Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 18, ശനി 
1201 | കര്‍ക്കടകം 2, പൂരം

◾  വിഴിഞ്ഞം തുറമുഖത്തിലെ സമ്പൂര്‍ണ കയറ്റുമതി- ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 ന് ആരംഭിക്കും. ഇതോടെ ട്രാന്‍ഷിപ്മെന്റ് തുറമുഖത്തില്‍നിന്ന് സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്കുകവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഫ്‌ളാഗ് ഓഫ്  ചെയ്യും. തുടര്‍ന്ന് 'മിഷന്‍ സമുദ്ര' ബിസിനസ് സംഗമവും സംഘടിപ്പിക്കും.

◾  പൗരത്വം തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് സുപ്രീം കോടതി. അതേസമയം പൗരത്വത്തില്‍ സംശയമുള്ളവരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും സുപ്രീം കോടതി.

◾  കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 21 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സിജെപി പ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ചാണ് നടപടി. സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം ജന്തര്‍ മന്ദറില്‍ എത്തിയിരുന്നു.



◾  വിവാദ നിയമനത്തട്ടിപ്പുകളില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ പി എസ് സി കൈമാറി. ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവര്‍, ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.

◾  ചോദ്യ പേപ്പര്‍ മാറി നല്‍കിയതോടെ പിഎസ്സി പരീക്ഷ റദ്ദാക്കി. ആലപ്പുഴയില്‍ ഇന്ന് നടന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പര്‍ രാവിലത്തെ പരീക്ഷക്ക് നല്‍കി. ഇതോടെ ഉച്ചക്കു ശേഷമുള്ള പരീക്ഷ റദ്ദാക്കി.

◾  ജനപ്രതിനിധികള്‍ വിഐപികളെല്ലെന്നും ജനങ്ങളാണ് വിഐപികളെന്നും കരുതിയ ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അദ്ദേഹത്തിനു മുന്നില്‍ വരുന്നവരായിരുന്നു വിഐപികള്‍. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ യോത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി മരണത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റതിനാലാണ് കല്ലറയില്‍ ഇപ്പോഴും തിരക്കെന്നും അദ്ദേഹം പറഞ്ഞു.

◾  കെ എസ് യു പ്രവര്‍ത്തകര്‍ക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടത്. ആദ്യം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.



◾  നെടുമ്പാശ്ശേരിയില്‍ മൂന്നു യാത്രക്കാരുമായി ബൈക്കില്‍ ചുറ്റിക്കറങ്ങിയത് ഫോട്ടോയെടുത്ത പൊലീസുകാരന് മര്‍ദ്ദനം. മുഖ്യമന്ത്രിയുടെ യാത്രാ സുരക്ഷയുടെ ഭാഗമായി ദേശീയപാതയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കപ്രശ്ശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

◾  കേരള വഖഫ് ബോര്‍ഡ് കേസില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് സുപ്രീം കോടതയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡംഗം ഉമര്‍ ഫൈസി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് ഷോണ്‍ ജോര്‍ജ് കോടതിയെ സമീപിച്ചത്.

◾  കെപിസിസിയില്‍ നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ അലോഷ്യസ് സേവ്യറിനെ പേരെടുത്ത് പറഞ്ഞ് സുധീരന്‍ പ്രശംസിച്ചു. ആരുടെ മുന്‍പിലും ആര്‍ജവത്തോട നിലപാട് പറയുന്നതാണ് കെഎസ്യുവിന്റെ പാരമ്പര്യം. താത്ക്കാലികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കെഎസ്യു ധീരമായി മുന്നോട്ട് പോകണമെന്നും വി എം സുധീരന്‍ പറഞ്ഞു.

◾  വര്‍ഷം 2026 ആയിട്ടും ഇപ്പോഴും പവര്‍ കട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ കൈകഴുകുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിര്‍മ്മിതമാണെന്നും ഇത് യുഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

◾  പിണറായി വിജയന്റെ വീടിന് മുന്നില്‍ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് സംബന്ധിച്ച് സുരക്ഷാ കമ്മിറ്റി  പരിശോധിച്ച് തീരുമാനിക്കുമെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

◾  പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

◾  എല്‍ഡിഎഫ് ഭരിക്കുന്ന ഇടുക്കി തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കില്‍ പത്തേമുക്കാല്‍ കോടി രൂപയുടെ തട്ടിപ്പ്. ഇടുക്കി ജോയിന്റ് രജിസ്ട്രാറുടെ പരാതിയില്‍ മുന്‍ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരുമുള്‍പ്പെടെ 13 പേര്‍ക്കെതിരെ മുരിക്കാശ്ശേരി പൊലീസ് കേസെടുത്തു.

