2026 ജൂലൈ 20, തിങ്കള്‍
1201 കര്‍ക്കടകം 4, അത്തം
1448 സ്വഫർ 05
◾ സ്‌പെയിന്‍ ലോക ചാമ്പ്യന്മാര്‍. ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍ രണ്ടാം ലോകകിരീടമുയര്‍ത്തി. ഇന്‍ജുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാര്‍ച്ചിങ് ഓര്‍ഡറും ലഭിച്ച് എന്‍സോ ഫെര്‍ണാണ്ടസ് പുറത്തായതോടെ അര്‍ജന്റീന 10 പേരുമായാണു പൊരുതിയത്. നിരന്തരം ആക്രമണങ്ങള്‍ നടത്തിയ സ്‌പെയിന്‍ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാന്‍ ടോറസിലൂടെ വിജയഗോള്‍ നേടിയത്. 2010 ല്‍ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതര്‍ലാന്‍ഡ്സിനെ തകര്‍ത്ത് ലോകകപ്പ് വിജയിച്ചതിനുശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് സ്‌പെയിന്‍ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ സ്‌പെയിന്‍ ആക്രമിച്ചു കളിച്ചപ്പോള്‍ അര്‍ജന്റീന പ്രതിരോധത്തിലായിരുന്നു. കളിയില്‍ 20 ഷോട്ടുകള്‍ സ്‌പെയിന്‍ ഉതിര്‍ത്തപ്പോള്‍ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് സ്പെയിന്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാനായത്.
◾ ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് ഇന്നു സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. കേരള-കാലിക്കറ്റ് സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുലരുംവരെ ലോക കപ്പ് ഫൈനല്‍ മല്‍സരം കണ്ട് രാവിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരുന്നതു പ്രായോഗികമല്ലെന്നും അവധി നല്‍കണമെന്നും മന്ത്രിമാരും മുന്‍മന്ത്രിമാരും അഭിപ്രായപ്പെട്ടിരുന്നു.
◾ ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിനുനേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി യു എസ് ഇറാനിലെ ഡാര്‍കോവിന്‍ ആണവ നിലയത്തിലടക്കം ആക്രമണം നടത്തി. ഇറാനില്‍ നടത്തിയ വ്യാപക മിസൈല്‍ ബോംബിംഗില്‍ തീര നിരീക്ഷണ സംവിധാനങ്ങള്‍, റഡാറുകള്‍, നാവിക സംവിധാനങ്ങള്‍, മിസൈല്‍ - ഡ്രോണ്‍ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടു.
◾ ടാറ്റാ പ്രതിനിധികളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജൂണ്‍ 29 നു ചര്‍ച്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട മന്ത്രി കുഞ്ഞാലിക്കുട്ടിക്കു മറുപടിയുമായി മുന്‍ വ്യവസായ മന്ത്രി പി രാജീവ്. എല്‍ ഡി എഫ് സര്‍ക്കാര്‍ ധാരണാ പത്രത്തില്‍ ഒപ്പിടുക മാത്രമല്ല, ജോലികള്‍ തുടങ്ങുകയും ചെയ്തിരുന്നെന്നു രാജീവ് പ്രതികരിച്ചു.
◾ തിരുവനന്തപുരം വെമ്പായത്തെ ബാറില്‍ മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. വെമ്പായം ശ്രീവത്സവം ബാറിലെ എസി മുറിയില്‍ ഇരുന്ന് മദ്യപിച്ചവര്‍ തമ്മിലാണ് അടിപിടിയും തീവയ്പുമുണ്ടായത്. തര്‍ക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശി അനീഷ് (32) പെട്രോള്‍ വാങ്ങി വന്ന് തീ കൊളുത്തുകയായിരുന്നു.
◾ സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെ എസ് യു- മുഖ്യമന്ത്രി പോരില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് കെപിസിസി. സമൂഹ്യ മാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിര്‍ദേശം.
◾ സംഘടനയുടെ സജീവ പ്രവര്‍ത്തകയല്ലാത്ത ജിയോണ ജെയിംസിനെ പ്ലീഡറായി നിയമിച്ചതിന്റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.കെ. അബ്ദുറഹമാന്‍.
