2026 മേയ് 25, തിങ്കള്‍
1201 ഇടവം 11 , ഉത്രം
1447 ദുൽഹിജ്ജ 07
◾ മന്ത്രിമാര്‍ അറിയാതെ ഉന്നതതല നിയമനങ്ങള്‍ നടത്തിയ ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ തത്കാലം പ്രതികരിക്കുന്നില്ലെന്നു മന്ത്രിമാര്‍. വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമനം ആഭ്യന്തര കാര്യമാണെന്നും പ്രതികരണത്തിനില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മന്ത്രിസഭാ യോഗത്തിനു ശേഷമേ പ്രതികരിക്കാനാകൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജിയും പ്രതികരിച്ചു. ഇതേസമയം പോലീസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അംഗീകരിച്ച സ്ഥലംമാറ്റത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തിരുത്തലുകള്‍ വരുത്തി. അസ്വാരസ്യങ്ങള്‍ക്കിടയില്‍ ഇന്നു മന്ത്രിസഭാ യോഗം.
◾ ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ 27 നും 28 നും അവധി. മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ 28 നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക.
◾ ഗ്രാമസഭകളുടെ എടുത്തു കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞതിനെ ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കുമെന്നാണു സിപിഎം ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് മന്ത്രി കെ എം ഷാജി. ഒരു സര്‍ക്കാരിന്റെ എല്ലാ പദ്ധതിയും തകര്‍ക്കാന്‍ അടുത്ത സര്‍ക്കാര്‍ തീരുമാനിച്ചാല്‍ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.
◾ ഡീസല്‍ വില വര്‍ദ്ധന തുടര്‍ന്നാല്‍ അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തു സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തുമെന്ന് ബസുടമകള്‍. ഗതികേടുകൊണ്ടാണ് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വരുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പറഞ്ഞു.
◾ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സംഘടനാ പ്ളീനം വിളിച്ച് വിശദമായി ചര്‍ച്ച ചെയ്യണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇതിനുള്ള രൂപരേഖ അടുത്ത മാസം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങള്‍ തയ്യാറാക്കണമെന്നും നിര്‍ദേശം നല്‍കി.
◾ നവകേരള സദസ്സിലെ 'രക്ഷാപ്രവര്‍ത്തന' കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ നാളെ ആലപ്പുഴ സെഷന്‍സ് കോടതി പരിഗണിക്കും. പിണറായി വിജയന്റെ സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതികളാക്കി എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ്. സന്ദീപ്, അകമ്പടി പോലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരാണു പ്രതികള്‍.
◾ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ടീമായി മുന്നോട്ടു പോകുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊച്ചി പൗരാവലി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സതീശന്റെ ചുമലില്‍ വലിയ ഉത്തരവാദിത്തമാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി അധ്വാനിക്കുന്നതു ശ്രമകരമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മമ്മൂട്ടി അഭിപ്രായപ്പെട്ടു. മലയാളികളോടൊപ്പം താനും സന്തോഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. രമേശ് പിഷാരടി എംഎല്‍എ അടക്കമുള്ളവര്‍ പ്രസംഗിച്ചു.
◾ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്നു കേരളം ഒന്നാകെ ആവശ്യപ്പെട്ടതു കണ്ടപ്പോള്‍ എല്ലാവരും അമ്പരന്നു പോയെന്നു നടന്‍ മോഹന്‍ലാല്‍. തന്നെക്കുറിച്ച് പറവുര്‍കാര്‍ക്കു ഖേദിക്കേണ്ടിവരില്ലെന്നു സതീശന്‍. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി ഡി സതീശനു സ്വന്തം നാടായ പറവൂരില്‍ നല്‍കിയ സ്നേഹാദര സമ്മേളനത്തിലാണ് ഈ വാക്കുകള്‍. ശ്രീകുമാരന്‍ തമ്പിയും സലീം കുമാറും അടക്കമുള്ളവര്‍ പ്രസംഗിച്ചു.
