Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | മേയ് 25, തിങ്കള്‍ 
1201 | ഇടവം 11 , ഉത്രം

◾  പെട്രോളിന് ഇന്ന് 2.61 രൂപയും, ഡീസലിന് 2.71 രൂപയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ് വില. രണ്ടാഴ്ചക്കിടെ നാലു തവണയായി എട്ടു രൂപയാണ് കൂട്ടിയത്. ഘട്ടംഘട്ടമായി എട്ടു രൂപ കൂടി വര്‍ധിപ്പിക്കുമെന്നാണു റിപ്പോര്‍ട്ട്.

◾  രണ്ടു മതവിഭാഗങ്ങളെ ശത്രുക്കളാക്കാനാണു പിണറായി സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു തൊട്ടുമുമ്പ്  മുനമ്പത്തെ വഖഫ് ഭൂമി വഖഫ് ബോര്‍ഡിനെക്കൊണ്ടു ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ല. സംഘപരിവാറിനേപോലെ സിപിഎമ്മും വര്‍ഗീയ വിഭജനത്തിലൂടെ മുതലെടുപ്പിനു ശ്രമിച്ചു. ഭൂമിയെല്ലാം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുത്തത്. ഇതിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളില്‍ തര്‍ക്കമില്ലെന്നു മുഖ്യമന്ത്രി. അടിയന്തര സാഹചര്യത്തില്‍ എടുത്ത ഭരണപരമായ താത്കാലിക തീരുമാനങ്ങള്‍ മാത്രമാണ്. പൂര്‍ണ്ണമായ ഉദ്യോഗസ്ഥ നിയമനങ്ങള്‍ പിന്നീട് മന്ത്രിമാരുമായി കൂടിയോലോചിച്ച് നടത്തും. കഴിഞ്ഞ പത്തു വര്‍ഷം എങ്ങനെയാണ് നിയമനങ്ങള്‍ നന്നതെന്ന് ആര്‍ക്കെങ്കിലും അറിയാമോയെന്നും അദ്ദേഹം ചോദിച്ചു.



◾  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തന്‍ കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെയുള്ള വിവാദങ്ങള്‍ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. കേല്‍ക്കറുടെ നിയമനം സ്വാഭാവികമായ ഭരണനടപടി മാത്രമാണ്. മുന്‍പ് ഇത്തരത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയെ പിണറായി വിജയനും നിയമിച്ചിട്ടുണ്ട്. ബംഗാളില്‍ എസ്ഐആറിലൂടെ ലക്ഷക്കണക്കിനു വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍നിന്നു പുറത്താക്കി വോട്ടെടുപ്പു നടത്തിയതിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും പ്രതിഷേധിച്ചത്. കേരളത്തില്‍ അത്തരമൊരു പ്രതിഷേധം ഉണ്ടായിട്ടില്ല.

◾  മന്ത്രിസഭാ യോഗം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കി. ചീഫ് വിപ്പായി അപു ജോണ്‍ ജോസഫിനെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി കെ സി വിന്‍സെന്റിനെയും നിയമിക്കാന്‍ തീരുമാനിച്ചു.

◾  മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ ആക്രമിച്ചെന്ന കേസില്‍ വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മൂന്നു വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശബരിനാഥന്‍ ഉള്‍പ്പെടെ 4 പേരാണ് കേസിലെ പ്രതികള്‍. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് പിണറായിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.

◾  സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന പിബി റിപ്പോര്‍ട്ട് തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി. ന്യൂനപക്ഷ വോട്ടുകള്‍ അകന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്ന് ബംഗാള്‍ ഘടകം. ജനവികാരം അറിഞ്ഞുള്ള തിരുത്തല്‍ വേണമെന്നും ആവശ്യമെങ്കില്‍ പ്ലീനം വിളിക്കണമെന്നും അഭിപ്രായമുയര്‍ന്നു.  

