Trending

സായാഹ്ന വാര്‍ത്തകള്‍.

2026  മേയ് 26, ചൊവ്വ 
1201  ഇടവം 12 , അത്തം

◾  മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ മാസപ്പടി നല്‍കിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയും ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതോടെ മാസപ്പടി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള അന്വേഷണം തുടരും.

◾  സിഎന്‍ജി വില കിലോഗ്രാമിനു രണ്ടു രൂപ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സിഎന്‍ജി വിലയില്‍ വരുത്തുന്ന നാലാമത്തെ വര്‍ധനയാണിത്. ഇതോടെ ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 83.09 രൂപയായി. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ വില 91.70 രൂപയാണ്.

◾  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍ 20 മിനിറ്റ് കൂടിക്കാഴ്ച നടത്തി. കഥകളി നര്‍ത്തകിയുടെ ശില്‍പം സതീശന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഇന്നുതന്നെ ധനമന്ത്രി നിര്‍മല സീതാരാമന്‍, നാളെ ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.



◾  നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഗണ്‍മാന്‍ അനില്‍, പൊലീസുകാരായ അരുണ്‍, വിപിന്‍, സന്ദീപ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എസ്ഐടി റിപ്പോര്‍ട്ട്.

◾  മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാനാണെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ. ഹൈക്കോടതിയില്‍ കേസ് തുടരുന്ന അഞ്ഞൂറിലധികം ഭൂമികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും കോടതിയുടെ തീര്‍പ്പനുസരിച്ചാകും ഉടമസ്ഥാവകാശം നിലനില്‍ക്കുക. വഖഫ് ബോര്‍ഡിന് മുനമ്പത്തുകാരോട് വിദ്വേഷമില്ലെന്നും സഹതാപം മാത്രമെന്നും കെ എസ് ഹംസ.

◾  സംസ്ഥാനത്തെ പരിപൂര്‍ണമായി അഴിമതിവിമുക്തമാക്കുന്നതിനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്‌കരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാന്‍ സംവിധാനം ഒരുക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

◾  വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പുത്തുമല സ്വദേശി ജെസ്സി കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം.  ഭര്‍ത്താവ് ഷാജിക്കും പരുക്കേറ്റു. മരിച്ച ജെസ്സിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ചു ലക്ഷം രൂപ ഇന്നു തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരില്‍ ഒരാള്‍ക്ക് താത്ക്കാലിക ജോലിയും നല്‍കും.

◾  കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന എസ്എഫ്ഐ കെ എസ് യു സംഘര്‍ഷത്തില്‍ 10 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും 30,000 രൂപ വില വരുന്ന പൊതുമുതല്‍ നശിപ്പിച്ചുവെന്നുമാണ് എഫ്‌ഐആര്‍.

◾  ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്. തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ആണ് റദ്ദാക്കിയത്.

◾  റോഡ് നികുതിയിളവ് ഉത്തരവ് പുതുക്കാന്‍ വൈകുന്നതിനാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഇതര സംസ്ഥാന യാത്രകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. നികുതിയിളവിന്റെ കാലാവധി മാര്‍ച്ച് 31 ന്  അവസാനിച്ചതിനാല്‍ മാസം 47 ലക്ഷം രൂപവരെ കെഎസ്ആര്‍ടിസി നികുതിയായി അടയ്ക്കേണ്ടിവരും. ഉത്തരവു വൈകാതെത്തന്നെ പുതുക്കിയേക്കും.

◾  വീട്ടില്‍ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ പ്രതികരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ഉന്നത നേതാക്കള്‍ ഇടപെട്ട് ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് പരാജയത്തിന് കാരണമായെന്നും യോഗത്തില്‍ വമര്‍ശനം.