◾  കൂടത്തായ് റോയ് വധക്കേസില്‍ വിചാരണ അവസാന ഘട്ടത്തിലേയ്ക്ക്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഹരിദാസനെ വിസ്തരിച്ചതോടെ വിചാരണ പൂര്‍ത്തിയായി. കേസില്‍ 130 ലേറെ സാക്ഷികളെയാണ് വിസ്തരിച്ചത്. ജോളി പ്രതിയായ കേസുകളില്‍ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറില്‍ ജോളി തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

◾  മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ദൂരപരിധി പാലിക്കാതെ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് എക്സൈസ് പൂട്ടിച്ചു. നിയമങ്ങള്‍ ലംഘിച്ചാണ് ഷാപ്പിന് അനുമതി നല്‍കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എക്സൈസ് കമ്മിഷണറാണ് പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്.

◾  എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ കോമ്പൗണ്ടിലെ അമ്മത്തൊട്ടിലില്‍ നവജാതശിശുവിനെ കണ്ടെത്തി. വിദഗ്ധ പരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങള്‍ യാതൊന്നുമില്ലെന്ന് വ്യക്തമായതോടെ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേര്‍ന്ന് ഏറ്റെടുത്തു.

◾  തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാര്‍ തമ്മില്‍ റിസോര്‍ട്ടില്‍ വെച്ച് ഏറ്റുമുട്ടി. ക്രൂരമായ മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇരു ജീവനക്കാരെയും സര്‍വീസില്‍ നിന്നും അടിയന്തരമായി ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു.

◾  രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപിച്ചത്. മിഷന്‍ ആഗമന്‍ എന്നാണ് ഈ ദൗത്യത്തിന് പേര്.

◾  ട്രെയിനുകളിലെ അമിത തിരക്കിനു പരിഹാരം കാണാന്‍ ഇന്ത്യന്‍ റെയില്‍വേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ട്രെയിനുകളുടെ വാതില്‍ക്കല്‍നിന്നു യാത്രചെയ്തു യാത്രക്കാര്‍ താഴെവീണു മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

◾  റെയില്‍വേ 'സെക്കന്‍ഡ് ക്ലാസ് യാത്രക്കാരന്‍' എന്ന പ്രയോഗം നിര്‍ത്തലാക്കണമെന്നു സുപ്രീം കോടതി. ക്ലാസ് വേര്‍തിരിവ് കോച്ചുകള്‍ക്ക് മാത്രമായിരിക്കണം. യാത്രക്കാരെ തരംതിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ സമത്വ സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

◾  ബോളിവുഡ് നടന്‍ ആമിര്‍ ഖാന് വധഭീഷണി മുഴക്കി ലോറന്‍സ് ബിഷ്ണോയ് സംഘം. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരമെന്ന പദവി ഇതിനുപയോഗിച്ചാല്‍ തീര്‍ത്തുകളയുമെന്നും ബിഷ്ണോയ് ഗ്യാങിന്റെ സന്ദേശത്തില്‍ പറയുന്നു.

◾  മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച നര്‍വാര്‍ കോട്ടയില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള വന്‍ പീരങ്കി മോഷ്ടിക്കപ്പെട്ടു. ഏകദേശം 3.5 ടണ്‍ (3500 കിലോ) തൂക്കമുള്ള ഈ പീരങ്കി, അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

◾  പാര്‍ലമെന്റില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ എതിര്‍ക്കുമെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും പ്രതിപക്ഷമായ ഡിഎംകെയും വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമന്ന സൂചനകളാണുള്ളത്.

◾  നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്ധ്രപ്രദേശില്‍ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാലു പേരാണു കൊവിഡ് ബാധിച്ചു മരിച്ചത്.