◾ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. നേരത്തെ, കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചെന്ന് അലോഷ്യസ് പരാതി ഉന്നയിച്ചിരുന്നു.
◾ മുഖ്യമന്ത്രി വി ഡി സതീശനെ താറടിക്കാനാണ് ഇപ്പോഴത്തെ പ്ലീഡര്‍ നിയമന വിവാദമെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അഡ്വ. ചന്ദ്രശേഖരന്‍ ആരോപിച്ചു. നിയമന ലിസ്റ്റില്‍പ്പെട്ട ശരതും ജിയോണയും സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്. അനധികൃതമായി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന അബ്ദുറഹ്‌മാനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾ ആശുപത്രികളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കമ്മ്യൂണിറ്റി കിച്ചന്‍ വഴി മാത്രം ആശുപത്രിക്കുള്ളില്‍ ഭക്ഷണം നല്‍കാവൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതില്‍ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരന്‍ പിന്നീട് വിശദീകരിച്ചു.
◾ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോര്‍ വിതരണം തടയാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനകീയ പദ്ധതിയെ തകര്‍ക്കുന്നത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്നും, ആരോഗ്യമേഖലയിലെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
◾ പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ അഡ്വ പി.എ മുഹമ്മദ് റിയാസ്. ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണത്തില്‍ കെ മുരളീധരന്റെ നിലപാടിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചു.
◾ പൊതിച്ചോര്‍ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തടസപ്പെടുത്താന്‍ ഒരു മന്ത്രിക്കും കഴിയില്ലെന്നും പൊതിച്ചോറില്‍ മന്ത്രി മണ്ണ് വാരിയിടുന്നുവെന്നും മന്ത്രിക്ക് ധിക്കാരത്തിന്റെ ഭാഷയാണെന്നും പൊതിച്ചോറില്‍ ഡിവൈഎഫ്ഐ രാഷ്ട്രീയം കാണിച്ചിട്ടില്ലെന്നും വികെ സനോജ് പറഞ്ഞു.
◾ വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന ഹണി ട്രാപ്പ് കേസില്‍ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭര്‍ത്താവാണെന്നും, കേസിന് കുടുംബ വഴക്കാണു കാരണമെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചു. തെലങ്കാന സ്വദേശിയായ വിജയകുമാര്‍ നല്‍കിയ പരാതിയില്‍, നെയ്യാറ്റിന്‍കര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയും വഞ്ചിയൂര്‍ പോലീസാണു കേസെടുത്തത്.
◾ വിഎസ് അച്യുതാനന്ദന്റെ ഓര്‍മ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്നു സിപിഎം മുഖപത്രമായ ദേശാഭിമാനി തീരുമാനിച്ചതു വിവാദമായി. കെ.വി. സുധാകരന്‍ എഴുതിയ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന തലക്കെട്ടുള്ള വാരാന്തപ്പതിപ്പ് ഇന്നു പ്രസിദ്ധീകരിക്കുമെന്ന് എം സ്വരാജ്. എന്നാല്‍ വാരാന്തപ്പതിപ്പിന്റെ അവസാന പേജില്‍ ടി.സി. രാജേഷ് എഴുതിയ 'കള്ളന്‍ വിജയന്‍ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ടുള്ള ലേഖനത്തിലെ കള്ളന്‍ വിജയന്‍ എന്ന പരാമര്‍ശമാണ് വാരാന്തപ്പതിപ്പു പിടിച്ചുവയ്ക്കാന്‍ കാരണമായതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം.
◾ വിഎസ് അച്യുതാനന്ദന്റെ ഓര്‍മ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന ദേശാഭിമാനിയുടെ നടപടി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. വി എസിനെ പാര്‍ട്ടിക്ക് മറക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
◾ സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നിലെത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് സംരക്ഷണം തേടി പെണ്‍കുട്ടി എത്തിയത്. പെണ്‍കുട്ടി എവിടെയെന്ന് അറിയാതെ എങ്ങനെ സംരക്ഷണം കൊടുക്കും എന്ന് പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു.