◾ ചില സിപിഎം നേതാക്കള്‍ ബിജെപിയില്‍നിന്നു പണം വാങ്ങി വോട്ടു മറിച്ചതുകൊണ്ടാണ് നേമം നിയോജക മണ്ഡലത്തില്‍ തോറ്റതെന്നു സിപിഎം ഏരിയ കമ്മിറ്റി യോഗത്തില്‍ ആരോപണം. പാര്‍ട്ടി കമ്മീഷനെ വച്ചാല്‍ തെളിവുകള്‍ നല്‍കുമെന്നും കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു. എം വി ജയരാജന്‍ പങ്കെടുത്ത യോഗത്തിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.
◾ വിമര്‍ശനങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തന്‍ ഖേല്‍ക്കര്‍ അവധിദിനമായ ഞായറാഴ്ച ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തിടുക്കത്തില്‍ ചുമതലയേറ്റെടുത്ത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ യു. ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയാക്കിയതില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
◾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ക്കറെ നിയമിച്ചത് ബംഗാളിലേതിനു സമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ.സി വേണുഗോപാലിന് കേരളത്തിലെ നിയമനത്തെക്കുറിച്ചു പ്രതികരിക്കാനാകുന്നില്ല. ഗോവിന്ദന്‍ പറഞ്ഞു.
◾ ഖേല്‍ക്കറെ നിയമിച്ചത് ഭരണപരമായ കാര്യങ്ങളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഭരിക്കുന്നവരുടെ തീരുമാനങ്ങളാണെന്നും ഇക്കാര്യത്തില്‍ തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളില്‍ വലിയ തോതില്‍ കുറവുണ്ടെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍. മലപ്പുറവും പാലക്കാടുമാണ് ഏറ്റവും കുറവ്. ആദ്യ അലോട്ട്മെന്റില്‍ തന്നെ കൂടുതല്‍ ബാച്ചുകള്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
◾ റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ അതിരപ്പിള്ളി - മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം നിരോധിച്ചു.
◾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി തന്നെ നിയമിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണമാണെന്നും കെ എസ് ശബരീനാഥന്‍. ഒരു പദവിയും ലക്ഷ്യംവച്ചല്ല പ്രവര്‍ത്തിക്കുന്നത്. എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾ മെഡിക്കല്‍ കോളേജുകള്‍ സന്ദര്‍ശിച്ച് രോഗികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആരോഗ്യമന്ത്രി രോഗികളുമായി ആദ്യം ചര്‍ച്ച നടത്തണമെന്നു ഡോ. ഹാരിസ് ചിറക്കല്‍ ഫേസ് ബുക്കില്‍ പങ്കുവച്ച നിര്‍ദേശം പരിഗണിച്ചാണ് രോഗികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിര്‍മാണത്തെക്കുറിച്ച് അന്വേഷണം. അന്നത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സമ്മര്‍ദംമൂലമാണു കെട്ടിടം തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്യേണ്ടിവന്നതെന്ന് എച്ച്എംസി യോഗത്തില്‍ എന്‍ജിനീയര്‍. നിര്‍മ്മാണ പ്രവര്‍ത്തികളും കണക്കുകളും പരിശോധിക്കാന്‍ ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി നിര്‍ദേശം നല്‍കി. ഫയലുകള്‍ ഹാജരാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾ മുഖ്യമന്ത്രി വി ഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വെണ്ണകൊണ്ട് തുലാഭാരവും നടത്തി. റവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു അദ്ദേഹം. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്‍ശനം നടത്തി. ഇവിടെ മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തില്‍ നെയ്യ് സമര്‍പ്പണം തുടങ്ങിയ വഴിപാടുകളും നടത്തി.
◾ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പാക്കുമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പു മന്ത്രി കെ. മുരളീധരന്‍. ആശുപത്രികളില്‍ ശുചിത്വം ഇല്ലതായാല്‍ ഒരു രോഗത്തിന് ചികിത്സിക്കാന്‍ വരുന്നവര്‍ക്ക് പല രോഗങ്ങളുമായി പോകേണ്ടിവരുമെന്നും മന്ത്രി.
