2026 | ജൂലൈ 11, ശനി
1201 | മിഥുനം 27, കാര്‍ത്തിക
◾ ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. റവന്യൂ ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ ജിയോളജിസ്റ്റായ ഡോ. സി.പി രാജേന്ദ്രന്‍, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. അപകട കാരണം, കരാര്‍ കമ്പനി നിബന്ധനകള്‍ ലംഘിച്ചോ, പരിസ്ഥിതി അനുമതി എന്നിവ പരിശോധിക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം.
◾ വന്ദേമാതരം ആദ്യത്തെ രണ്ടു ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ പോരാ, മുഴുവന്‍ ചരണങ്ങളും ആലപിക്കണമെന്നു പുതിയ മാര്‍ഗ്ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍, വന്ദേമാതരം ആദ്യം ആലപിക്കണം. തൊട്ടുപിറകേ ദേശീയഗാനവും ആലപിക്കണമെന്നാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്.
◾ ശബരിമല തന്ത്രി നിയമനത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ അഭിപ്രായം തേടും. നിയമനത്തില്‍ കണ്ഠരര് രാജീവരുടെ ഊഴത്തില്‍ മകന്‍ ബ്രഹ്‌മദത്തനെ നിയമിക്കണമെന്ന അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കുന്നത്.
◾ വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്.
◾ ബഹിരാകാശനിലയത്തിലെ എക്സ്പെഡിഷന്‍ 74ന്റെ ഭാഗമാകാന്‍ പാതിമലയാളിയായ അനില്‍ മേനോന്‍. സൊയൂസ് ദൗത്യത്തിലൂടെ ജൂലൈ പതിനാലിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന അനില്‍ മേനോന്‍ എട്ട് മാസത്തെ ദൗത്യത്തിന് ശേഷം അടുത്ത വര്‍ഷം ഏപ്രിലില്‍ മടങ്ങിയെത്തും.
◾ മേപ്പാടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
◾ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ പൂര്‍ണ്ണകുംഭം നല്‍കിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളില്‍ വി ഡി സതീശന്‍ പങ്കെടുത്തു.
◾ കോഴിക്കോട് പെരുവയലില്‍ പൊലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം. തോക്ക് ചൂണ്ടി, പന്നിപ്പടക്കം എറിഞ്ഞായിരുന്നു ആക്രമണം. പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. ആട് ഷെമീറും സംഘവുമാണ് ആക്രമണത്തിന് പിന്നിലുള്ളത്.
◾ ആറന്മുള വിമാനത്താവളത്തിന് സര്‍ക്കാര്‍ ഒരു നീക്കവും ഇതുവരെ നടത്തിയിട്ടില്ലെന്ന് ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി. വിമാനത്താവളത്തിന് താന്‍ എതിരല്ലെന്നും എന്നാല്‍ പഠനങ്ങള്‍ ശാസ്ത്രീയമാകണമെന്നും അദ്ദേഹം പറഞ്ഞു.
◾ വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, ടിപി രാമകൃഷ്ണനും. വിഴിഞ്ഞത്തിനെതിരല്ലെന്നും വ്യവസ്ഥകളാണ് പ്രശ്‌നമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
◾ സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് ഇപി അറിയിച്ചതെന്ന് വിവരം.
◾ മലപ്പുറം കല്‍പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. വടകര സ്വദേശി ബല്‍രാജിനെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. കല്ലിങ്ങല്‍ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ് ബല്‍രാജ്.
◾ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും. നിങ്ങള്‍ ഇവിടെ ഈ വടിയും പിടിച്ചു നില്‍ക്കേണ്ടതില്ല. പിണറായി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസില്‍ എത്തിയപ്പോഴാണു കാത്തുനിന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് ഇങ്ങനെ പറഞ്ഞത്.
◾ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അസ്വഭാവികമായ ജനസംഖ്യ വ്യതിയാനം ഉണ്ടെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പരമാര്‍ശം സമൂഹത്തില്‍ വിദ്വേഷം വമിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നുഴഞ്ഞുകയറ്റമെന്ന വ്യാജഭീതി ബോധപൂര്‍വം സൃഷ്ടിക്കുന്നതിനു പിന്നില്‍ സംഘപരിവാറിന്റെ താല്പര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
◾ ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ഥിനി സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു.
◾ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണത്തെ പരിഹസിച്ച ജി സുധാകരന്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കല്‍. സര്‍ക്കാരിന് ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകള്‍ നല്‍കാന്‍ കഴിയുമോയെന്ന് മനു സി പുളിക്കല്‍ ചോദിച്ചു.
