Trending

സായാഹ്ന വാര്‍ത്തകള്‍.

2026  മേയ് 30, ശനി 
1201  ഇടവം 16 , വിശാഖം

◾  പിണറായി സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും അന്വേഷിച്ചു പുറത്തുകൊണ്ടു വരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തെ നിയമപരമായി നേരിടാതെ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് ആക്രമണങ്ങള്‍ അഴിച്ചുവിട്ടതുകൊണ്ടു പ്രയോജനമില്ല. ഇഡി ഉദ്യോഗസ്ഥര്‍ വന്നതും പോയതും ആഭ്യന്തരവകുപ്പിനെ അറിയിക്കാതെയാണ്. പിന്നെയെങ്ങനെ സംരക്ഷണം നല്‍കുമെന്നും ചെന്നിത്തല.

◾  മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളില്‍ എന്‍ഐഎ പരിശോധന. തിരൂരങ്ങാടിയില്‍ ലോറി നിറയെ സ്ഫോടകവസ്തുക്കള്‍ എത്തിയ സംഭവത്തെത്തുടര്‍ന്നാണ് മലപ്പുറത്തെ തിരൂരങ്ങാടിയില്‍ ഹോളോബ്രിക്സ് ഗോഡൌണിലും വണ്ടൂരിലുള്ള വീട്ടിലും പരിശോധന നടത്തിയത്. കാസര്‍കോട്ട് കടുമേനി സ്വദേശി ജോര്‍ജിന്റെ വീട്ടില്‍ നിന്ന് അഞ്ചുവര്‍ഷം പഴക്കമുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടി.

◾  എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതുവരെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാനായില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഐയുമായുള്ള തര്‍ക്കം രൂക്ഷമായതാണ് യോഗം വിളിക്കുന്നതിന് സിപിഎം മടിക്കുന്നത്.




◾  അമ്പതു വയസു കഴിഞ്ഞ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകള്‍ എഴുതേണ്ടെന്ന ഇളവിന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും അര്‍ഹരെന്ന് ഹൈക്കോടതി. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യതകളും ചുമതലകളും സമാനമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.എം. മനോജിന്റെ ഉത്തരവ്.

◾  സംസ്ഥാനത്തെ ആംഗന്‍വാടികളിലെ പ്രവേശനോല്‍സവത്തില്‍ അനേകം കുഞ്ഞുങ്ങള്‍ മാതാപിതാക്കളുമൊത്തു പങ്കെടുത്തു. തിങ്കളാഴ്ചയാണു സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശനോല്‍സവം. അറ്റകുറ്റപ്പണികളും ശുചീകരണവും പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജമായി. കുട്ടികള്‍ക്കു പുത്തനുടുപ്പുകളും ബാഗും കുടകളുമായി മാതാപിതാക്കളും സജ്ജം.

◾  കേരളത്തിലെ എന്‍സിപിയിലെ പിളര്‍പ്പും പുതിയ പാര്‍ട്ടി പ്രഖ്യാപനവും എ. കെ ശശീന്ദ്രന്റെ വഞ്ചനയാണെന്ന് ആരോപിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിഎം സുരേഷ് ബാബു. പാര്‍ട്ടി പിളര്‍ത്താനാണ് എന്‍ഡിഎ ബന്ധം ആരോപിച്ചത്. മന്ത്രിയായിരുന്നപ്പോഴും എലത്തൂരില്‍ മത്സരിക്കുമ്പോഴും ശശീന്ദ്രന് ഈ ആരോപണം ഉണ്ടായിരുന്നില്ല. ശശീന്ദ്രന്റെയും തോമസ് കെ തോമസിന്റെയും സ്ഥാനാര്‍ത്ഥിത്വം സിപിഎം എതിര്‍ത്തിരുന്നന്നും അദ്ദേഹം പറഞ്ഞു.

◾  എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ജൂണ്‍ ഒമ്പതിനു കാലാവധി കഴിയുന്ന പട്ടികയില്‍ നിന്നാണ് നിയമനം നടത്തുക.