◾  വാഹനം മോഡിഫിക്കേഷന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പു റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.  അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.

◾  ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാതെ വാഹന്‍ പരിവാഹന്‍ വെബ് സൈറ്റ്. മധ്യവേനല്‍ അവധിക്കാലത്ത് ഡ്രൈവിങ് പഠിച്ച് ടെസ്റ്റില്‍ വിജയിച്ച നിരവധി വിദ്യാര്‍ഥികള്‍ ലൈസന്‍ിനായി കാത്തിരിക്കുകയാണ്. പരിവാഹന്‍ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകളാണു കാരണമെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറയുന്നു.

◾  ചൂരല്‍ മലയില്‍ ദുരന്തബാധിതരായ മുപ്പതോളം കുടുംബങ്ങള്‍ വീടുകള്‍ ലഭിക്കാതെ ഇപ്പോഴും പുറത്ത്. സാങ്കേതികത്വം ഉന്നയിച്ച് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഇവരെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല. ലയങ്ങളിലുള്ളവരും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലുള്ളവരുമാണ് പട്ടികയില്‍ ഇല്ലാത്തത്. മകന്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ച സാഹിറിന്റെ കുടുംബവും പുറത്താണ്.

◾  അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. അതേസമയം, മരയ്ക്കാര്‍ അടക്കം മറ്റ് പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ വര്‍ധിപ്പിക്കണമെന്നും പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും അപ്പീല്‍ നല്‍കിയിരുന്നു.

◾  മലയിടം തുരുത്തില്‍ കുടിയിറക്കു ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ കുടിയിറക്കാന്‍ 14 തവണ വന്നിട്ടും ഒരു നടപടിയുമെടുത്തില്ല. ഇപ്പോള്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുടിയിറക്കേണ്ട അവസ്ഥയിലെത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി പിറ്റേന്നു പതിനഞ്ചാം തവണ കുടിയിറക്കാന്‍ എത്തിയപ്പോള്‍ സമരത്തിനു മുന്‍മന്ത്രി പി. രാജീവും വന്നതു വിരോധാഭാസമായി. വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റു മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മലയിടം തുരുത്തിലെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.

◾  സിനിമ വ്യവസായത്തിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി പി സി വിഷ്ണുനാഥ്. സിനിമാ വ്യവസായത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ അമ്മയുടെ പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാമെന്ന് ശ്വേത മേനോന്‍. തോല്‍ക്കാന്‍ വന്നതല്ല. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്‌സിക്യൂട്ടിവിലുള്ള ചിലര്‍ തന്നെ ലക്ഷ്യം വയ്ക്കുന്നുണ്ട്. അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത്. അന്‍സിബയുടെ പ്രശ്നം വ്യക്തിപരമാണ്. അമ്മക്ക് അതില്‍ ഒന്നും ചെയ്യാനില്ല. അമ്മയെ നാറ്റിക്കാനാണോ ചിലരുടെ ശ്രമമെന്നു സംശയിക്കുന്നതായും ശ്വേത പറഞ്ഞു.

◾  താരസംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിനു ദല്ലാള്‍ നന്ദകുമാര്‍ ചെയര്‍മാനായ വെണ്ണല്ലയിലെ അമ്പലമായിരുന്നു മുഖ്യ സ്പോണ്‍സറെന്ന് റിപ്പോര്‍ട്ടുകള്‍. അശരണരായ കലാകാരന്മാരെ സഹായിക്കാന്‍ ക്ഷേത്രം നല്‍കാന്‍ തീരുമാനിച്ച തുക സംഭാവനയായി സ്വീകരിക്കുന്നതിനു പകരം സ്പോണ്‍സര്‍ഷിപ്പ് ആക്കിയെന്ന് ആരോപണം.

◾  നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന്  പിവി അന്‍വര്‍. കേസ് ഡയറി തിരുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ എഡിജിപി ഓഫീസിലെ എസ്ഐമാര്‍ റിപ്പോര്‍ട്ട് തിരുത്താന്‍ കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്.

