Trending

പ്രഭാത വാർത്തകൾ

2026  ജൂലൈ 11, ശനി 
1201  മിഥുനം 27, കാര്‍ത്തിക
1448  മുഹർറം 25

◾  ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ സ്‌പെയിന്‍ - ഫ്രാന്‍സ് പോരാട്ടം. ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ സെമിയിലെത്തിയത്. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. ബെല്‍ജിയത്തിന്റെ ഏക ഗോള്‍ ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു. 30 ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്‌പെയിന്‍ ലീഡ് നേടിയത്. ഡാനി ഓള്‍മോയുടെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ തടുത്തെങ്കിലും, തെറിച്ചുവീണ പന്ത് ഫാബിയന്‍ റൂയിസ് മനോഹരമായി വലയിലെത്തിച്ചു. 40 ാം മിനിറ്റില്‍ ടിമോത്തി കാസ്റ്റഗ്‌നെയുടെ ക്രോസിന് തലവച്ചുകൊണ്ട് ചാള്‍സ് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിനായി സമനില ഗോള്‍ നേടി. കളിയുടെ 88-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് പാവ് കുബാര്‍സി തൊടുത്ത ലോംഗ് ഷോട്ട് തടയുന്നതില്‍ ബെല്‍ജിയത്തിന്റെ പകരക്കാരന്‍ ഗോള്‍കീപ്പര്‍ സെന്നെ ലാമെന്‍സിന് പിഴച്ചു. ലാമെന്‍സിന്റെ കൈകളില്‍ നിന്ന് വഴുതിമാറിയ പന്ത് ഓടിയെത്തിയ മൈക്കല്‍ മെറീനോ വലയിലാക്കി. പകരക്കാരനായെത്തി രണ്ടു മിനിറ്റ് തികയും മുന്‍പേയാണ് മെറീനോ സ്‌പെയിനിനായി ഈ ഗോള്‍ സ്വന്തമാക്കിയത്.

◾  2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കാന്‍ സാധിച്ചേക്കുമെന്ന് പാര്‍ലമെന്ററി സംയുക്ത സമിതി അധ്യക്ഷനും ബിജെപി എംപിയുമായ പി പി ചൗധരി. വിവിധ സംസ്ഥാനങ്ങളില്‍ സമിതി സന്ദര്‍ശനം നടത്തി. 99 ശതമാനം ആളുകളും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ പിന്തുണച്ചെന്ന് സമിതി വിലയിരുത്തി. അടിക്കടിയുള്ള തെരഞ്ഞെടുപ്പുകള്‍ കാരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

◾  സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ പണമില്ലാതെ പ്രതിസന്ധിയില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം ഗഡു 2,651 കോടി രൂപ മാര്‍ച്ച് 31 നു മുമ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭിക്കേണ്ടതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അതു നല്‍കിയില്ല. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡു മൂവായിരം കോടി രൂപ ജൂണ്‍ 30 നു മുമ്പ് നല്‍കേണ്ടതായിരുന്നു. രണ്ടുംകൂടി 5,651 കോടി രൂപയാണു തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭിക്കാനുള്ള കുടിശിക.


◾  ശബരിമലയില്‍ അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ശബരിമലയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. സന്നിധാനത്തെ 690 മുറികളില്‍  550 മുറികള്‍ തീര്‍ത്ഥാടകര്‍ക്കായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. 190 എണ്ണം മാത്രമാണ് ഓണ്‍ലൈന്‍ വഴി നല്‍കിയിരുന്നത്.  ശബരി ഗസ്റ്റ് ഹൗസില്‍ നിലവിലുള്ള 56 മുറികള്‍ക്കു പുറമെ 60 മുറികള്‍ കൂടി നിര്‍മ്മിക്കും. ജയകുമാര്‍ പറഞ്ഞു.