◾  മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിന് ഇരയായ ഹര്‍ഷിന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തില്‍ ഓഫീസ് അറ്റന്‍ഡറായാണ് നിയമനം. തന്നെ അവഗണിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും നീതി ലഭിച്ചെന്നും ഹര്‍ഷീന പ്രതികരിച്ചു. ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശന്‍, ആരോഗ്യ മന്ത്രി കെ മുരളീധരന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഹര്‍ഷിനയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചിരുന്നു.

◾  വയനാട് മേപ്പാടിയില്‍ ആക്രമണം നടത്തിയ കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ആഷിഖ് അലി. വനമേഖലയിലെ അടിക്കാട് വെട്ടും. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്നും ഡിഎഫ് ഒ വ്യക്തമാക്കി. ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇടപെടല്‍.

◾  പൊതുമേഖലാസ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസില്‍നിന്നുള്ള പുതിയ ബ്രാന്‍ഡി, മിന്നല്‍ മാജിക്കിന്റെ ഉത്പാദനം നിര്‍ത്തിവച്ചു. ബെവറജസ് കോര്‍പ്പറേഷന്‍ എം.ഡി. എം.ആര്‍. അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണു നടപടി.

◾  നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ വാദം. സുരക്ഷയൊരുക്കുന്ന ഔദ്യോഗിക കൃത്യനിര്‍വഹണമാണു ചെയ്തതെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

◾  മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തില്‍ ആചാര ലംഘനമില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ.വി.ഗോപിനാഥ്. നിയമാനുസൃതം പാസ്സെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി അഞ്ചു പേര്‍ക്ക് നെയ്വിളക്ക് ചീട്ട് എടുത്താണ് ദര്‍ശനം നടത്തിയത്. കൂടുതല്‍ ആളുകള്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നില്ല. തൊഴാനാകാതെ മടങ്ങിയെന്ന് ഒരാള്‍ പോലും പരാതി പറഞ്ഞിട്ടില്ല. ജീവനക്കാരില്‍നിന്ന് മൊഴി രേഖപ്പെടുത്തിയ ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.  

◾  വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയില്‍നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ നാല് തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ സെന്തില്‍, മണികണ്ഠന്‍, തമിഴരശന്‍, സെല്‍വന്‍ എന്നിവരെയാണ് വെണ്‍മണി പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ എന്ന വ്യാജേന ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്.

◾  ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തിന്  ഹൈക്കോടതിയുടെ വിമര്‍ശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് കോടതിയുടെ നേരത്തേയുള്ള പരാമര്‍ശങ്ങള്‍ നീക്കംചെയ്യുമെന്ന് സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

◾  ഫോണ്‍വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പിവി അന്‍വര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അന്‍വര്‍ കത്ത് നല്‍കി.

◾  വണ്ടൂര്‍ കാപ്പിലിലെ പ്രതിഷേധ പ്രകടനത്തില്‍ യുഡിഎഫ്, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നായിരുന്നു മുദ്രാവാക്യം.

◾  താരസംഘടന അമ്മയിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ എക്സിക്യൂട്ടീവ് അംഗം അന്‍സിബ. പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ഇനി അമ്മയില്‍ പറഞ്ഞിട്ട് കാര്യമില്ലെന്നും അന്‍സിബ പറഞ്ഞു.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാലില്‍ തുളഞ്ഞു കയറിയ മരക്കഷണങ്ങള്‍ നീക്കാതെ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഭരതന്നൂര്‍ സ്വദേശി വി മധുവാണ് ഗുരുതരമായ അനാസ്ഥയുടെ ഇരയായത്.

◾  ആലപ്പുഴയില്‍ നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. 19 വയസുകാരിയായ അവിവാഹിതയാണ് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചത്.

◾  കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലകേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നാലുമാസത്തിലേറെയായി തുടര്‍ന്നു വന്നിരുന്ന വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായത്. പ്രതിയായ ചെന്താമരയുടെ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി വ്യക്തമാക്കി.

