Trending

അപകടം വരുത്തുന്ന ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കും:ജില്ലാ കളക്ടര്‍

കോഴിക്കോട്: ജില്ലയില്‍ നിരന്തരം അപകടങ്ങള്‍ വരുത്തിവെക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് ഇനിമുതല്‍ പുതുക്കി നല്‍കില്ലെന്ന് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോഴിക്കോട്, വടകര റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികളുടെ യോഗത്തിലാണ് ആര്‍ടിഎ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

അപകടമുണ്ടാകുമ്പോള്‍ ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്ന രീതിയാണ് ഇതിവരെ പിന്‍തുടരുന്നത്. എന്നാല്‍, അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബസ് ഉടമകള്‍ക്കെതിരെയും ഇനിമുതല്‍ കര്‍ശ്ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കോഴിക്കോട്, വടകര ആര്‍ടിഎകളുടെ കീഴില്‍ പെര്‍മിറ്റിനായി ലഭിച്ച പുതിയ അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സമിതി അറിയിച്ചു. കോഴിക്കോട് ആര്‍ടിഎയില്‍ പുതിയ പെര്‍മിറ്റിനായി 24-ഉം, പെര്‍മിറ്റ് പുതുക്കാന്‍ 30-ഉം, കൈമാറ്റത്തിനായി 30-ഉം അപേക്ഷകളാണ് ലഭിച്ചത്. വടകര ആര്‍ടിഎയില്‍ പുതിയ പെര്‍മിറ്റിന് 14-ഉം, പെര്‍മിറ്റ് പുതുക്കാന്‍ 18-ഉം, കൈമാറ്റത്തിന് 42-ഉം അപേക്ഷകളും ലഭിച്ചിട്ടുണ്ട്. 

യോഗത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിയുടെ പ്രതിനിധി, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.വി.എം ഷെരീഫ്, കോഴിക്കോട് ആര്‍ടിഒ ജെബി ചെറിയാന്‍, വടകര ആര്‍ടിഒ പി.കെ സജീവ്, സ്വകാര്യ വാഹന ഉടമകള്‍, കെഎസ്ആര്‍ടിസി പ്രതിനിധികള്‍, സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right