2026 | ജൂലൈ 13, തിങ്കള്‍
1201 | മിഥുനം 29, തിരുവാതിര
◾ ഇറാനില്‍ വീണ്ടും അമേരിക്കയുടെ ബോംബാക്രമണം. ബന്ദന്‍ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗാനിലെ ആക്രമണത്തില്‍ ഒരു ടെലികോം ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഇറാനിലേക്ക് ആദ്യമായി അമേരിക്ക കടലിലും കരയിലും സൂയിസൈഡ് ഡ്രോണുകള്‍ പ്രയോഗിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യു.എസ്. ഇതേസമയം, ജോര്‍ദാനിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. തങ്ങളുടെ അനുമതിയില്ലാതെ ഹോര്‍മൂസില്‍ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി.
◾ പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, റഷ്യ തങ്ങളുടെ അത്യാധുനികമായ 'ഡൂംസ്‌ഡേ' വിമാനം ഇറാനിലേക്ക് അയച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും സങ്കീര്‍ണമായ പശ്ചാത്തലത്തിലാണ് റഷ്യയുടെ നേരിട്ടുള്ള ഇടപെടല്‍.
◾ നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷ 15 നു വിധിക്കും. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ ആദ്യം ഒന്നും പറയാനില്ലെന്ന് അറിയിച്ച ചെന്താമര പിന്നീട്, 'തൂക്കിലേറ്റിക്കോളൂ' എന്നും 'മറ്റുള്ളവരെയും കൊല്ലു'മെന്നും ഭീഷണി മുഴക്കി. 'താന്‍ ഗാന്ധിജി അല്ലെന്നും എഴുതാന്‍ പറ്റുന്നത് എഴുതിക്കോ' എന്നും ചെന്താമര പറഞ്ഞു. 2025 ജനുവരി 27 ലാണ് ചെന്താമര അയല്‍വാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
◾ ഹൈക്കോടതി മേല്‍നോട്ടം വഹിക്കുന്ന ശബരിമല കൊള്ളക്കേസിന്റെ അന്വേഷണം സ്തംഭിച്ചെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. സര്‍ക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. താഴ്മണ്‍ തന്ത്രി സംശയത്തിന്റെ നിഴലിലാണ്. തന്ത്രി നിയമനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. അതു ചെയ്യാതെ ദേവസ്വം ബോര്‍ഡ് വിഷയം കോടതിക്ക് വിട്ടതു ശരിയായ നടപടിയല്ലെന്നും മന്ത്രി വിമര്‍ശിച്ചു.
◾ കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തിയ 'ബ്രേക്ക് ദി ചെയിന്‍' പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേടും ഗുരുതര വീഴ്ചകളും കണ്ടെത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. 4.89 കോടി രൂപയാണ് പദ്ധതിക്കായി ചെലവായത്.
◾ തനിക്കെതിരെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍നായര്‍. മന്നം സമാധിയില്‍ ഇന്നയാള്‍ വരണം ഇന്നയാള്‍ വരണ്ട എന്ന് ഒരാള്‍ തീരുമാനിക്കുമെന്ന ചിന്ത വേണ്ടെന്നായിരുന്നു ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ വിമര്‍ശനം. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനവേദിയില്‍ നടത്തിയ പ്രസ്താവനകളാണ് ഇങ്ങനെ വിവാദമായത്.
◾ ബിജെപി കൗണ്‍സിലര്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കോര്‍പ്പറേഷനില്‍ ഭരണം നഷ്ടപ്പെടുമോ എന്നു ഹൈക്കോടതി. സുഗതനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന കാര്യം അംഗീകരിക്കണം. തെരഞ്ഞെടുപ്പിനു മുന്‍പേ ഉള്‍പ്പെട്ട കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.
◾ കാപ്പാ തടവുകാരനായി ജയില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍. കാപ്പാ തടവില്‍ നിന്ന് ഇടക്കാലമോചനം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണു പരിപാടി.
◾ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ച 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനല്‍ പോലീസ് പൂട്ടിച്ചു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് ഐടി നിയമപ്രകാരം കേസെടുത്ത് ചാനല്‍ പൂട്ടിക്കാന്‍ നിര്‍ദേശം നല്‍കിയത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറില്‍ പറയുന്നു.
