2026 | ജൂലൈ 10, വെള്ളി
1201 | മിഥുനം 26, ഭരണി
◾ അതിശക്തമായ ഉഷ്ണതരംഗം മൂലം സ്‌പെയിനിലെ അന്‍ഡലൂഷ്യ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ സ്‌പെയിനിലെ വിവിധ ഭാഗങ്ങളില്‍ ആളിപ്പടര്‍ന്ന കാട്ടുതീയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജനങ്ങളെ വ്യാപകമായി ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ നിലയിലാണ് ചിലരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 40 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയ അതിശക്തമായ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് തീ അതിവേഗം പടരാന്‍ കാരണമായത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് തീ അണയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തിയതും സ്ഥിതി ഗുരുതരമാക്കി.
◾ വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മരിച്ചവരുടെ എണ്ണം ഏഴായി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചില്‍ നാലാം ദിവസമാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹമാണ് ലഭിച്ചിരുന്നത്. ഇന്നലത്തെ നാല് മൃതദേഹം ലഭിച്ചിരുന്നുവെന്ന് ആദ്യ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾ സര്‍ക്കാര്‍ ഇടപെട്ടതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞെന്ന് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുരങ്കപാത നിര്‍മാണ ജോലികള്‍ ജൂണ്‍ അഞ്ചിന് നിര്‍ത്തിവയ്പിച്ചു. സംഭവത്തില്‍ രണ്ട് സ്വതന്ത്ര അന്വഷണം പ്രഖ്യാപിച്ചു. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. കരാറുകാരെ പഴിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്.
◾ കള്ളാടി ദുരന്തത്തില്‍ വിദഗ്ധ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികളെ കണ്ടെത്തേണ്ടെന്ന് റവന്യു മന്ത്രി എപി അനില്‍കുമാര്‍. പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിനു പിന്നില്‍ വേറെ താല്‍പര്യങ്ങളുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു മാത്രമേ തുരങ്ക പാത നിര്‍മാണം തുടരുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂവെന്നും എപി അനില്‍കുമാര്‍.
◾ കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ വിവാദ പ്രോസിക്യൂഷന്‍ ഉത്തരവില്‍ നിരുപാധികം മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിലെ പരാമര്‍ശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിന്‍വലിക്കുന്നതായും ബിജു അറിയിച്ചു. പിഴവ് ബോധ്യപ്പെട്ടതോടെ ഉത്തരവു പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. സാങ്കേതിക പിഴവ് തിരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ആയുധമാകരുതെന്നു കോടതി മുന്നറിയിപ്പു നല്‍കി.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എം സ്വരാജിനായി പ്രചാരണം നടത്തിയതിന് ഡോ. ശ്രീകല മുല്ലശ്ശേരിക്കു മെമ്മോ നല്‍കിയ കാലിക്കറ്റ് വിസിയുടെ നടപടി പിന്‍വലിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി. സിന്‍ഡിക്കറ്റ് യോഗമാണു തീരുമാനമെടുത്തത്. സര്‍വകലാശാലയിലെ റേഡിയോ സിയുവിന്റെ ഉപകരണങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനം എന്നാണ് കണ്ടെത്തല്‍.
◾ തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍, ജീവനക്കാരുടെ അനാസ്ഥയെന്ന് ഡോ. ഹാരിസ് ഹസന്‍. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദനയുമായി വരുന്ന രോഗിയെ കൈകാര്യം ചെയ്യേണ്ടതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി കൂടിയായ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
◾ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന 52 കാരനായ രാജേഷ് കുമാര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൊലീസില്‍ കുടുംബം പരാതി നല്‍കി. അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കും.