◾  ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതി പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

◾  ബീക്കണ്‍ ലൈറ്റ് ഇട്ട ആംബുലന്‍സില്‍ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടി. തൃശൂര്‍ മണ്ണുത്തിയില്‍ ആംബുലന്‍സ് സഹിതം വെട്ടിക്കല്‍ സ്വദേശി ഫെയ്ദ്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾  വഖഫിന്റെ ചെരിപ്പിനനുസരിച്ച് നീതിയുടെ കാലു മുറിക്കുമ്പോള്‍ ഇരകളെക്കാള്‍ വലിയ നിസ്സഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സര്‍ക്കാര്‍ ആത്മപരിശോധന നടത്തണമെന്ന് കത്തോലിക്കസഭ മുഖപത്രമായ 'ദീപിക'. വഖഫ് ബോര്‍ഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനമ്പത്തെ വഖഫ് കുറ്റികള്‍ പറിച്ച് അറബിക്കടലില്‍ എറിയണമെന്നും ദീപികയിലെ ലേഖനത്തില്‍ പറയുന്നു.

◾  അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകരുടെ സഹകരണ ബാങ്കുകളിലെ കാര്‍ഷിക കടങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ എഴുതിത്തള്ളി. തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശന സമയം വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രി വിജയ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണു നടപ്പാക്കിയത്.

◾  വിദ്യാര്‍ഥിക്ക് പ്ലസ് ടു ഫിസിക്‌സ് ഉത്തരപേപ്പര്‍ മാറി നല്‍കിയെന്നും വീഴ്ച സംഭവിച്ചെന്നും സമ്മതിച്ച് സിബിഎസ്ഇ. അപേക്ഷ നല്‍കിയ വേദാന്ത് എന്ന വിദ്യാര്‍ഥിക്കാണ് സ്വന്തം ഉത്തരപേപ്പറിന് പകരം മറ്റൊരാളുടെ ഉത്തരപേപ്പര്‍ ലഭിച്ചത്.

◾  ഡല്‍ഹിയില്‍ ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം  സമുദ്ര ഗതാഗതം, ഊര്‍ജ്ജ സുരക്ഷ, അവശ്യ ധാതുക്കളുടെ ലഭ്യത എന്നിവയില്‍ പരസ്പര സഹകരണത്തിനുള്ള ചട്ടക്കൂടിന് രൂപം നല്‍കി . ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്തു. പ്രശ്നപരിഹാരം വേഗമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്വാഡ് വിദേശകാര്യമന്ത്രിമാര്‍ സന്ദര്‍ശിച്ചു.

◾  കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് ഹാന്‍ഡില്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അഭിജീത് ദിപ്‌കെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.  ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം സിജെപിയുടെ എക്സ് അക്കൗണ്ട് പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.

◾  കര്‍ണാടകയില്‍ നേതൃമാറ്റ ചര്‍ച്ച സജീവമായിരിക്കെ, ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ നിര്‍ണായക നീക്കവുമായി സിദ്ദരാമയ്യ.  മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍, പകരം ഈ സ്ഥാനത്തേക്ക് ജി പരമേശ്വരയെ സിദ്ദരാമയ്യ ഉയര്‍ത്തിക്കാട്ടാനാണു നീക്കം.

◾  ഉത്തര്‍പ്രദേശില്‍ കേന്ദ്രസേന റിക്രൂട്ട്‌മെന്റ് പരീക്ഷക്കിടെ സംഘര്‍ഷം. പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടി വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി.

◾  ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി 18 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇന്ന് അറഫാ മൈതാനിയില്‍ ഒത്തുചേരും. നമിറാ പള്ളിയിലെ പ്രഭാഷണത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങും.

◾  ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന നിരവധി തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആകെ 382 തടവുകാരെയാണ് സുല്‍ത്താന്റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്.

◾  യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശികള്‍ കീവ് വിടണമെന്നും റഷ്യയുടെ മുന്നറിയിപ്പ്. ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കുമെന്നാണു മുന്നറിയിപ്പ്.