◾  പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരുമൂലം ഒരു വിഭാഗം തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലാണ്  അമൂല്യ വസ്തുക്കള്‍ കാണാതായെന്നും സുരക്ഷ വീഴ്ചയുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതെന്നു ക്ഷേത്രഭരണസമിതി. ഇതു സംബന്ധിച്ചു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജില്ല ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണ് പൊലീസ് റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ട് ഇന്നലെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

◾  അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. വൈശേരി പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തില്‍ ഹര്‍ത്താല്‍. ചാലക്കുടി - ആനമല അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. 14 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും തിങ്കളാഴ്ച ചാലക്കുടിയില്‍ ഉന്നതതല  യോഗം ചേരുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

◾  സിഎംആര്‍എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ടി വീണയുടെ ലോക്കര്‍ തുറന്നു പരിശോധിക്കാന്‍ ഇ ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു.

◾  കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റുകയാണ് അടുത്ത അഞ്ച് വര്‍ഷത്തെ പ്രധാന പ്രവര്‍ത്തന അജണ്ടയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. യുവാക്കള്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക, എല്ലാ ജില്ലകളിലും ടെക് ഹബ്ബുകള്‍ സ്ഥാപിക്കുക തുടങ്ങിയ അഞ്ച് അജണ്ടകളാണ് രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുവച്ചത്.

◾  ബിജെപിയുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെന്നതിനു തെളിവാണ് കെ റെയിലിനു ബദലായി അതിവേഗ റെയില്‍ പദ്ധതി കൊണ്ടുവരാനുള്ള നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷത്തായതിന്റെ പേരില്‍ അതിവേഗ റെയില്‍ പദ്ധതിയെ എതിര്‍ക്കില്ല. പദ്ധതി വരണം എന്നതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി നിലവില്‍ വരും. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31 അര്‍ധരാത്രി വരെയാണ്.

◾  നടി അന്‍സിബ നല്‍കിയ പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടര്‍ നടപടികള്‍ എടുക്കാന്‍ പൊലീസ്. നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐയ്ക്കുമെതിരെ കേസെടുക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം.

◾  വടകരയില്‍ നിക്ഷേപം തിരിച്ച് കിട്ടാത്തതിനാല്‍ വയോധികന്‍ ഇബ്രാഹിം കുട്ടി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ ഡിസിസി സെക്രട്ടറി സുധീര്‍ കുമാറിനെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മഹബൂബ് ആവശ്യപ്പെട്ടു.

◾  പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ പുറത്തിറക്കില്ല. പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. ആറ് പ്രതികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടപരോള്‍ വിവാദമായത്.

◾  തിരുവനന്തപുരത്തെ വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജില്‍ മദ്യപസംഘത്തിന്റെ ആക്രമണം. ആക്രമണത്തില്‍ ചെങ്കോട്ടുകോണം സ്വദേശി അല്‍ അമീന്‍ എന്ന വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. കോളേജ് ആനുവല്‍ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്നാണ് കേസ്.

◾  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി പാര്‍വതി എന്ന 73കാരിയുടെ ശസ്ത്രക്രിയയ്ക്കിടെ  കാലിലെ ഞരമ്പ് മുറിഞ്ഞെന്ന ചികിത്സാ പിഴവ് ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യകതയും ഭവിഷ്യത്തും ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  സംസ്ഥാനത്തെ എക്സൈസ് നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എക്സൈസ് മന്ത്രി എം. ലിജു. ഉദ്യോഗസ്ഥര്‍ ആവശ്യമായ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഹരി വിപത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'വിമുക്തി' പദ്ധതിയെ കൂടുതല്‍ ജനകീയമാക്കാനാണ് തീരുമാനം.