◾ താരസംഘടനയായ അമ്മയില്‍ കലഹം. ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്ത്. അമ്മ ജനറല്‍ സെക്രട്ടറിക്കും പ്രസിഡന്റിനും നീന കുറുപ്പ് പരാതി നല്‍കി. കുടുംബമേളക്കിടെ തന്നെ കൈയേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. നേരത്തെ ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച അന്‍സിബയെ കേള്‍ക്കാന്‍ അമ്മ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. അന്‍സിബയോട് അമ്മ ഓഫീസില്‍ വരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
◾ കുടുംബം തകര്‍ക്കുന്ന വിധത്തിലുള്ള സന്ദേശം അയച്ച അന്‍സിബയ്‌ക്കെതിരെ താനാണ് കേസ് കൊടുത്തതെന്ന് നടി ലക്ഷ്മിപ്രിയ. അന്‍സിബ ഹസ്സനെതിരെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ കൊടുത്ത കേസ് വ്യാജമല്ല. ഡിസംബര്‍ 10ന് രാത്രിയാണു അന്‍സിബ ഹസ്സന്‍ തന്റെ ഫോണിലേക്ക് സന്ദേശം അയച്ചതെന്നും അമ്മ എക്സിക്യൂട്ടീവ് അംഗമായ ലക്ഷ്മിപ്രിയ പറഞ്ഞു.
◾ അടുത്ത അഞ്ചു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
◾ മുന്‍ മുഖ്യമന്ത്രിയും ഭാര്യാപിതാവുമായ പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഫ്യൂഡല്‍ വരേണ്യതയും പിണറായിയെ നിരന്തരം ആക്രമിക്കുകയാണെന്നും, മുന്‍ മുഖ്യമന്ത്രിമാര്‍ പ്രതിപക്ഷ നേതാക്കളാകുന്നത് പുതിയ സംഭവമല്ലെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
◾ കോളപ്ര ടൂറിസം പദ്ധതിയില്‍ ക്രമക്കേടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലന്‍സ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍. ടൂറിസം പദ്ധതിയില്‍ 112 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
◾ മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള അംഗരക്ഷകര്‍ക്കുണ്ടെന്നും അവര്‍ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നും ഇ പി ജയരാജന്‍. ആറുപേരെ വെടിവെച്ച് കൊന്നതിനേക്കാള്‍ വലിയ സംഭവമൊന്നുമല്ലല്ലോ എന്നും ജയരാജന്‍ പറഞ്ഞു.
◾ കോഴിക്കോട് പെരുമണ്ണയില്‍ രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള കുട്ടികള്‍ക്കാണ് രോഗബാധ. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്. പെരുമണ്ണ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ അനധികൃത കയ്യേറ്റങ്ങളും നിര്‍മാണങ്ങളും തിരുവനന്തപുരം നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി. ശക്തമായ പൊലീസ് സുരക്ഷയോടെയായിരുന്നു നടപടി.
◾ കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പൊങ്ങന്‍ ചുവട് ഉന്നതിയിലെ പുഷ്പാകരന്‍ വെള്ളക്കയ്യന്‍ ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതിനിടെ ആണ് പുഷ്പാകരനെ കാട്ടാന ആക്രമിച്ചത്.
◾ ശക്തമായ മഴയില്‍ ചെങ്ങന്നൂര്‍ പുലിയൂരില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. പുലിയൂര്‍ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നു പോയത്.
◾ കൊല്ലം അഞ്ചല്‍ ആര്‍ച്ചലില്‍ പൊലീസുകാരന്റെ വീട്ടുമുറ്റത്തെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആയ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. ഭീഷണിക്കത്തും സമീപത്തുനിന്ന് ലഭിച്ചു. പുനലൂരിലെ കോളജില്‍ വെച്ച് അടിച്ചതിനുള്ള മറുപടിയാണെന്ന് കത്തില്‍ പറയുന്നു.
