2026 ജൂണ്‍ 30 , ചൊവ്വ
1201 മിഥുനം 16, പൂരാടം
◾ യൂറോപ്യന്‍ രാജ്യങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഉഷ്ണതരംഗത്തില്‍ വെന്തുരുകുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ഉയര്‍ന്നതോടെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. ഒരാഴ്ചയായി തുടരുന്ന കൊടുംചൂടില്‍ യൂറോപ്പിലാകെ 1500-ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ മാത്രം 1300-ലധികം മരണങ്ങള്‍ രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. യൂറോപ്പിനെ മരണമുനമ്പില്‍ നിര്‍ത്തുന്ന ഉഷ്ണതരംഗത്തെ ലോകാരോഗ്യ സംഘടന 'നിശബ്ദ കൊലയാളി' എന്നാണ് വിശേഷിപ്പിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ ഫ്രാന്‍സില്‍ സ്‌കൂളുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും താത്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
◾ മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച അടിയന്തര പ്രമേയത്തിനു ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ മറുപടി പറയുന്നതിനിടെ നിയമസഭയില്‍ ബഹളം. മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ സംസാരിക്കുന്നതിനിടെ മന്ത്രി ഷിബു ബേബി ജോണ്‍ സംസാരിച്ചത് ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാന്‍ അറിയാത്തതുകൊണ്ടാണോയെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചു. ഇതിനു പിറകേയാണ് സഭയില്‍ ബഹളമുണ്ടായത്. പിണറായിയെ പോലൊരാള്‍ അങ്ങനെ പറയരുതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഷിബു ബേബി ജോണ്‍ ഇടയ്ക്ക് കയറിയതിനെ മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യായീകരിച്ചു.
◾ കെഎസ്ആര്‍ടിസി വനിതാ സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതുമൂലം കെഎസ്ആര്‍ടിസിക്കുള്ള നഷ്ടം നികത്താന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി ഓവര്‍ ഡ്രാഫ്റ്റ് നല്‍കും. ആറു മാസത്തേക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയിലാണ് ഒഡി അനുവദിക്കുക. ദിവസേന ശരാശരി രണ്ടര കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വരുമാന നഷ്ടമുണ്ടാകുക.
◾ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും പരീക്ഷാ സമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കി. ക്രമക്കേടില്‍ നടപടിയെടുത്ത കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കണമെന്ന വരികൂടി ചേര്‍ക്കണമെന്ന ബിജെപിയുടെ വി മുരളീധരന്റെ ആവശ്യം വോട്ടിനിട്ട് തള്ളി.
◾ നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കണമെന്ന് എറണാകുളം ജില്ല സെഷന്‍സ് കോടതി. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. തെളിവില്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നിലപാട്.
◾ പിഎസ്സി ആസൂത്രണ ബോര്‍ഡിലേക്ക് നടത്തിയ പേര്‍സ്പെക്റ്റീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ് പരീക്ഷയയ്ക്ക് തസ്തികക്കുള്ള യോഗ്യത നിശ്ചയിച്ചതിലും ക്രമക്കേടുണ്ടെന്നു പരാതി. ഇക്കണോമിക്സില്‍ മാസ്റ്റര്‍ ബിരുദമുള്ളവരെ, സ്റ്റാറ്റിസ്റ്റിക്സ് എക്കണോമെട്രിക് ഡിപ്ലോമ ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കി. പരീക്ഷയെഴുതിയ 80 ഉദ്യോഗാര്‍ത്ഥികളില്‍ 79 പേരെയും വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് പറഞ്ഞ് അയോഗ്യരാക്കി. ഒരാള്‍ മാത്രമുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധികരിച്ചത്. സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമിക്സിന്റെ ഭാഗമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.
