2026 | ജൂലൈ 21, ചൊവ്വ
1201 | കര്‍ക്കടകം 5, ചിത്തിര
◾ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ സംഘം. റാമിന് ജാമ്യം ലഭിക്കാനിടയാക്കിയ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. പ്രതി ഡോ. റാമിന്റെ അറസ്റ്റില്‍ പൊലീസിനു ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല.
◾ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി തിരുത്തി. വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്‌സ് ഒഫിഷ്യോ അംഗമായി തുടരാമെന്ന് സുപ്രിംകോടതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാനവരി സുപ്രീംകോടതി റദ്ദാക്കി.
◾ വഖഫ് ബോര്‍ഡ് കേസുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കേന്ദ്ര നിയമത്തിനു പരവതാനി വിരിച്ചത് ഇടതു സര്‍ക്കാരാണ്, ഇടത് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ചത് വ്യവസ്ഥകള്‍ പാലിക്കാതെയായിരുന്നു. അതു പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
◾ പഞ്ചായത്ത് ഫണ്ടുകള്‍ വെട്ടിക്കുറച്ചതും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മുടക്കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും മന്ത്രി രാജേഷാണ് അതു ചെയ്തതമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ പി അനില്‍കുമാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അവസാന ഗഡു പഞ്ചായത്തുകള്‍ക്കു കൊടുക്കാതെയാണ് അവര്‍ ഇറങ്ങിപ്പോയത്. മന്ത്രി ചൂണ്ടിക്കാട്ടി.
◾ പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയര്‍മാന്‍ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. 26 അംഗ കൗണ്‍സിലിലെ ഹാജരായ 17 പേര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
◾ വിഎസ് അച്യുതാനന്ദന്റെ ചരമവാര്‍ഷിക ദിനത്തില്‍ ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ വിഎസിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച സ്തൂപത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തി. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
◾ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം വി എസ് അച്യുതാനന്ദന്റെ കാലത്ത് ഉണ്ടായിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വി എസിന്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിനു മുന്നില്‍ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോയെന്നും അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലെന്നും വി എസ് അനുസ്മരണ സമ്മേളനത്തില്‍ ഐസക് പറഞ്ഞു.
◾ വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളെല്ലാം ഇന്നും കാലിക പ്രസക്തിയുള്ളതാണെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. അഴിമതിക്കെതിരെയുള്ള നിലപാടുകളാണെങ്കിലും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നിലപാടുകളാണെങ്കിലും എല്ലാത്തിനും വേണ്ടി അവസാനം വരെ പോരടിച്ചയാളാണ് വി എസെന്നും അദ്ദേഹം പറഞ്ഞു.
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കള്ളക്കേസുകളെടുപ്പിച്ച് ജീവിതം തകര്‍ത്തെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനെ കാണുമെന്നും സ്വപ്ന സുരേഷ്.
◾ ദേശാഭിമാനി ലേഖന വിവാദത്തെത്തുടര്‍ന്ന് വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ ആര്‍ അജയനെ മാറ്റി ടി ചന്ദ്ര മോഹനെ നിയമിച്ചു. അജയനോട് കഴിഞ്ഞദിവസം റസിഡന്റ് എഡിറ്റര്‍ വിശദീകരണം തേടിയിരുന്നു. കള്ളന്‍ വിജയന്‍ എന്ന തലക്കെട്ട് പാര്‍ട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെആര്‍ അജയന്‍ നല്‍കിയത്.
◾ നടി ലക്ഷ്മിപ്രിയക്കും അമ്മ പ്രസിഡന്റ് ശ്വേത മേനോനുമെതിരായ അന്‍സിബയുടെ പരാതി അപകീര്‍ത്തികേസാണെന്നും എഫ്ഐആര്‍ തയാറാക്കി കേസെടുക്കാനാകില്ലെന്നും ആവര്‍ത്തിച്ചു പൊലീസ്. എറണാകുളം മജിസ്ട്രേറ്റ് കോടതി വിധി പറയാന്‍ ഈ മാസം 27 ലേക്ക് മാറ്റിയിരിക്കുകയാണ്.
◾ സംസ്ഥാനത്തെ ഊബര്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ 'ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് കമ്മ്യൂണിറ്റി' യുടെ നേതൃത്വത്തില്‍ ഇന്ന് പണിമുടക്കി. ഡ്രൈവര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ശവപ്പെട്ടിയുമായി മാര്‍ച്ചും ധര്‍ണയും നടത്തി.