◾ കുംഭമേള വൈറല്‍ താരത്തിനും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി. ഇരുവരെയും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയും ഭര്‍ത്താവും നല്‍കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
◾ വിഴിഞ്ഞം വിവാദത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി. രാഗേഷ് പറഞ്ഞതില്‍ വ്യക്തതയില്ലെന്നും 'ആവിലും ഇല്ല' ദുനിയാവിലും ഇല്ല' എന്ന രീതിയില്‍ സംസാരിക്കരുതെന്നും പികെ ശ്രീമതി പറഞ്ഞു. ഇപി ജയരാജന്റെ നിലപാടാണ് തനിക്കെന്നും പികെ ശ്രീമതി പ്രതികരിച്ചു. മുന്‍മന്ത്രി കെ.കെ. ശൈലജയും കഴിഞ്ഞ ദിവസം ഇതേ നലപാടു വെളിപെടുത്തിയിരുന്നു.
◾ വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തില്‍ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. ദിവ്യയെ മാറ്റിയതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കെ കെ ശൈലജ വിശദീകരിച്ചു.
◾ വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ ബഹളം വയ്ക്കുന്ന സിപിഎം അദീല അബ്ദുള്ളയെ ആ പദവിയില്‍ നിന്ന് മാറ്റിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. അദാനിയും എംസ്സിയുമായി ചര്‍ച്ച നടക്കുന്ന വിവരം തെരഞ്ഞെടുപ്പിന് മുന്‍പേ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, വ്യവസായ പ്രമുഖന്‍ പി.കെ. അഹമ്മദ് എന്നിവര്‍ക്ക് ഡി. ലിറ്റും ശാസ്ത്രജ്ഞനും പദ്മഭൂഷന്‍ ജേതാവുമായ ഡോ. ഇ.ഡി. ജെമ്മിസിനു ഡോക്ടര്‍ ഓഫ് ഓഫ് സയന്‍സും നല്‍കി ആദരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു.
◾ കണ്ണൂര്‍ മണ്ടൂരില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടക്കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്. ഏഴോം സ്വദേശിയായ ഡി. രുധീഷിനെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം. 2017 നവംബര്‍ 4-ന് ചെറുതാഴത്ത് റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.
◾ നാട്ടിക മുന്‍ എംഎല്‍എ സി സി മുകുന്ദന്റെ മുന്‍ പിഎ മസൂദ് കെ വിനോദ് അറസ്റ്റില്‍. എംഎല്‍എയുടെ വ്യാജ ഒപ്പിട്ട് നിയമസഭയില്‍നിന്ന് ഓവര്‍ടൈം ഡ്യൂട്ടി അലവന്‍സായി 85,400 രൂപ തട്ടിയെടുത്തതിന് അന്തിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. എംഎല്‍എയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് പണം തട്ടിയത്.
◾ തിരുവനന്തപുരത്ത് സിപിഎമ്മില്‍ വിഭാഗീയത ഇല്ലെന്ന് ജില്ലാസെക്രട്ടറി വി ജോയി. വി ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ജോയി പ്രതികരിച്ചു.
◾ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റു സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. മൂന്നാഴ്ച മുമ്പ് താനും കെ സി വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഇത്തരം ഭക്ഷണ വിതരണം തടയണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ലെന്ന് അദ്ദേഹം പറഞ്ഞു.
◾ ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബില്‍ഡര്‍ പിടിയില്‍. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി.
◾ സ്‌കൂളില്‍നിന്ന് 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തില്‍ മനംനൊന്ത് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കര്‍ണാടകയിലെ അനേകലിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
◾ വിവാദമായ നാസിക്കിലെ ടിസിഎസ് മതപരിവര്‍ത്തന, ലൈംഗികപീഡനക്കേസിലെ മുഖ്യപ്രതി നിദാ ഖാന് ജാമ്യം. പ്രതി ഗര്‍ഭിണിയാണെന്ന വാദം അംഗീകരിച്ചാണ് 75,000 രൂപയുടെ ബോണ്ടിന്മേലും തത്തുല്യതുകയ്ക്കുള്ള ആള്‍ജാമ്യത്തിലും നാസിക് റോഡ് കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ടിവരുന്നതിന്റെ മാനസികാഘാതം ഒരുസ്ത്രീക്കും താങ്ങാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
◾ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ, ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാരില്‍ 25 പേര്‍ കൂട്ടത്തോടെ രാജിവച്ചു. ഡ്യൂട്ടി സമയം കൂട്ടി, വേതനം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് രാജിവെച്ചത്. കാണിക്ക എണ്ണുന്നതിന് മേല്‍നോട്ടം വഹിക്കുന്ന എസ്ബിഐ ബ്രാഞ്ചിലാണ് രാജി നല്‍കിയത്.
