Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂണ്‍ 5, വെള്ളി 
1201 | ഇടവം 22 , തിരുവോണം

◾  മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും. സിഎംആര്‍എല്‍ അപ്പീല്‍ തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ രണ്ട് ആഴ്ചത്തേക്ക് ഉത്തരവ് തടയണമെന്ന സിഎംആര്‍എല്‍ അഭിഭാഷകന്റെ ആവശ്യവും തള്ളി. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താന്‍ കഴിയില്ല എന്ന സിഎംആര്‍എല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

◾  സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. ഈ സീസണിലെ ആദ്യ റെഡ് അലര്‍ട്ട് ആണിത്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

◾  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നേരെ മുനവെച്ച വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്നും നേതാക്കള്‍ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും വിനോദിനി വ്യക്തമാക്കി. ഡിസി ബുക്‌സിന്റെ പച്ചക്കുതിര' മാസികയിലെ അഭിമുഖത്തിലാണ് വിനോദിനി ബാലകൃഷ്ണന്റെ തുറന്ന് പറച്ചില്‍. കേരളത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറയുന്നുണ്ട്.



◾  മുസ്ലിംലീഗ് എംഎല്‍എ ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. വിശ്വാസമില്ലാതെ ആചാരങ്ങള്‍ നിര്‍വഹിക്കുന്നതിന് കുഴപ്പമില്ലെന്ന് ന്യായീകരിക്കുന്ന ആളുകള്‍ കൂട്ടത്തില്‍ ഉണ്ടെന്നും ഒരു മുസ്ലിം അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അത് ഇസ്ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

◾  നിലവിളക്ക് വിവാദത്തില്‍  പ്രതികരണവുമായി സമസ്ത. മത വിശ്വാസികള്‍ ഇതര മത ആചാരങ്ങളില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും നിലവിളക്ക് കത്തിക്കല്‍ ഒരു മത ആചാരവുമായി ബന്ധപ്പെട്ടതാണെന്നും മതവുമായി ബന്ധിക്കാതെ നിലവിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ലെന്നും സമസ്ത വിശദീകരിച്ചു. തെഹ്ലിയ നിലവിളക്ക് കത്തിച്ചതും, മന്ത്രി ഷംസുദ്ധീന്‍ കത്തിക്കാതെ മാറി നിന്നതിലുമാണ് പ്രതികരണം.

◾  സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മറ്റ് സ്റ്റേഷനുകള്‍ സര്‍ക്കിള്‍ പദവിയില്‍ മാറ്റാന്‍ ശുപാര്‍ശ. 212 സര്‍ക്കിള്‍ രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചര്‍ച്ച ചെയ്താണ് തീരുമാനം. 484 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.

◾  മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരണമെന്ന ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

◾  കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിന് പിന്നില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ഇക്കാര്യം ഇപ്പോള്‍ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേസില്‍ വിജിലന്‍സ് അന്വേഷണമോ സിബിഐ അന്വേഷണമോ വന്നാല്‍ പിണറായി വിജയന്‍ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

◾  മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആരോപിച്ചു . സതീശന്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ കരിമണല്‍ കമ്പനിയുടെ പണം കൈപ്പറ്റിയവരാണ്.  കേന്ദ്ര ഏജന്‍സികള്‍ ഇതും അന്വേഷിക്കണം. സംസ്ഥാന  പൊലീസ് ഈ കേസ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾  സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. സര്‍ക്കാരിന്റെ യഥാര്‍ത്ഥ സാമ്പത്തികാവസ്ഥ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

◾  സിപിഎം നേതൃത്വത്തിനെതിരെയുള്ള കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍. വിമര്‍ശനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും അവരോട് തന്നെ ചോദിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

◾  മിഠായി വിതരണ വിവാദത്തില്‍ വി മുരളീധരന്‍ എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെഎ തുളസി. എംഎല്‍എയുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നുവെന്നും ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു .

◾  കുട്ടികള്‍ക്ക് മിഠായി ഡസ്‌കില്‍ വിതറി നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് വി മുരളീധരന്‍. ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണെന്നും അവര്‍ക്കെന്തെങ്കിലും പറയണമെന്നും ജനങ്ങള്‍ക്കിടയില്‍ താന്‍ ജാതീയത ഉണ്ടാക്കിയെന്ന് പറഞ്ഞവര്‍ മാപ്പ് പറയണമെന്നും വി മുരളീധരന്‍ പറഞ്ഞു.

◾  താന്‍ രാജി സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകളെ അദ്ദേഹം പരിഹസിച്ചു തള്ളി. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

◾  മലപ്പുറം വഴിക്കടവ് പൂവത്തിപ്പൊയില്‍, ആനമറി പ്രദേശങ്ങളില്‍ കാട്ടാനക്കുട്ടത്തിന്റെ പരാക്രമം. രണ്ട് വീടുകളുടെ അടുക്കള ഭാഗങ്ങള്‍ ഭാഗികമായി തകര്‍ത്തു. പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി നാശവും വരുത്തി.

◾  വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാന്‍ പ്രത്യേക സംഘം. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. വടകരയിലാണ് യോഗം ചേരുക. എന്തൊക്കെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്ന് ചര്‍ച്ചയാകും.

◾  പ്രശസ്തമായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ 'ബാവലിക്കെട്ട്' എന്ന പേരില്‍ പുതിയൊരു ആചാരം കെട്ടിച്ചമയ്ക്കാന്‍ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. ക്ഷേത്രത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

◾  അളിയന്റെ നിയമന' വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തില്‍ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണെന്നും മന്ത്രി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റായ നേതാവാണ് ബെന്നി തോമസ്. തന്റെ ചീഫ് ഏജന്റ് ആയിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

◾  അഖിലേന്ത്യാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് അടക്കം നാല് പേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. സംഘാടക സമിതി വ്യാജ വൗച്ചറുകള്‍ നിര്‍മ്മിച്ച് പണം തട്ടിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.

◾  പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി. പൊലീസ് അതിക്രമത്തില്‍ മര്‍ദനമേറ്റെന്ന് പറയപ്പെടുന്ന ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി ജമീലയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടിയുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ വി.എസ്.എസ്.സി.യിലെ ഗവേഷക വിദ്യാര്‍ത്ഥിയായ അതുല്‍ (26) മരിച്ചു. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന അമ്മ ജിഷയ്ക്ക് പരിക്കേറ്റു. തുമ്പ ശാന്തിനഗര്‍ മാര്‍ക്കറ്റിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.

◾  പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാറശാല മുരിയങ്കര സ്വദേശി അരുണ്‍ എന്ന് വിളിക്കുന്ന അച്ചു( 29)വിനെ 58 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുവാനും വിധിച്ചു. നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ. എം. സുജയാണ് പ്രതിയെ ശിക്ഷിച്ചത്.

◾  പാലക്കാട് മണ്ണാര്‍ക്കാട് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചു പോയ സംഭവത്തില്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ക്രമക്കേടുകള്‍ കണ്ടെത്തിയ എട്ടോളം വാഹനങ്ങള്‍ക്കെതിരെ കേസെടുത്ത് 30,000 രൂപ പിഴ ചുമത്തിയതായി മണ്ണാര്‍ക്കാട് മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ പിഎം രവികുമാര്‍ അറിയിച്ചു.

◾  തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ബിജെപിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അണ്ണാമലൈ രാജിവച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ അറിയിച്ചു.

◾  കെ അണ്ണാമലൈയുടെ രാജിയില്‍ പ്രതികരണവുമായി ബിജെപി. അണ്ണാമലൈ രാജിവെച്ചതില്‍ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി എന്നും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. പ്രത്യയശാസ്ത്രത്തില്‍ ആണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾  തമിഴ്നാട്ടിലെ രാജ്യസഭാ സീറ്റിലേക്ക് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ വാദം സിപിഎം തള്ളി. ഈ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും സഖ്യകക്ഷികള്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

◾  ചെന്നൈയിലെ തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ആസ്ഥാനത്തുനിന്ന് ഔദ്യോഗിക വിവരങ്ങള്‍ അടങ്ങിയ 18 ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ കൂടുതല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ കരാറുകാര്‍ക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ സൈബര്‍ ക്രൈം വിഭാഗവും തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് വിജിലന്‍സും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

◾  കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങള്‍ക്കകമാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

◾  കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ അതൃപ്തി അറിയിച്ച് കെഎച്ച് മുനിയപ്പ കൂടി രംഗത്തെത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ വാദം. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്നാണ് മുനിയപ്പയുടെ ആവശ്യം.

