2026 ജൂണ്‍ 12 , വെള്ളി
1201 ഇടവം 29 , അശ്വതി, ഭരണി
1447 ദുൽഹിജ്ജ 25
◾ ഇരുപത്തിമൂന്നാമത് ഫുട്‌ബോള്‍ ലോകകപ്പിന് മെക്‌സിക്കോ സിറ്റിയിലെ ആസ്റ്റക്ക സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ തുടക്കം. മെക്‌സിക്കോയുടെ സംസ്‌കാരവും ചരിത്രവും വിളിച്ചോതുന്ന നൃത്ത-നാടക പ്രകടനങ്ങളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൊളംബിയന്‍ പോപ്പ് താരം ഷക്കീറയും നൈജീരിയന്‍ ആഫ്രോബീറ്റ് താരം ബര്‍ണ ബോയിയും ചേര്‍ന്നാണ് വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മനോഹരമായ കരിമരുന്ന് പ്രയോഗം സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി.
◾ ലോകകപ്പ് 2026ലെ ആദ്യ മത്സരത്തില്‍ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്സിക്കന്‍ സംഘം തകര്‍ത്തത്. മൂന്ന് റെഡ് കാര്‍ഡുകള്‍ പിറന്ന മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ 67-ാം മിനിറ്റില്‍ റൗള്‍ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്‌സിക്കോ താരം സെസാര്‍ മൊണ്ടെസും മത്സരത്തില്‍ റെഡ് കാര്‍ഡ് കണ്ടു.
◾ ഇറാനെ ആക്രമിക്കുമെന്ന നിലപാടില്‍ നിന്ന് യുഎസ് പിന്നോട്ട്. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഇറാനെതിരെയുള്ള ആക്രമണത്തില്‍ നിന്ന് പിന്മാറുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അവസാനഘട്ട നിബന്ധനകള്‍ ഇറാന്‍ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്നും ഉടമ്പടി ഒപ്പിടുന്ന ദിവസം തന്നെ ഹോര്‍മുസ് തുറക്കുമെന്നും ചിലപ്പോള്‍ സമാധാന ഉടമ്പടിയില്‍ ഈയാഴ്ച തന്നെ ഒപ്പിട്ടേക്കുമെന്നും ട്രംപ് പറഞ്ഞു.
◾ അമേരിക്കയുമായി അന്തിമ കരാറിലെത്തിയെന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഏതെങ്കിലും തരത്തിലുള്ള കരാറിന്റെ കാര്യത്തില്‍ ടെഹ്റാന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി.
◾ വാഹനാപകടത്തില്‍ കുടുംബനാഥയുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നിര്‍ണയിക്കുമ്പോള്‍ 'കുടുംബത്തിന്റെ പരിപാലന നഷ്ടം' എന്ന ഇനത്തില്‍ പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ കണക്കാക്കണമെന്നു സുപ്രീം കോടതി വിധിച്ചു. തുക 3 വര്‍ഷത്തിലൊരിക്കല്‍ 10% വീതം വര്‍ധിപ്പിക്കണമെന്നും ജഡ്ജിമാരായ സഞ്ജയ് കരോള്‍, എന്‍.കെ.സിങ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. വീടിന്റെ പരിപാലനം, രാഷ്ട്ര പരിപാലനമാണമെന്നും സ്ത്രീയുടെ മരണത്തെ തുടര്‍ന്നു കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം നിശ്ചിത തുകയിലൊതുങ്ങുന്നതല്ലെന്നും കോടതി പറഞ്ഞു.
◾ വോട്ട് ചോരിക്ക് ശേഷം രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് സീറ്റ് ചോരിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടി മറ്റു പാര്‍ട്ടികളില്‍നിന്നും എംപിമാരെ രാജിവെപ്പിച്ച്പിന്നീട് ബിജെപി എംപിമാരാക്കി മാറ്റുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സംസ്ഥാനത്തെ പൊലീസില്‍ വന്‍ അഴിച്ചുപണി. പി.വിജയനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. ക്രമസമാധാന ചുമതലയില്‍ ഉണ്ടായിരുന്ന എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന എസ്. ശ്രീജിത്തിന് ജയില്‍ മേധാവിയായി നിയമനം. ജയില്‍ എഡിജിപിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ ബറ്റാലിയന്‍ എഡിജിപിയാകും. ഇന്റലിജന്‍സ് മേധാവിയായി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡിഐജിയാകും.