◾ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് തമിഴ്നാട് സര്‍ക്കാര്‍ വിലക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അരുതെന്നും വിദ്യാഭ്യാസ മന്ത്രി എ രാജ്മോഹന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
◾ സെപ്റ്റംബറില്‍ 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തം രാഷ്ട്രീയ ചതിയാണെന്നും ആള്‍ക്കൂട്ടം നിയന്ത്രണാതീതമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തും. മരിച്ചവരുടെ ആശ്രിതരായ 32 പേര്‍ക്ക് വിജയ് സര്‍ക്കാര്‍ ജോലി നിയമന ഉത്തരവ് കൈമാറും. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഒരു രൂപ പോലും കൈക്കൂലി നല്‍കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
◾ ഹരിയാണയിലെ ഗുരുഗ്രാമില്‍ പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഗുണ്ടകള്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് വിദേശത്തുള്ള കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ദീപക് നന്ദാളിന്റെ സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. കാറില്‍ ആയുധങ്ങളുമായി ഗുണ്ടാസംഘം വ്യവസായിയുടെ വീട്ടിലേക്ക് വരുന്നുണ്ടെന്നു വിവരം ലഭിച്ച പൊലീസ് വലവിരിച്ചു കാത്തിരിക്കുകയായിരുന്നു.
◾ ഉത്തര്‍പ്രദേശില്‍ മുന്‍ അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തു. ആഗ്രയില്‍ എആര്‍ടിഒ ആയിരുന്ന ലളിത് കുമാറിന്റെ ലഖ്‌നൗവിലുള്ള വസതിയിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. 1.62 കോടി രൂപയുടെ കറന്‍സി നോട്ടുകളും 13 കിലോഗ്രാം സ്വര്‍ണ്ണവും 9 കിലോഗ്രാം വെള്ളിയും വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന രേഖകളും പിടിച്ചെടുത്തു.
◾ 12 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോളിന്റെ അളവുള്ള മരുന്നുകളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഈ മരുന്നുകള്‍ വില്‍ക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.
◾ ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപികമാരോ ആകാന്‍ ആഗ്രഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ നല്ല അമ്മമാരാകണമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. ഗവര്‍ണറുടെ ഉപദേശം ഇതിനോടകം വിവാദമായിക്കഴിഞ്ഞു.
◾ തിഹാര്‍ ജയിലില്‍ സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പൗരന്‍ കോടതിയില്‍. ഭീകരപരിശീലനക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മാത്യൂ ആരോണ്‍ വാന്‍ഡെയ്ക്കാണ് പാചകത്തിനുള്ള അനുമതിക്കായി ഡല്‍ഹിയിലെ കോടതിയെ സമീപിച്ചത്.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പുതിയ ഗൂഢാലോചന ആസൂത്രണം ചെയ്തെന്ന രഹസ്യവിവരം ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിന്ന ശവസംസ്‌കാര ചടങ്ങുകളില്‍ നാലു കോടി ജനങ്ങള്‍ പങ്കെടുത്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍.
◾ ഇറാനുമായുള്ള സൈനിക സംഘര്‍ഷം അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍, രാജ്യം പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടണമെന്ന് അദ്ദേഹം വ്യക്തമാക്കി.
◾ സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പേര് നല്‍കി സംസ്ഥാന ഭരണകൂടം. പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളം ഇനി പ്രസിഡന്റ് ഡോണാള്‍ഡ് ജെ ട്രംപ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് അറിയപ്പെടും.