◾ കോറോ ഹെല്‍ത്തിന് പിന്നാലെ കൂട്ടപിരിച്ചുവിടലുമായി കൊച്ചി ആസ്ഥാനമായ ടാല്‍റോപ്. ഇതോടെ ശമ്പളവും ജോലിയും ഇല്ലാതെ 300 ജീവനക്കാരാണ് പ്രതിസന്ധിയിലായത്. എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം.
◾ മന്ത്രി കെഎ തുളസിയുടെ ഡ്രൈവര്‍ ഡിവൈഎഫ്ഐ നേതാവെന്ന ആരോപണവുമായി യൂത്ത്കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂര്‍. സ്റ്റാഫില്‍ ഇത്തരത്തിലാണ് നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ മന്ത്രിമാരെ തെരുവില്‍ തടയുമെന്ന് സതീഷ് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തനിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് നിതിന്‍ എന്ന് മന്ത്രി കെ തുളസി പ്രതികരിച്ചു.
◾ ആഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിച്ചത് തന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടാനല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയണം എന്ന് അഭ്യര്‍ത്ഥിക്കാനാണെന്നും നടി അന്‍സിബ ഹസന്‍. പോലീസ് കമ്മിഷണര്‍ തന്നെ പറ്റിക്കുന്നില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
◾ ഇടുക്കി കഞ്ഞിക്കുഴിയില്‍ ആദിവാസി യുവാവായ അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വനംവകുപ്പ് മന്ത്രി പരിഹാസ നിലപാടാണ് സ്വീകരിക്കുന്നതെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വര്‍ഗീസ്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ സിപിഎം നേതാക്കളുടെ ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിനു താഴെ വിമര്‍ശനവുമായി അണികള്‍. കെകെ രാഗേഷിന്റെയും, ടിഐ മധുസൂദനന്റെയും പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റുകളിലാണ് വിമര്‍ശനം ശക്തമാവുന്നത്. ധനരാജ് രക്തസാക്ഷിത്വ ഫണ്ട് തിരിമറി ആരോപണം ഉയര്‍ത്തിയാണ് വിമര്‍ശനം.
◾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ് - വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്.
◾ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊലപ്പെടുത്തി തീയിട്ട് കുഴിച്ചുമൂടിയ യുവാക്കള്‍ കസ്റ്റഡിയില്‍. ആട്ടയാമ്പതി സ്വദേശി സരസ്സമാള്‍ എന്ന 66 കാരിയെയാണ് സ്വര്‍ണാഭരങ്ങള്‍ കവര്‍ന്ന് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
◾ കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കേരള വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച തണ്ണീര്‍മുക്കം സ്വദേശി അകത്തോട്ട് വീട്ടില്‍ ഗോപിയെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല വാട്ടര്‍ അതോറിട്ടി അധികൃതരുടെ പരാതിയിലാണ് നടപടി.
◾ കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവന്തപുരം എക്‌സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനായ കണിയാപുരം ചാന്നാങ്കര മൈവള്ളി ഹൗസില്‍ പരേതനായ ഇബ്രാഹി കുഞ്ഞിന്റെയും നഫീസാ ബീവിയുടെ മകന്‍ ജാബിറാണ്(44) മരിച്ചത്.
◾ ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ് മഹേന്ദ്രഗിരി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷന്‍ ചെയ്തു. പ്രൊജക്റ്റ് 17എ -യുടെ ഭാഗമായി നിര്‍മ്മിച്ച അവസാനത്തെ യുദ്ധക്കപ്പലാണ് ഐഎന്‍എസ് മഹേന്ദ്രഗിരി.
◾ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഭാര്യയെയും രണ്ട് മക്കളെയും, തനിക്കെതിരെ പരാതി നല്‍കിയ 17-കാരിയെയും അമ്മയെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിലാണ് 35-കാരനായ രാജ്കുമാര്‍ ഭാര്യ പാര്‍വ്വതി സരിതയെയും (30), മക്കളായ നാല് വയസ്സുകാരനെയും 18 മാസം പ്രായമുള്ള കുഞ്ഞിനെയും അടക്കമുള്ളവരെ കൊലപ്പെടുത്തിയത്.
◾ മധ്യപ്രദേശില്‍ മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നരോത്തം മിശ്രയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി വന്‍ പ്രതിഷേധം. നരോത്തം മിശ്രയുടെ അനുയായികളായ മൂവായിരത്തോളം പേര്‍ 12 മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ നടത്തിയ കല്ലേറില്‍ ജില്ലാ പൊലീസ് മേധാവി അടക്കം നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.