◾ വയനാട്ടില്‍ സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ഒരു രൂപയില്‍നിന്ന് മൂന്നു രൂപയായി വര്‍ധിപ്പിച്ചതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കല്പറ്റ ആര്‍ടിഒ ഓഫീസില്‍ ഉപരോധ സമരം. അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ സമരം.
◾ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം നേതാക്കള്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് പരാതി നല്‍കി. പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു നിയമനം. കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ ഒരിക്കലും അംഗമാകാത്ത രാഗേഷിനെ നിയമിച്ചത് ചട്ട വിരുദ്ധമെന്ന് പരാതിയില്‍ പറയുന്നു.
◾ അറസ്റ്റിലായ യൂട്യൂബര്‍ രാജന്‍ ജോസഫിനെ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും പരിക്കേറ്റു. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്ക് എതിരെ അടൂര്‍ പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ഥലത്തുണ്ടായിരുന്നത്.
◾ ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടില്ലെന്നും എയര്‍സ്ട്രിപ്പ് നിര്‍മ്മാണം മാത്രമാണ് ലക്ഷ്യമെന്നും ഭൂഉടമ എബ്രഹാം കലമണ്ണില്‍. തന്റെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി ഒരു എയര്‍സ്ട്രിപ്പ് നിര്‍മിക്കാന്‍ സര്‍വേ നടത്തിയതിന് എന്തെല്ലാം കോലാഹലമാണെന്നും അദ്ദേഹം ചോദിച്ചു.
◾ സിപിഎം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും ജി. സുധാകരന്‍ എംഎല്‍എ. എന്തിനാണ് തന്റെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാര്‍ അറിഞ്ഞിട്ടില്ലെന്നും സുധാകരന്‍ പരിഹസിച്ചു.
◾ തൃശ്ശൂര്‍ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. പ്രവാസിയായ സിബിയാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ശേഷം ജീവനൊടുക്കിയത്. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവര്‍ മരിച്ചു. ഭാര്യ ബീന (40), മകന്‍ ആദിത്യന്‍ (17) എന്നിവര്‍ ചികിത്സയിലാണ്.
◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ അധ്യാപകന്‍ ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ ഇങ്ങനെ ആണോ പ്രവര്‍ത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.
◾ നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഡിജിപി ഇന്ന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചേക്കും. ഇക്കാര്യത്തില്‍ നിയമോപദേശവും എം ആര്‍ അജിത് കുമാറിന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
◾ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
◾ പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന് ചര്‍ച്ചക്കെടുക്കും. അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നിലപാട് നിര്‍ണായകമാകും. ഭരണസമിതിയോട് ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടരുകയാണ്.
◾ മലയാള സിനിമയില്‍ പോലീസ് സിനിമകളിലൂടെ ശ്രദ്ധേയനായ സി രാജശേഖരന്‍ നായര്‍ അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ജോഷിയുടെയും തമ്പി കണ്ണന്താനത്തിന്റെയും സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.
◾ മലപ്പുറത്ത് വില്‍പനക്കായി കൈവശം സൂക്ഷിച്ച എംഡിഎംഎയുമായി ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ്, സുഹൃത്തും അയല്‍വാസിയുമായ ഇല്ലിക്കല്‍ ഷിഹാദ് എന്നിവരെയാണ് 2.55 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
◾ തൃശൂര്‍ തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഉദുവാം പെട്ടി മെയിന്‍ റോഡ് ഷണ്‍മുഖത്തിന്റെ മകന്‍ തമിളകന്‍ (27) ആണ് മരിച്ചത്. കോയമ്പത്തൂരില്‍നിന്ന് ബൈക്കുകളിലായെത്തിയ പതിമൂന്നംഗ സംഘത്തിലെ ഒരാളാണ് തമിളകന്‍.