◾ ഹൈക്കോടതിക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ച് ദമ്പതികള്‍. ആംബുലന്‍സ് ഡ്രൈവര്‍ വിനുവും ഭാര്യ ബിന്‍സിയുമാണ് വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ ആറരയോടെ കോടതിക്കു മുന്നില്‍ ആംബുലന്‍സിലാണ് ആത്മഹത്യാശ്രമം നടത്തിയത്. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. മുന്‍ സുഹൃത്ത് നല്‍കിയ പീഡന പരാതിയില്‍ നടപടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിക്കും എതിരേയുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
◾ പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് രാസവസ്തുക്കളുമായാണ് ആക്രമണം നടത്തിയതെന്ന് ദിയ സന. കുറേ കെമിക്കലുകളാണു മനുഷ്യശരീരത്തിലേക്ക് പ്രയോഗിച്ചത്. ദേഹമാസകലം ചൊറിയുന്നുവെന്നും നീറുന്നുവെന്നും പൊലീസ് ഗുണ്ടകളായി മാറിയെന്നും ദിയ സന ആരോപിച്ചു.
◾ പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാടി സന്ദര്‍ശിക്കുകയും ദുരന്തത്തില്‍ പരിക്കേറ്റവരെ കാണുകയും ചെയ്യും. മണ്ണിടിച്ചില്‍ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുന്‍ എം പി രാഹുല്‍ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സ്ഥലം സന്ദര്‍ശിക്കാത്തതിനെതിരെ ബിജെപിയും എല്‍ഡിഎഫും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
◾ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാതെ പി എസ് സി ഒളിച്ചു കളിക്കുന്നു എന്ന് ഉദ്യോഗാര്‍ത്ഥി പരാതിയില്‍ പറയുന്നു.
◾ സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയായ അബഹയില്‍ മലയാളി നഴ്‌സ് ന്യുമോണിയ ബാധിച്ച് മരിച്ചു. എറണാകുളം മീന്‍പാറ ആറ്റുപുറത്ത് വീട്ടില്‍ സീന ഉതുപ്പ് (42) ആണ് മരിച്ചത്. അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ കഴിഞ്ഞ 16 വര്‍ഷമായി സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
◾ സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ എട്ടുപേര്‍ മരിച്ചു. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 12 പേരെ രക്ഷിച്ചു. 18 പേര്‍ ഇപ്പോഴും തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നു. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തുണ്ടെങ്കിലും തുരങ്കത്തില്‍ മീഥെയ്ന്‍ വാതകത്തിന്റെ അളവ് ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
◾ ഡല്‍ഹിയില്‍ പോലീസ് ഇന്നലെ അടിച്ചമര്‍ത്തിയ സമരം കൂടുതല്‍ ശക്തമാക്കി സിജെപി. ഇന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ സമരത്തിനെത്തി. പോലീസിന്റെ അടിയേറ്റ് നിരവധി പേര്‍ ആശുപത്രികളില്‍ ചികില്‍സ തേടി. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിനു വഴങ്ങേണ്ടെന്ന നിലപാടാണു ബിജെപിക്കുള്ളത്. സര്‍ക്കാരിനെതിരേ രാജ്യമെങ്ങുമുള്ള യുവജനത്തിന്റെ രോഷപ്രകടനം കണ്ട് കേന്ദ്ര സര്‍ക്കാര്‍തന്നെ അമ്പരന്നിരിക്കുകയാണ്. അരാജകത്വത്തിലൂടെ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമമാണെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്.
◾ നീറ്റ് പരീക്ഷ ക്രമക്കേടില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന് എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരായ 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാന്‍ ഉടന്‍ പുനപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സാഹചര്യത്തില്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയുടെ സമരം ആളിക്കത്തുമ്പോഴാണ് മോദിയുടെ വിശദീകരണം.
◾ പാര്‍ലമെന്റ് സമ്മേളനത്തിനിടെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു സഭ നിര്‍ത്തിവെച്ചപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും അയോധ്യ ക്ഷേത്രത്തിലെ കാണിക്കക്കൊള്ള വിവാദവും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്.
◾ ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍ വനിതാ ഐപിഎസ് ട്രെയിനിയെ സഹബാച്ച്‌മേറ്റ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ അത്താപൂര്‍ പോലീസ് കേസെടുത്തു. സഹപ്രവര്‍ത്തകയായ വനിതാ ട്രെയിനിയുമായി പ്രണയത്തിലായിരുന്നെന്നും വിവാഹിതയായ ശേഷവും ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചെന്നും ഉദയ് കൃഷ്ണ റെഡ്ഡി സമൂഹ മാധ്യമങ്ങളില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു.