◾  യുഡിഎഫ് സര്‍ക്കാര്‍ വരുന്നതിനു മുമ്പുതന്നെ അദാനി എംഎസ് സി ഓഹരി കൈമാറ്റ നീക്കം തുടങ്ങിയിരുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനു നല്‍കിയ മറുപടിക്കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റത്തിനു ശ്രമിച്ചതില്‍ അദാനിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ജൂണ്‍ 5 ലെ ദേശാഭിമാനി വാര്‍ത്തയും എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തെ നീക്കങ്ങള്‍ പിണറായി അറിയാതെ നടക്കില്ലെന്നും അതേക്കുറിച്ചു വെളിപ്പെടുത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ എന്തു തെറ്റാണ് ചെയ്തതെന്ന് വിശദീകരിക്കണമെന്നും സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

◾  മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേര്‍ന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തില്‍ ആരംഭിക്കുക. ഏകോപിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എസ്പി റാങ്കില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

◾  വയനാട് കള്ളാടി തുരങ്ക പാതയുടെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഏതു വിധത്തില്‍ നീക്കം ചെയ്യണമെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി തമ്പി, പരിസ്ഥിതി ഡയറക്ടറേറ്റ് എഞ്ചിനീയര്‍ ഡോ. ജൂഡ്, എന്‍സിഇഎസ്എസ് പ്രതിനിധി എന്നിവരാണ് സമിതി അംഗങ്ങള്‍. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാന്‍ ധാരണയായത്.

◾  സത്യപ്രതിജ്ഞ ചെയ്യാന്‍ ജയിലില്‍ നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ഹൈക്കോടതിയില്‍.  ഈ മാസം 14 നാണ് സത്യപ്രതിജ്ഞ. ജയിലില്‍ സത്യപ്രതിജ്ഞ നടത്താമോയെന്നു സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.


◾  തിരുവനന്തപുരം ലോ കോളജില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയതില്‍ പരസ്യ വിമര്‍ശനവുമായി കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ലോ കോളേജില്‍ കെ എസ് യു പ്രവര്‍ത്തകരെ നിരന്തരം മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകയെ ഗവണ്‍മെന്റ് പ്ലീഡറാക്കിയത് അംഗീകരിക്കാനാവില്ലെന്ന് അലോഷ്യസ് പറഞ്ഞു.

◾  നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ ജോലിയില്‍ നിന്ന് മാറ്റി നിറുത്താന്‍ തിരുമാനിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. നെഞ്ചുവേദനയെന്നു പറഞ്ഞിട്ടും ഡോക്ടറെ കാണാന്‍ കടത്തിവിടാതെ ക്യൂ നില്‍ക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നിര്‍ബന്ധിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു മുരളീധരന്‍ വ്യക്തമാക്കി.

◾  മലപ്പുറത്ത് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കയ്യിന്റെ എല്ലുപൊട്ടി. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍ എംഎസ്എംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥി ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ കയ്യില്‍ ചൂരലുകൊണ്ട് അടിച്ചത്. അധ്യാപകനെതിരെ പോലീസിലും ബാലാവകാശ കമ്മീഷനിലും കുടുംബം പരാതി നല്‍കി.

◾  ആറന്മുള വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ സമാനതകളില്ലാത്ത ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ പി. പ്രസാദ്.

◾  ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ഷാഹിദ് അലി(42) യെയാണ് പോലീസ് പിടികൂടിയത്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി ദിനേഷ്, ഹൈവേ പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനോജ് കുമാര്‍ എന്നിവരുടെ പരാതിയിലാണ് നടപടി.

◾  ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ യാത്രക്കാര്‍ അത്ഭുതകരമായ് രക്ഷപ്പെട്ടു. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുന്‍ വശത്തെ ടയര്‍ യാത്രയ്ക്കിടെ കത്തുകയായിരുന്നു.

◾  തെരഞ്ഞെടുപ്പ് ഫണ്ടിന്റെയും അച്ചടക്ക നടപടിയുടേയും പേരില്‍ സംസ്ഥാന ബിജെപിയില്‍ പുതിയ വിവാദം. വ്യാജ ലെറ്റര്‍ പാഡില്‍ ഇല്ലാത്ത അച്ചടക്ക നടപടിയെന്ന പേരില്‍ പ്രചാരണം നടത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കും.

◾  പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒ പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം. മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മനോജ് മൂത്തേടന്‍ എംഎല്‍എ  ജൂനിയര്‍ ഡോക്ടറോട് മോശമായി പെരുമാറിയെന്നും നിയമം ലംഘിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് പരാതി.

