Trending

വ്യായാമത്തിനൊപ്പം രാസലഹരിയും:ജിംനേഷ്യം നടത്തിപ്പുകാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയില്‍.

കോഴിക്കോട്: കോഴിക്കോട്പ ന്നിയങ്കര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 228.31 ഗ്രാം  എം.ഡി.എം.എ യും, 37.320 ഗ്രാം കഞ്ചാവും, മയക്കുമരുന്ന് വിൽപ്പനയിലൂടെ നേടിയ 41,830/- രൂപയും സഹിതം ജിംനേഷ്യം നടത്തിപ്പുകാരായ ബേപ്പൂർ പൂന്നാർവളപ്പ് കോഴിക്കോടൻ വീട്ടിൽ ജംഷീദ് (40), ബേപ്പൂർ മതിലകത്ത് മസ്കറ്റ് നിവാസിൽ ഇജാസ്. എം.കെ (36), ഫറോക്ക് ചുങ്കം ഹരിത നഗറിൽ താമസിക്കും ബേപ്പൂർ മേലേതൊടി അധികാരി വീട്ടിൽ അർഷാദ് (32) എന്നിവരെയാണ് സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ അബ്ദുൾ കരീം എം.എം ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, പന്നിയങ്കര പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും  ചേർന്ന് പിടികൂടിയത്.

ശനിയാഴ്ച പുലർച്ചെ പന്നിയങ്കര പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്നിയങ്കര പോലീസും, ഡാൻസാഫ് സംഘവും പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ പരിശോധനക്കായി എത്തുകയായിരുന്നു. പോലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ച പ്രതികളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ് പ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികളായ മൂന്ന് പേരെയും പരിശോധിച്ചതിൽ നിന്നും മൂന്ന് പേരുടെയും പാന്റിന്റെ പോക്കറ്റിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുക്കുകയും, ജംഷീദിന്റെ പോക്കറ്റിൽ നിന്നും 41,830/- രൂപയും, 37.320 ഗ്രാം കഞ്ചാവും കൂടി കണ്ടെടുക്കുകയായിരുന്നു. 

ജിമ്മിൽ നടത്തിയ പരിശോധനയിൽ നിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബ്, T മാതൃകയിലുളള ഗ്ലാസ് പൈപ്പ്, ഗ്യാസ് ലൈറ്റർ,  പേപ്പർ കുഴൽ, പ്ലാസ്റ്റിക്ക് കുഴൽ എന്നിവയും, മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന മെഷീൻ എന്നിവയും പോലീസ് കണ്ടെടുത്തു. 

ഏറെക്കാലമായി പയ്യാനക്കലിൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ഇരുനൂറിലേറെ പേർ ഓരോ ദിവസവും അതിരാവിലെ മുതൽ രാത്രി വരെ വ്യായാമം ചെയ്യാൻ എത്തുന്നുണ്ട്. ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ഡാൻസാഫ് സംഘത്തിന് നേരത്ത വിവരം ലഭിച്ചിരുന്നു. 

ഇതിനെ തുടർന്ന് ഈ ഭാഗത്ത് പന്നിയങ്കര പോലീസും, ഡാൻസാഫും ചേർന്ന് നീരീക്ഷണം ശക്തമാക്കുകയും, ഇതിനിടെ വിൽപ്പനയ്ക്കായുള്ള മയക്കുമരുന്ന് ജിമ്മിൽ എത്തിയിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.  

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് എം.ഡി.എം.എ യും, ഒറീസയിൽ നിന്നും ഇടനിലക്കാർ മുഖേന എത്തിക്കുന്ന കഞ്ചാവും പ്രതികൾ ഒത്തുചേർന്ന് ജീം തുടങ്ങുന്നതിന് മുൻപ് അതിരാവിലെ ചെറുപേക്കറ്റുകളിലാക്കി ജിമ്മിൽ വ്യായാമത്തിനായി വരുന്ന ആവശ്യക്കാരായ വിദ്യാർത്ഥികൾക്കും, യുവതീയുവാക്കൾക്കും, കൂടാതെ ജിമ്മിന്റെ മറവിൽ ബേപ്പൂർ, പയ്യാനക്കൽ, കല്ലായി, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങലിലെ യുവാക്കൾക്കും മൊത്തമായും ചില്ലറയായും വിൽപ്പന നടത്തിവരികയായിരുന്നു. 

പ്രതികൾ മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിയ്ക്കുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനും, ആർഭാട ജീവിതത്തിനുമായാണ് ഉപയോഗിച്ചിരുന്നതെന്നും, പ്രതികളുടെ ഫോണുകളും, ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും, ഇവർ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും, ജംഷീദിന് പന്നിയങ്കര പോലീസ് സ്റ്റേഷനില്‍  2025 ജൂലൈ മാസം  കണ്ണഞ്ചേരി ജംഗ്ഷനു സമീപം വെച്ച് മൂന്ന് കത്തികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ്സ് പൈപ്പുകളും, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്സ് എന്നിവയുമായി കാറില്‍ വെച്ച്പിടിയിലായതിനും, തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ തോൽപ്പെട്ടി -കാട്ടിക്കുളം  റോഡിൽ വെച്ച് ബസ്സ് തടഞ്ഞ് നിർത്തി 1 കോടി 40ലക്ഷ രൂപ, കവര്‍ച്ച നടത്തിയതിനും, അര്‍ഷാദിന് ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ പിടിയിലായതിനും, നല്ലളം  പോലീസ് സ്റ്റേഷനില്‍ ചെറുവണ്ണൂർ മധുരബസാറില്‍ വെച്ച് വില്‍പ്പനക്കായി സൂക്ഷിച്ച 50.450 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായതിനും മറ്റുമായി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. 

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രാത്രികാലങ്ങളിൽ സിറ്റിയിൽ  ഡെൻസാഫ് ശക്തമായ നിരീക്ഷണം നടത്തിവരുകയാണെന്ന്  അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ കരീം അറിയിച്ചു. പന്നിയങ്കര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അബ്ദുൾ മുനീർ. ഇ, നിജ, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർ സുനിൽ കുമാർ, ഷിജു, സിവിൽ പോലീസ് ഓഫീസർ ബിനീഷ്, ഹോംഗാർഡ് വിജീഷ്, ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിപിഒ മാരായ സുനോജ്, ശ്രീശാന്ത്, അഭിജിത്ത്, അതുൽ, സരുൺ, തൌഫീക്ക്, മുഹമ്മദ് മഷ്ഹൂർ, ദിനീഷ്, ലതീഷ്,എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Previous Post Next Post
3/TECH/col-right