◾  എബോള വൈറസ് വ്യാപനം അതിവേഗത്തിലാണെന്ന് ലോകാരോഗ്യ സംഘടന. ഡിആര്‍ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേര്‍ മരിച്ചു. ഡിആര്‍ കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലും ഉയര്‍ന്ന അപകടസാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

◾  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2026 സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ധരംശാലയില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക.

◾  ഒരു ലക്ഷം ഗുഡ്സ് വാഗണുകള്‍ നിര്‍മിക്കുന്നതിനായുള്ള, ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിലൊന്നിന് ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ പുതിയ ഗുഡ്സ് വാഗണുകള്‍ വാങ്ങുന്നതിനായി 40,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയാണ് റെയില്‍വേ തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജൂപ്പിറ്റര്‍ വാഗണ്‍സ് ഓഹരി 10 ശതമാനവും ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ഓഹരി 9 ശതമാനവും ടെക്സ്മാകോ റെയില്‍ എന്‍ജിനീയറിങ് ഓഹരി 6 ശതമാനവും വീതം നേട്ടമുണ്ടാക്കി. പ്രതിവര്‍ഷം 35,000 മുതല്‍ 40,000 വരെ ഗുഡ്സ് വാഗണുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ഈ കരാര്‍, 2022-ലെ നിര്‍മാണ കരാറുകളേക്കാള്‍ വലുതാണ്. റെയില്‍വേയുടെ മുന്‍ കരാറിന്റെ അടിസ്ഥാനത്തിലുള്ള വാഗണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന സാഹചര്യത്തില്‍, പ്രൊഡക്ഷന്‍ ലൈനുകള്‍ സജീവമായി നിലനിര്‍ത്താന്‍ ഈ പുതിയ കരാര്‍ കമ്പനികളെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

◾  എഐ ബജറ്റ് വെട്ടിക്കുറയ്ക്കാനൊരുങ്ങി ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഊബറും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനേക്കാള്‍ വലിയ തുകയാണ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ചിലവാകുന്നതെന്ന് ഇവര്‍ പറയുന്നു. ജീവനക്കാര്‍ക്ക് കോഡിംഗ് നടത്തുന്നതിനായി ആറുമാസം മുന്‍പാണ് മൈക്രോസോഫ്റ്റ് 'ക്ലോഡ് കോഡ്' ലൈസന്‍സുകള്‍ വന്‍തോതില്‍ നല്‍കിയത്. എഐ ഉപയോഗിക്കുമ്പോള്‍ ടോക്കണ്‍ ഉപഭോഗം വര്‍ധിക്കുകയും അത് കമ്പനികളുടെ ബില്ലുകള്‍ കുത്തനെ കൂട്ടുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ഭൂരിഭാഗം നേരിട്ടുള്ള ക്ലോഡ് കോഡ് ലൈസന്‍സുകളും റദ്ദാക്കിയ മൈക്രോസോഫ്റ്റ് ജീവനക്കാരെ സ്വന്തം പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ് കോപൈലറ്റിലേക്ക് മാറ്റി. സമാനമായ പ്രതിസന്ധിയാണ് പ്രമുഖ റൈഡ് ഹെയ്ലിംഗ് കമ്പനിയായ ഊബറും നേരിടുന്നത്. 2026-ലേക്ക് എഐ കോഡിംഗ് ടൂളുകള്‍ക്കായി മാറ്റിവെച്ച മുഴുവന്‍ ബജറ്റും വെറും നാല് മാസം കൊണ്ട് ഊബര്‍ ഉപയോഗിച്ചു തീര്‍ത്തു.