◾  ശബരിമല കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്നു റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്കു ലഭിച്ച ശാസ്ത്രീയ റിപ്പോര്‍ട്ടിലാണ് ഈ സൂചന. തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് സാമ്പിള്‍ പരിശോധന ഫലങ്ങളാണ് കൈമാറിയത്. ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപാളി എന്നിവയില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്.

◾  കൊച്ചിയില്‍ മദ്യലഹരിയില്‍ പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ചു യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘത്തിനു നേരെ ഇന്ന് പുലര്‍ച്ചെയായിരുന്നു യുവാക്കളുടെ ആക്രമണം. ആക്രമണത്തില്‍ പോലീസുകാരന്റെ കൈവിരലിന് പരിക്കേറ്റു. നെന്‍മാറ സ്വദേശി ഷംസുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ അല്‍ത്താഫ്, അജ്മല്‍, കൊല്ലം സ്വദേശി ജിനീഷ്, വയനാട് സ്വദേശി അക്ഷയ് എന്നിവരെയാണു പിടികൂടിയത്.

◾  എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും തമ്മില്‍ വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 നാണ് വിവാഹം. തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ അധ്യാപികയാകാന്‍ വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്.

◾  കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകുന്നേരം 5.15 ന്. ജി. പരമേശ്വരയും കെ.ജെ. ജോര്‍ജും അടക്കം ഒമ്പതു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണറുമായി ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി.

◾  നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച തടയാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചെന്ന് എന്‍ടിഎ. അടുത്ത കൊല്ലം കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാകുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിക്കും. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്ന രീതിയും മാറുമെന്ന് എന്‍ടിഎ മേധാവി പാര്‍ലമെന്ററി സമിതിയോട് വ്യക്തമാക്കി.

◾  നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന്  സിബിഐ. ഇതിനായുള്ള പോര്‍ട്ടല്‍ തയ്യാറാക്കിയത് ഐഐടിയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ്.

◾  ദൈവത്തിനു മുന്നില്‍ എല്ലാ വിശ്വാസികളും തുല്യരാണെന്നും വിഐപികള്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ ദര്‍ശന ക്രമീകരണങ്ങള്‍ മറ്റ് വിശ്വാസികള്‍ക്ക് അസൗകര്യത്തിന് ഇടയാക്കരുതെന്നും മദ്രാസ് ഹൈക്കോടതി. വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പി ചൊക്കലിംഗം സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഈ നിരീക്ഷണം.

◾  തമിഴ്നാട് വിജിലന്‍സ് മേധാവിയായി എ.അരുണിനെ നിയമിച്ചതിനെതിരേ മദ്രാസ് ഹൈക്കോടതി. സത്യസന്ധതയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥര്‍ ഇരുന്ന പദവിയില്‍ സംശയത്തിന്റെ കണിക പോലും ഇല്ലാത്തവരെ വേണം നിയമിക്കാനെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. അരുണിനെതിരായ മറ്റൊരു കേസ് പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.

◾  കോക്രോച്ച് ജനത പാര്‍ട്ടിയെക്കുറിച്ച് പ്രതികരണവുമായി ആര്‍എസ്എസ്. ജനാധിപത്യ സംവിധാനത്തില്‍ തുറന്ന സംവാദങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും സാധാരണമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖായ സുനില്‍ അംബേക്കര്‍ പറഞ്ഞു.

◾  ഗ്രൗണ്ട് കാമ്പെയ്ന്‍ ആരംഭിച്ച്  കോക്രോച്ച് ജനതാ പാര്‍ട്ടി. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിലാണ് കാമ്പെയ്ന്‍. സാമൂഹിക പ്രശ്നങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യാന്‍ സിജെപി ആഹ്വാനം ചെയ്തു.