◾  ബംഗ്ലാദേശ് മുന്‍ പ്രസിഡന്റും ഭരണകക്ഷിയായ ബി.എന്‍.പിയുടെ സ്ഥാപകനുമായ സിയാവുര്‍ റഹ്‌മാനെ വധിച്ച കേസില്‍  മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ 45 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍. മുന്‍ ആര്‍മി മേജറായ മുസാഫര്‍ ഹൊസൈന്‍ (77) ആണ് ധാക്കയിലെ ബനാനി ഡി.ഒ.എച്ച്.എസ് പ്രദേശത്തുനിന്ന് പിടിയിലായത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ പിതാവാണ് കൊല്ലപ്പെട്ട സിയാവുര്‍ റഹ്‌മാന്‍.

◾  ഗള്‍ഫില്‍ യുദ്ധം തുടരുന്നതിനാല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.  കുവൈത്ത് എയര്‍വേസ് സര്‍വീസുകള്‍ പുനഃക്രമീകരിച്ചു.

◾  യുഎസ് -ഇറാന്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ, ദുബായില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.  യുദ്ധസമാനമായ അന്തരീക്ഷം മാസങ്ങള്‍ പിന്നിടുമ്പോള്‍ ദുബായില്‍ പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും, പുതിയ ജോലികള്‍ കണ്ടെത്താന്‍ കഴിയാതാകുകയും ചെയ്യുമെന്ന് 'ദി ന്യൂയോര്‍ക്ക് ടൈംസ്'.

◾  ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 2.30 ന് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ഏറ്റുമുട്ടും. നിലവില്‍ എട്ട് ഗോളുകള്‍ നേടി ലയണല്‍ മെസിക്കൊപ്പം നില്‍ക്കുന്ന ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഈ മത്സരത്തില്‍ എത്ര ഗോളുകള്‍ നേടുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷ.

◾  26-27 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ദ്ധിച്ച് 3.40 ലക്ഷം കോടി രൂപയിലെത്തി. ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തന ലാഭം 10.1 ശതമാനം ഉയര്‍ന്ന് റെക്കോഡ് നേട്ടമായ 54,067 കോടി രൂപയായും, ആവര്‍ത്തിച്ചുള്ള അറ്റാദായം 6.1 ശതമാനം വര്‍ദ്ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 23,196 കോടി രൂപയായും മാറി. ജിയോയില്‍ നിന്നുള്ള വരുമാനം 20 ശതമാനം വര്‍ദ്ധിച്ചു. 285 ദശലക്ഷം 5ജി ഉപഭോക്താക്കള്‍ ഉള്‍പ്പെടെ ആകെ വരിക്കാരുടെ എണ്ണം 533.3 ദശലക്ഷമായി ഉയര്‍ന്നു. റീട്ടെയില്‍ വരുമാനം 90,408 കോടി രൂപയായി വര്‍ദ്ധിച്ചു. ഡിജിറ്റല്‍ കൊമേഴ്‌സ് മേഖലയിലെ കുതിപ്പും 252 പുതിയ സ്റ്റോറുകള്‍ ആരംഭിച്ചതും വിപണിയില്‍ കരുത്തേകി. ഇന്ധന മാര്‍ജിനിലെ വര്‍ദ്ധനവ് മൂലം ഈ വിഭാഗത്തിലെ പ്രവര്‍ത്തന ലാഭം 17.2 ശതമാനം ഉയര്‍ന്ന് നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 17,010 കോടി രൂപയിലെത്തി.

