Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 23, വ്യാഴം 
1201 | കര്‍ക്കടകം 7, വിശാഖം

◾ അതീവ ജാഗ്രതയില്‍ ഡല്‍ഹി.  സിജെപി പ്രതിഷേധം തുടരുന്നതിനിടെ 16 മെട്രോസ്റ്റേഷനുകള്‍ അടച്ചു. പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്  ജന്തര്‍ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ ഒഴുകിയെത്തുകയാണ്.  സമരക്കാരെ നേരിടാന്‍ 40 കമ്പനി സൈന്യത്തെ കൂടി നിയോഗിച്ചു. സിജെപി നേതാക്കളുമായുള്ള  ചര്‍ച്ചയ്ക്ക്  കേന്ദ്ര സര്‍ക്കാര്‍ വീണ്ടും  ശ്രമം നടത്തുന്നുണ്ട്.

◾ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യംവിളി. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടും പോലീസ് അതിക്രമങ്ങള്‍ക്കെതിരെയുമാണ്  പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷാംഗങ്ങള്‍  മുദ്രാവാക്യം വിളിച്ചു. പ്രധാന്റെ രാജി ഇല്ലാതെ ചര്‍ച്ച വേണ്ടെന്ന് പ്രതിപക്ഷം.

◾ ഒടുവില്‍ മോദി മിണ്ടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിചാരണയും ശിക്ഷയും  ഫാസ്റ്റ് ട്രാക്ക് കോടതികള്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. യുവാക്കളുടെ ഭാവിയെക്കാള്‍ വലുതായി ഒന്നുമില്ലെന്നും മോദി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

◾ യുവാക്കളുടെ ഭാവിയെ തകര്‍ത്തത് മോദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കണമെന്നും അവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ ഒടിവിന് ബാന്‍ഡ്എയ്ഡ് ഒട്ടിക്കുന്നതു പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണമെന്ന് സിജെപി. ധര്‍മ്മേന്ദ്ര പ്രധാനേക്കാള്‍ യുവാക്കള്‍ക്ക് മോദി പ്രാധാന്യം നല്‍കണം. മോദിയുടെ ട്വീറ്റ് ക്രൂരമായ തമാശയാണെന്നും സിജെപി.

◾ ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍ ഉച്ചയോടെ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മെട്രോ സ്റ്റേഷന്‍ അടച്ചിട്ടതിലൂടെ സുപ്രീംകോടതി അഭിഭാഷകരും ജീവനക്കാരും ബുദ്ധിമുട്ട് നേരിടുന്നു എന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചതിനു പിറകെയാണ്  സുപ്രീം കോടതി ഇടപെട്ടത്.

◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും കസ്റ്റഡിയിലെടുത്തേക്കും.

◾ വിദ്യ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ നീക്കം നടത്തിയ ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാര്‍, ഗൗരവ്  എന്നിവരെ അറസ്റ്റ് ചെയ്തു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

◾ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള തെറ്റുതിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിപുലീകൃത സിപിഎം സംസ്ഥാന സമിതി സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ നടത്താന്‍  സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണ. ഇന്നും നാളേയുമായി നടക്കുന്ന സംസ്ഥാന സമിതിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

◾ ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്  തീരുമാനമെടുക്കും. സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതോടെ  രാജീവര്‍ക്ക് തന്ത്രിസ്ഥാനത്ത് തുടരാന്‍ സാധിക്കാത്ത സാഹചര്യമാണ്. പകരക്കാരനായി മകന്‍ ബ്രഹ്‌മദത്തനെ ചുമതലയേല്‍പ്പിക്കണമെന്ന രാജീവരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് ഇന്ന് പരിഗണിക്കും.

◾ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത മേഖലയില്‍ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ്  എത്തുന്നത്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും.

◾ ഓപ്പറേഷന്‍ പാര്‍പ്പിടം എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നല്‍കാന്‍ കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും വിവിധ ഏജന്‍സികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പണംവാങ്ങുന്നുവെന്നാണ് കണ്ടെത്തിയത്. 30 ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി 45 ലക്ഷം വാങ്ങിയതിന്റെ തെളിവ് ലഭിച്ചു.