◾  കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഹര്‍ഷീനയുടെ ചികിത്സ പിഴവ്, വിദഗ്ധ സമിതി റിപ്പോര്‍ട്ട് മുഖവിലക്ക് എടുക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

◾  കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സിഐടിയുവും. ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബി എം എസും ആവശ്യപ്പെട്ടു.

◾  നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പി ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിവി അന്‍വര്‍. കേസ് ഡയറി തിരുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

◾  ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയതുമൂലം സുരക്ഷാ ക്രമീകരണങ്ങളുടെ പേരില്‍ നിരവധി ഭക്തര്‍ക്കു തൊഴാനായില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്. അവധി ദിവസങ്ങളില്‍ വിഐപി ദര്‍ശനം പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ഗോപിനാഥ് പറഞ്ഞു.

◾  തന്റെ ഗുരുവായൂര്‍ ദര്‍ശനത്തിന്റെ പേരില്‍ ആര്‍ക്കും ഒരു തടസവുമുണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സാധാരണ ഭക്തജനങ്ങളെപ്പോലെയാണു ദര്‍ശനം നടത്തിയത്. ആയിരം രൂപ നല്‍കി ടിക്കറ്റെടുത്താണ് ക്ഷേത്രത്തില്‍ കയറിയത്. നാലു പേര്‍ മാത്രമാണു കൂടെയുണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരോടു വരേണ്ടെന്നു നിര്‍ദേശിച്ചിരുന്നെന്നും സതീശന്‍.

◾  മുഖ്യമന്ത്രി വി ഡി സതീശന്‍ ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് കൊടികളുമായി മുദ്രാവാക്യം വിളിച്ചുവെന്നും ഇത് ആചാരലംഘനമെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഹര്‍ജി നല്‍കും.  

◾  സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ നിലത്തു കിടത്താന്‍ പാടില്ലെന്നും കട്ടിലില്‍തന്നെ കിടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. സര്‍ജറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും മുരളീധരന്‍ നിര്‍ദ്ദേശിച്ചു.

◾  മുനമ്പം തര്‍ക്ക ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ കത്തോലിക്ക മുഖപത്രമായ ദീപികയില്‍ മുഖപ്രസംഗം. വഖഫ് ബോര്‍ഡ്, തര്‍ക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോര്‍ഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും മുനമ്പത്തെ വഖഫ് കുറ്റികള്‍ അറബിക്കടലില്‍ എറിയണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.  

◾  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. എന്‍ടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍ടിഎക്കും രാധാകൃഷ്ണന്‍ സമിതിക്കും നിര്‍ദേശം നല്‍കി.

◾  ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ ഗോത്രവര്‍ഗ സമൂഹങ്ങളുടെ അവകാശങ്ങളെയോ ആചാരങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുസിസി നടപ്പിലാക്കുന്നതിലൂടെ തങ്ങളുടെ പരമ്പരാഗത അവകാശങ്ങള്‍ നഷ്ടപ്പെടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിലും ഗൂഢാലോചനകളിലും വീഴരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

◾  മമത ബാനര്‍ജിയുടെ ഏറ്റവും വിശ്വസ്തയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ കാകോലി ഘോഷ് ദസ്തിദാര്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ലോക്സഭയിലെ ടി.എം.സി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റി കല്യാണ്‍ ബാനര്‍ജിയെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി.

◾  കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്.എല്‍ അക്ഷയ് മൈതാനത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഷിവമോഗ സ്വദേശിയായ എസ്.എല്‍ അക്ഷയ്ക്ക് കെ.ആര്‍ പുരത്ത് മൂന്നാം ഡിവിഷന്‍ മത്സരം കളിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

◾  ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശാലകള്‍ ഇല്ലാതാക്കണമെന്നും സമ്പുഷ്ടീകരിച്ച ആണവവസ്തുക്കള്‍ ഇറാനില്‍നിന്ന് മാറ്റണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ട്രംപുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും നെതന്യാഹു.