◾  വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ ബിഹാര്‍ സര്‍ക്കാര്‍ പിരിച്ചുവിടും.  വിജിലന്‍സ് ബ്യൂറോ നടത്തിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്  നടപടിയെന്ന് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി അറിയിച്ചു. 2006 മുതല്‍ 2015 വരെയാണു ഇത്രയേറെ പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

◾  മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായ ലിഥിയം അയണ്‍ ബാറ്ററികള്‍, ഡിസ്‌പ്ലേ അസംബ്ലികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കി. രാജ്യത്ത് ഇത്തരം ഘടകങ്ങളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം.

◾  ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര. ഇതിന് കരട് തയ്യാറാക്കാനായി സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തില്‍ ഏഴംഗസമിതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നിയമസഭയെ അറിയിച്ചു.

◾  കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ പൊലീസിനെയും ഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ച മുഖ്യമന്ത്രി വിജയിന് മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി. ദുരന്തസമയത്ത് ഒപ്പം നിന്നത് ആരാണെന്നും ഓടിപ്പോയത് ആരാണെന്നും ജനങ്ങള്‍ക്കറിയാമെന്നായിരുന്നു തിരിച്ചടി.

◾  കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉത്തരവ് കൈമാറിയപ്പോള്‍ മുഖ്യമന്ത്രി വിജയ് കരഞ്ഞെന്ന് കരൂര്‍ എംപി. ഉത്തരവ് കൈമാറിയപ്പോള്‍ വിജയ് വികാരാധീനനനായെന്ന് എംപി ജ്യോതിമണി പറഞ്ഞു. രാഷ്ട്രീയക്കണ്ണുകളിലൂടെ സര്‍ക്കാര്‍ നടപടിയെ കാണരുതെന്നും ജ്യോതിമണി പറഞ്ഞു. ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

◾  മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി കര്‍ശന നിര്‍ദ്ദേശം നല്‍കി. സാധാരണക്കാരായ തൊഴിലാളികളുടെ പുനരധിവാസവും സാമ്പത്തിക ഭദ്രതയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

◾  ഒന്നിലധികം വോട്ടര്‍ ഐഡി കൈവശം വച്ചെന്ന പരാതിയില്‍ നടന്‍ പ്രകാശ് രാജിന് ബെംഗളൂരു എസിജെഎം കോടതി ജാമ്യം അനുവദിച്ചു. നാലായിരം രൂപ കെട്ടിവയ്ക്കണം. മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടര്‍ ഐഡി കൈവശം വച്ചെന്നാണ് പ്രകാശ് രാജിനെതിരായ പരാതി.

◾  സുപ്രീംകോടതിയില്‍ കേസ് വാദിക്കാനെത്തിയ ഹര്‍ജിക്കാരന്‍ ജഡ്ജിമാര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി. കേസ് ഫയല്‍ വലിച്ചെറിഞ്ഞു. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥന്‍, അലോക് അരാധേ എന്നിവര്‍ക്ക് മുന്നിലായിരുന്നു പ്രകോപനം. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവ വികാസങ്ങള്‍. ലഖ്നൗ എസിപിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുന്നുവെന്നും ഇയാള്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടി പുറത്താക്കി.

◾  മധ്യപ്രദേശില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ് യുവാക്കളുടെ പ്രതിഷേധം. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ശിവഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. എക്‌സ്പ്രസ് വേ നിര്‍മാണം കാരണം പ്രദേശത്തെ കൃഷിയിടങ്ങളിലും റോഡുകളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെടുന്നതിനെതിരായിരുന്നു പ്രതിഷേധം.

◾  വിദേശ സംഭാവന നിയന്ത്രണ നിയമ വിഷയത്തില്‍ സിബിസിഐയോട് അമിത് ഷാ നുണ പറഞ്ഞെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. 2010 ല്‍ നിയമം കൊണ്ടുവന്നപ്പോള്‍ അതില്‍ പ്രതികാര നടപടി നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ അമിത് ഷായെ വെല്ലുവിളിക്കുന്നുവെന്നും കെ.സി. വേണുഗോപാല്‍.

◾  മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരിയുടെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായി. ഇന്‍ഡോറില്‍ മരുന്നുമായി രണ്ട് പേരെ പിടികൂടിയതിന് പിന്നാലെയാണ് ജിതു പട്വാരിയുടെ സഹോദരനായ നാനാ പട്വാരി കേസില്‍ പ്രതിയാണെന്നു പോലീസ് ആരോപിച്ചത്.