◾  വിജയ് കുട്ടികളെ ഉപയോഗിച്ച് വോട്ട് നേടിയെന്ന ഹര്‍ജി പരിഗണിക്കവെ, രസകരമായ പരാമര്‍ശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍. വിജയ്ക്ക് വോട്ട് ചെയ്യാന്‍ കുടുംബ ഡോക്ടറെ തന്റെ പേരക്കുട്ടി പോലും സ്വാധീനിച്ചു. വോട്ട് ചെയാന്‍ ഇറങ്ങിയപ്പോള്‍ വിജയ് മാമയ്ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതായി ജഡ്ജി പറഞ്ഞു.

◾  ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കാളികളാകാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 17 ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ 2.04 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

◾  ലാവോസില്‍ ഗുഹയില്‍ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ 10 ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയ അഞ്ചുപേരില്‍ ഒരാളെ ആണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്താനായിട്ടില്ല.

◾  ഏഷ്യന്‍ ഗെയിംസ് ഗുസ്തി സെലക്ഷന്‍ ട്രയല്‍സില്‍ നിന്നും ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ടിനെ ഒഴിവാക്കാന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടു. ട്രയല്‍സിനു ഭാര പരിശോധനയ്ക്കിടെ അരങ്ങേറിയ നാടകീയ തര്‍ക്കങ്ങള്‍ക്കൊടുവില്‍, വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ ഫെഡറേഷന്‍ അനുവദിച്ചു. നേരത്തെ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും വിനേഷിന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

◾  ഇന്ത്യയില്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം 2031ഓടെ വര്‍ധിക്കുമെന്ന് നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ട്. യു.എസ്, ചൈന തുടങ്ങിയ സാമ്പത്തിക ഭീമന്‍മാരെ തള്ളി ആഗോളതലത്തില്‍ അതിവേഗം ശതകോടീശ്വരന്‍മാര്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട്. 2026നും 2031നും ഇടയില്‍ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം 207 ല്‍ നിന്ന് 313 ആയി ഉയരും. 2021നും 2026നും ഇടയില്‍ 30 മില്യണ്‍ ഡോളറില്‍ കൂടുതല്‍ സമ്പത്തുള്ളവരുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനയുണ്ടായി. അമേരിക്ക 914, ചൈന 485 എന്നിങ്ങനെയാണ് ശതകോടീശ്വരന്‍മാരുടെ എണ്ണം. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുംബൈയാണ് ഏറ്റവും ഉയര്‍ന്ന ആസ്തിയുള്ള ആളുകള്‍ ഏറ്റവും കൂടുതലുള്ള സ്ഥലം.

◾  ആഗോള ഡിജിറ്റല്‍ രംഗത്ത് വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കി ഇന്ത്യക്ക് വന്‍ കുതിച്ചുചാട്ടം. ഐ.സി.ആര്‍.ഐ.ഇ.ആര്‍-പ്രോസസ് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് ഡിജിറ്റല്‍ ഇക്കോണമി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രകടനത്തില്‍ ലോകത്ത് നാലാം സ്ഥാനത്തും 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ഡിജിറ്റല്‍ ഇക്കോണമി 2026' റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തും ഇന്ത്യ എത്തിയിരിക്കുന്നു. എ.ഐ പ്രകടനത്തില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, യു.കെ, കാനഡ എന്നിവയെ ഇന്ത്യ മറികടന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എ.ഐ. ടാലന്റ് പൂള്‍ നിലവിലുള്ളത് ഇന്ത്യയിലാണ്. അമേരിക്ക, ചൈന, സിംഗപ്പൂര്‍ എന്നിവയാണ് ഇന്ത്യക്ക് മുന്നിലുളളത്. സോഫ്‌റ്റ്വെയര്‍ കയറ്റുമതി, ഐ.ടി സേവനങ്ങള്‍, ക്ലൗഡ് എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ വ്യാപാരത്തില്‍ ഇന്ത്യ ഏകദേശം 328 ബില്യണ്‍ യു.എസ് ഡോളറിന്റെ വരുമാനം നേടിയിട്ടുണ്ട്.