◾  ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ അമ്മയും മകനും ഒരേസമയം യുകെയിലെ മേയര്‍മാരായി. ഹരിയാനയിലെ റോഹ്തക്കില്‍ നിന്നു 2013ല്‍ ബ്രിട്ടനിലേക്ക് കുടിയേറിയ 23 വയസ്സുള്ള തുഷാര്‍ കുമാര്‍ എല്‍സ്ട്രീ ആന്‍ഡ് ബോറെഹാംവുഡ് ടൗണ്‍ കൗണ്‍സിലിന്റെ മേയറായി. ഹെര്‍ട്സ്മിയര്‍ ബറോ കൗണ്‍സിലിന്റെ പ്രഥമ ഇന്ത്യന്‍ വംശജയായ മേയറായാണ് തുഷാറിന്റെ മാതാവ് പര്‍വീണ്‍ റാണി തിരഞ്ഞെടുക്കപ്പെട്ടത്.

◾  ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയി അതീവ സുരക്ഷയുള്ള രഹസ്യസങ്കേതത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ആക്രമണം ഭയന്നാണ് മൊബൈല്‍, റേഡിയോ അടക്കം വാര്‍ത്താവിനിമയ ഉപകരണങ്ങളെല്ലാം ഒഴിവാക്കി ഒളിവില്‍ കഴിയുന്നത്. വിശ്വസ്തരായ ദൂതന്മാരുടെ കൈവശം കൊടുത്തുവിടുന്ന കുറിപ്പുകളിലൂടെയാണ് ഭരണകൂടത്തിലെ ഉന്നതരുമായി ആശയവിനിമയം നടത്തുന്നത്.

◾  കാംഗോയില്‍ 900-ലധികം സംശയാസ്പദമായ എബോള കേസുകള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ. ഇറ്റൂരിയിലുടനീളം ലോകാരോഗ്യ സംഘടനയും മാനുഷിക ആരോഗ്യ പങ്കാളികളും സാന്നിധ്യം നിലനിര്‍ത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ പറഞ്ഞു,

◾  ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരത്തിന് 23 ദിവസം മാത്രം ബാക്കിനില്‍ക്കെ ലിയോണല്‍ മെസിക്ക് പരിക്കെന്ന് ആശങ്ക. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയുടെ മത്സരം പൂര്‍ത്തിയാക്കാതെ മെസി മടങ്ങി.  

◾  പശ്ചിമേഷ്യയിലെ ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയില്‍, പ്രവാസി ഇന്ത്യക്കാര്‍ ആഭ്യന്തര ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 16,600 കോടിയിലധികം രൂപ) അറ്റ പിന്‍വലിക്കലാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി അവസാന വാരം 167.58 ബില്യണ്‍ ഡോളറായിരുന്ന ആകെ പ്രവാസി നിക്ഷേപം മാര്‍ച്ച് അവസാനത്തോടെ 165.65 ബില്യണ്‍ ഡോളറായി ചുരുങ്ങി. 2024-25ല്‍ 16.16 ബില്യണ്‍ ഡോളറായിരുന്ന പ്രവാസി നിക്ഷേപ വരവ്, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14.41 ബില്യണ്‍ ഡോളറായി കുറഞ്ഞു. എന്‍.ആര്‍.ഇ നിക്ഷേപം മുന്‍ വര്‍ഷത്തെ 99.77 ബില്യണില്‍ നിന്ന് 98.56 ബില്യണ്‍ ആയി കുറഞ്ഞു. എന്‍.ആര്‍.ഒ നിക്ഷേപം മുന്‍ വര്‍ഷത്തെ 34.09 ബില്യണില്‍ നിന്ന് 33.33 ബില്യണ്‍ ആയി കുറഞ്ഞു. എഫ്.സി.എന്‍.ആര്‍ നിക്ഷേപം മുന്‍ വര്‍ഷത്തെ 33.72 ബില്യണില്‍ നിന്ന് 33.76 ബില്യണിന്റെ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.

