2026 | ജൂണ്‍ 13 , ശനി
1201 | ഇടവം 30 , കാര്‍ത്തിക
◾ അസ്സമിലെ ജോര്‍ഹാട്ടില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് അഞ്ച് വ്യോമസേന സൈനികര്‍ക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് റോറ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അരുണാചല്‍ പ്രദേശില്‍ നിന്ന് പുറപ്പെട്ട വിമാനം അസ്സമിലെ ജോര്‍ഹാട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
◾ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ച കെ ബി പ്രദീപ് സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
◾ ഭക്തര്‍ക്ക് സംശയം ഉണ്ടായതിനാലാണ് കെ ബി പ്രദീപിനെ പ്ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രശസ്തനായ ക്രമിനല്‍ ലോയര്‍ എന്ന നിലയ്ക്ക് കേസ് നന്നായി വാദിക്കും എന്ന ഉദ്ദേശ്യത്തിലായിരിക്കും നിയമനം. ഇത് വിവാദമായപ്പോള്‍ ഭക്തജനങ്ങള്‍ക്ക് വളരെയധികം പ്രയാസമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
◾ നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള രോഗി അതേ കണ്ടീഷനില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ കോഴിക്കോട് ഒരാള്‍ക്ക് നിപ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എന്‍ഐവി, ഐസിഎംആര്‍ സംഘമാണ് എത്തിയത്. ഇവര്‍ ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചര്‍ച്ച നടത്തും.
◾ നിപ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ വന്ന മൂന്നുപേരുടെ സ്രവം ആണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായത്.
◾ ആരോഗ്യവകുപ്പ് നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ലെന്നും ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.
◾ കണ്ടെയ്ന്‍മെന്റ് സോണിലുള്ള ജനങ്ങളെ ഫോണില്‍ വിളിക്കാന്‍ ജനപ്രതിനിധികളെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നിപ കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധവുമായി പി. എ. മുഹമ്മദ് റിയാസ് എം. എല്‍. എ.
◾ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തും വാതിലുകള്‍ക്കും സമീപം പ്രിയദര്‍ശിനി എന്ന സ്റ്റിക്കര്‍ പതിക്കണം. സൗജന്യ യാത്ര ഇല്ലാത്ത ബസില്‍ കയറിയാല്‍ സ്ത്രീകളോട് ഇക്കാര്യം മുന്‍കൂട്ടി പറയണമെന്നും സര്‍ക്കുലറിലുണ്ട്.
◾ ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്നും ബിജെപി യെ അധികാരത്തില്‍ നിന്നും ഒഴിവാക്കാനാണ് സഹകരണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കോണ്‍ഗ്രസ് കാണിച്ച കടും പിടുത്തം, വാശി എന്നത് ചിലരെ അകറ്റാന്‍ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
◾ ഐപിഎസ് തലപ്പത്തെ മാറ്റത്തില്‍ കേഡര്‍ ചട്ടങ്ങള്‍ മറികടന്നാണ് നിയമനമെന്ന പരാതിയുമായി ഐജിമാര്‍ ഡിജിപിയെ സമീപിച്ചു. സര്‍വ്വീസില്‍ മോശം പ്രകടനം കാഴ്ചവച്ച ചിലരെ ജില്ലകളില്‍ നിയമിച്ചതില്‍ ഡിജിപിക്കും അമര്‍ഷമുണ്ട്.
◾ എഡിജിപിമാരടക്കം മുന്‍ സര്‍ക്കാരുമായി അടുത്തു നിന്ന ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയതില്‍ ഡിജിപിയും അതൃപ്തിയില്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി കാര്യങ്ങള്‍ ധരിപ്പിക്കും എന്നാണ് വിവരം.
◾ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിന്റെ രേഖ പുറത്ത്. ഡോ.റീനയ്‌ക്കെതിരായ നടപടിക്ക് കാരണം 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചത് എന്നാണ് സ്ഥലം മാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നത്.
