കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടപ്പ് അധ്യായന വർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നിയോജകമണ്ഡലം തല പ്രവേശനോത്സവം ശ്രദ്ധേയമായി. കൊടുവള്ളി ഗവൺമെന്റ് എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി എം.എൽ.എ.യുടെ നേതൃത്വത്തിൽ ഒരുക്കിയ ‘സ്നേഹസമ്മാനം’ വിതരണം ചെയ്തു. പുതുതായി സ്കൂൾ ജീവിതത്തിലേക്ക് കടന്നുവരുന്ന കുരുന്നുകൾക്ക് പഠനത്തോടും സർഗാത്മക പ്രവർത്തനങ്ങളോടും താൽപര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്നേഹസമ്മാനം നൽകുന്നതെന്ന് എം.എൽ.എ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവം പുതിയ അനുഭവവും പ്രചോദനവുമാകുമെന്നും, അവരുടെ വിദ്യാഭ്യാസ യാത്രയ്ക്ക് മികച്ച തുടക്കമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിക്കിടെ കുട്ടികളുമായി ഏറെ സമയം ചെലവഴിച്ച എം.എൽ.എ, അവരുടെ വിശേഷങ്ങൾ പങ്കുവെക്കുകയും ആശംസകൾ നേർക്കുകയും ചെയ്തു.
ചടങ്ങിൽ എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. നിയോജക മണ്ഡലത്തിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി എം.എൽ എ ഒരുക്കിയ സ്നേഹസമ്മാന കിറ്റുകൾ അതാത് പ്രദേശത്തെ ജനപ്രതിനിധികൾ കൈമാറി.
കൊടുവള്ളിയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ. എ. ഖാദർ, സ്ഥിരംസമിതി അധ്യക്ഷ ഷബ്ന സുനീർ, കൗൺസിലർമാരായ സി.കെ.സി. റഫീഖ്, അസൈനാർ, ഷഹനിത, ഹസീന,
സ്കൂൾ പ്രധാനാധ്യാപകൻ ഫൈസൽ മാസ്റ്റർ, പി.ടി.എ. ഭാരവാഹികൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.
Tags:
KODUVALLY