◾  ഗൂഗിളിന്റെ എ.ഐ ടൂളായ നോട്ട്ബുക്ക്എല്‍എമ്മിനോട് മത്സരിക്കാന്‍ സ്പോട്ടിഫൈയും ആമസോണും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വികസിപ്പിക്കുന്നു. ഡോക്യുമെന്റുകളും ലേഖനങ്ങളും അടിസ്ഥാനമാക്കി പോഡ്കാസ്റ്റ് രൂപത്തിലുള്ള സംഗ്രഹങ്ങളും ഓഡിയോ ചര്‍ച്ചകളും തയ്യാറാക്കാന്‍ സഹായിക്കുന്നതാണ് ഈ പുതിയ എ.ഐ ഫീച്ചറുകള്‍. ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ വച്ച് രണ്ട് എ.ഐ ഹോസ്റ്റുകള്‍ തമ്മില്‍ സംസാരിക്കുന്ന പോഡ്കാസ്റ്റ് ഉണ്ടാക്കാന്‍ നോട്ട്ബുക്ക്എല്‍എമ്മിന് കഴിയും. കൃത്രിമ ശബ്ദങ്ങള്‍ ഉപയോഗിച്ച് എഴുതപ്പെട്ട ഉള്ളടക്കങ്ങളെ ഓഡിയോ ചര്‍ച്ചകളാക്കി മാറ്റാന്‍ കഴിയുന്ന എ.ഐ ഫീച്ചറുകള്‍ സ്പോട്ടിഫൈ ഇപ്പോള്‍ പരീക്ഷിച്ച് വരികയാണ്. അതേസമയം ആമസോണും തങ്ങളുടെ അലക്സ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, മീഡിയ സേവനങ്ങള്‍ എന്നിവയിലുടനീളം ജനറേറ്റീവ് എ.ഐ നിക്ഷേപങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു വരികയാണ്.

◾  നസ്ലിന്‍ നായകനായെത്തുന്ന 'മോളിവുഡ് ടൈംസി'ന്റെ ടീസര്‍ എത്തി. മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'. ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്നു. നസ്ലിന് ഒപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ സംവിധായകന്‍ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരകാരനായി നസ്ലിന്‍ എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തില്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കാമിയോ റോളുകളില്‍ വരുന്നുണ്ട്. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാമു സുനില്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം- ജേക്സ് ബിജോയ്.

◾  കോപ്പ്-നോയര്‍ കെന്നഡിക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം 'ബന്ദറി'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ബോബി ഡിയോള്‍ നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ദ്രജിത്ത് വീണ്ടും ശ്രദ്ധേയ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് 'ബന്ദര്‍'. 2010 ല്‍ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം എന്ന ചിത്രമായിരുന്നു ഇന്ദ്രജിത്ത് മുന്‍പ് അഭിനയിച്ച ബോളിവുഡ് ചിത്രം. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സെന്‍സിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്ന കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകന്‍ അനുരാഗ കശ്യപ് പറയുന്നൂ. ചിത്രം ജൂണ്‍ 5ന് തിയേറ്ററുകളില്‍ എത്തും. സുദീപ് ശര്‍മ്മയും അഭിഷേക് ബാനര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ സന്യ മല്‍ഹോത്ര, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെന്‍, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോണ്‍സ്ലെ തുടങ്ങിയവരും അഭിനയിക്കുന്നു.