◾ മൈസൂരുവില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ടി.നരസിപുര സ്വദേശികളായ കിരണ്‍, കിഷോര്‍. റിയാന്‍ എന്നിവരാണ് പിടിയിലായത്. രാത്രി വൈകി ബസിറങ്ങിയ മുപ്പതുകാരിയെയാണ് കാറിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
◾ സിന്ധു നദീജല കരാറില്‍ നിലപാട് ശക്തമാക്കി ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ മാത്രമേ കരാര്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് ഇന്ത്യയുടെ നിലപാട്. നിലവിലെ രൂപത്തില്‍ കരാര്‍ ഒരിക്കലും തുടരാനാകില്ലെന്നും 65 വര്‍ഷം പഴക്കമുള്ള കരാറിന് സമഗ്രമായ മാറ്റം ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
◾ ഹമാസ് തലപ്പത്ത് ഖലീല്‍ അല്‍-ഹയ്യയെ നിയമിച്ചു. ഇസ്രായേല്‍ സൈന്യം വധിച്ച യഹ്യ സിന്‍വാറിന് പകരമാണ് ഖലീല്‍ അല്‍-ഹയ്യയെ പുതിയ നേതാവായി ഹമാസ് പ്രഖ്യാപിച്ചത്. മുമ്പ് പലസ്തീന്‍ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയര്‍മാനും അഞ്ചംഗ കൗണ്‍സിലിലെ അംഗവുമായിരുന്നു അല്‍-ഹയ്യ.
◾ ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ അര്‍ജന്റീന ടീമിന് നാട്ടില്‍ പ്രൗഢഗംഭീരമായ വരവേല്‍പ്പ്. ബ്യൂണസ് ഐറിസിലെ എസെയ്‌സ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ആരാധകരാണ് ആവേശകരമായ സ്വീകരണം നല്‍കിയത്.
◾ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തില്‍ തടസ്സങ്ങള്‍ തുടരുകയാണെങ്കില്‍, 2026-ന്റെ നാലാം പാദത്തോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് മുകളില്‍ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗോള്‍ഡ്മാന്‍ സാക്സ് ഗ്രൂപ്പ് ഇന്‍ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതും പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണ പ്രവാഹം യുദ്ധത്തിന് മുന്‍പുള്ളതിന്റെ 45 ശതമാനത്തില്‍ താഴെയായി കുറഞ്ഞതുമാണ് ഇന്ധനവില വീണ്ടും ഉയരാന്‍ കാരണമായത്. എങ്കിലും, പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ കുറയുമെന്ന പ്രതീക്ഷയില്‍ നാലാം പാദത്തില്‍ ബാരലിന് 80 ഡോളറും അടുത്ത വര്‍ഷം 75 ഡോളറുമാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ അടിസ്ഥാന പ്രവചനം. നേരത്തെ ഏപ്രിലില്‍ സംഘര്‍ഷത്തിന്റെ ആദ്യ ഘട്ടത്തില്‍ വില 126 ഡോളര്‍ കടന്നിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സാമ്പത്തിക ഭീഷണിയാണ് സൃഷ്ടിക്കുക.
◾ ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം. യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസിന്റെ ഓഫ്‌ലൈന്‍ 'ടാപ്പ് ആന്‍ഡ് പേ' പ്രവര്‍ത്തനം ഇന്ത്യ ആരംഭിക്കുന്നതോടെയാണിത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണും പിഒഎസ് മെഷീനും ഓഫ്ലൈനില്‍ ആയിരിക്കുമ്പോള്‍ പോലും പണം ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിലവിലുള്ള ടാപ്പ് ആന്‍ഡ് പേ സംവിധാനത്തിന് സമാനമായി ഇത് പ്രവര്‍ത്തിക്കും. ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സമയത്ത് അവരുടെ യുപിഐ ലൈറ്റ് വാലറ്റില്‍ പണം നിറയ്ക്കണം. വാലറ്റ് നിറച്ചുകഴിഞ്ഞാല്‍, അവരുടെ എന്‍എഫ്സി സജ്ജീകരിച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുയോജ്യമായ പിഒഎസ് ടെര്‍മിനലില്‍ ടാപ്പ് ചെയ്താല്‍ പേയ്‌മെന്റ് നടത്താം. രണ്ട് ഉപകരണങ്ങള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ പോലും ഇത് സാധ്യമാകും.