◾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കി. സാങ്കേതിക പിഴവിനെ കുറിച്ചും വെബ്സൈറ്റ് പരിപാലിക്കുന്ന ഏജന്‍സിയെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയില്‍നിന്ന് റിപ്പോര്‍ട്ട് നേടി.
◾ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയത്തിന് ഉത്തര പേപ്പറിന്റെ പകര്‍പ്പ് ലഭിക്കാന്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഒരു ദിവസം കൂടി നീട്ടി.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സിക്കു പകരം സുതാര്യമായ പരീക്ഷാ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. പരീക്ഷാ അട്ടിമറിയെക്കുറിച്ച് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഡോക്ടര്‍മാരുടെ സംഘടനകളാണു കോടതിയെ സമീപിച്ചത്.
◾ കര്‍ണാടകയില്‍ ഉത്തരകന്നട ജില്ലയിലെ ചിരാളിക്കു സമീപം വെങ്കട് പുര നദിയില്‍ കക്ക വാരാന്‍ ഇറങ്ങിയ എട്ടുപേര്‍ മുങ്ങി മരിച്ചു. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വേലിയേറ്റത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടകാരണം.
◾ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തെന്ന് കോക്ക്‌റോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേ അറിയിച്ചു. ഫോളോവേഴ്സിന്റെ എണ്ണം രണ്ടേകാല്‍ കോടിയായി വര്‍ധിച്ചു. രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അക്കൗണ്ട് വിലക്കിയതായി സിജെപി ആരോപിച്ചിരുന്നു
◾ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതോടെയാണ് ചെറുപ്പക്കാര്‍ ക്രോക്ക്റോച്ച് ജനതാ പാര്‍ട്ടിക്കു പിറകേ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാജ്യത്തെ യുവാക്കളെ പ്രതിഷേധങ്ങളിലേക്കു തള്ളി വിടുന്നതിനു കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
◾ ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നടത്തിയ പരിശോധനയില്‍ ഭീകരരുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം കണ്ടെത്തി. ആര്‍പിജിയടക്കം അടക്കം വന്‍ ആയുധശേഖരം പിടികൂടി.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യയെ ഏറെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ യുഎസ് എംബസി സംഘടിപ്പിച്ച അമേരിക്കയുടെ 250-ാം സ്വാതന്ത്യദിന ആഘോഷ പരിപാടിക്കിടെ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ ഫോണിലേക്ക് ട്രംപ് വിളിക്കുകയായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും എസ് ജയശങ്കറിന്റെയും സാന്നിധ്യത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
◾ ചൊവ്വയിലെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ഒന്നിനു മുകളിലൊന്നായി മൂന്നു കല്ലുകള്‍ അടുക്കിവെച്ചതുപോലുള്ള ചിത്രമാണ് നാസയുടെ പെര്‍സെവറന്‍സ് റോവര്‍ പകര്‍ത്തിയത്. ചുറ്റും പൊടിപടലങ്ങള്‍ നിറഞ്ഞ ചുവന്ന ഭൂപ്രദേശത്തെ വലിയ കല്ലുകളുള്ള ചിത്രം ശാസ്ത്ര കൗതുകമുണര്‍ത്തുന്നതാണ്.