◾ പൗരത്വം നിര്‍ണയിക്കാനുള്ള നടപടികള്‍ നീതിപൂര്‍വമാകണമെന്ന് സുപ്രീംകോടതി. ആസാമില്‍ 27 പേര്‍ വിദേശകളാണെന്ന് നിര്‍ണയിച്ച ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ആവശ്യമായ രേഖകള്‍ ഹാജരാകാന്‍ കഴിയാത്തവരെയാണ് ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് ആസാമിലെ ഫോറിനേഴ്സ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. ഗോഹട്ടി ഹൈക്കോടതിയും ട്രൈബ്യൂണല്‍ വിധി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ വന്നത്.
◾ തമിഴ്‌നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളേയോ അറക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
◾ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം തുറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും അശ്വിനി വൈഷ്ണവ് അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിലെ പുതിയ മാനദണ്ഡങ്ങള്‍ കാരണം പദ്ധതിയുടെ ആകെ ചെലവില്‍ 40,000 കോടി രൂപയുടെ അധികബാധ്യത വന്നേക്കാമെന്നു റിപ്പോര്‍ട്ടുണ്ട്.
◾ ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ ക്ഷേത്രം ജീവനക്കാരന്‍ അറസ്റ്റില്‍. ജീവനക്കാരനായ പ്രമോദ് നൗത്യാല്‍ ആണ് അറസ്റ്റിലായത്.
◾ മതാചാരങ്ങളുടെ പേരില്‍ നദികള്‍ മലിനമാക്കാന്‍ പാടില്ലെന്നു മദ്രാസ് ഹൈക്കോടതി. ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൊതുജനരോഗ്യവുമായി ബന്ധപ്പെട്ടു കൂടിയാണെന്ന് കോടതി. ഭക്തര്‍ക്ക് ആത്മീയനേട്ടത്തിനായി ചെയുന്ന കാര്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരം ആകരുത്. താമിരഭരണി നദിയില്‍ ഭക്തര്‍ വസ്ത്രങ്ങളും ചെരുപ്പുകളും മറ്റും ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് പരാമര്‍ശം.
◾ ഹൈദരാബാദില്‍ യാത്രക്കൂലി നല്‍കാതെ മുങ്ങിയ യാത്രക്കാരിയെ പിന്തുടര്‍ന്ന റാപ്പിഡോ ഡ്രൈവര്‍ക്ക് നേരെ ഭീഷണിയുമായി യുവതി. പണം ചോദിച്ചാല്‍ വ്യാജ പീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഡ്രൈവര്‍ തന്നെ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
◾ രാജസ്ഥാനിലെ അജ്മീറില്‍ 13 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 500 രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇതിന് സമാനമായ മറ്റൊരു സംഭവത്തില്‍, ഗുവാഹത്തിയില്‍ നിന്ന് 13.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അഞ്ചുപേരും പിടിയിലായി.
◾ രാഹുല്‍ ഗാന്ധി എവിടെയാണെന്നും ആരുടെ കൂടെയാണെന്നും ചോദ്യം ചെയ്ത് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ. വയനാട് മണ്ണിടിച്ചില്‍ നടന്നിട്ടും ദുരിതബാധിതരെ സന്ദര്‍ശിക്കാത്തതിനെയും 20 ദിവസമായി ഇന്ത്യയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
◾ ആഭരണക്കടയില്‍ നിന്ന് ലഭിച്ച ആസിഡ് കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ ഹാപുരിലെ അര്‍ജുന്‍ നഗറിലാണു സംഭവം. കുടിവെള്ളമാണെന്ന് കരുതി കടയില്‍നിന്ന് നല്‍കിയത് ആസിഡായിരുന്നു.
◾ ഗഗന്‍യാന്‍ ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം തന്നെ നടത്താന്‍ കഠിന പരിശ്രമത്തില്‍ ഐ എസ് ആര്‍ ഒ. മൂന്ന് നിര്‍ണായക യോഗ്യതാ പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. ഇതിന്റെ ഭാഗമായി ക്രൂ മൊഡ്യൂളിന്റെ സുരക്ഷ ഉറപ്പാക്കുന്ന മൂന്ന് നിര്‍ണായക യോഗ്യതാ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
◾ ഒറ്റയടിക്ക് 82 കാരന്റെ അക്കൌണ്ടിലേക്ക് എത്തിയത് 759 കോടി രൂപ. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. വാര്‍ധക്യ പെന്‍ഷന്‍ എടുക്കാനെത്തിയ കാമേശ്വര്‍ മിശ്ര അക്കൗണ്ടിലെ ബാലന്‍സ് കണ്ട് അമ്പരന്നു. മകന്റെ അക്കൗണ്ടിലേക്കും വന്‍ തുക വന്നിട്ടുണ്ട്. ബാങ്കിനുണ്ടായ സാങ്കേതിക പിഴവാണ് കാരണമെന്നാണു വിവരം.