◾ അവധിക്ക് അപേക്ഷിച്ചത് കൊണ്ടല്ല, മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതിനാലും സര്‍ക്കാരിനോട് ആലോചിക്കാതെ ചില നടപടി സ്വീകരിച്ചതിനാലുമാണ് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. ഒരു ചര്‍ച്ചയും നടത്താതെ ശബരിമലയിലേക്കു ഡോക്ടര്‍മാരെ നല്‍കാന്‍ കഴിയില്ലെന്ന് കത്തു നല്‍കിയത് തെറ്റാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ കൊടുക്കില്ലെന്ന് കത്തു നല്‍കിയതെന്നും അത് സര്‍ക്കാരിന്റെ ചുമതല അല്ലേയെന്നും മന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ സിസ്റ്റത്തിനോടു സഹകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുമായി നേരത്തെ തന്നെ അടുപ്പമുണ്ടെന്നും നടന്നത് വ്യക്തിപരമായ സന്ദര്‍ശനം മാത്രമാണെന്നും സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ തോട്ടത്തില്‍ രവീന്ദ്രന്‍. ബിജെപിയില്‍ പോകുമെന്ന വിമര്‍ശനം തോട്ടത്തില്‍ രവീന്ദ്രന്‍ തള്ളി.
◾ പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ തികളാഴ്ച വിതരണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസമായി മുടങ്ങിയിരുന്നു.
◾ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം ശരിയായ വഴിയിലാണെന്നും അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും എസ്ഐടി. കേസുമായി ബന്ധപ്പെട്ട് എസ്ഐടിക്കെതിരെ ഡിവൈഎഫ്ഐ ആരോപണം ഉന്നയിച്ചിരുന്നു.
◾ മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനും വധഭീഷണി. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണികോള്‍ വിളിച്ച ആറ്റിങ്ങല്‍ സ്വദേശി സോണി തോമസ് പിടിയിലായി. മദ്യലഹരിയിലാണ് ഇയാള്‍ കോള്‍ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
◾ തൊപ്പി എറിയപ്പെടുന്ന യൂട്യൂബര്‍ക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബര്‍ പൊലീസ്. പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം. തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് അന്വേഷണം.
◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയായ മുരാരി ബാബു അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു.
◾ ബിഹാറിലെ ബക്സര്‍ ജില്ലയില്‍ ഡുമ്രാവോണ്‍ പ്രദേശത്ത് അത്യപൂര്‍വമായ മോഷണക്കേസ് . മോഷ്ടാക്കള്‍ 132 അടി ഉയരമുള്ള ടവറാണ് പൊളിച്ചു കടത്തിയത് . ടവറിനൊപ്പം ഉണ്ടായിരുന്ന ജനറേറ്ററും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചു.
◾ ഒഡീഷയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍. കെജി മുതല്‍ പിജി വരെയുള്ള വിദ്യാഭ്യാസമാണ് തികച്ചും സൗജന്യമാക്കിയത്. ഒഡീഷയിലെ സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഫീസില്ല.
◾ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) ഉദ്യോഗസ്ഥരുടെ പരിശോധന. കാളിഘട്ടിലെ അഭിഷേകിന്റെ വസതിയിലാണ് പരിശോധന നടന്നത്.
◾ യുഎഇയില്‍ നിന്ന് ഇറാനിലേക്ക് വന്‍തോതില്‍ പണം കൈമാറിയെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. 300 കോടി ഡോളര്‍ യുഎഇയില്‍ നിന്ന് ഇറാനിലേക്ക് കൈമാറിയെന്നായിരുന്നു വാര്‍ത്തകള്‍ .
◾ ഇറാന്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാദം അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി. ഇന്ത്യന്‍ നാവികര്‍ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ഇറാന്‍ എംബസി വിമര്‍ശിച്ചു.
◾ വേള്‍ഡ്കപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന് വേണ്ടി നെയ്മര്‍ കളത്തിലിറങ്ങില്ല. മൊറോക്കോയുമായുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പരിക്കില്‍ നിന്നും മോചിതനാവാത്ത താരം കളിക്കില്ലെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി വ്യക്തമാക്കി.
