 

കൊടുവള്ളി എം.എൽ.എ ഓഫീസിൽ നടന്ന ഉദ്യോഗസ്ഥ തല യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.സി.ഉസൈൻ മാസ്റ്റർ, പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജീഷ്.കെ.വി, കേരള റോഡ് ഫണ്ട് ബോർഡ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ.കെ.മിഥുൻ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.സജിത് കുമാർ, കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിഷ്ണു.ജി.എൽ, കേരള വാട്ടർ അതോറിറ്റി കൊടുവള്ളി അസിസ്റ്റൻ്റ് എഞ്ചിനീയർ യാസിർ.പി.പി., ബി.എസ്.എൻ.എൽ ജുനിയർ എഞ്ചിനീയർ ജോജോ.വി, കൊടുവള്ളി നഗരസഭ സൂപ്രണ്ട് റസിയ.എ.കെ., താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ഫവാസ് ഷമീം, നരിക്കുനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോഷി ജോസ്, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആദർശ്.കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right