◾ നായര്‍ സര്‍വീസ് സൊസൈറ്റി നേതൃത്വത്തിലെ ഏകാധിപത്യ പ്രവണത താനേ തകരുമെന്നു കെബി ഗണേഷ് കുമാര്‍. എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു ഗണേഷിന്റെ മറുപടി.
◾ രാജ്യത്തെ സാമൂഹിക പ്രതിസന്ധികളിലും നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ് ഡല്‍ഹിയിലേക്ക്. ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്റെ വിയോജിപ്പും സങ്കടവും രേഖപ്പെടുത്തിയിരുന്ന രഞ്ജിനി, അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയോ ചര്‍ച്ചയോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നേരിട്ട് പ്രതിഷേധ സ്ഥലത്തേക്ക് തിരിച്ചത്.
◾ കേരളത്തിലെ ശിശുമരണനിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
◾ പെരുമ്പാവൂര്‍ എംഎല്‍എ മനോജ് മൂത്തേടന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാണെന്ന് പരിചയപ്പെടുത്തി പണപ്പിരിവിന് ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
◾ മോഷണക്കേസിലെ പ്രതി വൈദ്യപരിശോധനയ്ക്കിടെ കളമശേരി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ആസാം സ്വദേശി അബ്ദുല്‍ അലി (24) ആണ് പുലര്‍ച്ചെ രണ്ടോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് വിലങ്ങുമായി പൊലീസിനെ വെട്ടിച്ച് കടന്നത്.
◾ നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. നിലമ്പൂര്‍ സി.എന്‍.ജി റോഡിലെ അല്‍ ഐന്‍ കണ്ണാശുപത്രിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിനാണ് തീപിടിച്ചത്.
◾ പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് വിമതപക്ഷത്തെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതീകാത്മകമായ പ്രതിഷേധത്തിനു ശേഷം പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് തിരിച്ചെത്തി യോഗത്തില്‍ പങ്കെടുത്തു.
◾ അയോധ്യ ക്ഷേത്രക്കൊള്ളയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നു തുടങ്ങാനിരിക്കേയാണ് രാഹുല്‍ കത്ത് നല്‍കിയത്. അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പുകൂടിയാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. രാഹുലിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
◾ രാജ്യത്തെ സിറ്റിംഗ് രാജ്യസഭാ എംപിമാരുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി കേന്ദ്രം ചിലവഴിച്ചത് 262 കോടിയിലധികം രൂപ. ഇതില്‍ 151 കോടിയിലധികം രൂപയും എംപിമാരുടെ യാത്രകള്‍ക്കും അലവന്‍സുകള്‍ക്കുമാണ് ചിലവിട്ടതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നു.
◾ ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ പത്ത് പേര്‍ മരിച്ചു. നദികള്‍ കരകവിഞ്ഞു. ടൗണിന്റെ മിക്കയിടങ്ങളും വെള്ളത്തില്‍ മുങ്ങി. നൂറുകണക്കിന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
◾ ജന്തര്‍ മന്തറിലെ നിരാഹാര സമരവേദിയില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തുടര്‍ചികിത്സ വേണമെന്നും സഫ്ദര്‍ജങ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. അതേസമയം സോനം വാങ്ചുക്ക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്.
◾ മധ്യപ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏകീകൃത സിവില്‍ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നല്‍കി. ഇന്ന് ആരംഭിക്കുന്ന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
◾ തമിഴ്‌നാട് സര്‍ക്കാരിന്റെ ചെന്നൈയിലെ 'അമ്മ കാന്റീനുകളില്‍' സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. സബ്‌സിഡി നിരക്കില്‍ ഭക്ഷണം നല്‍കുന്ന ഈ പദ്ധതി പരിഷ്‌കരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ശേഷമുള്ള മാസങ്ങളില്‍ ദിനംപ്രതിയുള്ള ജനപങ്കാളിത്തത്തില്‍ 55 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
◾ വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്ല് ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാകും ബില്ല് അവതരിപ്പിക്കുക.
◾ ഭാനിയാവാല - ഋഷികേശ് ദേശീയപാത വികസനത്തിനായി 4369 മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മരവിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നടപടി.
◾ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ അടിയന്തര ഇടപെടലില്ല. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നല്‍കി.