◾  ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലില്‍ മുദ്രാവാക്യം വിളിച്ച് തീവ്ര വലതുപക്ഷവാദിയായ കുടിയേറ്റ വിരുദ്ധന്‍. ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ വേണ്ടെന്ന മുദ്രാവാക്യവുമായി ബഹളം വച്ച ഹ്യൂഗോ ലെനോണ്‍ (22) എന്നയാളെ പോലീസ് പിടികൂടി. പ്രധാനമന്ത്രി ലോബിയില്‍ നില്‍ക്കുമ്പോള്‍ ഇയാള്‍ മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് ബഹളം വച്ചത്.

◾  ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് തിബറ്റിലെ ബ്രഹ്‌മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ മെഡോഗ് ഡാം സജീവ ഭൂകമ്പ ഭ്രംശരേഖയ്ക്ക് മുകളിലാണെന്ന്് ചൈനീസ് ഭൂമിശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. അതേസമയം അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ നിന്നും വെറും 50 കിലോമീറ്റര്‍ മാത്രം അകലെ നിര്‍മാണത്തിലിരിക്കുന്ന ഈ മെഗാ ഡാം സ്ഥിതി ചെയ്യുന്ന പ്രദേശം കടുത്ത സുരക്ഷാ ഭീഷണിയുള്ള സ്ഥലമാണെന്നാണു റിപ്പോര്‍ട്ട്.

◾  ഹോര്‍മുസ് കടലിടുക്കില്‍ സൗദി, ഖത്തര്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍  ശക്തമായി അപലപിച്ചു. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവന്‍ കൗണ്‍സിലിനും നേരെയുള്ളതായി കണക്കാക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉപയോഗിക്കുമെന്നും ജിസിസി വ്യക്തമാക്കി.  

◾  ബഹറിനും കുവൈറ്റിനുമെതിരെ നടന്ന സൈനിക ആക്രമണങ്ങളെയും ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെയും ഖത്തറിന്റെയും കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങളെയും ഒമാന്‍ ശക്തമായി അപലപിച്ചു.

◾  ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ ഷംഷേര്‍ ഖാന്റെതെന്ന പേരില്‍ പ്രചരിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ജമ്മു കശ്മീരില്‍ വന്ന് പോരാടി മരിച്ചിട്ടുണ്ടെന്നും, കശ്മീര്‍ താഴ്വരയിലെ ശ്മശാനങ്ങളില്‍ ഭൂരിഭാഗത്തിലും പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭീകരരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തിരിക്കുന്നതെന്നും ഇയാള്‍ ഈ വീഡിയോയില്‍ പറയുന്നു.

◾  ഡിസംബറോടെ നാട്ടിലേക്ക് മടങ്ങുമെന്ന് ഇന്ത്യയില്‍ അഭയം തേടിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അറസ്റ്റോ മരണമോ നേരിടാന്‍ തയ്യാറാണെന്നും, സ്വന്തം മണ്ണില്‍ മരിക്കാനാണ് ആഗ്രഹമെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവര്‍ വ്യക്തമാക്കി.

◾  ബഹിരാകാശ രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തി നിര്‍ണായക നേട്ടം സ്വന്തമാക്കി ചൈന. ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കിയാണ് ചൈന ചരിത്രം കുറിച്ചത്.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാന്‍ഡില്‍ എത്തി. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ വിമാനത്താവളത്തില്‍ എത്തി മോദിയെ സ്വീകരിച്ചു. ന്യൂസിലാന്‍ഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തല്‍ മോദിയും പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും നടത്തുന്ന ചര്‍ച്ചകളിലുണ്ടാകും.

◾  യാത്രയ്ക്കിടയില്‍ വിമാനത്തിന്റെ ജനല്‍ തകര്‍ന്ന് യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചതായി റിപ്പോര്‍ട്ട്. ഗ്രീസില്‍നിന്നു ജര്‍മ്മനിയിലേക്ക് പറന്ന റയനാറിന്റെ ഉപകമ്പനിയായ  മാള്‍ട്ട എയര്‍ വിമാനത്തിലാണ് സംഭവം. അറുപത് വയസ്സുകാരനായ സെര്‍ബിയന്‍ സ്വദേശിയാണ് പുറത്തുവീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.