◾  ബീഹാറിലെ 'ഗോള്‍ഡ്മാന്‍' എന്നറിയപ്പെടുന്ന ഇന്ദ്രജീത് കുമാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന മാനിച്ച് സ്വര്‍ണ്ണം വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തി. രാജ്യതാല്‍പ്പര്യം മാനിച്ച് തന്റെ 12 കോടിയുടെ സ്വര്‍ണ്ണ നിക്ഷേപം രാജ്യത്തിന് സംഭാവന ചെയ്യാനും താന്‍ തയ്യാറാണെന്ന് 26-കാരനായ ഈ വ്യവസായി അറിയിച്ചു.

◾  ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വന്‍ തീപിടിത്തം. നോയിഡ സെക്ടര്‍ 75-ലെ 'ഐവി കൗണ്ടി' എന്ന ആഡംബര പാര്‍പ്പിട സമുച്ചയത്തിലെ ഫ്‌ലാറ്റിലും, സെക്ടര്‍ 52-ലെ ഒരു പേയിംഗ് ഗസ്റ്റ് താമസകേന്ദ്രത്തിലുമാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയും പോലീസും ചേര്‍ന്ന് തീയണച്ചു. രണ്ടിടത്തും ആളപായമോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല

◾  ഉത്തര്‍പ്രദേശിലെ ഹാപ്പൂര്‍ ജില്ലയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ധൊലാന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദെഹ്പ വിനായക്പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

◾  ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. ജൂണ്‍ 10-ന് പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായി 4399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം 'തുടര്‍ച്ചയായി' ഭരണത്തിലിരുന്ന ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് മോദി തിരുത്തിക്കുറിക്കും. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡ് മറികടന്നാണ് മോദി അപൂര്‍വ്വ നേട്ടം കൈവരിക്കുന്നത്.

◾  മുസ്ലീം ലീഗ് സ്ഥാപകന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പങ്കെടുത്തു. ട്രിപ്ലിക്കെനിലെ കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ലീഗ് നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം പങ്കാളികളായി.

◾  തൃണമൂല്‍ കോണ്‍ഗ്രസിന്റെ മരവിപ്പിച്ച കമ്മിറ്റികള്‍ ഉടന്‍ പുന:സംഘടിപ്പിക്കണമെന്ന് ഋതബ്രത പക്ഷം. അംഗീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നീക്കം. ചിഹ്നത്തിലടക്കം അവകാശ വാദം ഉന്നയിക്കും. നേതാവെന്ന നിലയില്‍ മമത ബാനര്‍ജിയെ അംഗീകരിക്കുമെന്നും അഭിഷേക് ബാനര്‍ജിയെ നേതാവായി കാണാനാവില്ലെന്നും ഋതബ്രത ബാനര്‍ജി വ്യക്തമാക്കി.

◾  ഇന്ത്യ സഖ്യ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ഡിഎംകെയുടെ അടുത്ത നീക്കങ്ങളില്‍ ആകാംക്ഷയേറി. ഇന്ത്യ സഖ്യത്തില്‍ സജീവമാകാന്‍ തൃണമൂല്‍ ശ്രമിക്കുമ്പോള്‍ ബിജെപി പാളയത്തിലേക്ക് കൂടുമാറണോയെന്നതില്‍ രണ്ട് തട്ടിലാണ് ഡിഎംകെ.

◾  കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ നടക്കാനിരിക്കെ ജാഗ്രത കര്‍ശനമാക്കി ദില്ലി പൊലീസ്. ഇന്ത്യയിലേക്ക് തിരിച്ചെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും സ്ഥാപകന്‍ അഭിജിത് ദീപ്‌കേ പറഞ്ഞു. സിപിഐ അടക്കം രാഷ്ട്രീയ പാര്‍ട്ടികളും പ്രമുഖരും കൂട്ടായ്മക്ക് പിന്തുണ അറിയിച്ചു.