◾ മീററ്റില്‍ ഭര്‍ത്താവ് അതുലിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മുപ്പതുകാരിയായ ഭാര്യ ദാമിനി അറസ്റ്റിലായി. ഏഴു വര്‍ഷം മുന്‍പ് പ്രണയ വിവാഹിതരായവരാണ് ഇവര്‍. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവ് മര്‍ദ്ദനം ആരംഭിച്ചു. അതിനിടെ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടെത്തിയതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചത്. പാമ്പുപിടുത്തക്കാരുടെ സഹായത്തോടെയാണു ദാമിനി കുറ്റകൃത്യം നടപ്പിലാക്കിയതെന്നു പോലീസ് പറഞ്ഞു.
◾ എം ബി ബി എസ് പ്രവേശനത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് 71-കാരനായ നീറ്റ് പരീക്ഷാര്‍ഥി കോടതിയെ സമീപിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ അശോക് ബാഹറാണ് സംവരണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
◾ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് നഗരത്തിലെ അധികൃതരുമായി ആലോചിക്കുന്നതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്‌റാന്‍ മംദാനി. യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി സമ്മേളനത്തിനാണ് നെതന്യാഹു നഗരത്തില്‍ എത്തുന്നത്.
◾ കുവൈറ്റിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉല്‍പ്പാദന പ്ലാന്റിനു നേരെ രണ്ടു ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റില്‍ വീണ്ടും വന്‍ തീപിടിത്തമുണ്ടായി.
◾ ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. ലോര്‍ഡ്‌സില്‍ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സിന് ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 388 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 135 പന്തില്‍നിന്ന് 141 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 360 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 110 പന്തില്‍നിന്ന് രോഹിത് ശര്‍മ 138 റണ്‍സെടുത്തെങ്കിലും സഹതാരങ്ങള്‍ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല.
◾ ശക്തമായ തിരിച്ചുവരവുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പി.വി. സിന്ധു. ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയെ തകര്‍ത്ത് സിന്ധു കിരീടം ചൂടി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. ഈ ജയത്തോടെ ജപ്പാന്‍ ഓപ്പണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സിന്ധു സ്വന്തമാക്കി.
◾ ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നാടകീയമായി എത്തിച്ചേര്‍ന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രദ്ധാകേന്ദ്രമായി. ഔദ്യോഗിക ഹെലികോപ്റ്ററായ മറൈന്‍ വണ്ണിലാണ് അദ്ദേഹം എത്തിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്കൊപ്പമാണ് ട്രംപ് കലാശപ്പോരാട്ടം കാണാന്‍ ഗാലറിയില്‍ ഇരുന്നത്.
◾ ലോകകപ്പ് ഫുട്ബോളിലെ താരമായി റോഡ്രിയെ തെരഞ്ഞെടുത്തു. സ്‌പെയിനിന്റെ കുതിപ്പിന് മധ്യനിരയില്‍ കളിച്ച താരമാണ് റോഡ്രി. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെ മധ്യനിരതാരം പൗ കുബാര്‍സി സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയത് സ്പാനിഷ് ഗോള്‍വല കാത്ത ഉനായ് സിമോണാണ്. കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഫ്രാന്‍സിനുവേണ്ടി പത്ത് ഗോളുകള്‍ അടിച്ചുകൂട്ടിയ എംബാപെ സ്വന്തമാക്കി.