◾ വയനാടിനും കൊല്ലത്തിനും കോഴിക്കോടിനും പുറമെ തിരുവനന്തപുരത്തും ഷിഗല്ല സ്ഥിരീകരിച്ചു. തോന്നക്കല്‍ പുത്തന്‍തോപ്പ് ചാക്ക എന്നിവിടങ്ങളിലുള്ള ആറ് കുട്ടികള്‍ക്കാണ് രോഗ ബാധ സ്ഥീരികരിച്ചത്. വയനാട് കോളിയാടി സ്‌കൂളില്‍ 9 പേര്‍ക്കും കോഴിക്കോട് മൂന്ന്് പേര്‍ക്കും കൊല്ലത്ത് രണ്ട് പേര്‍ക്കും ഷിഗെല്ല ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്താകെ 20പേര്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
◾ രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട്. 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 14 കുടുംബാംഗങ്ങളും പട്ടികയിലുണ്ട്. ഹൈ റിസ്‌ക് പട്ടികയിലുള്ളവര്‍ ക്വാറന്റൈനിലാണ്.
◾ നിപ പരിശോധന ഫലത്തില്‍ അഭിപ്രായ ഭിന്നതയുമായി മന്ത്രിയും കലക്ടറും. പൂണെയില്‍ നിന്നുള്ള ഫലം ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. എന്നാല്‍, പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധന ഫലം ലഭിച്ചെന്ന് കോഴിക്കോട് കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയും വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
◾ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എം.എല്‍മാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും. ശ്യാമള, മധുസൂദനന്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ജില്ലാ ജില്ലാ കമ്മിറ്റിക്കല്ലെന്നും, മറിച്ച് കീഴ്ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ച സംസ്ഥാന നേതൃത്വത്തിനാണെന്നും ഇരുവരും ആരോപിച്ചു.
◾ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇന്ന് തിരുവനന്തപുരത്ത് എത്തും. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകിട്ട് 6 മണി വരെ കനത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകുന്നവര്‍ യാത്രകള്‍ മുന്‍കൂട്ടി ക്രമീകരിക്കണമെന്ന് പോലീസ് അറിയിച്ചു.
◾ കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലിം വിഭാഗത്തില്‍പ്പെട്ട രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. രണ്ടാഴ്ചയക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.
◾ രാജ്യത്തിന്റെ മതനിരപേക്ഷത അപകടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് വിറ്റഴിക്കുന്നു. റെയില്‍വെ, തപാല്‍ മേഖല തകര്‍ച്ചയിലാണ്. നിയമന നിരോധനമാണ് ഈ മേഖലയില്‍ നടക്കുന്നത്.എംജി സര്‍വകലാശാല വിസിയായി സംഘപരിവാറുകാരനെ നിയമിച്ചതും സെനറ്റില്‍ 19 ആര്‍എസ്എസുകാര്‍ ഉള്ളതും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആര്‍എസ്എസിന് കീഴടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.
◾ തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍. ടാങ്കറുകളില്‍ വെള്ളമെത്തിക്കാനും, ഓടകള്‍ വൃത്തിയാക്കാനും, തീരശോഷണം തടയാനും, പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനമായി.
◾ പാലാ നഗരസഭയില്‍ യുഡിഎഫില്‍ പരസ്യപ്പോര് രൂക്ഷമാകുന്നു. ചെയര്‍പേഴ്സണ്‍ ദിയ പുളിക്കകണ്ടത്തിലില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് വൈസ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാര്‍ നേതൃത്വത്തിന് കത്തയച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തി അപമാനിച്ചെന്നും കത്തില്‍ ആരോപിക്കുന്നു.