◾ നിതിന്‍ രാജിന്റെ ആത്മഹത്യാ കേസില്‍ ഡോ. എം കെ റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടി വരുമെന്ന് കോടതി. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് തലശ്ശേരി എസ്‌സി എസ്ടി സ്‌പെഷ്യല്‍ കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

◾ കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തെ അനുകൂലിച്ചതിന്റെ പേരില്‍ ചലച്ചിത്ര താരങ്ങള്‍ക്ക് നേരെ നടക്കുന്ന പ്രതിഷേധം ദൗര്‍ഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സാംസ്‌കാരിക വകുപ്പ്  മന്ത്രി പി സി വിഷ്ണുനാഥ്.  പ്രതികരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.

◾ പയ്യന്നൂരില്‍ പാര്‍ട്ടി വിട്ട വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ അനുകൂലിയായ മുന്‍ സിപിഎം നേതാവ് ടി പുരുഷോത്തമന്റെ ചെമ്മീന്‍ കൃഷി  സ്ഥലത്തെ ഷെഡിനു തീയിട്ടു. പയ്യന്നൂരിലെ കണ്ടങ്കാളിയിലാണ് സംഭവം. നേരത്തെ  പുരുഷോത്തമന്റെ വീട് ആക്രമിച്ചു കാറിനു തീയിട്ട കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.  ആക്രമണത്തിന് പിന്നില്‍ ടി.ഐ. മധുസൂദനനെന്ന് സംശയിക്കുന്നതായി പുരുഷോത്തമന്‍ ആരോപിച്ചു.

◾ തൃശൂര്‍ മടവാക്കരയില്‍  അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണന്‍ (89 ) ആണ് മരിച്ചത്. മകന്‍ രാധാകൃഷ്ണന്‍ (54) അറസ്റ്റിലായി. ഭൂമി നല്‍കിയിട്ടും  ജീവനാംശം നല്‍കിയില്ലെന്ന് ആരോപിച്ച്  മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടില്‍ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം.

◾ വേളാങ്കണ്ണി തിരുനാള്‍ പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രതിവാര സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളിലാണ് എറണാകുളം ജംഗ്ഷന്‍ - വേളാങ്കണ്ണി സര്‍വീസുകള്‍ നടത്തുക. ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളിലാണ് മടക്കയാത്ര.

◾ സിക്കിം തുരങ്ക അപകടത്തില്‍ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത്.

◾ തനിക്കെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് സിപിഎം നേതാവ് പി കെ ശ്രീമതി. പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോള്‍ തീവ്രത എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ല.  ഏതോ എംഎല്‍എയുടെ ഭാര്യ എന്ന നിലയില്‍ പെന്‍ഷന്‍ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പറഞ്ഞു.

◾ കൊച്ചിയിലെ പി ആന്‍ഡ് ടി കോളനി ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. 14 കോടി രൂപ പ്രതീക്ഷിച്ച പദ്ധതിക്ക് 24 കോടിയോളം രൂപയാണ്  ചെലവഴിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായി ഒരു മാസത്തിനകം കെട്ടിടത്തിലെ ചോര്‍ച്ചയും മറ്റ് പോരായ്മകളും പുറത്തുവന്നു.

◾ കാശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍ ഡല്‍ഹിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അറിയാമെന്നു നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് എന്‍എഫ്ഡിസി ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാര്‍ ഡല്‍ഹിയിലെ നീറ്റ് പരീക്ഷാ ചോര്‍ച്ചയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

◾ ബെംഗളൂരുവില്‍ നടപ്പാതയിലൂടെ വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത പിഴ ചുമത്തുന്നു. നടപ്പാതയിലൂടെ ഇരുചക്ര വാഹമോടിക്കുന്നവര്‍ക്കെതിരായ പിഴ 500 രൂപയില്‍നിന്ന് 5,000 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഗതാഗത വകുപ്പ് മന്ത്രി ബൈരാതി സുരേഷിന് കത്ത് നല്‍കി.

◾ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തെലങ്കാനയിലെ സര്‍ക്കാര്‍ എന്‍ജീനിയര്‍ അറസ്റ്റില്‍. പുനരുപയോഗ ഊര്‍ജ വികസന കോര്‍പ്പറേഷനിലെ ഡിവിഷണല്‍ എന്‍ജിനീയറായ മുത്യം വെങ്കട്ടരമണയെയാണ് തെലങ്കാനയിലെ അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) പിടികൂടിയത്.