◾ ഇന്ത്യയില്‍ പ്ലാസ്റ്റിക് അഥവാ പോളിമര്‍ കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി റിസര്‍വ് ബാങ്ക്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ അടുത്ത വര്‍ഷം മുതല്‍ 10 രൂപ, 20 രൂപ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തും. ഫീല്‍ഡ് ട്രയലുകള്‍ വിജയകരമായാല്‍ 2027ല്‍ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പൂര്‍ണതോതിലുള്ള അച്ചടിയും വിതരണവും ആരംഭിച്ചേക്കും. ആദ്യ ഘട്ടത്തില്‍ ഓരോ മൂല്യത്തിലുമുള്ള നോട്ടുകള്‍ക്കായി 34,000 റീമുകള്‍ വീതം ആകെ 68,000 റീം (ഒരു റീമില്‍ 500 ഷീറ്റുകള്‍) ബിഒപിപി അടിസ്ഥാനമാക്കിയുള്ള പോളിമര്‍ ഷീറ്റുകളാണ് ആര്‍ബിഐ വാങ്ങുന്നത്. ഇതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 18 ആണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സുതാര്യമായ വിന്‍ഡോയില്‍ പോര്‍ട്രെയ്റ്റ്, മെറ്റാലിക് അക്കങ്ങള്‍, മാഗ്‌നറ്റിക് ത്രെഡ്, ഷാഡോ ഇമേജ് എന്നിവയടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഈ പ്ലാസ്റ്റിക് നോട്ടുകളില്‍ ഉണ്ടായിരിക്കും. പൈലറ്റ് പ്രോജക്റ്റ് വിജയകരമായാല്‍ മറ്റ് വലിയ മൂല്യങ്ങളുള്ള ഇന്ത്യന്‍ നോട്ടുകളും പോളിമറിലേക്ക് മാറ്റും.
◾ ഐക്യൂവിന്റെ പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണായ ഐക്യൂ ഇസഡ്11 ലൈറ്റ് ഇന്ത്യയില്‍ ജൂലൈ 24ന് അവതരിപ്പിക്കും. 20,000 രൂപയില്‍ താഴെ ആരംഭിക്കുന്ന വിലയില്‍ എത്തുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ പ്രധാനമായും വിദ്യാര്‍ഥികളെയും ബജറ്റ് വിഭാഗത്തിലെ ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്. 6,500 എംഎഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. ഒറ്റ ചാര്‍ജില്‍ 20 മണിക്കൂര്‍ വരെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനോ 80 മണിക്കൂര്‍ വരെ സംഗീതം കേള്‍ക്കാനോ സാധിക്കും. ഫോണില്‍ 44 വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമുണ്ട്. വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ വരെ ഫോണ്‍വിളിക്കോ 7.2 മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ വീഡിയോ കാണാനോ സാധിക്കും. അഞ്ച് വര്‍ഷത്തെ ഉപയോഗത്തിനുശേഷവും ബാറ്ററിയുടെ 80 ശതമാനം ശേഷി നിലനിര്‍ത്താന്‍ കഴിയുമത്രെ. 50 മെഗാപിക്സല്‍ സോണി സെന്‍സറോടുകൂടിയ പ്രധാന ക്യാമറയാണ് ശ്രദ്ധേയമായത്.
◾ 'പൊറിഞ്ചു മറിയം ജോസ്', 'ആന്റണി' എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'കനാന്‍ദേശം'. 'ഇത് നിന്റെ ഭൂമി നിന്റെ ആകാശം' എന്ന പവര്‍ഫുള്‍ ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത് ക്ലാസ്സും മാസ്സും ഒരുപോലെ വിളക്കിച്ചേര്‍ക്കുന്ന ജോഷി മാജിക് 'കനാന്‍ദേശ'ത്തിലൂടെ വീണ്ടും ആവര്‍ത്തിക്കും എന്നുറപ്പാണ്. 'അപ്പു പാത്തു പപ്പു' പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജോ വടക്കനും വര്‍ക്കി ജോര്‍ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 5 ഭാഷകളിലായി ആണ് തിയറ്ററുകളില്‍ എത്തുന്നത്. മലയാളത്തിലെ വമ്പന്‍ താരനിരയും മികച്ച സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ചിത്രം ഒരു പാന്‍-ഇന്ത്യന്‍ ലെവല്‍ എന്റര്‍ടൈനര്‍ ആയിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അനൂപ് മേനോന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഓഗസ്റ്റില്‍ ആരംഭിക്കും.