◾ ചിന്നക്കനാലില്‍ ആന കുത്തി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കാണാനെത്തി. പിണറായി വിജയന്‍ കുട്ടിയോട് സംസാരിച്ചു. കുട്ടിക്ക് ഇപ്പോഴും വേദന ഉണ്ടെന്നും അസുഖം മാറുമെന്ന ശുഭപ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ലെന്നും അദ്ദേഹം പറഞ്ഞു.
◾ രാജ്യസഭാ എംപി എഎ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. എംപിയുടെ പരാതിയെ തുടര്‍ന്നാണ് ശ്രീകാന്ത് പള്ളിക്കത്തോട്, റിയാസ് തത്തോത്ത് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
◾ നടി അന്‍സിബയ്ക്കെതിരെ കടുത്ത നീക്കവുമായി അമ്മ. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് സംഘടന. 17-ാം തിയതിക്ക് മുന്‍പായി വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന 60 വയസ്സുകാരനായ കുഞ്ഞുകൃഷ്ണനെ കാണാതായി. രണ്ട് ദിവസം മുന്‍പ് വാര്‍ഡില്‍ നിന്നും കാണാതായ ഇദ്ദേഹത്തിനായി മകന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ രോഗിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
◾ മലപ്പുറത്തും കോഴിക്കോട്ടുമായി ഇന്നലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു. മലപ്പുറം അരീക്കോട് ചോലയില്‍ വീട്ടില്‍ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഫിയ, മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഫ്നാന്‍ എന്നിവരാണ് കുളത്തില്‍ മുങ്ങി മരിച്ചത്. സ്‌കൂള്‍ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. കോഴിക്കോട് തിരുവങ്ങൂരിലെ പാറക്കുളത്തില്‍ മുങ്ങി മരിച്ചത് അത്തോളി സ്വദേശിയും വിദ്യാര്‍ത്ഥിയുമായ വിഘ്നേഷ് (16) ആണ്.
◾ തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കുട്ടിയുടെ വയറ്റില്‍ മുറിവേറ്റു. രണ്ട് സ്‌കൂളിലെ കുട്ടികളാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇജാസ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
◾ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഥാര്‍ ഇടിച്ചുകയറ്റുകയും യുവതിയെയും മറ്റ് ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ സെക്ടര്‍ 51-ലുള്ള രഹേജ നവ്യ പ്രോജക്ട് എന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
◾ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്നാടിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും നീതി ആയോഗ് യോഗത്തില്‍ വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയോടുള്ള എതിര്‍പ്പും യോഗത്തില്‍ വിജയ് പരസ്യമാക്കി.
◾ പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാര്‍ട്ടി ഫണ്ടും മറ്റ് ആസ്തികളും ആര്‍ക്ക് ലഭിക്കുമെന്നതില്‍ ചര്‍ച്ച. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ഉണ്ടായ വലിയ പിളര്‍പ്പോടെ പണത്തിനും ആസ്തികള്‍ക്കും അവകാശി ആരെന്ന ചോദ്യമാണ് ഉയരുന്നത്.
◾ ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തില്‍ കടുത്ത ജലക്ഷാമം കാരണം യുവാക്കള്‍ക്ക് വിവാഹം ആലോചിക്കാന്‍ പോലും കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ വരണ്ട പൈപ്പുകളും കുടിവെള്ള ക്ഷാമവും കാരണം ഇവിടേക്ക് തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിച്ചയക്കാന്‍ മറ്റ് ഗ്രാമങ്ങളിലുള്ളവര്‍ മടിക്കുന്നതാണ് യുവാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
◾ മധ്യപ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ അപ്രതീക്ഷിത നീക്കം. ഇതോടെ കോണ്‍ഗ്രസിന്റെ നിയമപോരാട്ടം അപ്രസക്തമായി.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് പിന്നാലെ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ തള്ളി തൃണമൂല്‍ എംപി ശത്രുഘ്നന്‍ സിന്‍ഹ. പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്ന മമത ബാനര്‍ജിയെ ഒരിക്കലും വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മമതയുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ അസന്‍സോളില്‍ മത്സരിച്ചതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
◾ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ പ്രകാശ് ചിക് ബരാക് പാര്‍ട്ടിയില്‍ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവെച്ചു. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നുണ്ടായ ആഭ്യന്തര കലഹമാണ് കൂട്ടരാജിക്ക് കാരണം. ഒരാഴ്ചയ്ക്കിടെ പാര്‍ട്ടി വിടുന്ന മൂന്നാമത്തെ രാജ്യസഭാ എംപിയാണ് ഇദ്ദേഹം.