◾ അണ്വായുധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി ഉത്തരകൊറിയ. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ ഉച്ചകോടിക്കിടെ നടത്തിയ ഒരു പരാമര്‍ശം വിവാദമായി. ഇറാനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ട്രംപ് അബദ്ധത്തില്‍ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാന്‍' എന്ന് പരാമര്‍ശിക്കുകയായിരുന്നു.
◾ റഷ്യയുടെ എണ്ണ സംഭരണശാലകള്‍ക്ക് നേരെ ആക്രമണവുമായി യുക്രൈന്‍. രാത്രി യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ത്വര്‍, സ്റ്റാവ്‌റോപോള്‍ എന്നിവിടങ്ങളിലെ എണ്ണ സംഭരണശാലകള്‍ക്ക് നാശം. യുക്രൈന്‍ ആക്രമണത്തില്‍ അസോവ് കടലില്‍ ഉണ്ടായിരുന്ന രണ്ട് എണ്ണ ടാങ്കറുകളും കത്തി നശിച്ചു.
◾ മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമി പ്രവേശനം നേടിയതോടെ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ എംബാപെ മെസിയെ മറികടന്നു. ഇരുവര്‍ക്കും 8 ഗോളുകള്‍ ആണെങ്കിലും എംബാപെയ്ക്ക് രണ്ട് അസിസ്റ്റുകള്‍ കൂടിയുള്ളത് ഗുണം ചെയ്തു. ലോകകപ്പിലെ തന്റെ ഇരുപതാം ഗോള്‍ കൂടിയാണ് എംബാപെ നേടിയത്. മുപ്പത് വയസ് തികയും മുന്‍പ് 20 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം കൂടിയാണ് എംബാപെ ഇന്നലെ സ്വന്തമാക്കിയത്. 20 ലോകകപ്പുകളില്‍ നിന്നാണ് എംബാപെ ഇത്രയും ഗോളുകള്‍ നേടിയത്. ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ നിലവില്‍ ഒന്നാമതുള്ള മെസി 31 കളികളില്‍ നിന്നാണ് 21 ഗോളുകള്‍ നേടിയത്.
◾ റെഗുലറേറ്ററി ആവശ്യങ്ങള്‍ക്കും ഉപഭോക്തൃ ബോധവല്‍ക്കരണത്തിനും പരസ്യങ്ങള്‍ക്കുമായി അയക്കുന്ന എസ്എംഎസ് അലര്‍ട്ടുകള്‍ക്ക് ഇനി മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് ആര്‍ബിഐ ഉത്തരവ്. നേരത്തെ ഇത്തരം സന്ദേശങ്ങള്‍ക്കായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഓരോ പാദത്തിലും 15 മുതല്‍ 18 രൂപ വരെ ഈടാക്കിയിരുന്നു. 500 രൂപയോ അതില്‍ താഴെയോ ഉള്ള ചെറിയ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായി എസ്എംഎസ് അലര്‍ട്ടുകള്‍ അയക്കണം എന്ന വ്യവസ്ഥയും ആര്‍ബിഐ ഒഴിവാക്കി. കൂടാതെ, 500 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് എസ്എംഎസിന് പകരം വാട്‌സ്ആപ്പ്, ഇന്‍-ആപ്പ് പുഷ് നോട്ടിഫിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കാനും അനുമതി നല്‍കി. പുതിയ ഉത്തരവോടെ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഫീസ് ഇനത്തിലുള്ള വാര്‍ഷിക വരുമാനത്തില്‍ 300 കോടി രൂപയുടെ വരെ ഇടിവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