◾  ആന്ധ്രാപ്രദേശില്‍ ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് പാര്‍ട്ടി ഉപേക്ഷിച്ചു. ഈ സീറ്റ് അണ്ണാമലൈക്ക് വേണ്ടി മാറ്റിവെച്ചതായിരുന്നു. പുതിയ തീരുമാനപ്രകാരം ആന്ധ്രയിലെ നാല് സീറ്റുകളില്‍ മൂന്നെണ്ണം ടിഡിപിക്കും ഒരെണ്ണം ജനസേനയ്ക്കും നല്‍കും.

◾  വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കയുടെ നയങ്ങളെ ചൂഷണം ചെയ്യുകയാണെന്നും വന്‍തോതില്‍ നികുതി ഈടാക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ തന്റെ നയങ്ങള്‍ ഇതിനെ തിരുത്തുന്നതാണെന്നും, മോദി നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.

◾  ഇന്ത്യയെ വിശ്വസ്തവും പ്രധാനപ്പെട്ടതുമായ ഒരു 'ആഗോള ശക്തി' എന്ന് വിശേഷിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ ഒന്നാണെന്ന് പുടിന്‍ വിലയിരുത്തി. ഇന്ത്യയും റഷ്യയും തമ്മില്‍ സവിശേഷവും തന്ത്രപ്രധാനവുമായ പങ്കാളിത്തമാണ് ഉള്ളതെന്ന് പുടിന്‍ ആവര്‍ത്തിച്ചു.

◾  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1-ല്‍ വന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍. യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധികള്‍ക്ക് ശേഷം വ്യോമഗതാഗതം പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നവീകരണം.

◾  ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെര്‍മിനലുകളിലൊന്നായ 'മിന അല്‍ ഫഹല്‍'ടെര്‍മിനലിന് സമീപം വന്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് ഈ ടെര്‍മിനലില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാന്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

◾  ഒമാനിലെ ഫഹല്‍ തുറമുഖത്ത് സ്‌ഫോടനം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് ഒമാന്‍ ഓയില്‍ ഡെവലപ്പ്‌മെന്റ് കമ്പനി അറിയിച്ചു. അതേസമയം, കുവൈത്ത് വിമാനത്താവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു

◾  അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാനെതിരെ വീണ്ടും പൂര്‍ണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ്. നിലവിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സൈനിക നടപടികളിലേക്ക് കടക്കാനുള്ള തന്റെ ഏക 'റെഡ് ലൈന്‍' യുഎസ് സൈനികരുടെ ജീവനാണെന്നും ട്രംപ് വ്യക്തമാക്കി.

◾  ഇസ്രയേല്‍ ലെബനന്‍ സമാധാന കരാര്‍ തള്ളി സായുധ സംഘടനയായ ഹിസ്ബുല്ല. ഇസ്രായേലും ലെബനനും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി അവഗണിക്കുകയാണെന്നും അപമാനകരമായ കരാറിനെ ലെബനന്‍ ജനത തള്ളുമെന്നുമാണ് ഹിസ്ബുല്ല നേതൃത്വത്തിന്റെ പ്രഖ്യാപനം.

◾  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു. അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന്‍പിങ് ഉത്തര കൊറിയയില്‍ എത്തുന്നത്. ചൊവ്വാഴ്ച മടങ്ങും. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് രാജ്യങ്ങളുടെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

◾  യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യുക്രൈന്‍. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് എഴുതിയ തുറന്ന കത്തിലൂടെയാണ് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി ഇക്കാര്യം ആവശ്യപ്പെട്ടത്. പുടിന്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സെലന്‍സ്‌കി തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