◾ ലോക്‌സഭയില്‍ വനിതാ എംപിമാര്‍ക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിക്ക് സസ്‌പെന്‍ഷന്‍. ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തിന്റെ ഇനിയുള്ള കാലയളവിലേക്കാണ് കല്യാണ്‍ ബാനര്‍ജിയെ ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

◾ നീറ്റ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ.  ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ. ഡല്‍ഹിയില്‍  ജന്തര്‍ മന്തറിലും പാര്‍ലമെന്റിന് പുറത്തും സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരവും നീറ്റ് പ്രതിഷേധവും മുംബൈ നഗരത്തിലേക്കും വ്യാപിപ്പിച്ചതോടെയാണ് മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

◾ ഡല്‍ഹിയില്‍ സി.ജെ.പി പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനില്‍ കാനിംഗ് റോഡ് കേരള സ്‌കൂളിലെ 10 മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങി. പ്രിന്‍സിപ്പാള്‍ അടക്കമെത്തി വിദ്യാര്‍ഥികളെ പുറത്തുവിടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറോളം നീണ്ട അനിശ്ചിതത്തിനൊടുവില്‍ വിദ്യാര്‍ഥികളെ പിന്നീട് മറ്റൊരു ഗേറ്റ് വഴി പൊലീസ് പുറത്തിറക്കി.

◾ നവീകരിച്ച എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് 2026 പദ്ധതി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പെന്‍ഷന്‍ ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ കര്‍ശനമാക്കുന്നതിനും പുതിയ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും പെന്‍ഷന്‍ കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടില്ല.

◾ സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ച ഡല്‍ഹി പൊലീസിലെ അഡീഷണല്‍ ഡിസിപി സന്ദീപ് ലാംബയെ ജന്തര്‍ മന്തറില്‍നിന്ന് നീക്കി. ഉദ്യോഗസ്ഥനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി സാകേത് ഗോഖലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

◾ സിജെപി സമരത്തില്‍ വിദേശഫണ്ട് എത്തുന്നുണ്ടെന്ന ആരോപണത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും.

◾ ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ. ഗുജറാത്തിലെ മധ്യ, വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കന്‍ ഗുജറാത്തിലെ പഞ്ചമഹല്‍, ദാഹോദ്, മഹിസാഗര്‍ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെയില്‍വേ ട്രാക്കുകളിലെ വെള്ളക്കെട്ടുമൂലം ഗുജറാത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകി.

◾ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മമന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും മന്ത്രിയുടെ രാജി ശക്തമായ സന്ദേശം നല്‍കുമെന്നും അണ്ണാ ഹസാരെ. കോക്‌റോച്ച് ജനത പാര്‍ട്ടി  പ്രതിഷേധം ശക്തമാകുന്നതിനിടെ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് ഈ നിര്‍ദ്ദേശം. സര്‍ക്കാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

◾ കോവിഡ് കാലത്ത് യുകെയില്‍ പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തി.  ജോഗേഷ് ഭണ്ഡാരി(59) ഭാര്യ മീനാക്ഷി ഭണ്ഡാരി(58) എന്നിവരാണ്  കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ കമ്പനിയില്‍ ജീവനക്കാരനായ ക്രെയ്ഗ് മോറിസും(43)  കുറ്റക്കാരനാണ്.

◾ തുടര്‍ച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. ബുഷെഹര്‍ ആണവനിലയത്തിന് സമീപമുള്ള പവര്‍ സബ്സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണം നടത്തിയാല്‍, പകരം ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.

◾ ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് നേരെ യമനിലെ ഹൂതികളുടെ  ആക്രമണം. ആക്രമണത്തില്‍ കപ്പലിന്റെ മുന്‍ഭാഗത്ത് തീപിടിത്തമുണ്ടായി.