◾ ഇന്ദ്രന്‍സും മധുബാലയും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം 'ചിന്ന ചിന്ന ആശൈ'യുടെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ജൂലൈ 28 മുതല്‍ ചിന്ന ചിന്ന ആശൈ സ്ട്രീമിംഗ് ആരംഭിക്കും. വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന് തിയറ്ററില്‍ നിന്നും ഗംഭീര പ്രതികരണം ലഭിച്ചിരുന്നു. കോഴിക്കോട്ടുകാരന്‍ റിട്ട. യുപി സ്‌കൂള്‍ അധ്യാപകനാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന മാധവന്‍ മാഷ്. ബനാറസ് യൂണിവേഴ്സിറ്റിയില്‍ കഥക് പഠിക്കുന്ന മകളെ (അപര്‍ണ ബാലമുരളി) കാണാന്‍ വാരണായിസില്‍ എത്തുക പതിവാണ്. അങ്ങെയൊരു യാത്രയിലാണ് മധുബാല അവതരിപ്പിക്കുന്ന ലീലയെ മാധവന്‍ മാഷ് യാദൃശ്ചികമായി കണ്ടുമുട്ടുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫര്‍ സാദിഖ്, സായ് ജനനി എന്നിവരും കഥാപാത്രങ്ങളാണ്.
◾ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ നിര്‍ണായകമായ മാറ്റം രേഖപ്പെടുത്തിക്കൊണ്ട്, 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മഹീന്ദ്രയെ പിന്നിലാക്കി ടാറ്റ മോട്ടോഴ്‌സ് രണ്ടാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മഹീന്ദ്രയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ടാറ്റയുടെ ഈ തിരിച്ചുവരവ്. ഒന്നാം പാദത്തില്‍ ടാറ്റ മോട്ടോഴ്‌സ് 1,87,953 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇതേ കാലയളവില്‍ മഹീന്ദ്രയുടെ വില്‍പന 1,74,745 യൂണിറ്റുകളായിരുന്നു. മാരുതി സുസുക്കി 5,25,228 യൂണിറ്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, 1,39,374 യൂണിറ്റുകള്‍ വിറ്റഴിച്ച ഹ്യുണ്ടായ് നാലാം സ്ഥാനത്താണ്. ടാറ്റയുടെ പഞ്ച് 60,321 യൂണിറ്റുകളും, നെക്‌സോണ്‍ 55,561 യൂണിറ്റുകളും വിറ്റഴിച്ചു. മഹീന്ദ്രയുടെ സ്‌കോര്‍പിയോ (44,590 യൂണിറ്റുകള്‍) ആണ് വിറ്റത്. മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വ്യവസായം ഈ പാദത്തില്‍ 25.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതും വിപണിയിലെ ശുഭസൂചനയാണ്.
◾ ഓര്‍മകളിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന ചില മണങ്ങളുണ്ട്. പോയ കാലത്തിന്റെ, നമ്മളോട് ചേര്‍ന്നുനിന്നിരുന്ന പ്രിയപ്പെട്ടവരുടെ അങ്ങനെ കാലമെത്ര കടന്നുപോയാലും മറക്കാത്ത മണങ്ങള്‍. ഈ കഥ നിങ്ങളെ അത്തരം മണങ്ങളുടെ ഓര്‍മകളിലേക്ക് അനായാസം കൊണ്ടുപോകും. ഈ കഥയിലെ കഥാപാത്രങ്ങളെ മണങ്ങളോട് ചേര്‍ത്തുവച്ച് നമ്മുടെയുള്ളില്‍ പ്രതിഷ്ഠിക്കുന്നു. പൂച്ചക്കായ മണക്കുന്ന കൊച്ചമ്മാളു, ഭസ്മം മണക്കുന്ന അശുപ്പാട്ടി, കള്ള് മണക്കുന്ന മാണിക്കുട്ടി, ചെമ്പകം മണക്കുന്ന കരിമ്പാറ... ഇവരെ വായിച്ചുതിര്‍ക്കുമ്പോള്‍ കഥകള്‍ കേട്ടുവളര്‍ന്ന ബാല്യത്തിലേക്ക് തൊണ്ടയിലൊരു കനപ്പുമായി നിങ്ങള്‍ എത്തിച്ചേരും. 'പഴുത്ത ചക്കേടെ മണം'. ദീപു ജയരാമന്‍. ഓറ ടെയ്ല്‍സ് പബ്ളിക്കേഷന്‍സ്. വില 189 രൂപ.