◾  തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍- ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗാനമെത്തി. 'ഹെല്ലല്ലല്ലോ' എന്ന ടൈറ്റിലോടെ പുറത്തുവന്നിരിക്കുന്ന ഗാനം ആരാധകരെ ത്രസിപ്പിക്കുന്ന ചടുലമായ താളത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്‍ ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് സിജു തുറവൂരും ആലപിച്ചത് അമൃത സുരേഷുമാണ്. നായകനായ രാം ചരണ്‍, ശ്രുതി ഹാസന്‍, ജാന്‍വി കപൂര്‍ എന്നിവരുടെ ഗംഭീരമായ നൃത്ത ചുവടുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ശിവരാജ് കുമാറും ഗാനത്തിന്റെ ഭാഗമായിട്ടുണ്ട്. ജാനി മാസ്റ്റര്‍ ആണ് ഗാനത്തിന് നൃത്തസംവിധാനം നിര്‍വഹിച്ചത്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാന്‍- ഇന്ത്യന്‍ റിലീസായി ജൂണ്‍ നാലിന് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും.

◾  കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന 'കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച' ഡോക്യുമെന്ററി ചിത്രീകരണം പൂര്‍ത്തിയായി. ഫ്രെയിം ടു ഫ്രെയിം ഫിലിമിന്റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയും, ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും സംയുക്തമായി നിര്‍മ്മിക്കുന്ന 'കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച സംവിധാനം ചെയ്തിരിക്കുന്നത് എഴുത്തുകാരനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷാജി പട്ടിക്കരയാണ്. നടന്‍ ഇന്ദ്രന്‍സാണ് ഡോക്യുമെന്ററിയുടെ നരേഷന്‍ നടത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി.ആര്‍ സുമേരനാണ് ഡോക്യുമെന്ററിയുടെ രചന. കേരളത്തിലെ ശാക്തേയ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രബലമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിലെ പ്രധാന ആചാരമായ കൊടുങ്ങല്ലൂര്‍ ഭരണി, അശ്വതി കാവുതീണ്ടല്‍ തുടങ്ങി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളാണ് ഈ ഡോക്യുമെന്ററിയിലുള്ളത്.

◾  മാരുതി സുസുക്കിയുടെ ആദ്യ ഫ്‌ളക്‌സ്-ഫ്യുവല്‍ വാഹനം ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ പുറത്തിറക്കും. മാരുതി സുസുക്കി ഫ്രോങ്‌സ് ഫ്‌ളക്‌സ് ഫ്യുവല്‍ മോഡലാണ് പുറത്തിറക്കുന്നത്. പൂര്‍ണമായും എഥനോളില്‍ ഓടിക്കാനാകുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ കാറായിരിക്കും ഇത്. പുതിയ മാരുതി ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത് സാധാരണ പെട്രോളിന് പുറമേ 100 ശതമാനം വരെ എഥനോള്‍ മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രത്യേക ഫ്യുവല്‍ സ്റ്റോറേജ്, ഇഗ്നിഷന്‍ സംവിധാനങ്ങളോടെയാണ്. 100 ശതമാനം ശുദ്ധമായ എഥനോളിലും തടസമില്ലാതെ ഓടിക്കാന്‍ പാകത്തില്‍ എന്‍ജിന്‍ ഭാഗങ്ങളിലും ഇന്ധന പൈപ്പുകളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് മാരുതി സുസുക്കി ഈ വാഹനത്തെ വിപണിയിലെത്തിക്കുന്നത്. എഥനോളിന്റെ സാന്നിധ്യം മൂലം എന്‍ജിനിലും ഇന്ധന ടാങ്കിലും ഈര്‍പ്പവും തുരുമ്പും ഉണ്ടാകുന്നത് തടയാന്‍ പ്രത്യേക കോട്ടിങും പ്രതിരോധ ശേഷിയുള്ള ഘടകങ്ങളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