◾ മൊബൈല്‍ ടവറുകളെ ആശ്രയിക്കാത്ത പുതിയ സാറ്റലൈറ്റ് ഫോണ്‍ സേവനവുമായി ബിഎസ്എന്‍എല്‍. പ്രതിരോധം, ദുരന്തനിവാരണം, കടല്‍യാത്രകള്‍ തുടങ്ങിയ വെല്ലുവിളികള്‍ നിറഞ്ഞ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ബിഎസ്എന്‍എല്‍ ഈ ഉപഗ്രഹം വഴിയുള്ള ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ നികുതികളും ഉള്‍പ്പെടെ 1,34,166 രൂപയാണ് വില. സൈന്യം, കപ്പല്‍ ജീവനക്കാര്‍, ഖനന തൊഴിലാളികള്‍, ദുരന്തനിവാരണ സേനാംഗങ്ങള്‍, സാഹസിക സഞ്ചാരികള്‍ തുടങ്ങിയവര്‍ക്കാകും ഇത് ലഭിക്കുക. ഇതിനായി കൃത്യമായ അനുമതി ആവശ്യമുണ്ട്. നെറ്റ്വര്‍ക്ക് പരിധിക്ക് പുറത്തുള്ള വിദൂര പ്രദേശങ്ങളില്‍ നിന്നും വോയ്സ് കോളുകള്‍ ചെയ്യാം. അപകടഘട്ടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കാനുള്ള പ്രത്യേക എമര്‍ജന്‍സി സപ്പോര്‍ട്ട് സംവിധാനം, ചാര്‍ജിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കാന്‍ സാധിക്കുന്ന ശക്തമായ ബാറ്ററി, പൊടി, വെള്ളം, ആഘാതങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഡിസൈന്‍ എന്നിവയാണ് ഫോണിലുള്ളത്.
◾ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്ത്. 'ശ്രീ ശ്രീ' എന്നാണ് ചിത്രത്തിന്റെ പേര്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാല്‍പത്തിയൊന്നാം ചിത്രമായ 'ശ്രീ ശ്രീ' ഒരു ഫീല്‍ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ സല്‍മാന്‍ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്‌കൂള്‍ യൂണിഫോമില്‍ ഇരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍, പൂജ ഹെഗ്‌ഡെ എന്നിവരെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ രവി നെലകുടിറ്റി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. ദീക്ഷിത് ഷെട്ടി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ വമ്പന്‍ റിലീസ് ആയി ചിത്രം 2026 ല്‍ തന്നെ തിയറ്ററുകളിലെത്തും.
◾ 'റോഷാക്കി'ന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ആണ് 'ഐ നോബഡി'. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജിന്റെ മകള്‍ അലംകൃതയാണ്. ഈ ഗാനത്തിന്റെ ലിറിക് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അലംകൃതയെ നോബഡിയിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിനിമയുടെ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ് കുറിച്ചു. ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്.
◾ ആഡംബര എസ്യുവി വിഭാഗത്തിലെ ജനപ്രിയ മോഡലായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 2026 പതിപ്പ് കമ്പനി ആഗോളതലത്തില്‍ അവതരിപ്പിച്ചു. പുതിയ മോഡലില്‍ ഡിസൈനിലെ ചെറിയ മാറ്റങ്ങള്‍, പുതിയ വെര്‍ട്ടെക്സ് വേരിയന്റ്, ആദ്യമായി ആറ് സീറ്റര്‍ ഓപ്ഷന്‍, കൂടുതല്‍ ആക്‌സസറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലോസ് ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, മഞ്ഞ നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകള്‍, മഞ്ഞ റിയര്‍ റിക്കവറി ഹുക്കുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയും പുതിയ മോഡലില്‍ ലഭ്യമാണ്. പുതിയ 3.0 ലിറ്റര്‍ പി380 മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ അവതരിപ്പിച്ചിട്ടുണ്ട്. 375 ബി.എച്ച്.പി കരുത്ത് ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.ഡിഫന്‍ഡര്‍ ഒക്ടയുടെ പരമാവധി കരുത്ത് മുന്‍പ് ഉണ്ടായിരുന്ന 626 ബി.എച്ച്.പിയില്‍ നിന്ന് 533 ബി.എച്ച്.പി ആയി കുറച്ചിട്ടുണ്ട്.