◾ പന്തളം നഗരസഭയിലെ വിവിധ വികസന പദ്ധതികളില്‍ ലക്ഷങ്ങളുടെ അഴിമതിയും ക്രമക്കേടും നടത്തിയ കേസില്‍ മൂന്നു മുന്‍ ഉദ്യോഗസ്ഥര്‍ക്ക് 14 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. മുന്‍ ബി.ഡി.ഒ കെ. വാസുദേവന്‍, പദ്ധതി കണ്‍വീനര്‍മാരായ ശാലു ഖാന്‍, കെ. ശിവരാജന്‍ എന്നിവരെയാണ് കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
◾ അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വയ്ക്കും ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരായി നിയമനം നല്‍കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. ഇരുവരുടെയും നിയമന ഉത്തരവിന്റെ രേഖകള്‍ മുദ്ര വെച്ച കവറില്‍ വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
◾ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് ഉയരാത്തതിനാല്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാവാത്ത സ്ഥിതിയാണ്.
◾ ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വൈദ്യശാസ്ത്രപരമായി അസംബന്ധമാണെന്ന് ഡോ ഷിംന അസീസ്. അണലി കടിച്ചാല്‍ ലഹരിയല്ല, മരണമാണുണ്ടാകുക. രക്തത്തെ നേരിട്ട് ബാധിക്കുന്ന അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ലെന്നും മൂര്‍ഖനും വെള്ളിക്കെട്ടനുമാണ് ന്യൂറോടോക്‌സിക് വെനം ഉള്ളതെന്നും ഡോക്ടര്‍ പറഞ്ഞു.
◾ കേരള സര്‍വ്വകലാശാലയുടെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ തോമസ് എബ്രഹാമിനെ വൈസ് ചാന്‍സിലര്‍ മാറ്റി. പകരം ഗിരിജാ ഗോപാലിനെ നിയമിച്ചു. കേസുകളില്‍ സര്‍വ്വകലാശാല തുടര്‍ച്ചയായി തോല്‍ക്കുന്നതുകൊണ്ടാണ് മാറ്റമെന്നാണ് വിശദീകരണം.
◾ ദ്വാരപാലക ശില്‍പ്പത്തില്‍ കേടുവരുത്തിയതിനു പിന്നിലും പോറ്റിയുടെ ഇടപെടലുണ്ടായെന്നു വിവരങ്ങള്‍. പോറ്റി നിര്‍മ്മിച്ച പീഠം സ്ഥാപിക്കുന്നതിനിടെയിലാണ് ശില്‍പ്പത്തിന് കേടുപാട് സംഭവിച്ചത്. പീഠത്തിന്റെ അളവ് കൃത്യമല്ലാത്തതിനെ തുടര്‍ന്ന് പോറ്റി ഇത് തിരികെ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ഈ പീഠം പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.
◾ കോഴിക്കോട് മാവൂരില്‍ പിടിയിലായ ബംഗ്ലാദേശി പൗരന്മാരെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ ഇവര്‍ നേടിയെടുത്തത് എങ്ങനെയെന്നാണ് പ്രധാനമായും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.
◾ വിഴിഞ്ഞം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലില്‍പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. വെട്ടുകാട് സ്വദേശികളായ സനു (37), റോബിന്‍സണ്‍ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവരെയാണ് കണ്ടെത്തിയത്.
◾ വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ധനകാര്യ ബില്ലില്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ നികുതി നിര്‍ദേശം ഒഴിവാക്കി അവതരിപ്പിക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും മദ്യനയ വിവാദത്തില്‍ പ്രതിപക്ഷം ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റു പൂര്‍ത്തിയായിട്ടും മലപ്പുറത്ത് സീറ്റ് കിട്ടാതെ 25,084 കുട്ടികള്‍; ഇനിയുള്ളത് സംവരണ സീറ്റുകള്‍ മാത്രമാണ്. സീറ്റു ലഭിക്കാത്തവര്‍ക്കായി മലപ്പുറത്ത് 120 താത്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചേക്കും.
◾ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി എറണാകുളത്തു വിളിച്ചുചേര്‍ത്ത തൂഫാന്‍ യോഗത്തെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം യോഗങ്ങള്‍ വിളിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
◾ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റു ചമഞ്ഞു നടന്നിരുന്ന യുവാവിനെ എംഡിഎംഎയുമായി പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശിയായ ഷര്‍ഫിന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. ആന്റി ഡ്രഗ്സ് മൂവ്മെന്റ് എന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് പിടിയിലായ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍.