◾  ഓപ്പണ്‍ എ.ഐ, തങ്ങളുടെ ആദ്യ ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളുമായി ഉപഭോക്തൃ വിപണിയിലേക്ക് ചുവടുവെക്കുന്നു. സാധാരണ സ്മാര്‍ട്ട് സ്പീക്കറുകളില്‍ നിന്ന് വ്യത്യസ്തമായി, ഡിസ്പ്ലേയില്ലാത്തതും എന്നാല്‍ ക്യാമറകളും സെന്‍സറുകളും ഉപയോഗിച്ച് ചുറ്റുപാടുകളെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുന്നതുമായ ഒരു പോര്‍ട്ടബിള്‍ എ.ഐ ഉപകരണമാണ് ഓപ്പണ്‍ എ.ഐ വികസിപ്പിക്കുന്നത്. മുന്‍ ആപ്പിള്‍ ഡിസൈനര്‍ ജോണി ഐവുമായി സഹകരിച്ചാണ് കമ്പനി ഈ പുതിയ നീക്കത്തിന് തയാറെടുക്കുന്നത്. മനുഷ്യരുമായി സ്വാഭാവികമായി സംവദിക്കാന്‍ ശേഷിയുള്ള, വീടിനുള്ളില്‍ കൂടെയുള്ള ഒരു വ്യക്തിഗത എ.ഐ സഹായിയെ സൃഷ്ടിക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ പ്രധാന ലക്ഷ്യം. ചാറ്റ്ജിപിടിയുടെ അത്യാധുനിക ലൈവ് വോയിസ് മോഡല്‍ ഉപയോഗിക്കുന്നതിലൂടെ, സംഗീതം പ്ലേ ചെയ്യുകയോ സ്മാര്‍ട്ട് ഉപകരണങ്ങള്‍ നിയന്ത്രിക്കുകയോ ചെയ്യുന്നതിനപ്പുറം, ഉപയോക്താവിന്റെ ശീലങ്ങളും ആവശ്യങ്ങളും മനസിലാക്കി പെരുമാറാന്‍ ഈ ഉപകരണത്തിന് സാധിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ പോര്‍ട്ടബിള്‍ ആയാണ് ഇതിന്റെ രൂപകല്‍പ്പന.

◾  ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയ 'ദ് ഒഡീസി' ചിത്രത്തിന് ഇന്ത്യയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓപ്പണിങ് ഡേയില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 20.76 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു. ഇതില്‍ നികുതി കഴിഞ്ഞ് 17.40 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷന്‍. ഇംഗ്ലീഷ് പതിപ്പില്‍ നിന്ന് മാത്രം 13.75 കോടി രൂപ നെറ്റ് കളക്ഷനായി ലഭിച്ചപ്പോള്‍ ഹിന്ദി പതിപ്പ് 1.90 കോടി രൂപയും തെലുങ്ക് 1.10 കോടി രൂപയും തമിഴ് പതിപ്പ് 65 ലക്ഷം രൂപയും നേടി. ഹോമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോയ് യുദ്ധത്തിന് ശേഷം ഒഡീസിയസ് തന്റെ രാജ്യമായ ഇത്താക്കയിലേക്ക് നടത്തുന്ന പത്ത് വര്‍ഷം നീണ്ട സാഹസികമായ മടക്ക യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മാറ്റ് ഡാമണ്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ആനി ഹാതവേ, ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍ തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

◾  സംവിധായകന്‍ ചിദംബരം ഒരുക്കിയ മലയാളം സൈക്കോളജിക്കല്‍ ഡ്രാമ ത്രില്ലര്‍ ചിത്രം 'ബാലന്‍: ദ് ബോയ്' ഇനി ഒടിടിയില്‍ കാണാം. ചിത്രം ജൂലൈ 31 മുതല്‍ സീ5-ല്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. 'ബാലന്‍: ദ് ബോയ്' തിയറ്ററിലും മികച്ച അഭിപ്രായമാണ് നേടിയത്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണന്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ഫര്‍സാന പാലത്തിങ്കല്‍, ആനന്ദ് ഏകര്‍ഷി, എന്നിവരുള്‍പ്പെടുന്ന വന്‍ താരനിര ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