◾ ആദ്യന്തം സസ്പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും ചോരയുടെ ഗന്ധത്തിലും രുപിക്കും നാവു നൊട്ടിനു ണയുന്നവര്‍. അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതി കാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ലെങ്കില്‍ പലരീതിയില്‍ ഒന്നായിത്തീരുന്നു. പല കാരണങ്ങളാല്‍ എന്നാല്‍ സമാനതകളുള്ള കാരണ ങ്ങളാല്‍ ഒരേ പ്രതികാരത്തിന് സമാന്തരപാതയില്‍ സഞ്ചരിക്കുന്ന ഒന്നുരണ്ടു പേരിലൂടെയാണ് കഥ വളരുന്നത്. 'ചാവുബലി'. നാലാം പതിപ്പ്. നീത സുഭാഷ്. സൈകതം ബുക്സ്. വില 123 രൂപ.
◾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു കൂടുന്നത് ഇപ്പോള്‍ ചെറുപ്പക്കാരിലും സാധാരണമായിരിക്കുകയാണ്. പ്രത്യേകിച്ച് എല്‍ഡിഎല്‍ ഉയരുകയും എച്ച്ഡിഎല്‍ കുറയുകയും ചെയ്താല്‍ ഹൃദയാഘാതം, സ്ട്രോക്ക്, രക്തക്കുഴലുകളില്‍ ബ്ലോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം, സ്ഥിരമായ വ്യായാമം, ശരീരഭാര നിയന്ത്രണം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ എല്‍ഡിഎല്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ലയിക്കുന്ന ഭക്ഷ്യനാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഓട്സ്, ആപ്പിള്‍, പേരയ്ക്ക, പയര്‍വര്‍ഗങ്ങള്‍, ബീന്‍സ് പോലുള്ളവയില്‍ ഇത്തരം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോള്‍ ഉയരാന്‍ പ്രധാന കാരണങ്ങളിലൊന്നാണ് പൂരിത കൊഴുപ്പ്. ഭക്ഷണത്തില്‍ നിന്ന് പ്രോസസ്ഡ് മീറ്റ്, ഫാസ്റ്റ് ഫുഡ്, കൊഴുപ്പുള്ള മാംസം, കേക്ക്, ബിസ്‌ക്കറ്റ്, ബേക്കറി വിഭവങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ശ്രമിക്കുക. ഒലീവ് ഓയില്‍, നിലക്കടല, ബദാം, വാള്‍നട്ട്, ഫ്ലാക്സ് സീഡ്, ചിയ വിത്തുകള്‍, കൊഴുപ്പുള്ള മത്സ്യങ്ങള്‍ (സാല്‍മണ്‍, മത്തി, അയല) എന്നിവ ആരോഗ്യകരമായ കൊഴുപ്പ് നല്‍കുന്നതാണ്. നടത്തം, സൈക്ലിങ്, നീന്തല്‍, ജോഗിങ് തുടങ്ങിയ വ്യായാമങ്ങള്‍ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും എല്‍ഡിഎല്‍ കുറയ്ക്കാനും സഹായിക്കുന്നു. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. അമിതവണ്ണമുള്ളവര്‍ക്ക് ചെറിയ തോതില്‍ പോലും ഭാരം കുറയുന്നത് കൊളസ്ട്രോളിലും ട്രൈഗ്ലിസറൈഡിലും നല്ല മാറ്റമുണ്ടാക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.36, പൗണ്ട് - 127.95, യൂറോ - 109.04, സ്വിസ് ഫ്രാങ്ക് - 118.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.23, ബഹറിന്‍ ദിനാര്‍ - 253.11, കുവൈത്ത് ദിനാര്‍ -308.08, ഒമാനി റിയാല്‍ - 248.02, സൗദി റിയാല്‍ - 25.42, യു.എ.ഇ ദിര്‍ഹം - 25.94, ഖത്തര്‍ റിയാല്‍ - 26.20, കനേഡിയന്‍ ഡോളര്‍ - 67.32.
Tags:
KERALA