◾ പേടി മാറ്റാന്‍ പൂജ എന്ന പേരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ പ്രതിക്കു 43 വര്‍ഷം കഠിനതടവ്. സൗത്ത് മാറാടി പാറയില്‍ അമീര്‍ (42) നാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷ്യല്‍ കോടതിയാണു ശിക്ഷ വിധിച്ചത്.
◾ തെരുവുനായ ശല്യത്തെ തുടര്‍ന്ന് ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. നായകളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍ നിലപാടെടുത്തതോടെയാണ് സ്‌കൂളിന് ഇന്നും അവധി നല്‍കിയത്.
◾ കാക്കനാട് മാവേലിപുരത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ മുപ്പതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി റിഹാന കാതറിന്‍ ആന്‍ഡ്രൂസ് മരിച്ച സ്ഥലത്ത് ഇരുമ്പ് സംരക്ഷണ വേലി സ്ഥാപിച്ചു. ദുരന്തം നടന്ന് എട്ടാം ദിവസമാണ് മാവേലിപുരം ഓണം പാര്‍ക്കിന് സമീപത്തെ അപകടസ്ഥലത്ത് നഗരസഭ സുരക്ഷാ വേലി നിര്‍മ്മിച്ചത്.
◾ ഗള്‍ഫിലെ പണമിടപാടിന്റെ പേരില്‍ അബ്ദുള്‍ അഹദിനെ വിളിച്ചുവരുത്തി ഖാദര്‍ കരിപ്പൊടിയും സംഘവും ഇരുമ്പ് വടി കൊണ്ടു പേനാ കത്തി കൊണ്ടും ആക്രമിച്ചെന്ന കേസില്‍ പ്രതിയായതോടെ കാസര്‍കോട്ടെ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന. കൂട്ടാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും ഒളിവിലാണ്.
◾ സംഭാവന കൊള്ള നടന്ന അയോധ്യ ശ്രീരാമക്ഷേത്രത്തിലേക്കു പോകാനിരുന്ന യുപിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിനെപ്പറ്റി വിവരമില്ലെന്ന് ഭാര്യ നീന റായ്. ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരായിരിക്കും ഉത്തരവാദിയെന്നും അവര്‍ പറഞ്ഞു.
◾ കര്‍ണാടകയില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഇന്ന് ആരംഭിച്ചു. എല്ലാ വോട്ടര്‍മാരും വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളടക്കം നഷ്ടപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
◾ കോച്ചിംഗ് സെന്ററുകള്‍ക്ക് ദേശീയ നിയമം കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളില്‍ പരിഷ്‌കാരത്തിനാണ് സര്‍ക്കാര്‍ നീക്കം.
◾ യൂട്യൂബ് വീഡിയോകള്‍ കണ്ട് വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച 32കാരി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയായ ശശികലയാണ് രണ്ടാമത്തെ പ്രസവത്തിനിടെ മരിച്ചത്. ആദ്യ പ്രസവം സിസേറിയന്‍ ആയിരുന്നു. അതിനുശേഷം അവര്‍ക്ക് അലോപ്പതി മരുന്നുകളോട് കടുത്ത വിമുഖത തോന്നിയിരുന്നു. ഭര്‍ത്താവ് കൊളന്തസാമിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
◾ സിന്ധു നദീജല കരാര്‍ പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട വെള്ളം തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ ആ കൈകള്‍ വെട്ടിമാറ്റുമെന്ന് പാക് കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക് ഭീഷണി മുഴക്കി. പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്നാണ് ഇന്ത്യ പറയുന്നതെന്നും മുസാദിക് മാലിക് കുറ്റപ്പെടുത്തി.
◾ യുഎഇയില്‍ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തി. ഇന്ന് പുലര്‍ച്ചെ 5.34 ന് ഫുജൈറയില്‍ നിന്ന് പുറപ്പെട്ട ഈ ട്രെയിന്‍ ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് അബുദാബിയിലെത്തി.