◾ പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി ശക്തമാക്കിയതോടെ രാജ്യത്തെ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം മേയില്‍ 3.93 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ വിലക്കയറ്റത്തോത് 3.48 ശതമാനമായിരുന്നു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വില സൂചിക മുകളിലേക്ക് നീങ്ങുന്നത്. ജനുവരിയില്‍ നാണയപ്പെരുപ്പ നിരക്ക് 2.74 ശതമാനം വരെ താഴ്ന്നിരുന്നു. കഴിഞ്ഞ മാസം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലാണ് ഏറ്റവുമധികം വര്‍ദ്ധനയുണ്ടായത്. ഭക്ഷ്യ വില സൂചിക മേയില്‍ 4.78 ശതമാനമായി ഉയര്‍ന്നു. പച്ചക്കറികളുടെയും ധാന്യങ്ങളുടെയും വില മുകളിലേക്ക് നീങ്ങി. ഗ്രാമങ്ങളില്‍ ഭക്ഷ്യ വില 4.85 ശതമാനവും നഗരങ്ങളില്‍ 4.66 ശതമാനവും ഉയര്‍ന്നു. വിലക്കയറ്റത്തോതില്‍ 6.15 ശതമാനം വളര്‍ച്ച നേടിയ തെലങ്കാനയാണ് ഒന്നാമത്. തമിഴ്നാട്(5.11 ശതമാനം), പുതുച്ചേരി(5 ശതമാനം), ആന്ധ്രപ്രദേശ്(4.9 ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഡെല്‍ഹി(2.5 ശതമാനം), ത്രിപുര(2.02ശതമാനം) എന്നിവിടങ്ങളിലാണ് നാണയപ്പെരുപ്പം ഏറ്റവും കുറവ്. കേരളത്തില്‍ നാണയപ്പെരുപ്പത്തോത് 4.3 ശതമാനമാണ്.
◾ ടെക് ഭീമനായ മെറ്റയുടെ സേവനങ്ങള്‍ ലോകമാകെ തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സേവനങ്ങളാണ് ആഗോളതലത്തില്‍ തടസപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതായി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ പ്രശ്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള വെബ്സൈറ്റായ ഡൗണ്‍ ഡിറ്റക്ടറില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മെറ്റ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ സംതിങ് വെന്റ് റോങ് എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. മെസഞ്ചര്‍ ആപ്പിലും പ്രശ്നങ്ങളുണ്ട്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കും സമാനമായ എറര്‍ സന്ദേശമാണ് കാണാന്‍ കഴിയുന്നത്. അതേസമയം മെറ്റാ സേവനങ്ങളുടെ വെബ് പതിപ്പുകള്‍ക്കാണ് പ്രശ്നമെന്നും മൊബൈല്‍ ആപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികം വൈകാതെ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
◾ ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലന്‍- ദി ബോയ്' എന്ന സിനിമയുടെ ആദ്യ ഗാനമായ 'താക്കോല്‍' പുറത്തിറങ്ങി. മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലി രചിച്ച ഗാനം പാടിയിരിക്കുന്നത് നിള രാജ്. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന 'ബാലന്‍' മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂണ്‍ 19-ന് തിയേറ്ററുകളിലെത്തും. സംവിധായകന്‍ ജിത്തു മാധവന്‍ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. പുതുമുഖം ഫര്‍സാന പാലത്തിങ്കലാണ് നായിക. ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബാലന്‍ ദ ബോയ്'ക്കുണ്ട്. കെ.വി.എന്‍. പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
◾ 'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തന്‍ കാടി'ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ജാക്‌സണ്‍ എന്ന കഥാപാത്രമായി എത്തുന്ന അപ്പാനി ശരത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ജാസ് ഡ്രംസില്‍ വിട്ടിരിക്കുന്ന അപ്പാനിയെ ആണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് താരത്തിന്റേത് എന്നാണ് സൂചന. ജൂണ്‍ 25 - നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുമിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്‌നാഥ് ആണ് സംഗീത സംവിധായകന്‍. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍ കാടി'ല്‍ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ ജനപ്രിയ എസ്യുവി മോഡലയായ സിയറയുടെ ഇലക്ട്രിക് പതിപ്പ് ജൂണ്‍ 30ന് അവതരിപ്പിക്കും. വാഹനത്തിന്റെ അകത്തളത്തില്‍ ഒന്നിലധികം ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ലെവല്‍ 2 അഡാസ് എന്നിവ സിയറ ഇവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 55 കിലോവാട്ട്അവര്‍ മുതല്‍ 65 കിലോവാട്ട്അവര്‍ വരെയുള്ള ബാറ്ററി പാക്ക് ഓപ്ഷനുകളിലാകും ഈ എസ്യുവി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 500 കിമീ മുതല്‍ 550 കി.മീ വരെ റേഞ്ച് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 20നും 25 ലക്ഷത്തിനും ഇടയിലായിരിക്കും വില എന്നാണ് കരുതുന്നത്.