◾ യുഎസിലെ വൈറ്റ് ഹൗസിനു പുറത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സുരക്ഷാ പോസ്റ്റിനു നേരെ വെടിയുതിര്‍ത്ത തോക്കുധാരിയെ വെടിവച്ചു കൊന്നു. 21 വയസുകാരനായ നാസിര്‍ ബെസ്റ്റ് ആണ് കൊല്ലപ്പെട്ടത്. മാനസിക അസ്വാസ്ഥ്യമുള്ള ഇയാള്‍ യേശുക്രിസ്തുവിന്റെ അവതാരമാണെന്ന് വിശ്വസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾ അമേരിക്കയില്‍ വൈറ്റ് ഹൗസിനു സമീപം നടന്ന വെടിവയ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഭയന്നോടുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈറ്റ് ഹൗസിലെ നോര്‍ത്ത് ലോണില്‍ തത്സമയ റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് വെടിയൊച്ച കേട്ടതോടെ ഓടിയത്. യുഎസ് സുരക്ഷാ സേനാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് മാറാന്‍ നിര്‍ദേശിച്ചിരുന്നു.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂത്ത മകനും ട്രംപ് ഓര്‍ഗനൈസേഷന്‍ എക്സിക്യൂട്ടീവുമായ ഡോണള്‍ഡ് ട്രംപ് ജൂനിയറും പ്രശസ്ത മോഡലും ഇന്‍ഫ്ലുവന്‍സറുമായ ബെറ്റിന ആന്‍ഡേഴ്സണും തമ്മില്‍ വിവാഹിതരായി. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലായിരുന്നു വിവാഹം. ബഹാമാസിലെ ഒരു സ്വകാര്യ ദ്വീപില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിപുലമായ വിരുന്നും ആഘോഷങ്ങളും നടന്നു. 300 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
◾ എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.
◾ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ റെയില്‍വേ ട്രാക്കിന് സമീപം ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. സൈനികര്‍ സഞ്ചരിച്ച ട്രെയിന്‍ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്.
◾ ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ തിരക്കിട്ട് ഒരു കരാറിലെത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ ഒപ്പുവയ്ക്കുന്നതുവരെ ഇറേനിയന്‍ തുറമുഖങ്ങള്‍ക്കെതിരേ അമേരിക്കയുടെ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി.
◾ രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫില്‍. മുംബൈ ഇന്ത്യന്‍സിനെ 30 റണ്‍സിനു തോല്‍പിച്ചാണ് രാജസ്ഥാന്റെ മുന്നേറ്റം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറാണ് മുംബൈയെ തകര്‍ത്തത്. നേരത്തെ ബാറ്റിംഗിലും ആര്‍ച്ചര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപ്പില്‍സിന് 40 റണ്‍സിന്റെ വിജയം. പ്ലേ ഓഫ് സാധ്യത അവസാനിച്ച ഇരു ടീമുകളും തമ്മില്‍ നടന്ന അപ്രധാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത 18.4 ഓവറില്‍ 163 റണ്‍സിന് പുറത്തായി.
◾ ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്കു നാളെ ധരംശാലയില്‍ തുടക്കമാകും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കൊപ്പം ടോപ്പ് 4 ലേക്ക് രാജസ്ഥാന്‍ റോയല്‍സ് എത്തിയതോടെ ചിത്രം പൂര്‍ണമായി. ഒന്നാം ക്വാളിഫയറില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. ഇതിലെ ജേതാക്കള്‍ 31 ന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെടുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. ന്യൂ ചണ്ഡീഗഡില്‍ 29ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ വിജയിക്കേണ്ടിവരും. 27 ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സുമായും ന്യൂ പഞ്ചാബില്‍ നടക്കുന്ന മത്സരത്തിലെ വിജയികളേയാണ് ഇവര്‍ക്ക് എതിരിടേണ്ടി വരിക.
◾ സ്പേസ് എക്സ് സ്ഥാപകനും ലോക സമ്പന്നരില്‍ ഒന്നാമനുമായ ഇലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യ ട്രില്യനെയറാകാന്‍ ഒരുന്നു. അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള കമ്പനിയുടെ പ്ലാനുകള്‍ സ്പേസ് എക്സ് ഔദ്യോഗികമായി പുറത്തുവിട്ടുകഴിഞ്ഞു. വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. അടുത്ത മാസം മുതല്‍ വിപണിയില്‍ പൊതുജനങ്ങള്‍ക്ക് സ്പേസ് എക്സിന്റെ ഓഹരികള്‍ വാങ്ങാന്‍ കഴിയും. കമ്പനിയുടെ ഈ ചരിത്രപരമായ നീക്കത്തോടെ ഇലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യനെയര്‍ (10 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ളയാള്‍) ആയി മാറിയേക്കും. നിലവില്‍ 1.25 ട്രില്യണ്‍ ഡോളറാണ് സ്പേസ് എക്സിന്റെ ആകെ മൂല്യമായി കണക്കാക്കുന്നത്. കമ്പനിയില്‍ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള മസ്‌കിന്റെ വിഹിതം മാത്രം ഏകദേശം 600 ബില്യണ്‍ ഡോളറിലധികം വരും. കഴിഞ്ഞ വര്‍ഷമാണ് വ്യക്തിഗത ആസ്തി 500 ബില്യണ്‍ ഡോളര്‍ കടക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയായി മാറിയത്.