◾  കേരള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ഇന്ന് 'ദി ലീലാ റാവിസ്'-ല്‍ നടക്കും. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ലേല നടപടികള്‍ക്ക് അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലും ലേലം നിയന്ത്രിച്ച് പരിചയസമ്പത്തുള്ള ഓക്ഷനിയര്‍ ചാരു ശര്‍മ്മയാണ് നേതൃത്വം നല്‍കുന്നത്.

◾  നേപ്പാളില്‍ ഇന്ത്യ എ ടീമിന്റെ ടി 20 പര്യടനം. ഡിസംബര്‍ മാസത്തില്‍ നേപ്പാളില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് വേദിയൊരുങ്ങുന്നത്. ഡിസംബര്‍ 9, 11, 13 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക.

◾  ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിന്റെ അടുത്ത സീസണിലെ ഉദ്ഘാടന മത്സരം ഇന്ത്യയില്‍ നടക്കും. ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയക്ക് പുറത്ത് നടക്കുന്ന ഈ ഔദ്യോഗിക മത്സരത്തിന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം വേദിയാകും.

◾  ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ചെന്നൈയില്‍ നടത്താനുള്ള തീരുമാനത്തിന് പിറകേ, ഐപിഎല്‍ മത്സരം ഓസ്ട്രേലിയയില്‍ നടത്താനുള്ള നിര്‍ദ്ദേശവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ഡിസംബര്‍ 12-ന് ചെന്നൈയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം വലിയൊരു കായിക സഹകരണത്തിന്റെ തുടക്കമാണെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

◾  മൊറോക്കോയ്‌ക്കെതിരെ ഫ്രാന്‍സ് വിജയം നേടിയതിന് പിന്നാലെ സെന്‍ട്രല്‍ ലണ്ടനില്‍ വന്‍ സംഘര്‍ഷം. ആരാധകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു. നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. ലണ്ടനിലെ പ്രശസ്തമായ എഡ്‌ജ്വെയര്‍ റോഡിലാണ് സംഭവം.

◾  തമിഴ്നാട്ടിലെ ഈറോഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ പാല്‍ ഉത്പന്ന നിര്‍മ്മാതാക്കളായ മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ് ലിമിറ്റഡ് ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് മാസമാദ്യമോ പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വിപണിയില്‍ നിന്നും 2,035 കോടി രൂപ സമാഹരിക്കാനാണ് ഈ ഐ.പി.ഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ ഡയറി സെക്ടറില്‍ നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ ആകും മില്‍ക്കി മിസ്റ്റിന്റേത്. ഈ ഐ.പി.ഒയില്‍ 1,785 കോടി രൂപയുടെ പുതിയ ഓഹരികള്‍ പുറത്തിറക്കുന്നതും 250 കോടിക്ക് പ്രൊമോട്ടര്‍മാരുടെ ഓഹരി കൈമാറ്റവും ഉള്‍പ്പെടുന്നു. ഐ.പി.ഒ വഴി ലഭിക്കുന്ന തുക കമ്പനിയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും നിലവിലുള്ള കടങ്ങള്‍ വീട്ടുന്നതിനുമായാണ് വിനിയോഗിക്കുക. അതേസമയം ഐ.പി.ഒയ്ക്ക് മുന്നോടിയായി പ്രീ-ഐപിഒ പ്ലേസ്‌മെന്റിലൂടെ 357 കോടി വരെ സമാഹരിക്കാനും മില്‍ക്കി മിസ്റ്റിന് പദ്ധതിയുണ്ട്.