◾ ഗോവയില്‍ ഇരുപത്തിരണ്ടുകാരനായ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗോവ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതേത്തുടര്‍ന്ന് ഗോവ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, നോര്‍ത്ത് ഗോവ സൂപ്രണ്ട് ഓഫ് പോലീസ്, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു.
◾ ന്യൂസ് ക്ലിക്ക് കേസില്‍ കനത്ത തിരിച്ചടിയേറ്റത്തോടെ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ആലോചനയില്‍ ഇഡി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സി അന്വേഷണം നടത്തിയതെന്നതടക്കം കോടതി വിമര്‍ശനം ഇഡിക്കും ദില്ലി പൊലീസിനും കനത്ത പ്രഹരമാണ്. മാധ്യമസ്ഥാപനത്തിന് നേരെ നടന്ന കേന്ദ്രസര്‍ക്കാര്‍ പകപ്പോക്കലായിരുന്ന കേസ് എന്ന് തെളിഞ്ഞെന്ന് സിപിഎം പ്രതികരിച്ചു.
◾ അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരിച്ചവരുടെ 96% കുടുംബങ്ങള്‍ക്കും എയര്‍ ഇന്ത്യ 25 ലക്ഷം രൂപ വീതം ഇടക്കാല ധനസഹായം നല്‍കി. ടാറ്റാ സണ്‍സ് പ്രഖ്യാപിച്ച 1 കോടി രൂപയുടെ സഹായവും ഭൂരിഭാഗം പേര്‍ക്ക് ലഭിച്ചു. അന്തിമ നഷ്ടപരിഹാര ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും ഔദ്യോഗിക റിപ്പോര്‍ട്ടിന് ശേഷമേ വിതരണം പൂര്‍ത്തിയാകൂ.
◾ ഇറാനെതിരെ കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുടര്‍ച്ചയായ മൂന്നാം രാത്രിയും ആക്രമണം തുടരുമെന്നാണ് ട്രംപ് ഇന്നലെ അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
◾ പാകിസ്ഥാന്‍ നിയന്ത്രിത കാശ്മീരിലെ റാവല്‍കോട്ട് നഗരത്തില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ പാക് സുരക്ഷാസേന വെടിയുതിര്‍ത്തു. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം, അമിതമായ വൈദ്യുതി ബില്‍, നികുതി ഭാരം എന്നിവയ്ക്കെതിരെ മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭമാണ് ഇപ്പോള്‍ വലിയ അക്രമത്തിലും വെടിവെയ്പ്പിലും കലാശിച്ചിരിക്കുന്നത്.
◾ ഒമാന്‍ തീരത്ത് എംടി ജല്‍വീര്‍ എന്ന ചരക്കുകപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീപിടുത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആഴ്ച ഒമാന്‍ തീരത്തുണ്ടാകുന്ന മൂന്നാമത്തെ കപ്പല്‍ അപകടമാണിത്.
◾ ഒമാന്‍ തീരത്ത് എം ടി ജല്‍വീര്‍ കപ്പല്‍ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് എണ്ണ കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. യുഎസ് സേന ആവര്‍ത്തിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അത് പാലിക്കാതെ വന്നതോടെയാണ് കപ്പല്‍ ആക്രമിച്ചതെന്ന് എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഈ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്, സംഭവത്തില്‍ ഇറാന്‍ യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ് നല്‍കി.