◾ ഒറ്റക്ക് ഷോപ്പിങ്ങിന് പോകേണ്ടി വരുന്നതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഡല്‍ഹി ആസ്ഥാനമായുള്ള 'കാരിമെന്‍' എന്ന ഷോപ്പിങ് അസിസ്റ്റന്‍സ് സ്റ്റാര്‍ട്ടപ്പ്. ഒരു മണിക്കൂറിന് 149 രൂപ നിരക്കില്‍ കാരിമെന്‍ സേവനം ലഭ്യമാണ്. വാട്‌സാപ്പ് വഴി വളരെ ലളിതമായി ഈ കാരിമെന്‍ ബുക്ക് ചെയ്യാവുന്നതാണ്. ഷോപ്പിങ്ങിനിടയില്‍ ബാഗുകള്‍ ചുമക്കുക, ആവശ്യമുള്ള കടകള്‍ കണ്ടെത്തുക, പാര്‍ക്കിങ് ഏരിയയിലേക്കോ മെട്രോ ഗേറ്റുകളിലേക്കോ വഴികാണിക്കുക, വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുക എന്നിവയിലെല്ലാം പരിശീലനം ലഭിച്ച സഹായി ഒപ്പമുണ്ടാകും. ചെറിയ കുട്ടികളുമായി വരുന്നവര്‍ക്കായി സഹായിക്കൊപ്പം സ്‌ട്രോളറുകളും ഈ സ്റ്റാര്‍ട്ടപ്പ് വാടകക്ക് നല്‍കുന്നുണ്ട്. കൂടാതെ ദീര്‍ഘനേരം നടന്ന് തളരുമ്പോള്‍ വിശ്രമിക്കാനായി പോര്‍ട്ടബിള്‍ ക്യാമ്പിങ് ചെയറുകളും ലഭ്യമാകും. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച ഈ സംരംഭത്തിന് ആദ്യ മാസം തന്നെ 50ല്‍ അധികം ബുക്കിങ്ങുകള്‍ ലഭിച്ചിരുന്നു.
◾ മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം 3'. 58 മണിക്കൂര്‍ കൊണ്ട് 100 കോടി കളക്ഷന്‍ നേടിയാണ് 'ദൃശ്യം 3' റെക്കോഡിട്ടത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത 'ദൃശ്യം 3' മികച്ച പ്രതികരണങ്ങളാണ് നേടിയത്. മോഹന്‍ലാലെന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി മികച്ചൊരു ഇമോഷനല്‍ ത്രില്ലറായാണ് ജീത്തും 'ദൃശ്യം 3' ഒരുക്കിയത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവര്‍ 'ദൃശ്യം 3' യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യത്തേയും രണ്ടാമത്തെയും ഭാഗങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്.