◾ തായ്ലന്‍ഡിലെ വടക്കന്‍ ബാങ്കോക്കിലെ പബ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയില്‍ പാര്‍ട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരുടെ മൃതദേഹങ്ങള്‍ ശുചിമുറികളില്‍ നിന്നാണ് കണ്ടെത്തിയത്.
◾ വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപില്‍ ഉണ്ടായ ബോട്ടപകടത്തില്‍ ബോട്ടിന്റെ ക്യാപ്റ്റന്‍ അറസ്റ്റില്‍. ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ രണ്ടു മലയാളികളടക്കം 15 ഇന്ത്യക്കാരാണ് മരിച്ചത്. പരിക്കേറ്റ ഒരു ഇന്ത്യക്കാരന്റെ നില ഗുരുതരമാണ്.
◾ അമേരിക്കയിലെ അവസാന പോളിയോ ബാധിത മാര്‍ത്ത ലിലാര്‍ഡ് മരിച്ചു. അമേരിക്കയിലെ ഓക്കലഹോമയില്‍ 78ാം വയസിലാണ് അന്ത്യം. അഞ്ചാം വയസിലാണ് മാര്‍ത്ത പോളിയോ ബാധിതയാവുന്നത്. 20 വയസില്‍ കൂടുതല്‍ ആയുസില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ മാര്‍ത്ത ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച ശ്വാസകോശത്തിന്റെ സഹായത്തോടെ 73 വര്‍ഷമാണ് ജീവിച്ചത്.
◾ ലോകകപ്പ് 2030 ലെ നൂറാം വാര്‍ഷിക പതിപ്പില്‍ ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ആദ്യമായി 48 ടീമുകളെ ഉള്‍പ്പെടുത്തി അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളിലായി നടത്തിയ ലോകകപ്പ് വന്‍ വിജയമാണെന്ന് അദ്ദേഹം വിലയിരുത്തി.
◾ അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന അര്‍ജന്റീന-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് മുന്‍പ്, ലിയോണല്‍ മെസിക്കും സംഘത്തിനും മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് വിംഗര്‍ ജോ കോള്‍. തോമസ് ടുഹേലിന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലീഷ് പട അര്‍ജന്റീനയെ വീഴ്ത്തുമെന്നും മെസിയുടെ കളി അവസാനിപ്പിക്കുമെന്നുമാണ് കോളിന്റെ വെല്ലുവിളി.
◾ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മെക്കല്ലത്തെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു
◾ അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്കാണ് കുതിക്കുന്നത്. ഇന്നുമാത്രം 4.28 ശതമാനമാണ് വര്‍ധന. അമേരിക്കയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. എണ്ണവില വര്‍ധന ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ കാരണമാകും. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടത്തോടെ 95.77ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയും നഷ്ടത്തിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
◾ എഐ അധിഷ്ഠിത ജോലികള്‍ വര്‍ധിപ്പിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാന കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3,343 ജീവനക്കാരുടെ കുറവാണ് ബാങ്കില്‍ രേഖപ്പെടുത്തിയത്. നിലവില്‍ ബാങ്കിന്റെ ആകെ ജീവനക്കാരുടെ എണ്ണം 211,178 ആണ്. മുന്‍വര്‍ഷം ഇത് 214,521 ആയിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരെ കുറയ്ക്കുന്നത്. ദൈനംദിന ഓപ്പറേഷന്‍സ് ജോലികള്‍ വന്‍തോതില്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കും ഓട്ടോമേഷനിലേക്കും മാറ്റുന്നതിന്റെ ഭാഗമായാണ് ഈ ചുരുക്കല്‍. ജീവനക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും ബിസിനസ് വളര്‍ച്ചയെ അത് ബാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം 10.9% വര്‍ധിച്ച് 74,671.3 കോടി രൂപയായി ഉയര്‍ന്നു.