◾ ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ്എക്‌സ് ഓഹരി വിപണിയിലേക്ക് എത്തിയാല്‍, കമ്പനിയുടെ ഓഹരികള്‍ കൈവശമുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ പൊതുവിപണിയിലെ ലിസ്റ്റിങ്ങിന് ശേഷം കോടീശ്വരന്മാരാകും. കമ്പനിയിലെ നിലവിലെയും മുന്‍കാലത്തെയും 4,400ലേറെ ജീവനക്കാര്‍ക്ക് ഇത് ജീവിതം മാറ്റിമറിക്കുന്ന സാമ്പത്തിക നേട്ടം സമ്മാനിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന സ്പേസ്എക്സ്, ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 7500 കോടി ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ മൂല്യം 1.77 ലക്ഷം കോടി ഡോളര്‍ വരെ ഉയരാം. സ്പേസ്എക്സിന്റെ വളര്‍ച്ചയുടെ പ്രധാന സവിശേഷതകളിലൊന്ന് ജീവനക്കാര്‍ക്ക് ഓഹരികളും സ്റ്റോക്ക് ഓപ്ഷനുകളും നല്‍കുന്ന പ്രതിഫല സംവിധാനമാണ്. ഇലോണ്‍ മസ്‌കിന്റെ സമ്പത്തിലും വന്‍ വര്‍ധനയുണ്ടാകും. കമ്പനിയുടെ ഉയര്‍ന്ന മൂല്യനിര്‍ണയം അദ്ദേഹത്തെ ലോകത്തിലെ ആദ്യ ട്രില്യണയര്‍ പദവിയിലേക്ക് എത്തിക്കുമെന്ന ചര്‍ച്ചകളും ശക്തമാണ്.
◾ റിയല്‍മി പി4ആര്‍ ഫൈവ് ജി എന്ന പേരില്‍ ബാറ്ററി ഫ്സ്റ്റ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 8,000 എംഎഎച്ച് ശേഷിയുള്ള കൂറ്റന്‍ ബാറ്ററി ഉണ്ടെങ്കിലും ഈ ഫോണിന്റെ കനം വെറും 8.8 മില്ലീമീറ്ററും ഭാരം 224 ഗ്രാമും മാത്രമാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഫോണ്‍ മൂന്ന് ദിവസം വരെ തടസ്സമില്ലാതെ ഉപയോഗിക്കാം. കൂടാതെ, ഏഴ് വര്‍ഷത്തെ ഉപയോഗത്തിന് ശേഷവും ബാറ്ററിയുടെ ഹെല്‍ത്ത് 80 ശതമാനത്തിന് മുകളില്‍ നിലനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. എച്ഡി+ (1570ഃ720 പിക്സല്‍) റെസല്യൂഷനും, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണുള്ളത്. 400 ശതമാനം വരെ ശബ്ദം നല്‍കാന്‍ ശേഷിയുള്ള ഒരു സിംഗിള്‍ ലീനിയര്‍ സ്പീക്കറും ഇതിലുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസ്സറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 18,999 രൂപ മുതല്‍ 22,999 രൂപ വരെയാണ് വില. തുടക്കത്തില്‍ വാങ്ങുന്നവര്‍ക്ക് 2,000 കിഴിവ് ലഭിക്കും.