◾ കുടലിന്റെ ആരോഗ്യത്തിന് മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. തൈരില്‍ വെള്ളം നീട്ടി പച്ചമുളകും ഉള്ളിയും ഇഞ്ചിയുമൊക്കെ അരിഞ്ഞു ചേര്‍ത്ത് സംഭാരമായും കുടിക്കാറുണ്ട്. എന്നാല്‍ ഇതിലൊക്കെ ആരോഗ്യഗുണമുള്ളത് മോര് കാച്ചുമ്പോഴാണ്. തൈരിനെക്കാളും സംഭാരത്തെക്കാളുമൊക്കെ മോര് കറിയുടെ പോഷകഗുണം ഉയര്‍ത്തുന്നത് ഒരൊറ്റ ചേരുവ കാരണമാണ്. അതാണ് മഞ്ഞള്‍. മോരു കറിയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതു കൊണ്ട് തന്നെ സ്വഭാവികമായ ഒരു മഞ്ഞ നിറം കറിക്ക് ലഭിക്കും. ഇത് രുചി സന്തുലമാക്കാനും സഹായിക്കും. പ്രോട്ടീനും കാല്‍സ്യവും വിറ്റാമിനുകളും ഇരുമ്പും സിങ്കുമെല്ലാം മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വയറ്റിലെ കൊഴുപ്പ് നീക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, കറിയില്‍ ബാക്ടീരിയ വളര്‍ച്ച കുറയ്ക്കാനും മഞ്ഞള്‍ പൊടി ചേര്‍ക്കുന്നത് സഹായിക്കും. വാതം, ആസിഡിറ്റി എന്നിവ കുറയ്ക്കാനും വയറിളക്കം തടയാനും കറിയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് നല്ലതാണ്. പാല്‍ ഉല്‍പ്പന്നമായതു കൊണ്ട് തന്നെ മോര് പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് കറി പെട്ടെന്ന് മോശമാകാതെ കൂടുതല്‍ നാള്‍ സൂക്ഷിക്കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ഗവേഷണ സ്ഥാപനത്തില്‍ അസിസ്റ്റന്റായി എത്തിയ യുവാവിന് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനേക്കാള്‍, തനിക്കറിയാവുന്ന ചെറിയ അറിവുകള്‍ പോലും വലിയ സംഭവമാക്കി മറ്റുള്ളവരെ പഠിപ്പിക്കാനായിരുന്നു താല്‍പര്യം. പരാതികള്‍ വര്‍ധിച്ചപ്പോള്‍ ഗവേഷകന്‍ അയാളെയും കൂട്ടി അടുത്തുള്ള വനത്തിലേക്ക് പോയി. അവിടെ ഒരു കിളിക്കൂട് കാണിച്ചുകൊണ്ട് പറഞ്ഞു: 'ഈ കൂടിന് ഒരു പ്രത്യേകതയുണ്ട്. വാതില്‍ പുറത്തേക്ക് തുറക്കുന്നതാണ്. പക്ഷേ, കിളിക്ക് അകത്തേക്കും കടക്കാന്‍ കഴിയും.' ആദ്യം അത് കേട്ട് അയാള്‍ ചിരിച്ചു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ ആ വാക്കുകളുടെ അര്‍ഥം അയാള്‍ക്ക് മനസ്സിലായി. സ്വന്തം അറിവ് മാത്രം പുറത്തേക്ക് കൊടുക്കാന്‍ ശ്രമിക്കുന്നവന്‍ വളരുകയില്ല. മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കാനും പഠിക്കാനും തയ്യാറാകുമ്പോഴാണ് യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. അന്നുമുതല്‍ അയാള്‍ കൂടുതല്‍ സമയം പഠിക്കാനായി മാറ്റിവച്ചു. അറിവിന്റെ വാതില്‍ പുറത്തേക്ക് മാത്രം തുറന്നാല്‍ അത് അഹങ്കാരമാകും... ഉള്ളിലേക്കും തുറന്നാല്‍ അത് ജ്ഞാനമാകും. എപ്പോഴും പഠിപ്പിക്കാന്‍ മാത്രമല്ല, പഠിക്കാനും തയ്യാറാകാം - ശുഭദിനം.
Tags:
KERALA