◾  മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ കാറുകളുടെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ജൂണ്‍ മുതല്‍ കമ്പനി 30,000 രൂപ വരെ വില വര്‍ദ്ധിപ്പിക്കും. മോഡലും വകഭേദവും അനുസരിച്ച് വില വര്‍ദ്ധനവ് വ്യത്യാസപ്പെടും. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പണപ്പെരുപ്പത്തില്‍ നിന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദവുമാണ് ഇതിന് പിന്നിലെ കാരണമെന്ന് മാരുതി പറയുന്നു. ഇതിനര്‍ത്ഥം കമ്പനിയുടെ ഒന്നാം നമ്പര്‍ ഹാച്ച്ബാക്കായ വാഗണ്‍ആറും കൂടുതല്‍ വിലയേറിയതായിത്തീരും എന്നാണ്. മാരുതിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ അതത് സെഗ്മെന്റുകളില്‍ ഒന്നാം സ്ഥാനത്തുള്ള നിരവധി മോഡലുകള്‍ ഉള്‍പ്പെടുന്നു. വാഗണ്‍ആര്‍ ഹാച്ച്ബാക്ക് ഉള്‍പ്പെടെ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് വാഗണ്‍ആര്‍. നിലവില്‍, കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 498,900 രൂപ ആണ്.

◾  ഭാവനാത്മകമായ കഥാലോകത്തില്‍ കുട്ടികള്‍ക്ക് രസിക്കാന്‍ പാകത്തിലെഴുതിയ ഈ കഥകളില്‍ ഒരമ്മമനസ്സ് പകരുന്ന മാധുര്യമുണ്ട്. ലാളിത്യമുണ്ട്. അരുവിയൊഴുകുന്നതുപോലുള്ള സ്വച്ഛതയുണ്ട്. മരങ്കി കാണുന്ന സ്വപ്നത്തില്‍ ഭാവികാലത്തിന്റെ പാരിസ്ഥിതിക ബോധമുണ്ട്. മനുഷ്യര്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ മുഖം ശംഭുവിന്റെ ഭ്രമണപഥത്തിലൂടെ ആവിഷ്‌കരിക്കുമ്പോള്‍ അത് വര്‍ത്തമാനകാലത്തോട് കലഹിക്കുന്നുണ്ട്. നാല് കഥകള്‍ നാല് തലങ്ങളെ അനുഭവപ്പെടുത്തുന്നു. 'മരങ്കിയും കൂട്ടുകാരും'.  ഉമാദേവി പി ടി. ഗ്രീന്‍ ബുക്സ്. വില 85 രൂപ.

◾  ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീര്‍ത്ത് വരുന്നത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ദഹന പ്രശ്നമാണ്. ചിലര്‍ക്ക് വയറ് വേദനയും അനുഭവപ്പെടാറുണ്ട്. വയറ് വീര്‍ക്കുന്നത് തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കാം. നാരങ്ങ വെള്ളത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിര്‍ജ്ജലീകരണം തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും. വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും വയറ് വീര്‍ക്കുന്നത് തടയാനും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുന്നു. ചെറുചൂട് വെള്ളത്തില്‍ തേനും കറവപ്പട്ടയും ചേര്‍ത്ത് കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും സഹായിക്കും. ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റ്, ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീര്‍ക്കുന്നത് തടയുന്നു. ദഹനം മെച്ചപ്പെടുത്താനും വയറ് വീര്‍ക്കുന്നത് തടയാനും പെപ്പര്‍മിന്റ് ടീ കുടിക്കുന്നത് ഗുണകരമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.38, പൗണ്ട് - 128.52, യൂറോ - 110.96, സ്വിസ് ഫ്രാങ്ക് - 121.94, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.28, ബഹറിന്‍ ദിനാര്‍ - 254.05, കുവൈത്ത് ദിനാര്‍ -308.20, ഒമാനി റിയാല്‍ - 248.09, സൗദി റിയാല്‍ - 25.41, യു.എ.ഇ ദിര്‍ഹം - 25.95, ഖത്തര്‍ റിയാല്‍ - 26.18, കനേഡിയന്‍ ഡോളര്‍ - 69.03.
Previous Post Next Post
3/TECH/col-right