◾ ഭാവനയുടെ ലോകവും ഓര്‍മ്മകളുടെ ഗൃഹാതുരതയും വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന കഥകള്‍. ഒറ്റപ്പെടലിന്റെ വ്യസനത്തില്‍നിന്നും എഴുത്തു ജീവിതത്തിലേക്കെത്തുമ്പോള്‍ കാലം നല്‍കിയ തിരിച്ചറിവില്‍നിന്നും അക്ഷരങ്ങളായി പുനര്‍ജനിച്ച കഥാസമാഹാരം. ഡോക്ടര്‍, ഒന്നു ചോദിച്ചോട്ടെ?, നന്മമരം, മൂളിയലങ്കാരി, മാഗ്ഗിയുടെ ഉത്ഭവം, കാലം തെറ്റിയ മാമ്പഴക്കാലം, സ്വര്‍ണ്ണപ്പതക്കം തുടങ്ങിയവയിലൂടെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത, അനുഭവത്തിന്റെ തീക്ഷ്ണതയേറിയ കഥകള്‍. 'ഒരു പ്രത്യേക മാപ്പപേക്ഷ'. പ്രിയ രാജു. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.
◾ കൊഴുപ്പ് മാത്രമല്ല, വിട്ടുമാറാത്ത ശരീര വീക്കവും തടി കൂടാന്‍ കാരണമാകും. അത് പലപ്പോഴും നമ്മള്‍ അവഗണിക്കാറുണ്ട്. ശരീരവീക്കം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. മുറിവുകള്‍, അണുബാധ, വിഷാംശങ്ങള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലം തുടരുന്ന ക്രോണിക് ഇന്‍ഫ്‌ലമേഷന്‍ ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, സന്ധിവാതം, ചില കാന്‍സറുകള്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കാം. എന്നാല്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് ശരീരവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും. ശുദ്ധമായ മഞ്ഞള്‍ ചേര്‍ത്ത പാല്‍, കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. ഇഞ്ചി, തക്കാളി, ഒലീവ് ഓയില്‍, വെളുത്തുള്ളി, ഗ്രീന്‍ ടീ, സാല്‍മണ്‍, മത്തി, ചീര, മുരിങ്ങയില, പാലക് ചീര, ബ്ലൂബെറി, സ്‌ട്രോബെറി, റാസ്പ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറച്ച് ഇന്‍ഫ്‌ലമേഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ വീക്കം പലപ്പോഴും പുറത്തുകാണിക്കാത്ത ഒരു ആരോഗ്യപ്രശ്‌നമാണ്. എന്നാല്‍ ദീര്‍ഘകാലം തുടരുന്ന ഇന്‍ഫ്‌ലമേഷന്‍ ഗുരുതര രോഗങ്ങള്‍ക്ക് വഴിവെക്കാം. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഭക്ഷണങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുകയും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ ശരീരാരോഗ്യം മെച്ചപ്പെടുത്താനും വീക്കം നിയന്ത്രിക്കാനും സാധിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.11, പൗണ്ട് - 127.66, യൂറോ - 110.03, സ്വിസ് ഫ്രാങ്ക് - 119.18, ഓസ്ട്രേലിയന്‍ ഡോളര്‍ - 66.95, ബഹറിന്‍ ദിനാര്‍ - 252.08, കുവൈത്ത് ദിനാര്‍ -308.15, ഒമാനി റിയാല്‍ - 247.39, സൗദി റിയാല്‍ - 25.32, യു.എ.ഇ ദിര്‍ഹം - 25.91, ഖത്തര്‍ റിയാല്‍ - 26.07, കനേഡിയന്‍ ഡോളര്‍ - 68.01.
Tags:
KERALA