◾ തങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആര്‍ക്കും വില്‍ക്കാന്‍ കഴിയില്ലെന്ന് ഇറാന്‍. മേഖലയിലെ രാജ്യങ്ങളെല്ലാം ഇരുട്ടിലാകുമെന്നും ഇറാന്റെ മുന്നറിയിപ്പ്

◾ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാസഞ്ചര്‍ ബസിന് നേരെ ആക്രമണം. കറാച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് നേരെ സായുധ സംഘം നടത്തിയ വെടിവെപ്പില്‍ മൂന്ന് യാത്രക്കാര്‍ കൊല്ലപ്പെട്ടു.

◾ അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ശതകോടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കരാറാണ് ഒപ്പുവച്ചത്.

◾ ഫിഫ ലോകകപ്പ് ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ചു. സ്‌പെയിനില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും മൂന്ന് താരങ്ങള്‍ വീതവും അര്‍ജന്റീനയില്‍ നിന്ന് രണ്ട് താരങ്ങളും ലോകകപ്പ് ഇലവനില്‍ ഇടംപിടിച്ചു. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച  11 താരങ്ങള്‍ ടീമിലുണ്ട്.

◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാം വില 13,500 രൂപയും പവന്‍ വില 1,08,000 രൂപയുമായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ശനിയാഴ്ചയ്ക്ക് ശേഷം മാത്രം പവന്‍ വിലയില്‍ 3,480 രൂപയുടെ വര്‍ധനയുണ്ടായി. സ്വര്‍ണ വില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തുമെന്ന പ്രതീക്ഷകള്‍ക്കാണ് ഇത് മങ്ങലേല്‍പ്പിക്കുന്നത്. ഈ മാസം ആദ്യം പവന്‍ വില 1,03,240 രൂപ വരെ താഴ്ന്നശേഷമാണ് ഇപ്പോഴത്തെ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ചെറു കാരറ്റുകളുടെ വിലയിലും വര്‍ധനയുണ്ട്. 18 കാരറ്റിന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,500 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,640 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,575 രൂപയിലുമെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 240 രൂപ. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്.

◾ മിനിറ്റുകള്‍ക്കുള്ളില്‍ ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന 'ഹ്യൂമന്‍ റഫ്രിജറേറ്റര്‍' അഥവാ വാക്ക്-ഇന്‍ കൂളിങ് ബൂത്ത് വികസിപ്പിച്ച് ജപ്പാന്‍. 'ഡോ ഹീമോണ്‍ ബോക്സ്' എന്ന ഈ ബൂത്തില്‍ ഒരേ സമയം ഒരാള്‍ക്ക് മാത്രം ഇരിക്കാം. ഒരാള്‍ ഇതിനുള്ളില്‍ ഇരുന്നുകഴിഞ്ഞാല്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ ശരീരം തണുപ്പിക്കാം. ഈ ബൂത്തിനുള്ളില്‍ ഏകദേശം 10 മിനിറ്റ് ചെലവഴിക്കുന്നത് ശരീര താപനില ഗണ്യമായി കുറക്കാനും, ദീര്‍ഘനേരം ചൂടേറ്റുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കും. പരമ്പരാഗത സ്പോട്ട് എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നതിന്റെ പകുതി വൈദ്യുതി മാത്രമേ ഇതിന്റെ സിസ്റ്റം ഉപയോഗിക്കുന്നുള്ളൂ. സുരക്ഷ മുന്‍നിര്‍ത്തി 20 മിനിറ്റിനു ശേഷം ഇത് സ്വയം പ്രവര്‍ത്തനരഹിതമാകും. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് ഏകദേശം 1.5 ദശലക്ഷം ജാപ്പനീസ് യെന്‍ (ഏകദേശം 9 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വില വരുന്നത്.

◾ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍, ബസാള്‍ട്ട് എക്‌സ് കംഫര്‍ട്ട് എഡിഷന്‍ പുറത്തിറക്കി. ഈ കൂപ്പെ എസ് യുവിയുടെ വില 8.75 ലക്ഷം രൂപയാണ്. കംഫര്‍ട്ട് എഎക്‌സ്എസ് പാക്കോടെയാണ് ബസാള്‍ട്ട് എക്‌സ് കംഫര്‍ട്ട് എഡിഷന്‍ വിപണിയില്‍ എത്തിയത്. ഇത് യു, പ്ലസ് വേരിയന്റുകളില്‍ ലഭ്യമാകും. മെക്കാനിക്കല്‍ രംഗത്ത് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 81 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാന്യുവല്‍ ഗിയര്‍ബോക്‌സുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. കരുത്തുറ്റ 1.2 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍ എന്‍ജിനാണ് പ്ലസ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. 108 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനെ ആറ് സ്പീഡ് മാന്യുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