◾  ഒരു കോണ്‍ടാക്റ്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ഉണ്ടോ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഗ്രീന്‍ ഡോട്ട് ഇന്‍ഡിക്കേറ്റര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിലെ ഒരു കോണ്‍ടാക്റ്റ് ഓണ്‍ലൈനിലാണെങ്കില്‍ അവരുടെ പ്രൊഫൈല്‍ ചിത്രത്തിന് താഴെ ചെറിയൊരു പച്ചനിറത്തിലുള്ള കുത്ത് കാണാന്‍ സാധിക്കും. ചാറ്റ് ലിസ്റ്റ് തുറന്ന് നോക്കാതെ തന്നെ വ്യക്തി ഇപ്പോള്‍ ആപ്പില്‍ സജീവമാണോ എന്ന് തിരിച്ചറിയാന്‍ ഈ വിഷ്വല്‍ ക്യൂ സഹായിക്കുന്നു. ചാറ്റ് ലിസ്റ്റിലോ മെയിന്‍ സ്‌ക്രീനിലോ ഈ ഗ്രീന്‍ ഡോട്ട് ഇപ്പോള്‍ ദൃശ്യമല്ല. പകരം, ഒരു കോണ്‍ടാക്റ്റിന്റെ ചാറ്റിലേക്ക് പോയി അവരുടെ പ്രൊഫൈല്‍ ചിത്രത്തിലോ പേരിലോ ടാപ്പ് ചെയ്ത് കോണ്‍ടാക്റ്റ് ഇന്‍ഫോ പേജിലെത്തുമ്പോള്‍ മാത്രമാണ് ഈ പച്ചനിറത്തിലുള്ള ഇന്‍ഡിക്കേറ്റര്‍ കാണാന്‍ കഴിയുക. സ്വകാര്യതയെ ബാധിക്കുന്ന യാതൊരു മാറ്റവും ഈ ഫീച്ചര്‍ കൊണ്ടുവരുന്നില്ല. ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ് എന്നിവ പ്രൈവസി സെറ്റിങ്ങ്സിലൂടെ ആര്‍ക്കൊക്കെ കാണാമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

◾  വിജയ് ചിത്രം 'ജന നായകന്' പ്രദര്‍ശനാനുമതി ലഭിച്ചു. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഡോ. ബി ആര്‍ അംബേദ്കര്‍ ഒരു പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സീനില്‍ മാറ്റം വരുത്തിയത് ഉള്‍പ്പെടെ ചിത്രത്തില്‍ നിന്ന് 12 സീനുകള്‍ വെട്ടിമാറ്റിയതായാണ് വിവരം. ടിവികെ പരാമര്‍ശങ്ങളും, വിവാദപരമായ ഡയലോഗുകളും നീക്കം ചെയ്തു. ഇന്ത്യന്‍ ദേശീയപതാക നിലത്തു വീഴുന്ന ദൃശ്യവും, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതും, കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കി. 'ഷീല റാണി' എന്ന പേര് മാറ്റാനും ബോര്‍ഡ് നിര്‍ദേശിച്ചു. മതപരമായ പദങ്ങള്‍, അസഭ്യ പദങ്ങള്‍ മ്യൂട്ട് ചെയ്യാനും ബോര്‍ഡ് ഉത്തരവിട്ടു. ആകെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും 10 സെക്കന്‍ഡിന്റെ ദൃശ്യങ്ങള്‍ മാറ്റിസ്ഥാപിക്കാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരും ചിത്രത്തിലുണ്ട്.

◾  സിദ്ധാര്‍ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന 'ദ് വാന്‍- ഫോഴ്‌സ് ഓഫ് ദ് ഫോറസ്റ്റ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ദീപക് കുമാര്‍ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബാലാജി മോഷന്‍ പിക്ചേഴ്സും ടിവിഎഫ് മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ്. സെപ്റ്റംബര്‍ 25 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ റിലീസ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അരുണാഭ് കുമാര്‍ ആണ് ചിത്രം രചിച്ചിരിക്കുന്നത്. നാടോടിക്കഥകളെ അടിസ്ഥാനമാക്കി, അതിന്റെ ശൈലിയില്‍ ആണ് ചിത്രം കഥ പറയുന്നതെന്നും പോസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ നാടോടിക്കഥകളെ വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും വലിയ ശ്രമങ്ങളിലൊന്നാണ് 'ദ് വാന്‍'. ഫാന്റസി, ആക്ഷന്‍, കോമഡി, സാഹസികത എന്നിവ കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