◾ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. രാജ്യത്തുടനീളം 30,000-ത്തിലധികം ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റുകള്‍ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. മൈ ഹ്യുണ്ടായി ആപ്പിലൂടെ ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായും സേവനദാതാക്കളുമായും ചേര്‍ന്നാണ് സംയോജിത ചാര്‍ജിങ് ശൃംഖല ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായി വാഹന ഉടമകള്‍ക്ക് മാത്രമല്ല, എല്ലാ ബ്രാന്‍ഡുകളിലെയും ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്കും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനാകും. സമീപത്തെ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ടെത്തുക, നാവിഗേഷന്‍, മുന്‍കൂട്ടി ബുക്കിങ്, ഡിജിറ്റല്‍ പേയ്‌മെന്റ് എന്നിവയെല്ലാം മൈ ഹ്യുണ്ടായി ആപ്പിലൂടെ സാധ്യമാകും. രാജ്യത്തുടനീളം ശരാശരി 25 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ചാര്‍ജിങ് സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് ശൃംഖല വികസിപ്പിച്ചിരിക്കുന്നത്.
◾ ഈ ഗ്രന്ഥം ചരിത്രത്തിലെ സുപ്രധാനമായ ഒരു രേഖയാണ്. ഇത് വ്യാപകമായി വായിക്കപ്പെടേണ്ടതുണ്ട്. ദണ്ഡിയാത്രയുടെ നൂറാം വാര്‍ഷികം അടുത്തുകൊണ്ടിരിക്കുകയാണ്. ശതാബ്ദി ആഘോഷിക്കുമ്പോള്‍ കേരളം ഈ മലയാളിനായകരെ പ്രത്യേകം ആദരിക്കാന്‍ ഈ പുസ്തകം വഴിതുറക്കും എന്നത് ഈ കൃതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയ മുന്നേറ്റമായ ഉപ്പുസത്യാഗ്രഹസമരത്തിലെ മലയാളിസാന്നിദ്ധ്യത്തെക്കുറിച്ച് സൂക്ഷ്മമായി അവലോകനം ചെയ്യുന്ന പുസ്തകം. 'ദണ്ഡിയാത്രയിലെ മലയാളിസത്യാഗ്രഹികള്‍'. ടോം മേലുകാവ്. മാതൃഭൂമി. വില 195 രൂപ.
◾ ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ജപ്പാന്‍ കമ്പനിയായ തകെഡ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച QDENGA എന്ന വാക്സിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 2027ന്റെ ആദ്യ പകുതിയോടെ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാകും. ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഇതിന് ശേഷിയുണ്ട്. നേരത്തെ ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ വാക്സിന്‍ നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, വാക്സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധന ആവശ്യമില്ല. യൂറോപ്യന്‍ യൂണിയന്‍, യുകെ ഉള്‍പ്പെടെ നാല്‍പ്പതോളം രാജ്യങ്ങളില്‍ ഇതിനോടകം വാക്സിന് അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിന്റെ ഇടവേളയില്‍ 0.5 മില്ലിലിറ്റര്‍ വീതമുള്ള 2 ഡോസ് കുത്തിവെയ്പ്പ് രൂപത്തിലായിരിക്കും വാക്സിന്‍ നല്‍കുന്നത്. നാല് മുതല്‍ 60 വയസ് വരെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ വാക്സിന്‍ ഉപയോഗിക്കാം. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ ഫാര്‍മ കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യയിലെ നിര്‍മാണം. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതില്‍ ബയോളജിക്കല്‍ ഇയുടെ സഹായത്തോടെ 5 കോടി ഡോസ് വരെ ഉത്പാദിപ്പിക്കാനാണ് പദ്ധതി. ലോകത്തിലെ ഡെങ്കിപ്പനി കേസുകളില്‍ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് വിലയിരുത്തല്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.18, പൗണ്ട് - 129.32, യൂറോ - 109.90, സ്വിസ് ഫ്രാങ്ക് - 118.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.54, ബഹറിന്‍ ദിനാര്‍ - 254.85, കുവൈത്ത് ദിനാര്‍ -310.16, ഒമാനി റിയാല്‍ - 250.14, സൗദി റിയാല്‍ - 25.61, യു.എ.ഇ ദിര്‍ഹം - 26.27, ഖത്തര്‍ റിയാല്‍ - 26.34, കനേഡിയന്‍ ഡോളര്‍ - 68.39.
Tags:
KERALA