◾ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ മേഖലകളിലും ശക്തമായ മഴ. ഹരിയാന, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരും. ഉത്തര്‍പ്രദേശില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾ കോവിഡ് 19 ബാധിതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാസപേട്ട സ്വദേശിയാണ് മരിച്ചത്. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കിയിട്ടും ഫലം കണ്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
◾ ഒഡീഷയിലെ ബാലസോറില്‍ എടിഎം മെഷീന്‍ മോഷ്ടിച്ചു. കാറിലെത്തിയ സംഘം എടിഎം ബൂത്ത് തകര്‍ക്കുകയും, പിന്നാലെ മെഷീന്‍ വാഹനത്തില്‍ കെട്ടിവലിച്ച് കൊണ്ടു പോകുകയുമായിരുന്നു. പണം കവര്‍ന്ന ശേഷം എടിഎം മെഷീന്‍ വഴിയില്‍ ഉപേക്ഷിച്ചു.
◾ അയോധ്യ ക്ഷേത്രക്കൊള്ളയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ മൗനം ചര്‍ച്ചയാകുന്നു. വിഷയത്തില്‍ രാഹുല്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. വിദേശപര്യടനത്തിലുള്ള രാഹുല്‍ നാളെ ഇന്ത്യയില്‍ തിരിച്ചെത്തും.
◾ അയോദ്ധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ രാജ്യവ്യാപക ഒപ്പുശേഖരണത്തിന് ആം ആദ്മി പാര്‍ട്ടി. ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം.
◾ തന്നെ വധിക്കാന്‍ ശ്രമിക്കുന്ന ഇറാനിലേക്ക് 1000 മിസൈലുകള്‍ പായുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ട്രംപിനെ വധിക്കാന്‍ പരസ്യമായി ആഹ്വാനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ രൂക്ഷപ്രതികരണം.
◾ തെക്കുകിഴക്കന്‍ സ്‌പെയിനിലെ അല്‍മേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ നാല് ബ്രിട്ടീഷ് പൗരന്മാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു. ലോസ് ഗല്ലാര്‍ഡോസ് നഗരസഭയിലെ ബെദാര്‍ ഗ്രാമത്തിലാണ് വന്‍ദുരന്തമുണ്ടയത്. 23 പേരെ കാണാതായിട്ടുണ്ടെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
◾ ലോകകപ്പിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ഇന്ന് നോര്‍വെയെ നേരിടും. മിയാമിയില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ രണ്ടരക്കാണ് മത്സരം. 2018-ന് ശേഷം ആദ്യമായി ലോകകപ്പ് സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കുകയാണ് ഹാരി കെയ്നും സംഘവും. നാളെ രാവിലെ ഇന്ത്യന്‍ സമയം 6.30 ന് നടക്കുന്ന നാലാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീന സ്വിറ്റ്‌സര്‍ലാന്‍ഡുമായി ഏറ്റുമുട്ടും. മൂന്നിലേയും നാലിലേയും വിജയികളാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുക.
◾ 2026 ജൂണ്‍ മാസത്തില്‍ സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് മ്യൂച്വല്‍ ഫണ്ട് വിപണി. വ്യക്തിഗത നിക്ഷേപകരുടെ എസ്‌ഐപി നിക്ഷേപം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍, മൊത്തം വ്യവസായത്തില്‍ നിന്ന് ആകെ 52,949 കോടി രൂപയുടെ അറ്റ പിന്‍വാങ്ങല്‍ രേഖപ്പെടുത്തി. ജൂണില്‍ പ്രതിമാസ എസ്‌ഐപി നിക്ഷേപം 31,781 കോടി രൂപയെന്ന റെക്കോഡ് നേട്ടത്തിലെത്തി. ഇത് 2026 മെയ് മാസത്തേക്കാള്‍ 2.7 ശതമാനവും മുന്‍വര്‍ഷം ജൂണിനേക്കാള്‍ 16.5 ശതമാനവും കൂടുതലാണ്. ജൂണില്‍ 55.51 ലക്ഷം പുതിയ എസ്‌ഐപികള്‍ ആരംഭിച്ചപ്പോള്‍ 50.64 ലക്ഷം എണ്ണം മാത്രമാണ് നിര്‍ത്തലാക്കിയത്. എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 9.78 കോടിയായി ഉയര്‍ന്നത് ചെറുകിട നിക്ഷേപകരുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. ഇക്വിറ്റി ഫണ്ടുകളിലേക്ക് തുടര്‍ച്ചയായ 64-ാം മാസവും നിക്ഷേപം ഒഴുകിയെത്തി, ജൂണില്‍ മാത്രം 28,973 കോടി രൂപയാണ് എത്തിയത്. ഡെറ്റ് ഫണ്ടുകളില്‍ നിന്ന് 1.09 ലക്ഷം കോടി രൂപയുടെ വന്‍തോതിലുള്ള പിന്‍വലിക്കലാണ് ആകെ ബാധിച്ചത്. പിന്‍വലിക്കലുകള്‍ക്കിടയിലും മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ ആകെ ആസ്തി 82.22 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