◾  ജൂലൈ മാസത്തില്‍ ഥാര്‍, ഥാര്‍ റോക്‌സ് മോഡലുകള്‍ക്ക് 1.40 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര. ക്യാഷ് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് ബോണസ്, ആക്‌സസറി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത് ഥാര്‍ റോക്‌സിന്റെ എഎക്സ്7 എല്‍ 4ഡബ്ളിയുഡി ഡീസല്‍ വേരിയന്റിനാണ്. ഈ മോഡലിന് 1.40 ലക്ഷം രൂപ വരെയാണ് മൊത്തം ആനുകൂല്യം. എംഎക്സ്5, എഎക്സ്5 എല്‍, എഎക്സ്7 എല്‍ എന്നീ വേരിയന്റുകള്‍ക്കും 1.20 ലക്ഷം രൂപ വരെ ലാഭിക്കാം. അതേസമയം, എന്‍ട്രി ലെവല്‍ ഡീസല്‍ എംഎക്സ്1, പെട്രോള്‍ എംഎക്സ്3 വേരിയന്റുകള്‍ക്ക് 45,000 രൂപ വരെയാണ് ആനുകൂല്യം. ചില ഡീസല്‍ വേരിയന്റുകളില്‍ 90,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം സ്‌ക്രാപ്പേജ് ബോണസും ആക്‌സസറി ഓഫറുകളും ലഭ്യമാണ്. 3-ഡോര്‍ മഹീന്ദ്ര ഥാറിനും ഓഫറുകളുണ്ട്. നിലവില്‍ മഹീന്ദ്ര ഥാറിന്റെ എക്‌സ്‌ഷോറൂം വില 10.32 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ്. ഥാര്‍ റോക്‌സിന്റെ വില 12.52 ലക്ഷം രൂപ മുതല്‍ 23.53 ലക്ഷം രൂപ വരെയാണ്.

◾  അനീതിക്കെതിരെയുള്ള അമര്‍ഷവും കണ്ണീരൊപ്പുന്നവര്‍ക്കുള്ള കൈയടികളും നല്ലത് ചെയ്യുന്നവര്‍ക്കുള്ള നിരന്തരാനന്ദവും വിട്ടുപോയവര്‍ക്കുള്ള വേദനയൂറുന്ന വിടപറച്ചിലും ആയിത്തീര്‍ന്ന ആനുകാലിക പംക്തിയില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുറിപ്പുകള്‍. വര്‍ത്തമാനകാലത്തിന്റെ നേരും നോവും പ്രതിഫലിപ്പിക്കുന്നു എന്നതിനാലാണ് കേരള നിയമസഭ, സംസ്ഥാന സര്‍ക്കാര്‍, ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ എന്നിവരുടേത് ഉള്‍പ്പെടെയുള്ള പ്രമുഖ അവാര്‍ഡുകള്‍ ഈ പംക്തിയെ തേടിയെത്തിയത്. ഋജുവായ ശൈലിയില്‍ വായനക്കാരുമായി നേരിട്ട് സംവദിക്കുന്ന ഭാഷ. ധിഷണയുടെ പൊട്ടിത്തെറിക്കലുകളും നട്ടെല്ലുയര്‍പ്പിന്റെ ചങ്കൂറ്റവും അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍. 'അതീതം'. എന്‍.ബി സന്തോഷ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 399 രൂപ.

◾  പുതിയ തലമുറയില്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഫിറ്റ്നസ്, ഹൃദയാരോഗ്യം, ശരീരഭാര നിയന്ത്രണം, സോഷ്യല്‍ മീഡിയയിലെ ആരോഗ്യ ട്രെന്‍ഡുകള്‍, ഡോക്ടര്‍മാരുടെയും ഡയറ്റീഷ്യന്‍മാരുടെയും നിര്‍ദേശങ്ങള്‍ എന്നിവയാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങള്‍. പുതുതലമുറ ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നു. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റ് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണരീതിയിലും വ്യത്യാസം വന്നു. ജിമ്മില്‍ പോകുന്നവരും ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരും സാലഡുകള്‍, ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍, പാസ്ത, സാന്‍ഡ്വിച്ച് തുടങ്ങിയവയില്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൂടുതലാണ്. ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് മോശം കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താനും സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വിവിധ ബ്രാന്‍ഡുകള്‍ ലഭ്യമായതിനാല്‍ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമായ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ആണ്. കൂടാതെ പോളിഫിനോളുകള്‍, വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ നിരവധി ജൈവസജീവ ഘടകങ്ങളും ഇതിലുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.29, പൗണ്ട് - 129.95, യൂറോ - 110.12, സ്വിസ് ഫ്രാങ്ക് - 119.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.22, ബഹറിന്‍ ദിനാര്‍ - 255.93, കുവൈത്ത് ദിനാര്‍ -312.22, ഒമാനി റിയാല്‍ - 250.71, സൗദി റിയാല്‍ - 25.76, യു.എ.ഇ ദിര്‍ഹം - 26.28, ഖത്തര്‍ റിയാല്‍ - 26.38, കനേഡിയന്‍ ഡോളര്‍ - 68.68.
Previous Post Next Post
3/TECH/col-right