◾ വിഷ്ണു വിശാല്‍ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' യിലെ സംഭവക്കാരി വീഡിയോ ഗാനം പുറത്ത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടുന്നത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് ഷോണ്‍ റോള്‍ഡനും സൈന്ദവിയും ചേര്‍ന്നാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് സംഗീതം. പകര്‍ന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി ടീമിന്റെ രസകരമായ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇരുവരുടെയും പ്രണയ നിമിഷങ്ങളും ഉള്‍പ്പെടുത്തിയ ഗാനം നേരത്തെ തന്നെ ട്രെന്‍ഡിങ് ആയി മാറിയിരുന്നു. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
◾ ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'ഓട്ടംതുള്ളല്‍' ജൂലായ് 24 മുതല്‍. 'ചിരിയുടെ മീറ്റര്‍ ഫുള്‍ സ്പീഡില്‍ ഓടാന്‍ തുടങ്ങുന്നു' എന്ന ടാഗ് ലൈനോടെ പുതിയ പോസ്റ്റര്‍ എത്തി. വിജയരാഘവന്റെ വ്യത്യസ്ഥമായ ക്ലോസപ്പ് ലുക്കും അതിനു താഴെയായി ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുമായിട്ടാണ് പുതിയ പോസ്റ്റര്‍. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്നതാണ് കഥ. വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഹരിശ്രീ അശോകന്‍, മനോജ് കെ.യു, ബിനു ശിവറാം, ജിയോ ബേബി, പ്രിയനന്ദന്‍, പൗളി വത്സന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ഇതിലുണ്ട്. ബിബിന്‍ ജോര്‍ജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശി റാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവര്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. രാഹുല്‍ രാജിന്റേതാണ് സംഗീതം.
◾ നായകള്‍ക്ക് വേണ്ട ആഡംബര സൗകര്യങ്ങളുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പ്യൂഷോയുടെ പ്യൂഷോ ഇ-5008 ഡോഗ് എഡിഷന്‍ എത്തി. നായകളുടെ കാഴ്ച്ചക്ക് അനുയോജ്യമായ നിറങ്ങളാണ് വാഹനത്തിലുള്ളത്. മറ്റൊരു ഫീച്ചറായ മോഡുലാര്‍ മാട്രസിന് നായകളുടെ രോമം പടരാതെ സൂക്ഷിക്കാനാവും. ഭക്ഷണം നല്‍കാനുള്ള ബൗളുകള്‍, ബാഗുകള്‍, ഒരു കണക്റ്റഡ് ഹാര്‍നെസ്, കളിക്കാന്‍ ഒരു ഡോഗ് ടോയ് എന്നിവയുമുണ്ട്. പെറ്റ് ഡ്രെയറും വാഹനത്തിലുണ്ട്. നായകളെ നടത്താനാവുന്ന പ്രദേശങ്ങള്‍ക്കടുത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകളാണ് ഇത് നിര്‍ദേശിക്കുക. ഡോഗ് റിട്രീവറാണ് മറ്റൊരു അപൂര്‍വ്വ ഫീച്ചര്‍. യാത്രക്കിടെ എവിടെയെങ്കിലും വെച്ച് നായ വഴിതെറ്റിപ്പോയാലും കാറില്‍ നിന്നും ഉയരുന്ന പ്രത്യേക ശബ്ദം നായയെ തിരികെ വാഹനത്തിലേക്ക് ആകര്‍ഷിക്കും. ഉടമസ്ഥന്‍ കാറിന് പുറത്താണെങ്കിലും ഡോഗ് ഗാര്‍ഡിയന്‍ മോഡ് ഓണാക്കിയാല്‍ നായയ്ക്ക് സുഖകരമായ അന്തരീക്ഷം ഇത് നല്‍കും. മൊബൈല്‍ ആപ്പ് വഴി ഉടമസ്ഥര്‍ക്ക് കാറിനകത്തെ നായയുടെ ദൃശ്യങ്ങളും തല്‍സമയം നിരീക്ഷിക്കാനുമാവും.