◾  പ്രണയജീവിതത്തിന്റെ പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്ന കമിതാക്കളുടെ ജീവിതമാണ് ഈ നോവല്‍, കഥാഗതിയുടെ വികാസവും മനസ്സിന്റെ ലോലഭാവങ്ങളും ഈ കൃതിയെ മനോഹരമാക്കുന്നു. ലളിതമായ ഭാഷയില്‍ ആവിഷ്‌കരിച്ച, ജീവിതഗന്ധിയായ പ്രണയനോവല്‍. നിസ്സാരമെന്ന് തോന്നുന്ന ഏത് ജീവിതത്തിന്റെയും വിജയത്തിന്റെ കാതല്‍ പ്രണയസ്ഥര്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന കഥാനായകന്റെ സഞ്ചാരവുമാണ് ഈ നോവല്‍. 'വാക മരച്ചോട്ടില്‍ നിന്നെയും കാത്ത്'. പ്രണവ് പി. ഗ്രീന്‍ ബുക്സ്. വില 142 രൂപ.

◾  ദഹനം മെച്ചപ്പെടുത്താന്‍ അത്താഴത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. എന്നാല്‍ രാത്രി അത്താഴത്തിന് ശേഷം ശരീരം കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ദഹിപ്പിക്കുന്ന തിരക്കിലായിരിക്കും. ഈ സമയത്ത് പഴങ്ങള്‍ കൂടി കഴിക്കുമ്പോള്‍ ദഹനം വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതെ തുടര്‍ന്ന് പഴങ്ങളിലുള്ള സ്വാഭാവിക പഞ്ചസാരയും ഭക്ഷ്യനാരുകളും കുടലില്‍ പുളിച്ചു തുടങ്ങാം. ഇതാണ് ചിലരില്‍ രാത്രി പഴങ്ങള്‍ കഴിക്കുമ്പോള്‍ വയറു വീര്‍ക്കല്‍, ഗ്യാസ്ട്രബിള്‍, അസ്വസ്ഥത, വയറുവേദന ഉണ്ടാവാനുള്ള കാരണം. ഒരുപാട് പുളിയുള്ളതും മധുരമുള്ളതുമായ പഴങ്ങള്‍ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രക്ടോസ് അടങ്ങിയ പഴങ്ങളാണ് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. പഴങ്ങളിലും ചില പച്ചക്കറികളും സ്വാഭാവികമായി കാണപ്പെടുന്ന ഒരു തരത്തിലുള്ള പഞ്ചസാരയാണ്. ഇതിനെ ഫ്രൂട്ട് ഷുഗര്‍ എന്നാണ് വിളിക്കുന്നത്. ആപ്പിള്‍, പേരയ്ക്ക, മാങ്ങ, തണ്ണിമത്തന്‍ എന്നിവയിലടങ്ങിയിട്ടുള്ള ഫ്രക്ടോസ് ശരീരത്തിന് ശരിയായി ദഹിപ്പിക്കാനാകാത്തതിനാല്‍ അത് കുടലില്‍ കൂടുതല്‍ സമയം തുടരുന്നു. തുടര്‍ന്ന് കുടലിലെ ബാക്ടീരിയകള്‍ ഈ പഞ്ചസാര പുളിപ്പിക്കുന്നതോടെ വയറ് വീര്‍ക്കലും ഗ്യാസും ഉണ്ടാകാം. ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും സ്ഥിരമായി അസിഡിറ്റി, ബ്ലോട്ടിങ് ഒക്കെ അലട്ടുന്നവരും രാത്രി ഭക്ഷണത്തിനു ശേഷം ഇത്തരത്തിലുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.40, പൗണ്ട് - 128.52, യൂറോ - 111.03, സ്വിസ് ഫ്രാങ്ക് - 121.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.32, ബഹറിന്‍ ദിനാര്‍ - 252.91, കുവൈത്ത് ദിനാര്‍ -308.33, ഒമാനി റിയാല്‍ - 248.14, സൗദി റിയാല്‍ - 25.42, യു.എ.ഇ ദിര്‍ഹം - 25.94, ഖത്തര്‍ റിയാല്‍ - 26.09, കനേഡിയന്‍ ഡോളര്‍ - 69.12.
Previous Post Next Post
3/TECH/col-right