◾ തെലുങ്ക് യുവ നടന്‍ സത്യദേവ് കാഞ്ചരണ, തന്റെ പുതിയ ചിത്രമായ 'സമവര്‍ത്തി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിലെ പതിനാറാം ചിത്രമായാണ് സമവര്‍ത്തി ഒരുങ്ങുന്നത്. അജയ് നാഗ് വി. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പാരിസ്ഥിതിക ആക്ഷന്‍ ത്രില്ലറായാണ് 'സമവര്‍ത്തി' നിര്‍മ്മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഗംഭീര തിയറ്റര്‍ റിലീസിനായി ആണ് ചിത്രം ഒരുങ്ങുന്നത്. സത്യദേവ് കാഞ്ചരണ കൂടാതെ ദിലീഷ് പോത്തന്‍, രാജീവ് കനകല, ഗണവി ലക്ഷ്മണ്‍, രവീന്ദ്ര വിജയ്, മോഹന്‍ ഭഗത്, തുടങ്ങിയവര്‍ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
◾ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കാറുകള്‍ക്ക് ജൂണ്‍ മുതല്‍ വില വര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 30,000 രൂപ വരെയാണ് വര്‍ധനവുണ്ടാകുകയെന്ന് കമ്പനി അറിയിച്ചു. ഉല്‍പാദന ചെലവ് കൂടിയതും വിപണിയിലെ പണപ്പെരുപ്പവുമാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, 2025 ജനുവരിയിലും ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകള്‍ മുന്‍നിര്‍ത്തി മോഡലുകള്‍ക്ക് 1,500 രൂപ മുതല്‍ 32,500 രൂപ വരെ മാരുതി വര്‍ധിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ആദ്യ വില പരിഷ്‌കരണമാണിത്. ടാറ്റ മോട്ടോഴ്‌സ് ഏപ്രിലില്‍ പാസഞ്ചര്‍ വാങ്ങളുടെ വില 1.5 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. അതേപോലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2.5 ശതമാനം വരെ വില ഉയര്‍ത്തിയപ്പോള്‍ ഹ്യുണ്ടായ് മോട്ടോഴ്‌സ് ഈ മാസം ആദ്യം ഒരു ശതമാനം വര്‍ധനയും വരുത്തി.
◾ ഭാരതത്തിന്റെ മഹത്തായ ഇതിഹാസകാവ്യമായ മഹാഭാരതത്തിന്റെ കഥാരൂപത്തിലുള്ള പുനരാഖ്യാനം. പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ഉപേന്ദ്രകിഷോര്‍ റേ ചൗധരി കുട്ടികള്‍ക്കുവേണ്ടി എഴുതിയ മഹാഭാരത ഫോര്‍ ചില്‍ഡ്രന്‍ എന്ന കൃതിയുടെ പരിഭാഷ. ലളിതമായ ഭാഷയിലൂടെ മഹാഭാരതത്തിന്റെ വിശാലമായ കഥാപ്രപഞ്ചത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി. 'മഹാഭാരതകഥകള്‍ കുട്ടികള്‍ക്ക്'. പരിഭാഷ - പി. സീമ. മാതൃഭൂമി. വില 170 രൂപ.
◾ മഴക്കാലമായാല്‍ പിന്നെ കൊതുകിന്റെ ശല്യവും കൂടുതലായിരിക്കും. ഇത് ഡെങ്കിപ്പനി പോലുള്ള പലതരം രോഗങ്ങള്‍ക്ക് വഴിവയ്ക്കും. കൊതുകുജന്യ രോഗങ്ങള്‍ തടയാന്‍ ആര്യവേപ്പില ഇങ്ങനെ ഉപയോഗിക്കൂ. ഒരു പാത്രത്തില്‍ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഫ്രഷ് വേപ്പിലയും തേയിലയുമിട്ട് നന്നായി തിളപ്പിക്കാം. ദിവസവും മൂന്ന് നേരമെങ്കിലും ഇത് കുടിക്കുന്നത് നല്ലതാണ്. വേപ്പിലയില്‍ കുറച്ച് വെള്ളംകൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. അതിലേക്ക് കുറച്ച് തേനും നാരങ്ങയും ചേര്‍ത്ത് ജ്യൂസായി കുടിക്കാം. വേപ്പില വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. തണുപ്പാറിയതിന് ശേഷം അരിച്ച് കുടിച്ചാല്‍ മതി. കൊതുകുജന്യ രോഗങ്ങള്‍ തടയാന്‍ ഇത് കുടിക്കുന്നത് നല്ലതാണ്. വേപ്പെണ്ണയില്‍ കുറച്ച് വെളിച്ചെണ്ണ കൂടെ ചേര്‍ത്ത് ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നത് കൊതുകുകടയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. വേപ്പില നന്നായി അരച്ചെടുത്തതിന് ശേഷം കൊതുക് കടിച്ച ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കാം. ഇത് കൊതുകുജന്യ രോഗങ്ങള്‍ തടയാന്‍ സഹായിക്കും. വെള്ളത്തില്‍ വേപ്പിലയിട്ട് നന്നായി തിളപ്പിക്കണം. ശേഷം നന്നായി അരിച്ചെടുത്ത് കുളിക്കാം. ഇത് കൊതുകുജന്യ രോഗങ്ങള്‍ തടയാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
കാട്ടിലെ കേമനായിരുന്നു ആന. പക്ഷേ, ആനയിപ്പോള്‍ പ്രായാധിക്യത്താല്‍ ക്ഷീണിതനാണ്. സങ്കടപ്പെട്ടിരിക്കുന്ന ആനയോട് പ്രാവ് ചോദിച്ചു: എന്താണ് പ്രശ്നം? ആന പറഞ്ഞു: തീറ്റ തേടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായി. അന്ന് ആനയ്ക്ക് വേണ്ട അന്നം നല്‍കിയത് പ്രാവായിരുന്നു. ഇത് കണ്ട് മയിലും ആനയ്ക്ക് വേണ്ടി അടുത്തദിവസം ഭക്ഷണമൊരുക്കി. അതിനനടുത്തദിവസം ആനയ്ക്ക് ഭക്ഷണം നല്‍കാമെന്ന് ഏറ്റത് ഒരു പഞ്ചവര്‍ണ്ണതത്തയായിരുന്നു. തത്ത ആനക്കായി ഗംഭീരസദ്യതന്നെ തയ്യാറാക്കിയിരുന്നു. പക്ഷേ, പിറ്റേന്ന് മുതല്‍ ആനയെകാണുമ്പോള്‍ മറ്റ് മൃഗങ്ങള്‍ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ഇത്രയും പ്രതാപശാലിയായ ആന, പക്ഷികളുടെ വീട്ടില്‍ കയറിയിറങ്ങി ഭക്ഷണം കഴിക്കാനും മാത്രം അധഃപതിച്ചിരിക്കുന്നു.. ഇത് കേട്ട് വിഷമം തോന്നിയ ആന തന്റെ സങ്കടം സിംഹത്തോട് പങ്കുവെച്ചു. സിംഹം പറഞ്ഞു: നീ അവസാനം ഭക്ഷണം കഴിച്ചത് പഞ്ചവര്‍ണ്ണതത്തയുടെ അടുത്തുനിന്നുമല്ലേ.. അതാണ് നിനക്ക് പറ്റിയ തെറ്റ്.. ബഹുവര്‍ണ്ണങ്ങളുണ്ടെങ്കിലും അതിന്റെ ഉളളിലിരുപ്പ് ശരിയല്ല... ആന അത് ശരിവെച്ചു. വര്‍ണ്ണത്തിളക്കമുളളവരെല്ലാം വിശ്വാസയോഗ്യരല്ല. കേള്‍ക്കാന്‍ ഇഷ്ടമുളള പലരും ഒപ്പം കൂടുന്നത് നമ്മെ സഹായിക്കാന്‍ വേണ്ടിയല്ല, അത് കേള്‍ക്കുന്നതിലൂടെയുളള സുഖം ആസ്വദിക്കുന്നതിന് വേണ്ടിയാണ്. ആളുകളെ മനസ്സിലാക്കാന്‍ നമ്മുടെ ആയുസ്സ് മതിയാകില്ല. എല്ലാം ആരുടേയും മുന്നില്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. എന്തു പറയുമ്പോഴും അവനവനെക്കുറിച്ചുളള ആത്മബോധം നമ്മുടെ ആത്മവിശ്വാസത്തെ രൂപപ്പെടുത്തും. - ശുഭദിനം.
Tags:
KERALA