◾ സ്വാതന്ത്ര്യബോധവും ഇച്ഛാശക്തിയും കൊണ്ട് ചിത്രകലാരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സ്ത്രീകളുടെ അസാധാരണമായ ജീവിതത്തിലൂടെ, പോരാട്ടവീര്യമാര്‍ന്ന സൃഷ്ടികളിലൂടെയുള്ള പര്യടനമാണീ കൃതി. സ്ത്രൈണസത്തയുടെ അവകാശവും അധികാരവും ശക്തവും തീവ്രവുമായവിധം അവതരിപ്പിക്കുന്ന ഇരുപത് പ്രബന്ധങ്ങളും കലാപഠനമേഖലയ്ക്ക് മികച്ച ഉപലബ്ധിയാണ്. 'തീപിടിച്ച വിരലുകള്‍'. ഡോ പി കെ ഭാഗ്യലക്ഷ്മി. കൈരളി ബുക്സ്. വില 275 രൂപ.

◾ ഹൃദയാരോഗ്യത്തിന് കാപ്പി ഗുണം ചെയ്യുമെന്നും ദിവസവും രണ്ടുമുതല്‍ അഞ്ചു കപ്പുവരെ കാപ്പി കുടിക്കുന്നത് സുരക്ഷിതമാണെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍. സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന അവലോകനത്തിലാണ് ഇക്കാര്യം പറയുന്നത്. മിതമായ അളവില്‍ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയല്‍ ഫൈബ്രിലേഷന്‍, രക്താതിസമ്മര്‍ദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് പഠനം പറയുന്നു. ഏകദേശം 400 മില്ലിഗ്രാംവരെ കഫീന്‍ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കില്ലെന്നാണ് വിവിധ പഠനങ്ങളുടെ അവലോകനത്തില്‍ കണ്ടെത്തിയത്. ഫില്‍ട്ടര്‍ കാപ്പികള്‍ക്കും ഇന്‍സ്റ്റന്റ് കാപ്പികള്‍ക്കുമാണ് ആരോഗ്യഗുണങ്ങള്‍ സംബന്ധിച്ച തെളിവുകളുള്ളത്. ഫില്‍ട്ടര്‍ ചെയ്യാത്ത കാപ്പികളില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള 'ഡെറ്റര്‍പീന്‍' സംയുക്തങ്ങള്‍ കൂടുതലായിരിക്കും. എനര്‍ജി ഡ്രിങ്കുകള്‍ക്ക് ഈ കണ്ടെത്തലുകള്‍ ബാധകമല്ലെന്നും അവയിലെ ഉയര്‍ന്ന കഫീന്റെ സാന്നിധ്യവും മറ്റു ഘടകങ്ങളും രക്തസമ്മര്‍ദം ഉയരാനും ഹൃയമിടിപ്പിന്റെ ക്രമംതെറ്റാനുമിടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഫീനോടുള്ള ശരീരത്തിന്റെ പ്രതികരണം ആളുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതിനാല്‍ ഗര്‍ഭിണികള്‍, ഹൃദ്രോഗം നേരത്തേയുള്ളവര്‍ തുടങ്ങിയവരൊക്കെ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ കാപ്പിയുടെ അളവ് നിശ്ചയിക്കാവൂ എന്നും എ.എച്ച്.എ. പറഞ്ഞു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 96.55, പൗണ്ട് - 129.05, യൂറോ - 110.22, സ്വിസ് ഫ്രാങ്ക് - 118.48, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.58, ബഹറിന്‍ ദിനാര്‍ - 256.82, കുവൈത്ത് ദിനാര്‍ -311.74, ഒമാനി റിയാല്‍ - 251.09, സൗദി റിയാല്‍ - 25.73, യു.എ.ഇ ദിര്‍ഹം - 26.29, ഖത്തര്‍ റിയാല്‍ - 26.54, കനേഡിയന്‍ ഡോളര്‍ - 68.61.
➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right