◾  രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റീപ്പോ റേറ്റില്‍ നിലവില്‍ യാതൊരുവിധ മാറ്റവും വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ധനനയ അവലോകന സമിതി യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണ്ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഈ സുപ്രധാന പ്രഖ്യാപനം ചെയ്തത്. ഇതനുസരിച്ച് റീപ്പോ റേറ്റ് മുന്‍പത്തെപ്പോലെ 5.25 ശതമാനമായി തന്നെ തുടരും. തുടര്‍ച്ചയായ നാലാം തവണയാണ് റിസര്‍വ് ബാങ്ക് റീപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ഒരേ നിലപാടില്‍ മുന്നോട്ട് പോകുന്നത്. മറ്റു പ്രധാന നിരക്കുകളായ എംഎസ്എഫ് 5.50 ഉം എസ്ഡിഎഫ് അഞ്ചും ശതമാനത്തില്‍ തുടരും. ജിഡിപി വളര്‍ച്ച ഈ വര്‍ഷം 6.6 ശതമാനമാകും. നേരത്തേ പ്രതീക്ഷിച്ചത് 6.9 ശതമാനമായിരുന്നു. ഒന്നാം പാദത്തില്‍ 6.7, രണ്ടില്‍ 6.3, മൂന്നില്‍ 6.5, നാലാം പാദത്തില്‍ 6.8 ശതമാനം എന്നിങ്ങനെയാകും വളര്‍ച്ച. ചില്ലറ വിലക്കയറ്റം ഇക്കൊല്ലം 5.1 ശതമാനമാകും എന്നു റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു നേരത്തേ പ്രതീഷിച്ചത് 4.6 ശതമാനമായിരുന്നു.

◾  ബാങ്ക് അക്കൗണ്ടില്‍ പണമില്ലെങ്കിലും ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് ധൈര്യമായി സാധനങ്ങള്‍ വാങ്ങാം. പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ഭാരത്പേ, ഉപഭോക്താക്കള്‍ക്കായി 'ഭാരത്പേ ഫ്‌ളെക്‌സ്' എന്ന പേരില്‍ പുതിയ ക്രെഡിറ്റ്-ഓണ്‍-യുപിഐ സേവനം അവതരിപ്പിച്ചു. യെസ് ബാങ്കുമായി സഹകരിച്ചാണ് കമ്പനി ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലൂടെ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കകം ഈ ക്രെഡിറ്റ് ലൈന്‍ ലഭ്യമാകും. ബില്ലിംഗ് സൈക്കിള്‍ അനുസരിച്ച് കൃത്യമായി തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് 45 ദിവസം വരെ പലിശരഹിത കാലാവധി ലഭിക്കും. ആദ്യം ഭാരത്പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം, 'ഭാരത്പേ ഫ്‌ളെക്‌സ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗും കെവൈസി പ്രക്രിയയും പൂര്‍ത്തിയാക്കുന്നതോടെ നിങ്ങള്‍ക്ക് അനുവദിച്ച ക്രെഡിറ്റ് ലൈന്‍ യു.പി.ഐ-യുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതിനുശേഷം നിങ്ങളുടെ യു.പി.ഐ പിന്‍ സെറ്റ് ചെയ്ത് പണമിടപാടുകള്‍ നടത്താന്‍ ആരംഭിക്കാവുന്നതാണ്.

◾  വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിഗ്മ'. സുന്ദീപ് കിഷന്‍ ആണ് നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ സിഗ്മയുടെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു.

◾  പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍ - വിപിന്‍ദാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'സന്തോഷ് ട്രോഫി'യുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരെഭിച്ചു. ചിത്രത്തിലെ പ്രധാന താരമായി എത്തുന്നത് ജോമോന്‍ ജ്യോതിര്‍ ആണെന്ന പ്രഖ്യാപന പോസ്റ്റര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'സന്തോഷ് ട്രോഫി' ക്ക് ഒരു പുതിയ മുഖം എന്നാണ് പോസ്റ്ററില്‍ പറയുന്നത്. 'ഗുരുവായൂരമ്പലനടയില്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫനുമായുള്ള ചേര്‍ന്നുള്ള വിപിന്‍ദാസിന്റെ ആദ്യ ചിത്രവും. സന്തോഷ് ട്രോഫിയിലൂടെ 60 പുതുമുഖങ്ങള്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. അഭിനയത്തിലും സംവിധാനത്തിലും അണിയറയിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന മാജിക് ഫ്രെയിംസ് സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊര്‍ജ്ജം കൊണ്ടുവരികയാണ് . ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്‍ വിപിന്‍ദാസിന്റെതാണ്.