◾  ഫോക്സ് വാഗണ്‍ തങ്ങളുടെ പുതിയ ആഡംബര എസ് യുവി മോഡലായ ടൈറണ്‍ ലൈഫ് പുറത്തിറക്കി. 41.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനമാണിത്. ആര്‍-ലൈനിന്റെ 46.99 ലക്ഷം രൂപ വിലയേക്കാള്‍ 5 ലക്ഷം രൂപ കുറവാണ് ടൈറണ്‍ ലൈഫിന്. കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ വ്യത്യാസം സീറ്റിങ് കോണ്‍ഫിഗറേഷനാണ്. ടൈറണ്‍ ആര്‍-ലൈനില്‍ ഏഴ് പേര്‍ക്ക് സഞ്ചരിക്കാമെങ്കില്‍ ടൈറണ്‍ ലൈഫില്‍ അഞ്ച് പേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ കഴിയു. ബോണറ്റിന് കീഴില്‍, ഒരു വിട്ടുവീഴ്ചയുമില്ല. ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 201 ബിഎച്പിയും 320 എന്‍എം ടോര്‍ക്കുമുള്ള അതേ 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് ടൈറണ്‍ ലൈഫില്‍ പ്രവര്‍ത്തിക്കുന്നത്. 41.99 ലക്ഷം രൂപ വിലയുള്ള ടൈറണ്‍ ലൈഫ്, നിലവില്‍ 47.11 ലക്ഷം രൂപ സിബിയു ഇറക്കുമതി വിലയുള്ള ടൈഗൂണ്‍ ആര്‍ ലൈനിനേക്കാള്‍ കുറവാണ്.

◾  'മലകളുടെയും സ്റ്റെപ്പിയുടെയും നാട്' അതിലെ നോട്ടങ്ങള്‍കൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിന്റെ പ്രത്യേകതയും അതാണ്. നല്ല സഞ്ചാരിയുടെ ലക്ഷണം ഇത്തരം നോട്ടങ്ങളാണ്. എടുപ്പുകളും ഉദ്യാനങ്ങളും നോക്കി അദ്ഭുതപ്പെടുന്ന പതിവുരീതിയില്‍നിന്നും വ്യത്യസ്തമായി ഈ സഞ്ചാരി അവയുടെയുള്ളിലെ ചോരയോട്ടങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്നു. കിര്‍ഗിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, കസാഖിസ്താന്‍ എന്നീ മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രകള്‍. 'മലകളുടെയും സ്റ്റെപ്പിയുടെയും നാട്'. കെ.എം ശാഫി. മാതൃഭൂമി. വില 204 രൂപ.