◾  ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരം നിതിന്‍ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം 'സീക്രട്ട് ഓഫ് കലിംഗ'യുടെ ടീസര്‍ റിലീസ് ആയി. മിസ്റ്ററി ഹൊറര്‍ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആത്മാവ്, പുറത്തുവരുമ്പോള്‍ ഉണ്ടാവുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ജൂണ്‍ മാസത്തില്‍ ചിത്രം തിയേറ്റര്‍ റിലീസിന് എത്തും. മാളവിക മേനോന്‍, ഉല്ലാസ് പന്തളം, മറീന മൈക്കിള്‍, അന്‍വര്‍ ഷെരീഫ്, ആദിര്‍ഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദന്‍ തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

◾  കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും പുതുചരിത്രം കുറിച്ച് 'ദൃശ്യം 3'. മലയാളത്തിന് പുറമെ ദൃശ്യത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളും കര്‍ണാടകത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ഒരാഴ്ച കൊണ്ട് കന്നഡ പതിപ്പ് മാത്രം നേടിയത് 1.18 കോടിയാണ്. ഒരു മലയാള ചിത്രത്തിന്റെ കന്നഡ പതിപ്പ് ഒരു കോടിക്ക് മുകളില്‍ ഗ്രോസ് നേടുന്നത് ഇത് ആദ്യമാണ്. മറ്റ് ഭാഷാ ചിത്രങ്ങളും പരിഗണിക്കുമ്പോള്‍ കന്നഡ പതിപ്പ് 1 കോടിക്ക് മുകളില്‍ ഗ്രോസ് നേടുന്നത് ഇത് 15-ാം തവണയുമാണ്. അതേസമയം മലയാളം ഒറിജിനല്‍ കര്‍ണാടകത്തില്‍ നിന്ന് നേടിയത് ഇതിനേക്കാളൊക്കെ ഒരുപാട് ഉപരിയാണ്. കര്‍ണാടകത്തില്‍ നിന്ന് വിവിധ ഭാഷാ പതിപ്പുകളിലൂടെ ഇതുവരെ നേടിയത് 12.31 കോടിയാണ്. കര്‍ണാടകത്തില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച നാലാമത്തെ കളക്ഷന്‍ ആണിത്. 15.83 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ലോക (14.80 കോടി), മൂന്നാം സ്ഥാനത്ത് എമ്പുരാനും (12.70 കോടി).

◾  ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വമ്പന്‍ എന്‍ട്രിയുമായി ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട. ടൊയോട്ടയുടെ ആദ്യ ഫുള്‍ ഇലക്ട്രിക് എസ്യുവി അര്‍ബന്‍ ക്രൂസര്‍ എബെല്ല പുറത്തിറക്കി. ഏറ്റവും ഉയര്‍ന്ന മോഡലായ ഇ3 വേരിയന്റിന്റെ വില 23.60 ലക്ഷം രൂപയാണ് ഈ ടോപ്പ് എന്‍ഡ് മോഡലിന്റെ എക്സ്-ഷോറൂം വില. കുറഞ്ഞ വിലയിലുള്ള ഇ1, ഇ2 വേരിയന്റുകളുടെ വിലവിവരങ്ങള്‍ ലഭ്യമല്ല. സുസുക്കിയുടെ ഇ വിറ്റാര പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എബെല്ലയുടെ ജനനമെങ്കിലും ലുക്കിലും പ്രീമിയം ഫീച്ചേഴ്സിലും ടൊയോട്ടയുടെ തനത് ഗാംഭീര്യം കാത്തുസൂക്ഷിക്കാന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. 61 കിലോവാട്ട് ബാറ്ററി പാക്കാണ് ഇതില്‍. മുന്‍ ആക്സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ 171 ബിഎച്ച്പി കരുത്തും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 543 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 45 മിനിറ്റുകൊണ്ട് ബാറ്ററി 10ല്‍ നിന്ന് 80 വരെ ചാര്‍ജ് ചെയ്യാം.