◾ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ മുന്‍ റണ്ണേഴ്സ് അപ്പുകളായ നെതര്‍ലന്‍ഡ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി മൊറോക്കോ പ്രീ-ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 നാണ് മൊറോക്കോ ജയിച്ചുകയറിയത്. 71 മിനിറ്റുകളോളം ഗോള്‍രഹിതമായി തുടര്‍ന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 72-ാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെ ഡച്ച് ടീം മുന്നിലെത്തി. എന്നാല്‍ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ ഇസ്സ ഡിയോപ്പിന്റെ ഹെഡറിലൂടെ മൊറോക്കോ സമനില ഗോള്‍ നേടുകയായിരുന്നു.
◾ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി നോക്കൗട്ട് മത്സരങ്ങള്‍ തുടങ്ങിയതിന് പിന്നാലെ പുറത്തുവിട്ട ഫിഫ പവര്‍ റാങ്കിംഗില്‍ അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി ഒന്നാമന്‍. മൂന്നാം സ്ഥാനത്തായിരുന്ന എംബാപ്പെ രണ്ടാം സ്ഥാനത്തും, വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട്ടിന്റെ ജര്‍മന്‍ സ്ട്രൈക്കര്‍ ഡെനിസ് ഉണ്ടാവ് ആണ് മൂന്നാം സ്ഥാനത്ത്.
◾ ലോകകപ്പില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വേയോട് തോറ്റ് പുറത്തായതില്‍ വിവാദമായ വാര്‍ തീരുമാനത്തെയോ റഫറിയെയോ കുറ്റം പറയാനില്ലെന്ന് നായകന്‍ ജോഷ്വാ കിമ്മിച്ച്. മത്സരത്തിന്റെ അധികസമയത്ത് ജര്‍മന്‍ ഡിഫന്‍ഡര്‍ ജൊനാഥന്‍ ടാഹ് നേടിയ ഹെഡ്ഡര്‍ ഗോള്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു.
◾ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ചെസ്റ്റര്‍ ലീ സ്ട്രീറ്റിലെ റിവര്‍സൈഡ് ഗ്രൗണ്ടില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 10നാണ് കളി തുടങ്ങുക. അയര്‍ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ പശ്ചാത്തലത്തില്‍ മാറ്റങ്ങളോടെയാകും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക. 15-കാരന്‍ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികളാണ് എംഎസ്സി സ്വന്തമാക്കുന്നത്. ഏകദേശം 2.85 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 27,000 കോടി രൂപ) മൂല്യം കണക്കാക്കുന്ന ഈ ഇടപാടില്‍, തങ്ങളുടെ ഓഹരി വിഹിതത്തിന് ആനുപാതികമായി ടി.ഐ.എല്‍ 1.397 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. നിലവില്‍ 1.6 മില്യണ്‍ ടി.ഇ.യു ശേഷിയുള്ള വിഴിഞ്ഞം വിപുലീകരണ പാതയിലാണ്. 2028 ഡിസംബറോടെ തുറമുഖത്തിന്റെ ശേഷി 3.5 മടങ്ങ് വര്‍ദ്ധിപ്പിച്ച് 5.7 മില്യണ്‍ ടി.ഇ.യുവിലെത്തിക്കുകയാണ് ലക്ഷ്യം. പ്രവര്‍ത്തനമാരംഭിച്ച് വെറും 18 മാസത്തിനുള്ളില്‍ 2 മില്യണ്‍ ടി.ഇ.യു എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ തുറമുഖം എന്ന ബഹുമതിയും വിഴിഞ്ഞം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
◾ ഫോണ്‍നമ്പര്‍ കൈമാറാതെ തന്നെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ വഴിയൊരുങ്ങുന്നു. ഫോണ്‍ നമ്പറിന് പകരം ഉപയോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍നെയിമുകള്‍ തെരഞ്ഞെടുക്കാനുള്ള പുതിയ ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. ഫോണ്‍ നമ്പറുകളുടെ സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കുന്നതിന് പുതിയ മാറ്റം സഹായിക്കും. ഇതോടെ ഗ്രൂപ്പ് ചാറ്റുകളുടെ ഭാഗമാകുമ്പോഴോ ആദ്യമായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സന്ദേശങ്ങള്‍ അയക്കുമ്പോഴോ ഫോണ്‍ നമ്പര്‍ പങ്കിടേണ്ട ആവശ്യം വരുന്നില്ല. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി വാട്‌സ്ആപ്പില്‍ യൂസര്‍നെയിമുകള്‍ തിരയാന്‍ സാധിക്കില്ലെന്നും ഒരാളുടെ കൃത്യമായ യൂസര്‍നെയിം അറിയാവുന്നവര്‍ക്ക് മാത്രമേ ആവരുമായി വാട്‌സ്ആപ്പില്‍ ബന്ധപ്പെടാന്‍ കഴിയൂ എന്നും കമ്പനി വ്യക്തമാക്കി.