◾  ശരീരത്തില്‍ ഒമേഗ 3യുടെ സാന്നിധ്യം കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കാല്‍സ്യം കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ് സന്ധി വേദന എന്നാണ് നമ്മളില്‍ പലരും കരുതാറുള്ളത്. എന്നാലിത് ശരീരത്തില്‍ ഒമേഗ 3 കുറയുന്നതിന്റെയും ലക്ഷണമാകാം. ഒമേഗ 3 എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഒടിവ്, സന്ധിവാതം, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു. കടുത്ത ക്ഷീണം തോന്നാറുണ്ടോ? മുമ്പ് അനായാസം ചെയ്തിരുന്ന ദൈനംദിന ജോലിയാക്കാന്‍ കഴിയാതാകുന്നുണ്ടോ? ഇത് ഒമേഗ 3 കുറവാണെന്നതിന്റെ സൂചനയായിരിക്കും. കോശങ്ങളില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ് ഉത്പാദിപ്പിക്കുന്നത് ഒമേഗ 3 ആണ്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിലും ഭക്ഷണത്തില്‍ ഫാറ്റി ആസിഡുകള്‍ കുറയുന്നതും അതിലൊന്നാണ്. നഖം പെട്ടെന്ന് പൊട്ടിപോകുന്നെന്ന പരാതി പലരും പറയാറുണ്ട്. ഇതിന്റെ കാരണങ്ങളിലൊന്ന് ഒമേഗ 3യുടെ അഭാവമായിരിക്കാം. ചര്‍മ്മത്തില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ വരണ്ട പാടുകളോ ചുവന്നിരിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷണത്തില്‍ ഒമേഗ 3 വര്‍ധിപ്പിക്കണം. ചിന്തകളില്‍ വ്യക്തത കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ് ബ്രെയിന്‍ ഫോഗ്. കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരുന്നതുമൊക്കെ ഓമേഗ 3 കുറവാണെന്നതിന്റെ സൂചനയായിരിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ നെയ്ത്തുതുണികള്‍ക്ക് നാട്ടില്‍ വലിയ ആവശ്യക്കാരുണ്ടായിരുന്നു. സ്വന്തം നാട്ടിലേക്കാള്‍ മികച്ച വില അയല്‍രാജ്യത്ത് ലഭിക്കുമെന്ന് മനസ്സിലാക്കിയ അദ്ദേഹം, അവിടേക്ക് പോകാന്‍ തീരുമാനിച്ചു. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കപ്പലില്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചു. പക്ഷേ, യാത്രയ്ക്കിടെ രാത്രിയില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ കപ്പല്‍ തകര്‍ന്നു. പൊളിഞ്ഞ കപ്പലിന്റെ ഒരു മരപ്പാളിയില്‍ പിടിച്ചുകിടന്നാണ് അദ്ദേഹം ജീവന്‍ രക്ഷിച്ചത്.  ബോധം വീണ്ടെടുത്തപ്പോള്‍ ആളൊഴിഞ്ഞ ഒരു ദ്വീപിലായിരുന്നു അദ്ദേഹം. മരങ്ങളിലെ പഴങ്ങള്‍ കഴിച്ചും മഴവെള്ളം ശേഖരിച്ചും ജീവിച്ചു. കരയിലടിഞ്ഞ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ഒരു ചെറിയ കുടില്‍ പണിതു. രാത്രിയിലെ തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ അതായിരുന്നു ഏക ആശ്രയം.  കല്ലുരച്ച് തീയുണ്ടാക്കാനും അദ്ദേഹം പഠിച്ചു. എന്നാല്‍ ഒരു രാത്രി കൊടുങ്കാറ്റില്‍ ആ തീ ആളിപ്പടര്‍ന്ന് ആകെയുണ്ടായിരുന്ന കുടില്‍ മുഴുവന്‍ കത്തിനശിച്ചു.  എല്ലാം നഷ്ടപ്പെട്ട വേദനയില്‍ അദ്ദേഹം ആകാശത്തേക്ക് നോക്കി ചോദിച്ചു: 'എന്തിനാണ് ദൈവമേ... എനിക്കുമാത്രം ഇങ്ങനെ?' കരഞ്ഞു തളര്‍ന്ന് ഉറങ്ങിപ്പോയ അദ്ദേഹത്തെ പിറ്റേന്ന് ചിലരുടെ ശബ്ദമാണ് ഉണര്‍ത്തിയത്. തീരത്ത് ഒരു കപ്പല്‍ നങ്കൂരമിട്ടിരുന്നു.  അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു:  'ഈ ആളില്ലാ ദ്വീപില്‍ ഞാന്‍ ഉണ്ടെന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞു?' അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഇന്നലെ രാത്രി കണ്ട ആ പുക... അതായിരുന്നു ഞങ്ങള്‍ക്ക് വഴികാട്ടിയായത്.' അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്... കത്തിനശിച്ച കുടില്‍ തന്നെയായിരുന്നു തന്റെ ജീവിതത്തിലേക്കുള്ള രക്ഷയുടെ അടയാളം. നമ്മളും പലപ്പോഴും ജീവിതത്തില്‍ ചില നഷ്ടങ്ങളെ ശാപമായി കാണാറുണ്ട്. എന്നാല്‍ കാലം തെളിയിക്കുന്നത്, അവയില്‍ ചിലത് അനുഗ്രഹങ്ങളുടെ തുടക്കമായിരുന്നുവെന്നാണ്. ഓരോ അടഞ്ഞ വാതിലിനും പിന്നില്‍ തുറക്കാന്‍ കാത്തിരിക്കുന്ന മറ്റൊരു വാതിലുണ്ട്. ഓരോ നഷ്ടത്തിനും പിന്നില്‍ കാണാന്‍ വൈകുന്ന ഒരു നന്മയുണ്ട്. അതുകൊണ്ട്, ഇന്ന് മനസ്സിലാകാത്ത കാര്യങ്ങളെക്കുറിച്ച് നിരാശപ്പെടേണ്ട. സമയം പല ഉത്തരങ്ങളും പറഞ്ഞുതരും. 'സംഭവിച്ചതെല്ലാം നല്ലതിനാണ്... സംഭവിക്കുന്നതും നല്ലതിനാണ്... സംഭവിക്കാനിരിക്കുന്നതും നല്ലതിനായിരിക്കും.' -ശുഭദിനം.
Previous Post Next Post
3/TECH/col-right