◾ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 1600, 140 എന്നീ സീരീസുകളില്‍ ആരംഭിക്കുന്ന ഫോണ്‍ നമ്പറുകളെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ 'സ്പാം' എന്ന് ടാഗ് ചെയ്യാനോ, ഫില്‍ട്ടര്‍ ചെയ്യാനോ, ബ്ലോക്ക് ചെയ്യാനോ അനുവാദമില്ലെന്ന് ട്രായ് വ്യക്തമാക്കി. ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് ട്രായിയുടെ നിലപാട്. ട്രൂകോളര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസേന 5.25 ലക്ഷത്തിലധികം ആളുകളാണ് 1600, 140 സീരീസ് നമ്പറുകളില്‍ നിന്നുള്ള കാളുകള്‍ സ്പാം ആണെന്ന് ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം 5.25 ലക്ഷം ആളുകള്‍ ഇത് സ്പാം ആണെന്ന് പരാതിപ്പെട്ടിട്ടും ഇത് തടയാന്‍ സാധിക്കുന്നില്ല. ട്രൂകോളര്‍ ഉപഭോക്താക്കള്‍ മാത്രം ദിവസേന 140 സീരീസിലെ 4 ലക്ഷം കാളുകളും 1600 സീരീസിലെ 1.25 ലക്ഷം കാളുകളും ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇരു സീരീസുകളില്‍ നിന്നുമായി വരുന്ന 5.1 കോടിയിലധികം കാളുകള്‍ ഉപഭോക്താക്കള്‍ ഫോണ്‍ എടുക്കാതെ ഉപേക്ഷിക്കുകയാണ്.
◾ പച്ചമുട്ട ആരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന പ്രതീതി പണ്ടുകാലം മുതലുള്ളതാണ്. എന്നാല്‍ നേരെ തിരിച്ചാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പച്ചമുട്ട കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീഷണി ഭക്ഷ്യവിഷബാധയാണ്. 'സാല്‍മൊണല്ല' പോലുള്ള മാരകമായ ബാക്ടീരിയകള്‍ പച്ചമുട്ടയില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ശരീരത്തിലെത്തിയാല്‍ കടുത്ത വയറിളക്കം, പനി, വയറുവേദന, ഛര്‍ദി എന്നിവ ഉണ്ടാകാം. സാധാരണക്കാര്‍ക്ക് ഇത് പെട്ടെന്ന് ഭേദമാകുമെങ്കിലും ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ സാല്‍മൊണല്ല ബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പച്ചമുട്ടയുടെ വെള്ളയില്‍ അവിഡിന്‍ എന്നൊരു പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പച്ചമുട്ട സ്ഥിരമായി കഴിക്കുന്നത് ശരീരത്തില്‍ ബയോട്ടിന്‍ ആഗിരണം ചെയ്യപ്പെടുന്നതിനെ തടസപ്പെടുത്തും. ഇത് ശരീരത്തില്‍ ബയോട്ടിന്റെ കുറവിനും അതുവഴി മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. എന്നാല്‍ മുട്ട പാകം ചെയ്യുമ്പോള്‍ അവിഡിന്‍ പ്രോട്ടീന്റെ ഈ ദോഷഫലം ഇല്ലാതാകുന്നു. മാത്രമല്ല, പാകം ചെയ്ത മുട്ടയിലാണ് ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത്. മുട്ട ചൂടാക്കി പാകം ചെയ്യുമ്പോള്‍ അതിലെ പ്രോട്ടീനുകളുടെ ഘടനയില്‍ വ്യത്യാസം വരുന്നു. ഇത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് പ്രോട്ടീനുകളെ എളുപ്പത്തില്‍ ദഹിപ്പിക്കാനും ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷക ഗുണങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതിനും ഒപ്പം ആരോഗ്യ സുരക്ഷിതത്വത്തിനും മുട്ട എപ്പോഴും പാകം ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.53, പൗണ്ട് - 128.10, യൂറോ - 108.81, സ്വിസ് ഫ്രാങ്ക് - 117.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.28, ബഹറിന്‍ ദിനാര്‍ - 252.94, കുവൈത്ത് ദിനാര്‍ -308.01, ഒമാനി റിയാല്‍ - 247.85, സൗദി റിയാല്‍ - 25.42, യു.എ.ഇ ദിര്‍ഹം - 25.97, ഖത്തര്‍ റിയാല്‍ - 26.18, കനേഡിയന്‍ ഡോളര്‍ - 67.34.
Tags:
KERALA