◾ ചിദംബരം സംവിധാനം ചെയ്ത 'ബാലന്‍- ദി ബോയ്' ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായി മാറിയ 'എങ്ങോട്ടാ' എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. ഗാനത്തിന് വരികള്‍ രചിച്ചത് അന്‍വര്‍ അലിയും ആലപിച്ചത് സുഷിന്‍ ശ്യാമുമാണ്. സുഷിന്‍ ശ്യാം തന്നെയാണ് സംഗീതം. സംവിധായകന്‍ ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ചിത്രം ഒരു ഗംഭീര തീയേറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 25 കോടിക്ക് മുകളില്‍ ചിത്രം ഇതിനകം നേടിയിട്ടുണ്ട്. ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിര്‍ണായക കഥാപാത്രമായി എത്തി.
◾ ഈ വര്‍ഷം സര്‍പ്രൈസ് ഹിറ്റായി മാറിയ ഹോളിവുഡ് ചിത്രമായിരുന്നു 'ഒബ്സെഷന്‍'. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയില്‍. ആഗോളതലത്തില്‍ വന്‍ വിജയമായി മാറിയ കുഞ്ഞന്‍ ബഡ്ജറ്റ് ചിത്രം ആമസോണ്‍ പ്രൈം വിഡിയോ, ആപ്പിള്‍ ടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇന്ന് മുതല്‍ റിലീസിനെത്തിയത്. ഒബ്സെഷന്റെ ഡിജിറ്റല്‍ റിലീസില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കാര്യം ചിത്രം സിനിമയുടെ സെന്‍സര്‍ ചെയ്ത ഭാഗങ്ങളും ഉണ്ടാകുമെന്നതാണ്. പൂര്‍ണമായും അണ്‍കട്ടഡ് വേര്‍ഷനായിരിക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുക. തിയറ്ററുകളെ ആദ്യാന്ത്യം ത്രസിപ്പിച്ച സിനിമയിലെ ഹൊറര്‍ സീനുകള്‍ മികച്ചതും വയലന്‍സ് നിറഞ്ഞതുമായിരുന്നു. ഒമ്പത് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രമാണ് 3,000 കോടിക്കടുത്ത് കരസ്ഥമാക്കിയത്. കറി ബാര്‍ക്കര്‍ എന്ന 26 വയസ്സുകാരനായ യൂട്യൂബര്‍ ഒരുക്കിയ ചിത്രമാണ് ഒബ്സെഷന്‍.
◾ ബിഎംഡബ്ല്യു തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്യുവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 530 കുതിരശക്തി ഉത്പാദിപ്പിക്കുന്ന വി8 എഞ്ചിനാണ് ഈ കൂപ്പെ എസ്യുവിക്ക് കരുത്ത് പകരുന്നത്. എം60ഐ എക്സ്ഡ്രൈവ് എന്ന ഒറ്റ വകഭേദത്തില്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ വില 1.78 കോടി (എക്സ്-ഷോറൂം). ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ കാര്‍ ആറ് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. കാറിന്റെ അപ്ഹോള്‍സ്റ്ററി നിരവധി കളര്‍ ഓപ്ഷനുകളിലും ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ്, സില്‍വര്‍ ഓപ്ഷനുകളില്‍ ചുവപ്പ്, കറുപ്പ്, കോഗ്നാക് എന്നിവ ഉള്‍പ്പെടുന്നു. 48 വി മൈല്‍ഡ് ഹൈബ്രിഡ് അസിസ്റ്റുള്ള 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 530 ബിഎച്പി കരുത്തും 750 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 4.3 സെക്കന്‍ഡിനുള്ളില്‍ കാര്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.