◾  ബാബയെത്തേടിയുള്ള യാത്ര, സ്വയംതേടലായി മാറിയ യുവാവിന്റെ കഥ പറയുന്ന ചിത്രവധം, ഒറ്റാന്തടിയായി നിന്നുപോയ രാഘവന്‍ മാഷിന്റെ ജീവിതം വരച്ചിടുന്ന രാഘവന്റെ ആടുകള്‍, യാഥാര്‍ത്ഥ്യവും കല്‍പ്പനയും തമ്മിലുള്ള വിഭ്രമാത്മക ബന്ധത്തിലൂടെ മുന്നേറുന്ന ഒമ്പതാംവളവ് രാജ്യം തുടങ്ങി നിര്‍മ്മലാനിലയം, സകലസ്‌നേഹത്തോടെയും ചെയ്യുന്ന പാപം, കാറല്‍ മാര്‍ക്‌സിന്റെ താടി, ഡൈല്യൂട്ടഡ് സീ, ലാ കാലേ, കിക്കിരിക എന്നിങ്ങനെ മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണത വെളിപ്പെടുത്തുന്ന ഒമ്പതു കഥകള്‍. മലയാളകഥയില്‍ പുതിയൊരു വഴി വരച്ചിടുന്ന സമാഹാരം. 'കാറല്‍ മാര്‍ക്‌സിന്റെ താടി'. ഹരികൃഷ്ണന്‍ തച്ചാടന്‍. മാതൃഭൂമി. വില 161 രൂപ.

◾  രാവിലെ ഉറക്കമുണര്‍ന്ന് ഒരു ഗ്ലാസ് ചെറുചൂടു വെള്ളം കുടിച്ച ശേഷം മെഡിറ്റേഷന്‍ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഏറെ ഗുണകരമാണ്. രാവിലെ മനസ്സ് ശൂന്യമായ അവസ്ഥയിലായിരിക്കും. ഈ സമയത്ത് മെഡിറ്റേഷന്‍ ചെയ്യുന്നത് ചിന്തകളെ ക്രമപ്പെടുത്താനും ദിവസം മുഴുവന്‍ പോസിറ്റീവ് മനോഭാവം നിലനിര്‍ത്താനും സഹായിക്കുന്നു. മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ ശരീരത്തിലെ സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ അളവ് കുറയുന്നു. ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കുന്നു. രാവിലെ സ്ഥിരമായി മെഡിറ്റേഷന്‍ ചെയ്യുന്നവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജോലി, പഠനം തുടങ്ങിയ കാര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ഇത് സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ധ്യാനം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മെഡിറ്റേഷന്‍ രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദം കുറയുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടും. സ്ഥിരമായ ധ്യാനം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. വികാരങ്ങളെ നിയന്ത്രിക്കും. രാവിലെ എഴുന്നേറ്റ ശേഷം ശാന്തമായ സ്ഥലത്ത് ഇരുന്ന് കണ്ണുകള്‍ അടച്ച് ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 5 മുതല്‍ 10 മിനിറ്റ് വരെ ഇരിക്കുക. മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ ശരീരം സുഖകരമായ നിലയില്‍ ഇരിക്കണം. നിര്‍ബന്ധിച്ച് കൂടുതല്‍ സമയം ചെയ്യേണ്ടതില്ല. പതുക്കെ സമയം വര്‍ധിപ്പിക്കാം. സ്ഥിരതയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.99, പൗണ്ട് - 127.80, യൂറോ - 110.79, സ്വിസ് ഫ്രാങ്ക് - 121.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.27, ബഹറിന്‍ ദിനാര്‍ - 251.47, കുവൈത്ത് ദിനാര്‍ -305.92, ഒമാനി റിയാല്‍ - 246.75, സൗദി റിയാല്‍ - 25.27, യു.എ.ഇ ദിര്‍ഹം - 25.83, ഖത്തര്‍ റിയാല്‍ - 26.06, കനേഡിയന്‍ ഡോളര്‍ - 68.86.
Previous Post Next Post
3/TECH/col-right