◾ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ സൂര്യയുടെ കരിയറിലുണ്ടായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു 'കറുപ്പ്'. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമിപ്പോള്‍ ഒടിടിയിലേക്ക് എത്തുകയാണ്. 300 കോടി രൂപയിലധികം ലോകവ്യാപകമായി കളക്ഷന്‍ നേടിയ ചിത്രം ജൂണ്‍ 12 ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ഒടിടിയിലെത്തുന്നത്. നടന്‍ ഇന്ദ്രന്‍സും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. തമിഴിന് പുറമേ, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ ലഭ്യമാകും. നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സായ് അഭ്യങ്കാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
◾ തിയറ്റര്‍ റിലീസിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ മലയാള ചിത്രമായ 'പൊങ്കാല' ഒടിടിയിലേക്ക്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്. യാമി സോനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജൂണ്‍ 12 മുതല്‍ ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷന്‍ രംഗങ്ങളാലും ശ്രദ്ധേയമാണ്. ബാബുരാജ്, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
◾ പുതിയ മോഡലായ നുവോളാരി ഔദ്യോഗികമായി പുറത്തിറക്കി ഔഡി. ഇതിഹാസ ഇറ്റാലിയന്‍ റേസിങ് ഡ്രൈവര്‍ ടാസിയോ നുവോളാരിയുടെ പേരിലുള്ള ഈ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ലോകമെമ്പാടും വെറും 499 യൂണിറ്റുകളായി പരിമിതപ്പെടുത്തും. വില ഏകദേശം 5.8 കോടി രൂപ മുതല്‍ ആരംഭിക്കും. വലിയ എയര്‍ ഇന്‍ടേക്കുകള്‍, ആക്ടീവ് എയറോഡൈനാമിക് ഘടകങ്ങള്‍, ഒരു വലിയ റിയര്‍ ഡിഫ്യൂസര്‍, കാര്‍ബണ്‍-ഫൈബര്‍-ഇന്റന്‍സീവ് ബോഡി സ്ട്രക്ച്ചര്‍ എന്നിവയാണ് ഹൈലൈറ്റുകള്‍. മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി കണക്ട് ചെയ്ത 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിനാണ് നുവോളാരിക്ക് കരുത്ത് പകരുന്നത്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 987 ബിഎച്പി സംയോജിത പവര്‍ ഔട്ട്പുട്ട് വികസിപ്പിക്കുന്നു. വി8 യൂണിറ്റ് മാത്രം ഏകദേശം 800 ബിഎച്പി പവര്‍ ഉത്പാദിപ്പിക്കും. ഏകദേശം 2.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 349 കിലോമീറ്ററാണ്.
◾ ഫ്‌ലാറ്റ് ദല്ലാളുകളും അലഞ്ഞുതിരിയുന്ന അജ്ഞാതരും അക്വിസിഷന്‍ സര്‍വ്വേച്ചങ്ങലകളും ആര്‍ത്തലയ്ക്കുന്ന നഗരത്തിരക്കിനിടയിലുള്ള ഇലവന്‍സ് ലേ ഔട്ടിലേക്ക് അഭയാര്‍ത്ഥിയായി എത്തിപ്പെടുന്ന പ്രാണ്‍ എന്ന കറുത്ത തെരുവുനായുടെ കോളനീവത്കരണത്തിന്റെ അധിനിവേശത്തിനെതിരെ കരിങ്കൊടിയുടെ പ്രതിരോധം തീര്‍ക്കുന്ന രചന . ഒപ്പം മാനുഷികതയെന്നു തെറ്റിദ്ധരിക്കപ്പെട്ട മഹനീയതയുടെ സാന്നിദ്ധ്യമറിയാന്‍ മനുഷ്യനെയും മൃഗത്തേയും വെച്ചു നടത്തുന്ന ഒരു ലിറ്റ്മസ്സ് ടെസ്റ്റുകൂടിയാണിത്. 'കരിങ്കൊടി'. കെ. രഘുമാഥന്‍. മാതൃഭൂമി. വില 234 രൂപ.