◾ എപ്പോളും പുതുതായിരിക്കാന്‍ ശ്രമിക്കുന്ന കഥകളാണ് ബിജുവിന്റേത്. പാരമ്പര്യത്തെ ഭാവിയുടെ വര്‍ത്തമാനങ്ങളാക്കി മാറ്റുന്ന ബഹുതലഘടനയുള്ളവ. പരമ്പരാഗത സാഹിത്യാഭിരുചികളെയും കാഴ്ചശീലങ്ങളെയും വെല്ലുവിളിക്കുന്നവ. സമകാല കേരളീയ ജീവിതത്തിന്റെ വിളുമ്പുകളിലെയും ഘനകേന്ദ്രങ്ങളിലെയും അനുഭവലോകങ്ങളിലേക്ക് ഭാവനാവെളിച്ചം പ്രസരിപ്പിക്കുന്ന കഥാലോകമാണ് ജലം പോലെ. മലയാളകഥയുടെ പതിവുവഴികളില്‍നിന്ന് മാറിനടക്കുന്ന ബിജു സി.പിയുടെ ഒന്‍പതു കഥകള്‍. 'ജലം പോലെ'. മാതൃഭൂമി. വില 161 രൂപ.
◾ മഴക്കാലം ആരംഭിച്ചയുടന്‍ പലര്‍ക്കും അലര്‍ജി തുടങ്ങുകയായി. തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, ചൊറിച്ചില്‍/ കണ്ണില്‍ നിന്ന് വെള്ളം വരിക, തൊണ്ടവേദന അല്ലെങ്കില്‍ ചൊറിച്ചില്‍, ചുമ, ശ്വാസം മുട്ടല്‍, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയാണ് മണ്‍സൂണ്‍ അലര്‍ജിയുടെ സാധാരണ ലക്ഷണങ്ങള്‍. മഴക്കാല അലര്‍ജി എല്ലാവരെയും ബാധിക്കില്ല, പക്ഷേ ചിലര്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുണ്ട്. മുമ്പേ നിലവിലുള്ള അലര്‍ജിയോ ആസ്ത്മയോ ഉള്ളവര്‍ക്ക് മഴക്കാലത്ത് വര്‍ദ്ധിച്ച ലക്ഷണങ്ങള്‍ അനുഭവപ്പെടാം. താരതമ്യേന ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനങ്ങള്‍ കാരണം ചെറിയ കുട്ടികളിലും പ്രായമായവരിലും ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പലരും അലര്‍ജിയെ ജലദോഷമായി തെറ്റിദ്ധരിക്കാറുണ്ട്. അലര്‍ജികള്‍ ഇടയ്ക്കിടെ തുമ്മല്‍, കണ്ണുകളിലും മൂക്കിലും ചൊറിച്ചില്‍, മൂക്കില്‍ നിന്ന് വ്യക്തവും വെള്ളമുള്ളതുമായ സ്രവങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. സാധാരണയായി പനി ഉണ്ടാകില്ല. വൈറല്‍ അണുബാധയില്‍, പനി, ശരീരവേദന, കഠിനമായ തൊണ്ടവേദന, ബലഹീനത തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള ശ്വാസതടസ്സം, അല്ലെങ്കില്‍ അലര്‍ജി മരുന്ന് കഴിച്ചതിനുശേഷവും ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍, അല്ലെങ്കില്‍ ദിവസങ്ങളോളം തുടരുകയാണെങ്കില്‍, നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.73, പൗണ്ട് - 125.32, യൂറോ - 107.85, സ്വിസ് ഫ്രാങ്ക് - 116.97, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.13, ബഹറിന്‍ ദിനാര്‍ - 251.16, കുവൈത്ത് ദിനാര്‍ -305.85, ഒമാനി റിയാല്‍ - 246.28, സൗദി റിയാല്‍ - 25.20, യു.എ.ഇ ദിര്‍ഹം - 25.78, ഖത്തര്‍ റിയാല്‍ - 25.95, കനേഡിയന്‍ ഡോളര്‍ - 66.54.
Tags:
KERALA