◾  ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യൂവല്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. മാരുതിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ വകഭേദമായി വാഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ എന്ന പേരിലാണ് പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഈ പുതിയ ഇന്ധന സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ രീതിയില്‍ കാറിന്റെ നിലവിലുള്ള പെട്രോള്‍ എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് വഴി ഇ20 മുതല്‍ ഇ85 വരെയുള്ള എഥനോള്‍ മിശ്രിതങ്ങളില്‍ ഈ കാറിന് ഓടാന്‍ സാധിക്കും. 85 ശതമാനവും എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ വാഹനം ഓടും എന്ന് സാരം. ഇതില്‍ 15 ശതമാനം മാത്രമായിരിക്കും പെട്രോളിന്റെ അളവ്. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.

◾  ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവല്‍. മാര്‍കേസിനും എം.ടി.ക്കും പ്രചോദനമായ വില്യം ഫോക്നറുടെ കൃതി. കാലദേശങ്ങളുടെ അടരുകള്‍ അലിയിപ്പിച്ച്, സ്വപ്നവിഭ്രാന്തിക്കിടയില്‍ യാഥാര്‍ഥ്യത്തെ ചേര്‍ത്തുവയ്ക്കുന്ന അസാധാരണമായ രചനാഘടനയാണ് ഈ നോവലിനുള്ളത്. ലോക ക്ലാസ്സിക്കുകളില്‍ത്തന്നെ മലയാളത്തില്‍ അധികമാരും ചര്‍ച്ച ചെയ്യാന്‍ ധൈര്യപ്പെടാത്ത കൃതിയുടെ ആദ്യത്തെ മലയാളപരിഭാഷ. ഈ നോവല്‍ വായിക്കുമ്പോള്‍ ഓര്‍ക്കുക, ഉദാത്തമായൊരു കൃതി നിങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും കീഴടക്കിയിരിക്കുന്നു. 'ഒച്ചയും ബഹളവും'.  പരിഭാഷ - സുരേഷ് എം.ജി. പരിധി പബ്ളിക്കേഷന്‍സ്. വില 570 രൂപ.

◾  മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. മഴക്കാലത്ത് ജലദോഷ സാധ്യത കുറയ്ക്കാനും രോഗങ്ങള്‍ വിട്ടുപോകാനും ഇവ സഹായിക്കും. ഇഞ്ചിക്ക് നമ്മുടെ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താന്‍ സാധിക്കും. ഇഞ്ചിയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ തൊണ്ടവേദനയും ചുമയും കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളി മഴക്കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയ അലിസിന്‍ എന്ന സംയുക്തം പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും. നാടന്‍ മഞ്ഞള്‍, നല്ല ഒന്നാന്തരം ഔഷധം കൂടിയാണ്. ഇതില്‍ അടങ്ങിയ കുര്‍ക്കുമിന്‍ ആന്റിഓക്സിഡന്റ് ആയും ആന്റിഇന്‍ഫ്ലമേറ്ററി ഘടകമായും പ്രവര്‍ത്തിക്കുന്നു. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ മികച്ചതാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തണുപ്പ്, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ രാത്രി സമയത്ത് തൈര് കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശേഷി മെച്ചപ്പടുത്തും. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും സഹായകരമാണ്. കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയ മസാലകള്‍ മഴക്കാലത്ത് ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.21, പൗണ്ട് - 128.05, യൂറോ - 110.84, സ്വിസ് ഫ്രാങ്ക് - 120.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.94, ബഹറിന്‍ ദിനാര്‍ - 251.99, കുവൈത്ത് ദിനാര്‍ -308.18, ഒമാനി റിയാല്‍ - 247.59, സൗദി റിയാല്‍ - 25.35, യു.എ.ഇ ദിര്‍ഹം - 26.06, ഖത്തര്‍ റിയാല്‍ - 26.01, കനേഡിയന്‍ ഡോളര്‍ - 68.59.
Previous Post Next Post
3/TECH/col-right