◾ മഴക്കാലത്ത് ചെളിവെള്ളത്തിലൂടെയുള്ള നടത്തം മൂലം പാദങ്ങളില്‍ ഫംഗല്‍ അണുബാധ സാധാരണമാണ്. വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തില്‍ കാണുന്ന അസുഖമാണ് ഫംഗല്‍ അണുബാധ. നമ്മുടെ പാദങ്ങളില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകള്‍ക്കിടയില്‍ ചൊറിച്ചിലും വേദനയും വീക്കവുമൊക്കെയാണ് ലക്ഷണങ്ങള്‍. വായു സഞ്ചാരമില്ലാത്ത, മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫംഗല്‍ അണുബാധ കണ്ടുവരുന്നത്. കാലുകള്‍ കഴുകിയതിനു ശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയില്‍ ടാല്‍ക്കം പൗഡര്‍ ഇടാവുന്നതാണ്. ചെരിപ്പുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. നഖങ്ങള്‍ കൃത്യമായി വെട്ടി സൂക്ഷിക്കുക. എക്‌സിമ ഉള്ളവര്‍ മഴക്കാലത്ത് കുളിക്കാന്‍ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കുക. ശക്തയായി ചര്‍മം ഉരച്ചു കഴുകുന്നത് ഒഴിവാക്കുക. കാരം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞ ഉടന്‍ മോയ്‌സ്ചറൈസിങ് ക്രീം പുരട്ടാം. വിരലുകള്‍ക്കിടയിലും മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുക. പ്രമേഹരോഗികളിലും കുട്ടികളിലും ബാക്ടീരിയ മൂലമുള്ള അണുബാധ കൂടുതലായി കാണാറുണ്ട്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങള്‍, പോഷകക്കുറവുള്ളവര്‍, പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവരില്‍ ഇത്തരം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ബാക്ടീരിയ അണുബാധ ഉള്ളവര്‍ ചെളിയുള്ള വെള്ളത്തില്‍ ചവിട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക. കാലുകളില്‍ ചെറിയ മുറിവുണ്ടങ്കില്‍ അത് ഉണങ്ങുന്നതു വരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
കച്ചവടത്തിനുളള സാധനങ്ങളുമായി കര്‍ഷകന്‍ കാളവണ്ടിയില്‍ പട്ടണത്തിലേക്ക് പോവുകയാണ്. ഇടക്ക് വെച്ച് വണ്ടി ചെളിയില്‍ പുതഞ്ഞു. അയാള്‍ വണ്ടിയില്‍ നിന്നുമിറങ്ങി ചുറ്റും നോക്കി. സഹായത്തിന് ആരേയും കണ്ടില്ല. തന്റെ ദുര്‍വിധിയേയും മോശം റോഡിനേയും അയാള്‍ പഴിച്ചു. ദൈവം പോലും തന്നെ ഉപേക്ഷിച്ചല്ലോ എന്ന് പരിഭവിച്ച് മണ്ണില്‍ താഴ്ന്ന ചക്രത്തെ ദേഷ്യത്തോടെ പലതവണ തൊഴിച്ചു. കാല് വേദനിച്ചായി പിന്നത്തെ നിലവിളി. അപ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ട് ചോദിച്ചു: നിങ്ങള്‍ ആ ചക്രമൊന്ന് ഉയര്‍ത്താന്‍ ഒരു തവണയെങ്കിലും ശ്രമിച്ചോ? അപ്പോഴാണ് അയാളും അതോര്‍ത്തത്. ഉടന്‍ കാളയെ ഉപയോഗിച്ച് ചക്രമുയര്‍ത്താന്‍ അയാള്‍ ശ്രമിച്ചു. അത് ഫലം കണ്ടു.. സമ്മര്‍ദ്ദത്തിലാകുന്ന സമയത്ത് നമ്മള്‍ വേണ്ടാത്തതെല്ലാം ചെയ്യും. വേണ്ടതൊന്നും ചെയ്യില്ല. ആകസ്മികതകളുടെ മുന്നില്‍ പകച്ചുനില്‍ക്കുന്നതിലോ, പരിഭ്രാന്തരാകുന്നതിലോ അര്‍ത്ഥമില്ല. എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും ആത്മനിയന്ത്രണത്തോടെ തീരുമാനിക്കുന്നതാണ് പ്രധാനം. ശ്രമിച്ചാല്‍ വഴിയുണ്ടാകും - ശുഭദിനം.
Tags:
KERALA