◾ ലോകത്തെ മുഴുവന്‍ ഇരുട്ട് വിചാരിച്ചാലും ഞാന്‍ തെളിയിച്ച ഈ തിരിയുടെ നുറുങ്ങ് വെട്ടത്തെ കെടുത്തുവാനാവില്ലെന്ന ഉറച്ച വിശ്വാസത്തില്‍ അതാ ആ കാണുന്ന ഇലകള്‍ക്കിടയില്‍ അണയാന്‍ തുടങ്ങുന്ന വെള്ളിവെളിച്ചത്തിന് പകരമായ് ഇതാ ഇവിടെയീ അമ്പലത്തറയില്‍ ഒരു ചെറു തിരിനാളം ഞാന്‍ കൊളുത്തിവെയ്ക്കട്ടെ.. 'തമസ്സേ നീ തിരിച്ചു പോവുക ഇവിടെ ഞാനുമീ തിരിനാളവും നിറഞ്ഞ് നില്‍ക്കട്ടെ പ്രകാശം പരത്തട്ടെ'.. 'റിട്ടേണ്‍ ടിക്കറ്റ്'. നന്ദകുമാര്‍ സി. പാല്‍ ബുക്സ്. വില 230 രൂപ.
◾ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയാഘാതം മുതല്‍ ഹൃദയസ്തംഭനം വരെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. വീട്ടിലിരുന്ന് കൊണ്ട് വെറും രണ്ട് മിനിറ്റിനുള്ളില്‍ രക്തസമ്മര്‍ദം സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ലളിതമായ ശ്വസന വ്യായാമം പരിചയപ്പെടുത്തുകയാണ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ.സഞ്ജയ് ഭോജ്രാജ്. മൂക്കിലൂടെ നാല് സെക്കന്‍ഡ് നേരം ശ്വാസം അകത്തേക്ക് എടുക്കുക. തുടര്‍ന്ന് ആറ് മുതല്‍ എട്ട് സെക്കന്‍ഡ് വരെ സമയമെടുത്ത് ശ്വാസം പൂര്‍ണമായും പുറത്തേക്ക് വിടുക. ഈ രീതി തുടര്‍ച്ചയായി രണ്ട് മിനിറ്റ് നേരം ആവര്‍ത്തിക്കുക. ശ്വാസം അകത്തേക്ക് എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം എടുത്ത് പുറത്തേക്ക് വിടുമ്പോള്‍, അത് ശരീരത്തെ ശാന്തമാക്കുന്ന പ്രതികരണങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളിലെ പ്രതിരോധം കുറയ്ക്കുകയും മിനിറ്റുകള്‍ക്കകം സിസ്റ്റോളിക് പ്രഷര്‍ താഴാന്‍ സഹായിക്കുകയും ചെയ്യും. തുടര്‍ച്ചയായി ഈ ശ്വസന വ്യായാമം ശീലിക്കുന്നത് സിസ്റ്റോളിക് പ്രഷര്‍ 5 മുതല്‍ 10 mmHg വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിവിധ ക്ലിനിക്കല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉപ്പിന്റെ ഉപയോഗം മാത്രമല്ല, നമ്മുടെ നാഡീവ്യൂഹവുമായും മാനസികാവസ്ഥയുമായും ഇതിന് വലിയ ബന്ധമുണ്ട്. അമിതമായ മാനസിക സമ്മര്‍ദം, ഇന്‍സുലിന്‍ പ്രതിരോധം, കൃത്യമല്ലാത്ത ഉറക്കം, ശരീരത്തിലെ ആന്തരിക കൊഴുപ്പ് എന്നിവയെല്ലാം രക്തസമ്മര്‍ദം ഉയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.70, പൗണ്ട് - 128.17, യൂറോ - 109.36, സ്വിസ് ഫ്രാങ്ക് - 118.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.41, ബഹറിന്‍ ദിനാര്‍ - 253.17, കുവൈത്ത് ദിനാര്‍ -308.92, ഒമാനി റിയാല്‍ - 248.86, സൗദി റിയാല്‍ - 25.45, യു.എ.ഇ ദിര്‍ഹം - 26.07, ഖത്തര്‍ റിയാല്‍ - 26.16, കനേഡിയന്‍ ഡോളര്‍ - 67.66.
Tags:
KERALA